നമ്മുടെയൊക്കെ ജീവിതത്തിൽ നമുക്ക് ഏറെ പ്രിയമുള്ള നമ്മെ ഏറെ പ്രിയമുള്ള ചിലരുണ്ട്, അവരുടെ ജീവിതത്തിന്റെ ഏതൊരേടും എപ്പോൾ വേണമെങ്കിലും എടുത്ത് വായിക്കാവുന്ന രീതിയിൽ നമുക്ക് മുന്നിൽ തുറന്ന പുസ്തകമാക്കി വച്ചവർ. അത്രമേൽ പ്രിയപ്പെട്ടവർക്ക് മുന്നിൽ മാത്രം അവർ വച്ച് പോകുന്നതാണത്. നമ്മെ മൊത്തമായി, ആത്മാർത്ഥമായി അറിയുന്ന ആരെങ്കിലും നമുക്കായി ഉണ്ടെന്നാൽ അതൊരു ഭാഗ്യമാണല്ലോ? ആ പരസ്പര സ്നേഹത്തിലൂടെ, പങ്ക് വയ്ക്കലിലൂടെ ഇരട്ടിയാകുന്ന സന്തോഷങ്ങളും ഭാരം കുറയുന്ന സങ്കടങ്ങളും.. അത് എല്ലാവർക്കും ലഭ്യമാകുന്ന ഒരു ഭാഗ്യമല്ല താനും! ഒഴിച്ച് കൂടാനാവാത്ത ജീവിത കനൽ വഴികൾ ചവിട്ടി നീങ്ങുമ്പോൾ പൊള്ളിപ്പോകുന്ന കാൽവെള്ളയിലെ വേവും നീറ്റലും അകറ്റാൻ പരസ്പരം ഔഷധക്കൂട്ടായി മാറുന്നവർ.
ചില ഉരുക്ക് മനുഷ്യരുണ്ട്. യാതനകളുടേയും ദുരവസ്ഥകളുടെയും തീക്കാറ്റ് ആഞ്ഞടിക്കുമ്പോൾ കരിഞ്ഞ് പോയെന്നാലും, കടപുഴകാതെയും തോറ്റ് കൊടുക്കാതെയും പിടിച്ച് നിന്നവർ, അങ്ങനെ ചങ്കൂറ്റത്തോടെ നിൽക്കാൻ, കരിഞ്ഞ ചില്ലകൾ പിന്നെയും തളിർക്കാൻ, ആശ്രയിക്കുന്നവർക്ക് തണലേകാൻ അഹോരാത്രം വെയിൽ ഏറ്റവർ, തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് തെളിയിച്ചവർ, അങ്ങനെ ജീവിതത്തിൽ അടരാടി നിൽക്കുന്ന അവരിൽ ചിലരിലേക്ക് നമ്മുടെ ശ്രദ്ധ നാം നിനക്കാതെ തന്നെ കേന്ദ്രീകൃതമാവുന്നു. കൈവിട്ടുപോയ ജീവിതം പട വെട്ടി തിരിച്ച് പിടിച്ച്, അന്തസ്സായി ജീവിച്ച് തീർത്ത മനുഷ്യർ. ദുരനുഭവങ്ങളുടെ തീച്ചൂളച്ചൂടിന് ആൺ പെൺ വ്യത്യസങ്ങളില്ല. അതിൽ സ്ഫുടം ചെയ്യപ്പെട്ട്, ജീവനോടെ, പൂർവ്വാധികം ശക്തിയാർജ്ജിച്ച് പുറത്തേക്ക് എത്തിപ്പെടുക എന്നത് എല്ലാവരാലും സാധ്യമാകുന്ന കാര്യവുമല്ല.
‘മതി ഇനി എന്നെക്കൊണ്ട് ആവില്ല’ എന്ന് മന്ത്രിച്ച് കൊണ്ട് മനസ്സ് മൃതിയടയുന്നിടത്ത് മുഴുവനാകാത്ത ആ ജീവിതകഥയുടെ തിരശ്ശീല വീഴുന്നു. ‘തോറ്റ് കൊടുക്കാൻ മനസ്സില്ലെനിക്ക്’ എന്ന മന്ത്രോച്ചാരണം കൊണ്ട് ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യരുമുണ്ട്.
അങ്ങനെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും ദുരനുഭവങ്ങളുടെ ഘോഷയാത്രക്കിടയിലും, മലവെള്ളപ്പാച്ചിലിനിടയിലും ജീവിതം കരുപ്പിടിപ്പിച്ച, തനിയെ തുഴഞ്ഞ് കരയ്ക്കടുപ്പിച്ച ഞാനറിയുന്ന ഒരു സ്ത്രീ ഉണ്ട്. ചില സ്ത്രീകൾ ജനിച്ച്, ഭൂമിയിൽ ജീവിച്ച്, വംശവർദ്ധന നടത്തി വെറുതെയങ്ങോട്ട് കാലം കഴിച്ചുകൂട്ടി പോകാനായി വന്നവരായിരിക്കില്ല എന്ന് തോന്നാറില്ലേ അവരുടെ ജീവിതം സസൂക്ഷ്മം നിരീക്ഷിച്ചാൽ? ആരുടെയെങ്കിലും ഒക്കെ മനസ്സിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടേ അവർ ഈ ഭൂമുഖം വിട്ട് മടങ്ങൂ..
