മരണവീടിന്റെ ആരവമിപ്പോൾ മങ്ങിവരികയാണ്. എങ്കിലും, ഒറ്റയ്ക്കും കൂട്ടമായും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. വന്നുപ്പോകുന്നവരിൽ പലരെയും എനിക്കറിയില്ല. ഈ വീട്ടിൽ നിന്നും കൂടുതലായി പുറത്തുപ്പോകാത്തയവൾക്ക് ഇത്രയും ബന്ധങ്ങൾ ഉണ്ടെന്നതുതന്നെ എനിക്ക് പുതിയ അറിവായിരുന്നു. ഏതൊക്കെയോ എഴുത്ത് ഗ്രൂപ്പുകളിൽ അംഗമായിരുന്നവൾ. ആ വഴിയുള്ള സൗഹൃദങ്ങളാവാം. അത്തരം ബന്ധങ്ങൾക്ക് നീർകുമിളയുടെ ആയുസ്സെ ഞാൻ കല്പിച്ചിരുന്നുള്ളു. പക്ഷെ ഈ ബന്ധങ്ങൾക്കെത്ര ശക്തിയുണ്ടെന്ന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
അവരൊക്കെ അവളെക്കുറിച്ച് സംസാരിക്കുമ്പോഴും, ഓർമ്മകളിലൂടെ അവളെ വീണ്ടെടുക്കുമ്പോഴും, എനിക്ക് തന്നെ സംശയമാകുന്നു—ഇവരൊക്കെ പറയുന്നത് എന്റെ മാളുവിനെ കുറിച്ചാണോ?.
എന്റെ മാളുവും ഇവരുടെ മാളവികയും രണ്ടും രണ്ട് തന്നെ. ഞാനറിയാത്തൊരു മുഖം അവൾക്കുണ്ടെന്നറിവ് എന്നെ വിഷമിപ്പിച്ചിരുന്നു. അപ്പോഴും എന്തുകൊണ്ട് അത് ഞാൻ അറിയാതിരുന്നു എന്ന ചോദ്യമെന്നുള്ളിൽ ബാക്കിയായി.
മുറ്റത്തെ മരങ്ങളും ചെടികളും ഇലപ്പൊഴിച്ചുക്കൊണ്ട് അവളില്ലാ സമയത്തെ അടയാളപ്പെടുത്തുന്നുണ്ട്.ഇളം മഞ്ഞയും പച്ചയും കലർന്ന ഇലകൾക്കും അവളെ കുറിച്ച് പറയാനുണ്ടാവുമോ?. ഉണ്ടാവും മഞ്ഞും, മഴയും, രാവും നിലാവുമെല്ലാം അവൾക്കത്രയും പ്രിയപ്പെട്ടതായിരുന്നു.
ഓർമകളുടെ ഭാരം ഒരു കാപ്പിയിൽ കുറക്കാമെന്നു കരുതി അടുക്കളയിലേക്ക് കടന്നു. അടുക്കള അവൾക്ക് വലിയ താല്പര്യമുള്ള സ്‌ഥലമല്ല. മനുഷ്യൻ ജീവിക്കാൻ വേണ്ടത് കഴിച്ചാൽ മതി. അല്ലാതെ കഴിക്കാൻ വേണ്ടി മാത്രം ജീവിക്കരുതെന്നു പറയും. വീട് പണി സമയത്ത് അടുക്കള അവളുടെ ഇഷ്ടത്തിന് ചെയ്തോയെന്നു പറഞ്ഞപ്പോൾ എനിക്ക് അടുക്കള വേണമെന്ന് തന്നെയില്ല, എന്തെങ്കിലും തിന്നാൻ കിട്ടിയാൽ മാത്രം മതിയെന്ന അവളുടെ മറുപടിയോർത്തു ഞാനീ സമയവും ചിരിച്ചുപ്പോയി.
