എന്തൊരാൾത്തിരക്ക് ! നാദസ്വരം പഞ്ചവാദ്യം തായമ്പക പാണ്ടിമേളം എല്ലാത്തിനുമൊപ്പം ചുവടുവച്ചു നടക്കുകയാണ് ഗീതുവും രാജിയും മറ്റുകൂട്ടുകാരും. പട്ടുപാവാടയും ബ്ളൗസും അണിഞ്ഞ് എല്ലാരും നല്ല സുന്ദരികളായിരിക്കുന്നു. പല പയ്യന്മാരുടെയും കണ്ണുകൾ തങ്ങളെ ചുറ്റിപ്പറക്കുന്നതു കണ്ടിട്ടും, അതു കാണാത്തമട്ടിൽ മേളത്തിൽ ശ്രദ്ധിക്കുന്ന പോലെ അവർ എഴുന്നെള്ളത്തിനൊപ്പം ഒഴുകിനീങ്ങി. തീവെട്ടിയുടെ വെളിച്ചത്തിൽ അവരുടെ മുഖം ഉജ്വലശോഭയാർന്നു. കരിമഷിയെഴുതിയ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി. ഗോപുര വാതില്ക്കലെത്തിയപ്പോൾ മേളങ്ങളെല്ലാം അതിൻ്റെ പാരമ്യത്തിലെത്തി. കലാശക്കൊട്ടിൻ്റെ പൊലിമ കൂട്ടാൻ കൂടെത്തന്നെ വെടിക്കെട്ടിൻ്റെ കാതടിപ്പിക്കുന്ന ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും മത്സരിച്ചു. മറ്റേതോ ലോകത്തെത്തിയ പ്രതീതിയിലായി ജനങ്ങൾ. അല്പ സമയത്തിനുള്ളിൽ സ്വിച്ചിട്ട പോലെ എല്ലാ ശബ്ദവും നിലച്ചു. ആ ബഹളത്തിൽ നിന്നും കൂട്ടുകാരിയുടെ കൈപിടിച്ച് ഇറങ്ങിപ്പോരുമ്പോൾ ഗീതുവിന് വല്ലാത്ത നഷ്ടബോധം തോന്നി. ഇനി ഒരു വർഷം കാത്തിരിക്കണം ഇതുപോലൊന്നു കൂടാൻ.
ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്ക്. മുന്നിലായി, കൂട്ടുകാരി രാജിയുടെ അമ്മയും ആൻ്റിമാരും, അവരുടെ കൈ പിടിച്ച് കുട്ടികളും നടക്കുന്നുണ്ട്. ഉത്സവവിശേഷങ്ങൾ പറഞ്ഞ് ഗീതു, രാജിയോടൊപ്പം അല്പം പിന്നിലായി നടന്നു. അമ്പലത്തിൽ നിന്നും അരകിലോമീറ്റർ വിട്ടു കഴിഞ്ഞപ്പോൾ, വീതിയുള്ള ഇടവഴികളിലൂടെയായി നടത്തം. മുന്നിലും പിന്നിലുമൊക്കെയായി കുറച്ചാളുകളുമുണ്ട്. ആ വഴിയിലൂടെ നടക്കാൻ നല്ല രസമായിരുന്നു. ചെറിയ കുളിർകാറ്റും, ഇലഞ്ഞിയുടെയും പാലപ്പൂവിൻ്റെയുമൊക്കെ നേരിയ സുഗന്ധവും. വഴിവിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ സ്വപ്നാടകരെപോലെ അവർ മുന്നോട്ടു നീങ്ങി. കുറച്ചു മുന്നോട്ടു പോകെ കാറ്റിൻ്റെ ഭാവം മാറി. ഭയാനകമായ ഒരു ഒരു ഹുങ്കാര ശബ്ദത്തോടെ അത് ചുറ്റിയടിക്കാൻ തുടങ്ങി. പാലപ്പൂവിൻ്റെ രൂക്ഷഗന്ധം എങ്ങും പരന്നു. ! എവിടുന്നോ മൂന്നാലുനായകളുടെ ഒരുമിച്ചുള്ള ഓരിയിടലും ചീവീടുകളുടെ കാതു തുളയ്ക്കുന്ന ശബ്ദവും മുഴങ്ങി. ആരൊക്കെയോ ഓടുമ്പോൾ കരിയിലകൾ ഞെരുങ്ങുന്ന ഒച്ച. ചുറ്റുപാടുകൾക്ക് പെട്ടൊന്നൊരു ഭയാനകത രൂപം കൊണ്ടു
