പാർക്കിന്റെ ഒഴിഞ്ഞ ബെഞ്ചിൽ അലക്ഷ്യമായി നോക്കിയിരിക്കുക ഈയിടെയായി എന്റെ പതിവാണ്. മന്ത്രി മന്ദിരങ്ങൾക്കിടയിലുള്ള ഈ പാർക്കിൽ നഗരത്തിന്റെ വലിയ തിരക്കില്ല.
സന്ധ്യക്ക് വരുമ്പോൾ കുറച്ചു പേരുണ്ടാകും. നടക്കുന്നവർ, വെറുതെ സംസാരിച്ചു സമയം കളയുന്നവർ, കുട്ടികളെ കളിപ്പിക്കുന്നവർ തുടങ്ങി.
പതിയെ പതിയെ അവനവന്റെ കാര്യം മതിയാക്കി കളം കാലിയാക്കി സ്ഥലം വിടുന്നവർ.
തനിക്കു മാത്രം ഈ നഗരത്തിൽ അധികം പരിചയക്കാർ ഇല്ലാത്തതിനാൽ, എന്നും തനിയെ ആണ് ഇരിപ്പ്. അതും ഒരേ ബെഞ്ചിൽ.
ഇരിക്കുന്ന ബെഞ്ച് ചെറിയ പൊട്ടലുള്ളതും നിറം മങ്ങിയതുമാണ്. അല്ലെങ്കിലും നിറവും രൂപവും ആര് നോക്കാൻ? എല്ലാം അസ്ഥിരമാണല്ലോ? ആരും സ്ഥിര താമസത്തിന് വരുന്നവരല്ലല്ലോ?
ഈയിടെയായി സന്ധ്യ വേഗം ഇരുട്ട് വീഴ്ത്തുന്നു. തണുപ്പും കൂടി വരുന്നുണ്ട്. അതു കൊണ്ടു തന്നെ പാർക്ക് വേഗം കാലിയാകുന്നു.
“സാറെ, ഇവനെ ഇവിടെ ഒന്ന് ഇരുത്തട്ടെ? ഒന്ന് നോക്കണേ.”
ഒരു സ്ത്രീ.അലസമായ വേഷം… സാരി നരച്ച് അങ്ങിങ്ങായി കീറിയിട്ടുണ്ട്. കുട്ടിക്ക് ഒരു അഞ്ചു വയസ്സ് കാണും. കണ്ണിൽ പേടി, ദൈന്യത.
വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. അഥവാ അവൾ ഉത്തരത്തിനായി കാത്തു നിന്നില്ല.
അവനെ എന്റെ കൂടെ ഇരുത്തി പിറകെ വന്ന മെലിഞ്ഞ മനുഷ്യനെ നയിച്ച് കൊണ്ട് അവൾ ഇരുട്ടിൽ മറഞ്ഞു.
ഞാൻ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടു, ബാഗിൽ കരുതിയ ബിസ്ക്കറ്റ് അവന് നീട്ടി. ലോ ഷുഗറിന് വിശന്നിരിക്കാൻ പാടില്ലെന്ന് പറഞ്ഞു രമ്യ തന്ന് വിടുന്നതാണ്.
അവൻ വേണ്ട എന്ന് തലയാട്ടി.
അവൻ ആ ബിസ്ക്കറ്റ് ലേക്ക് ഒന്ന് നോക്കി കണ്ണെടുത്തു.
അവന്റെ കണ്ണുകൾ അമ്മ പോയ വഴിക്കായിരുന്നു. അവന്റെ കണ്ണിൽ വിശപ്പുണ്ട്. പക്ഷേ, എന്നെ ഭയം ആണെന്ന് തോന്നി. അവന്റെ അഭിമാനം കളയാൻ ഞാൻ നിർബന്ധിച്ചില്ല.
വിശപ്പ് മാറിയ മെലിഞ്ഞ മനുഷ്യൻ അഭിമാനം വിടാതെ, ഞാനിരിക്കുന്ന ഭാഗത്തേക്ക് നോക്കാതെ കടന്ന് പോയി.
അമ്മയെ കണ്ടതും അവൻ ഓടി ചെന്ന് ‘വിശക്കുന്നമ്മേ…’ എന്ന് വിലപിച്ചു.
ബ്ലൗസിനുള്ളിൽ തിരുകി വെച്ച മൂന്നു നാലു നോട്ടിൽ നിന്നും ചെറുത് എടുത്തു അവനു നേരെ നീട്ടി.
“പോയി എന്തെങ്കിലും വാങ്ങിക്കോ”..