കാപ്പിയും കൊണ്ട് സോഫയിലേക്ക് ഇരിക്കുമ്പോഴാണ് അടഞ്ഞു കിടക്കുന്ന ആ റൂം കണ്ടത്, എന്റെ പ്രിയപ്പെട്ടവളുടെ ഏറ്റവുമിഷ്ട്ടപെട്ട ഇടം. ഇങ്ങനെയൊരു സ്‌ഥലം എന്റെ പ്ലാനിലെ ഉണ്ടായിരുന്നില്ല. നേരെ അങ്ങോട്ട് നടന്നു. ചെറിയ റൂം, വലതുവശത്തു ഷെൽഫിൽ പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നു. അതിനു താഴെയായി ഒരു ടേബിളും ചെയറും, അവളിരുന്നെഴുതുന്ന, വായിക്കുന്ന ഇടം.ചുമരിനോട് ചേർന്നൊരാൾക്ക് മാത്രം കിടക്കാൻ പാകത്തിലുള്ള ബെഡ്.രണ്ടു പൊളിയുള്ള ഒരു ചെറിയ ജനവാതിൽ, ഉള്ള സ്‌ഥലം ഏറ്റവും വൃത്തിയിലും, ഭംഗിയിലും ഒരുക്കിവെച്ചിട്ടുണ്ട്.അവിടുത്തെ ഓരോ വസ്തുവിലും അവളുടെ സ്പർശമുണ്ട്, ഗന്ധമുണ്ട്.ഞാൻ കണ്ണടച്ചു ഉള്ളിലേക്ക് ആഞ്ഞു ശ്വസിച്ചു, ചിര പരിചിതമായൊരു ഗന്ധം നാസികയിലേക്ക് തുളച്ചു കയറി.
ടേബിളിൽ പാതി അടച്ചു വെച്ച ഡയറിയും പേനയും അതിന്റെ ഉടമസ്‌ഥയെ തേടുന്നുണ്ട്.ആദ്യപേജ് പതുക്കെ മറിച്ചു നോക്കി.
“എന്നിലെ എന്നെ തേടി അക്ഷരങ്ങളെ കൂട്ട് പിടിച്ചൊരു യാത്ര.ഞാൻ മറന്നു പോയ എന്നെ പൂർണമായും തിരിച്ചു പിടിക്കാൻ സാധിച്ചില്ലെങ്കിലും എന്റെ ആത്മത്തെ ഇത്തിരിയെങ്കിലും സന്തോഷിപ്പിക്കട്ടെ”
വായിച്ചപ്പോൾ മനസിലൊരു തീപ്പൊരി വീണു. ഞാനുമായുള്ള ജീവിതത്തിൽ അവൾക്കു സന്തോഷമുണ്ടായിരുന്നില്ലേ? അവളെ ഞാൻ മനസിലാക്കിയിടത്തു പിഴച്ചു പോയോ? അവൾ ആശിച്ച ജീവിതം കൊടുക്കാൻ എനിക്ക് സാധിച്ചില്ലേ…!
അടുത്ത പേജുകളിലെല്ലാം എഴുതിയ കഥകൾക്ക് കിട്ടിയ കമെന്റ്സ് എന്ന നിലക്ക് പലതും എഴുതിയിരിക്കുന്നു. അവളെ അഭിനന്ദിച്ചു എഴുതിയ കമെന്റുകൾ.അവൾക്കു എഴുത്തിനോടുള്ള അഭിനിവേശം,, എഴുത്തുകാരി എന്ന അംഗീകാരം കിട്ടുമ്പോളുള്ള സന്തോഷം എല്ലാം മറയില്ലാതെ നിറഞ്ഞു നിൽക്കുകയാണ് ഓരോ പേജിലും.
