മുരുകദാസിൻ്റെ ശ്വാസഗതി നോർമ്മലാകുന്നത് വരെ സാറ അയാളെ തന്നെ നോക്കിയിരുന്നു.
“എങ്ങനെയാണ് ഇവിടെയെത്തിയത്. “
“ഊബർ ടാക്സിയിൽ. മാഡം നാട്ടിൽ എപ്പോൾ എത്തി. “
“ഇന്നലെ തന്നെ ഞാൻ നാട്ടിൽ വരണമെന്ന് ആരോൺ നിർബന്ധം പിടിച്ചു. എല്ലാം ഇട്ടെറിഞ്ഞു ധൃതിയിൽ വന്നതാണ് ഞാൻ……
എന്നെ എയർ പോർട്ടിൽ കാത്തിരുന്നത് ടി വിയിലെ ആരോണിൻ്റെ വാർത്തകളാണ്, മരണത്തിലേക്ക് ആണോ അയാളെന്നെ വിളിച്ചു വരുത്തിയത്. “
സാറ കുരിശ് വരച്ചു.
“സാർ എന്നെ വിളിച്ചിട്ട് ആണ് ഞാൻ ആശുപത്രിയിൽ പോയത്. ദേവിയേയും അമ്മയേയും കൂടി ഒഴിവാക്കിയാൽ…… സാർ പറഞ്ഞിട്ട് ഞാൻ രണ്ട് ദിവസമായി അവരുടെ പിറകേയാണ്. “
“ആരോൺ എന്തൊരു മണ്ടത്തരമാണ് കാണിച്ചത്. പോലീസ് സ്റ്റേഷനിൽ നിന്നും നേരെ ഭ്രാന്താശുപത്രിയിലേയ്ക്ക്…. “
അവർ കയ്യിലെ മെഡിക്കൽ കിറ്റ് എടുത്ത് പൊക്കി കാണിച്ചു. അതിൽ നിന്നും ഒരു സിറിഞ്ചും മരുന്നും എടുത്തു.
“കണ്ടോ ഞാൻ ഇത് ആരോണിന് കൊണ്ട് വന്നതാണ്, ഇത് മതിയായിരുന്നു മാലതിയെ ഒഴിവാക്കാൻ, ഞാൻ ആരോണിനോട് പറഞ്ഞിരുന്നു ആ ജോലി എനിക്ക് വിട്ട് തരണമെന്ന്. “
“സാറിന് വാശിയായിരുന്നു. സാറിന് അവകാശപ്പെട്ടതൊക്കെ രണ്ടാനമ്മയും മകളും കൊണ്ട് പോകരുതെന്ന്. അപ്പനോടും ദേഷ്യമായിരുന്നു. “
“അവരെ എന്ത് ചെയ്യാനായിരുന്നു ആരോണിൻ്റെ തീരുമാനം. ഞങ്ങൾക്ക് അവകാശപ്പെട്ടത് ആർക്കും ഞാൻ വിട്ട് നൽകില്ല. ഞങ്ങളുടെ പിള്ളേർക്ക് അവകാശപ്പെട്ടത്, അവളുടെ മകൾക്ക് മാത്രം ലഭിക്കാൻ പാടില്ല. “
“മാഡം. ആരോൺ സാർ മരിച്ച സ്ഥിതിയ്ക്ക് ഇനി എങ്ങനെയാണ് ആ സ്വത്തൊക്കെ മാഡത്തിനു വീണ്ടെടുക്കാൻ കഴിയുന്നത്. എല്ലാം ആ വക്കീലിന് സ്വന്തമാകില്ലേ. “
“ഇല്ല ഇനി ആരോണിൻ്റെ മക്കളാണ് അവകാശികൾ, അപ്പന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടല്ലോ. അവളെ ഇല്ലാതാക്കണം, അവസാനം വരെ പ്രൊഫസ്സർ മാലതി ജീവനോടെയുണ്ടാകുന്നതാണ് നല്ലത്. അവരെ മാനിപുലേറ്റ് ചെയ്യാനെളുപ്പമാണ്. ഞാനിതു ആരോണിനോട് പറഞ്ഞതാണ്. അയാള് മാലതിയെ കൊല്ലാൻ ശ്രമിച്ചതാണ് വലിയ മണ്ടത്തരം. വേറെ ആരുമില്ലാതെ കഷ്ടപെടുമ്പോൾ ഞാൻ മക്കളുമായി അവരുടെ വീട്ടിൽ അങ്ങ് ചെല്ലും, വേറെ ആരുമില്ലാത്ത അവസ്ഥയിൽ എല്ലാം ഞങ്ങൾക്ക് തന്നെ കിട്ടും. അല്ലെങ്കിൽ അവരെയും ഞാൻ ഇല്ലാതാക്കും. “
സാറ എലിസബത്ത് ആരോണിന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു. അവർ ഗ്ലാസിൽ ഒരു ഡ്രിങ്ക് എടുത്തു സിപ്പ് ചെയ്തു.