കരുത്തിന്റെയും, ചങ്കൂറ്റത്തിന്റെയും കാര്യത്തിൽ പുരുഷന്മാരെ വെല്ലുന്ന മന:ശക്തി. തീരുമാനങ്ങൾ എടുക്കാനുള്ള അസാമാന്യ കഴിവ്. ജീവിതത്തിലെ പൊരിവെയിലത്ത് ആശ്രയിക്കുന്നവർക്ക് തണലേകി, ആ വെയിൽച്ചൂട് മുഴുവനും തനിയെ ഏറ്റ് വാങ്ങുന്ന ഒറ്റമരം. അങ്ങനെയുള്ള ഒരു സ്ത്രീ!
ഞാനിവിടെ പറയാൻ പോകുന്നത് ഞാനെന്ന സാധാരണക്കാരിയെ സ്വാധീനിച്ച, സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു സ്ത്രീയെക്കുറിച്ചാണ്. കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും കുറെ നല്ല ഓർമ്മകൾക്കൊപ്പം, അവരുടെ ജീവിതത്തിന്റെ ചില നിർണ്ണായക മുഹൂർത്തങ്ങളും ഒരു വെള്ളിത്തിരയിൽ എന്നോണം ഇന്നും തെളിഞ്ഞു വരും മനസ്സിൽ!
പണ്ട് എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ജോലി സംബന്ധമായി ഞങ്ങൾ കൊച്ചിയിൽ താമസിച്ചിരുന്നു. മൂന്നാമത്തെ വയസ്സ് മുതലുള്ള അവിടത്തെ ഓർമ്മ നിറങ്ങൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല, പകിട്ട് കൂടിയിട്ടേയുള്ളൂ. ആ കായലോരത്തെ ഓടിട്ട വീടിന്റെയും ചുറ്റുപാടിന്റെയും ഭംഗിയും മെടഞ്ഞ ഓലകൾ കൊണ്ട് അതിര് തിരിച്ച് കക്കയും പൂഴിമണലും അലങ്കരിച്ച മുറ്റവും ഭംഗിയുള്ള മഞ്ഞപ്പൂക്കൾ നിറയെപ്പൂക്കുന്ന പൂപ്പരുത്തി മരങ്ങളുമൊക്കെ നിറഞ്ഞ മനോഹരമായ സ്ഥലം. കുറച്ച് കാലം ഞങ്ങൾ അറബിക്കടലിന്റെ റാണിയുടെ ആ കൊട്ടാരമുറ്റത്തെ കുഞ്ഞ് വീട്ടിലെ അന്തേവാസികൾ ആയിരുന്നു.
അവിടെ ഞങ്ങളുടെ തൊട്ടയൽപ്പക്കത്ത് താമസിച്ചിരുന്ന ഒരു സ്ത്രീയാണ് അവർ. വിനോദം എന്നായിരുന്നു പേര്. വളരെ സുന്ദരിയായ, സൗമ്യശീലയായ സ്ത്രീ, ഭൂമിയോളം ക്ഷമാശീലം. അതൊക്കെ അവരുടെ ഗുണങ്ങൾ ആയിരുന്നു. ഞങ്ങൾ വിനുദമ്മ എന്നാണ് വിളിക്കാറ്. അമ്മയുടെ സുഹൃത്ത്, പരസ്പരം മനസ്സാക്ഷി സൂക്ഷിപ്പുകാർ. അവിടെ കണ്ടുമുട്ടിയ ശേഷം തുടങ്ങിയ സൗഹൃദമാണെങ്കിലും, രണ്ട് കൂട്ടരുടേയും സ്വദേശം തൃശ്ശൂർ ആണെന്നതിനാലാവണം, ആ സൗഹൃദത്തിന്റെ അടിത്തറ അത്രമേൽ അരക്കിട്ടുറപ്പിച്ച പോലെയായത്.
എന്റെ സ്ക്കൂൾ കാലഘട്ടം. വിനുദമ്മ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. ചെറിയ ശമ്പളം. ഭർത്താവിനും ചെറിയ ജോലി,തുച്ഛവരുമാനം. ആകെ ആറ് മക്കൾ. ഉള്ള വരുമാനം കൊണ്ട് അവർ ഓണം പോലെ ജീവിച്ചു പോന്നതിന് ദൃക്‌സാക്ഷികളാണ് ഞങ്ങൾ. ഇല്ലായ്മയും വല്ലായ്മയും വരുമ്പോൾ പരസ്പരം സഹായമാകുന്നതിനാണല്ലോ മനുഷ്യത്വവും, സുഹൃദ്ബന്ധങ്ങളുമൊക്കെ. അയൽപക്കങ്ങളായാലുംഒരു വീട് പോലെ പരസ്പരം അറിഞ്ഞും, സഹായിച്ചും ഞങ്ങളും.
വിനുദമ്മയ്ക്ക് ഏഴാമതും വിശേഷമായപ്പോൾ, എന്റെ അമ്മ അടക്കമുള്ള സുഹൃത്തുക്കൾ അവരോട് പറഞ്ഞു, ഇനി ശാരീരികമായും, സാമ്പത്തികമായും ഉള്ള ഉലച്ചിലുകൾ ശ്രദ്ധിക്കണം എന്ന്. കൂട്ടുകാർ അങ്ങനെയാണല്ലോ?