നന്ദേട്ടനിൽ നിന്ന് ഒരു അഭിനന്ദനം എനിക്കെന്നെങ്കിലും ലഭിക്കുമോ?. എഴുതുന്നതേ ഇഷ്ടമില്ലാത്ത ആൾ അഭിനന്ദിച്ചത് തന്നെ. വെറുതെ ഓരോ പ്രതീക്ഷകൾ. എന്നെഴുതിയത് വായിച്ചപ്പോൾ അവളെന്നിൽ നിന്നും ആഗ്രഹിച്ചത് എന്താണെന്നെനിക്ക് ബോധ്യമായി. അടുത്ത പേജിൽ വലിയ അക്ഷരത്തിൽ എഴുതിയത് കണ്ടെന്റെ കണ്ണ് വിടർന്നു. നന്ദന്റെ പത്നി നന്ദിനി. “നന്ദിനി” ആ പേരിൽ മനസുടക്കി.ഷെൽഫിൽ എല്ലാവരും കാണും വിധത്തിലൊരു നോവൽ “ശിശിരത്തിന് ശേഷം” നന്ദിനി യുടെ ആദ്യ നോവൽ. നന്ദിനി എന്റെ മാളുവായിരുന്നോ. ആ ഒരു ദിവസം എന്റെ ഓർമയിൽ പരതിയെടുത്തു.
“നന്ദേട്ടാ.. ഞാൻ ഒരു പുസ്തകം പബ്ലിഷ് ചെയ്തൊട്ടേ. വാട്സാപ്പ് ഗ്രൂപ്പിൽ ഞാൻ എഴുതിയ കഥകൾ പ്രസിദ്ധീകരിക്കാമെന്ന് ഒരു ടീം ഏറ്റിട്ടുണ്ട്. അവർ ഫ്രീയായി ചെയ്തോളും.. പ്ലീസ്… “
“മാളു. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, ബുക്ക് ഇറക്കുക, ഫേസ് ബുക്കിൽ പബ്ലിക് ആയി എഴുതുക ഒന്നും എനിക്കിഷ്ടമില്ലെന്നു. നിനക്കെന്താ പറഞ്ഞിട്ട് മനസിലാവാത്തത്.ബുക്കിറക്കുക, പിന്നെ അത് വിൽക്കാൻ നടക്കുക, നാട്ടിൽ കണ്ടവർക്കൊക്കെ കൊടുത്തു പ്രൊമോഷൻ നടത്തുക. എനിക്കിതൊക്കെ കാണുന്നത് തന്നെയിഷ്ട്ടമല്ല.വെറുതെയിരുന്നു കുത്തി കുറിക്കുന്ന സമയം കൊണ്ട് വല്ല ജോലിക്കും പോവാൻ പറഞ്ഞാൽ അത് കേൾക്കില്ല. നടക്കില്ല മാളു എനിക്കിഷ്ട്ടല്ല. ”
കാറ്റ് പോലെ ഈ റൂമിലേക്ക് കടന്നു വാതിലടച്ചതോർമ്മയുണ്ട്. ഞാനും മൈൻഡ് ചെയ്തില്ല.രണ്ടു ദിവസം കഴിഞ്ഞാൽ ശരിയായിക്കൊള്ളും. അല്ലേൽ ഹോസ്റ്റലിൽ നിൽക്കുന്ന മോളെ വിളിച്ചുക്കൊണ്ട് വരാം. അപ്പൊ പിന്നെ ഈ മൂഡ് മാറിക്കൊള്ളുമെന്നെ ഞാനന്ന് കരുതിയുള്ളു. പക്ഷെ മാളവിക നന്ദിനിയായി മാറിയത് ഞാനറിഞ്ഞില്ല.അല്ല ഞാനൊന്നും അറിയാൻ ശ്രമിച്ചില്ല,ഇപ്പോൾ മനസിലാവുന്നുണ്ട് എനിക്ക് വേണ്ടി സ്വപ്നങ്ങൾ മാറ്റി വെച്ചവൾ ഒടുവിലെങ്കിലും അതൊക്കെ നടത്താൻ ശ്രമിച്ചിരുന്നുവെന്ന്,എന്റെ ഭാര്യ എന്നെയനുസരിച്ചു ഞാൻ കൊടുക്കുന്ന സന്തോഷങ്ങളിൽ മതിമറന്നു ജീവിക്കുകയാണെന്ന, എന്നെ പോലൊരു നല്ലൊരു ഭർത്താവിനെ അവൾക്ക് കിട്ടില്ലെന്നയെന്റെ മൂഢ വിശ്വാസത്തിനേറ്റ തിരിച്ചറിവായി മാറി ഈ പുസ്തകം. അപ്പോഴും എന്റെ മാളു എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് ആ പേര് എന്നോട് സമർത്ഥിച്ചു. നന്ദന്റെ പത്നി നന്ദിനി.