ഗീതുവും രാജിയുമപ്പോൾ മൂന്നും കൂടിയ ആ വഴിമധ്യത്തിൽ എത്തിയിരുന്നു. രണ്ടാളും പരിഭ്രാന്തിയിലായി. വല്ലാത്തൊരു ഭയം അവരുടെ മനസ്സിനെ ബാധിച്ചു. അതു ക്രമേണ ശരീരത്തിലേക്കും. കൂടെ വന്നവരൊക്കെ കുറെച്ചേറെ മുന്നിലായിക്കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് അവരുടെ ഭയത്തിനാക്കം കൂട്ടിക്കൊണ്ട് കരണ്ടും പോയി. ആകെയുള്ളൊരു അമ്പിളിക്കീറിനെ മറച്ചുംകൊണ്ട് കരിമേഘങ്ങൾ മാനത്തു നിറഞ്ഞു. ഗീതു പേടിച്ച് കൂട്ടുകാരിയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു. അവരുടെ ദേഹം പൂക്കുല പോലെ വിറച്ചു, രണ്ടാളും പുറകിലേക്കു പതുക്കെ തലതിരിച്ചു നോക്കി തങ്ങളുടെ പിന്നാലെ വന്നിരുന്നവരൊക്കെ ഇടവഴികളിലേക്ക് കയറിപ്പോയിരിക്കുന്നു. വീണ്ടുമാ ഓട്ടത്തിൻ്റെ ശബ്ദം! അവരങ്ങോട്ടു നോക്കി. ഒരു പെൺകുട്ടിയെ… മൂന്നു ചെറുപ്പക്കാർ ചെയ്സു ചെയ്തു വരുന്നു. വഴിമധ്യേ ആൾക്കാരെ കണ്ടിട്ടാവണം, തൊട്ടടുത്ത നിമിഷം, അതേ വേഗത്തിൽ ആ ചെറുപ്പക്കാർ തിരിഞ്ഞോടി. പേടിച്ച് നെഞ്ചിടിപ്പുമായി നിന്ന ഗീതുവിൻ്റെ തോളിൽ, രാജി കണ്ണിറുക്കിയടച്ച് മുഖം ചേർത്തു. പിന്നീടാണാ കാഴ്ച ഗീതു കണ്ടത്. അതവളെ അസ്തപ്രജ്ഞയാക്കി. ഓടിവന്ന ആ പെൺകുട്ടി വഴിയരികിലെ കോട്ട പോലുള്ള മതിലിലേക്ക് ഓടിക്കയറുന്നു. മുകളിലെത്തവേ ആ കുട്ടിയ്ക്കൊരു പനയുടെ ഉയരം കൈവരിച്ചു. അവളങ്ങനെ പനപോലെ മതിലിൻ്റെ മുകളിൽ കുത്തനെ ഉയർന്നു നിന്നു. അന്ധകാരത്തിൽ ആ ഇരുണ്ടരൂപം! ഗീതു രാജിയെ ഇറുക്കിപ്പിടിച്ചു. അവളുടെടെ ഹൃദയമിടിപ്പ് നിലച്ച പോലെ…കൈകൾ ഐസു പോലെ തണുത്തു… നാവ് വറ്റിവരണ്ടു…ശ്വാസം നെഞ്ചിൽ കെട്ടിനിന്നു….. പിന്നത്തെ കാഴ്ച അതിലും ഭീതിദമായിരുന്നു. ആ ഉയർന്ന മതിലിൽ നിന്നും അതാ അവൾ പതുക്കെ നടന്നിറങ്ങുന്നു…. കൂടുതൽ കാണാൻ ത്രാണിയില്ലാതവൾ പരസ്പരം തോളിൽ മുഖമമർത്തി പ്രതിമ കണക്കെ നിന്നു. ഒരു പാദസരത്തിൻ്റെ കിലുക്കം അടുത്തടുത്തു വന്നു. ഒരോ പാദപതനവും അവളുടെ നെഞ്ചിൻ്റെ ഭാരം കൂട്ടി.
