നീയതൊക്കെ ആ വാഷിങ്മെഷിനിൽ കൊണ്ടിട് പെണ്ണേ. ഇതുമുഴുവൻ കല്ലിൽ അലക്കാൻ നിന്നാൽ നടുവൊടിയുമല്ലോ..
കവറിൽ നിന്നും കുടഞ്ഞിട്ട മുഷിഞ്ഞ തുണികളും സോപ്പുപൊടിയുമായി പുറത്തേക്ക് നടക്കുമ്പോൾ അമ്മ പിന്നാലെ വന്നു.
സാരമില്ലമ്മേ ഞാൻ ചെയ്തോളാം. എനിക്കിതൊക്കെ പണ്ടേ ശീലമല്ലേ.
വല്ലപ്പോഴും അതിഥികളായി വന്നു പോകുന്നവർ വീട്ടുകാരി ചമയുന്നത് ശരിയല്ലല്ലോ. ഉള്ള സ്നേഹത്തേക്കൂടി ഇല്ലാതാക്കുമത്.
എന്നാപ്പിന്നെ പുഴയിലേക്ക് പോകരുതോ. അവിടെയാകുമ്പോൾ അലക്കാനും പിഴിയാനും കുറച്ചൂടെ എളുപ്പമുണ്ട്.
പുഴയിലെ വെള്ളം നന്നോ?
വെള്ളമൊക്കെ നല്ലതുതന്നെ. പഴയപോലെ അവിടെയിപ്പോ ആരും അലക്കിക്കുളിക്കുന്നില്ലന്നേയുള്ളൂ.
ഏറെക്കാലമായിരിക്കുന്നു പുഴ കണ്ടിട്ട്. എന്നാ വന്നേ. എപ്പോഴാ പോകുന്നെ എന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുക്കും. അതുകൊണ്ടുതന്നെ ആ വഴി പോകാറേയില്ല.
ഇഞ്ചിപ്പുൽച്ചെടികൾ പാറാവു നിന്നിരുന്ന പഴയ മണ്ണിടവഴിക്ക് വീതി കൂടിയിട്ടുണ്ട്. പുഴക്കരയോളം നിരത്തിൽ ടാറ് പൂശിയിട്ടുമുണ്ട്.
കാലുകൾ നിലത്തൂന്നാൻ തുടങ്ങിയ കാലംതൊട്ട് അലക്കിപ്പിഴിഞ്ഞ തുണികൾ കുത്തിനിറച്ച ബക്കറ്റുമായി അണച്ചുകൊണ്ട് ഓടിയും നടന്നും തീർത്ത വഴിത്താരകളാണ് മുന്നിൽ.. ഓട്ടത്തിനിടയിൽ ഇഞ്ചിപ്പുൽ എവിടെയൊക്കെയോ വരഞ്ഞു കീറിയ മുറിവുകൾ സമ്മാനിക്കും.
സ്കൂളുള്ള ദിവസം ഇത്തിരി കൂടുതൽ ഉറങ്ങിപ്പോയാൽ ഈർക്കിൽച്ചൂലിന്റെ കട നടുവിൽ വന്നു വീഴും.
മുറ്റമടിയും വെള്ളംകോരലും പാത്രം മോറലും കഴിഞ്ഞ് പുഴയിൽപ്പോയ് മുഷിഞ്ഞ തുണികൾ മുഴുവൻ അലക്കി വിരിച്ചിട്ട് വേണം സ്കൂളിൽ പോകാൻ. സമയത്തു എണീറ്റില്ലെങ്കിൽ എല്ലാം താറുമാറാകുമെന്നമ്മക്കറിയാം. അതാണ് ആ തൊഴിയുടെ കെമിസ്ട്രി.
സ്കൂൾ ഗേറ്റ് കടക്കുമ്പോഴേക്കും അസംബ്ലി ക്ക് ബെല്ലടിച്ചിട്ടുണ്ടാകും. ഇന്റർവൽ സമയത്തു കൂട്ടുകാരൊക്കെ കളിക്കാൻ പോകുമ്പോൾ ഒറ്റക്കിരുന്നു കിനാവ് കാണും അലക്കാനും, വെള്ളം കോരാനും ഒരു മെഷിൻ ഉണ്ടായിരുന്നെങ്കിൽ എന്ത് സുഖമായിരുന്നെന്ന്.
