“ദാ ഇവിടെ വെച്ചാണ് ഇയ്യാക്ക എന്നോട് ആദ്യമായി ഇഷ്ടം പറഞ്ഞത്. ഇഷ്ടാന്നല്ലാട്ടോ പറഞ്ഞത്, നേരെ എതിരെ നടന്ന് വന്ന് കയ്യിലൊരു പൊതി വെച്ചു തന്നങ്ങ് നടന്ന് പോയി. തുറന്ന് നോക്കിയപ്പോ ഒരു രണ്ടു മുഴം മുല്ലപ്പൂ…”
വീശിക്കൊണ്ടിരിക്കുന്ന കാറ്റിനൊപ്പം പാറുന്ന ചാരമണ്ണിൽ കൂടെ ഞാനും ടീച്ചറുമ്മയും അപ്പോൾ ഓടുകയായിരുന്നു. ടീച്ചറുമ്മയുടെ സാരിത്തലപ്പും തലയിൽ നിന്നും വീണ് കാറ്റിനോടൊപ്പം പായുകയാണ്. അവരുടെ ഒപ്പമെത്താൻ ഞാനും ഓടുകയാണ്.
“അന്നെന്റെ കയ്യിൽ മുടിപ്പിന്നൊന്നുമില്ലേ… പിന്നെ ഈ മുല്ലപ്പൂ പിറ്റേന്ന് ഞാൻ ചൂടിച്ചെന്നാലും തട്ടത്തിനുള്ളിലൂടെ കാണോ… മ്മങ്ങാനും കണ്ടാൽ ഇതെവിട്ന്ന് കിട്ടീന്ന് ചോദിച്ച് തല്ലോന്നൊക്കെ പേടിച്ചാ അന്ന് കഴിഞ്ഞേ… ന്നട്ടും പിറ്റേന്ന് മുടിടെ എടേൽക്കൂടൊക്കെ വെച്ച് ഞാനൊപ്പിച്ച്…”നാണം കലർന്ന ചെറുചിരിയോടെ അതും പറഞ്ഞ് ഓടുന്ന ടീച്ചറുമ്മയുടെ കണ്ണിലെ തിളക്കം എന്നിൽ ചെറിയൊരസൂയ നിറച്ചോ?
നാട്ടിൻപുറത്തെ വിജനമായ ഏതോ ഒരു വഴിയിലൂടെ ടീച്ചറുമ്മയ്ക്കൊപ്പം ഞാനും പാഞ്ഞു. അസ്തമിക്കാൻ തയ്യാറെടുക്കുന്ന സൂര്യന്റെ ചെറുചൂടെന്റെ പുറമാകെ പടർന്നു.
പെട്ടെന്നാണ് എല്ലുകളെ തുളക്കുന്ന തണുപ്പെന്റെ ശരീരമാകെ പടർന്നത്. പതിയെ എഴുന്നേറ്റു പോകുന്ന ദീപകിന്റെ ചലനം ഞാനറിഞ്ഞു. വെറുതെയല്ല അസ്തമയസൂര്യന്റെ ചൂടൊക്കെ തോന്നിയത്. ഇത്ര നേരവും കണ്ടത് സ്വപ്നമായിരുന്നല്ലോ എന്ന ചിന്ത എന്നെ നിരാശയാക്കി. കട്ടിയുള്ള ക്വിൽറ്റ് തല വഴി മൂടി കോട്ടിന്റെ കൈ ശരിയാക്കി വീണ്ടും ഞാനൊന്നുകൂടി ചുരുണ്ടു കിടന്നു. ഇന്ന് ദീപക് വിളിച്ചാൽ എന്തായാലും ഞാനെഴുന്നേൽക്കില്ല എന്ന് തീരുമാനിച്ച് ഞാൻ പകുതി മുറിഞ്ഞു പോയ സ്വപ്നത്തിന്റെ ബാക്കി നൂലന്വേഷിച്ച് കണ്ണുകളിറുക്കെയടച്ചു കിടന്നു.