ആ രൂപം മെല്ലെ നടന്നടുത്തു. ആ സമയത്ത് കറണ്ട് പോയപോലെ തിരിച്ചുവന്നു.
എന്തെങ്കിലും മിണ്ടാൻ ഗീതുവിൻ്റെ നാവു പൊന്തിയില്ല. വിറയലും പേടിയും മൂലം നേരേ നോക്കാൻ ധൈര്യപ്പെടാതെ അവൾ നിന്നു.
അപ്പോൾ ആ രൂപം സംസാരിച്ചു തുടങ്ങി. ”അവന്മാരെന്നെ ഫോളോ ചെയ്തു വരുവാരുന്നു. ഭാഗ്യം! നിങ്ങളാ സമയത്തു തന്നെ എത്തിയല്ലോ”
ദൂരെ നിന്നും രാജിയുടെ അമ്മയുടെ“എളുപ്പം വാ പിളേളരെ” എന്ന വിളിവന്നു.
അതു കേട്ടപാടെ, പെട്ടെന്നേതോ ശക്തി കിട്ടിയ പോലെ, ഉറച്ചുപോയ കാലുകൾ വലിച്ച്, രാജിയുടെ കൈപിടിച്ചവൾ അതിശീഘ്രം മുന്നോട്ടു നടന്നു. അവരെ വിടാതെ ആ പെൺകുട്ടിയും.
ഗീതുവിൻ്റെ മനസ്സിലെ ഭീതി കൂടി. ആർക്കും ചാടിക്കേറാൻ പറ്റാത്തത്ര ഉയരമുള്ള മതിലിൽ തങ്ങളെപ്പോലൊരുത്തി ഓടികയറുക പിന്നെ നടന്നിറങ്ങുക അതും അനായാസമായി. ഭയാനകമായി എന്തോ സംഭവിക്കാൻ പോകുന്ന പോലെ അവൾക്കു തോന്നി “ഇവളൊരു സാധാരണ പെണ്ണല്ല…. ൻ്റെ ദേവീ…. ”എന്നൊരു നിലവിളി ഉള്ളിൽ നിന്നും ഉയർന്നെങ്കിലും അതു പുറത്തോട്ടു വന്നില്ല. ആ സമയം മണിനാദം പോലെ അവളുടെ ശബ്ദം വീണ്ടും കേട്ടു. “ഞാൻ ശ്രീലക്ഷ്മി. ഈ വഴി അവസാനിക്കുന്ന ആ പാടത്തിനടുത്താണ് എൻ്റെ മുത്തശ്ശിയുടെ വീട്. ഉത്സവത്തിനു വന്നതാ. രാത്രി മുത്തശ്ശീടെ വീട്ടിലേക്കു പോകാമെന്നുവച്ചു. എഴുന്നളളിപ്പ് ഇത്ര താമസിക്കുമെന്നോർത്തില്ല. എൻ്റെ കൂടെ വന്നവരെല്ലാം പാലാത്തറയിലേക്ക് നേരത്തേ തന്നെ തിരിച്ചുപോയി” ഇത്രയും കേട്ടപ്പോൾ ഗീതു ആ കുട്ടിയുടെ മുഖത്തേക്കൊന്നു പാളിനോക്കി. വലിയ കണ്ണുകൾ, ആ അരണ്ട വെളിച്ചത്തിലും തിളങ്ങുന്ന മുഖം, തങ്ങളെപ്പോലെതന്നെ പട്ടുപാവാടയും ബ്ളൗസും വേഷം. ചുരുണ്ട മുടി അഴിച്ച് വിതർത്തിയിട്ടിരിക്കുന്നു. വല്ലാത്തൊരു സുഗന്ധവും. തങ്ങളെപ്പോലെ തന്നെ ഒരു പെൺകുട്ടിയാണ് മുന്നിലെന്നു കണ്ടിട്ടും എന്തെങ്കിലും ചോദിക്കാൻ ഗീതു ധൈര്യപ്പെട്ടില്ല. താൻകണ്ട കാഴ്ചയൊന്നും രാജി കണ്ടില്ലല്ലോ? തനിക്ക് രാജിയോടാണെങ്കിൽ ഒന്നും പറയാനുംപറ്റുന്നില്ല. ആ പെൺകുട്ടി കൂടെത്തന്നെയുണ്ട്. പിന്നെ പേടിയും! രാജിയാകട്ടെ ഒരാളെ കൂടി കൂട്ടുകിട്ടിയതിൻ്റെ ആശ്വാസത്തിൽ, ആ കുട്ടിയുമായി വാതോരാതെ ഓരോന്ന് സംസാരിക്കാൻ തുടങ്ങി. ഗീതു അപ്പോഴും ഭയത്തിൽ നിന്നും മുക്തയായിട്ടില്ലായിരുന്നു. ആ പയ്യന്മാരോടിച്ചിട്ടും യാതൊരു കൂസലും പരിഭ്രാന്തിയും ഇല്ലാതെയുള്ള ആ കുട്ടിയുടെ പെരുമാറ്റം ആയിരുന്നു, അവളുടെ മനസ്സിൽ. രാജി ആ കുട്ടി പറഞ്ഞതത്രയും വിശ്വസിച്ച് വളരെ നോർമലായപോലെ തോന്നി. ആ സമയം കൊണ്ട് നടന്ന് അവർ ഏകദേശം വീടിനോട് അടുത്തെത്തിയിരുന്നു. ആദ്യം രാജിയുടെ വീടാണ്. അവൾ ഗീതുവിനോടും ശ്രീലക്ഷമിയോടും യാത്ര പറഞ്ഞ് ഗേറ്റ് കടന്ന് ഉള്ളിലേക്കു പോയി. കൂട്ടുകാരി പോയപ്പോൾ വീണ്ടും ഗീതുവിൻ്റെ പരിഭ്രാന്തി കൂടി. കൂടെ കൂടിയവൾ ഏതു തരക്കാരിയായിരിക്കും? തൻ്റെ വീട്ടിലേക്കെത്താൻ ഇനിയും മൂന്നാലു വീടുകൾ കൂടി കഴിയണം. ൻ്റെയീശ്വരാ… ആശങ്കപ്പെട്ടവൾ തിരക്കിട്ടു നടന്നു. വീടിൻ്റെ പടിക്കലെത്തിയപ്പോൾ ശ്രീലക്ഷ്മി പറഞ്ഞു. ”ഞാനും കുട്ടീടെ കൂടെ വരുന്നു. ഇനിയിപ്പോൾ മുത്തശ്ശീടെ വീടുവരെ ഒറ്റയ്ക്കു പോകുന്നത് സേയ്ഫല്ല. ” ഗീതു ഒന്നും മിണ്ടാനാവാതെ വീട്ടിലേക്കു നടന്നു. ഒപ്പം തന്നെ ശ്രീലക്ഷമിയും.
മകളുടെ കൂടെ പരിചയമില്ലാത്ത ഒരു പെൺകുട്ടിയെ കണ്ട് ചോദ്യഭാവത്തിൽ നോക്കിയ വീട്ടുകാരോട്, വഴിയിൽ ചെറുപ്പക്കാർ പിന്നാലെ കൂടിയതും അവരിൽ നിന്നും രക്ഷപെട്ടതുമായ കഥകൾ, ശ്രീലക്ഷ്മിതന്നെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. മുത്തശ്ശിയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക്പോകാൻ ഭയമാണെന്നു പറഞ്ഞ് ആ വീട്ടിൽ അന്നു രാത്രി കഴിയാനുള്ള സമ്മതം അവൾ, അവരിൽ നിന്നും വാങ്ങിയെടുത്തു. അപ്പോഴും ഗീതുവിൻ്റെ മനസ്സിലെ ഭയവും ആശങ്കയും ഒഴിഞ്ഞിരുന്നില്ല. മതിലിൽ അവൾ നടന്നുകയറിയതും പനപോലെ വളർന്നകാര്യവും അമ്മയോടോ അച്ഛനോടോ പറയണമെന്ന് ആഗ്രഹിച്ചെങ്കിലും അതിനുള്ള ധൈര്യം അവൾക്കുണ്ടായില്ല.
