അന്ന് ടാറിട്ട റോഡ് ആയിരുന്നില്ല. ഓടിട്ട ചെറിയ വീടുകളും ആയിരുന്നു. ആൺ കുട്ടികൾ പൊതുവെ ഷർട്ട് ഇടാറില്ല. പെൺകുട്ടികൾ ഒരു വെളുത്ത പെറ്റിക്കോട്ടും ഇടും.
ദാരിദ്രത്തിന്റെ അളവ് അനുസരിച്ചു മൂട് കീറിയതോ തുള വീണതോ ആകാം എന്നേയുള്ളു.. എന്നാലും ഒരു യൂണിഫോം പോലെ ആയിരുന്നു എല്ലാരുടെയും വേഷം.
എന്നാലും ക്രിസ്മസ് കാലമായാൽ, ഡിസംബറിലെ തണുത്ത പകലുകൾക്കായി കുട്ടികൾ കാത്തിരുന്നു.
വീണ്ടും ഒരു ക്രിസ്മസ് അവധി.
കുട്ടന്റെ വീടിന്റെ അടുത്ത് വളരെ കുറച്ച് ക്രിസ്ത്യാനികൾ മാത്രമേ അന്നൊക്കെ ഉണ്ടായിരുന്നുള്ളു. അതിലെ പ്രധാനിയായിരുന്നു പോളേട്ടന്റെ വീട്. രണ്ടു മക്കൾ മാർട്ടിനും മീനയും.
ഇന്നലെ തന്നെ കുട്ടനും മാർട്ടിനും ഒക്കെ കൂടിയാണ് പുൽക്കൂടു ഉണ്ടാക്കിയതും നക്ഷത്ര വിളക്ക് ഉറപ്പിച്ചതും.
അപ്പോഴൊക്കെ മാർട്ടിൻ പിറ്റേന്നത്തെ വിഭവങ്ങൾ എന്തൊക്കെയാകും എന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
കോഴി വെച്ചത്, വറുത്തത്, മീൻ കറി, പോത്ത് ഉലർത്തിയത് തുടങ്ങി അമ്മച്ചി ഉണ്ടാക്കുന്ന കേക്ക്… എല്ലാം പറഞ്ഞു പറഞ്ഞു, കേട്ടു പുൽക്കൂടിനു വൈക്കോൽ മേയുന്ന കുട്ടന്റെ വായിൽ വെള്ളമൂറി… എന്തായാലും നാളെ ഇതൊക്കെ തിന്നാലോ എന്ന സമാധാനവും ഒരേ സമയം ഉണ്ടായി.
വീട്ടിൽ ഒരു നക്ഷത്രം വെക്കാൻ പറഞ്ഞാൽ, ഒരു കേക്ക് വാങ്ങാൻ പറഞ്ഞാൽ അപ്പോൾ അച്ഛൻ തുടങ്ങും പൈസ ഇല്ലാത്തതിന്റെ പഴമ്പുരാണം. ചിലപ്പോൾ ഇല്ലാതെയുമാകും. കുട്ടൻ സമാധാനിക്കും.
കുട്ടൻ രാവിലേ തന്നെ തന്നെ തന്റെ സൈക്കിൾ ചക്രം എടുത്തു പുറത്തിറങ്ങി. അവധി ആയതിനാൽ എല്ലാരും കാണും കളിക്കാൻ.. വട്ടു ഉരുട്ടി മാധവട്ടന്റെ വീട്ടിലെത്തി. അവിടെ തന്റെ പ്രിയ സുഹൃത്ത് ഗോപൻ എത്തിയിട്ടുണ്ട്. അവൻ നഗരത്തിലെ സ്കൂളിലാണ് പഠിക്കുന്നത്. അവധിക്കു തറവാട്ടു വീട്ടിൽ വരുന്നതാണ്.