“വെട്രിവേലിനറിയുമോ, ഞാനും ആരോണും തമ്മിൽ നല്ല ബന്ധത്തിലല്ലായിരുന്നു.
ആരോണിന്റെ പപ്പയുടെ പണം തന്നെയായിരുന്നു എനിക്ക് വേണ്ടത്. ഞങ്ങളുടെ കുട്ടികൾക്ക് ഒരു സുരക്ഷിതമായ ഭാവി വേണം. വെട്രിവേൽ എൻ്റെ കൂടെ നിൽക്കണം, എന്നെ സഹായിക്കണം. “
സാറ കുനിഞ്ഞു മുരുകദാസിന്റെ നെറ്റിയിൽ ഒരുമ്മ നൽകി.
“എനിക്ക് ആരോണിനെ പോലെ ഒരു ആഭാസനെ ആയിരുന്നില്ല വേണ്ടത്. നിങ്ങളെ പോലെ ഒരു പക്വതയും പാകതയും ഉള്ള വ്യക്തിയെ ആണ് എനിക്ക് സപ്പോർട്ട് ആയി വേണ്ടത്. ആരോണിന്റെ മരണം എന്നെ ഒട്ടും സങ്കടപെടുത്തുന്നില്ല. പക്ഷെ ഇത്ര ഉടനെ അയാൾ എന്നെ വിട്ടു പോകേണ്ടിയിരുന്നില്ല, എന്നെ വഴിയിൽ തനിച്ചാക്കി പോലെ…… “
മുരുകദാസിന്റെ മനസ്സ് മറയൂരിലെ തന്റെ കുടിലിലേക്ക് പറന്നു, അതാണ് തൻ്റെ സ്വർഗ്ഗം. സുമതിയും കോകിലയും, അവരാണ് തന്റെ വേണ്ടപ്പെട്ടവർ. കല്യാണം കഴിച്ചിട്ടില്ലെങ്കിലും സുമതിയുടെ മകൾ തന്റേതാണെന്നു ഉറപ്പിക്കാൻ അവളെ ഒന്ന് നോക്കിയാൽ മതി. തന്റെ അതേ നിറം, തവിട്ട് കണ്ണുകൾ, ആരെയും കൂസാത്ത ഭാവം, എല്ലാം ആ പെണ്ണിന് കിട്ടിയിട്ടുണ്ട്.
സാറ മുരുകദാസിന്റെ അടുത്തേയ്ക്കു നീങ്ങിയിരുന്നു.
“വെട്രിവേൽ എനിക്ക് ആരോണുമായുള്ള ടോക്സിക് ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതിപ്പോൾ ലക്ഷ്യം നേടുന്നതിന് മുമ്പേ അവസാനിച്ചിരിക്കുന്നു. എനിക്ക് നിങ്ങളെയായിരുന്നു ആവശ്യം. നിങ്ങളെ മാത്രം. “
സാറ മുരുകദാസിന്റെ കഷണ്ടി കയറിയ തലയിൽ സ്നേഹത്തോടെ തടവി.
“എനിക്ക് നിങ്ങളെ കൊണ്ട് ആവശ്യമുണ്ട്. നിങ്ങളിനി ഇവിടെ നിൽക്കണ്ട, തൽക്കാലം സ്ഥലമൊന്ന് മാറണം.. “
“എന്താ മാഡം ഞാൻ ചെയ്യണ്ടത്. “
“മാഡം അല്ല സാറ, ഇനി നിങ്ങളുടെ മാത്രം സാറ. അങ്ങനെ മാത്രേ ഇനി എന്നെ വിളിക്കാവൂ. “
“സാറ പറയൂ. “
സാറ ഒരു കൊച്ചു ബാഗ് അവന്റെ കൈവശം കൊടുത്തു.
