വിമാനം എന്നത് അന്നും ഇന്നും എന്നും എനിക്കൊരു കൗതുകവസ്തുവാണ്, അത്ഭുതമാണ്. ഇത്രയും ഭീമാകാരൻ പക്ഷിരൂപൻ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിനെ തെല്ലും വകവയ്ക്കാതെ ഇത്രയും ആളുകളേയും, അവരുടെ സാധന സാമഗ്രികളെയും കൊണ്ട് പറന്ന് പൊങ്ങുന്ന കാഴ്ച എന്നാളും വിസ്മയകരം തന്നെ!
കുഞ്ഞുനാളിലൊക്കെ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നിടത്ത് നിന്ന് പോലും വിമാനത്തിൻ്റെ ഇരമ്പൽ കേട്ടാൽ, ഓടി മുറ്റത്ത് എത്തി വായും പൊളിച്ച് മാനം നോക്കി മിഴിച്ച് നിൽക്കും. മേഘക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചുകളി നടത്തി മുരണ്ട് കൊണ്ട് മുന്നേറുന്ന, രാത്രികാലങ്ങളിൽ മിന്നിക്കെടുന്ന പ്രകാശത്തോടെ പോവാറുള്ള ആ അത്ഭുതപേടകം! എൻ്റെ വീടിന് മുകളിലെ ആകാശത്തിലൂടെ ഞാൻ കാണാതെ ഒരൊറ്റ വിമാനവും കടന്ന് പോകരുതെന്ന വാശിയുള്ളതുപോലെ ഓടും. കണ്ണിൽ നിന്നും മറയും വരെ നോക്കിയങ്ങനെ നിൽക്കും. അന്നൊന്നും അതിൻ്റെ വലുപ്പത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ല. വിമാനം അടുത്ത് നിന്ന് കാണാൻ അവസരം അന്നോളം ഉണ്ടായിരുന്നില്ല.
ഒരു നാൾ പഠിക്കുന്ന കോൺവെൻറിൽ നിന്നും പിക്‌നിക്ക്. പോകുന്ന വഴി കൊച്ചി എയർപോർട്ടിൽ നിന്നും വിമാനങ്ങൾ പറന്നു പൊങ്ങുന്നതും, ഇറങ്ങുന്നതും കുട്ടികൾക്ക് കാണിച്ച് കൊടുക്കുവാനും പദ്ധതിയുണ്ട് ഗുരുക്കന്മാർക്ക്. ഞങ്ങളുടെ പിക്നിക്ക് ബസ്സ് അന്നത്തെ എയർപോർട്ടിൻ്റെ റൺവേക്ക് അടുത്തുള്ള റോഡിൽ മതിലിനോരം ചേർത്ത് നിറുത്തിയിട്ടു. ഒരു ഫ്ലൈറ്റ് വന്നിറങ്ങുന്ന വലിയ മുഴക്കം. ബസ്സിൻ്റെ ഒരു ഭാഗത്തേക്ക് ഞാനടക്കമുള്ള കുട്ടിക്കൂട്ടം കുത്തിത്തിരുകി നിന്ന് എത്തിച്ച് നോക്കി. ഫ്ലൈറ്റ് താഴെ എത്താറായപ്പോൾ അതിൻ്റെ വലിയ ദേഹത്തിൽ വയറിനുള്ളിലെവിടേയോ ഒളിപ്പിച്ച് വച്ച ചക്രങ്ങൾ ഒരു ജാലവിദ്യയിലെന്ന പോലെ പുറത്തേക്ക് ഇറങ്ങി വരുന്നതും ചെറിയ തോതിൽ പൊടിപറത്തി കൊണ്ട് ഭൂമി തൊട്ട് മുന്നോക്കം ഓടി നീങ്ങുന്നതും അവ്യക്തമായി കണ്ടു, കുറച്ചു നേരത്തെ കാത്തുനില്പിന് ഒടുവിൽ ബഹുദൂരം റൺവേയിലൂടെ സഞ്ചരിച്ച് പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ പൊങ്ങി ഉയർന്ന മറ്റൊരു വിമാനം മേഘ കൂമ്പാരങ്ങൾക്കിടയിലേക്ക് നുഴഞ്ഞ് കയറിയതും, ശ്വാസം വിടാതെ കുഞ്ഞിക്കണ്ണുകൾ വിടർത്തി നോക്കിക്കണ്ട് ആശ്ചര്യത്തോടെ നെടുവീർപ്പിട്ടു.