ഷൂ ഒക്കെ ഇട്ടാണ് അവൻ നടക്കുക. പക്ഷെ കുട്ടനെ വലിയ കാര്യമാണ്. അവൻ സ്കൂളിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ചിരിച്ചു കളിച്ചങ്ങനെ നടക്കും.
മാധവട്ടന്റെ വീടിന്റെ മുന്നിലാണ് പോളേട്ടന്റെ വീട്. ബാങ്കിലാണ് ജോലി.
പോളേട്ടനു ഒരു ബജാജ് സ്‌കൂട്ടർ ഉണ്ട്. അവരുടെ വീട് കുറച്ചു മുകളിൽ ആണ്. അതുകൊണ്ട് സ്‌കൂട്ടർ തള്ളി കയറ്റാൻ ഒരു ചെരിവ് ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾ കുട്ടികൾ ആണ് അത് തള്ളി കയറ്റുന്നതും പിടിച്ചു വലിച്ചു ഇറക്കുന്നതും.
പോളെട്ടന്റെ വീടിന്റെ മുന്നിലാണ് ഞങ്ങളുടെ കളികൾ. അഞ്ചു മണിക്ക് ആളു ബാങ്കിൽ നിന്നും വരും. സ്‌കൂട്ടർ തള്ളി കയറ്റുന്നത് ഞങ്ങൾ കുട്ടികളുടെ ഒരു അഭിമാന പ്രശ്നമാണ്.
ആ പോളേട്ടന്റെ വീട്ടിലാണ് തന്റെ കൂടെ സഹായത്താൽ പുൽക്കൂടും നക്ഷത്രവും ഉയർന്നതെന്നു കുട്ടൻ അഭിമാനത്തോടെ ഓർത്തു.
പോളേട്ടന്റെ വീട്ടിൽ ക്രിസ്മസ്സിന് അനിയന്റെയും ചേട്ടന്റെയും ഒക്കെ കുട്ടികൾ വന്നിട്ടുണ്ട്. ഒമ്പതു മക്കൾ ആണ് പോളേട്ടന്റെ വീട്ടിൽ.. അത് കൊണ്ട് തന്നെ ഒരു വിരുന്നിനു വരുന്നത് കുട്ടികൾ ഇരുപതു ആണ്.
ഈ വിരുന്ന് വരുന്നതിനെ അവർ പാർക്കാൻ വരിക എന്നാണ് പറയുക.
അവരൊക്കെ വന്നാൽ മാർട്ടിൻ തന്നെ കണ്ട മട്ടു കാണിക്കില്ല എന്നത് കുട്ടനെ വിഷമിപ്പിക്കാറുണ്ട്.
കുട്ടനും ഗോപനും കൂടെ റോഡിലെത്തി. ആരെയും പുറത്തു കാണാനില്ല.
വാതിലിൽ മുട്ടി.
മേരി ചേടത്തി വാതിൽ തുറന്നു.
“എല്ലാരും ഇന്നലെ രാത്രി പള്ളിയിൽ പോയി വെളുപ്പിനാ വന്നത്. ഒക്കെ നല്ല ഉറക്കമാ”
വീട്ടിനകത്തു നിന്നും നല്ല ഇറച്ചിയുടെയും കേക്കിന്റെയും ഒക്കെ മണം. കുട്ടന്റെ വായിൽ വെള്ളം കിനിഞ്ഞു.
കുട്ടന്റെ മനസ്സിൽ ഒരായിരം പൂത്തിരി വിടർന്നു. ഇന്ന് ഇതൊക്കെ താനും തിന്നും എന്നോർത്ത് പുളകം കൊണ്ടു.
ഗോപന് അത്തരം പ്രശ്നമില്ല. അവനു ഇപ്പോൾ വേണമെങ്കിലും അതൊക്കെ തിന്നാം. അവന്റെ അച്ഛൻ എല്ലാം വാങ്ങി കൊടുക്കും. തന്റെ അച്ഛന്റെ കയ്യിൽ എവിടെയാ പണം? കുട്ടന്റെ കണ്ണുകൾ നിറഞ്ഞു.
