രാത്രി ഒരു രണ്ടു മണിയായി കാണും പെട്ടെന്നെൻ്റെ ഉറക്കം പോയി. ഞാനടുത്തു കിടന്ന ഭർത്താവിനെ തോണ്ടിവിളിച്ചു.
“ലെനിനണ്ണാ, നമുക്ക് നാളെത്തന്നെ കുടജാദ്രി കയറിയാലോ. ”
പിന്നീടൊരിക്കലും ഇങ്ങനെ വരാൻ പറ്റിയില്ലെങ്കിലോ എന്ന ഒരു തോന്നൽ എൻ്റെ മനസ്സിൽ ഉണ്ടായി. ലെനിനണ്ണൻ “അതിനെന്താ” എന്നു പറയുകയും തൊട്ടടുത്തു കിടന്ന എൻ്റെ കസിൻ അബുവും അമ്മയും ഞങ്ങളെപ്പോഴേ റെഡി എന്ന മട്ടിൽ അതിനോടു യോജിക്കുകയും ചെയ്തു. നാലുവർഷം മുമ്പ് അനന്തുവിനെ എഴുത്തിനിരുത്താൻ മൂകാംബികയിൽ വന്നപ്പോൾ കനത്ത മഴ കാരണം ഈ ആഗ്രഹം സഫലമായിരുന്നില്ല. ഇത്തവണ രണ്ടു കട്ടികളെയും കൊണ്ട് ബുദ്ധിമുട്ടാകും എന്നുവച്ച്, പിന്നെയൊരിക്കലാവാം എന്ന ഒരു തീരുമാനമെടുത്തിരുന്നു. ആ തീരുമാനമാണിപ്പോൾ മാറ്റിയത്.
അതിരാവിലെ തന്നെ ഞങ്ങൾ ആ ലോഡ്ജിൽ നിന്നും അത്യാവശ്യം ലഗേജു മാത്രമെടുത്ത് ബസ്സ്റ്റാൻഡിലെത്തി. ജീപ്പിൽ കുടജാദ്രിമുകളിൽ വരെ പോയി വൈകുന്നേരം തിരിച്ചെത്തുന്ന പ്ലാൻ വേണ്ടെന്നു വച്ചു. ഒരു ജീപ്പിൽ കയറി ‘നാഗോഡി’എന്ന സ്ഥലത്തിറങ്ങി, അവിടെ നിന്നും വനത്തിലൂടെ നടന്ന് ഏതാനും മലകൾതാണ്ടി കുടജാദ്രിയിലെത്തി, അന്നവിടെ താമസിച്ച് പിറ്റേന്നു മടങ്ങുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വനത്തിലൂടെയുള്ള കുടജാദ്രി യാത്രയെപ്പറ്റി പല സുഹൃത്തുക്കളും പറഞ്ഞ് മോഹിപ്പിച്ചിട്ടുണ്ടായിരുന്നു. കാട്ടുപാതയിലൂടെ നടന്നു കുടജാദ്രിയിൽ, അമ്മയും കുട്ടികളുമായി പോകുന്നത് കുറച്ചു ദുഷ്ക്കരമായിരുന്നെങ്കിലും, എല്ലാവരും ഈ തീരുമാനത്തോട് യോജിച്ചു. നാഗോഡിയിൽ നിന്നുള്ള നടപ്പ് അതീവസുഖകരമായിരുന്നു. തെളിഞ്ഞു കിടക്കുന്ന കാട്ടുപാതയ്ക്കിരുവശവും മുട്ടിയുരുമ്മി നിൽക്കുന്ന ചൂരൽമരങ്ങളും മറ്റുചെറുമരങ്ങളുമെല്ലാമായി നേരിയ തണുപ്പുള്ള പ്രകൃതി. ഇടയ്ക്കിടെ മാത്രം ഇലകൾക്കിടയിൽ കൂടി ഒളിഞ്ഞു നോക്കുന്ന ഇളംവെയിൽനാളങ്ങൾ. ചൂരൽക്കാട്ടിൽ കൂടി ചൂളംകുത്തിവരുന്ന കാറ്റിനൊപ്പം പല തരം പക്ഷികളുടെ കലപിലശബ്ദങ്ങൾ എല്ലാം കൂടി ഉന്മേഷകരമായ ഒരു അന്തരീക്ഷം! എല്ലാവർക്കും കുത്തി നടക്കാൻ ബലമുള്ള ചൂരൽ വടികൾ വെട്ടിയെടുത്തു. രണ്ടുമൂന്നു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെറിയ മൈതാനത്തിലാണ് കാട്ടുപാത ചെന്നെത്തിയത്. മൈതാനത്തിൻ്റെ അങ്ങേ അറ്റത്തൊരു ഓലമേഞ്ഞ കട കണ്ട് എല്ലാവരും അതിശയിച്ചു. കാട്ടിലൊരു കടയോ? അവിടെ ചെന്നപ്പോൾ അതിശയം ഇരട്ടിച്ചു. അവിടെയും ഒരു മലയാളി! മൂവാറ്റുപുഴക്കാരൻ തങ്കപ്പേട്ടനും ഭാര്യയും അവിടെ ചായക്കട നടത്തുന്നു. അവിടെനിന്നും ചായയൊക്കെ കുടിച്ച് ഫ്രഷ് ആയി. തങ്കപ്പേട്ടൻ്റെ നിർദ്ദേശപ്രകാരം കുറച്ച് അവൽ, പഞ്ചസാര, കാപ്പിപ്പൊടി ഇവയും വാങ്ങി. അദ്ദേഹം അട്ടകളെ ചെറുക്കാൻ കുറച്ചുപ്പും പൊതിഞ്ഞു തന്നു.