ഞാൻ ആ ഭാഗത്തേക്ക് തന്നെ നോക്കിനിൽക്കവേ, ആലോചിച്ചു..
“എനിക്കെന്നാണാവോ ഇതിലൊന്നുകയറാൻ പറ്റുക? പഞ്ഞിക്കെട്ട് പോലെ മോഹിപ്പിക്കുന്ന ആ വെളുത്ത മേഘപടലങ്ങൾക്കിടയിലൂടെ നീലാകാശ പരപ്പിലേക്ക് കയറി ഒന്ന് കറങ്ങാൻ എന്ത് രസമായിരിക്കും!”
കുറേ കാശാവും എന്നൊക്കെ കൂട്ടുകാർ തമ്മിൽ പറയുന്നത് കേട്ട മാത്രയിൽ ഞാനെൻ്റെ കുഞ്ഞ് മനസ്സിലെ വലിയ ആഗ്രഹം അപ്പോൾ തന്നെ മായ്ച്ചു കളഞ്ഞു.
കാലങ്ങൾ കടന്ന് പോയി.. പ്രായം കുഞ്ഞിപ്പാവാടയിൽ നിന്നും മുഴുനീളൻ പാവാടയായി, പിന്നെ അതിൻമേൽ കാലം ദാവണി അണിയിച്ചു. ദാവണി പിന്നീട് സാരിയായി. വിവാഹ ആലോചനകൾ.. അതിൽ എനിക്കായി നറുക്ക് വീണത് വിമാനങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള ആളുടെ. ബോംബെ ഇൻറർനാഷണൽ എയർ പോർട്ടിൽ
ഉദ്യോഗസ്ഥൻ, അന്നത്തെ മുപ്പതുകാരന്റെ തസ്തിക ഒരു ഇന്റർനാഷണൽ എയർലൈന്റെ ട്രാഫിക് ഓഫീസർ.
ശുദ്ധവായു ധാരാളം ഉള്ള കൊച്ച് കേരളത്തിൽ നിന്നും മലിനവായു ധാരാളം ഉള്ള മഹാനഗരമായ ബോംബെയിലേക്ക് പറിച്ച് നടപ്പെടുന്നതിന്റെ മുന്നോടിയായി വിമാനമാർഗ്ഗേ അങ്ങോട്ടുള്ള എന്റെ ആദ്യപ്രയാണം. വിവാഹത്തിന് പതിനഞ്ച് ദിവസത്തിന് ശേഷം.. ആദ്യവ്യോമയാത്രയുടെ വിസ്മയം ഇന്നും മനസ്സിൽ മായാതെ! ആ ഓർമ്മകളിൽ ഞാനിന്നും അന്നത്തെ ഇരുപത്തിരണ്ടുകാരിയാവുന്നു.
പുതുമോടിയിൽ പുതുമണവാളനൊപ്പമുള്ള ആ കന്നിയാത്രയിൽ വിമാനം പറന്നുയർന്നപ്പോൾ എന്റെ കൊച്ചുകുഞ്ഞിനേ പോലെയുള്ള വെമ്പലും, വെപ്രാളവും അമ്പരപ്പാർന്ന മിഴികളും. താടിയിൽ കൈ ഊന്നി സാകൂതം ആളെന്നെ നോക്കിയിരുന്നത് ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ! ചുണ്ടിന്റെ കോണിലെ ഞാൻ കാണാതെ ഒളിപ്പിക്കാൻ ശ്രമിച്ചിരുന്ന, കണ്ടിട്ടും ഞാൻ കണ്ടില്ലെന്നു നടിച്ച ആളുടെ ആ പുഞ്ചിരിക്കും അന്നും ഇന്നും എന്നും ഇരുപത്തിരണ്ടിന്റെ യൗവനം!