കുട്ടനും ഗോപനും താഴോട്ടിറങ്ങി. കുട്ടന്റെ മനസ്സ് നിറയെ ആ മണം ആയിരുന്നു.
“എന്നെ വിളിച്ചിട്ടുണ്ട് ക്രിസ്മസ്സിന്. നീ വരുന്നുണ്ടോ?”
കുട്ടന് അറിയാമെങ്കിലും അറിയാത്ത പോലെ പറഞ്ഞു, “അമ്മയോട് പറഞ്ഞു കാണും. ചോദിക്കട്ടെ”
“നീ ചെന്ന് ചോദിക്ക്, എന്നിട്ട് നല്ല ഡ്രസ്സ് ഒക്കെ ഇട്ടു എന്റെ വീട്ടിൽ വാ. നമുക്ക് ഒരുമിച്ചു പോകാം” ഗോപൻ പറഞ്ഞു.
ഒറ്റോട്ടത്തിന് കുട്ടൻ വീട്ടിലെത്തി.
“അമ്മേ, ഞാൻ പോളേട്ടന്റെ വീട്ടിൽ ക്രിസ്മസ്സിന് പോകട്ടെ? ഗോപന്റെ കൂടെ?”
അമ്മ ദേഷ്യത്തിൽ നോക്കി.
” അവർ നമ്മളെയൊന്നും വിളിച്ചിട്ടില്ല. വിളിക്കാത്ത സദ്യക്കു പോകണ്ട ” അമ്മ കടുപ്പിച്ചാണ് പറഞ്ഞത്.
അതിൽ മോൻ ഒന്ന് പോയി നല്ലൊരു ഭക്ഷണം കഴിച്ചോട്ടെ എന്ന ആഗ്രഹം നടക്കാത്ത വിഷമവും, വിളിക്കാത്ത പോളേട്ടന്റെ വീട്ടുകാരോടുള്ള അമർഷവും ഉണ്ടായിരുന്നു.
‘എത്ര കാശുകാരാണ് പോളേട്ടൻ? ഒരു കുട്ടിക്ക് ഒരു നേരം ഭക്ഷണം കൊടുക്കാൻ വല്ല പാടുമുണ്ടോ?’ അമ്മ ഓർത്തു കാണും.
കുട്ടൻ പിന്നെ അവിടെ നിന്നില്ല.അമ്മയോട് എത്ര ചോദിച്ചാലും അമ്മ വിടില്ല എന്നുറപ്പാണ്. അഭിമാനം വിട്ടുള്ള ഒരു കളിക്കും അമ്മ കൂട്ട് നിൽക്കില്ല. കുട്ടനതറിയാം.
റോഡിൽ, വിരുന്നു വന്ന കുട്ടികൾ എല്ലാരും പുത്തൻ ഉടുപ്പുകളൊക്കെ ഇട്ടു കളി തുടങ്ങി. കുട്ടന് സ്വയം ഒരു നാണക്കേട് തോന്നി.
ഓടി ചെന്ന് കിട്ടിയ ഒരു ഷർട്ട് എടുത്തിട്ടു. ചേട്ടന്റെ ആണെന്ന് തോന്നുന്നു. വലുതാണ്. സാരമില്ല. മനസ്സിൽ കരുതി.
കളിക്കുമ്പോഴും കുട്ടന്റെ മനസ്സിൽ ആ മണം ആയിരുന്നു. ആരെങ്കിലും തന്നെ സദ്യക്കു വിളിക്കും എന്ന് ആശിച്ചു.
മാർട്ടിൻ തന്നെ നോക്കുന്ന പോലുമില്ല എന്നത് കുട്ടനെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
പക്ഷെ ആരും വിളിക്കുന്നുമില്ല, നോക്കുന്ന പോലുമില്ല.