പിന്നീടങ്ങോട്ട് വഴുക്കലുള്ള പാറകളും വേരുകളും മറിഞ്ഞു വീണുകിടക്കുന്ന മരങ്ങളും ചവിട്ടിക്കടന്നു വേണമായിരുന്നു ആ കാട്ടുപ്രദേശം താണ്ടാൻ. പോരാത്തതിന് ചാടിപ്പിടിക്കാൻ തയ്യാറായി നിൽക്കുന്ന അട്ടകളും. അട്ടകൾക്ക് അവസരം കൊടുക്കാതെ പെട്ടെന്നു ഓരോ പാറയിൽ നിന്നും അടുത്തതിലേക്ക് എന്ന പോലെ ചാടിച്ചാടി ഏതാണ്ടു പതിനൊന്നരയോടെ ഞങ്ങൾ ആ ദുർഘട പർവ്വം താണ്ടി. പിന്നെയെത്തിയത്, അതിവിശാലമായ ഒരു പുൽപ്പരപ്പിലേക്കാണ്. അങ്ങകലെയായി ഒരു കുളവും!പുലി, മാൻ, കാട്ടി, കുരങ്ങ്, മയിൽ തുടങ്ങിയവയൊക്കെ അവിടെ വെള്ളം കുടിക്കാൻ വരുമെന്ന് തങ്കപ്പേട്ടൻ പറഞ്ഞെങ്കിലും ഭാഗ്യമോ നിർഭാഗ്യമോ, മരുന്നിനു പോലും ഒന്നിനെ കാണാൻ കിട്ടിയില്ല. പച്ചപ്പരവതാനി പോലത്തെ ആ പുൽമേടും, അതിനുമപ്പുറമുള്ള രണ്ടുമൂന്നു വലിയകുന്നുകളും കടന്ന്, അവസാനം കുത്തനെയുള്ള ഒരു കയറ്റത്തിനു മുന്നിലെത്തി. അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു. പിന്നെ വേരുകളിലും കല്ലുകളിലുമൊക്കെ പിടിച്ചു, സാഹസികമായി ഒരുവിധം വലിഞ്ഞു കയറി. ഉച്ചയ്ക്ക് ഒന്നരയോടുകൂടി കുടജാദ്രിയിലെ മൂകാംബിക ക്ഷേത്രത്തിൻ്റെ മൂലസ്ഥാനത്തെത്തി. കോലമഹർഷിയെ ഉപദ്രവിച്ച മൂകാസുരനെ ദേവി, എറിഞ്ഞു കൊന്നുവെന്നു വിശ്വസിക്കുന്ന ഒരു ശൂലത്തിൻ്റെ ദണ്ഡ് തറയിൽ നിന്നുയർന്നു നിൽക്കുന്നതു കണ്ടു. ശുലത്തിൻ്റെ മൂർച്ചയുള്ള ഭാഗം ഭൂമിക്കടിയിലുണ്ടെന്നാണ് വിശ്വാസം. ആ കോലമഹർഷിയുടെ പേരിൽ നിന്നാണ് ആ സ്ഥലത്തിന് കൊല്ലൂർ എന്ന പേരു വന്നതെന്നു പറയപ്പെടുന്നു. കാര്യമായ ക്ഷേത്രനിർമ്മിതികളൊന്നും അവിടെ കണ്ടില്ല. എങ്കിലും ഉയർത്തിക്കെട്ടിയ തറയിൽ, ശിവലിംഗവും മറ്റുചില പ്രതിഷ്ഠകളും വിളക്കുകളൊക്കെയായി പൂജ ചെയ്യുന്നതിൻ്റെ ലക്ഷണങ്ങൾ കാണാനുണ്ടായിരുന്നു.
തൊട്ടടുത്തായിരുന്നു അവിടുത്തെ പൂജാരിയായ ഭട്ടിൻ്റെ വീട്. അദ്ദേഹം പറഞ്ഞതനുസരിച്ച് ആ വീടിനോടു ചേർന്നുള്ള ചതുരാകൃതിയിലുള്ള പത്മതീർത്ഥത്തിലെ തണുത്ത വെള്ളത്തിൽ രണ്ടുമൂന്നുവട്ടം മുങ്ങിനീർന്നപ്പോൾ ഞങ്ങളുടെ എല്ലാക്ഷീണവും ഊർന്നുപോയി. ഒരു പുതുജീവൻ കിട്ടിയ പോലെ എല്ലാരും ഉഷാറായി. (ഇപ്പോൾ ആ പത്മതീർത്ഥത്തിൽ ആൾക്കാരെ ഇറങ്ങാൻ അനുവദിക്കുന്നില്ല എന്നാണറിയുന്നത്). ആ വീട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ ഞങ്ങളും കൂടി. ഉച്ചഭക്ഷണത്തിനു ശേഷം ഒന്നു വിശ്രമിക്കാം എന്നു കരുതിയപ്പോഴേയ്ക്കും, പൂജാരി ഭട്ട് കന്നട കലർന്ന മലയാളത്തിൽ പറഞ്ഞു. “നിങ്ങൾ എത്രയുംവേഗം മലകേറിക്കോളു. വൈകിയാൽ ബുദ്ധിമുട്ടാകും”
ഞങ്ങളോടൊപ്പം മുകളിലേയ്ക് കയറാൻ കോഴിക്കോട്ടുള്ള രാജേഷും കൂടെ അഞ്ചാറു കുടുംബക്കാരും, പിന്നെ കാസർഗോഡുകാരൻ ശരിധരൻമാഷും മകനും ആണുണ്ടായിരുന്നത്. അവരും ഞങ്ങളെപ്പോലെ അന്ന് ഭട്ടിൻ്റെ വീട്ടിൽ താമസിക്കാൻ വന്നവരാണ്. അവിടെ വച്ചു മാത്രം പരിചയപ്പെട്ടവർ
എല്ലാവരുമൊരുമിച്ച് മലയുടെ ഒരു ഭാഗത്തുള്ള ഒറ്റയടിപ്പാതയിലൂടെ കയറാൻ തുടങ്ങി. ഒരു വശം കുത്തനെയുള്ള കൊക്കയാണ്. മുകളിലെത്തി ശങ്കരാചാര്യർക്ക് ജ്ഞാനോദയമുണ്ടായ സർവ്വജ്ഞപീഠം, കൂടാതെ ദേവീദർശനം ലഭിച്ച ചിത്രമൂല ഇതൊക്കെ കണ്ട് തിരിച്ച് അംബാവനത്തിലെ അഗസ്ത്യ തീർത്ഥം എന്ന ചെറിയൊരു വെളളച്ചാട്ടവും കണ്ട് മടങ്ങാം എന്നതായിരുന്നു ഞങ്ങളുടെ പ്ളാൻ. അംബാവനം ദേവിയുടെ പൂങ്കാവനമായാണ് കണക്കാക്കപ്പെടുന്നത്, തണുത്ത കാറ്റുള്ളതിനാൽ വലിയ ക്ഷീണം കൂടാതെ ഏകദേശം മുകളിലെത്തി. സർവ്വജ്ഞപീഠത്തിലെത്താൻ കുറച്ചു ബുദ്ധിമുട്ടുള്ള കയറ്റം വീണ്ടും കേറേണ്ടിവന്നു. ഏറ്റവും മുകളിൽ നിന്ന് താഴേക്കു നോക്കി. പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ കാണുന്ന ആ കാഴ്ച ഒരു അസാധ്യകാഴ്ച തന്നെയാണ്.
