“നന്നായി സാറേ, സാറിന്റെ അച്ഛന്റെ ആത്മാവ് ഇപ്പോൾ സന്തോഷിച്ചിട്ടുണ്ടാകും. “
സഞ്ജീവ് മറുപടിയൊന്നും പറഞ്ഞില്ല.
തറയിൽ ചലനമില്ലാതെ കിടക്കുന്ന ഒലീവിയയുടെ ശരീരം കണ്ടിട്ട്, അടുത്തിരുന്ന വിമൽ പേടിച്ചു നിരങ്ങി മാറി.
ഒരു ഹിന്ദിക്കാരൻ വിമലിനേയും സഞ്ജീവിനേയും മറ്റൊരു മുറിയിലേയ്ക്കു മാറ്റി. ഒലീവിയ കിടന്ന മുറി പുറത്ത് നിന്നും പൂട്ടി.
“ഇനി നമുക്ക് ഇവിടെ നിന്നും മാറണം, നേരത്തോടു നേരമാകുമ്പോൾ ദുർഗന്ധം പരക്കും. ഇന്ന് രാത്രിയിൽ നമുക്ക് മറ്റൊരു ഇടം തേടി പോകേണ്ടി വരും. “
നിധിൻ ഏജൻ്റ് പി ബി യോട് പറഞ്ഞു.
“പ്ലാൻ എ വർക്ക് ചെയ്തില്ലെങ്കിൽ പ്ലാൻ ബി വർക്കാകണം. “
ദേവിയുടെ മുറിയുടെ വരാന്തയിലായിരുന്നു മാലതിയും കുഞ്ഞും ആ രാത്രി ചിലവഴിച്ചത്.
“അമ്മ വേണമെങ്കിൽ പോയി കിടന്നു ഉറങ്ങിക്കൊള്ളൂ. ഞാൻ ഉണർന്നിരുന്നോളാം. “
പലപ്രാവശ്യം ആൻഡ്രു ഇങ്ങനെ പറഞ്ഞതാണ്..
“വേണ്ട കുട്ടി, അവളെ വിട്ടിട്ടു പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. “
മാലതിക്ക് ഇപ്പോഴും ആൻഡ്രുവിനെ പൂർണമായും വിശ്വസിക്കാൻ കഴിയുന്നില്ല.
“അമ്മയ്ക്ക് ഇപ്പോഴും എന്നെ സ്വന്തമായിട്ട് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല അല്ലേ, എനിക്ക് മനസിലാകും അമ്മയുടെ ആശങ്കകൾ. “
“എനിക്ക് അവളല്ലാതെ വേറെ ആരാ ഉള്ളത്. “
രാവിലെ വരെ അവർ തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നു. കുഞ്ഞു നവമി അൻഡ്രുവിന്റെ മടിയിൽ തല വച്ച് കസേരയിൽ കിടന്നുറങ്ങി. ആൻഡ്രു കുഞ്ഞിന്റെ തലയിൽ മെല്ലെ തലോടി.
“ഈ കുഞ്ഞിന്റെ വിധിയും വ്യത്യസ്തമല്ല, അച്ഛന്റെ സ്നേഹം ലഭിക്കാനുള്ള ഭാഗ്യം അവൾക്കില്ല. അവളുടെ അമ്മയാകട്ടെ ഈ അവസ്ഥയിലും. “
നേരം പുലർന്നപ്പോൾ രാഹുലെത്തി. ചില കേസിന്റെ കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞാണ് രാഹുൽ ദേവിയുടെ മുറിയിലേയ്ക്കു കയറി പോയത്. അവർ തമ്മിൽ ശബ്ദം കുറച്ചു സംസാരിക്കുന്നത് കണ്ടിട്ടാണ് മാലതി മുറിയിലേയ്ക്ക് കയറി ചെന്നത്.