വർഷങ്ങൾക്കു ശേഷം ഒരു കുഞ്ഞിനേയും തോളിലിട്ട് ആശുപത്രികൾ കയറിയിറങ്ങുകയും ഒരു മാസത്തിലെ ഇരുപത്തിയഞ്ചു ദിവസങ്ങളും മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡ് സ്വന്തമാകുകയും ചെയ്ത നാളുകളിലാണ് അവൾ വീണ്ടുമൊരു അലക്കുയന്ത്രത്തിനെ കൊതിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കിടക്കവിരികളും, പുതപ്പും, തലയിണയുറകളും കഴുകിയെടുക്കാൻ എല്ലുന്തി, കാറ്റു വന്നാൽ പറന്നു പോകും എന്ന അവസ്ഥയിലിരിക്കുന്ന ഒരുവൾക്ക് കഴിയാതെ പോകുന്നു എന്നത് അവൾക്ക് മാത്രം അറിയുന്ന ഒരു കാര്യമായിരുന്നു.
എനിക്കൊരു വാഷിംഗ് മെഷിൻ വേണം.
രണ്ടും കൽപ്പിച്ച് ഒരു ദിവസം അവൾ തന്റെ ആവശ്യം ഉറക്കെ പറഞ്ഞു.
വേണങ്കിൽ പോയ് മേടിച്ചോണം. എന്റെ കയ്യിൽ കാശില്ല.
യാചനയുടെ തേങ്ങിക്കരച്ചിൽ കേൾക്കാൻ കാതുകളില്ലാതെ പോയ നല്ല പാതി കൈ മലർത്തി.
നിരുത്തരവാദപരമായ ആ കൈമലർത്തൽ വർഷങ്ങളായി കണ്ടു ശീലിച്ചവൾക്ക് അതൊരു പുതുമയായി തോന്നിയില്ല.
കുറെയേറെ കടകൾ കയറിയിറങ്ങിയിട്ടൊടുവിൽ, തവണ വ്യവസ്ഥയിൽ വിലകുറഞ്ഞ ഒരെണ്ണം സ്വന്തമാക്കി. കടക്കാരൻ പറഞ്ഞ സകല എഗ്രിമെന്റുകളും സമ്മതിച്ച് കൊടുത്തിട്ട്.
ആദ്യ ദിവസം തുണിയലക്കിക്കഴിഞ്ഞപ്പോൾ നടുനീർന്ന ആശ്വാസമായിരുന്നു.
മനം നിറഞ്ഞ മന്ദഹാസത്തോടെ,എന്റെ പുന്നാരമുത്തേ കേടുപാടുകളിലൊന്നും തളരാതെ എന്നുമെന്റെ കൂടെയുണ്ടകണോട്ടോ എന്നൊരു കിന്നാരം പറഞ്ഞു അവളതിനോട്.
തുടർന്നുള്ള ദിവസങ്ങളിൽ കറന്റ് ബില്ല് നിന്റെച്ചൻ കൊണ്ടു വന്നടക്കുമോ എന്ന അമ്മായിയമ്മയുടെ മുറുമുറുപ്പ് കേട്ടില്ലെന്നു നടിച്ചു. അവരുടെ നിരന്തരമായ പരാതി പറച്ചിൽ കേട്ട് ഒരു ദിവസം ഭർത്താവുദ്യോഗസ്ഥൻ അവളോട് പറഞ്ഞു, അടുത്ത മാസം മുതൽ കറന്റ് ബില്ലിന്റെ പകുതി നീ അടക്കണമെന്ന്.
അവളതിന് മറുപടി പറഞ്ഞില്ല.
വയ്യാത്ത ഒരു കുഞ്ഞിനേയും നോക്കി വീട്ടുജോലികളും കഴിഞ്ഞതിന് ശേഷം കുറച്ച് തയ്യലും, മുത്തു മാലകെട്ടലും കൊണ്ട് ജീവിതം ഉന്തിയുരുട്ടി പോകുന്ന ഒരുവൾക്കത് കൂട്ടിയാൽ കൂടാത്ത കാര്യമാണെന്ന് ചിന്തിക്കാനുള്ള മനസാക്ഷി ഇല്ലാതെ പോയവരോട് എന്ത് പറയാൻ.