എല്ലാം പുതിയ അനുഭവങ്ങൾ.. എയർ പോർട്ടിൻ്റെ ഉൾവശവും, യാത്ര ആരംഭിക്കാൻ പോകുന്ന ഇൻഡ്യൻ എയർലൈൻസിൻ്റെ ബോയിങ്ങ് 737
വിമാനവും എല്ലാം.. ബോർഡിംങ്ങ് പാസ് എടുക്കലും, ലഗേജ് ചെക്കിൻ ചെയ്യലും, സെക്യുരിറ്റി ചെക്കും, ഫ്ലൈറ്റിനടുത്തേക്ക് ബസ്സിൽ ഉള്ള പോക്കും ഒക്കെ..
ഫ്ലൈറ്റിനുള്ളിലേക്ക് കയറുമ്പോൾ എൻ്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാം. ഒന്നുമറിഞ്ഞുകൂടാത്ത എനിക്ക് എല്ലാം പറഞ്ഞ് തന്ന് ഇനിമുതൽ അങ്ങോട്ട് ജീവിതത്തിൽ കൂട്ടായ ആൾ. സീറ്റ് ബെൽട്ട് ഇടാൻ പോലും അറിയാതെ തിങ്ങുന്ന എന്നെ സഹായിച്ചുകൊണ്ട്. ഫ്ലൈറ്റിനുള്ളിൽ മേഘക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകി നടക്കുന്നുവെന്ന് തോന്നിക്കുന്ന എയർ ഹോസ്റ്റസ് സുന്ദരിമാർ. അവരുടെ അനൗൺസ്മെന്റും ഡെമോൺസ്ട്രേഷനും ഒക്കെ ആദ്യമായി കണ്ടു കേട്ടു. സ്വന്തം സീറ്റിൽ നിവർന്നിരുന്ന് അതുവരെ അടക്കിപ്പിടിച്ചിരുന്ന ശ്വാസം നേരെ വിട്ട് കൊണ്ട് ഞാൻ ചുറ്റും നോക്കി, ചിന്തയിലാണ്ടു..
സ്കൂളിൽ നിന്ന് പോയ പിക്നിക്കിനിടയിൽ കണ്ട ആ അത്ഭുത പേടകം. അതിലൊന്ന് കയറാൻ കൊതിച്ച് അതിനെ ആരാധനയോടെ നോക്കി നിന്നത്, ആ പേടകത്തെ ദിനവും കൈകാര്യം ചെയ്യുന്ന ഒരാളുടെ കൂടെയായിരിക്കും ഭാവി ജീവിതമെന്ന് ആരറിഞ്ഞു? മുഴക്കം കേൾക്കേ മുറ്റത്തോടിയെത്തി, മുകളിലേക്ക് നോക്കുമ്പോൾ ഒരു ഗരുഡനോളം വലുപ്പമുള്ള ഒരു പക്ഷി മൂളി പറന്നു പോകുന്ന പോലെ മാത്രം തോന്നിച്ചിരുന്ന ആ അത്ഭുതം ഇത്ര ഭീമാകാരനായിരുന്നോ?
പെട്ടെന്ന്……
തൊട്ടു മുൻനിരയിലെ സീറ്റിൽ നമ്മുടെ ഗാനഗന്ധർവ്വനേപ്പോലെ തോന്നിക്കുന്ന ഒരാൾ. ഞാൻ ആളെ തോണ്ടി പതിയെ പറഞ്ഞു…
“നോക്കൂ നമ്മടെ ദാസേട്ടനെ പോലെ ഒരാൾ!”
ഒട്ടും അതിശയോക്തി ഇല്ലാതെ ആളുടെ മറുപടി…
“പോലെയല്ല… അദ്ദേഹം തന്നെയാണ്..”