ശങ്കരാചാര്യർ തപസ്സു ചെയ്തിരുന്ന സ്ഥലം എന്നു പറയപ്പെടുന്ന ആ മണ്ഡപത്തിനകത്ത് രണ്ടു കാവിമുണ്ടുടുത്ത ചെറുപ്പക്കാരെ കണ്ടു. സ്വാമിമാരായിരിക്കും എന്നു ഞങ്ങൾ കരുതി. അവരെക്കണ്ട് അതിശയത്തോടെ അബു അങ്ങോട്ടേക്കു ചെന്നു. നാട്ടിലെന്തോ അടിപിടിക്കേസുണ്ടാക്കി മുങ്ങിയതാണത്രേ അവർ. ഇവിടെ വന്ന് ഒളിച്ചു താമസിക്കുകയാണ്. അബുവിനെ കണ്ട് അവർ ചമ്മുന്നതു കണ്ടു.
കുടജാദ്രിയുടെ ഏറ്റവും മുകളിൽ നിന്നു നോക്കിയിൽ അങ്ങുദൂരെ താഴെ കൊല്ലൂരിൽ മൂകാംബികാക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം അകലെയായി കാണാം. ഇതെല്ലാം കണ്ടുകഴിഞ്ഞ് ചിത്രമൂലയിലേക്ക് പോകാൻ ഞങ്ങൾ റെഡിയായി. (ഇപ്പോൾ അവിടേയ്ക്ക് ആരെയും കടത്തിവിടുന്നില്ല).
കോഴിക്കോട്ടുകാരൻ രാജേഷിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ “ചിത്രമൂല” യിലേക്ക് പുറപ്പെട്ടു. രാജേഷ് അവിടെ എല്ലാ വർഷവും വരുന്ന ആളാണ്. ആ പരിചയം ഞങ്ങൾക്കു സഹായകമായി. പൊതുവേ സ്ത്രീകൾ അവിടെ പോകാറില്ല. അതിനാൽ രാജേഷ് എന്നെയും അമ്മയെയും അല്പം സംശയത്തോടെ നോക്കി. അപകടകരമായ മലയിറക്കമായിരുന്നു അത്. സ്റ്റെപ്പെന്ന സങ്കല്പം പോലുമില്ല. മുകളിലേക്കു കേറുന്ന പോലെ തിരിഞ്ഞു നിന്ന്, വലിയ പുൽച്ചെടികളിലും പാറക്കല്ലുകളിലും പിടിച്ച് സാഹസികമായി പിന്നോട്ടിറങ്ങിയാണ് ചിത്രമൂലയുടെ അടുത്തെത്തിയത്. ചിത്രമൂല ഒരു വലിയ പാറയിലെ വായ് പിളർന്ന പോലിരിക്കുന്ന ഗുഹയാണ്. ആഗുഹയിലേക്കു കയറാനും ബുദ്ധിമുട്ടാണ് ഗുഹയ്ക്കുളളിൽ നിന്നും ചെറിയ മരങ്ങൾ വളർന്നു നില്ലുണ്ട്. അതിൽ ആരോ കെട്ടിയിട്ട കയറിൽ പിടിച്ച് ഓരോരുത്തരായി ഗുഹാമുഖത്തേക്ക് കയറി. ഞാൻ കയറിൽ തൂങ്ങിക്കേറാൻ അല്പം മടിച്ചപ്പോൾ ലെനിനണ്ണൻ എന്നെ കളിയാക്കി “തൻ്റെ അമ്മയതാ പതിനെട്ടുകാരിയെപ്പോലെ കയറുന്നു. പിന്നെന്താ തനിക്കു കേറിയാൽ” അങ്ങനെ ഞാനും കയറി.
അവിടെ ഒരു വെളുത്ത മെലിഞ്ഞ ഒരു സ്ത്രീയിരുന്ന് ശിവലിംഗത്തെ പൂജിക്കുകയായിരുന്നു. അവർ പതിനെട്ടു ദിവസമായി രാവും പകലും അതിനുള്ളിലാണ്. ആ സ്ത്രീയെ രാജേഷിനറിയാം എന്ന കാര്യമാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. അവർക്കല്പം മാനസികാസ്വാസ്ഥ്യം ഉണ്ടത്രേ. നാട്ടിൽ വാച്ചു കടനടത്തുന്ന മകൻ പോലീസിൽ പരാതി കൊടുക്കുകയും പത്രത്തിൽ ഫോട്ടോ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും രാജേഷിന് ഒരു നല്ല വാർത്തയുംകൊണ്ടു നാട്ടിലേക്കു മടങ്ങാമെന്ന സന്തോഷമുണ്ടായി. രാപ്പകൽ ആ തണുപ്പിൽ ഒറ്റൊക്കൊരു കാട്ടിൽ അവർ ദിവസങ്ങളായി ഇരിക്കുന്നതോർത്ത് എനിക്കു പേടി തോന്നി. ആൾക്കാർ അവിടെ വന്ന് അങ്ങനെഇരിക്കാറുണ്ടുപോലും. അങ്ങയുള്ളവർക്കു വേണ്ടിയാണ് അവലും പഞ്ചസാരയുമൊക്കെ തങ്കപ്പേട്ടൻ ഞങ്ങളോടു വാങ്ങിക്കൊണ്ടു പോകാൻ പറഞ്ഞത്. ഞങ്ങൾ അവലും പഞ്ചസാരയും കാപ്പിപ്പൊടിയുമൊക്കെ അവർക്കു കൊടുത്തു.
