മധ്യവേനലവധിക്ക് അമ്മ വീട്ടിൽ ചെല്ലുമ്പോഴാണ് കഥകേൾക്കാൻ ചുറ്റും കൂടുന്ന ഞങ്ങൾക്കുമുന്നിൽ അമ്മമ്മ പഴങ്കഥകളുടെ ഭാണ്ഡമഴിച്ചു കുടഞ്ഞിടുന്നത്. അമ്മാമൻമാരുടെ മക്കളും ചിറ്റമാരുടെ മക്കളും വല്ല്യമ്മയുടെ മക്കളും കൂടി ഞങ്ങളൊരു കുട്ടിപ്പട തന്നെയുണ്ടാകും തറവാട്ടിൽ.
അമ്മമ്മ പറയുന്ന കഥകളിൽ കാലൻ കോഴിയുടെ പേടിപ്പിക്കുന്ന കൂവലും ഒടിയന്റെ കൺകെട്ടും ചോരകുടിക്കുന്ന യക്ഷിയും ചുട്ടകോഴിയെപ്പറപ്പിക്കുന്ന മന്ത്രവാദികളുമൊക്കെ ഉണ്ടാകും.
അമ്മമ്മയുടെ മുത്തശ്ശൻ വലിയൊരു മന്ത്രവാദി ആയിരുന്നത്രെ. ചില കഠിനമായ കർമ്മങ്ങൾ വേണ്ടിടത്തു പൂജകൾ കഴിഞ്ഞാൽ, ആറടിയോളം താഴ്ചയുള്ള കുഴിയിലേക്ക് ഇറങ്ങി കിടക്കും. ശിഷ്യൻമാർ മണ്ണിട്ട് ആ കുഴി മൂടും. ഘോരമായ മന്ത്രജപങ്ങൾക്ക് വേണ്ടിയാണത്രേ അങ്ങനെ ചെയ്യുന്നത്. പിറ്റേന്ന് മണ്ണ് മാറ്റുമ്പോൾ മുത്തശ്ശൻ ഒരു പോറൽപോലുമില്ലാതെ എഴുന്നേറ്റ് വരും. പിന്നെ കോഴിയെ കൊന്ന് ആ ചോര കുടിക്കും. അതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി.പട്ടും വളയുമൊക്കെ കൊടുത്താണത്രേ അവർ മുത്തശ്ശനെ പറഞ്ഞയക്കുക.
പട്ടും വളയും എന്താണെന്നു അറിയില്ലെങ്കിലും എല്ലാം കേട്ട് ഞങ്ങളങ്ങനെ അന്തംവിട്ട് വായുംപൊളിച്ചിരിക്കുകയായിരിക്കും. അത് കാണുമ്പോൾ അമ്മമ്മക്ക് മുത്തശന്റെ വീര പരാക്രമങ്ങൾ പറഞ്ഞാലും തീരാത്ത കഥകളാകും.
“ഇങ്ങനെയുമുണ്ടോ പുളുവടി. ആ കാർന്നോര് കുഴിയിൽനിന്ന് വീട്ടിലേക്കൊരു തുരങ്കമുണ്ടാക്കി വെച്ചിട്ടുണ്ടാകും. അങ്ങേര് അതിലൂടെ ഇറങ്ങി വീട്ടിൽച്ചെന്ന് കൂർക്കം വലിച്ചുറങ്ങും. ഇതല്ലേയമ്മേ ശരിക്കും നടക്കുന്നത്. എന്നിട്ട് പിള്ളേരെ പറ്റിക്കാൻ ഓരോന്ന് പറഞ്ഞു പിടിപ്പിക്കും.
അമ്മമ്മയുടെ കഥ പറച്ചിൽ കേൾക്കുമ്പോൾ കുഞ്ഞമ്മാവൻ അകമുറിയിലിരുന്നു വിളിച്ചു പറയും.
അമ്മമ്മയപ്പോൾ ദേഷ്യം കൊണ്ട് വിറക്കും. കാർന്നോൻമാരെ കളിയാക്കുന്നോടാ എന്നും ചോദിച്ച് മാമനെ അടിക്കാനോങ്ങും.
ഞങ്ങളത് കാണുമ്പോൾ കിലുകിലെ ചിരിച്ചു കൊണ്ട് പുറത്തേക്കോടും. കളിക്കാൻ.
കുറെ കഴിയുമ്പോ വീണ്ടും അമ്മമ്മയുടെ ചുറ്റിലും കൂടും. ബാക്കി കഥ പറയോ എന്നും ചോദിച്ച്.
അപ്പോൾ ഒടിയൻമാരുടെ കഥ പറഞ്ഞു തുടങ്ങും.
പാരമ്പര്യമായി വീട്ടിലെല്ലാവരും ചെണ്ടമേളം കലാകാരൻമാരായിരുന്നു. അമ്മയുടെ മുത്തശ്ശന്റെ കാലത്ത് ഉത്സവനാളുകൾ ഏറെ തിരക്കുപിടിച്ചതായിരുന്നു. ഒരിടത്തു നിന്നു വേറൊരിടത്തേക്കു പാതിരാത്രിയിലൊക്കെയാണ് പോക്കും വരവും. ഇന്നത്തെപൊലെ വാഹന സൗകര്യങ്ങളൊന്നുമില്ലാത്തത്കൊണ്ട് നടന്നാണ് മിക്കവാറും യാത്ര.
അങ്ങനെയൊരു ദിവസം അച്ചാച്ചനും കൂട്ടരും മുത്തശ്ശന്റെ നേതൃത്വത്തിൽ അമ്പലത്തിൽ നിന്നിറങ്ങി അടുത്ത പരിപാടി സ്ഥലത്തേക്കു പോകുകയായിരുന്നു. സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.
എല്ലാവരും ഉച്ചത്തിൽ വർത്തമാനമൊക്കെ പറഞ്ഞ് ഉള്ളിലെ പേടിയെ അകറ്റിക്കൊണ്ടാണ് യാത്ര.
മുന്നിൽ നടന്നുകൊണ്ടിരുന്ന മുത്തശ്ശൻ ആശയക്കുഴപ്പത്തോടെ പെട്ടന്ന് നടത്തം നിർത്തിയപ്പോൾ പിറകിൽ വന്നവർ ധൃതിയിൽ അടുത്ത് ചെന്ന് എന്തുപറ്റിയെന്ന് തിരക്കി.
മുത്തശ്ശൻ മുന്നിലേക്ക് കൈ ചൂണ്ടി.
നടന്നു കൊണ്ടിരുന്ന വഴി അവരുടെ മുന്നിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. കാണുന്നത് നിറഞ്ഞൊഴുകുന്ന പുഴ.
“രാമാ… വഴി തെറ്റിയെന്നു തോന്നുന്നു. ഇവിടൊരു പുഴയാണ്.”
മുത്തശ്ശൻ പിന്നിൽ നടന്ന അച്ചാച്ചനെ വിളിച്ചു പറഞ്ഞു. (അച്ചാച്ചന്റെ അച്ഛനാണ് മുത്തശ്ശൻ)
എല്ലാരും ഒന്ന്കൂടി എത്തി നോക്കി.. ശരിയാണ് മുന്നിൽ നിറഞ്ഞു പതഞ്ഞൊഴുകുന്ന പുഴ.
ഭാഗവാനേ വഴി തെറ്റിയോ…
ഓരോരുത്തരും വേവലാതിയോടെ പരസ്പരം നോക്കി.
പക്ഷേ അവിടെ നിന്ന് നോക്കുമ്പോൾ അമ്പലത്തിലെ ദീപം കാണുന്നുമുണ്ട്. അവിടേക്കാണ് പോകേണ്ടതും. പക്ഷേ വഴി എവിടെയെന്നു കാണാൻ പറ്റുന്നില്ല.
“തെക്കോട്ടാ പോകേണ്ടതെന്ന് തോന്നുന്നു.. അങ്ങോട്ട് തിരിഞ്ഞു നടന്നോ.”
മുത്തശൻ ചുറ്റിലും നോക്കിക്കൊണ്ട് പറഞ്ഞു.
എല്ലാവരും കൂടി വഴിതിരിഞ്ഞു നടന്നു തുടങ്ങി. അപ്പൊഴുണ്ട്, പച്ച പുതച്ച വയലാണ് കാണുന്നത്. നടക്കാൻ ഒരു വരമ്പു പോലുമില്ല.
“ശ്ശെടാ.. ഈ വഴി ഒരുപാട് തവണ വന്നിട്ടുള്ളതാണല്ലോ. ഇങ്ങനെയൊരു പാടവും പുഴയും ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ.”
മുത്തശ്ശന്റെ വാക്കുകൾ കൂടെയുള്ളവരുടെ നെഞ്ചിടിപ്പ് കൂട്ടി. ഭയം എല്ലാവരിലേക്കും ഒരു വിറയായി പടർന്നിറങ്ങി.