“മോനെ രാഹുലേ, നീ നിന്റെ യുക്തി പോലെ എല്ലാം ചെയ്തോളൂ. അവൾക്കിനി കുറച്ചു വിശ്രമം വേണം, ഇപ്പോൾ അതിനുള്ള സമയമാണ്, പരിപൂർണ വിശ്രമത്തിനുള്ള സമയം. “
“അങ്ങനെ ആകട്ടെ അമ്മേ, ചേച്ചി പിന്നീട് എന്നോട് ദേഷ്യപ്പെട്ടാലോ എന്നോർത്താണ് ഞാൻ വന്നത്, ഇന്നത്തെ കേസ് മാറ്റി വേറൊരു തീയതിയിലേക്ക് വയ്ക്കാമെന്നു കരുതിയതാണ്. “
“അതൊന്നും വേണ്ട, ഇന്ന് ജൂനിയർ വക്കീലന്മാർ ആരെങ്കിലും പോയി അറ്റൻഡ് ചെയ്യട്ടെ. “
രാഹുൽ മുറിയിൽ നിന്നിറങ്ങി വരാന്തയിൽ ഇരുന്നപ്പോഴേക്കും മാത്യൂ രാവിലത്തെ ഭക്ഷണവുമായി എത്തിയിരുന്നു. ആൻഡ്രുവിന് കൈ കൊടുത്തു രാഹുൽ ആശുപത്രിയിൽ നിന്നും പുറത്തേയ്ക്കു നടന്നു. രാഹുൽ കയ്യിൽ കൊടുത്ത ഒരു ചെറിയ കുറിപ്പ് ആൻഡ്രു അതിശയത്തോടെ നോക്കി, ആ തുണ്ട് കടലാസ് ആരും കാണാതെ അയാൾ പോക്കറ്റിലിട്ടു.
മാത്യു വളരെ നിർബന്ധിച്ചിട്ടാണ് മാലതി ആൻഡ്രുവിനൊപ്പം വീട്ടിലേയ്ക്കൊന്ന് പോകാൻ തയാറായത്.
“ഇത് പകലല്ലേ. നീ ധൈര്യമായി പോയി വാ, ഞാൻ അവളെ പൊന്നു പോലെ നോക്കി കൊള്ളാം. “
വീട്ടിലെത്തിയപ്പോഴാണ് കടലാസ് ആൻഡ്രുവിന് തുറന്നു നോക്കാൻ ധൈര്യമുണ്ടായത്.
“The time is always right to do the right thing. “
എന്ത് ??
ശരിയായ കാര്യം ചെയ്യാൻ ഈ സമയം നല്ലതാണ്.
ഫോണെടുത്ത് കടലാസിൽ കണ്ട് നമ്പറിലേക്ക് വിളിച്ചു. മറു വശത്ത് നിന്നും രാഹുൽ പറഞ്ഞതൊക്കെ മൂളി കേട്ടു.
“ആരാടാ ഫോണിൽ. “
തൊട്ട് പിന്നിൽ ആരോൺ ആണ്.
“പറയാം. എനിക്ക് ഒരു അത്യാവശ്യ ജോലിയുണ്ട്. “
രാഹുൽ പറഞ്ഞ നമ്പർ ആൻഡ്രു എഴുതിയെടുത്തു.
അന്ന് ആരോൺ ഒറ്റയ്ക്കാണ് ആശുപത്രിയിൽ പോയത്. പകൽ ദേവിയെ റൂമിലേയ്ക്ക് മാറ്റി.
ആരോൺ ആശുപത്രിയിലേയ്ക്ക് പോയപ്പോൾ വീട്ടിൽ ആൻഡ്രുവും സുമതിയും മാത്രമായി. മുകളിലത്തെ മുറിയിൽ ഒറ്റയ്ക്കായപ്പോൾ, രാഹുൽ പറഞ്ഞു കൊടുത്ത നമ്പറിൽ ആൻഡ്രു ഡയൽ ചെയ്തു. കുറെ ബെല്ലടിച്ചപ്പോഴാണ് ഫോൺ എടുത്തത്.
“ആരാണ് “
ആൻഡ്രു ചോദിച്ചു.
“പ്രണവാണ്, ദേവിയുടെ ഒരു സുഹൃത്ത്. “
കുറെ നേരം രണ്ടു പേരും മൗനത്തിലായി.