ആദ്യത്തെ രണ്ട് തവണകൾ മുടക്കം വരുത്തിയില്ല. മൂന്നാം തവണക്ക് യാതൊരു വഴിയും കാണാതെ വന്നപ്പോൾ, ഈ കുന്ത്രാണ്ടം മേടിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
ആകെ വെട്ടിലായല്ലോ മുത്തേ എന്നവൾ വെളുത്ത മിനുപ്പാർന്ന ഉടലിൽ തലോടി പരാതി പറഞ്ഞു.
ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് യാതൊരു അവസാനവുമില്ലാത്ത നാളുകൾ. ഉള്ള ജോലിപോലും നേരാംവണ്ണം ചെയ്തു തീർക്കാൻ പറ്റുന്നില്ല.
മൂന്നാം തവണയും നാലാം തവണയും തുടർച്ചയായി മുടങ്ങിയപ്പോൾ കടയിൽ നിന്നാള് വന്നു. ഞങ്ങളതങ്ങെടുത്തുകൊണ്ട് പോകും എന്ന ഭീഷണിയുമായി.
പകലന്തിയോളം തുഴയെറിഞ്ഞിട്ടും കര കാണാൻ കഴിയാത്തതിന്റെ നിസ്സഹായത വന്നു മൂടിയിട്ടും ഒരു ദിവസം എങ്ങനെയൊക്കെയോ മുടക്കം വന്ന തവണകളെല്ലാം ഒന്നിച്ചടച്ച് പിന്നെയും ആ കൊച്ചു സുന്ദരിയെ അവൾ തന്റെതാക്കി.
സോപ്പുകുമിളകൾക്കുള്ളിൽക്കിടന്ന് നട്ടം തിരിയുന്ന നിറം മങ്ങിയ വിഴുപ്പു തുണികളെ നോക്കി നിൽക്കുമ്പോൾ അവളതിനെ തൊട്ടു തലോടി സങ്കടങ്ങൾ എണ്ണിപ്പെറുക്കും അങ്ങേര് വിറ്റ് തുലച്ച സ്വർണ്ണത്തിന്റെ പാതിയുടെ പാതിയെങ്കിലും തിരിച്ചു കിട്ടിയെങ്കിൽ ആ കടമങ്ങ് ഒറ്റയടിക്ക് തീർക്കാമായിരുന്നു എന്ന് നെടുവീർപ്പിടും.
പിന്നെയും തവണകൾ മുടങ്ങി.
കേസ് കൊടുക്കും എന്ന പുതിയ ഭീഷണിയുമായി കടയിലെ ഏജന്റ് വീണ്ടും വീട്ടിൽ കയറി വന്നു.
നിങ്ങള് ധൈര്യമായിട്ട് കൊടുത്തോ. അവളുടെ അഹമ്മതിക്ക് അതൊന്നും കിട്ടിയാൽപ്പോരായെന്ന് അമ്മായിയമ്മ അവർക്കു ഫുൾ സപ്പോർട്ടും പ്രഖ്യാപിച്ചു.
ആശുപത്രിയിൽ മോനെ കാണാൻ വരുന്നവർ തരുന്ന നോട്ടുകൾ സൂക്ഷിച്ചു വെച്ച് പിന്നെയും തവണകൾ പുതുക്കി.
നാളുകൾ പോകേ,ഒടുവിലൊരു ദിവസം തവണകളുടെ ഓട്ടപ്പാച്ചിൽ നിലച്ച് അവൾക്കതു സ്വന്തമായി.
എന്തൊരു സന്തോഷമായിരുന്നു അന്ന്.
ഒരിക്കൽ കുഞ്ഞിന് അസുഖം മൂർച്ചിക്കുകയും രണ്ടു മാസത്തോളം ആശുപത്രി വാർഡിൽ കഴിച്ചു കൂട്ടുകയും ചെയ്തിട്ട് തിരികെയെത്തി മുഷിഞ്ഞ തുണികളുടെ കൂമ്പാരം അലക്കി വെളുപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, അടുക്കള വരാന്തയിൽ പഴയൊരു സാരിയും പുതച്ചിരുന്ന അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ അവിടെങ്ങും കാണാനേ ഇല്ലായിരുന്നു..
എന്റെ വാഷിംഗ് മെഷിനെന്തിയെ എന്ന അവളുടെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല.
ദേഷ്യം സങ്കടമായി.
സങ്കടം കരച്ചിലായി.
എന്നിട്ടും കണ്ടു നിൽക്കുന്നവരുടെ നാവനങ്ങുന്നില്ല.
