ഉച്ചയൂണും കഴിഞ്ഞ് താടിക്ക് കയ്യും കൊടുത്ത് അടുക്കളവാതിൽക്കൽ കുത്തിയിരിക്കുന്ന അമ്മയെ കണ്ടപ്പോൾ അത്താഴത്തിന് ഇനിയെന്ത്ചെയ്യും എന്ന ആലോചനയിലായിരിക്കും എന്ന് തോന്നി.
ഉച്ചക്ക്, ഊണ് എന്നുപറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ല. രാവിലെ കുടിച്ച പഴങ്കഞ്ഞിയുടെ ബാക്കിയിരുന്നത് തിളപ്പിച്ചൂറ്റി, മുറ്റത്തെ കാന്താരിയിൽ നിന്ന് പൊട്ടിച്ചെടുത്ത മുളകും ഉള്ളിയും ഉപ്പും കൂടി ചതച്ചെടുത്ത ചമ്മന്തിയുമായിരുന്നു. അതൊട്ട് വയറു നിറയുവോളം ഉണ്ടായിരുന്നുമില്ല.
അപ്പു ആ ചോറ് കഴിച്ചില്ല. കരച്ചിലോടു കരച്ചിലായിരുന്നു. അമ്മ കുറെ കണ്ണുരുട്ടി. പിന്നെ നിറകണ്ണുകളോടെ അവനെയെടുത്തു മടിയിൽ വെച്ച് തലയിൽ തലോടിക്കൊണ്ടിരുന്നു. ആ ഇരുപ്പിൽ അവനങ്ങു ഉറങ്ങുകേം ചെയ്തു. പാ വിരിച്ച് അവനെയെടുത്തു കിടത്തിയിട്ട് വന്നിരിക്കുന്ന ഇരുപ്പാ. എനിക്കതു കണ്ടപ്പോൾ നല്ല സങ്കടം വന്നു.
അമ്മ വെറും കഞ്ഞിവെള്ളമാണ് കുടിച്ചത്. അപ്പുവിന് എടുത്ത ചോറ് കൂടി എന്റെ പാത്രത്തിലേക്ക് കുടഞ്ഞിട്ടു. എന്നിട്ടും എനിക്ക് വയറു നിറഞ്ഞില്ല.
കുറെ നേരം ചിന്തിച്ചിരുന്നിട്ടൊടുവിൽ, ഒരു നെടുവീർപ്പോടെ അമ്മയെണീറ്റ് തയ്യൽ മെഷിനിൽ പാതി തയ്ച്ചു വെച്ചിരുന്ന ആരുടെയോ പുത്തൻ ഉടുപ്പെടുത്ത് തുന്നിത്തുടങ്ങി.
ഞാൻ അപ്പുവിന്റെ അരികിൽ ചെന്ന് അവനെ കെട്ടിപ്പിടിച്ചു കിടന്നു.
രാധേ…. ഇന്നലെ തയ്ച്ചു കിട്ടിയ ബ്ലൗസ് ഇത്തിരി ലൂസാണുട്ടോ. ഒന്നങ്ങോട്ട് ശരിയാക്കി തന്നോളൂ. ഇന്നലെയിത് ഇട്ട് നോക്കുന്നെന്മുൻപ് നിന്റെ പെണ്ണിങ്ങോട്ട് ഓടിയില്ലേ.
ഞാൻ കിടന്ന കിടപ്പിൽ തന്നെ തല പൊന്തിച്ച് ഉമ്മറത്തേക്ക് എത്തി നോക്കി.
ലീലച്ചേച്ചിയാണ്.
തയ്ച്ചു തീർത്ത ഉടുപ്പുകളുമായി ഇന്നലെ അമ്മ പറഞ്ഞു വിട്ടത് അവരുടെ വീട്ടിലേക്കായിരുന്നു.
ഞാൻ ചെല്ലുമ്പോൾ അവർ തൊഴുത്ത് വൃത്തിയാക്കികൊണ്ടു നിൽക്കുകയായിരുന്നു.
കയ്യിലപ്പിടി ചാണകമാ മോളെ. അതവിടെ വെച്ചേക്കുട്ടോ. പൈസ നാളെ തരാമെന്നു പറയൂ അമ്മയോട്.
എന്നെക്കണ്ടതും അവർ തൊഴുത്തിൽ നിന്നുകൊണ്ട് വിളിച്ചു പറഞ്ഞു.