അവനും എന്നെ കടന്ന് പോയി, എന്റെ നേരെ ഒരു നോട്ടത്തോടെ, ‘കണ്ടോ എന്റെ വിശപ്പ് മാറ്റാൻ എന്റെ അമ്മയുണ്ട്’ എന്നൊരു ലാഞ്ചനയോടെ.
അവൾ എന്നെ ചുറ്റിപ്പറ്റി നിന്നു. എനിക്ക് താല്പര്യമുണ്ടോ എന്ന വിധത്തിൽ നോക്കി.
ഞാൻ കയ്യിൽ വച്ച ബിസ്ക്കറ്റ് പായ്ക്കറ്റിൽ നിന്നു രണ്ടെണ്ണം അവൾക്കു നേരെ നീട്ടി. അവളതു വാങ്ങി ആർത്തിയോടെ തിന്നു. നന്ദിയോടെ എന്നെ നോക്കി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“കാലത്തു മുതൽ ഒന്നും കഴിച്ചിട്ടില്ല സാറെ, അവനും.”
ഞാൻ ഞെട്ടലോടെ അവനെ ഓർത്തു. അവന്റെ കുഴിഞ്ഞ കണ്ണുകളെ ഓർത്തു.
എന്റെ വീട്ടിലെ കുട്ടികൾ വിശക്കുമ്പോൾ കാണിക്കുന്ന പങ്കപാടുകൾ ഓർത്തു.
അടുത്ത കസ്റ്റമറുടെ വരവും കാത്ത് അവളവിടെ ഇരുന്നു.
ഞാൻ ബാഗും എടുത്ത് മുന്നോട്ട് നടന്നു…. കയ്യിലിരുന്ന ബിസ്ക്കറ്റുകൾ കയ്യിലെ വിയർപ്പിൽ നനഞ്ഞു പോയി.
ബിസ്ക്കറ്റ് കൊണ്ടു ഓടി വരുന്ന കുട്ടിയെ ഞാൻ ദൂരെ കണ്ടു, എന്റെ കയ്യിലെ അതേ ബിസ്ക്കറ്റ്.
പാർക്കിൽ നിന്ന് നടന്ന് നീങ്ങവേ എന്റെ മനസ്സ് നിറയെ അവനായിരുന്നു, ദൈന്യത നിറഞ്ഞ രൂപവും, ഭീതി നിഴലിക്കുന്ന കണ്ണുകളും..
*സുനിൽ കിഴക്കൂട്ട്*


12 Comments
ഉള്ളുലയ്ക്കുന്ന അതിമനോഹരമായ എഴുത്ത് 👌. ഇനിയും പുതിയ കഥകളുമായി വരൂ.. 👏👏🌹
തുറന്ന് എഴുതി👌
വിശപ്പ്.. അതിനേക്കാൾ ഭീകരം ഒന്നുമില്ല
മനസ്സിൽ തൊട്ട എഴുത്ത്👌♥️
വിശപ്പിൻ്റെ, അഭിമാനത്തിൻ്റെ വിവിധ മാനങ്ങൾ ഉള്ള നല്ലൊരു രചന. പേരില്ലാത്ത, പേരു വേണ്ടാത്ത 4 കഥാപാത്രങ്ങൾ . കഥയിൽ പരാമർശിക്കപ്പെടുക മാത്രം ചെയ്യുന്ന ഒരാളിനേ പേരുള്ളൂ. കഥ ഹൃദയത്തിലെത്താൻ കഥാപാത്രങ്ങൾക്കു പേരു പോലും വേണ്ട.! ഈ കഥയുടെ യുക്തിഭദ്രത എന്നെ വല്ലാതെ ആകർഷിച്ചു.👌👌👌👌❤️❤️
Thanks 🙏
😍😍😍👌🏻👌🏻👌🏻👌🏻 നല്ല എഴുത്ത് സുനി… വിശപ്പ്.. ചിലരുടെ വിശപ്പ് ചിലരുടെ വയറ്റിപ്പിഴപ്പ്! കുട്ടിയുടെയും അമ്മയുടെയും ദൈന്യത ഒരു ക്യാൻവാസിലെ ചിത്രം എന്നോണം തെളിഞ്ഞ് കണ്ടു. ഗംഭീരം.. അഭിനന്ദനങ്ങൾ 🤝
Thanks suja 🙏
ഹൃദയസ്പർശ്ശിയായ എഴുത്ത്👌
ദാരിദ്രത്തിന്റെ ദൈന്യവും കുട്ടിയുടെ ആത്മാഭിമാനവും എഴുത്തിൽ മിഴിവോടെ നിന്നു.
Thanks 🙏
Very nice story👏👏👏
Thanks