അപ്പൂനു വല്ലാതെ നൊന്തു. അടിയുടെ വേദനയല്ല. പക്ഷെ താൻ ചെയ്യാത്ത കുറ്റത്തിനു അങ്ങനെ ഒരു ശിക്ഷ! അടുക്കളക്ക് പിന്നിലെ വരാന്തയിൽ ഇരുന്ന് അവൻ ആരും കാണാതെ കരഞ്ഞു. ഈ അച്ഛൻ ചീത്തയാ. അപ്പൂനു വേണ്ട അതിനെ! അവൻ അറിയാതെ വീണ്ടും വീണ്ടും തേങ്ങി. അമ്മയുണ്ടായിരുന്നെങ്കിൽ. അവന്റെ കണ്ണിൽ നിന്നും നീർ തോരാതെ കവിളിലൂടെ ഒലിച്ചിറങ്ങി.
കറണ്ട് പോയിട്ട് കുറേ നേരായി. അച്ചമ്മ ഒരു റാന്തൽ വിളക്കും തൂക്കി അപ്പോഴാണു അങ്ങോട്ട് വന്നത്.
“നീ യെന്താ ബ്ടെ കാട്ടണെ ചെക്കാ, ചോറെട്ത്ത് വച്ചിട്ടുണ്ട്. വേണങ്കി പോയി തിന്നൊ. നിക്ക് നിന്റെ തള്ളേപ്പോലെ ഊട്ടാനൊന്നും നേരല്യ.”
ആയമ്മ വിളക്കും തൂക്കി അകത്തേക്ക് പോയി. വേണങ്കി തിന്നോന്ന്. ആർക്ക് വേണം? അപ്പൂനൊന്നും വേണ്ട. ഇങ്ങനെ കിടന്ന് ചത്താ മതി.
അയലത്തെ ലക്ഷ്മീടെ വീട്ടിന്ന് വെളിച്ചം പുറത്തേക്കൊഴുകി. ലക്ഷ്മീടെ വീട്ടിലു കറണ്ട് പോകില്യ. അവിടെ ബാറ്ററി വച്ചിണ്ടത്രെ. ലക്ഷ്മിക്കുട്ടി നല്ലവളാ. ചിലപ്പൊ ആരും കാണാതെ ഉണ്ണിയപ്പോം, അവലോസുണ്ടീം കൊണ്ടത്തരും. അപ്പൂനെ വല്യേ ഇഷ്ടാ. അപ്പൂനും. അവൾടെ അമ്മക്കും അപ്പൂനെ വല്യേ കാര്യാ. അമ്മയില്യാത്ത കുട്ടിയായതോണ്ടാത്രെ.
അമ്മയെക്കുറിച്ചോർത്തപ്പോൾ അപ്പൂനു വീണ്ടും കരച്ചിൽ വന്നു. അമ്മ എന്തിനേ അപ്പൂനെ തനിച്ചാക്കി പോയത്? അന്ന് ആൾക്കാരൊക്കെ വന്ന് അമ്മേ ആംബുലൻസീക്കേറ്റി കൊണ്ടോയതാ. പിന്നെ അമ്മ തിരിച്ചുവന്നില്ല. അത് കഴിഞ്ഞ് കാക്കി ഇട്ട കുറേ പോലീസ്വാരു വന്ന് എന്തൊക്കെയോ ചോദിച്ചു. അച്ഛനും അമ്മീം വഴക്ക് കൂടീരുന്നൊ ന്നൊക്കെ..
അപ്പൂനൊന്നും മനസ്സിലായില്യ. അച്ചമ്മ അകത്തിരുന്ന് ആരെയൊക്കെയോ പ്രാകുന്നുണ്ടായിരുന്നു.
അവർ ഒരു ദുഷ്ടയാ, അപ്പൂന്റെ ചെവിക്ക് തിരുമ്മും. ചിലപ്പൊ അടിക്കൂം ചെയ്യും .
” കുടുംബം മുടിയാനായിട്ട് മുച്ചീർപ്പൻ കൊലച്ചത്!”
അപ്പൂനറീല്ല എന്താ ഈ മുച്ചീർപ്പനെന്നു. ലക്ഷ്മിക്കുട്ടിക്കും അറീല്ലാത്രെ.
എന്തായാലും അത് അത്ര നല്ല വാക്കല്ലാന്ന് മാത്രം അറിയാം. അച്ചമ്മ ഇന്നേവരെ അപ്പൂനെപ്പറ്റി നല്ലത് പറഞ്ഞിട്ടില്യ.
ന്നാളു സ്കൂളീന്ന് കണക്കിനു നൂറിൽ നൂറും കിട്ടിയപ്പൊ അമ്മ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.