പോയതിലും വേഗത്തിൽ തിരിച്ചു പോന്നത് അവരുടെ നാളെ എന്ന വാക്ക് കേട്ടിട്ടാണ്, എന്നിട്ടിപ്പോ കുറ്റം എന്റെ തലയിലായി.
അവള് അല്ലെങ്കിലും അങ്ങനെയാ എന്റെ ലീല ചേച്ചി. ഒരു കാര്യം പറഞ്ഞുവിട്ടാൽ മര്യാദക്ക് ചെയ്യില്ല.
ആ സാരമില്ല രാധേ അവള് കൊച്ചല്ലേ
കൊച്ചോ… വയസ്സ് പത്തായി. ഇനിയെന്നാ കാര്യവിവരം വെക്കുന്നെ അവളുടെ തലയിൽ.
ഹും…. ലീലച്ചേച്ചിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
പിന്നേയ്.. തയ്യൽ കൂലിക്ക് പകരം ഞാൻ കുറച്ചു താറാമുട്ട തരട്ടെ.ഞാനിതു കടയിൽ കൊടുക്കാൻ കൊണ്ടു വന്നതാ. അവിടെയിപ്പോ മുട്ട വേണ്ടത്രേ. ഇതിന്റെ കാശ് കിട്ടിയിട്ട് നിന്റെ തയ്യൽ കൂലി തരാമെന്നു കരുതിയതാ.
ലീലച്ചേച്ചി കയ്യിലിരുന്ന സഞ്ചി അമ്മക്ക് നേരെ വിടർത്തി പിടിച്ചു.
മുട്ട എന്ന് കേട്ടതും എന്റെ വായിൽ വെള്ളമൂറി. മുട്ടപൊരിച്ചത് കൂട്ടി ചോറുണ്ണാൻ എന്ത് രസമായിരിക്കും. അമ്മയത് മേടിച്ചെങ്കിലെന്ന് മനമുരുകി പ്രാർത്ഥിച്ചു.
ചോറ് വെക്കാൻ അരിയില്ല ചേച്ചി. പിന്നെയിപ്പോ മുട്ട കിട്ടിയിട്ട് എന്ത് ചെയ്യാനാ.
അമ്മയുടെ നിരാശ പൂണ്ട മറുപടി എന്റെ പ്രാർത്ഥനകളെ വൃഥാവിലാക്കി.
വീട്ടിലിത്തിരി നെല്ലിരിപ്പുണ്ട് രാധേ. പുഴുങ്ങി ഉണക്കിയതാ. മില്ലിൽ കൊണ്ടോവാൻ ആളെക്കിട്ടിയില്ലന്നേ. അത് കുത്തിച്ചെങ്കിൽ കുറച്ചരി തരായിരുന്നു. തയ്യൽ കൂലി തരാൻ എന്റെ കയ്യിലാണെൽ കാശൊന്നും ഇരിപ്പില്ലതാനും.ഇനീപ്പോ എന്താ ചെയ്യാ.
പൈസക്ക് യാതൊരു മുട്ടുമില്ലാത്ത അവരുടെ പായാരം പറച്ചിൽ കേട്ട് എനിക്ക് ദേഷ്യം വന്നു. അമ്മയ്ക്കും നല്ല കലിപ്പ് വരുന്നുണ്ടെന്ന് ആ മുഖഭാവത്തിൽ നിന്നെനിക്കു മനസിലായി.
തൊഴുത്തു നിറയെ പശുക്കളും കോഴിയും താറാവുമൊക്കെയുള്ള ലീല ചേച്ചിക്ക്, ഗൾഫിലുള്ള കെട്ടിയോൻ അയച്ചു കൊടുക്കുന്ന കാശിനു പുറമെ മുട്ടയും പാലും വിറ്റു കിട്ടുന്ന പൈസയും വേണ്ടുവോളമുണ്ടെന്നു നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. എന്നിട്ടാണ് അവരുടെയീ ദാരിദ്ര്യം പറച്ചിൽ.
നെല്ല് കുറച്ച് ഈ പെണ്ണിന്റെ കയ്യിൽ കൊടുത്തു വിട് ചേച്ചി. ഇവള് കുത്തിച്ചോണ്ട് വരും. എന്റെ കാശിനുള്ള അരി തന്നാൽ മതി.
അമ്മയുടെ പറച്ചിൽ കേട്ട് ഞാൻ വിറച്ചു പോയി.