“ആ സിനിമാനടനല്ലേ. ഞാൻ…. “
ആൻഡ്രു പറയാനായി തുടങ്ങിയതും പ്രണവിന്റെ മറുപടി വന്നു.
“രാത്രി ഏഴു മണിക്ക് ചരകാ ഹോസ്പിറ്റലിന്റെ മുന്നിൽ, ഒരു കറുത്ത ഹോണ്ട സിറ്റി. “
ഫോൺ പെട്ടെന്ന് കട്ട് ചെയ്യപ്പെട്ടു. പ്രണവ് എന്താ ഉദ്ദേശിച്ചതെന്ന് ആൻഡ്രുവിന് മനസിലായില്ല. വൈകുന്നേരം വരെ വീട്ടിൽ തങ്ങാനും പറ്റില്ല. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പുറത്തിറങ്ങി.
പകൽ രാഹുലിനൊപ്പം ഹോസ്പിറ്റലിൽ ഇരുന്നു. ആ സമയത്താണ് വീട്ടിൽ പോയി ഫ്രഷ് ആയി മാലതി വന്നത്. ആദ്യമൊക്കെ ദേവിയെ തനിച്ചാക്കി പോകാൻ മടിച്ചെങ്കിലും എല്ലാവരും നിർബന്ധിച്ചപ്പോൾ മാലതി വീട്ടിൽ പോയി വന്നു. വൈകുന്നേരം രാഹുൽ മടങ്ങിയപ്പോഴും ആൻഡ്രു ആശുപത്രിയുടെ മുന്നിൽ തന്റെ കാറിൽ ഇരുന്നു. അയാൾ ചുറ്റും നോക്കി. അവിടെ ആ പരിസരത്തെങ്ങും കറുത്ത ഹോണ്ട സിറ്റി കാർ കണ്ടതേയില്ല.
കാറിലിരുന്ന് ആൻഡ്രു മയങ്ങി പോയി. ഉണർന്നപ്പോൾ വലതു വശത്തും ഇടതു വശത്തും ഹോണ്ടയുടെ കറുത്ത കാറുകൾ. ഒരേ സീരിസിലെ അടുത്തടുത്ത നമ്പറുകൾ, ഒരേ പോലെ രണ്ടു കാറുകൾ. ആൻഡ്രു ഇറങ്ങി നോക്കാൻ തുടങ്ങിയതാണ്.
ആ സമയത്ത് ഹോസ്പിറ്റൽ കോമ്പൗണ്ടിലേയ്ക്ക് ഒരു പോലീസ് ജീപ്പ് കടന്നു വന്നു. ആൻഡ്രു സ്റ്റീയറിങ്ങിൽ തല വച്ച്, ഉറങ്ങുന്ന പോലെ കുനിഞ്ഞ് കിടന്നു.
സന്ധ്യാ സമയം, പോലീസ് ജീപ്പ് മടങ്ങി പോയി എന്നുറപ്പ് വരുത്തി ആൻഡ്രു കാറിൽ നിന്നും പുറത്തിറങ്ങി. ഇപ്പോൾ ഒരു കറുത്ത കാർ മാത്രമേ മുന്നിലുള്ളൂ. ആൻഡ്രു പുറത്തിറങ്ങി, ആ കാറിൻ്റെ അടുത്തെത്തി. പെട്ടെന്ന് ഡോർ തുറക്കപ്പെട്ടു. ആൻഡ്രുവിനെ കാറിനകത്തേക്ക് ആരോ പിടിച്ചു കയറ്റി
ഇടവും വലവും രണ്ടു ഹിന്ദിക്കാർ ഇരുന്നു. കാർ ഇരുട്ടിലൂടെ നല്ല വേഗതയിലോടുന്നു. ഇരുട്ടായതിനാൽ വഴികളൊന്നും മനസിലായില്ല. വളരെ പോഷ് ആയുള്ള ഒരു ഹൗസിങ് കോളനിയിൽ കാർ നിർത്തി. പടർന്നു പന്തലിച്ച ഒരു മാവുള്ള ഒരു ഇരു നില വീടിനു മുന്നിൽ കാർ നിർത്തി, ആരും കാണാത്ത രീതിയിൽ പാർക്ക് ചെയ്തു. ആരും കാറിൽ നിന്നിറങ്ങിയില്ല. നിമിഷങ്ങൾ കടന്നു പോയി.