“സാരമില്ല, ദാ ആ വഴിയാണന്ന് തോന്നുന്നു. ഇങ്ങോട്ട് പോരേ എല്ലാരും.
വീണ്ടും വഴി തിരിഞ്ഞ്, മുന്നിൽ നടന്നുകൊണ്ട് മുത്തശ്ശൻ തന്റെ ശിഷ്യൻമാരുടെ പേടിയകറ്റാൻ ശ്രമിച്ചു.
രണ്ടടി നടന്നതേയുള്ളൂ.. മുന്നിൽ വലിയൊരു പാറ.. അത്
വഴിനിറഞ്ഞു കിടക്കുകയാണ്.
“ഭഗവാനേ… ഇത് ആരോ കരുതിക്കൂട്ടി ചെയ്യുന്നതാണല്ലോ എന്നും പറഞ്ഞ് നെഞ്ചിൽ കൈ വെച്ച് എന്തൊക്കയോ പ്രാർത്ഥിച്ചു മുത്തശ്ശൻ. പിന്നെ അരയിൽ നിന്ന് പേനാക്കത്തിയെടുത്ത് അതിൽ ചുണ്ണാമ്പ് തേച്ച് മുന്നോട്ട് നീട്ടിപ്പിടിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാട്ടുപോത്തിന്റെ അലർച്ച കേട്ട് എല്ലാവരും നടുങ്ങി വിറച്ചുപോയി.
കണ്ണുകൾ പൂട്ടി നിന്നിരുന്നവർ,മുത്തശ്ശന്റെ പൊട്ടിച്ചിരി കേട്ട് കണ്ണ് തുറക്കുമ്പോൾ പുഴയും, പാടവും, കരിമ്പാറക്കൂട്ടവും എവിടെയോ പോയൊളിച്ചിരിക്കുന്നു. മുന്നിൽ കറുത്ത റോഡ് നീണ്ടു നിവർന്നു കിടക്കുന്നു.
“ഒടിയന്റെ പണിയാ. അവൻ നമ്മുടെ കണ്ണുകെട്ടാൻ നോക്കിയതാ. ഇനിയവന്റെ വേലയൊന്നും നടക്കില്ല. എല്ലാരും വെക്കമങ്ങോട്ട് നടന്നോളു..
മുത്തശ്ശന്റെ ഘനഗാംഭീര്യമാർന്ന ശബ്ദത്തെ പിന്തുടർന്ന് എല്ലാവരും മുന്നോട്ട് നടന്നു.
രാത്രിയിൽ ഒറ്റക്കിറങ്ങി നടക്കുന്നവരെയും, ശത്രുക്കളെയും ഭയപ്പെടുത്തി കൊല്ലുന്നവരാണത്രേ ഒടിയൻമാർ. അവർക്ക് മന്ത്രം ചൊല്ലി, പോത്തിന്റെയും നായയുടേയുമൊക്കെ രൂപത്തിൽ ആകാൻ കഴിയും.കൺകെട്ട് വിദ്യകളും പ്രയോഗിക്കും.
അമ്മുമ്മയും കണ്ടിട്ടുണ്ടത്രേ ഒടിയൻ പോത്തിന്റെ രൂപത്തിൽ വരുന്നത്.
മുത്തശൻ മരിക്കുവോളം, ഈ കുടുംബത്തിലുള്ള ആരെയും ഒന്നും ചെയ്യാൻ ഒരു ദുഷ്ട ശക്തികൾക്കും കഴിഞ്ഞിട്ടില്ല.കാരണം മുതു മുത്തശ്ശൻമാരിൽ നിന്നും പകർന്നു കിട്ടിയ മന്ത്ര തന്ത്രങ്ങളൊക്കെ മുത്തശ്ശന്റെ കയ്യിലും ഉണ്ടായിരുന്നത്രെ.
അമ്മമ്മ അത് പറഞ്ഞു നിർത്തുമ്പോൾ അഭിമാനം കൊണ്ട് തലയുയർത്തി പിടിച്ചിരുന്നു
ആ മുത്തശ്ശന് ഏറ്റവുമിഷ്ടം വല്യമ്മാവനെയായിരുന്നു.
മുത്തശ്ശൻ മരിക്കുന്ന സമയത്ത്, അതൊരു പാതിരാത്രിയായിരുന്നു വല്ല്യമ്മാവന് കലശലായ വയറു വേദന തുടങ്ങി. അന്നത്തെ കക്കൂസ് പറമ്പിന്റെ അറ്റത്താണ്. ടോർച്ചോ, മണ്ണെണ്ണ വിളക്കോ കയ്യിൽപ്പിടിച്ചാണ് രാത്രി വെളിക്കിരിക്കാൻ പോകുക.