“ഇതിൽ വെട്രിക്കുള്ള വിസായും ഫ്ലൈറ്റ് ടിക്കറ്റും കുറച്ച് ആസ്ട്രേലിയൻ ഡോളറുമുണ്ട്. ആസ്ട്രേലിയായിലേക്കു പൊയ്ക്കോ. ഒരു മാസം കഴിഞ്ഞ് നമുക്കൊന്നിച്ചു തിരികെ വരാം. ഞാൻ ഇപ്പോൾ ഇവിടെ നാട്ടിൽ തന്നെവേണം, എല്ലാവരും അറിയട്ടെ ആരോണിന്റെ ഭാര്യയെ, ആരോണിൻ്റെ അനന്തരാവകാശികളെ, ഞാൻ ഇവിടെ എത്തിയപ്പോൾ മാത്രമാണ് ആരോണിന്റെ മരണ വാർത്ത അറിഞ്ഞത്. അല്ലെങ്കിൽ പിള്ളേരെ കൂടി കൊണ്ട് വന്നേനെ. മാത്യു അപ്പാപ്പന്റെ തലമുറയുടെ ബലം എല്ലാവരും അറിയട്ടെ.
മുരുകദാസ് പോകാനായി എഴുന്നേറ്റു. അയാൾ തന്റെ കയ്യിൽ നുള്ളി നോക്കി, താൻ സ്വപ്നം കാണുവാണോയെന്നൊരു സംശയം തോന്നി. തനിക്കൊരു ലോട്ടറി അടിച്ചപോലെ അയാൾക്ക് തോന്നി.
ആരും കൊതിക്കുന്ന സൗന്ദര്യമുള്ള സ്ത്രീ, ആരോണിന്റെ ശല്യവും തീർന്നു, സാറയെ സ്വന്തമാക്കാൻ കൂടി കഴിഞ്ഞാൽ. ആസ്‌ട്രേലിയ എന്ന രാജ്യം തന്റെ സ്വപ്നം ആയിരുന്നു.
“ഞാൻ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ട്. എയർ പോർട്ടിലേയ്ക്ക് ക്യാബിൽ പോയാൽ മതി. അവിടെ എയർപോർട്ടിൽ എന്റെ സഹോദരൻ ടോണി വെട്രിയെ കാത്തു നിൽക്കും. സൂക്ഷിക്കണം. വെട്രിക്ക് ഒരു
രൂപ മാറ്റം അനിവാര്യമാണ്. “
സാറ തന്നെ മുൻകൈ എടുത്തു മുരുകദാസിന്റെ താടിയും മുടിയും നീക്കം ചെയ്തു. ഇപ്പോൾ അയാളെ കണ്ടാൽ ആർക്കും പെട്ടെന്ന് തിരിച്ചറിയില്ല.
“ഇത് മതി. മീശ, അതിരുന്നോട്ടെ. “
റിസപ്‌ഷനിൽ നിന്നും വിളി വന്നു.
“മാഡം ക്യാബ് എത്തി.
“സൂക്ഷിക്കണം, ആർക്കും ഒരു സംശയവും തോന്നരുത്. രണ്ടാഴ്ച കഴിഞ്ഞു നമുക്ക് അവിടെ വച്ച് കാണാം. “
ലിഫ്റ്റ് ഇറങ്ങാതെ പടിക്കെട്ടുകൾ ചാടി കടന്നു റിസപ്‌ഷനിലെത്തി.
“123 ൽ നിന്നും ഒരു ക്യാബ് വിളിച്ചിരുന്നു. “
റിസപ്‌ഷനിസ്റ്റ് ഡ്രൈവറുടെ നേരെ വിരൽ ചൂണ്ടി കാട്ടി. മുരുകദാസ് ഡ്രൈവറുടെ അടുത്തേയ്ക്കു നടന്നു.
“സാർ ലഗേജ്. “
“വേറെ ഒന്നുമില്ല ഈ ബാഗ് മാത്രമേ ഉള്ളു. “
മുതുകിൽ തൂക്കിയിട്ടിരുന്ന ബാഗ് അയാൾക്ക് കാട്ടി കൊടുത്തു.
“എന്നാൽ പോകാം, താൻ പറപ്പിച്ചു വിട്ടോ. ഇടയ്ക്കു എന്തെങ്കിലും കഴിക്കണം, തിരക്കില്ലാത്ത ഹോട്ടലിൽ നിർത്തിക്കോ. “
ഡ്രൈവറെയും കൂട്ടി ഒരിടത്ത് ആഹാരത്തിനിരുന്നു.