കൊയ്ത്തു കഴിഞ്ഞാൽ അമ്മമ്മ കൊടുത്തു വിടുന്ന നെല്ല് പുഴുങ്ങി വെയിലിലിട്ട് ഉണക്കി എടുത്താൽപൊങ്ങാത്തത്രയും തലയിൽ ചുമന്ന് പലവട്ടം മില്ലിലേക്ക് പോയിട്ടുണ്ട്. ഓരോ അടിയിലും വേച്ചു വേച്ച്, ഒടിഞ്ഞു തൂങ്ങിയ കഴുത്തുമായി, ഒന്ന് വേഗമെത്തണേ കൃഷ്ണാ എന്ന പ്രാർത്ഥനയോടെ നടന്നു പോയിട്ടുള്ള ഓരോ പോക്കും ഭീതിതമായ ഒരോർമ്മയാണ്.
അമ്മ വന്നു വിളിക്കുമ്പോൾ കള്ളയുറക്കം നടിച്ചു കിടന്നു.
ഒന്നങ്ങോട്ട് എണീക്കടി എന്ന അലർച്ചയും പുറംകാലുകൊണ്ടുള്ള തൊഴിയും കിട്ടിയപ്പോൾ ചാടിയെണീറ്റു പോയി.
വിമ്മിക്കരഞ്ഞുകൊണ്ട് ഞാൻ പോകില്ല എന്ന് പറഞ്ഞതും, അമ്മ മുറ്റത്തേക്ക് ചാടിയിറങ്ങിയതും കോലായിലിരുന്ന കുറ്റിച്ചൂല് നടുംപുറത്തെ തൊലിയിളക്കിക്കൊണ്ട് വലിയൊരു നീറ്റൽ സമ്മാനിച്ചതും ഞൊടിയിടയിൽ കഴിഞ്ഞു.
പെറ്റിക്കോട്ട് കീറിയെന്നു തോന്നുന്നു.
ഏങ്ങലടികൾ ഒളിപ്പിക്കാൻ പാടു പെട്ട് മില്ലിൽ കയറിച്ചെന്നപ്പോൾ തലയിലെ നെല്ലിൻകുട്ട താഴെയിറക്കിവെച്ചുകൊണ്ട് രാമൻ ചേട്ടൻ താടിക്ക് കൈകൊടുത്തു.
“എടി കൊച്ചേ… നിന്റെ കഴുത്ത് ശരിക്കും ഉറച്ചിട്ടുപോലുമില്ലല്ലോ. എന്നിട്ടാണോ ഇമ്മാതിരി നെല്ലും ചുമന്ന് ഈ വഴി മുഴുവൻ നടന്നത്. കഴുത്തൊടിഞ്ഞു എവിടേലും വീഴാഞ്ഞത് ഭാഗ്യം. നിന്റെ തള്ളക്കു ഇത്രയും വിവരമില്ലാതെ പോയല്ലോ.
അവരെന്റെ അമ്മയല്ല… അമ്മയല്ല. വാവേടെ മാത്രം അമ്മയാ. ഞാൻ മനസ്സിൽ അലറിക്കരഞ്ഞു.
ആ അലർച്ചയിൽ കണ്ണുകളിൽ നിന്ന് അടർന്നു വീഴുന്ന തുള്ളികളുടെ പ്രവാഹത്തെ തടുത്തു നിർത്താൻ ഏറെ പണിപ്പെട്ടു.
അരിയുമായി വീട്ടിലെത്തുമ്പോൾ അമ്മയുടെ മുഖത്തേക്ക് നോക്കിയില്ല. അമ്മ എന്റെ മുഖത്തേക്കും. വാക്കുകൾ മാത്രം ചിതറി വീണു.
“പറമ്പിന്ന് കുറച്ചു കരിയില അടിച്ചു കൂട്ടിക്കോ. അടുപ്പിൽ വെക്കാൻ ഒരു കൊള്ളി വിറകില്ല. ഞാൻ അപ്പുനെ ഒന്ന് കുളിപ്പിക്കട്ടെ.
തല വെട്ടിപ്പൊളിയുന്ന വേദനയുണ്ടായിരുന്നു. എന്നിട്ടും കുട്ടയും ചൂലുമെടുത്തു പ്ലാവിൻ ചോട്ടിൽ വീണു കിടക്കുന്ന കരിയിലക്കൂട്ടത്തിലേക്കു നടന്നു.