നേരമേറെ കഴിഞ്ഞു കാണണം, വീണ്ടുമുണർന്നപ്പോൾ എന്നെ വലയം ചെയ്ത നിശബ്ദത എന്നെ കുറച്ചൊന്നു ഭയപ്പെടുത്തി. ദീപക് പോയിക്കഴിഞ്ഞു എന്ന് വീടാകെ ഒന്നു ചുറ്റിനടന്നപ്പോൾ മനസ്സിലായി. ബ്രേക്ഫാസ്റ്റിന്റെ അവശിഷ്ടങ്ങൾ മേശമേൽ കിടപ്പുണ്ട്. ഭാഗ്യത്തിന് പാത്രം സിങ്കിലുണ്ട്. നനഞ്ഞ ടവൽ കസേരയിന്മേൽ നിവർത്തിയിട്ടിരിക്കുന്നു. ഭാഗ്യം, ചുരുട്ടിക്കൂട്ടി കട്ടിലിന്മേലല്ലല്ലോ. സോഫയുടെ കുഷ്യൻ തലതിരിഞ്ഞല്ല, നേരെയാണ് വെച്ചിട്ടുള്ളത്.
വീടൊക്കെ അടുക്കി വൃത്തിയാക്കി പ്രാതലും കഴിച്ച് മെല്ലെ മുൻവശത്തെ വാതിൽ തുറന്നു. മഞ്ഞു നിറഞ്ഞു കിടക്കുന്ന മുറ്റത്ത് നിന്നും തണുപ്പ് സർവ്വശക്തിയുമെടുത്ത് അകത്തേക്കോടിക്കയറി. തണുപ്പിനോട് മല്ലിട്ട് വീട് പൂട്ടി ഞാൻ വേഗം അടുത്ത വീട്ടിലേക്കോടി. അവിടെയാണ് എന്റെ മനസ്സിൽ സ്നേഹത്തിന്റെ ചൂടും ചൂരുമുള്ള കഥകൾ നിറച്ച ടീച്ചറുമ്മയുള്ളത്. മഞ്ഞുമൂടിയ ഈ നാട്ടിൽ ഒറ്റപ്പെട്ടു പോയ രണ്ടാത്മാക്കൾ ഹൃദയത്തിലെ മഞ്ഞുരുക്കുന്നത് കഥകൾ പങ്കിട്ടാണ്. ഒരാൾ കഥകൾ പറഞ്ഞും, മറ്റെയാൾ കഥകൾ കേട്ടും പരസ്പരം തുണയാകുന്നു.
വിവാഹം കഴിഞ്ഞ് ദീപകിനൊപ്പം നോർവേയിൽ വരുമ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരുന്നു. ‘ദി മോസ്റ്റ് റൊമാന്റിക് കപ്ൾസ് ഓഫ് ദി എറാ’ എന്ന വിശേഷണത്തോടെ കൂട്ടുകാരുടെ കളിയാക്കലുകൾക്കിടയിലും പ്രണയിച്ചു നടന്ന എത്രയോ വർഷങ്ങൾ. പരസ്പരം എത്രയോ അധികം സമ്മാനങ്ങൾ കൈമാറിയിരിക്കുന്നു. പലപ്പോഴും സർപ്രൈസാക്കി വെക്കുന്ന കാര്യങ്ങൾ പോലും സാമ്യം നിറഞ്ഞത്. ഒരിക്കൽ എക്സാം കഴിഞ്ഞ് പത്തു ദിവസത്തെ വെക്കേഷന് പിരിയുമ്പോൾ ഓരോ ദിവസവും അവന് കൊടുക്കാനുള്ള സമ്മാനങ്ങൾ കൊടുക്കാൻ അവന്റെ ചേച്ചിയെ ഏൽപ്പിക്കാൻ പോകുമ്പോഴാണ് അവനൊരു വലിയ പെട്ടി കയ്യിൽ തന്നത്. എന്നിട്ട് പറഞ്ഞു ” ഇതിൽ ഓരോ ദിവസവും ഓരോ ഗിഫ്റ്റ് വീതം നീയെടുക്കണം. ഇതു കഴിയുന്നതിന്റെ പിറ്റേന്ന് നമ്മൾ തമ്മിൽ വീണ്ടും കണ്ടുമുട്ടും. ഐ ലൗ യൂ മൈ സ്വീറ്റ് ഹാർട്ട്.”