ഏഴാമത്തെ കൂടി ആയിക്കഴിഞ്ഞാൽ പിന്നെ നിർത്താനുള്ള ഉപാധികൾ നോക്കാമെന്നായി അവരും. കാര്യം, കുഞ്ഞുങ്ങളെ ദൈവം തരുന്നതാണെങ്കിലും കൈ നീട്ടാതെ ദൈവം തരാറില്ലല്ലോ?
അങ്ങിനെ അവർ ഏഴാമത് ഒരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി. ആകെ നാലു പെണ്ണും, മൂന്ന് ആണും. ആ പ്രസവത്തോടെ അവരുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയിരുന്നു. ഒപ്പം കഠിനമായ നടുവേദനയും. അത് കൊണ്ട്, മറ്റ് കുട്ടികളുടെ കാര്യങ്ങളും, നവജാതശിശുവിന്റെ കാര്യങ്ങളും, പിന്നെ ലീവിന് ശേഷം വീണ്ടും ജോലിക്ക് പോകേണ്ട ആവശ്യവും എല്ലാം കണക്കിലെടുത്ത് ഒരു സ്ത്രീയെ വീട്ടിൽ ജോലിക്കായി നിയമിച്ചു. വിനുദമ്മയുടെ തന്നെ അകന്ന ബന്ധു. അവർക്ക് അത് വലിയൊരു ആശ്വാസമായിരുന്നു.
ഒരിക്കൽ പോലും വിനുദമ്മ വെറുതെ ഇരിക്കുന്നത് കാണാൻ സാധിച്ചിട്ടില്ല. കുട്ടികളുടെയും, ഭർത്താവിന്റെയും കാര്യങ്ങൾ, ഓഫീസ് ജോലി, വീട്ടിലെ ജോലി എല്ലാം കൊണ്ടും ഇരുപത്തിനാല് മണിക്കൂർ അവർക്ക് പോരാത്ത അവസ്ഥയായിരുന്നു.
‘ഇവരെന്താ ഒരു യന്ത്രമാണോ?’ എന്ന് പോലും എന്റെ കൊച്ച് മനസ്സിൽ ഞാൻ ചിന്തിച്ചിട്ടുണ്ട്.
ഭർത്താവ് സ്വാർത്ഥമതിയും അവസരവാദിയും സ്വന്തം കാര്യത്തിൽ ഒരു വിട്ടുവീഴ്ചകളും കാണിക്കാത്ത ആളുമായിരുന്നുവെന്ന് കണ്ടതും കേട്ടതുമായി കുറേയൊക്കെ ഞങ്ങൾക്കും അറിയാമായിരുന്നു. അയാൾക്ക് അയാളുടെ കാര്യം മാത്രമാണ് മുഖ്യം.
പേര് വിനോദം എന്നാണെങ്കിലും,ജീവിതത്തിൽ വിനോദം എന്തെന്നറിയാത്ത വിനുദമ്മ. എന്തൊരു വിരോധാഭാസം! പേരിലെങ്കിലും വിനോദം ഉണ്ടായിരിക്കട്ടെ എന്ന് വിചാരിച്ച് കരുതിക്കൂട്ടി ഇട്ട പോലെ ഒരു പേര്!
അങ്ങനെ ലീവ് കഴിഞ്ഞ് വിനുദമ്മ ജോലിക്ക് പോയിത്തുടങ്ങി. കുട്ടികളുടെ കാര്യങ്ങളിലും, വീട്ടുജോലികളിലും ഒക്കെ സഹായിക്കാൻ ഒരാൾ ഉണ്ടായപ്പോൾ വിനുദമ്മയുടെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി.
കുട്ടികൾ എല്ലാവരും നന്നായി പഠിക്കുന്നവരാണ്. സാധാരണയിൽ കവിഞ്ഞ ബുദ്ധിയുള്ള കുട്ടികൾ. വിനുദമ്മയും പഠിക്കാൻ മിടുക്കിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പണ്ടത്തെ ജീവിതസാഹചര്യങ്ങളും, സൗകര്യക്കുറവും ആയിരിക്കാം അവരെ ഒരു ചെറിയ സർക്കാർ ജോലിയിൽ മാത്രം തളച്ചിട്ടത്. പണ്ടൊക്കെ വിവാഹത്തിന് ആയിരുന്നല്ലോ പ്രാധാന്യം, പ്രത്യേകിച്ചും പെൺകുട്ടികൾക്ക്.
വിനുദമ്മയുടെ കുട്ടികൾ തമ്മിൽ രണ്ടുമൂന്ന് വയസ്സിന്റെ വ്യത്യാസം ഉണ്ട്. മൂത്ത മകൾ പത്താം ക്ലാസ്സിൽ. പിന്നെയുള്ളവർ അതിന് താഴെയുള്ള ക്ലാസ്സുകളിൽ. അടുക്കളയിൽ പാചകത്തിനിടയിലും, വിനുദമ്മയുടെ പിന്നാലെ നടന്ന് അവർ സംശയം ചോദിക്കുകയും, പഠിക്കുകയും ഒക്കെ ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. അദ്ധ്യാപികയായ എന്റെ അമ്മയെക്കൊണ്ടാവുന്നത് അമ്മയും ചെയ്തു കൊടുക്കാറുണ്ട് പഠിപ്പിക്കാൻ. അസാമാന്യ ബുദ്ധിവൈഭവമുള്ള കുട്ടികളാകുമ്പോൾ എന്തും പറഞ്ഞു കൊടുക്കാനും, സഹായിക്കാനും ഒക്കെ തോന്നും എന്ന് അമ്മ പറയാറുണ്ട്. എല്ലാ കുട്ടികളും ക്ലാസ്സിൽ ഫസ്റ്റാണ്.