നാട്ടിൽ റേഡിയോയിലൂടെയും റെക്കോഡിലൂടെയും മാത്രം കേട്ടിട്ടുള്ള, പാടിപ്പാടി നമ്മളെയൊക്കെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് ആനയിച്ചുകൊണ്ട് പോവാറുള്ള ആ ശബ്ദ വിസ്മയത്തിനുടമയെ ഈ ജന്മത്തിൽ ദൂരെ നിന്നെങ്കിലും ഒരിക്കൽ കാണുവാൻ സാധിക്കുമോ എന്ന് പലതവണ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്. എന്റെ സന്തോഷം നിസ്സീമമായി…
“ബോംബെയിൽ എത്തട്ടെ പരിചയപ്പെടുത്തി തരാം”
എന്നു കൂടി ആൾ പറഞ്ഞപ്പോൾ പരിപൂർണ്ണമായി.
“അപ്പോ ദാസേട്ടനെ നേരിട്ടറിയുമോ?” എനിക്ക് അതറിയാൻ ധൃതി…
അതിനുത്തരമായി ആൾ കണ്ണൊന്ന് ചിമ്മി വെറുതേ ചിരിച്ചു..
ഏകദേശം ഒന്നര മണിക്കൂർ നേരത്തെ ആ ആകാശയാത്ര ഞാൻ വളരെ ആസ്വദിച്ചു. ജാലകത്തിനടുത്തെ ആളുടെ സീറ്റ് എനിക്ക് തന്നു. വിമാനം റൺവേയിലൂടെ കുറച്ച് ദൂരം ഓടി ഉയർന്ന് പൊങ്ങി.പെട്ടെന്ന് എനിക്ക് തൂവൽ കനം ആയ പോലെ ഒരു തോന്നൽ, മനസ്സിൽ ഒരു ആന്തൽ.
ജാലകത്തിനടുത്ത സീറ്റ് എനിക്ക് തന്നത് കേരളത്തിൻ്റെ ഹരിതവശ്യഭംഗി, ആദ്യമായി അതിൽ യാത്ര ചെയ്യുന്ന ഞാൻ ആസ്വദിച്ചോട്ടേ എന്ന് കരുതിയാണ്. താഴേക്ക് നോക്കിയപ്പോൾ ഒരു മലയാളിയായതിൽ എനിക്കഭിമാനം തോന്നി. അത്രക്ക് സുന്ദരിയായിരുന്നു നമ്മുടെ കേരളനാട്! കേരവൃക്ഷങ്ങളും, മറ്റ് വൃക്ഷങ്ങളും, നദികളും, മലകളും, പാടങ്ങളും.. കണ്ടാലും കണ്ടാലും മതിവരാത്ത പ്രകൃതി ഭംഗി.
മിനിട്ടുകൾക്കുള്ളിൽ അതെല്ലാം കാഴ്ചയിൽ നിന്ന് മറഞ്ഞു പോയി. പിന്നെ കണ്മുന്നിൽ വന്നത് കൈ നീട്ടിയാൽ തൊടാമെന്ന് തോന്നിച്ച വെൺമേഘക്കൂട്ടങ്ങൾ. അവയ്ക്കിടയിലൂടെ കടന്നുപോകുമ്പോൾ വിമാനം ചിലപ്പോഴൊന്ന് കുലുങ്ങും. ചിലപ്പോൾ മുന്നോട്ട് പോവാതെ നിന്ന നില്പിൽ നിൽക്കുകയാണെന്ന് തോന്നും. സുന്ദരിമാർ കൊണ്ടുവന്ന് തന്ന ഭക്ഷണവും ആസ്വദിച്ച് ചുറ്റും കണ്ണോടിച്ചിരുന്നു. ഇടക്കിടക്ക് ദാസേട്ടൻ ഇരിക്കുന്ന സീറ്റിലേക്ക് കണ്ണുകൾ അറിയാതെ നീണ്ടുപോയി..
“നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം” ചുണ്ടും മിനുക്കാം, വിശപ്പും മാറ്റാം എന്നു പറയും പോലെയായി എൻ്റെ ആദ്യ വിമാനയാത്ര.. മോഹിച്ച രണ്ട് കാര്യങ്ങൾ ആണ് ഒറ്റയടിയ്ക്ക് നടന്നത്!