അതോടെ ചേച്ചിയെ ഏൽപ്പിക്കാൻ കരുതിയ പെട്ടി അവനു തന്നെ കൊടുത്തു. പുറകിൽ കോറസായി കൂട്ടുകാരുടെ കൂവലുകൾ വന്നിട്ടും അവനെ മുറുകെ കെട്ടിപ്പിടിച്ചു കുറേ നേരം അന്നു കരഞ്ഞു. ഇന്നും ദീപക് സമ്മാനങ്ങൾ നല്കുന്നുണ്ട്, ഇഷ്ടമാണെന്ന് നൂറു തവണ പറയുന്നുണ്ട്. പക്ഷേ, അവയെല്ലാം തന്നെയിന്നെന്തോ ദേഷ്യം പിടിപ്പിക്കുന്നു.
“ടീച്ചറുമ്മാ, ഇന്ന് രാവിലെ ഞാനിങ്ങളെ സ്വപ്നം കണ്ടൂട്ടാ…സാരിയൊക്ക ഉടുത്ത്, നല്ല ചെറുപ്പമായി, ങ്ങള് നല്ല സുന്ദരിയായിരുന്നു…” ടീച്ചറുമ്മയുടെ വീട്ടിൽ അവരുണ്ടാക്കിത്തന്ന നല്ല ഏലയ്ക്കാമണമുള്ള സുലൈമാനി കുടിച്ചു കൊണ്ടിരിക്കേ ഞാൻ പറഞ്ഞു.
“മോള് ഇയ്യാക്കാനെ കണ്ടോ?” അവരുടെ കണ്ണിൽ ആകാംക്ഷ എനിക്ക് തോന്നിയതാണോ?
“അതിന് ഞാൻ ഇയ്യാക്കാനെ കണ്ടിട്ടില്ലല്ലോ? നമ്മള് തന്നെ ഈ നാട്ടിൽ ഇവിടെ അടുത്തായതോണ്ടല്ലേ കണ്ടേ?ഇല്ലേൽ കോഴിക്കോട്ടുകാരി ഈ ടീച്ചറുമ്മയും തൃശ്ശൂർക്കാരി ഈ ഞാനും കണ്ടമുട്ടോ?”
പകുതി കളിയായും പകുതി കാര്യമായും തന്നെയാണ് ഞാനത് ചോദിച്ചത്. ഇവിടത്തെ ഈ തണുപ്പും ഞാനും ഒരിക്കലും ഒത്തുപോകില്ല എന്ന് മനസ്സിലായപ്പോൾ അത്യാവശ്യമല്ലാതെ വേറൊന്നിനും പുറത്തിറങ്ങില്ല എന്നും ഈ നാടിന്റെ സൗന്ദര്യം ജനലിലൂടെ കണ്ടാസ്വദിചോളാമെന്നും ദീപകിനോട് കട്ടായം പറഞ്ഞതിന്റെ പിറ്റേന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് എതിർവശത്തെ വീടിന്റെ ജനലിലൂടെ തന്നെപ്പോലെ സൗന്ദര്യമാസ്വദിക്കുന്ന ടീച്ചറുമ്മയെ ആദ്യമായി കാണുന്നത്. ഒരു ചെറുപുഞ്ചിരി കൈവീശലുകൾക്കും ആംഗ്യഭാഷകൾക്കും പതിയെ വഴി മാറി. അതൊരപൂർവ കൂട്ടുകെട്ടായി ഇപ്പോഴിതാ ഈ സുലൈമാനിയിലും പഴയ കഥകളിലും എത്തിച്ചേർന്നിരിക്കുന്നു.