പത്തിൽ പഠിക്കുന്ന മകൾ വിനുദമ്മയുടെ തനി പകർപ്പായിരുന്നു രൂപത്തിലും, സ്വഭാവത്തിലും ഒക്കെ. സ്കൂളിൽ എല്ലാവരുടേയും കണ്ണിലുണ്ണി. രണ്ട് ഭാഗത്തും മുടി മെടഞ്ഞിട്ട് കണ്ണുകൾ നീട്ടി വലിച്ചെഴുതി ആ ചേച്ചിയുടെ സ്കൂളിൽപ്പോക്ക് ഇപ്പോഴുമുണ്ട് ഓർമ്മയിൽ. കണ്ടു പഠിക്കാൻ അമ്മ ഉദാഹരണം ആയി ചൂണ്ടി പറയാറുള്ളത് ആ ചേച്ചിയെയാണ്. വല്ലാതെ ഉയർത്തി പറയുമ്പോൾ ഒരു ചെറിയ അസൂയ എന്നിൽ തലപൊക്കാറുണ്ട് എന്നുള്ളത് സത്യമാണ്.
അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയി. ഒരു ദിവസം വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന സ്ത്രീയ്ക്ക് തീരെ വയ്യ. തലചുറ്റലും, പനിയും, ഒക്കെയായി ഡോക്ടറുടെ അടുത്ത് കൊണ്ട് ചെന്നപ്പോൾ ഞെട്ടിപ്പിക്കുന്ന വാർത്ത. അവിവാഹിതയായ അവർ ഗർഭിണിയാണ്. ആർക്കും വിശ്വസിക്കാനായില്ല. ചോദ്യങ്ങൾക്കും, അന്വേഷണങ്ങൾക്കും ഒടുവിൽ അവളുടെ ചൂണ്ടുവിരൽ പൊങ്ങിയത് വിനുദമ്മയുടെ ഏഴുമക്കളുടെ അച്ഛന്റെ നേർക്കാണ്. ആകെ പ്രക്ഷുബ്ധമായ ദിവസങ്ങൾ. ഒടുവിൽ കുറ്റസമ്മതം; പറ്റിപ്പോയത്രെ!
വിനുദമ്മയുടെ അവസ്ഥ ഞങ്ങൾക്ക് ഊഹിക്കാമായിരുന്നു. വീടിന് വേണ്ടിയും, അയാൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയും ജീവിതം ഉഴിഞ്ഞുവച്ച ആ സ്ത്രീ, അയാളുടെ ഏഴ് കുഞ്ഞുങ്ങളെ പ്രസവിച്ച ആ സ്ത്രീ അന്നവിടെ ആരുമല്ലാതായി. ഒരു പൊട്ടിത്തെറിയാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഒന്നുമുണ്ടായില്ല. തികഞ്ഞ ശാന്തതയായിരുന്നു ആ മുഖത്ത്! അവർ താലി പൊട്ടിച്ച് അയാളുടെ മുഖത്തേയ്ക്കെറിയും എന്നാണ് കരുതിയത്. ഒന്നും സംഭവിച്ചില്ല. അയാൾ കഴുത്തിൽ അണിയിച്ച താലി അയാളുടെയും, ആ സ്ത്രീയുടേയും മുമ്പിൽ വച്ച് തന്നെ അഴിച്ചു വച്ചു. അകത്തേക്ക് പോയി വാതിൽ ചാരി ഒന്നും മിണ്ടാതിരുന്നു കുറച്ച് നേരം. പ്രസവിച്ചിട്ട് അധികമാവാത്ത അവരുടെ മാനസികനില തന്നെ തകരാറിലാവുമോ എന്ന് വരെ ഞങ്ങൾ ഭയന്നു. പിന്നെ തെല്ലുനേരത്തിന് ശേഷം പുറത്തു വന്നു, എല്ലാവരും കേൾക്കെത്തന്നെ ദൃഢമായ ശബ്ദത്തിൽ പറഞ്ഞു.
“എനിക്കിനി ഇങ്ങനെയൊരു ഭർത്താവില്ല. നിങ്ങൾക്ക് രണ്ട് പേർക്കും ഇപ്പോൾ തന്നെ ഈ പടിയിറങ്ങാം. കഴിഞ്ഞ ഏതാനും നിമിഷം മുൻപ് വരെ എന്റെ ഭർത്താവായിരുന്ന ഈ മനുഷ്യനോട് ഇങ്ങോട്ട് ഇനി വരരുത് എന്ന് ഞാൻ പറയില്ല, വരാം കുട്ടികളെ കാണാം, പോകാം. എന്റെ മനസ്സിൽ എന്റെ ഭർത്താവ് മരിച്ചു. ആ ചിത ഇപ്പോൾ കത്തിയെരിയുകയാണ്. പക്ഷേ, എന്റെ ഏഴ് കുഞ്ഞോമനകളുടെ അച്ഛൻ മരിച്ചിട്ടില്ല. അത് കൊണ്ട് ആ അച്ഛന്റെ മുന്നിൽ ഈ വീടിന്റെ പടി ഞാനടയ്ക്കില്ല. നിങ്ങൾക്ക് പോകാം…”
ഇത്രയും അവർ പറഞ്ഞത് നിലത്ത് നോക്കിയാണ്. ആ നിമിഷം തൊട്ട് അയാൾ അവർക്ക് തികച്ചും അന്യനായി. പിന്നീട് ഒരിയ്ക്കൽ പോലും അയാളുടെ മുഖത്തേക്ക് വിനുദമ്മ നോക്കിയിട്ടില്ല. ആ വീടിന്റെ വാതിൽ അയാൾക്ക് മുന്നിൽ അടച്ചില്ലെങ്കിലും, മനസ്സിന്റെ വാതിൽ അവർ എന്നന്നേയ്ക്കുമായി കൊട്ടിയടച്ചു താഴിട്ടു.