“വിശന്നിട്ടല്ല, ഇനി എന്നാണ് മടങ്ങി വരാൻ പറ്റുക എന്നറിയില്ല. കേരള ഫുഡ് എനിക്കെന്നും ഒരു ഹരമാണ്. “
തിരികെ വണ്ടിയിൽ കയറിയപ്പോൾ മുരുകദാസ് ഉറങ്ങാൻ തയാറെടുത്തു.
“എനിക്കൊന്നുറങ്ങണം, എയർപോർട്ട് എത്തുമ്പോൾ വിളിച്ചുണർത്തിയാൽ മതി. ഹൈവേ ഒഴിവാക്കി പൊയ്ക്കോ, എന്റെ ഫ്ലൈറ്റ് പാതിരാത്രിക്കാണ്. തിരക്കില്ല. “
മുരുകദാസ് കണ്ണടച്ച് ഉറങ്ങുന്നതായി നടിച്ചു സീറ്റിൽ ചാരിയിരുന്നു. അയാളുടെ മനസ്സിൽ സാറയും ഒന്നിച്ചുള്ള ജീവിതത്തിൻ്റെ വർണ്ണ സ്വപ്നങ്ങളായിരുന്നു.
ജോസഫ് കണ്ണ് തുറന്നു നോക്കി. മഹേഷ് നല്ല ഉറക്കത്തിലാണ്. അയാൾക്ക് തീരെ ഉറക്കം വന്നില്ല. അയാൾ നക്ഷത്രങ്ങളെ നോക്കി കൊണ്ട് മലർന്നു കിടന്നു. കൂട്ടത്തിലൊരു നക്ഷത്രം തന്നെ നോക്കി കണ്ണ് ചിമ്മുന്ന പോലെ ഒരു തോന്നൽ. ആ തിളക്കമുള്ള നക്ഷത്രം മേനകയാണെങ്കിലോ എന്നയാൾക്ക് തോന്നി. അയാൾക്ക് അവളെ കാണണമെന്ന് തോന്നി, മാപ്പു പറയണമെന്ന് തോന്നി.
എത്ര നല്ല പെൺകുട്ടിയായിരുന്നു അവൾ. അവളുടെ ആത്മീയമായ കഴിവുകൾ താനായിട്ടാണ് ഇല്ലാതാക്കിയത്. അവളെ താൻ സംരക്ഷിച്ചേനെ. സ്വന്തമാക്കി കൂടെ കൂട്ടിയേനെ.
“ഒരു യാത്ര കൂടി പറയാതെ നീ എവിടെയാണ് പോയത്. “
ജോസഫ് ആ നക്ഷത്രത്തോട് ചോദിച്ചു.
നെഞ്ചിന്റെ ഇടതു വശത്തൊരു വേദനയും വിങ്ങലും, ഇടയ്ക്കിടയ്ക്ക് വരുന്നതാണ്. ഡോക്ടർമാർ ഇനി കുടിക്കരുതെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ആര് കേൾക്കാനാണ്. തനിക്കു മദ്യമില്ലാതെ പറ്റില്ല. വേദന കൂടുന്നു. മഹേഷിനെ ഉണർത്തിയാലോ, ആശുപത്രിയിൽ പോകാമായിരുന്നു.
മഹേഷ് കിടന്നിരുന്ന സ്ഥലത്തേയ്ക്ക് നോക്കി. പാവം ചെറുക്കൻ നല്ല ഉറക്കമാണ്, അവൻ താളാത്മകമായി കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാം. കുറച്ചു കഴിയട്ടെ അവനെ വിളിച്ചുണർത്താം. ജോസഫ് കണ്ണടച്ച് കിടന്നു.
ആരോ കയ്യിൽ തൊട്ടതു പോലെ തോന്നിയപ്പോൾ കണ്ണ് തുറന്നു, എഴുന്നേറ്റു നാലുപാടും നോക്കി. ഒരടിയകലത്തിൽ ഒരു രൂപം, മുടികളഴിച്ചിട്ട സ്ത്രീ രൂപം. മുഖം വ്യക്തമായി കാണാൻ വയ്യ. ചരിഞ്ഞാണ് നിൽക്കുന്നത്.
“ആരാ. “
ആ സ്ത്രീ മെല്ലെ തിരിഞ്ഞു. ആ ചിരി എവിടെയോ കണ്ടിട്ടുള്ള പോലെ, മേനക!!!.