അതിനും മുന്നേ ഒരു നാൾ സ്വീകരണ മുറിയിലിരുന്ന ടീവി ആരോടും പറയാതെ എങ്ങോട്ടോ ഇറങ്ങിപ്പോയിരുന്നു. പിന്നീടതിനെ കെട്ട്യോന്റെ കൂട്ടുകാരന്റെ സ്വീകരണമുറിയിൽവെച്ച് കണ്ടുമുട്ടിയപ്പോൾ അവളൊന്നു ഭയപ്പെട്ടു. ഇനിയും ആരുമറിയാതെ ഇറങ്ങിപ്പോകാൻ ഒരുങ്ങുന്നവർ വേറെ ആരോക്കെയാകും എന്നോർത്ത്.
ഒന്നു തിരഞ്ഞാൽ ഒരുപക്ഷേ ഇതും അങ്ങനെ കണ്ടെത്താൻ കഴിഞ്ഞേക്കാം എന്നവൾക്ക് തോന്നി.എവിടെപ്പോയ് അന്വേഷിക്കും എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി മുന്നിൽ നിന്ന് പല്ലിളിച്ചപ്പോൾ അവൾ നിസ്സഹായതയുടെ കൊടുമുടി കയറി.
പിടിച്ചു നിർത്താൻ കഴിയാത്ത കണ്ണീർപ്പെയ്ത്തിനൊടുവിൽ ആശ്വാസം തേടി കുഞ്ഞിനേയും ഒക്കത്തെടുത്തു അമ്മക്കരികിൽ വന്നതായിരുന്നു അവൾ. ഇറങ്ങി പോരുമ്പോൾ ആ വിഴുപ്പും അവൾ ചുമന്നു. പിഞ്ഞിക്കീറിയതാണെങ്കിലും ഉപേക്ഷിച്ചു കളഞ്ഞാൽ മാറിയുടുക്കാൻ വേറെയൊന്നില്ല എന്ന തിരിച്ചറിവായിരുന്നു അവളെക്കൊണ്ടത് ചുമപ്പിച്ചത്.
#എന്റെരചന


28 Comments
മനസ്സ് നൊന്തു സിന്ധൂ ….. സഹനത്തിൻ്റെ നെല്ലിപ്പലക കണ്ടില്ലേ ….. ഇനിയെന്തിനവിടെ……
Pingback: ജനപ്രിയ രചനകൾ 2025 - By Editorial Team - കൂട്ടക്ഷരങ്ങൾ
നല്ല എഴുത്ത്. സ്വന്തം അവസ്ഥ മനസ്സിലാക്കാത്ത സ്ഥലത്ത് നിന്നിട്ട് കാര്യമില്ല
എത്ര നന്നായി എഴുതിയിരിക്കുന്നു, ,അഭിനന്ദനങ്ങൾ👌
സിന്ധുവിന്റെ എഴുത്തുകൾ ജീവിതത്തിന്റെ നേർകാഴ്ചകളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. വീണ്ടും ഒരു പൊൻതൂവൽ കൂടി..
കീപ്പിറ്റപ്പ് സിന്ധു അപ്പുക്കുട്ടൻ.
മനസ്സിലെ നോവെല്ലാം അക്ഷരങ്ങളിൽ തെളിഞ്ഞു കാണുന്നുണ്ട്. ഒരാളുടെ കാൽകീഴിലും അടിയറവ് വെക്കാനുള്ളതല്ല നമ്മുടെ ജീവിതം..
ധൈര്യമായി ആരെയും പേടിക്കാതെ സ്വതന്ത്രമായി ജീവിക്കൂ…! നന്മകൾ നേരുന്നു.
നല്ല എഴുത്ത്… എഴുത്തുകൾ തുടരൂ…
സ്നേഹം ❤️സന്തോഷം 😍
സിന്ധൂ 🫂🫂🫂🫂🫂🫂
ചേച്ചിക്കുട്ടി 😍😍😘😘❤️❤️
ജീവിതത്തിലെ നേർസാക്ഷ്യം. അല്ലെങ്കിലും കുഞ്ഞിന്റെ അമ്മ ആയാൽ പിന്നെ വെറുതെയിരിപ്പ് ആണല്ലോ
പണി എല്ലാം ഓരോ പാത്രങ്ങളോട് പറഞ്ഞാൽ മതിയല്ലോ. ചിലർ kk അങ്ങനെയാ
നമ്മൾക്ക് ഒരു വാക്ക് കൊണ്ട് പോലും ഉപകാരം ഇല്ലാത്ത ഒരിടത്തു.. സ്വന്തം അധ്വാനം കൊണ്ട് നേടിയതും നഷ്ടപ്പെടുത്തി, മനസമാധാനം ഇല്ലാതെ എന്തിന് അവിടെ തൂങ്ങി പിടിച്ച് നിൽക്കണം.