“അതൊക്കെ അനക്ക് തോന്നുന്നതാ… പടച്ചവൻ ചില ആളുകളെ അങ്ങനെ പടച്ചിട്ടുണ്ട്. എന്തൊക്കെ പറ്റിയാലും അവരെ പടച്ചവൻ കണ്ടു മുട്ടിക്കേം ചെയ്യും അടുപ്പിക്കേം ചെയ്യും…അവരങ്ങനെ പടച്ചൊന്റെ സ്നേഹോം പ്രകാശോം ഈ ദുനിയാവ് മൊത്തം പരത്തിക്കൊണ്ടങ്ങനെ പോകും. അങ്ങനെ ഒരാളേർന്ന് ഇയ്യാക്കേം…”
ജീവിച്ചിരിപ്പില്ലാത്ത സ്വന്തം ഭർത്താവിനോടുള്ള മരണമില്ലാത്ത പ്രണയം മുഴുവനും ആ കണ്ണുകളിലും വാക്കുകളിലും തെളിഞ്ഞു നിന്നു. ചേർത്തുപിടിച്ചാനെറ്റിയിലൊരായിരം ഉമ്മ കൊടുക്കാനെന്റെ ഹൃദയം വെമ്പൽ കൊണ്ടു. ഇത്രയും സ്നേഹം അനുഭവിക്കാൻ മാത്രം ഇയ്യാക്ക എന്തു പുണ്യമായിരിക്കും ചെയ്തിരിക്കുക എന്ന് ഞാൻ കുറേ ഓർത്തു നോക്കി.
“ഇയ്യാക്കാന്നാണോ എല്ലാരും മൂപ്പരെ വിളിച്ചിരുന്നത്?” ടീച്ചറുമ്മയോടൊത്ത് സംസാരിച്ച് എന്റെ ഭാഷയിലും ചെറുതായി കോഴിക്കോടിന്റെ സ്നേഹം കടന്നുവരുന്നല്ലോ എന്ന് ഒരു ചിരിയോടെ ഞാനോർത്തു.
“ഹേയ്, അല്ലല്ല. ഞാൻ മാത്രാ മൂപ്പരെ അങ്ങനെ വിളിച്ചേർന്നെ. പണ്ടത്തെ കാലമല്ലേ, ആരും കേൾക്കാതെയാ ആദ്യമൊക്കെ വിളിച്ചെ. പിന്നെ മൂപ്പര് കട്ടായം പറഞ്ഞ് എപ്പളും അങ്ങനെ വിളിച്ചാൽ മതീന്ന്…ഭയങ്കര ഗൗരവക്കാരനേർന്ന്…ഒന്നും തിരിച്ചു പറയാൻ പറ്റൂല…പേടിയാവും..അതോണ്ടും കൂടിയല്ലേ അന്ന് മുല്ലപ്പൂ തന്നപ്പോ പിറ്റേന്ന് തന്നെ തലേൽ വെച്ചത്…”
ടീച്ചറുമ്മയുടെ മുഖത്ത് ഒരു കുസൃതിച്ചിരി.