അന്ന് എത്ര ശ്രമിച്ചിട്ടും ടോർച്ചു കത്തുന്നില്ല. മണ്ണെണ്ണ വിളക്ക് കത്തിച്ചു പിടിച്ച് പാതി വഴി നടന്നേയുള്ളു അത് കെട്ടുപോയി.
കക്കൂസിൽ പോകാതെ നിവർത്തിയില്ല എന്നത് കൊണ്ട് പേടിച്ചു വിറച്ചുകൊണ്ട് മുന്നോട്ടു തന്നെ നടന്നു.
വാതിലില്ലാത്ത ഒരു കക്കൂസായിരുന്നു അത്. പറമ്പിന്റെ അതിര് തിരിക്കുന്ന അരമതിലാണ് മുൻ ഭാഗത്തു നിന്നുള്ള മറ.
വല്യമ്മാവൻ അകത്തു കയറി ഇരുന്നതും ഒരു കാലൻ കോഴി ഉച്ചത്തിൽ കൂവിക്കൊണ്ട് അരമതിലിൽ വന്നിരുന്നു.
അതിന്റെ കൂവൽ ഉറങ്ങിക്കിടന്ന അമ്മമ്മയും കേട്ടു.
അമ്മമ്മക്കും അന്ന് ആകെയൊരു എരിപൊരി സഞ്ചാരമായിരുന്നത്രെ.
പെട്ടന്ന് പറമ്പിനറ്റത്തു നിന്നും വല്യമ്മാവന്റെ കരച്ചിൽ കേട്ടപോലെ തോന്നി അമ്മമ്മ വിളക്കും കത്തിച്ചു പുറത്തിറങ്ങി.
കക്കൂസിൽ നിന്നാണ് കരച്ചിൽ എന്ന് മനസ്സിലായതും, മോനേയെന്ന് ഉറക്കെ വിളിച്ചു കൊണ്ട് അങ്ങോട്ടോടി ചെന്നു.
വല്യമ്മാവൻ മലത്തിലും മൂത്രത്തിലും വീണ് കിടക്കുകയായിരുന്നു. കാലൻകോഴി അപ്പോഴും അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു. അമ്മമ്മ നോക്കിയപ്പോൾ മുത്തശ്ശന്റെ മുഖമായിരുന്നത്രെ അതിന്.
പെട്ടന്ന് അമ്മമ്മക്ക് ആപത്ത് മണത്തു. മുത്തശ്ശൻ മരണക്കിടക്കയിലാണെന്ന ഓർമ്മയിൽ അമ്മമ്മ വിറച്ചു പോയി.
കരഞ്ഞുകൊണ്ട്,എന്റെ കുഞ്ഞിനെ ഇങ്ങനെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നും പറഞ്ഞ് അമ്മമ്മ നെഞ്ചിൽ തല്ലി.ഉടനെ കാലൻ കോഴി എങ്ങോട്ടോ പറന്നു പോയി.
എന്തിനാ അമ്മാമ്മേ മുത്തശ്ശൻ കാലൻ കോഴിയായി വന്ന് വല്ല്യമ്മാവനെ പേടിപ്പിച്ചേ..?
എന്റെ ചോദ്യം കേട്ട് അമ്മമ്മ ഒരു നെടുവീർപ്പിട്ടു.
ഇഷ്ടമുള്ളവരേ കൂടെ കൂട്ടാൻ വന്നതാ മോളേ.
എന്നിട്ട് വല്യമ്മാവനെ കൊണ്ടു പോയോ.
ഹേയ്… ഇല്ലല്ലോ. വല്യമ്മാവൻ ഇപ്പോഴുമില്ലേ ഇവിടെ. ഞാൻ കരഞ്ഞു പറഞ്ഞു എന്റെ മോനേ കൊണ്ടോവല്ലേ ന്ന്.. അതു കേട്ട് മനസലിഞ്ഞ് മുത്തശ്ശൻ പറന്നു പോയി.
പക്ഷേ, പിറ്റേന്ന് മുത്തശ്ശന്റെ മൃതദേഹം കുളിപ്പിച്ച് കിടത്തിയ നേരത്തൊക്കെ വല്യമ്മാവന് തൊട്ടാൽ പൊള്ളുന്ന പനിയായിരുന്നു.ഒരാഴ്ചയെടുത്തു ആ പനിയിറങ്ങി ബോധം തെളിയാൻ.