ശിശിരത്തിനു ശേഷം വസന്തം കാത്തുനിൽക്കാതെ അവൾ പോയി.ഇനിയൊരു വസന്തത്തിനു തിരി കൊളുത്താൻ അവളുണ്ടാവില്ല. ഡയറി അടച്ചുവെക്കവേ അതിലെ അവസാനവരികൾ അവളുടെ മരണമൊഴിപ്പോലെയെനിക്ക് തോന്നിച്ചു. “മോൾ എന്തെക്കെയോ കുത്തിക്കുറിക്കുന്നുണ്ട്, അവൾക്കെങ്കിലും അവളുടെ സ്വപ്നങ്ങൾക്ക് നിറം നൽകാൻ സാധിക്കുമോ..! അല്ല ശിശിരത്തിനു ശേഷം വസന്തം വരിക തന്നെ ചെയ്യും.”
ശരിയാണ് മാളു.. ശിശിര ത്തിനു ശേഷം വസന്തം വരിക തന്നെ ചെയ്യും. പക്ഷെ കൊഴിഞ്ഞു വീണ ഇലകളെ നോക്കി പരിതപിക്കാനേ പറ്റു.. തളിരിലകളിൽ വിടരുന്ന വസന്തത്തെ ഞാൻ ചേർത്തു നിർത്തും, നിനക്ക് വേണ്ടി.. മാപ്പ്..
ഉപ്പ് രസം നിറഞ്ഞ ഡയറിത്താൾ അടച്ചു ഞാൻ നന്ദിനിയുടെ ആദ്യ നോവൽ തുറന്നു. ഒരിക്കൽ ഞാനായി അടച്ച വസന്തത്തിന്റെയോർമ്മക്ക്.
#എന്റെ രചന
#ആർക്കും അറിയാത്ത ഞാൻ


34 Comments
എല്ലാവരും അഭിനന്ദിക്കുമ്പോഴും പ്രോത്സാഹിപ്പിക്കുമ്പോഴും സ്വന്തം വീട്ടിൽ നിന്ന്, അത് ലഭിക്കാതെ പോകുന്ന അവസ്ഥ വേദനാജനകം തന്നെയാണ്. മാളുവിനെ എനിക്കിഷ്ടമായി👌- മാളുവാൻെറ കഥയും👍. കഥാകാരിക്ക് അഭിനന്ദനങ്ങൾ🍬♥️
താങ്ക്യൂ ബ്രോ.. ❤️
അതേ,ശിശിരത്തിനപ്പുറം വസന്തത്തിന്റെ പൂക്കാലം ഉണ്ടാവും. പക്ഷേ നഷ്ടവസന്തങ്ങൾ ഒരു നോവായി നിലനിൽക്കും. നന്നായി എഴുതി. അഭിനന്ദനങ്ങൾ..