സമയമേറെ വൈകി. കിടക്കാനായി ഗീതു മുറിയിലേക്കു കയറിയ ഒപ്പംതന്നെ ആ കുട്ടിയും കയറി. അച്ഛനമ്മമാരും മാമനുമൊക്കെ അവരുടെ മുറികളിൽ കയറി കതകടച്ചു.
ഗീതു അവളെത്തന്നെ സ്വയം വിശ്വസിപ്പിച്ചു കുഴപ്പമൊന്നുമില്ല എന്ന്. എന്നാലും കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. ഈ സമയം ശ്രീലക്ഷ്മി മുറിയാകെ നോക്കിക്കാണുകയായിരുന്നു. അവസാനം ധൈര്യം സംഭരിച്ച് ഗീതു ചോദിച്ചു ” കുട്ടിക്ക് മാറാൻ വേറേ ഡ്രസ്സ് വേണ്ടേ” വേണമെന്നവൾ തലയാട്ടി.
ഗീതു അലമാരി തുറന്ന് ആ കുട്ടിയ്ക്ക് പറ്റിയ ഒരു ഡ്രസ്സിനായി തിരഞ്ഞു. അതേ സമയം ശ്രീലക്ഷ്മി ജനാലയിലൂടെ പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു. “ദേ…ഇതാ ഡ്രസ്സ്, മാറ്റിക്കോളു”എന്നു പറഞ്ഞിട്ടും അവൾ അവിടെ നിന്നും അനങ്ങിയില്ല. ഗീതുവിന് ഭയമേറിയെങ്കിലും ആരെയെങ്കിലും വിളിക്കാൻ കഴിയാതെ കട്ടിലിനോരത്ത് വിറച്ചിരുന്നു. അല്പം കഴിഞ്ഞ് ശ്രീലക്ഷ്മി വെട്ടിത്തിരിഞ്ഞ് ഗീതുവിനെ തീക്ഷ്ണമായൊന്നു നോക്കി, ഒരു പിടി പാലപൂക്കൾ കിടക്കയിലേയ്ക്ക് നീട്ടിയെറിഞ്ഞു. പിന്നെയവൾ “എനിക്കിപ്പോൾ തന്നെ പോകണം മുത്തശ്ശീടടുക്കൽ” എന്നു പറഞ്ഞ് കതകുതുറന്ന് വേലിക്കരികിലേക്കു ഒരു കൊടുങ്കാറ്റു പോലെ നീങ്ങി.
ഈ ബഹളമെല്ലാം കേട്ട്, വീട്ടുകാർ ചാടിയെഴുന്നേറ്റ് ടോർച്ചുമായി പുറത്തിറങ്ങി. ഗീതു പുറത്തേക്കു ചൂണ്ടി വിക്കി വിക്കി പറഞ്ഞു* അവൾ പോയി. മുത്തശ്ശീടെ അടുത്തോട്ട്”
പെട്ടെന്നവരെല്ലാം വേലിക്കരികിലേക്ക് പാഞ്ഞു. ഒറ്റയ്ക്കിരിക്കാൻ പേടിയായി ഗീതുവും പിന്നാലെയെത്തി.