വഴികൾ കാണുമ്പോൾ ധൈര്യത്തോടെ ആ വഴിയിലൂടെ നടന്നു തുടങ്ങണം.. കല്ലും മുള്ളും ഉണ്ടാവും എന്നാലും ആത്മാഭിമാനത്തോടെ ജീവിക്കാം.
വഴിയില്ലാതായാലോ ചേച്ചി 😔.. വയ്യാത്ത ഒരു കുഞ്ഞ്. കയറി ചെല്ലാൻ ഒരിടവുമില്ല. അപ്പൊ എന്താ ചെയ്യുക
സഹനത്തിന്റെ പരകോടിയിലുള്ള പെൺജീവിതം അക്ഷരങ്ങളായി താളുകൾ നിറയുമ്പോൾ വായിക്കുന്നവരുടെ മനസ്സിലും നോവു കൂടുകൂട്ടുന്നു. 😰 എന്തിനും ഒരു മറുകര കാണുമെന്ന് കരുതുന്നതും ആഗ്രഹിക്കുന്നതുമാണ് സുഖം.
നല്ല രചന.👍
സ്നേഹം ചേച്ചി ❤️❤️❤️😘😘
സങ്കടം നിറഞ്ഞ ജീവിതങ്ങൾ ❤️
ജീവിച്ചല്ലേ പറ്റൂ
നല്ല എഴുത്ത്. സിന്ധു. ആരുടെയെങ്കിലും അനുഭവം ആയിരിക്കും ഇത് അല്ലേ.മനസ്സിലെ സങ്കടകടലിന്റെ ഇരമ്പൽ നന്നായി അനുഭവിച്ചു.
ജീവിച്ചല്ലേ പറ്റൂ
എന്റെ തന്നെ അനുഭവമാണ് ചേച്ചി ❤️
സഹനത്തിന്റെ പരകോടിയിലുള്ള പെൺജീവിതം അക്ഷരങ്ങളായി താളുകൾ നിറയുമ്പോൾ വായിക്കുന്നവരുടെ മനസ്സിലും നോവു കൂടുകൂട്ടുന്നു. 😰 എന്തിനും ഒരു മറുകര കാണുമെന്ന് കരുതുന്നതും ആഗ്രഹിക്കുന്നതുമാണ് സുഖം.
നല്ല രചന.👍
😢😢
ഇത് അനുഭവമാണോ
ഇപ്പോഴും ഇത് പോലെ തന്നെയാണോ
ഇങ്ങനെയും ചില തീരാ നോവുകൾ അല്ലേ സിന്ധൂ❤️
തീവ്രാനുഭവങ്ങളുടെ നേർക്കാഴ്ച വീണ്ടും മനസ്സിലൊരു നൊമ്പരമായി.
സ്നേഹം❤️❤️❤️❤️
സന്തോഷം ചേച്ചിക്കുട്ടി… ❤️❤️
സങ്കടപ്പെടുത്തിക്കളഞ്ഞു. ഈ ഇമോഷൻസ് എല്ലാം എവിടെയാണ് സിന്ധുക്കുട്ടി അണ കെട്ടി നിർത്തിയിരിക്കുന്നത് ? അസ്സലായി👌👌👌❤️❤️👏
എന്താ പറയുക.. അങ്ങോട്ട് എഴുതി പോകുന്നു. സ്നേഹം ചേച്ചി 😍❤️
ശരിക്കും ഇത്രയൊക്കെ അനുഭവിച്ചോ സിന്ധൂ ……. മനസ്സ് വല്ലാതെ നോവുന്നു…….
വല്ലാതെ നൊന്തു 😔 ഒരുപാട് നാളുകൾക്കു ശേഷം ഇവിടെ വന്നപ്പോൾ ആദ്യം മുന്നിലെത്തിയ അക്ഷരങ്ങൾ കണ്ണ് നനയിച്ചു. സ്നേഹം dear ❤️🫂🫂
എന്നിട്ട് ആ വാഷിംഗ് മെഷീൻ എവിടെ