കുറേശെ വാരിയെടുത്തു അടുപ്പിന്റെ ചോട്ടിൽ കൊണ്ടിട്ടോ എന്ന ആജ്ഞയെ, കരിയിലക്കുമേൽ ചൂല് ഓടിപ്പായുമ്പോഴുള്ള കിരു കിരു ശബ്ദത്തിലൂടെ ഞാൻ ആട്ടിയോടിച്ചു
കരിയില കത്തുന്ന ചൂടിൽ മുറ്റത്തെ മൂന്നുകൽ അടുപ്പിന് മീതെ വെച്ച കലത്തിലെ വെള്ളം തിളച്ചു തുടങ്ങിയപ്പോഴേക്കും അസ്തമയ സൂര്യൻ കടലിലേക്ക് മുങ്ങിക്കുളിക്കാൻ പോയിരുന്നു.
അടുപ്പിലെ തീ വെട്ടമുള്ളതുകൊണ്ട് അടുക്കളക്കോലായിൽ അമ്മ വിളക്ക് കത്തിച്ചു വെച്ചില്ല.
വിളക്കിലൊഴിക്കാൻ തുള്ളി മണ്ണെണ്ണയില്ല എന്ന പിറു പിറുപ്പ് ആളിക്കത്തുന്ന തീയുടെ സീൽക്കാരത്തിൽ മുങ്ങിപ്പോയി.
അടുപ്പിനരുകിലിട്ട മുട്ടിപ്പലകയിലിരുന്ന് കത്തുന്ന തീയിലേക്ക് വീണ്ടും വീണ്ടും കരിയിലകൾ വാരിയിട്ടു കൊടുത്ത് ഞാനും തൊട്ടാൽ പൊള്ളുന്നൊരു അടുപ്പായി.
ചോറ് വെന്ത് മലരുന്ന ഗന്ധം നാസാരന്ദ്രങ്ങളെ കൊതിപ്പിച്ചു തുടങ്ങിയെങ്കിലും, വിശപ്പും ക്ഷീണവും കൈകോർത്തു നിന്ന് കണ്ണുകളെ ഉറക്കത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.
കണ്ണുകൾ അടഞ്ഞു പോകുമ്പോഴും കയ്യിലിരുന്ന ശീമക്കൊന്നക്കോല് യന്ത്രികമായി കരിയിലകളെ അടുപ്പിലേക്കു തള്ളിയിട്ടുകൊണ്ടിരുന്നു.
അടുക്കളയിൽ പാത്രങ്ങൾ നിലത്തുവീഴുന്ന ഒച്ചയും, ഇതുവരെ ചോറായില്ലെടി പിഴച്ചവളെ എന്ന അലർച്ചയും കേട്ടപ്പോൾ ഞെട്ടി കണ്ണ് മിഴിച്ചു.
അച്ഛൻ വന്നു.
പതിവുപോലെ തന്നെ നിലത്തുറക്കാത്ത കാലുകളുമായി, ആടിക്കുഴഞ്ഞ്.
എത്ര പെട്ടന്നാണ് കാറ്റ്, ചോറ് തിളച്ചു മറിയുന്ന ഗന്ധത്തെ ആട്ടിയോടിച്ച് പൊക്കത്തെ ഷാപ്പിൽ വിളമ്പുന്ന ചാരായത്തിന്റെ വൃത്തികെട്ട മണത്തെ കൂട്ടുപിടിച്ചത്.
നെഞ്ചിടിപ്പ് ദ്രുതഗതിയിലായി.
ഉറക്കം എവിടേക്കോ ഓടിയൊളിച്ചു. പകരം പേടിയെന്ന വികാരം കണ്ണിൽ കുടിയേറി.
അപ്പുവിന്റെ അലറിക്കരച്ചിൽ കേട്ടതും ഹൃദയം നിലച്ചു പോയി. അച്ഛൻ അവനെയെന്തു ചെയ്തു എന്ന വേവലാതിയോടെ ചാടിയെണീക്കുമ്പോൾ ഇടറുന്ന കാലുകളുമായി അച്ഛൻ മുറ്റത്തേക്കിറങ്ങിവരുന്നുണ്ടായിരുന്നു
“അവള്ടെ അമ്മേടെ പതിനാറു കഞ്ഞി വേവിക്കുന്നു ഈ പാതിരാ നേരത്ത്. വിശക്കുമ്പോ ഇത്തിരി ചോറ് ചോദിച്ചാ തരാൻ അവള്ടെ കയ്യിൽ ചോറില്ല. അവക്കും അവള്ടെ മക്കക്കും തിന്നു വയറു വീർപ്പിക്കണം.
ആടിയാടി അടുപ്പിനരികിൽ വന്നു നിന്ന അച്ഛൻ തിളച്ചു മറിയുന്ന കഞ്ഞിയിലേക്ക് നോക്കി അട്ടഹസിച്ചു. പിന്നെ പുറം കാല് കൊണ്ട് ഒരു തൊഴിയായിരുന്നു.