ഈ ചിത്രമൂലയിൽ വച്ചാണ് ശങ്കരാചാര്യർക്ക് ദേവിദർശനം ലഭിച്ചതെന്നാണ് വിശ്വാസം, ആ ഗുഹയ്ക്കുള്ളിൽ വെള്ളം ഇറ്റിറ്റു വീഴുന്ന ഒരു ഉറവയുണ്ട്. ഞങ്ങൾ അതിൽ നിന്നും വെള്ളം കുപ്പിയിലാക്കി, പെട്ടെന്നു തന്നെ മടങ്ങി. ശ്രദ്ധ അല്പം ഒന്നു മാറിപ്പോയാൽ തൊട്ടുതാഴെയുള്ള അഗാധമായ കൊക്കയിലേക്കാണു പതിക്കുക. ഇറങ്ങിയ അത്രയും ബുദ്ധിമുട്ടില്ലാതെ, തിരികെ ഞങ്ങൾ വീണ്ടും സർവ്വജ്ഞ പീഠത്തിൻ്റെ അടുത്തെത്തി. അവിടെ നിന്നും അംബാവനത്തിലൂടെ താഴേയ്ക്കിറങ്ങണം
.
വൈകുന്നേരം അഞ്ചരമണിയായിരിക്കുന്നു. കുറേ പേർ നേരത്തേ തന്നെ താഴേക്കിറങ്ങിയിരുന്നു. അവശേഷിച്ചവരിൽ അബുവും രാജേഷും കാസർഗോഡിലെ സാറിൻ്റെ മകനും വളരെ മുന്നേനടന്നു. അബുവിൻ്റെ കൈയ്യിലായിരുന്നു ഹരിശ്രീ കുറിക്കാൻ വന്ന എൻ്റെ ചെറിയമകൻ അപ്പു. ഞാനും ലെനിനണ്ണനും അനന്തുവും മുന്നേയും അതിൻ്റെ പിന്നിലായി ശശിധരൻമാഷും അമ്മയും നടന്നു. സുന്ദരമായ, ശാന്തമായ, എന്നാലുള്ളിൽ കുറച്ചിരുണ്ട നിഗൂഢമായ ഇലച്ചാർത്തുകളാൽ അത്യാകർഷകമായി അംബാവനം ഞങ്ങളുടെ മുന്നിൽ കാണപ്പെട്ടു. തോളൊപ്പം വളർന്നു നിലക്കുന്ന അടിക്കാടിൻ്റെ ഇടയിലൂടെയുള്ള നേരിയ നടപ്പാതയിലൂടെ ഞങ്ങൾ ശ്രദ്ധയോടെ നടന്നു. തിങ്ങിനിറഞ്ഞ ശിഖരങ്ങളേകൂടിയ കൂറ്റൻമരങ്ങൾ സൂര്യരശ്മിയെ യാതൊരുവിധേനയും താഴേയ്ക്കു കടത്തി വിടില്ലെന്ന് തീരുമാനമെടുത്തപോലെ തോന്നി. ഞങ്ങളുടെ മുന്നേയുള്ളവർ കുറച്ചേറെ മുന്നോട്ടു പോയി. അമ്മയും മാഷും സംസാരപ്രിയരായിരുന്നതുകൊണ്ട് അവർ സംസാരിച്ചു പതുക്കെ നീങ്ങി. അവരെ കാത്തുകാത്ത് ഞങ്ങളും പതുക്കെയായി. മലയിറക്കം കൂടിയായിരുന്നതിനാൽ പാറകളിൽ പിടിച്ചൊക്കെ ഇറങ്ങി വന്നെത്തിയത് ഒരു ഗുഹയുടെ മുന്നിലാണ്. അവിടെ ഉള്ളിൽ ഇരുട്ടിലായി വിഗ്രഹം പോലൊന്നു കാണാനുണ്ട്. ഹനുമാൻപ്രതിഷ്ടയാണെന്ന് ആ മാഷ് പറഞ്ഞു. അവിടങ്ങനെ നിൽക്കുമ്പോൾ അകലെ നിന്നും അബുവിൻ്റെ വിളികേട്ടു. “ചേച്ചീ എളുപ്പം പോരു. മഴ വരുന്നുണ്ട്”. ഇതുകേട്ട് ഞങ്ങൾ തിരക്കുകൂട്ടിയെങ്കിലും അമ്മയുംമാഷും വളരെ സ്ലോമോഷനിൽ തന്നെയായിരുന്നു. നോക്കി നിൽക്കെ പ്രകൃതിയുടെ ഭാവം മാറി. കനത്ത ഇരുട്ട് വൃക്ഷത്തലപ്പുകൾക്ക് താഴെ ഒരു കരിമ്പടം കണക്കെ വന്നുമൂടി. അത്രയും നേരം പ്രസന്നവതിയായിരുന്ന അംബാവനത്തിൻ്റെ ഈ അപ്രതീക്ഷിതഭാവമാറ്റത്തിൽ ഞങ്ങളും പകച്ചു. പെട്ടെന്നു ഞാൻ പ്രതീക്ഷയോടെ എൻ്റെ തോൾബാഗിൽ കൈയ്യിട്ട് ടോർച്ചിനായി പരതി. അതെടുത്ത് തെളിച്ചുനോക്കിയപ്പോൾ ഒരു കുഞ്ഞു തിളക്കം മാത്രം. എങ്ങനെയോ ഓണായികിടന്ന് അതിൻ്റെ ചാർജ്ജത്രയും നഷ്ടപ്പെട്ടിരുന്നു. എന്തു ചെയ്യും? ആകെ പേടിതോന്നി മുന്നേ പോയവരെല്ലാം വളരെ ദൂരെയായിരിക്കുന്നു. ഞാൻ നിന്നിടത്തു നിന്ന് “അബുവേ…. ”എവിടാ എന്നു വിളിച്ചു കൂവി. പിന്നാലെ ഏഴുവയസ്സുകാരൻ അനന്തുവും വിളിച്ചു “അബുമാമാ…” അങ്ങകലെ നിന്നും എന്തോ മറുപടി കേട്ടു. ഒന്നും വ്യക്തമായില്ല. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി ആ കൂരിരുട്ടിൽ അല്പനേരം നിന്നു. വീണ്ടും ഞങ്ങൾ അവരെ വിളിച്ചു നോക്കി പക്ഷേ മറുപടിയൊന്നു കിട്ടിയില്ല. ഇത്രയുമായപ്പോഴേക്കും അച്ഛൻ്റെ കൈയ്യിൽ പിടിച്ചിരുന്ന അനന്തു കരയാൻ തുടങ്ങി. എൻ്റെ തൊണ്ടയിലും കരച്ചിൽ വന്നു തടഞ്ഞു നിന്നു. പക്ഷേ നമ്മൾ കരഞ്ഞാൽ കുഞ്ഞു കൂടുതൽ ഭയപ്പെടുമല്ലോ എന്നുകരുതി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻപറഞ്ഞു. “നമുക്കെന്തായാലും നടക്കാം ഞാൻ തന്നെ മുന്നേ പോകാം” എന്തു ധൈര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്നറിയില്ല. അനന്തുവിനെ അച്ഛൻ കൈ കയ്യിലെടുത്തു. എന്തും വരട്ടെയെന്നു വിചാരിച്ച് ഞാൻ ഒരു ലക്ഷ്യവുമില്ലാതെ മുന്നോട്ട് സ്റ്റെപ്പു വച്ചു. ചുറ്റുമുള്ള ചെടികൾ വകഞ്ഞാണ് നടക്കേണ്ടത്. ഇടയ്ക്ക് രണ്ടുമൂന്നു മിന്നാമിനുങ്ങുകൾ കാട്ടിത്തന്ന വെളിച്ചത്തിൽ ഇടതൂർന്നു നില്ക്കുന്ന കാടുകണ്ട് പരവേശം കൂടിയെങ്കിലും, അത്യാവശ്യം ബലമുള്ള ഒരു കമ്പു ഞാൻ ഒടിച്ചെടുത്തു. അംബാവനത്തിൻ്റെ അധിപയായ മൂകാംബികയെ മനസ്സിൽ വിചാരിച്ച് കൈയ്യിലിരുന്ന കമ്പുകൊണ്ട് നിലം തൊട്ടു മനസ്സിലാക്കി ഓരോ അടിയും മുന്നോട്ടുവച്ചു. പിന്നിൽ അച്ഛനുംമോനും അതിൻ്റെ പിന്നാലെ അമ്മയെ പിടിച്ചുകൊണ്ട് മാഷും. എന്തൊക്കെയോ അനക്കങ്ങൾ, ഏതോ ജീവികൾ നടക്കുന്ന ശബ്ദം, ചീവിടുകളുടെ കോറസ്, ഏവിടെയൊക്കെയോ നിന്നും പക്ഷികളുടെ ഭീതിപ്പെടുത്തുന്ന കരച്ചിൽ ! ഇതെല്ലാം കൂടി ആയപ്പോൾ ഉണ്ടായിരുന്ന ധൈര്യവും ചോർന്നു. കാട്ടുമൃഗങ്ങൾ, വിഷപാമ്പുകൾ, തേൾ, അട്ട എന്തൊക്കെയാവും ചുറ്റിലുണ്ടാവുക എന്ന ചിന്ത, ഭയം ഇരട്ടിപ്പിച്ചു. എന്തു വേണമെങ്കിലും സംഭവിക്കാം! മോനെക്കുറിച്ചോർത്തായിരുന്നു ഏറെ ആശങ്ക. പോയധൈര്യം വീണ്ടെടുത്ത് ഞാൻ വീണ്ടും ഓരോ സ്റ്റെപ്പുവച്ചു. അന്ധർ വടി ഉപയോഗിക്കുന്ന രീതിയിൽ ഇരുവശത്തും കുത്തിനോക്കിയാണ് ഓരോ ചുവടും വച്ചത്. ഇടയ്ക്ക് ചില വള്ളികളൊക്കെ പൊട്ടിച്ചു മാറ്റേണ്ടി വന്നു. തോളിലും ചെവിയിലുമൊക്കെ ഏതോ അരമുള്ള ഇലകൾ പോറലുണ്ടാക്കി. പിന്നിൽ നിന്നും “അമ്മേ ദേവീ…” എന്നുള്ള അമ്മയുടെ പ്രാർത്ഥന ഒരല്പം ആശ്വാസമായി. ഈ സമയം ശക്തമായി കാറ്റടിക്കാൻ തുടങ്ങി. പിന്നാലെ കൊള്ളിയാനും ഇടിയും! സാമാന്യം വണ്ണമുളള ഒരു പൈപ്പ്, ഏകദേശം അരയറ്റം ഉയരത്തിൽ മുന്നോട്ടു നീണ്ടു പോകുന്നത് മിന്നൽ വെളിച്ചത്തിൽ മിന്നായം പോലൊന്നു കണ്ടു. ഐ. ബി യിലേക്കു വെള്ളം കൊണ്ടു പോകുന്ന പൈപ്പാണതെന്ന് ഊഹിച്ചു. ദിശതെറ്റിയില്ല എന്നു മനസ്സിലായി. പിന്നെയുള്ള നടപ്പ് പൈപ്പിൽപിടിച്ചായി. തൊട്ടുതാഴെയായി ഒരു വെളളച്ചാട്ടത്തിൻ്റെ ഇരമ്പൽശബ്ദം കേട്ടു. അഗസ്ത്യ തീർത്ഥമാവാം അതെന്നു് ഊഹിച്ചു. ഈ പൈപ്പു കണ്ടില്ലായിരുന്നെങ്കിൽ ഞങ്ങൾ നേരേ നടന്നെത്തുന്നതു താഴെ വെള്ളച്ചാട്ടത്തിൻ്റെയടുത്തേക്കായേനെ എന്നോർത്തു. അപ്പോഴേയ്ക്കും മഴയും ചെയ്തു തുടങ്ങി. മഴപെയ്തിട്ടും കുറച്ചു നേരം കഴിഞ്ഞാണ് വെള്ളം ഞങ്ങളുടെമേൽ വീണുതുടങ്ങിയത്. കഠിനമായ തണുത്ത കാറ്റും മഴയും ഇടയ്ക്ക് മിന്നലും ഇടിയും! തണുപ്പിനെ പ്രതിരോധിക്കാനുള്ളതൊന്നും ഞങ്ങളെടുത്തിട്ടില്ല. തണുത്തു വിറച്ചു. എങ്കിലും മുന്നോട്ടു നീങ്ങിയേ മതിയാകൂ. അതിനിടയ്ക്ക നാളെത്തെ പത്രത്തിൽ കാട്ടിലകപ്പെട്ടു ജീവൻ നഷ്ടമായവരുടെ വാർത്ത വരുന്നതു പോലും അതിനിടയ്ക്ക് എൻ്റെ മനസ്സിലൂടെ കടന്നുപോയി. മരണം ഏതു രീതിയിലാവും എന്ന ഒരു സംശയം മാത്രമേ അവശേഷിച്ചിരുന്നുള്ളു പാമ്പുകൾ, മൃഗങ്ങൾ, കടുത്ത തണുപ്പ് ഏതും കാരണമാവാം.