ഇറങ്ങാൻ നേരത്തെ അസഹ്യമായ ചെവിവേദന മാത്രം ഇന്നും അലോസരപ്പെടുത്തുന്ന ഒന്നാണ്. ആദ്യമായി ഞാൻ യാത്ര ചെയ്യുന്ന വിമാനം ബോംബെയുടെ മണ്ണിലിറങ്ങാൻ പോകുന്നു. ലാൻ്റിങ്ങ് അനൗൺസ്മെൻറ് വന്നപ്പോൾ വിമാനത്തിൻ്റെ മുഴക്കത്തിനൊപ്പം മനസ്സിൽ പെരുമ്പറ മുഴക്കം. ലാൻ്റ് ചെയ്യുന്ന സമയം സീറ്റിൻ്റെ ഇരുവശവും ബലമായി പിടിച്ചിരുന്ന തോർക്കുമ്പോൾ ഇന്ന് ചിരി വരുന്നു. വിമാനത്തിൻ്റെ കൺട്രോൾ മുഴുവനും ഇറങ്ങാൻ നേരം പൈലറ്റ് എന്നെ എല്പിച്ച പോലെയുള്ള മുറുക്കിപ്പിടുത്തം..
ബോംബെയിൽ ഇറങ്ങിയ ശേഷം ആളെന്നെ ദാസേട്ടൻ്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് എന്നെ ഭാര്യയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ഞാൻ കൺചിമ്മാതെ അദ്ദേഹത്തെ നോക്കി നിന്നു. കണ്ണ് ചിമ്മുന്ന നേരം പോലും നഷ്ടപ്പെടുത്തി കൂടാ. ഗാനഗന്ധർവ്വൻ ആണ് മുന്നിൽ! ഒരു ഷേക്ക് ഹാൻഡ് കൂടി ആയപ്പോൾ ഒരു നിമിഷം ഇതൊക്കെ യഥാർത്ഥത്തിൽ നടക്കുന്നതാണോ എന്നു പോലും ഞാൻ ശങ്കിച്ചു!
പിന്നീട് ഒരുപാട് വിമാന യാത്രകൾ ചെയ്തു. അവധിക്കാലയാത്രകൾ. എത്ര തവണ യാത്ര ചെയ്താലും, ആദ്യയാത്രപോലെ തന്നെ ആസ്വാദ്യകരം ആകാശയാത്രകൾ.ആൾ ട്രാഫിക് ഓഫീസർ തസ്തികയിൽ നിന്ന് പടിപടിയായി ഉയർന്ന് എയർപോർട്ട് മാനേജറായി വലിയ പ്രമോഷനായപ്പോൾ യാത്രകളുടെ എണ്ണവും കൂടി. പോവുന്നിടത്തെല്ലാം കൂടെ എന്നെയും കൂട്ടി. ആ അത്ഭുത പേടകത്തിലേറി സ്കൂൾ ജോഗ്രഫി പുസ്തകങ്ങളിൽ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള പല പല ഭൂഖണ്ഡങ്ങളിലെ നാടുകൾ നേരിട്ട് കണ്ടപ്പോൾ ആശ്ചര്യം! ഞാനിത്രയ്ക്ക് ഭാഗ്യം ചെയ്തിട്ടുണ്ടോ എന്ന തോന്നൽ.
മുംബൈയിൽ നിന്നും നാട്ടിലേക്കുള്ള ആദ്യത്തെ തിരിച്ച് വരവ് ഇന്നും മനസ്സിൽ മായാതെ ഉണ്ട്. ഏകദേശം ആറുമാസക്കാലത്തിന് ശേഷം നാട്ടിലേക്കുള്ള വരവ് ആയതു കൊണ്ട് ഒരാഴ്ച മുന്നേ പെട്ടി ഒക്കെ ഒതുക്കി ആ ദിവസത്തിനായി അക്ഷമയോടെ കാത്തിരുന്നു. ദിവസങ്ങൾ നീങ്ങുന്നില്ല എന്ന് തോന്നി. വരുന്ന ദിവസം എയർപോർട്ടിൽ എത്തി..