” ന്റെ മോൻ പഠിച്ച് വല്യേ ആളാകും.. അപ്പൊ അമ്മക്കെന്താ വാങ്ങിത്തരാ”
അപ്പു ഒന്നാലോചിച്ചു. ഒരു കല്യാണത്തിനു പോകാൻ അന്ന് കീറിയ സാരി ഉടുക്കാൻ മടിച്ച് അമ്മ ലക്ഷ്മീടമ്മടെ സാരി ഉടുത്താ പോയത്.
“അപ്പൊ അമ്മക്ക് ഞാൻ ഒരു സ്വർണ്ണസ്സാരി വാങ്ങിത്തരും” അവനു കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.
അമ്മ അന്ന് അവനു ആരും കാണാതെ ഒരു കാഡ്ബറി ചോക്കലേറ്റ് കൊണ്ടെ കൊടുത്തു.
എവിടന്നാ അമ്മേ കാശ്? അവനറിയാം അമ്മേടെ കയ്യിൽ എവിടന്നാ കാശ്. നാരങ്ങമിട്ടായി പോലും എപ്പോഴെങ്കിലുമേ കിട്ടൂ.
” അതൊക്കെ ണ്ട്. നീ മിണ്ടാണ്ട് തിന്നൊ ഇത്”
അപ്പൂനു വല്യ ഇഷ്ടാ കാഡ്ബറി, ലക്ഷ്മിക്കുട്ടി ചിലപ്പൊ സ്കൂളീ കൊണ്ട്വരും. ഒരു കഷ്ണം തരൂം ചിയ്യും. പക്ഷെ വീട്ടിൽ ആരു വാങ്ങിത്തരാൻ?
അവൻ അത് കുറേശ്ശെ കുറേശ്ശെ യായി ഒരാഴ്ച്ചകൊണ്ടാ തിന്ന് തീർത്തത്. സ്കൂൾ ബാഗിൽ മിട്ടായി തിന്നാൻ ഉറുമ്പു കേറിയപ്പൊ കലി വന്നു. ആ ഉറുമ്പുകളെ മുഴുവനും തച്ചു കൊന്നു. മൂശേട്ടകൾ.
അപ്പൊഴാണു മഴ പെയ്യാൻ തുടങ്ങീത്. ഭയങ്കര മഴ. ദൂരെ ഇടി മിന്നൽ. അപ്പൂനു ഇടിമിന്നൽ പേടിയാ. ഇടി വെട്ടുമ്പോൾ അമ്മയെ അടങ്കം കെട്ടിപ്പിടിച്ച് അങ്ങനെ കിടക്കുമ്പൊ അമ്മ അർജ്ജുന നാമങ്ങൾ ജപിക്കും. അത് ജപിച്ചാൽ ഒന്നിനീം പേടിക്കണ്ടാത്രെ. അമ്മക്കേ അതറിയൂ. അപ്പൂനു എത്ര നോക്കീട്ടും കാണാപ്പാഠം അറീല്ല.
ഒരു ദിവസം സ്കൂളുവിട്ടു വരുമ്പൊ വീട്ടിൽ വല്യ ബഹളം. അമ്മയുടെ മുഖം കരഞ്ഞു വീർത്തിരുന്നു. മുഖത്ത് അടിയുടെ തിണർത്ത പാടുകൾ. അച്ഛൻ കൊലതുള്ളി വിറയ്‌ക്കുന്നു. അയലത്തെ കുറച്ചാളുകളും അവിടെ കൂടിയിരുന്നു.
അച്ചമ്മ പതിവുപോലെ അകത്തിരുന്നു പ്രാകുന്നു.
അപ്പൂനൊന്നും മനസ്സിലായില്യ. അവൻ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
“ആരാ അമ്മേ തച്ചത്. അച്ഛനാണോ? അച്ഛനെ ഞാൻ കൊല്ലും. നോക്കിക്കൊ”
അമ്മ അപ്പൂന്റെ വായ പൊത്തിപ്പിടിച്ചു.
“അങ്ങനെയൊന്നും പറയരുത്. അമ്മക്കൊന്നൂല്യ. ബാ ചോറു തരാം “
ആളുകളൊക്കെ പിരിഞ്ഞു പോയി
അച്ഛൻ പുറത്തേക്കും. ഇനി നട്ടപ്പാതിരക്കേ വരൂ. വരുമ്പൊ വല്ലാത്ത ഒരു നാറ്റൂം ണ്ടാവും.