വഴിയിലേയ്ക്കേത്തിയപ്പോൾ കണ്ട, ആ കാഴ്ച അവരെ അമ്പരപ്പിച്ചു. മുത്തശ്ശിയുടെ വീട്ടിലേയ്ക്കുള്ള വഴിയ്ക്കു പകരം, അവർ രാത്രിയിൽ വന്ന ഭാഗത്തേക്കാണവൾ നടക്കുന്നത്. “മോളെ നിൽക്ക്” എന്നൊച്ചവച്ച് അവളുടെ ഒപ്പമെത്താൻ അവർ സ്പീഡുകൂട്ടി നടന്നു. പക്ഷേയവൾ തിരിഞ്ഞു നോക്കിയില്ല. പിന്നെയവർ കണ്ടത്, രാത്രിയിൽ ഗീതു കണ്ട അതേ കാഴ്ചയാണ്. അവൾ മതിലിലേക്ക് നടന്നുകയറി. പനപോലെ ഉയരം വയ്ച്ചു. പിന്നെ, പിൻതിരിഞ്ഞൊന്നു നോക്കിയിട്ട്, ആ മതിലിൻ മുകളിലൂടെ അതിവേഗം നടന്നു. അങ്ങേയറ്റം എത്തിയപ്പോൾ അവരുടെ കണ്ണുകളെ കബളിപ്പിച്ചവൾ അപ്രത്യക്ഷയായി. എല്ലാരും സ്തബ്ധരായി ഒന്നു നിന്നു. പിന്നെയവർ തിരിഞ്ഞോടി. മുറിയിലെത്തിക്കഴിഞ്ഞാണ് എല്ലാവരുമൊന്ന് ശ്വാസം വിട്ടത്. എങ്കിലും ഭീതിയോടെ ആ പെൺകുട്ടി ആരെന്നവർ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു. ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ പുറത്തെ കിണറ്റിൽ ശക്തമായെന്തോ വീഴുന്ന ശബ്ദം! പിന്നാലെ “ഗീതു, ഗീതു” എന്നു വിളിച്ചുള്ള അലറിക്കരച്ചിലും. അതു രാജിയുടെ ശബ്ദമായിരുന്നു. ഇതു കേട്ട്” അയ്യോ!.. മ്മേ…. യക്ഷീ …. ” എന്ന ഒരലർച്ചയോടെ ഗീതു ബോധം കെട്ട്, അമ്മയുടെ മടിയിലേക്കു വീണു.
ഗീതു …. ഗീതു… ഉച്ചത്തിലുള്ള വിളി കേട്ട് അവൾ കണ്ണു തുറന്നു. വെ ളിച്ചംകണ്ണിലേക്കടിച്ചു.മുന്നിൽ രാജി. അവളൊന്നു ഞെട്ടി. “നീ …നീയെങ്ങനെ ഇവിടെ… ”
“എടീ… ഇതു ഞാനാ.. രാജി! നീയെന്താ പിച്ചും പേയും പറയുന്നോ…എന്നോട് നീയല്ലേ ഇന്നുരാവിലെ ആറുമണിക്ക് അമ്പലത്തിൽ പോണമെന്നു പറഞ്ഞത്. എന്നിട്ടെന്തൊരു കെടപ്പായിത്?രാത്രീലെ ആറാട്ടിനും പോണ്ടേടോ?”
“ആറാട്ടോ.. അതിനല്ലേ നമ്മൾ ഇന്നലെ പോയത്?”
ഗീതു സംശയത്തോടെ ചോദിച്ചു.
“നീയെന്താ സ്വപ്നം കണ്ടോ?ഇന്നല്ലേ ആറാട്ട്’” രാജി അവളെ നോക്കി പൊട്ടിച്ചിരിച്ചു. ഗീതു പുതപ്പു മാറ്റി മെല്ലെ കിടക്കയിൽ നിന്നുമെഴുന്നേറ്റു. അപ്പോൾ ഇന്നലെ നടന്നതെല്ലാം എന്താണ്?അവൾ ഓർത്തു നോക്കി.
“ആ… ശ്രീലക്ഷ്മി ?” ഗീതു രാജിയുടെ നേർക്ക് പുരികമുയർത്തി.
“ ശ്രീലക്ഷ്മിയോ? ആ…. എനിക്കെങ്ങനറിയാം? അവൾ നിൻ്റെ കൂടല്ലാരുന്നോ?”രാജി മെല്ലെ പറഞ്ഞു.
“അതെ! അതെങ്ങനെ, നിനക്കറിയാം?” ഗീതുവിൻ്റെ പരിഭ്രമം നിറഞ്ഞചോദ്യമുയർന്നു.