സ്ത്രീകൾ അങ്ങനെയാണ്. ഭൂമിയോളം ക്ഷമിക്കും, പട്ടിണിയും പരിവട്ടവുമാണെങ്കിലും പരാതിയില്ലാതെ ഭർത്താവിന്റെ സ്നേഹക്കുളിരിലും, കരുതലിന്റെ ചൂടിലും കഴിഞ്ഞു കൊള്ളും. പക്ഷെ അവൾക്ക് സഹിക്കാനാവാത്ത ഒന്നേയുള്ളൂ…കെട്ടുതാലി പങ്കുവയ്ക്കൽ! അങ്ങനെ വേണ്ടി വന്നാൽ ഒന്നുകിൽ അവൾ സംഹാര താണ്ഡവമാടി എല്ലാം നശിപ്പിക്കും, അല്ലെങ്കിൽ ശാന്തമായി മാറിയൊഴുകുന്ന ഒരു പുഴയായിത്തീരും.
വിനുദമ്മ തിരഞ്ഞെടുത്തത് രണ്ടാമത്തെ മാർഗ്ഗമാണ്. അവർ പ്രാരാബ്ധങ്ങളുമായി മുന്നോട്ട് തന്നെ കരുത്തോടെ നീങ്ങുന്നത് ഞാനെന്റെ കണ്ണുകൾ കൊണ്ട് വിസ്മയത്തോടെ കണ്ടു. ഒന്നും മുഴുവനായി അറിയാത്ത ആ ചെറുപ്രായത്തിലും എന്റെ മനസ്സിൽ അവരോട് ഒരു ആരാധന നാമ്പിട്ടു. പിന്നെ അവിടന്നങ്ങോട്ട് അവരുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കാറുണ്ട് ഞാൻ. ചുണ്ടും വായും തിരിഞ്ഞ, നെല്ലും പതിരും തിരിച്ചറിയാൻ പ്രായമായ അവരുടെ മൂത്ത കുട്ടികളിൽ അതിന്റെ ചില പ്രത്യാഘാതങ്ങൾ ഉണ്ടായി. മൂത്ത മകളുടെ പത്താം ക്ലാസ്സിലെ പഠിപ്പിനേയും, മാർക്കിനേയും വീട്ടിലെ ആ പ്രശ്നങ്ങൾ സാരമായി ബാധിച്ചു.
ആ ചേച്ചിയ്ക്ക് അവരുടെ കൗമാരപ്രായത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരം പരീക്ഷണങ്ങൾ നേരിടേണ്ടിവന്നതിന്റെ അമർഷവും അസ്വസ്ഥതകളും ആ ചേച്ചിയുടെ സ്വഭാവത്തെ ഏറെ മാറ്റി മറിച്ചു. ആകെ ഒരു തരം അരക്ഷിതാവസ്ഥ. തൊട്ടതിനും, പിടിച്ചതിനുമൊക്കെ ദേഷ്യം. എങ്കിലും പഠിത്തത്തിലുള്ള ശ്രദ്ധ അവർ വീണ്ടെടുത്തു. വിനുദമ്മയുടെ സ്നേഹവാത്സല്യങ്ങളും, ഉപദേശങ്ങളും, ഞാനുണ്ട് നിങ്ങൾക്ക് എന്ന ധൈര്യം പകരലും ഒക്കെയായിരുന്നു ആ തിരിച്ചുവരവിനുള്ള പ്രചോദനം.
അയാളുടെ ഇടയ്ക്കിടെയുള്ള വരവും, കുട്ടികളെ കാണലും ഒക്കെ ഇടയിൽ നടക്കുന്നുണ്ടായിരുന്നു.
കാര്യങ്ങളെല്ലാം മനസ്സിലാവുന്ന പ്രായത്തിലുള്ള മൂത്ത രണ്ട് കുട്ടികൾ ഒഴിച്ച് ബാക്കി കുട്ടികൾ അയാളോട് പഴയ പോലെത്തന്നെ ഇടപഴകി. ഒരിക്കൽ, അയാൾ വന്ന ദിവസം വിനുദമ്മ ഏതാനും മാസം മാത്രം പ്രായമുള്ള ഏറ്റവും ഇളയ കുഞ്ഞിനേയും എടുത്ത് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ… അസ്വസ്ഥവും വിഹ്വലവുമായ മുഖഭാവത്തോടെ ഉള്ള ആ ഇരിപ്പ് !
ആ കുഞ്ഞിനെ മാത്രം ഒന്ന് കാണാൻ പോലും വിനുദമ്മ അയാളെ അനുവദിച്ചില്ല. വഞ്ചിക്കപ്പെട്ട, എല്ലാം നഷ്ടപ്പെട്ട അവർ അത്ര വാശിയെങ്കിലും ആ ഒരു കുട്ടിയുടെ കാര്യത്തിൽ കാണിക്കണമല്ലോ..