“ആരെയാ ഞാൻ ഈ കാണുന്നത്. വിശ്വസിക്കാൻ വയ്യല്ലോ. ഇവിടെയെന്താ തനിച്ചു വന്നത്. ഒരു വാക്ക് പോലും പറയാതെ എന്നെ ഇട്ടിട്ടു പോയല്ലോ താൻ. അത്രയ്ക്ക് വിഷമം ഉണ്ട്. വല്ലാതെ സ്നേഹിച്ചു പോയിരുന്നു. “
പെട്ടെന്നുള്ള സന്തോഷ കാഴ്ചയിൽ ജോസഫിന്റെ കണ്ണുകൾ നിറഞ്ഞു.
“മതി ഞാൻ വന്നില്ലേ, ഇനി പരാതി പറഞ്ഞാൽ ഞാൻ അങ്ങ് പോകും. “
“വേണ്ട ഞാൻ നിർത്തി എനിക്കൊരു പരാതിയുമില്ല. ഒന്ന് കാണാൻ സാധിച്ചല്ലോ, അത് തന്നെ ഭാഗ്യം. “
ജോസഫ് എഴുന്നേറ്റു അവളുടെ അടുത്തേയ്ക്കു നടന്നു. അയാൾ നെഞ്ചിൻ്റെ ഇടത് വശത്ത് അമർത്തി പിടിച്ചു.
“എന്താ സാറിന് വയ്യേ. “
മേനകയുടെ കൈകൾ അയാളുടെ ഇടനെഞ്ചിൽ തടവി.
“എന്തോ കൊളുത്തി വലിക്കുന്നു. മേനകയേ കണ്ട സന്തോഷമാണ് എന്റെ ഹൃദയത്തിന്…. അത് വല്ലാതെ തുടിക്കുന്നു. മിക്കവാറും അത് സന്തോഷം കൊണ്ട് വീർത്തു പൊട്ടും. “
തന്റെ നെഞ്ചത്തിരിക്കുന്ന അവളുടെ കൈകളിൽ അയാൾ പിടിച്ചു. അത് മുഖത്തോടു ചേർത്തു. അമർത്തി ചുംബിച്ചു.
“താനെവിടെയാണ് എന്നെ വിട്ടിട്ടു പോയത്. “
“അച്ഛമ്മ പറഞ്ഞിരുന്നു. കന്യകാത്വം നഷ്ടപ്പെട്ടാൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന്. ഞാൻ ആർക്കും വേണ്ടാത്തവളായി മാറുമെന്ന്. “
“ഇല്ല എനിക്ക് വേണം തന്നെ. ഞാൻ തന്റെ കൂടെ വരട്ടെ. ഇവിടെ എനിക്കെല്ലാം മടുത്തു. “
“സാറിനെ അന്നമ്മയും കൊച്ചും കാത്തിരിക്കില്ലേ. “
“അവരാരുമിപ്പോൾ നാട്ടിലില്ല, അന്നമ്മ കൊച്ചിനൊപ്പം അങ്ങ് ജർമ്മനിയിലാണ്. കൊച്ചിന് അവിടെയാണ് ഇപ്പോൾ ജോലി. അവരൊക്കെ അവിടെ നല്ല സന്തോഷത്തിലാണ്. ഞാൻ ഇല്ലേലും ഇനി അവർക്കു കൊഴപ്പമൊന്നുമില്ല. “
“എന്നാൽ ഇനി നമുക്ക് ഒന്നിച്ചു കുറെ നാൾ. “
“ഇനി തന്നെ ഞാൻ എങ്ങോട്ടും വിടില്ല. “
“ഞാൻ ഇനി വിട്ട് പോകില്ല. “
ജോസഫ് മേനകയുടെ കൈ മുറുക്കെ പിടിച്ചു.
കടൽത്തിരകളിൽ കാൽ നനച്ചു കൊണ്ട് അവരിരുവരും കൈകോർത്ത് നടന്നു.
“താനിപ്പോഴും നല്ല ചെറുപ്പമാണല്ലോ കൊച്ചേ. “
“സാറും ചെറുപ്പമാണ്, ഞാൻ സാറിനെ ചെറുപ്പമാക്കാൻ പോകുകയാണ്. “
“നീ എന്ത് ചെയ്താലും എനിക്ക് സമ്മതമാണ്. “
ആരുടെയോ പിറുപിറുക്കൽ കേട്ടാണ് മഹേഷ് ഉണർന്നത്. പക്ഷെ കണ്ണ് തുറന്ന് നോക്കിയിട്ട് ആരെയും കാണാനില്ല. അവൻ തിരിഞ്ഞു ജോസഫിനെ നോക്കി. സാർ ഉറങ്ങുവാണ്, ഇപ്പോൾ ചരിഞ്ഞാണ് സാറിന്റെ കിടപ്പ്. മഹേഷ് കിടന്നു കൊണ്ട് ജോസഫിന് അടുത്തേയ്ക്കു നീങ്ങി.