ഒരു ജീപ്പ് ദൂരെ നിന്നും വരുന്നു. പെട്ടെന്ന് വഴിയിലെ വെളിച്ചമെല്ലാം അണഞ്ഞു. ദൂരെയുള്ള പോസ്റ്റിൽ ചെറിയ ഇലക്ട്രിക്ക് സ്പാർക്കുണ്ടായി. അന്തരീക്ഷത്തിൽ തീപ്പൊരികൾ പറന്നു. ആരോ മനപ്പൂർവ്വം ലൈൻ കട്ടാക്കിയത് പോലെ.
പോസ്റ്റിന്റെ താഴെ നിന്ന ആൾ ഇരുട്ടിലൂടെ ഓടി വന്ന് ആ വലിയ വീടിന്റെ ഗേറ്റ് തുറന്നിട്ടു. ജീപ്പിൽ നിന്നും രണ്ടു പേരെ കണ്ണ് മൂടിക്കെട്ടി, കയ്യും കാലും കെട്ടിയ നിലയിൽ വീട്ടിലേയ്ക്കു നടത്തി കൊണ്ട് വന്നു. ഹിന്ദിക്കാർ അവരെ ഒരു മുറിയിലേയ്ക്കു തള്ളിയിട്ടു.
പോസ്റ്റിലെ വെളിച്ചം തെളിഞ്ഞു. കാറിൽ നിന്നും രണ്ടു ഹിന്ദിക്കാരോടൊപ്പം ആൻഡ്രുവിനെ ആ വീട്ടിലേയ്ക്കു കൊണ്ട് വന്നു. മുറിയിലെ അരണ്ട വെളിച്ചത്തിൽ ആൻഡ്രു ആ കാഴ്ച കണ്ടു.
രണ്ടു കസേരകളിലായി കണ്ണ് മൂടിയ രണ്ടു പേരെ ഇരുത്തിയിരിക്കുന്നു. അവരുടെ പിന്നിലായി രണ്ടു ഹിന്ദിക്കാർ നില്ക്കുന്നു. അവരുടെ എതിർഭാഗത്തായി നിധിൻ ഒരു കസേരയിൽ ഇരിക്കുന്നു.
കാറിലുണ്ടായിരുന്ന ഹിന്ദിക്കാരോടൊപ്പം ആൻഡ്രുവും അവരുടെ മുന്നിൽ നിന്നു. നിധിൻ എഴുന്നേറ്റു പിന്നിൽ നിന്നും ബന്ദികളുടെ കണ്ണിലെ കെട്ടുകളഴിച്ചു. സഞ്ജീവും വിമലും മുന്നിൽ നിന്നവരെ നോക്കി. സഞ്ജീവിനെ കണ്ടപ്പോൾ ആൻഡ്രു ഭയന്ന് എങ്കിലും വിമലിനെ കണ്ടപ്പോൾ ആൻഡ്രുവിനു നല്ല ദേഷ്യം വന്നു. അയാളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി, തല വല്ലാതെ പെരുത്തു.
സഞ്ജീവ് മുന്നിൽ നില്ക്കുന്നവരെയും താൻ ഇരിക്കുന്ന മുറിയും വിശദമായി പരിശോധിച്ചു. വിമലിന്റെ കണ്ണുകളാകട്ടെ മുറി കണ്ടു ഭയചകിതനാകപെട്ടു. നിധിന്റെ പിന്നിലെ ഭിത്തിയിൽ തറയ്ക്കപ്പെട്ട ഫോട്ടോയിൽ വിമലിന്റെ കണ്ണുകൾ പതിച്ചു. വിമലും ഭാര്യയും കുട്ടിയും ഇരിക്കുന്ന ഫോട്ടോ, അതിൽ മണമുള്ള മുല്ലമാല ചാർത്തിയിരിക്കുന്നു. അയാളുടെ കണ്ണുകളിലെ ഭയം കണ്ടു നിധിൻ പുഞ്ചിരിച്ചു.