അപ്പുവിനെയും കൊണ്ട് അബു അങ്ങെത്തിയില്ലെങ്കിലോ എന്നചിന്തയും എന്നെ തളർത്തി. അച്ഛൻ്റെ തോളിലിരുന്ന അനന്തുവിൻ്റെ ഏങ്ങലടി ശബ്ദം എൻ്റെ നെഞ്ചിൽ പെരുമ്പറ തീർത്തു.. വടി കുത്തി നടക്കുന്നതിനിടെ ഒരു കാര്യംമനസ്സിലായി എത്തിനിലക്കുന്നത് ഏതോ ഗർത്തത്തിൻ്റെ മുന്നിലാണ്. ഇനിയെന്തു ചെയ്യും?ഞാനാ കാട്ടുചെടികളുടെ ഇടയിൽ കുത്തിയിരുന് വടി താഴേക്ക് നീട്ടി നോക്കി. ഒരു രക്ഷയുമില്ല. വടി എവിടെയുമെത്തുന്നില്ല., . ശരിക്കും പെട്ടുപോയി എന്നു മനസ്സിലായി. അവിടുത്തെ ഐ. ബിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന പൈപ്പിൽ പിടിച്ചു നടന്നു ഐ. ബിയുടെ അടുത്തെത്താമെന്നു ചിന്തിച്ചത് എന്തൊരു വിഢ്ഢിത്തമായി എന്നോർത്തു. ആ വടിയില്ലായിരുന്നെങ്കിൽ ഞാൻ ഉറപ്പായും ആ കിടങ്ങിൽവീണേനേ! പൈപ്പിന് ഗർത്തത്തിൻ്റെ മുകളിൽ കൂടിയും കടന്നു പോകാമല്ലോ എന്ന ലോജിക്കൊന്നും അപ്പോൾ തോന്നിയില്ല.
മഴ ശക്തമായി. ഞങ്ങൾ അഞ്ചാളും ഒരുമിച്ചു ചേർന്നുനിന്നു. ഇത്ര വലിയ കാറ്റിലും മഴയിലും കുറ്റാക്കിരുട്ടിൽ ഞങ്ങളെ ആരു വന്നു രക്ഷിക്കാനാണ്? ഞങ്ങളുടെ മുന്നേപോയവർ തന്നെ അങ്ങെത്തിയോന്ന് ഉറപ്പില്ല. എല്ലാം നഷ്ടപ്പെട്ട് നെഞ്ചുരുകി ആ നില്പ് അരമണിക്കൂറോളം തുടർന്നു. മഴ അല്പമൊന്നു ശമിച്ചപ്പോൾ വീണ്ടും “അബുവേ… ആരെങ്കിലും വന്നു രക്ഷിക്കണേ…” യെന്നു ഞാൻ ഒച്ചയെടുത്തു വിളിക്കാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അങ്ങുദൂരെ ഒരു ശബ്ദം കേട്ടു. ” ചേച്ചീ.. എവിടെയാ നിങ്ങൾ ? അവിടെത്തന്നെ നിന്നോ” പിന്നെ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കൊണ്ടേയിരുന്നു. പെട്രോ മാക്സിൻ്റെ വെളിച്ചം കണ്ടപ്പോൾ അനന്തു ” അബുമാമാ.. ഞങ്ങളിവിടാ…” യെന്നു വിളിച്ചു കൂവി. ജീവൻ തിരിച്ചു കിട്ടിയ സന്തോഷം അവൻ്റെ ശബ്ദത്തിൽ തെളിഞ്ഞുകേട്ടു.
രാജേഷ് ഒരു വെട്ടുകത്തി കൊണ്ട് കാട്ടുചെടികൾ വെട്ടി മുന്നിലായും, അബു പെട്രോമാക്സ് പിടിച്ച് പിന്നാലെയുമാണ് വന്നത്. അവിടം കൊണ്ടും ഞങ്ങളുടെ ആപത്ത് തീർന്നില്ല. വനം പിന്നിട്ടു, ഏകദേശം മൂലക്ഷേത്രത്തിൻ്റെ അടുത്തെത്താറായി. ആ ഭാഗത്തെല്ലാം പരന്ന പാറയാണ്. ആ സമയം ഒട്ടും പ്രതീക്ഷിക്കാതെ കാറ്റ് അതീവശക്തിയിൽ ആഞ്ഞടിക്കാൻ തുടങ്ങി. എനിക്കുതോന്നി ഞങ്ങളെല്ലാം പറന്നു പോകുമെന്ന്. “എല്ലാരും ഇരിന്നോളി” രാജേഷിൻ്റെ അലറുന്ന ശബ്ദം കേട്ട് ഞാനും അമ്മയുമൊക്കെ ഇരിക്കുകയല്ല കിടക്കുകതന്നെ ചെയ്തുപോയി. അല്പനേരം കഴിഞ്ഞ് കാറ്റൊന്നടങ്ങിയപ്പോൾ എല്ലാരും ഇരുന്നു നിരങ്ങിനിരങ്ങി, നാലു കാലിന്മേൽ തകരമേൽക്കൂരയുള്ള ക്ഷേത്രമെന്നു സങ്കല്പിക്കുന്ന ആ തറയുടെ മുന്നിലെത്തി. അവിടെയെത്തിയതും അനന്തു ഒറ്റക്കരച്ചിൽ ! അതു കണ്ട് എല്ലാവരുടെയും അടക്കി വച്ചിരുന്ന വിഷമംഅണപൊട്ടിയൊഴുകി. സത്യത്തിൽ എല്ലാവരും കരഞ്ഞു പോയി. നിന്നനില്പിൽ അംബാ വനത്തിൻ്റെ ഭാവം മാറുമെന്ന് ഭട്ടിൻ്റെ ഭാര്യ പറഞ്ഞു. ഒരിക്കൽ ഒരു കടുംബം ഇതുപോലെ മലകയറിക്കൊണ്ടിരിക്കെ അതിശക്തമായ കാറ്റുവന്നു ആറേഴു വയസ്സുള്ള പെൺകുട്ടി കാറ്റത്ത് ഉയർന്നു പോയപ്പോൾ അച്ഛൻ അവളുടെ കാലിൽ ചാടിപ്പിടിച്ച് നിലത്തു കിടന്നു രക്ഷപെട്ടെന്ന അനുഭവവും അവർ ഞങ്ങളോടു പങ്കു വെച്ചു.