എന്തോ, ഒരു ഉന്മേഷവും തോന്നുന്നില്ല. ഒരു കല്ലിന്മേൽ കേറി ഇരുന്നു.
മനസ്സിൽ നാണക്കേടും ദേഷ്യവും ഒക്കെ തോന്നി.
അച്ഛനാട് പറഞ്ഞതാ, ഒരു നക്ഷത്രം എങ്കിലും ഇടണമെന്ന്. കേക്ക് വാങ്ങണം, ഇറച്ചി വാങ്ങണം എന്നൊക്കെ.
ഒന്നുമുണ്ടായില്ല. പതിവ് ഉത്തരം. ‘പൈസ ഇല്ല മോനെ.’
കുട്ടൻ കല്ലിന്മേൽ ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു.
ഗോപൻ വന്നു വിളിച്ചപ്പോളാണ് ഞെട്ടി ഉണർന്നത്.
” നീ വരുന്നില്ലേ, “. നോക്കുമ്പോൾ വിരുന്ന് വന്ന കുട്ടികൾ എല്ലാം മുകളിൽ കയറി പോയിരിക്കുന്നു.
“അമ്മ പറഞ്ഞു ഞങ്ങളെ വിളിച്ചിട്ടില്ലെന്നു.” കുട്ടൻ പറഞ്ഞു
“അതൊന്നും സാരമില്ല, നീ വായോ”
ഗോപൻ കയ്യ് പിടിച്ചു വലിച്ചപ്പോൾ അറിയാതെ അവന്റെ കൂടെ പോളേട്ടന്റെ വീട്ടിൽ കയറി പോയി.
മുട്ടിയപ്പോൾ വിരുന്ന് വന്ന കുട്ടികളിലൊരാൾ വാതിൽ തുറന്നു. ഗോപനെ നോക്കി പറഞ്ഞു.
“അകത്തു വാ”
ഷൂ ഊരി വെച്ചു ഗോപൻ അകത്തു കടക്കുമ്പോഴേക്കും കുട്ടൻ അകത്തു കയറി.
മാർട്ടിൻ ഓടി വന്നു ഒറ്റ തള്ള്. വീണില്ല എന്നേയുള്ളു. കുട്ടൻ പുറത്തെത്തി.
തൊലി ഉരിഞ്ഞു പോയി. കണ്ണിൽ വെള്ളം കയറി.
അകത്തു നിന്നും നാൽപതു കണ്ണുകൾ തന്നെ പരിഹാസത്തോടെ നോക്കുന്നത് കുട്ടൻ ചെറുതായി കണ്ടു.
കണ്ണ് കാണാൻ വയ്യ. തുറന്ന വാതിലിലൂടെ വന്ന ആ മണം, ഇത്തവണ കണ്ണിലാണ് വെള്ളം നിറച്ചത്, വായിലല്ല.
പോളേട്ടനോ മേരി ചേടത്തിയോ ആരെങ്കിലും തിരിച്ചു വിളിക്കും എന്ന് വെറുതെ മോഹിച്ചു.
ഒരു വിധം വീടെത്തി. അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു. അമ്മ അടിക്കും എന്ന് വിചാരിച്ചു. ഉണ്ടായില്ല.
അമ്മ പതിയെ കുട്ടനെ എടുത്തു. കുട്ടൻ അമ്മയുടെ ചുമലിൽ തല വെച്ച് തേങ്ങി.
അമ്മ കുട്ടനെ താഴെ വെച്ച് ചോറ് വിളമ്പി. കുട്ടന്റെ ഇഷ്ട വിഭവം, ഉള്ളി ചോറ്.
എന്നും കൊതിപ്പിക്കുന്ന ഉള്ളി ചോറ് ഇന്ന് ആ സ്വാദ് തോന്നിയില്ല.