പുറത്ത് കാറ്റാഞ്ഞു വീശുന്നു. അപ്പൂനു തണുക്കുന്നു. പക്ഷേ ഇന്ന് അകത്തേക്ക് പോകില്ല. ഇവിടെക്കിടന്ന് തണുത്ത് മരിക്കട്ടെ.
അപ്പൊ മഴനനഞ്ഞ് ഒരു രൂപം.
അപ്പു സൂക്ഷിച്ചു നോക്കി
അമ്മ. അമ്മ…
” അമ്മേ എന്താ അപ്പൂനെ വിട്ടിട്ട് പോയത്, ഞാൻ മിണ്ടില്ല നോക്കിക്കൊ”
അപ്പു മുഖം തിരിച്ചു. അമ്മയുടെ തണുത്ത കൈകൾ അവന്റെ കവിളുകൾ തൊട്ടുതലോടിയപ്പൊൾ അവൻ ഏഴാം സ്വർഗ്ഗത്തിലായിരുന്നു.
” ലക്ഷ്മിക്കുട്ട്യേ, ഇതാരാന്ന് നോക്ക് ന്റമ്മ, ന്റ്‌മ്മ വന്നു. നീയല്ലേ പറഞ്ഞത് അമ്മ ഇനി വരില്യാന്ന്”
അവന്റെ ശബ്ദം ആ മഴയിൽ അലിഞ്ഞു ചേർന്നു.
അമ്മയുടെ മടിയിൽ കിടക്കുമ്പോൾ അവൻ ആ കൈകൾ അമർത്തി പിടിച്ചു
” നി പോക്വോ മ്മ? ഇല്യാന്ന് പറ. അല്ലെങ്കി ന്നീം കൂടെ കൊണ്ട്വൊക്കൊ.”
അവൻ കരച്ചിലിന്റെ വക്കോളമെത്തി.
” ഇല്യാട്ടൊ, ന്റപ്പൂനെ വിട്ട് ഇനി അമ്മ പോകില്യാ”
” ബാ അമ്മ ചോറു തരാം”
അമ്മയുടെ കൈപിടിച്ച് അപ്പു അടുക്കളയിലേക്ക് ചെന്നു. അവിടെ പിഞ്ഞാണത്തിൽ ചോറും ചമ്മന്തിയും.
അമ്മ ഉരുളയാക്കി അവനെ ഊട്ടി.
ഇടക്ക് മുണ്ടിന്റെ കോന്തലകൊണ്ട് നിറുകിൽതിരുമ്മി.
“എങ്ങന്യാ മേലൊക്കെ നനഞ്ഞത്, ” അമ്മ ചോദിച്ചു.
അവനോർമ്മ വന്നില്ല. എങ്ങന്യാ നനഞ്ഞത്?
അമ്മയുടെ നേരിയ ശബ്ദത്തിലുള്ള ഉറക്കുപാട്ടും കേട്ട്
ഒടുവിൽ ആ മടിയിൽ തലചായ്ച്ച് അങ്ങനെ എപ്പൊഴോ അവൻ മയങ്ങിപ്പോയി.
പിറ്റേന്ന് കാലത്ത് അച്ചമ്മ അടുക്കളയിൽ ചെന്നപ്പൊ ചെക്കൻ തറയിൽ കിടന്നുറങ്ങുന്നു.
” അപ്പൊ വെശന്നാ തനിയേ വന്ന് തിന്നോളും അശ്രീകരം” അവർ പ്രാകിക്കൊണ്ട് പുറത്തേക്ക് ചെന്നു.
അപ്പൂന്റെ തണുത്തു മരച്ച ശരീരം ആ പ്രാക്ക് കേൾക്കുന്നില്ലായിരുന്നു.
#എന്റെ രചന
അജയ് മേനോൻ


14 Comments
പാവം അപ്പു……. ഹൃദയസ്പർശിയായ കഥ👍❤️
നോവുണർത്തി
എന്തിനാ ഇങ്ങനെ കരയിക്കുന്നത് 😪😪😪
മനോഹരമായ എഴുത്ത് 👌
😥😥😥❤️❤️👍👍
💐Good writing🥰👌
👍👍👌
👌👌
നല്ല രചന അഭിനന്ദനങ്ങൾ ആശംസകൾ 🙏
Thanks a lot
മനസ്സിനെ നൊമ്പരപ്പെടുത്തിയ കഥ
നന്നായി എഴുതി❤️👌🌹
നോവുണർത്തിയ രചന. കഥയിൽ ഉടനീളം അപ്പുവും അവന്റെ അമ്മയും കണ്ണീർ നനവായി.
നല്ല രചന👏
ഹൃദയ സ്പർശിയായ കഥ❤️
Thanks a lot