അപ്പോഴാണ് ഇടിത്തീ പോലെ ഒരു പ്രശ്നം മുന്നിൽ.
ഫ്ലൈറ്റ് ഫുൾ ആണ് സ്റ്റാഫ് ടിക്കറ്റ് ഫ്രീ ആയത് കൊണ്ട് ഞങ്ങൾക്ക് സീറ്റ് ഇല്ലത്രെ! സബ്ജെക്ട് ടു ലോഡ് ആയത് കൊണ്ട്, കാശ് ചിലവാക്കി ടിക്കറ്റ് എടുത്തവർക്ക് മുൻഗണന. അത് കഴിഞ്ഞ് ഒഴിവ് വല്ലതും ഉണ്ടെങ്കിൽ സീറ്റ് തരാം എന്ന്. കാത്തിരുന്നിട്ടും സീറ്റ് ഇല്ലാഞ്ഞത് കൊണ്ട് അങ്ങോട്ട് പോയതിലും വേഗതയിൽ ഈ കുട്ടിയും, പെട്ടിയും ഭർത്താവും തിരിച്ച് വീട്ടിലേക്ക്..എനിക്ക് സങ്കടം സഹിക്കാൻ പറ്റാതായി. ആശിച്ച് കൊതിച്ച് വന്നിട്ട് നാട്ടിൽ എത്താൻ പറ്റാത്ത വിഷമം കൊണ്ട് കരഞ്ഞ് എന്റെ കണ്ണൊക്കെ ചുവന്ന് കലങ്ങി.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാർക്ക് ഒപ്പം ‘ഒരു പൈങ്കിളിക്കഥ’ എന്ന സിനിമയ്ക്ക് പോയി പൊരി വെയിലത്ത് വരി നിന്ന് ടിക്കറ്റ് കിട്ടാതെ വീട്ടിലേക്ക് തിരിച്ച് പോന്നപ്പോൾ ഞാൻ ഒരു കരച്ചിൽ കരഞ്ഞിരുന്നു ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നു. ലോകം അവസാനിച്ച പോലെയാണ് ഞാൻ അന്ന് കരഞ്ഞത്. ആ ടൈപ്പ് കരച്ചിൽ ആയിരുന്നു ഇതും. അന്ന് ടിക്കറ്റ് കിട്ടാതെയാണ് തിരിച്ച് പോന്നതെങ്കിൽ, ഇന്ന് ടിക്കറ്റ് ഉണ്ടായിട്ടും തിരിച്ച് പോരേണ്ടി വന്നല്ലോ എന്നോർത്ത് ആ രണ്ട് ടിക്കറ്റ് സംഭവങ്ങളും കൂട്ടിച്ചേർത്ത് ആലോചിച്ച് ഞാൻ തേങ്ങിക്കരഞ്ഞു. യൂണിവേഴ്സിറ്റി പരീക്ഷക്ക് ഹാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പോലും ഇത്രക്ക് വിഷമം ഉണ്ടാകില്ലായിരുന്നു എനിക്ക്.
ക്രമേണ ഇതൊക്കെ വിമാനയാത്രകളിൽ സർവ്വസാധാരണം എന്ന സത്യം ഞാൻ മനസ്സിലാക്കി. എങ്കിലും പിറ്റേന്ന് തന്നെ കാശിന് ടിക്കറ്റ് എടുത്ത് യാത്ര തിരിച്ചു. ഇറങ്ങാറായപ്പോൾ ജന്മനാട് എന്നെ ഇരുകൈയും നീട്ടി വരവേൽക്കും പോലെ എനിക്ക് തോന്നി. വിമാനത്തിന്റെ മുഴക്കത്തിന് ഒപ്പം മനസ്സിന്റെ തുടിക്കൊട്ട്. നാട് വിട്ട് പോകുന്നതിനേക്കാൾ തിരിച്ച് വരുമ്പോൾ ആണ് നാടിന് ഭംഗി കൂടുതൽ എന്ന് തോന്നി.
“തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും”
ഈ ഗാനം ആദ്യമായി കേട്ടപ്പോൾ എന്റെ ആദ്യവരവ് ആണ് ഓർമയിൽ വന്നത്.
പിന്നീടുള്ള യാത്രകളിൽ പലപ്പോഴും വിദേശികൾക്കും അന്യസംസ്ഥാനക്കാർക്കും എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ എന്റെ വിന്റോ സീറ്റ് ഞാൻ വിട്ടുകൊടുക്കാറുണ്ട്, അവരും കാണട്ടെ എന്റെ നാടിന്റെ ചാരുത. എത്ര സുന്ദരമാണ് കേരളം എന്ന അവരുടെ പലഭാഷകളിൽ ഉള്ള വർണ്ണനയും പ്രശംസയും കേട്ട് എന്റെ അന്ത:രംഗം അഭിമാനപൂരിതമാകും.
“ആനന്ദലബ്ധിക്കിനിയെന്തു വേണം?”
വർഷങ്ങൾക്കിപ്പുറം എന്റെ മകനും എയ്റോനോട്ടിക്കൽ എഞ്ചിനീയറിങ്ങിന് ശേഷം വിമാനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നു.
ഒരു ദിവസം ആളും ഞാനും നാട്ടിലേക്ക് വരികയാണ്. ഞാൻ മകനോട് ഫ്ലൈറ്റ് ബോർഡ് ചെയ്യാൻ പോകുന്നു എന്ന് പറയാൻ വിളിച്ചപ്പോൾ അവൻ പറഞ്ഞു,
“ഫ്ലൈറ്റിലേക്ക് കയറുമ്പോൾ ഇടത്തോട്ട് നോക്കിയാൽ ഒരു നമ്പർ കാണാം. ആ നമ്പർ പറഞ്ഞാൽ ഞാൻ വർക്ക് ചെയ്ത എയർക്രാഫ്റ്റ് ആണോ എന്ന് പറയാം”
ഞാൻ അവനോട് പറഞ്ഞു,
“വേണ്ട.. എന്റെ ഉള്ള സ്വസ്ഥതയും ധൈര്യവും കളയണോ?”
അങ്ങനെ ഞാൻ തമാശ പറഞ്ഞെങ്കിലും ഞാൻ നമ്പർ നോക്കി പറഞ്ഞു അവനോട്.
“യെസ് അമ്മ… അത് ഞാൻ വർക്ക് ചെയ്ത എയർക്രാഫ്റ്റ് ആണ്”
അപ്പോൾ കരുതിക്കൂട്ടി സ്വരത്തിൽ ഞെട്ടൽ വരുത്തിയ ഞാൻ ചോദിച്ചു,
“അയ്യോ… ആണോ…? ഊരിയെടുത്ത സ്ക്രൂകൾ എല്ലാം അതത് സ്ഥാനങ്ങളിൽ തിരിച്ച് ഘടിപ്പിച്ചിട്ടില്ലേടാ. അതോ ഊരിയത് എവിടെ നിന്ന് എന്ന് നോക്കാൻ മിനക്കെടാതെ അടുത്ത തൊടിയിലേക്ക് വലിച്ചെറിഞ്ഞിരുന്നോ നീ?”
എന്ന് അവനെ ഒന്ന് ചൊടിപ്പിക്കാൻ ഞാൻ പറഞ്ഞെങ്കിലും എനിക്ക് ആ സമയം വളരെ അഭിമാനം തോന്നി. എയർപോർട്ടിൽ നിന്നും ആളുകളെ യഥാവിധി കയറ്റി യാത്ര ചെയ്യിപ്പിക്കുന്ന അച്ഛന്റെ കൂടെ, മകൻ വർക്ക് ചെയ്ത വിമാനത്തിൽ യാത്ര ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നി..