രാജിയുടെ കൂസലില്ലാതെ ഇങ്ങനെ പറഞ്ഞു.“ഞാനും നിൻ്റെകൂടെ സ്വപ്നത്തിലുണ്ടാരുന്നല്ലോ”
“ദൈവമേ… ഇവളാരാ…ആകെ കൺഫ്യൂഷൻ ആയല്ലോ. “ൻ്റെ ദേവീ…”
ഗീതു കഴുത്തിലെ ഏലസ്സവിടെയുണ്ടോയെന്ന് എളുപ്പം തപ്പിനോക്കി, അതിൽ മുറുകെപ്പിടിച്ചു.
ഷേർലി വി. ടി
വിഷയം : ത്രില്ലർ/ഹൊറർ


25 Comments
നന്നായിട്ടുണ്ട്
സ്വപ്നം ആണെന്ന് നേരത്തെ പറഞ്ഞൂടായിരുന്നോ.. മനുഷ്യനെ പേടിപ്പിച്ചു 😄
ശ്വാസമടക്കിയാണ് വായിച്ചു തീർത്തത്…
താങ്ക്യൂ ദീപിക,🥰❤️🙏
കൊള്ളാം 👌
ശരിക്കും ഹൊറർ തന്നെ മനുഷ്യനേ പേടിപ്പിച്ചു
വായിച്ചഭിപ്രായം പറഞ്ഞതിൽ സന്തോഷം Seji🥰💕🌹
ശരിക്കും പേടിച്ചു പോയി 🥲
സൂപ്പർ എഴുത്ത് 👌🥰
വായിച്ച് നോക്കി നല്ലതായിരുന്നു, ഇഷ്ടപ്പെട്ടു ♥️
എന്നാലും എൻ്റെ ശ്രീലക്ഷ്മീ ഇത്തിരി ചുണ്ണാമ്പു ചോദിക്കാമായിരുന്നു.😂
നന്നായിരിക്കുന്നു ഷെർളീ.❤️👌🌹
യക്ഷിക്ക് മുറുക്കുന്ന പ്രായമായില്ല വായിച്ചതിൽ സന്തോഷം🙏🥰💕
സന്തോഷം❤️🥰💕
Thank you❤️💕🌹
🙏💕❤️
Kurachu neram tension adichu.. nannayezhuthi 🥰💗
താങ്ക് യൂ പ്രിയാ സന്തോഷം🥰❤️
പന പോലെ വളരുന്ന മതിലുമാടി യക്ഷിയെ കണ്ടാൽ (സ്വപ്നത്തിലും) ആരായാലും ഒന്നു ഞെട്ടും കരയും, പേടിച്ചോളിയിടും. 😀
വളരെ നല്ല രചന. Horror suspense നിലനിർത്തി എഴുതി.
പ്രായം കുറഞ്ഞ യക്ഷി ആയതു കൊണ്ടാവാം ഹൊറർ വായിച്ചിട്ട് എല്ലാരും ചിരിക്കുന്നത്. ഹൊറർ എഴുതാ.നുള്ള ശ്രമമായിരുന്നു👻😄🥰❤️
കൊള്ളാം 👌
❤️💕🙏
കോട്ടയം പുഷ്പനാഥിന്റെ കൊച്ചുമോളോ വല്ലോം ആണോ? ഒരു പാരമ്പര്യ ഗുണം കാണുന്നു 🤣🤣. ശരിക്കും സസ്പെൻസ് അടിപ്പിച്ചു കേട്ടോ 👌👌👌
കോട്ടയം ജില്ലക്കാരിയാണ് എന്നൊരു ബന്ധമുണ്ട്. ഏതായാലും വായിച്ചല്ലോ സന്തോഷമായി🥰❤️
വളരെ നന്നായിട്ടുണ്ട് ഷേർലി. സസ്പെൻസ് ഒടുവിൽ വരെ നിലനിർത്തി. നല്ല ട്വിസ്റ്റും.👌👌❤️❤️
nice
Thank you🥰❤️🙏