ഏകദേശം വിനുദമ്മയുടെ പ്രായത്തിൽ ഞാൻ എത്തിച്ചേർന്ന കാലത്ത് അതേക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ ആ വാശി തീരെ കുറഞ്ഞുപോയെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷേ അയാളുടെ ചെയ്തികൾക്കും വിശ്വാസവഞ്ചനക്കും ഉള്ള ശിക്ഷാനടപടികൾ എല്ലാം വിനുദമ്മ കാലത്തിനും അയാളുടെ കർമ്മത്തിനും വിട്ടുകൊടുത്തതായിരുന്നു.
അയാളുടെ നിഴൽ കാണുന്നത് പോലും അവർക്ക് അസഹനീയമാണെന്ന് അവരുടെ കണ്ണുകൾ വിളിച്ചു പറഞ്ഞിരുന്നു. എങ്കിലും അവർ കരഞ്ഞില്ല ഒരിക്കൽ പോലും! നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കുന്നതിലും പ്രയാസം മനമുരുകി ഒലിച്ചാലും, അത് കണ്ണിലൂടെ പുറത്തേക്ക് പ്രവഹിക്കരുതെന്ന് വാശി പിടിക്കുന്ന കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കാനാണ് എന്ന് തോന്നി.
മക്കൾ തളരാതെ വളരാൻ ഒരു ഉരുൾപ്പൊട്ടൽ തടഞ്ഞ് വച്ച പ്രകൃതി പോലെ ശക്തിസ്വരൂപിണിയായ അമ്മ! സർവ്വനാശത്തിന് ശക്തിയുണ്ടായിട്ടും ശാന്തത കൈവിടാതെയിരിക്കുക എന്നത് അമ്മക്ക് മാത്രം ആവുന്ന ഒന്നാണ്. അമ്മക്ക് മാത്രം..! അയാൾ പോയെന്ന് ഉറപ്പായ ശേഷം മാത്രം ആ അമ്മ തിരികെ വീട്ടിൽ പോകും. ഏറ്റവും ഇളയതിനെക്കൊണ്ട് വിനുദമ്മ വീട്ടിൽ വന്നാൽ ചോദിക്കാതെ തന്നെ തീരുമാനിക്കാം, അയാൾ എത്തിയിട്ടുണ്ട് അപ്പുറത്ത് എന്ന്.
ഒരു കൈത്താങ്ങായി വിനുദമ്മയുടെ വയസ്സായ അമ്മ കൂട്ടുവന്ന് കൂടെ നിന്നു. വയസ്സായാലും അവർ നല്ല ആരോഗ്യവതിയായിരുന്നു. അവർ ഈ
ഏഴ് കുഞ്ഞുങ്ങളെയും വച്ച് ജീവിതം കരുപ്പിടിപ്പിക്കാനുള്ള തുഴച്ചിൽ തുടർന്നു. ഓഫീസ് കഴിഞ്ഞുള്ള സമയങ്ങളിലും, മുടക്ക് ദിവസങ്ങളിലും കുറേ കുട്ടികൾക്ക് ട്യൂഷനും എടുക്കാൻ തുടങ്ങി. തീരെ ഗതികേടിൽ ആകുമ്പോൾ മാത്രം കൂടെപ്പിറപ്പുകളും സഹായിച്ചു കുറച്ചൊക്കെ അവരെ സാമ്പത്തികമായി.
എല്ലാ കുഞ്ഞുങ്ങളേയും അവർ നന്നായി പഠിപ്പിച്ചു. നന്നായി പഠിക്കുന്ന കുട്ടികളായത് കൊണ്ട് അവരെ പഠിപ്പിക്കാതിരിക്കാനും വിനുദമ്മയ്ക്ക് ആവുമായിരുന്നില്ല. തുച്ഛമായ വരുമാനത്തിലും, എല്ലാവരേയും പഠിപ്പിച്ച് നല്ല നിലയിലാക്കി വിനുദമ്മ. ഇടക്ക് ഓഫീസ് മുഖാന്തിരം വരുന്ന ഗവൺമെന്റ് ടെസ്റ്റുകളും പഠിക്കാൻ മിടുക്കിയായിരുന്ന അവർ എഴുതി. അത് വഴി ചില പ്രമോഷനുകളും അവർക്ക് തരപ്പെട്ടിരുന്നു. തസ്തികയും, വരുമാനവും മെച്ചപ്പെട്ടു. കടുത്ത വേനലിനൊരു വർഷമെന്ന പോലെ…
മക്കളെ എല്ലാവരേയും പഠിപ്പിച്ച് എഞ്ചിനീയേഴ്‌സ്, ഡോക്ടേഴ്സ്, ബാങ്ക് എംപ്ലോയീസ്, ലക്ചറേഴ്സ്,സയന്റിസ്റ്റ് ഒക്കെ ആക്കി വിനുദമ്മ.
വിനുദമ്മ ജീവിക്കാൻ തുടങ്ങുകയായിരുന്നു. മൂത്ത മകനും മകൾക്കും ജോലി കിട്ടിയത് മുതൽ അവരുടെ നടുവൊന്ന് നിവർന്നു തുടങ്ങിയിരുന്നു. പെൺകുട്ടികളെ എല്ലാവരേയും നല്ല നിലയിൽ തന്നെ വിവാഹം ചെയ്തയച്ചു. ആൺകുട്ടികളും നല്ല രീതിയിൽ തന്നെ കുടുംബ ജീവിതം തുടങ്ങി.