“അന്ത്യോപചാരം. “
“എന്റെ ഭാര്യയും കുഞ്ഞുമെവിടെ. “
“സ്വർഗത്തിൽ, അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. “
“പ്ളീസ് അവരെ ഒന്നും ചെയ്യരുത്. എന്റെ കുഞ്ഞിനെ വെറുതെ വിടണം. “
“എനിക്കും ഭാര്യയും കുഞ്ഞുമുണ്ട്. എനിക്കൊരു സഹോദരിയുണ്ടായിരുന്നു. നിനക്കറിയാമായിരിക്കും, നിത്യ, ഓർമ്മയുണ്ടോ?”
“എനിക്കൊരു തെറ്റ് പറ്റി, ക്ഷമിക്കണം. “
“ഞാൻ ക്ഷമിച്ചിരിക്കുന്നു, പക്ഷെ ഈ ആൻഡ്രു ക്ഷമിക്കുമോയെന്നു കണ്ടറിയണം, അല്ലേ ആൻഡ്രൂ. “
നിധിൻ വിമലിന്റെ പിന്നിലേയ്ക്ക് നടന്നു, ഒരു മെറ്റൽ വയറു കൊണ്ട് കുരുക്കിട്ട് വിമലിന്റെ തല അതിൽ കയറ്റി. അതിന്റെ ഒരു അറ്റം ഒരു ഹിന്ദിക്കാരന്റെ കയ്യിൽ കൊടുത്തു. അയാൾ വയറിന്റെ അറ്റം വലിച്ചു മുറുക്കുകയും, അയക്കുകയും ചെയ്തു കൊണ്ടിരുന്നു. അയാളുടെ ചലനങ്ങൾ അനുസരിച്ചു വിമലിന്റെ കണ്ണുകൾ തുറിക്കുകയും നാവ് പുറത്തേയ്ക്കു നീട്ടുകയും ചെയ്തു.
ആൻഡ്രു മുന്നോട്ടു വന്നു.
“പറയെടാ, നീ എന്തിനാണ് അവളെ പൂളിൽ മുക്കി കൊന്നത്. എന്റെ കൂടെ ഇല്ലേലും എനിക്കവളെ ഇപ്പോഴും ജീവനോടെ കണ്ടു കൊണ്ടിരിക്കാമായിരുന്നല്ലോ. ഒരാളുടെ ജീവിതം അവസാനിപ്പിക്കാനുള്ള ലൈസൻസ് നിനക്കാരാണ് തന്നത്. “
ആൻഡ്രു വിമലിന്റെ മുഖത്ത് തലങ്ങും വിലങ്ങും അടിച്ചു. നിധിൻ ആൻഡ്രുവിനെ പിടിച്ചു മാറ്റി, അടിക്കുന്നതിൽ നിന്നും വിലക്കി.
“വേണ്ട തെളിവുകൾ ഒന്നും ബാക്കി വയ്‌ക്കരുത്. “
സഞ്ജീവിന്റെ കണ്ണുകൾ വീണ്ടും മൂടി കെട്ടി. സഞ്ജീവിനെ മുറിയിൽ നിന്നും പുറത്താക്കി.
ഹിന്ദിക്കാരൻ പിടിച്ചിരുന്ന വയറിന്റെ അറ്റം ആൻഡ്രുവിനെ ഏല്പിച്ചു. ആൻഡ്രു നല്ല വൈരാഗ്യത്തോടെ അതേറ്റു വാങ്ങി, പല്ലുകൾ കടിച്ചു കൊണ്ട്, നല്ല കരുത്തോടെ അത് വലിച്ച് മുറുക്കി. വിമൽ കസേരയിലിരുന്നു പിടഞ്ഞു.
ഒടുവിൽ പിടച്ചിൽ ഇല്ലാതായപ്പോൾ ആൻഡ്രു തൻ്റെ പിടി വിട്ടു. നിധിൻ ആ വയറിന്റെ കുരുക്കഴിച്ചു കൂടെ നിന്ന ഹിന്ദിക്കാരനെ ഏല്പിച്ചു. അയാളത് തന്റെ പോക്കറ്റിൽ ഭദ്രമായി നിക്ഷേപിച്ചു.