ഒരു ഉരുള ഉണ്ട് തല ഉയർത്തിയ കുട്ടൻ ചുമര് ചാരി നിന്നു, തേങ്ങുന്ന അമ്മയെ കണ്ടു.
തന്റെ മോനു ഒരു കേക്കെങ്കിലും വാങ്ങി കൊടുക്കാൻ പറ്റാതെ അമ്മ തേങ്ങി.
ഒരു ചെറിയ കഷ്ണം കേക്ക് തന്റെ കുട്ടിക്ക് കൊടുക്കാത്ത പാണക്കാരായ പോളേട്ടനെ മനസ്സാ വെറുത്തു.
ഓടി ചെന്ന് കുട്ടൻ അമ്മയെ കെട്ടി പിടിച്ചു.
അമ്മ നിലത്തു കുട്ടനെ കൂടെ ഇരുത്തി ഓരോരോ ഉരുളയായി ചോറ് വാരി കൊടുത്തു.
“അടുത്ത കൊല്ലം നമുക്ക് കേക്ക് ഒക്കെ വാങ്ങി ക്രിസ്മസ് ആഘോഷിക്കണം, നക്ഷത്രം ഇടണം, പറ്റിയാൽ പുൽകൂട് ഉണ്ടാക്കണം” അമ്മ കുട്ടനെ അശ്വസിപ്പിച്ചു ഊട്ടി.
ഉള്ളി ചോറിന്റെ സുഗന്ധം പോളേട്ടന്റെ വീട്ടിലെ ഇറച്ചി മണത്തെക്കാൾ സുഗന്ധപൂരിതമായി. അമ്മയുടെ കയ്യിലെ ചോറിനു കോഴി പൊരിച്ചതിനേക്കാൾ സ്വാദ്.
വയറു നിറഞ്ഞ കുട്ടൻ, അടുത്ത കൊല്ലം നക്ഷത്രവും പുൽക്കൂടും ഉള്ള ഒരു വീടും സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ് കാലവും സ്വപ്നം കണ്ടു ഉമ്മറത്തിരുന്നു. കുറച്ച് മേലെയായി കാറ്റത്താടുന്ന പോളേട്ടന്റെ വീട്ടിലെ നക്ഷത്രത്തെ വെറുതെ നോക്കിയിരുന്നു. രണ്ടു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി. കണ്ടു, കലങ്ങിയ കണ്ണിലൂടെ, ഒന്നിന് പകരം ഒരായിരം നക്ഷത്രങ്ങൾ.
*സുനിൽ കിഴക്കൂട്ട്*


9 Comments
എഴുത്ത് കണ്ണ് നിറച്ചു.
കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മനസ്സ്, കുഞ്ഞുമനസ്സിന്റെ നോവ്…… വളരെ മനോഹരമായി പകർത്തിവെച്ചിട്ടുണ്ട് സുനിൽ. നല്ലെഴുത്ത് 👍🥰ആശംസകൾ.., 💐
അവസാനം കണ്ണ് നിറഞ്ഞു….. സുനിൽ ചേട്ടാ….. സൂപ്പർ…….
മനോഹരമായി എഴുതി 👍
ആ കുഞ്ഞു മനസ്സിൻ്റെ വിങ്ങൽ മനസ്സിൽത്തട്ടി. നല്ലെഴുത്ത്❤️🌹👌
Thanks 🙏
കുട്ടൻ, മനസ്സിലെ നോവായി.
ഹൃദയസ്പർശ്ശിയായ കഥ.👏👍
Thanks a lot 🙏merry xmas 🙏
കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മനസ്സ്, കുഞ്ഞുമനസ്സിന്റെ നോവ്…… വളരെ മനോഹരമായി പകർത്തിവെച്ചിട്ടുണ്ട് സുനിൽ. ഹൃദയ സ്പർശിയായ നല്ലെഴുത്ത് 👍🥰ആശംസകൾ.., 💐