ചിതറിത്തെറിച്ച ചോറിൻവറ്റുകളിലേക്കു നോക്കിയപ്പോൾ എനിക്ക് കരച്ചിൽ വന്നു. പക്ഷെ കരഞ്ഞത് അമ്മയായിരുന്നു. ഞാനാകട്ടെ ശ്വാസംപോലും കേൾപ്പിക്കാതെ വാപൊത്തി നിന്നു.
“എന്റെ മക്കള് ഉച്ചമുതൽ വിശന്നിരിക്കുകയായിരുന്നു. ഒരു വറ്റ് അതുങ്ങൾക്ക് കൊടുക്കാൻ സമ്മതിച്ചില്ലല്ലോ ദുഷ്ടാ”
ഒരു പെണ്ണിന്റെ നിസ്സഹായത മുഴുവൻ നിറഞ്ഞു നിന്നിരുന്നു ആ വാക്കുകളിൽ.
പക്ഷേ അതത്രയും മതിയായിരുന്നു നില തെറ്റി നിന്ന അച്ഛനെ പ്രകോപിപ്പിക്കാൻ.
സംഹാരരൂപം പൂണ്ട അച്ഛന്റെ ചെയ്തികൾ ഇനിയെന്ത് എന്നറിയാവുന്നത് കൊണ്ട്, അമ്മയുടെ കയ്യിൽ നിന്നും അപ്പുവിനേം തട്ടിപ്പറിച്ച് കൊഴുത്ത ഇരുട്ടിലേക്കു ഓടിയിറങ്ങുമ്പോൾ പിന്നിൽ അടിയും ചവിട്ടുമേറ്റ് പിടയുന്ന അമ്മയുടെ ദയനീയമായ കരച്ചിൽ നെഞ്ചു പിളർത്തിക്കൊണ്ടിരുന്നു.
ബോധശൂന്യയായി വീഴും മുൻപേ അമ്മ ഒന്നലറിക്കരഞ്ഞു. എന്റെ മക്കളേ എന്ന വിളിയോടെ. ഇരുളിൽ അപ്പുവിനെയും ചേർത്തുപിടിച്ച് ശ്വാസമടക്കിയിരുന്ന ഞാനും അടുത്ത നിമിഷം ബോധമറ്റ് പിന്നോട്ട് മറിഞ്ഞു.
സിന്ധു അപ്പുക്കുട്ടൻ


11 Comments
നോവ് നിറയുന്ന വാക്കുകൾ. അച്ഛന്റെ ക്രൂരത അമ്മയുടെ നിസ്സഹായതയും സങ്കടവുമാകുമ്പോൾ, അത് മകളോടുള്ള ദേഷ്യമായിത്തീരുമ്പോൾ, അവളെന്തു ചെയ്യും? തെറ്റു ചെയ്യാത്ത ചില ജന്മങ്ങൾക്ക് വേദനിച്ച് തീരാൻ മാത്രമാണ് വിധി.
Nice one
നോവു നിറയും രചന
😥👌
നല്ല കഥ 😘😘
വായിച്ചപ്പോൾ ഒത്തിരി വിഷമം തോന്നി 🥲🤲💗
ദൈന്യതയിൽ മുങ്ങിത്താഴുന്നവരുടെ കഥ വേദനാജനകമാണെങ്കിലും അവ തുടർക്കഥ തന്നെയാണ്
നോവ് നിറയുന്ന എഴുത്ത് 🙏
ദൈന്യതയിൽ മുങ്ങിത്താഴുന്നവരുടെ കഥ വേദനാജനകമാണെങ്കിലും അവ തുടർക്കഥ തന്നെയാണ്
നന്നായിരിക്കുന്നു സിന്ധു. 😍👌🏻👌🏻കുറച്ച് വൈകിയാലും വായിക്കാൻ സാധിച്തിൽ സന്തോഷം.. 😍👍🏻
എത്ര ഹൃദയസ്പർശിയായ കഥ
പാവപ്പെട്ട കുടുംബങ്ങളിൽ മദ്യമുണ്ടാക്കുന്ന ദുരിതങ്ങൾ ദുരന്തങ്ങൾ വാക്കുകൾക്കും അപ്പുറമാണ്. ഒരു പാടിഷ്ടമായി സിന്ധൂ❤️👌🌹
ഒരുപാട് സ്നേഹം, സന്തോഷം ചേച്ചി 🥰🥰❤️❤️