അത്യാപത്തിൽ നിന്നും രക്ഷപെട്ട ആശ്വാസത്തിൽ ഭട്ടിൻ്റെ വീട്ടിലെത്തി. അവിടെയെങ്ങും വൈദ്യുതി കണക്ഷൻ ആയിട്ടില്ല. ജനറേറ്ററാണ് ശരണം. അതും രാത്രി 8 മണി വരെയേ പ്രവർത്തിപ്പിക്കു. ഞങ്ങൾ നനഞ്ഞ തുണിയൊക്കെ മാറി ചൂടുകഞ്ഞിയും ഉപ്പിനിക്കാ എന്ന അവരുടെ കണ്ണിമാങ്ങാ അച്ചാറും പപ്പടവും കൂട്ടി, കുടിച്ചു വരുമ്പോഴേയ്ക്കും അവർ ജനറേറ്റർ ഓഫ് ചെയ്തിരുന്നു.
ആ വീട്ടിലെ ചാണകം മെഴുകിയ തറയുള്ള ഒരു വലിയ മുറിയിലാണ് നമ്മളെ പോലെയുള്ള ആൾക്കാർ വന്നു താമസിക്കുന്നത്. പൊതുവേ എല്ലാവരും ജീപ്പിൽ വന്നു് അന്നുതന്നെ മടങ്ങുകയാണു പതിവ്. ഇരുട്ടത്ത് തപ്പിപ്പിടിച്ച് ഒരു വിധം ഞങ്ങൾ ആ മുറിയിൽ കയറിപ്പറ്റി. ഉച്ചയ്ക്ക് ആ മുറിയുടെ മൂലയ്ക്ക് കുറച്ചു കരിമ്പടങ്ങൾ അടുക്കി വച്ചിരിക്കുന്നത് കണ്ടിരുന്നു. കോഴിക്കോട്ടു നിന്നു വന്നവർ നേരത്തേയെത്തി കമ്പിളിയൊക്കെ കയ്യടക്കി, പായ് നിരത്തി കിടന്നിരുന്നു. അവശേഷിച്ചത് ചെറിയൊരു കമ്പിളി മാത്രമായിരുന്നു. അതുകൊണ്ട് അമ്മയെയും മക്കളെയും പുതപ്പിച്ച് അവരോടുചേർന്ന് ഞാനും കിടന്നു. ഒരു രക്ഷയുമില്ലാത്ത തണുപ്പ് !ലെനിനണ്ണനും അബുവും കമ്പിളിയ്ക്കുവേണ്ടി തപ്പി നടന്ന് അവർക്കു കിട്ടിയത് രണ്ടു ചാക്കാണ്. ചാക്കെങ്കിൽ ചാക്കെന്നു വച്ച് അകത്തുകാൽകയറ്റി ഒരു വിധം അതിൽ അവരുംചുരുണ്ടുകൂടി. രാവിലെ നോക്കുമ്പോഴാ അറിയുന്നത് അതുപഞ്ചസാര ചാക്കാണെന്ന്. ഏതായാലും ഉറുമ്പൊന്നും കടിച്ചില്ല. തണുപ്പിനെ ചെറുക്കാൻ ‘ എന്തും ചെയ്തു പോകുമല്ലോ! രാത്രി, തണുപ്പു കൊണ്ടും നാളെ എങ്ങനെ പോകും എന്നോർത്തും കഴിഞ്ഞു പോയ സംഭവം ഒരു ഭീകരസ്വപ്നമായ് എന്നെ പിൻതുടർന്നു.
എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അന്ന് പെയ്തമഴ കാരണം പിറ്റേന്ന് ജീപ്പ് വരില്ലെന്ന് ഭട്ട് പറഞ്ഞിരുന്നു. പിന്നെ എട്ടൊൻപത് കിലോമീറ്റർ നടന്നാലേ ബസ് പോകുന്ന വഴിയിലെത്തു. വന്ന കാട്ടുവഴിയേ തിരികെ പോകുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല. അത്രയ്ക്കു പേടിച്ചു പോയിരുന്നു.
രാവിലെ തന്നെ ഭട്ടിൻ്റെ ഭാര്യ ഞങ്ങളെ വിളിച്ചുണർത്തി പറഞ്ഞു. ഇപ്പോൾ നിങ്ങൾ പുറപ്പെട്ടാൽ 9 മണിയ്ക്ക് റോഡിൽ നിന്നുള്ള ബസ് കിട്ടിയേക്കും. അതു കഴിഞ്ഞാൽ ഉച്ചയ്ക് രണ്ടു മണിക്കേ അടുത്ത ബസ് ഉണ്ടാവു എന്നു പറഞ്ഞു.
ഇതു കേട്ടപാടേ എല്ലാം വാരിക്കൂട്ടി, പിള്ളാരെയുമെടുത്ത് ഞങ്ങൾ ഓടിയുംനടന്നും ബസ് സ്റ്റോപ്പിലെത്താൻ നോക്കി. ജീപ്പുകൾക്ക് വരാനാവാത്ത വിധം മണ്ണൊലിച്ചും ചെളികൊണ്ടു മൂടിയും ആ റോഡ് വല്ലാത്തൊരവസ്ഥയിലായിരുന്നു. അങ്ങനെ വല്ല വിധേനയും എട്ടൊൻപതു കിലോമീറ്റർ താണ്ടി ഓടിപ്പിടിച്ച് ഓരോരുത്തരായി ആ ബസ്സിൽ കേറിപ്പറ്റി. ഏറ്റവും പിന്നിലായ ഞങ്ങളെ കാത്ത് ആ ബസ്സ് പത്തുമിനിറ്റോളം അവിടെ കിടന്നു. ബസ്സിൽ കയറി സീറ്റിൽ ചാരിയിരുന്ന് ഒരു ദീർഘശ്വാസം വിട്ടു. ഇരുപത്തിയേഴു വർഷം മുൻപത്തെ സംഭവമാണിതെങ്കിലും എൻ്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു യാത്രാനുഭവം ആയിരുന്നു അത്. എന്തെന്നാൽ എൻ്റെ ജീവിതപങ്കാളിയുമായുള്ള അവസാന നീണ്ടയാത്രയായിരുന്നു അത്.