ഇപ്പോഴും കാലൻകോഴിയുടെ കൂവൽ കേൾക്കുമ്പോൾ ആ ഒരു ഓർമ്മയാണെനിക്ക്. അമ്മമ്മ നെടുവീർപ്പിട്ടു.
യക്ഷിയുടെ കഥ പറഞ്ഞില്ലല്ലോ അമ്മാമ്മേ..
ഓർമ്മകളെ അടുക്കിപ്പെറുക്കി നിശ്ചലയായിരുന്ന അമ്മമ്മയെ ലളിതച്ചിറ്റയുടെ മോൾ അമ്പിളി ഒന്ന് തോണ്ടി.
യക്ഷിയുടെ കഥയിനി രാത്രിയിൽ പറയാം പിള്ളേരെ. നമ്മുടെ തെക്കോറേ നിൽക്കുന്ന പാലയിൽ ഇപ്പോഴുമുണ്ട് യക്ഷി. നിങ്ങൾക്കൊരു ദിവസം ഞാൻ കാണിച്ചു തരുന്നുണ്ട്.
അമ്മമ്മ കണ്ടിട്ടുണ്ടോ യക്ഷിയെ?
കണ്ടിട്ടുണ്ടോന്നോ… അമ്മമ്മ വിടർന്നു ചിരിച്ചു.
നിങ്ങൾ കണ്ടിട്ടില്ലേ അമ്പലത്തിലെ യക്ഷിത്തറ. അവളിപ്പോഴും ഇവിടെയൊക്കെത്തന്നെ ഉണ്ടന്നേ.
യക്ഷി എന്നു കേട്ടപ്പോൾ എനിക്കോർമ്മ വന്നത് ആയിടെ കണ്ട ഒരു സിനിമയിൽ, മാള അരവിന്ദനെ പിടിച്ച് ചോര കുടിക്കാൻ പിന്നാലെ ഓടുന്ന ഭീകര രൂപത്തെയാണ്. ശ്രീവിദ്യ ദേവിയായി വന്ന് ആ യക്ഷിയെ ശൂലം കൊണ്ട് കുത്തിക്കൊല്ലും.
അമ്പലത്തിലെ യക്ഷിത്തറയിലിരിക്കുന്ന ഉരുളൻ കല്ലിനും അതുപോലൊരു രൂപമാണെന്ന് മനസ്സിലോർത്തു.
രാത്രി ആ പാലയിലേക്ക് നോക്കിയപ്പോൾ തടിച്ചുരുണ്ട, ദംഷ്ട്രകളിലൂടെ ചോരയൊലിപ്പിക്കുന്ന ഒരു രൂപം അവിടെയിരുന്നു അട്ടഹസിക്കുന്ന പോലെ തോന്നി.
പിറ്റേന്ന് നേരം വെളുത്തപ്പോൾ എനിക്ക് തൊട്ടാൽ പൊള്ളുന്ന പനിയായിരുന്നു..
പിള്ളേരെ പറഞ്ഞു പേടിപ്പിക്കാൻ ഓരോ കഥകൾ ഉണ്ടാക്കി പറഞ്ഞു കൊടുക്കും. ഇപ്പോ തൃപ്തിയായില്ലേ അമ്മക്ക്.
ബോധാബോധങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഏതോ ഒരു നിമിഷത്തിൽ അമ്മയുടെ ശബ്ദം മാത്രം ഞാൻ തിരിച്ചറിഞ്ഞു.
#എന്റെരചന
#വായ്മൊഴിക്കഥ


10 Comments
മനോഹരം
നല്ലെഴുത്ത് 👍
മനോഹരം
മുത്തശ്ശി പറഞ്ഞുതരുന്ന കഥകൾ കേട്ടിരിക്കാനും വേണം ഒരു യോഗം- അതൊക്കെ അന്യം നിന്നുപോയി- ഇപ്പോഴും അങ്ങനെയൊരു കാലം കൊതിച്ചുപോകുന്നു.
👌👍❤️💯🙏
താങ്ക്യു 🥰
പേടിപ്പെടുത്തുന്ന കഥകൾ പറയാൻ മുത്തശ്ശിമാരൊക്കെ എത്ര മിടുക്കരാണ് അല്ലേ
നല്ല കഥകൾ സിന്ധൂ❤️👌🌹
നല്ലെഴുത്ത്.
ഒഴുക്കിൽ മായിച്ചു.👍👏😍
സ്നേഹം ❤️
മനോഹരം