സുന്ദരിയും സുശീലയും പതിവ്രതയും ആയിരുന്ന വിനുദമ്മയെ വഞ്ചിച്ച വിനുദമ്മയുടെ ഭർത്താവിന് കാലം കാത്തു വച്ചത് അസ്സൽ തിരിച്ചടി തന്നെയായിരുന്നു. ഈ വീട്ടിൽ രാജാവിനേപ്പോലെ കല്പിച്ച് കാര്യങ്ങൾ നടത്തിയിരുന്ന അയാൾക്ക് ആ വീട്ടിൽ ഒരു വിലയും ഉണ്ടായിരുന്നില്ല. ആ സ്ത്രീയിൽ ഉണ്ടായ ഒരേയൊരു മകൻ താന്തോന്നി ആയി, എല്ലാ തരത്തിലുള്ള ദുശ്ശീലങ്ങളും ഉള്ള ഒരു അസുരവിത്ത്. എല്ലാം നശിപ്പിച്ചു. കാശിനായി സ്വന്തം അച്ഛനെ മർദ്ദിക്കുന്ന മകൻ. അതങ്ങനെയല്ലേ വരൂ… പ്രകൃതി എന്നൊരു ശക്തി, കാലചക്രം എന്നൊരു ശക്തി, കർമ്മഫലം അതൊക്കെ സത്യമാണ് ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും! അയാളുടെ എല്ലാം ക്ഷയിച്ചു. ആരോഗ്യവും, അഹങ്കാരവും എല്ലാം. ജീവിക്കാൻ തന്നെ മാർഗ്ഗമില്ലാതായി. വിനുദമ്മ ഒരു സ്ത്രീരത്നം തന്നെ ആയിരുന്നു എന്നത് അയാൾ കുറ്റബോധത്തോടെ പലവുരു ചിന്തിച്ച് കാണണം.
വിനുദമ്മ ഒറ്റക്ക് കഷ്ടപ്പെട്ട് ചോര നീരാക്കി വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാറാക്കിയ മക്കളുടെ മുന്നിൽ അവസാനം അയാൾക്ക് കൈ നീട്ടേണ്ടി വന്നു. സഹായിക്കരുത് എന്നും വിനുദമ്മ പറഞ്ഞില്ല. നിങ്ങളുടെ അച്ഛനല്ലേ, നിങ്ങൾക്കിഷ്ടമുള്ളത് തീരുമാനിക്കാം. അത്രയേ പറഞ്ഞുള്ളൂ.
പ്രശ്നങ്ങൾക്ക് മുന്നിൽ പതറി പകച്ച് നിൽക്കലോ, ഒരു കുപ്പി വിഷത്തിലോ, ഒരു കയറിൻ തുമ്പിലോ ജീവിതം അവസാനിപ്പിക്കലോ
ആണ് എളുപ്പവഴി എങ്കിലും, അവർ തിരഞ്ഞെടുത്തത് ദുസ്സഹമായ ജീവിതത്തിന്റെ പാതയാണ്. നെടിയരിയും പൊടിയരിയും കലർന്ന പോലെ പല പ്രായത്തിൽ സാരിത്തുമ്പിൽ തൂങ്ങുന്ന ആറ് കുഞ്ഞുങ്ങൾ, ഒന്നിനെ മലർത്തി പിടിക്കുന്ന പ്രായത്തിലും. ആ പിഞ്ചു കുഞ്ഞുങ്ങളെ ഓർത്തു കാണും അവർ, ഓരോ തവണ ജീവിതം മടുക്കുമ്പോഴും, മരണം അവരെ സ്നേഹം നടിച്ച് മാടി വിളിച്ചപ്പോഴും!
ഏഴു കുരുന്നുകളേയും ചേർത്ത് പിടിച്ച് പ്രശ്നങ്ങൾക്ക് മുന്നിൽ പതറാതെ അവർ കാണിച്ച മനഃശക്തിക്ക് മുന്നിൽ അവരെ ഞാൻ മനസ്സ് കൊണ്ട് പല തവണ നമിച്ചു. ഇടയ്ക്കെപ്പോഴോ ഒരിയ്ക്കൽ അവരുടെ മനഃശക്തി ചോർന്ന് പോയിരുന്നു. മനുഷ്യസ്ത്രീയല്ലേ?
ഒരു സാധാരണ മനുഷ്യസ്ത്രീ! ശരീരത്തിനും, മനസ്സിനും താങ്ങാനാവുന്ന പ്രഹരങ്ങൾക്ക് ഒരു പരിധിയുണ്ടല്ലോ? പ്രത്യേകിച്ചും, കാര്യമായി വികാരക്ഷോഭങ്ങൾ പ്രകടിപ്പിക്കാത്തവർക്ക്. മാനസികവിഭ്രാന്തിയുടെ ഇരുളടഞ്ഞ ഇടനാഴികൾക്ക് ഏറെനാളൊന്നും അവരെ തളച്ചിടാനായില്ല. പൂർവ്വാധികം ഊക്കോടെ, ധൈര്യത്തോടെ അവർ ജീവിതപന്ഥാവിലേക്ക് തിരിച്ചെത്തി തലയെടുപ്പോടെ നടന്ന് നീങ്ങി.
ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ അന്നത്തെ അവരുടെ മുഖത്തെ നിർവികാരത ഞാനിന്നും ഓർക്കുന്നു. ആ നിസ്സംഗത ഞാനും കണ്ടതാണ്. പരിചയമുള്ള ഒരാളിന്റെ വേർപാടിനുള്ള ഒരു പ്രാധാന്യം പോലും ആ മുഖത്തുണ്ടായില്ല. മക്കൾക്ക് എന്താ വേണ്ടതെന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യം കൊടുത്തിട്ട് തികഞ്ഞ ലാഘവത്തോടെ ചെറുതായൊന്ന് തലയാട്ടി അവർ എഴുന്നേറ്റ് പോയി.
ഇന്നവർ, ഞങ്ങളുടെ വിനുദമ്മ ഈ ഭൂമുഖത്തില്ല. യാതനകളും, വേദനകളും ഇല്ലെന്ന് നമ്മൾ വിശ്വസിക്കുന്ന നമുക്ക് അജ്ഞാതമായ മറ്റൊരു ലോകത്തേക്ക് അവർ യാത്രയായി ഏതാനും വർഷം മുമ്പ്. ആൺതുണയില്ലാതെ സധൈര്യം, സ്വന്തം ജീവിതം ഏതൊരു സ്ത്രീയ്ക്കും മാതൃകയാക്കാവുന്ന രീതിയിൽ ജീവിച്ച് കാണിച്ച് കടന്ന് പോയ വിനുദമ്മയെന്ന ധീരവനിത.
ഇടക്കിടെ എന്റെ മനസ്സിലേക്ക് വിരുന്ന് വരാറുള്ള ആ ധീരതയുടെ മുഖം ഇന്നും പഴയതുപോലെ തന്നെ.. ദൈനംദിന ജീവിതത്തിലെ ദൈന്യതകൾ ഒന്ന് മനസ്സ് തുറന്ന് ചിരിക്കാൻ പോലും അവസരം നൽകാഞ്ഞ ആ മുഖം. ഏത് നിമിഷവും ജീവിതം മതിയാക്കാൻ തോന്നുന്ന ദുരവസ്ഥകളിലും പതറാതെ, പടച്ചട്ടകളില്ലാതെ പൊരുതിയ പോരാളി. സാധാരണക്കാരിയെങ്കിലും, സാധാരണയിൽ കവിഞ്ഞ ആത്മവിശ്വാസവും, ചങ്കൂറ്റവും ജീവിതത്തിൽ കാണിച്ച് സാധാരണ ജീവിതം നയിച്ച ഇവർ ഒരു ഉരുക്ക് വനിത തന്നെയല്ലേ? ഇത് പോലെ നേരിട്ടറിയാത്ത എത്രയോ ഉരുക്കുവനിതമാർ കാണും നമുക്ക് ചുറ്റും!
വിനുദമ്മ എന്ന, ഞാൻ നേരിൽ അറിയുന്ന ഈ ഉരുക്ക് വനിതയ്ക്ക് മുന്നിൽ, അവരുടെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു. പ്രണാമം വിനുദമ്മേ….
#എന്റെരചന # വെയിൽ കായുന്ന ഒറ്റ മരങ്ങൾ
✍🏻(>സുജാത നായർ<)✍🏻


10 Comments
പുറമെ ശാന്ദമെന്നു തോന്നുമെങ്കിലും ഉള്ളിൽ ശക്തമായ ഒഴുക്കുള്ള പുഴപോലെ- വിനുദമ്മ 👌 ❤️
❤️🔥
വിനുദമ്മ ❤️❤️❤️
Good writing 👍
നന്നായി എഴുതി 👍
വിനുദമ്മ, ആത്മവിശ്വാസമുള്ള സ്ത്രീ രത്നം!
നല്ലെഴുത്ത്.
ഒരു സ്ത്രീ ജീവിതം ജീവിച്ചു തീർക്കണമെന്ന് ശപഥം ചെയ്താൽ, ആ ശപഥത്തിനു മുമ്പിൽ ഈ ലോകത്തിന് കീഴടങ്ങേണ്ടി വരും. ധീര വനിതയ്ക്ക് പ്രണാമം🌹
വിനുദമ്മ
മറക്കാൻ കഴിയാത്ത വിധം മനസ്സിൽ
സ്നേഹത്തിന് മുന്നിൽ മുറിവേൽക്കുന്നവർക്ക് രണ്ട് വഴി…
മരിക്കാം…
ഒറ്റയ്ക്ക് ജീവിക്കാം..
രണ്ടാമത്തെ വഴി തിരഞ്ഞെടുത്ത് മുന്നോട്ട് പതറാതെ ജീവിക്കുന്നവർ പോരാളികൾ..
ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ ഈ ജീവിതം വല്ലാതെ വിസ്മയപ്പെടുത്തുന്നു.
ഒരാൾക്ക് എത്രദൂരം സഞ്ചരിക്കാം?
ഒറ്റയ്ക്ക് ആണെന്ന് ബോധ്യമായാൽ എത്ര ദൂരം വേണമെങ്കിലും……
എന്ന quote അത്രയും ചേരുന്ന വിനുദുമ്മ…
അവരെ മുന്നിലെത്തിച്ച സുജാത ചേച്ചിക്ക് സ്നേഹം ❤️💜👌
മനോഹരം 👌