“സാറെ ഇതെന്തു കിടപ്പാണ്. “
ജോസഫ് അനങ്ങുന്നില്ല. കുറെ വിളിച്ചു, ഉണരുന്നില്ല. മൊബൈൽ ടോർച്ച് ഓണാക്കി മുഖത്തേക്ക് അടിച്ചു നോക്കി.
“സാറേ, സാറേ. “
ജോസബ് തണുത്തു കിടക്കുന്നു. മൂക്കിലൂടെ ചോര കിനിഞ്ഞു ഇറങ്ങുന്നു. മഹേഷ് ചോര കർചീഫ് കൊണ്ട് ഒപ്പിയെടുത്തു.
മഹേഷിൻ്റെ മനസ്സിൽ സങ്കടവും പേടിയും ഒരേ പോലെ കടന്ന് വന്നു. അവൻ മൊബൈൽ ഫോൺ എടുത്തു ആരെയോ വിളിച്ചു.
“സലീം സാറേ, നിങ്ങളെവിടെയാ, നമ്മുടെ ജോസഫ് സാർ… “
മഹേഷ് നടന്നത് ചുരുക്കി വിവരിച്ചു.
“ഞങ്ങൾ, പെട്രോളിംഗ് ടീം ഹൈവേയിലുണ്ട്. ഇതാ വരുന്നു. “
ആറേഴ് മിനിറ്റ് കഴിഞ്ഞ് കാണും ഹൈവേ പെട്രോളിംഗ് ടീം എത്തി.
സലീം സാർ വന്ന് ജോസഫ് സാറിനെ പരിശോധിച്ചു. കൈകാലുകൾ പിടിച്ചു നോക്കി. മരിച്ചിട്ട് അധികമായിട്ടില്ല
“ആമ്പുലൻസ് വിളിക്കൂ. ആശുപത്രിയിൽ കൊണ്ട് പോയി മരണം സ്ഥിതീകരിക്കണം. പോസ്റ്റ്മോർട്ടം ചെയ്യണം. “
“ഞാൻ കുടുങ്ങുമോ സാറേ. “
“എടാ, അങ്ങേർക്ക് രണ്ട് ഹാർട്ട് അറ്റാക്ക് കഴിഞ്ഞതാണ്. നീ അങ്ങേർക്ക് മദ്യം കൊടുത്തതെന്തിനാണ്. നീ വാ നമുക്ക് ഡോക്ടറെ കാണാം. “
ആമ്പുലൻസിൽ ജോസഫ് സാറിൻ്റെ നിർജ്ജീവമായ ശരീരം കിടത്തി. മണലിൽ നിന്നും സാറിൻ്റെ ചെരുപ്പും പേഴ്സും പെറുക്കിയെടുക്കുമ്പോൾ മഹേഷിന് കരച്ചിൽ വന്നു.
മഹേഷിൻ്റെ ഹൃദയം സൂക്ഷിപ്പുകാരനായിരുന്നു ജോസഫ്. എല്ലാം തുറന്ന് പറയാൻ കഴിയുന്ന ഒരു മൂത്ത സഹോദരൻ. അദ്ദേഹത്തിൻ്റെ മരണമുണ്ടാക്കുന്ന വിടവ് പരിഹരിക്കാൻ ഇനി ആർക്കും സാധിക്കില്ല.
ആമ്പുലൻസിന് പിറകേ ബൈക്കിൽ പുറപ്പെടാൻ തുടങ്ങുകയായിരുന്നു. മണലിൽ ഒരു തിളക്കം കണ്ട് നോക്കിയതാ. ഏഴെട്ടായി മടക്കിയ ഒരു കടലാസ് ചുരുൾ, മഹേഷ് അത് നിവർത്തി നോക്കി.
ഒരു ശവപ്പെട്ടി, അതിനരുകിൽ സുന്ദരിയായ ഒരു സ്ത്രീ രൂപം, അവൾ കൈ പിടിച്ച് ആ ശവത്തെ ഉയർത്താൻ ശ്രമിയ്ക്കുന്നു.
“മേനക. “
മഹേഷ് പരിസരത്ത് നാലുപാടും നോക്കി.
(തുടരും, …. )
✍️✍️നിഷ പിള്ള