അപ്പോഴേക്കും പി ബി ജീപ്പ് സ്റ്റാർട്ടാക്കിയിരുന്നു. നിധിൻ സഞ്ജീവിനെ പിടിച്ചു ജീപ്പിൽ കയറ്റി. കൂടെ രണ്ടു ഹിന്ദിക്കാരും കയറി. ജീപ്പ് വേഗതയിൽ കടന്നു പോയി.
ആൻഡ്രു വിമലിന്റെ നിശ്ചലമായ ശരീരത്തെ നോക്കി നിന്നു, മരണം മുന്നിൽ കണ്ട് ഭയന്നു പോയിരുന്നു. പിന്നിലൊരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. ഒരു ഹിന്ദിക്കാരൻ കണ്ണ് മൂടി കെട്ടിയ ഒരു സ്ത്രീയേയും മകനേയും വിമലിനെ ശരീരം കിടന്ന മുറിയിൽ കൊണ്ടിരുത്തി. മുറിയുടെ വാതിൽ പുറത്ത് നിന്നും ചാരി. അവർ വീട്ടിൽ നിന്നും പുറത്തിറങ്ങി. വീട് ഇരുട്ടിൽ മുങ്ങി.
മൂന്നുപേരും വന്ന കറുത്ത കാറിൽ തന്നെ മടങ്ങി. ആശുപത്രിയുടെ മുന്നിൽ ആൻഡ്രുവിനെ ഇറക്കിയിട്ടു കറുത്ത ഹോണ്ട കാർ തിരിച്ചു പോയി.
തിരികെ കാറിൽ കയറി ഇരുന്നപ്പോഴാണ് താൻ ചെയ്തതിനെക്കുറിച്ച് ആൻഡ്രൂ ആലോചിച്ചത്. താൻ വിമലിനെ കൊന്നിരിക്കുന്നു. കഴുത്തിൽ വയറിട്ട് കുരുക്കി വലിച്ചിരിക്കുന്നു.
“താനെന്തിനാണ് അങ്ങനെ ചെയ്തത്. എന്താണ് യഥാർത്ഥത്തിൽ തനിക്ക് സംഭവിച്ചത്. “
വിമലിനെ കൊല്ലണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ചെയ്യുമെന്ന് കരുതിയില്ല, ധൈര്യമില്ലായിരുന്നു. ആ കറുത്ത കാറിൽ കയറിയത് ഓർമ്മയുണ്ട്, പിന്നെന്താണ് സംഭവിച്ചത്.
പിന്നീട് കാറിൽ നിന്നിറങ്ങിയത് ഓർമ്മയുണ്ട്, ആ വീട് ആരുടേതാണ്. ആ വീട്ടിൽ വിമലിൻ്റെ കുടുംബ ഫോട്ടോ എങ്ങനെയെത്തി. ഇനി അത് വിമലിൻ്റെ വീട് തന്നയാണോ.
ആ കറുത്ത കാറിൽ വച്ച് തനിക്കെന്താണ് സംഭവിച്ചത്. അതിൽ കയറിയത് മുതൽ താനവരുടെ അടിമയായിരുന്നു. അവർ പറഞ്ഞതൊക്കെ താൻ അനുസരിച്ചു. ആരുടെയോ കാന്തിക മണ്ഡലം തന്നെ സ്വാധീനിച്ചു. തൻ്റെ പ്രഞ്ജയെ കുറച്ച് നേരത്തേക്ക് അവർ കൈ കാര്യം ചെയ്തു. തല വല്ലാതെ പെരുത്തിരുന്നു. ഇപ്പോൾ അത് മാറി വരുന്നു.