നിഷി… 🥰🥰
🥰🥰
ഹൃദയം തൊടുന്ന കഥ👍🌹
❤️❤️
എത്ര ഹൃദ്യമാണീ എഴുത്ത് സാബി. ആത്മത്തെ തിരിച്ചറിയാതെ എത്രയോപേർ ജീവിച്ച് മരിച്ചിട്ടുണ്ടാകും. എത്ര ശിശിരങ്ങൾ ഇലപൊഴിച്ച് അകന്നിട്ടുണ്ടാകാം. തളിരിലകളിൽ വസന്തത്തിന് ഒരു തുടർച്ചയില്ലാതിരിക്കുമോ?
തളിരിലകളിൽ വസന്തം കൂട് കൂട്ടന്നത് നമുക്ക് സ്വന്തം ജീവിതത്തിൽ തന്നെ കാണാൻ പറ്റട്ടെ
ഒരുപാടെഴുതണം സാബി….ജൂവനുള്ള വരികൾ..🥰❤️
😊😊
പരിഗണനയും, അംഗീകാരവും നൽകുമ്പോഴാണ് ഏതൊരു സ്ത്രീക്കും ഇണ തുണകൂടിയായി അനുഭവപ്പെടുന്നത്. കൂടെയുണ്ടാവുമ്പോൾ കൂട്ടാവാൻ കഴിയുന്നിടത്താണ് ദാമ്പത്യം വസന്തം നിലയ്ക്കാത്ത ശിഖരങ്ങളാവുന്നത്. എല്ലാ അസ്തമയങ്ങൾക്കു ശേഷവും വീണ്ടുമൊരു പുലരി പിറക്കണമെന്നില്ല! നഷ്ടശിശിരത്തിലേക്കുള്ള തിരിച്ചു നടത്തം
സാബി സ്വാനുഭവം പോലെ മനോഹരമായി പറഞ്ഞു.
Zuhra Razak
❤️🌹💐👍✍️
Zuhra.. താങ്ക്സ് ഡിയർ എല്ലാ അസ്തമയങ്ങൾക്കും വീണ്ടുമൊരു പുലരി പിറക്കണമെന്നില്ല. എങ്കിലും ആശിച്ചു പോവും പരസ്പരം മനസ്സിലാക്കുന്ന സ്വർഗങ്ങളേ ഭൂമിയിൽ തന്നെ.
പലരുടെയും എഴുത്തുകൾ പാതി വഴിയിൽ നിലച്ചു പോവുന്നത് ഇതു കൊണ്ടൊക്കെയാവാം.. നിരവധി മാളവികമാർ നമുക്കിടയിലുണ്ട്..
വളരെ മനോഹരമായ എഴുത്ത്..
സാബി ❤️❤️❤️❤️
സജ്‌ന താങ്ക്സ് ഡിയർ മനോഹരമായ മറുകുറിപ്പിന്
ആദ്യം തന്നെ മാളുവിനെ ഒന്ന്ഒ കെട്ടിപ്പിടിച്ചോട്ടെ. എന്താണെന്നറിയില്ല, ആദ്യപകുതി എത്തിയപ്പോഴേക്കും കണ്ണിൽ നനവ് പടർന്നു. ഒരു സ്ത്രീയുടെ സ്വപ്നങ്ങൾ, അവയ്ക്ക് ചുറ്റുമുള്ള തടസ്സങ്ങൾ, വിവാഹം, കുടുംബമെന്ന ചക്രവ്യൂഹത്തിൽ നഷ്ടപ്പെട്ട അവളുടെ ആത്മാവ് – പിന്നീട് നഷ്ടപ്പെട്ട ആത്മാവിനെ വീണ്ടെടുക്കാൻ ‘മാളു’വിൽ നിന്ന് ‘നന്ദിനി’യിലേക്കുള്ള ചുവടു മാറ്റം. കഥ എന്നതിൽ നിന്നും ഒരു ചെറുനോവലിനോളം വലുപ്പത്തിൽ വായനക്കാരുടെ ഭാവനയെ പറത്തി വിടാൻ പാകത്തിലുള്ളൊരു എഴുത്ത്. വായനക്കാരെ ഒപ്പം നടത്തിക്കുന്ന ഭാഷ, നിസ്സംഗതയിൽ ഉള്ളുരുകിയ ഓർമ്മകൾ – എല്ലാം ചേർന്ന് അത്രമേൽ ഹൃദയസ്പർശിയായ രചന. അവസാനവാക്കുകൾ ഒരു ഉപ്പ് നിറഞ്ഞ ഓർമ്മയാണ്:
“തളിരിലകളിൽ വിടരുന്ന വസന്തത്തെ ഞാൻ ചേർത്തുനിർത്തും, നിനക്ക് വേണ്ടി.. മാപ്പ്..” ശിശിരത്തിനു ശേഷം വസന്തം വരിക തന്നെ ചെയ്യും.