“അപ്പോ ടീച്ചറുമ്മക്ക് ശരിക്കും ഇഷ്ടമായിരുന്നില്ലേ?പേടിച്ചിട്ടാണോ മൂപ്പരെ കല്ല്യാണം കഴിച്ചത്?” എന്റെ മനസ്സിലെ പ്രണയശിൽപങ്ങൾ ഉടയാനായി വെമ്പൽ കൊള്ളുന്നത് ഞാനറിഞ്ഞു. അല്ലേലും ലോകത്തെ പ്രണയങ്ങൾ മുഴുവൻ ഇങ്ങനെയാണ്, കവികൾക്ക് പാടിനടക്കാനും കഥകൾ മെനയുവാനും മാത്രമുള്ളത്. ബാക്കിയെല്ലാം സ്വാർത്ഥത മാത്രമാണ്, സ്വന്തമാക്കാനുള്ള ആർത്തി, അല്ലാതെന്ത്? ഇങ്ങനെ ഒരാളെ എങ്ങനെ ടീച്ചറുമ്മക്ക് പ്രണയിക്കാൻ കഴിയുന്നു? ഒന്നുമില്ലേലും ഇത്രയും വിദ്യാഭ്യാസമില്ലേ, ഒരു ടീച്ചറായിരുന്നില്ലേ അവർ? എന്നിട്ടും എങ്ങനെ സാധിക്കുന്നു? അല്ലേലും പ്രണയം വരുമ്പോൾ ഹൃദയം കൊണ്ട് ചിന്തിക്കാനല്ലേ സ്ത്രീകൾക്കറിയൂ…
“അന്ന് വീട്ടിൽ വന്ന് ഉപ്പാട് ചോദിച്ച്… ഉപ്പ സമ്മതിച്ച്… അതോടെ കല്ല്യാണോം കഴിഞ്ഞ്… ആദ്യൊക്കെ പേടിയേര്ന്ന്… സ്നേഹം പറയാനൊന്നും അറിയില്ലാന്നേ…പക്ഷേ എനിക്കറിയാര്ന്ന് എന്നെ ശരിക്കും ഇഷ്ടാന്ന്… എന്നും രാത്രി വരുമ്പോ ഒരു പൊതീല് എന്തേലും പലഹാരം ണ്ടാവും. ന്റെ കയ്യിലാ തരാ… ആരും കാണാണ്ട്… പിന്നെ വീട്ടിലെ ചെറുതുങ്ങളെ പഠിപ്പിക്കണത് കണ്ടപ്പോ ന്നോട് ചോദിച്ച്, അനക്ക് പഠിക്കണോന്ന്… തലയാട്ടിയപ്പോ ഒറ്റപ്പോക്കായിര്ന്ന്… ടി.ടി.സി. ടെ ഫോം വാങ്ങിയാ തിരിച്ചു വന്നേ… കാരണോന്മാര് മുറുമുറുത്തപ്പോ ന്നോട് ഒന്നേ പറഞ്ഞൊള്ളൂ…നല്ലോണം പഠിച്ച് നല്ലോണം പഠിപ്പിച്ച് കാണിച്ചോട്ക്ക് ന്ന്…”
“പിന്നെ മൂപ്പരും ഞാനും വീട്ടിലുണ്ടേ എടക്കെടെ ന്നെ വിളിക്കും… വെളളം, ചായ, കത്തി, വടി ന്നൊക്കെ പറഞ്ഞ്… എല്ലാര്ടെ എടേന്നും ന്നെ എടക്കെടക്ക് ഇയ്യാക്കാക്ക് കാണണം… അന്നൊക്കെ അടുക്കളേലുള്ളോര് പറയും പാവം ന്റെ വിധീന്നൊക്കെ… ആദ്യൊക്ക എനിക്കും ദേഷ്യോം സങ്കടോം ഒക്കെ വന്നേര്ന്ന്… പിന്നെ മനസ്സിലായി, ഇഷ്ടം കൊണ്ടാ ങ്ങനെ വിളിക്കണേന്ന്… ന്നോട് ഇഷ്ടാന്നോ അങ്ങനെ പുന്നാരിച്ചോ ഒന്നും പറഞ്ഞിട്ടില്ല ഇയ്യാക്ക. പക്ഷേ, എന്നും ന്റെ കൂടെണ്ടാർന്ന്… അതെനിക്ക് നല്ലോണം അറിയാനും പറ്റിയേർന്ന്…
ടീച്ചറുമ്മയുടെ മുഖത്ത് ഭർത്താവിനെ കുറിച്ചോർത്ത് അഭിമാനം നിറയുന്നു. മൂപ്പരെ കുറിച്ച് പറയുമ്പോഴും ഓർക്കുമ്പോഴും ടീച്ചറുമ്മ കൂടുതൽ സുന്ദരിയായിത്തീരുന്നു. അവരുടെ മുഖം കൂടുതൽ പ്രകാശം നിറഞ്ഞതായിത്തീരുന്നു… ഇങ്ങനെയൊക്കെ ഒരാൾക്ക് മറ്റൊരാളെ പ്രണയിക്കാൻ പറ്റുമോ ഈശ്വരാ? ഓർക്കുമ്പോൾ തന്നെ ഹൃദയം പ്രണയം കൊണ്ട് വീർപ്പുമുട്ടുന്നു.