ആകെ വല്ലാത്തൊരു അവസ്ഥ. ആശുപത്രിയിൽ വച്ച് ദേവി ചോദിച്ചിരുന്നു നിത്യയുടെ മരണത്തിന് പ്രതികാരം വീട്ടണ്ടേയെന്ന്, നിധിനാണ് തന്നെ കൊണ്ട് പ്രതികാരം ചെയ്യിച്ചത്. എല്ലാം നേരത്തെ അവർ പ്ലാൻ ചെയ്തിരുന്നു, അതവർ വിദഗ്ധമായി തന്നെ കൊണ്ട് ചെയ്യിച്ചു.
ആൻഡ്രുവിന് നിരാശ തോന്നി. മനസ്സിൽ കുറ്റബോധം വർദ്ധിച്ചപ്പോൾ, അവൻ അടുത്ത് കണ്ട ബാറിൽ കയറി. അല്ലെങ്കിൽ ഇന്നിനി ഉറങ്ങാൻ സാധിക്കില്ല. മൂന്ന് പെഗ് കഴിച്ച് കഴിഞ്ഞിട്ടും മനസ്സിന് ഒരു സമാധാനവുമില്ല.
ഈയിടെ പപ്പയ്ക്ക് വാക്ക് നൽകിയതാണ്. ഇനി ഒരിക്കലും മദ്യപിക്കില്ലായെന്ന്, ഒരു പ്രശ്നത്തിലും ഇനി ചെന്ന് ചാടത്തില്ലായെന്ന്. എന്നിട്ടോ?
ഇപ്പോൾ ഒരു കൊലപാതകി കൂടി ആയിരിക്കുകയാണ്.
അവനെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ധൈര്യം വന്നില്ല. ഇപ്പോൾ അവൻ കൊല ചെയ്യപ്പെട്ടിരിക്കുന്നു. താനാണ് അത് ചെയ്തത്. ആ സത്യം ഉൾക്കൊള്ളാനുള്ള ധൈര്യമില്ല.
ആൻഡ്രു കാറിൽ നിന്നിറങ്ങി. ദേവിയെ ഒന്ന് കാണണം. അവളോട് പറയണം പകരം വീട്ടിയെന്ന്. താൻ ആരുടെയോ പ്രേരണയാൽ ആ കൃത്യം ചെയ്തിരിക്കുന്നു.
ആടിയാടി നടന്ന് വന്ന ആൻഡ്രുവിനെ ആശുപത്രിയിൽ, ദേവിയുടെ മുറിയുടെ വാതിൽക്കൽ വച്ച് ആരോൺ തടഞ്ഞു.
“ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നീ വീണ്ടും മദ്യപിച്ചോ. എന്ത് കോലമാണിത്. നിന്നോട് ഡോക്ടർ പറഞ്ഞതല്ലേ ഇനി മദ്യപിക്കരുതെന്ന്. “
ആൻഡ്രൂ ആരോണിനെ ആലിംഗനം ചെയ്തു.
“സന്തോഷം കൊണ്ടാണെടാ, ഇനി മദ്യപിക്കില്ല, നിർത്തി. അവസാന പെഗ് ഇന്ന് രാത്രി ഒമ്പത് മണിക്ക് കുടിച്ചു. ഇനി മദ്യമേ വിട, ജീവിതമേ വിട. “
“ദേവി ഉറങ്ങി, ഇനി അവളെ നാളെ കാണാം. നീ പൊയ്ക്കോ. പോയി നല്ല പോലെ ഒന്നുറങ്ങ്. “
“അവളോട് പറ ഞാൻ പകരം വീട്ടിയെന്ന്, നിത്യയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. “
“സൂക്ഷിച്ചു ഡ്രൈവ് ചെയ്യണേ. ഞാൻ വരണോ നിൻ്റെ കൂടെ. “
ആൻഡ്രു കൈവീശി കൊണ്ട് നടന്നു പോയി.
“വേണ്ട ഞാനിനി എന്നും ഒറ്റയ്ക്കല്ലേ. ഒറ്റയ്ക്ക് മതി. “
കുടിച്ചതിനാൽ, വേച്ച് വേച്ച് ആശുപത്രി വരാന്തയിലൂടെ നടന്നു പോകുന്ന ആൻഡ്രുവിനെ നോക്കി ആരോൺ നിന്നു.
(തുടരും… )
✍️✍️നിഷ പിള്ള