നന്ദിനിയുടെ വസന്തം – അനേകം മാളവിക മാർക്ക് ഒരു പ്രചോദനമാകട്ടെ.
ഒത്തിരി സ്നേഹം dear🩷🩷
താങ്ക്സ് ടീച്ചർ 🫂🫂🫂🫂🫂
എത്ര ഹൃദ്യമാണീ എഴുത്ത് സാബി. ആത്മത്തെ തിരിച്ചറിയാതെ എത്രയോപേർ ജീവിച്ച് മരിച്ചിട്ടുണ്ടാകും. എത്ര ശിശിരങ്ങൾ ഇലപൊഴിച്ച് അകന്നിട്ടുണ്ടാകാം. തളിരിലകളിൽ വസന്തത്തിന് ഒരു തുടർച്ചയില്ലാതിരിക്കുമോ?
പലരുടെയും എഴുത്തുജീവിതം ഇങ്ങനെയൊക്കെയാണ് സാബീ. നന്നായെഴുതി ❤️
സിൽവി ചേച്ചി ശരിയാണ്.
മനോഹരമായി എഴുതി.. എനിക്കിഷ്ട്ടായി 😍
😍🥰🥰
ഇങ്ങനെ എത്രയെത്ര മാളുമാർ ഉണ്ടാകും അല്ലെ
ഉണ്ടാവും. പെണ്ണിന്റെ മനസ് അറിയാൻ ശ്രമിച്ചു ജീവിക്കുന്നവർ കുറവല്ലേ. വായനക്ക് സ്നേഹം ഡിയർ
നല്ല കഥ. പ്രോത്സാഹനമില്ലാതെ അല്ലെങ്കിൽ ആവശ്യമില്ല എന്ന തോന്നലിൽ മുരടിച്ചു പോകുന്ന അഭിരുചികൾ, ഹൃദയം തൊട്ട വായന.
👍❤
താങ്ക്സ് ജോ ❤️
Mm. മാളുമാരുടെ കമെൻറ്കൾ വാട്സാപ്പിൽ എത്തി തുടങ്ങി.❤️
സ്വപനങ്ങൾക്ക് ചിറക് മുളക്കാൻ എത്രയോ വഴികൾ താണ്ഡണം ആരെയൊക്കെ ബുദ്ധിപ്പിക്കണം ആരുമറിയാത്ത എത്രയോ കഴിവുകളുള്ളവർ ജീവിച്ചു മരിച്ചിട്ടുണ്ടാകും അല്ലേ 🥺🥺നല്ലെഴുത്ത് ഇത്താ എവിടെയൊക്കെയോ ഉള്ളിൽ കുളത്തി വലിച്ചു എന്നെ
റംസി.. സ്നേഹം.. ഡിയർ ❤️😍
ജീവിതവുമായി ചേർന്നു നിൽക്കുന്ന ഒരു കഥ 💕
സ്നേഹം സെജി വായിച്ചു അഭിപ്രായം പറഞ്ഞതിൽ. 😍
മനോഹരം ❤️
❤️❤️
അതിമനോഹരം എന്നു തന്നെ പറയട്ടെ❤️👌🌹