“മോളേ… ഓരോരുത്തർക്കും ഇഷ്ടം ഓരോ തരത്തിലാ… ചെലോര് ഇഷ്ടാന്ന് പറയും, ചെലോര്ങ്ങനെ കെട്ടിപ്പിടിച്ചൂം ഉമ്മ വെച്ചൂം ഇഷ്ടം കാണിക്കും. ചെലോര് കൊറേ സമ്മാനങ്ങള് കൊടുക്കൂം. ചെലോർക്ക് ഇതൊന്നും അറിയൂല. അവര്ങ്ങനെ പിന്നാലെ നടന്നൂം നമ്മളെ ഒപ്പം നടന്നങ്ങനേം കയിച്ചിലാവും… ന്നാലും സ്നേഹൊണ്ടെങ്കീ അത് നമുക്ക് മനസ്സിലാവുംട്ടാ മോളേ…”
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ടീച്ചറുമ്മ അവസാനം പറഞ്ഞ വാക്കുകളായിരുന്നു മനസ്സ് മുഴുവൻ. ഇഷ്ടമുണ്ടെങ്കിൽ തിരിച്ചറിയാമെന്ന്. ശരിയാണല്ലോ ഈശ്വരാ, ഇത്രയും നാൾ ദീപകിനോട് വഴക്കടിച്ചിരുന്നത് മുഴുവൻ എന്തിനായിരുന്നു? അവന്റെ കെട്ടിപ്പിടുത്തങ്ങളേയും സ്നേഹം പൊതിഞ്ഞ വാക്കുകളെയും വെറുത്തത് എന്തിനായിരുന്നു?
“എന്താണ് നിനക്ക് പറ്റിയത്? നീയെന്താണെന്നെ ഇഷ്ടമാണെന്ന് ഇപ്പോൾ പറയാത്തത്? എന്താണെന്നോടൊരിഷ്ടക്കുറവ് പോലെ?”
“സ്നേഹമുണ്ടെന്ന് പറഞ്ഞാൽ മാത്രം പോരാ ദീപക്, എനിക്ക് വേണ്ടതെന്താണെന്ന് നിനക്കറിയില്ലേ? എന്തിനിങ്ങനെ എന്നെ കൊല്ലാക്കൊല ചെയ്യുന്നു?”കഴിഞ്ഞ ആഴ്ചയിലെ വഴക്കിനിടയിൽ പൊട്ടിത്തെറിച്ചപ്പോൾ മിഴിച്ചു നിന്ന ദീപകിന്റെ മുഖം ഓര്‍മ വരുന്നു.
അവന്റെ സ്നേഹം വാക്കുകളിലും പ്രകടനങ്ങളിലുമാണ്. ജീവിതത്തിലേക്ക് കടന്നപ്പോൾ അവയോളം പ്രസക്തി വീട്ടിലെ ഉത്തരവാദിത്തങ്ങൾക്കുമുണ്ടെന്ന് അവൻ മനസ്സിലാക്കിയില്ലല്ലോ. അവനത് പറഞ്ഞുകൊടുക്കാൻ തനിക്കുമായില്ല.