പിന്നീടൊരിക്കലും ഞാനവിടെ പോയിട്ടില്ല അവിടമാകെ ഇപ്പോൾ പരിചിതമല്ലാത്ത വിധം മാറിപ്പോയിട്ടുണ്ടാവും. എങ്കിലും ഇപ്പോഴും ധാരാളം യാത്രകൾ ചെയ്യാറുണ്ട്. അതൊരിക്കലും അവസാനിക്കില്ലല്ലോ.
രചന: ഷേർലി വി. ടി.
വിഷയം : യാത്രകൾ അവസാനിക്കുന്നില്ല.


16 Comments
തുടക്കത്തിൽ ആസ്വദിച്ചു വായിച്ചു….പോകപ്പോകെ ശ്വാസം നിന്നു പോകുന്ന പോലെ…. ദൈവാധീനമുള്ള ആളുകളാണ് …..ആ അത്യാപത്തിൽ നിന്നും രക്ഷപ്പെട്ടല്ലോ….🙏❤️
ഇത് വായിക്കാൻ പല പ്രാവശ്യം തുടങ്ങിയെങ്കിലും പറ്റിയില്ല. ഭയങ്കര അനുഭവവും ഗംഭീര എഴുത്തും. ആ യാത്രയിലെ ഞെട്ടൽ വായിക്കുന്നവരിലേക്കും പകരുമ്പോലെ അസ്സലായി എഴുതി👌👌👏👏❤️❤️
തീർച്ചയായും ഇന്നെല്ലാം മുൻകൂട്ടികണ്ടു മാത്രമേ യാത്ര പ്ലാൻ ചെയ്യു. സിൽവി സന്തോഷം❤️🫂🙏
ഞാൻ രണ്ട് മൂന്ന് തവണ കുടജാദ്രി പോയിട്ടുണ്ട്. താഴേന്നു ജീപ്പ് എടുത്താണ് പോയത്.
ഉച്ച തിരിഞ്ഞാൽ പിന്നെ മല കേറാൻ പൊതുവെ അവർ സമ്മതിക്കാറില്ല.
ശരിക്കും ഒരു ത്രില്ലർ വായിച്ച പ്രതീതി
അതു തന്നെയാണ് നമുക്ക് സംഭവിച്ചതും. പ്രകൃതിയുടെ ഇത്തരം ഭാവമാറ്റം ഒട്ടും പ്രതീക്ഷിച്ചില്ല വായിച്ചതിൽ സന്തോഷം സുനന്ദ❤️🥰
നടുക്കത്തോടെയാണ് വായിച്ചു തീർത്തത്. ഇത്രയും അപകടകരമായ യാത്ര ആദ്യമായി അറിയുകയാണ്. നല്ല ത്രില്ലിംഗ് എഴുത്ത്. 👌👍
‘താങ്ക് യൂ ജോയ്സ്🙏 നെല്ലിക്ക കഴിക്കുമ്പോഴുള്ള അനുഭവമായിരുന്നു ആ യാത്ര !
മധുരവും കയ്പും
❤️🥰🫂
❤️എന്റെ ചേച്ചി നെഞ്ചിടിപ്പോടെ ആണ് വായിച്ചു തീർത്തത് 👌🥹.. ഞങ്ങളും പോയിരുന്നു കുടജാദ്രിയിൽ , അന്ന് രണ്ടാമത്തെ കുഞ്ഞിന് നാലു മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ..
അവിടെ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ ജീപ്പ് ചളിയിൽ ഒന്ന് പൂണ്ട് എന്നിട്ട് തന്നെ ഞമ്മൾ ആകെ ബേജാറായി 😰🥲
27 വർഷം മുമ്പുള്ള യാത്രയായിരുന്നു.
വായിച്ചതിൽ സന്തോഷം സയറാ❤️🥰🙏
👌👌
Thank you sreeja😍❤️
ൻ്റെ ശ്വാസം നിന്നുപോയി 🥹🥹
കുടജാദ്രി കയറിയിട്ടുണ്ട്. പക്ഷേ അതിലും പത്തിരട്ടി അനുഭവമാണ് ഇത് വായിച്ചപ്പോൾ കിട്ടിയത് 👌👌
താങ്ക് യൂ ഷൈബി.വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും❤️🥰🌹
ശരിക്കും പേടിപ്പെടുത്തുന്ന അനുഭവം തന്നെ ഷെർലി. കുടജാദ്രിയിലും ചിത്രമൂലയിലുമെല്ലാം പോയിട്ടുണ്ടെങ്കിലും ഇത്ര ഭീകരമായ അവസ്ഥ തരണം ചെയ്യേണ്ടി വന്നിട്ടില്ല.
നല്ല യാത്രാവിവരണം👌❤️
വീണ്ടും അവിടെയൊന്നു പോയതുപോലെ❤️❤️
‘അതേ ഒരിക്കലും ആ സംഭവം മനസ്സിൽ നിന്നും മായില്ല
സന്തോഷം സുമാ’അഭിപ്രായം പറഞ്ഞതിൽ❤️🥰🫂
ചേച്ചീ ശ്വാസം പിടിച്ചാണ് വായിച്ചത്. ഇന്നാണെങ്കിൽ ഇങ്ങനെയൊരു യാത്രക്ക് പുറപ്പെടുമ്പോൾ തീർച്ചയായും നമ്മൾ കുറച്ചു കൂടി ഒരുക്കങ്ങൾ നടത്തും അല്ലേ. സസ്പെൻസ് ഒട്ടും ചോരാതെയുള്ള ചേച്ചിയുടെ അടുത്ത് കിടു 👌👌👌👌