മുംബൈ വാസത്തിന് ശേഷം ഞങ്ങൾ അടുത്ത കാലം വരെ ജീവിച്ചത് അഹമ്മദാബാദിൽ ആണ്. ആൾക്ക് പോസ്റ്റിങ്ങ് ആ എയർപോട്ടിലും ഉണ്ടായിരുന്നു. എയർപോർട്ടിന് അടുത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ ഉണ്ടായ അതിദാരുണമായ വിമാനഅപകടം. ദിവസങ്ങളോളം മനസ്സിനെ ഉലക്കുന്നതായിരുന്നു. ഇനി അങ്ങനെ ഉള്ളതൊന്നും സംഭവിക്കാതിരിക്കട്ടെ.
യാത്രകൾ എന്നും ആനന്ദദായകങ്ങൾ ആണ്. ആ ആനന്ദം പകർന്ന് നൽകുന്ന ഊർജ്ജം ജീവിതത്തിലെ മുഷിച്ചിലുകളെ ഇല്ലാതാക്കുന്നു. ഒരു ചെടിക്ക് പുതിയ തളിരും ഇലകളും പൂക്കളും വരുന്ന പോലെ ജീവിതത്തിൽ യാത്രകൾ പച്ചപ്പും കുളിരും പുതുമയും ഏകുന്നു. കാണാത്ത ഭൂഭാഗങ്ങൾ കാണാനും ആസ്വദിക്കാനും ആകാശപ്പരപ്പിലൂടെ, കടൽപ്പരപ്പിന് മുകളിലൂടെ ഉള്ള യാത്രകൾ. ഒരിക്കൽ പോലും ഒരു വിമാനയാത്ര തരപ്പെടാത്ത എത്രയോ പേർ ഉണ്ട് നമുക്ക് ചുറ്റും. അങ്ങനെ ആലോചിക്കുമ്പോൾ നമുക്ക് തരപ്പെട്ട വിമാന യാത്രകൾ ഒക്കെയും ഭാഗ്യങ്ങൾ, അനുഗ്രഹങ്ങൾ.
ഈ ഭൂമിയിലെ കാഴ്ചകളിൽ, കണ്ടതൊക്കെയും മനോഹരം!
കാണാത്തതും കാണാനുള്ളതും അതിമനോഹരം!
#എന്റെ രചന – വിമാനക്കഥകൾ
✍🏻(>സുജാതനായർ<)✍🏻


13 Comments
സുജാതയെ വായിക്കാൻ എന്തു രസമാണ്. കന്നി വിമാനയാത്രയുടെ ഓർമ്മ എത്ര നന്നായിട്ടാണ് പങ്കുവെച്ചത് ! ഭാഷയുടെ ഭംഗി എടുത്തു പറയണം.👌👏❤️
വിമാന യാത്രാനുഭവങ്ങൾ സുന്ദരമായി എഴുതി👍🌹
മനോഹരം 👍
👍👍🤝
Superb keep it up dear
മനോഹരമായ രചന. വിമാനയാത്രക്ക് പല മുഖങ്ങളുണ്ട് എന്ന് തോന്നാറുണ്ട്. കൗതുകം, ആവലാതി, വേറിട്ട അനുഭവം എന്നിവയൊക്കെ. എല്ലാം ഇവിടെ വായിച്ചു.
സൂപ്പർ 👌💗🥰
മനോഹരമായ അനുഭവക്കുറിപ്പ്. വളരെ നന്നായി എഴുതിയിട്ടുണ്ട് ആശംസകൾ നേരുന്നു. യേശുദാസിനെ പരിചയപ്പെടാനൊക്കെ കഴിഞ്ഞല്ലോ ഭാഗ്യം. സമ്മാനം ലഭിച്ചതിന് അഭിനന്ദനങ്ങൾ.
എന്ത് രസാ ❤️❤️❤️
ഹൃദ്യമായ എഴുത്ത്❤️👍
വളരെ നന്നായിരുന്നു എഴുത്ത്👌👍♥️🔥💯
മനോഹരം സുജാത
എത്രയെത്ര ഓർമ്മകൾ❤️🌹👌
Nice one