ഇല്ല, കഴിഞ്ഞ ആഴ്ച മുതൽ അവൻ നേരത്തെ എഴുന്നേറ്റ് പോകുമ്പോൾ എന്നെ ഉണർത്തുന്നില്ല. എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് കൂടെ മേശമേൽ വിളമ്പി മൂടി വെച്ചിട്ടാണ് അവൻ പോകുന്നത്. സാധനങ്ങൾ വാങ്ങി വരുന്നതും എടുത്തു വെക്കുന്നതും അവൻ തന്നെയാണ്. സാധനങ്ങൾ പതിയെയാണെങ്കിലും ഒതുക്കി വെക്കാൻ അവൻ ശ്രമിക്കുന്നുണ്ട്. അവൻ ഇവിടെ നിന്നും ട്രാൻസ്ഫറിനപേക്ഷിക്കുന്നത് ഒരു മിന്നായം പോലെ കണ്ടിട്ടും കൂടുതലൊന്നും ചോദിക്കാതെ വാശി കാണിച്ചിരുന്നപ്പോൾ എനിക്ക് തണുപ്പ് പറ്റാത്തതിനാലാകും അവനത് ചെയ്യുന്നതെന്തേ ഞാനൊരു നിമിഷം പോലും ചിന്തിക്കാഞ്ഞത്? എന്താണ് ഞാനിതൊന്നും കാണാതെ പോയത്? അവനോടുള്ള വാശിയിലും ദേഷ്യത്തിലും അവന്റെ കുറവുകൾ മാത്രമല്ലേ കണ്ണിൽ പെട്ടുള്ളൂ…ഈശ്വരാ, ഞാനെന്തൊക്കെയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടിക്കൂട്ടിയത്?
വീട്ടിൽ കയറിയതും അടുക്കളയിൽ കയറി ഒരു തിരച്ചിലായിരുന്നു. അവന്റെ പിറന്നാളിന് ഉണ്ടാക്കാനായി വാങ്ങിച്ചു വെച്ച അവനിഷ്ടപ്പെട്ട അടപ്രഥമൻ വഴക്കിന്റെ പുറത്ത് ഉണ്ടാക്കാതെ മാറ്റിവെച്ചത് തപ്പിയെടുത്ത് വേഗം തയ്യാറാക്കി. കയറിവരുമ്പോഴേ ഓടിച്ചെന്നവനെ അണച്ചു പിടിച്ച് അവന്റെ മാറിൽ ചേർന്നു കിടന്നു കരയാനായി ഞാനവനേയും കാത്തിരുന്നു. കഴിഞ്ഞ നാളുകളിലെ പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞ് തീർത്ത് വീണ്ടും അവനാകുന്ന പ്രണയക്കടലിൽ നീന്തിത്തുടിക്കാൻ ഞാനവനേയും കാത്തിരുന്നു, പണ്ട് ഇയ്യാക്കയുടെ പലഹാരപ്പൊതിയും കാത്തിരുന്ന ടീച്ചറുമ്മയെ പോലെ…
#lovelanguage
<!– wp:paragraph –>
<!– /wp:paragraph –>


13 Comments
നല്ല കഥ. ഇഷ്ടപ്പെട്ടു.👍
നന്ദി ട്ടോ. എഴുതാനിപ്പോളും ഭയമാണ്. നനന്നായില്ലെങ്കിലോ എന്ന്. നല്ലതാണെന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം
നല്ല കഥ
ഓരോ ആളുകളും സ്നേഹം പ്രകടിപ്പിക്കുന്നത് ഓരോ തരത്തിലാണ്. നമ്മളത് മനസ്സിലാക്കണമെന്നു മാത്രം
ഒരു പാടിഷ്ടമായി❤️🌹👌
ശരിയാണ്. പക്ഷേ ഈ സ്നേഹത്തിനും മുതലെടുപ്പിനുമിടയിലുള്ള അതിർവരമ്പ് പലപ്പോഴും നമുക്ക് മനസ്സിലാക്കാൻ കഴിയുകയുമില്ലല്ലോ
അഭിനന്ദനങ്ങൾ. നന്നായി എഴുതി
നന്ദി. ഒത്തിരി സന്തോഷം🙂
നല്ല രസം ഉള്ള കഥ 👌
നന്ദി ട്ടോ🙂
അടിപൊളിയായിട്ടു എഴുതി സഹീറാ.. ടച്ചിങ് ❤️❤️
🤗ഒത്തിരി സന്തോഷം ഇത്താ..
ഹൃദ്യമായ ഭാഷയിലെഴുതിയ മനോഹരമായ കഥ. 🥰😍🥰ഒത്തിരി ഇഷ്ടമായി.❣️❣️🌹🌹
കഥ ഇഷ്ടപ്പെട്ടു
നന്ദി ട്ടോ.