Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എല്ലാം നല്ലതിന്
അനുഭവം ഓർമ്മകൾ ജീവിതം

എല്ലാം നല്ലതിന്

By Sujatha SurendranJuly 28, 2024Updated:August 22, 202413 Comments7 Mins Read310 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്ന് നാലാം ക്ലാസ്സുകാരി ആയ എന്റെ പിറന്നാൾ ആയിരുന്നു. പിറന്നാളുകാരിയെയും കൂട്ടി നേരത്തെ തന്നെ അടുത്തുള്ള ഞങ്ങളുടെ മഹാദേവക്ഷേത്രദർശനത്തിന് ശേഷം അമ്മയും വലിയമ്മയും അമ്മൂമ്മയും ചേർന്ന് ചെറിയ തോതിൽ ഒരു സദ്യ തരപ്പെടുത്തുന്ന തിരക്കിൽ അടുക്കള ഇളക്കി മറിക്കുന്നുണ്ട്.

പൂമുഖത്ത് പൊതുവിജ്ഞാനാർത്ഥം പത്രം വായനയിൽ മുഴുകി ഇരുന്ന അച്ഛന് പാചകത്തിനിടക്ക്, ഇടനേരത്തെ ചായയുമായി വന്ന അമ്മ, അവിടെ കസേരയിൽ അച്ഛനെ കാണാഞ്ഞ് വീടിന്റെ നാല് പുറവും കൂകി വിളിച്ച് നടന്നു.

“ഈ മനുഷ്യൻ മിണ്ടാതെ വെണ്ണീറിൽ ഈയം പോയ കണക്ക് ഇതെങ്ങോട്ട് പോയി, എവിടെ പോകുകയാണെങ്കിലും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ആവോ..?” എന്നൊക്ക ചോദിച്ച് സ്വല്പം അലോസരത്തോടെ ചവിട്ടി മെതിച്ച് അകത്തേക്ക് കയറി പോയി ബാക്കി പണികളിൽ മുഴുകി.

സാധാരണ അങ്ങിനെയുള്ള സന്ദർഭങ്ങളിൽ വിളി കേട്ട് ദൃഷ്ടിക്ക് ഗോചരമല്ലാത്ത സ്ഥലങ്ങളിൽ നിന്നും അമ്മയുടെ ആ മനുഷ്യൻ
“ഞാനിവിടെ തന്നെ ഉണ്ട് എന്റെ മനുഷ്യസ്ത്രീ…” എന്ന് പറഞ്ഞ് അമ്മക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളതാണ്.

തൃശ്ശൂർ ഭാഗത്തൊക്കെ ഇട്ടായം അഥവാ എം ആർ എസ്സ് എന്ന് വിളിക്കുന്ന കളി കളിച്ച് കൊണ്ടിരുന്ന ഞാനും അനുജത്തിയും പിറന്നാൾ കൂടാൻ വന്ന വലിയമ്മയുടെ മക്കളും തമ്മിൽ കളിയിൽ വെറുക്ക് പറഞ്ഞ് മുറ്റത്ത്‌ പൊരിഞ്ഞ ഗുസ്‌തി നടക്കുന്നു. മണ്ണിൽ പെട്ടി പോലെ ആറ് കള്ളികളോട് കൂടിയുള്ള വരകൾ വരച്ച് കുഞ്ഞ് കല്ലിട്ട്  അതിൽ ചവിട്ടി ഞൊണ്ടിയും ചാടിയും വര തൊടാതെ കളിക്കുന്ന ആ ഇട്ടായം കളി എത്ര പെട്ടെന്നാണ് എന്റെ ഈശ്വരാ ഗുസ്‌തി മത്സരം ആയി മാറിയത്?

ആ സമയത്ത് ഗേറ്റ് തള്ളി തുറന്ന് കൊണ്ട് ഞങ്ങളുടെ ഉന്തിന്റെയും തള്ളിന്റെയും ഇടയിലേക്ക് കേൾക്കാൻ ഒട്ടും മാധുര്യമില്ലാത്ത കീ…. എന്ന് ഹോൺ മുഴക്കിക്കൊണ്ട് ഒരു ചാരനിറ ലാമ്പി സ്ക്കൂട്ടർ വന്ന് നിന്നു. അതിന്റെ മുകളിൽ ഉമ്മറത്തെ കസേരയിൽ നിന്നും അപ്രത്യക്ഷനായ ‘അച്ഛനെന്ന മനുഷ്യൻ’ ബൈക്ക് റേസിലെ ജേതാവിനെപ്പോലെ ചിരിച്ചുകൊണ്ട് ഇരിക്കുന്നു.

ഞങ്ങൾ പിള്ളേർ അടിപിടിയെല്ലാം മറന്ന് വണ്ടിക്ക് ചുറ്റും കൂടി. എല്ലാവർക്കും കുറെ സംശയങ്ങൾ, ആരുടെ വണ്ടിയാണ്, അച്ഛൻ എങ്ങോട്ട് പോയതാണ്, എന്താണ് പറയാതെ പോയത് എന്നൊക്കെ.നമ്മുടെ വണ്ടി ആണ് എന്ന് കേട്ടപ്പോൾ വിശ്വാസം വരാത്ത പോലെ നിന്നു എല്ലാവരും. മുറ്റത്തെ ലഹള കേട്ട്, വായിലെ രസമുകുളങ്ങളങ്ങൾക്ക് വിരുന്നേകാൻ അടുക്കളയിൽ അങ്കം വെട്ടുന്ന ‘കറിക്കൂട്ടുകാർ’ എല്ലാവരും പൂമുഖത്തേക്ക് എത്തി.

അപ്പോൾ അമ്മയോട് ആയി അച്ഛന്റെ ഒരു ഡയലോഗ്.. ”

ഇന്ന് സുജമോൾടെ പിറന്നാൾ അല്ലേ? നിങ്ങൾക്കൊക്കെ ഒരു സർപ്രൈസ് ആവട്ടെ എന്ന് വച്ചാണ് പറയാതിരുന്നത്. കുറച്ച് നാൾ മുന്നേ പറഞ്ഞ് വച്ച ഈ സ്ക്കൂട്ടർ ഇവളുടെ പിറന്നാളിന്റെ അന്ന് കൊണ്ടുവരാമെന്ന് വിചാരിച്ചു. സൈക്കിൾ മാറ്റി അച്ഛന് ഒരു സ്കൂട്ടർ വാങ്ങിക്കൂടെ എന്ന് കൂടെക്കൂടെ അവളാണ് എന്നോട് ചോദിക്കാറുള്ളത്..”
എന്ന് പറഞ്ഞ് കിലുങ്ങുന്ന കീ ചെയിൻ ഇട്ട താക്കോൽ അച്ഛൻ എന്റെ കൈവെള്ളയിൽ വച്ച് തന്നു. നിനക്കൊരു പിറന്നാൾ സമ്മാനം എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണിൽ പൂത്തിരി കത്തിച്ച തിളക്കം, അനിയത്തിയുടെ വെളുത്ത മുഖത്ത് അസൂയ മേമ്പൊടി ചേർത്ത ഇരുട്ട്.

“അപ്പൊ എനിക്കോ…?”
കൂടെ ഒരു ചോദ്യവും.

അവളുടെ വിഷമം മാറ്റാൻ അച്ഛന്റെ സൂത്രം

“സമ്മാനം നിന്റെ പിറന്നാളിന്റെ ആണെങ്കിലും ഇതിൽ ഫസ്റ്റ് റൈഡ് എന്റെ കുഞ്ഞുമോൾക്കാണ്. വേറെ ആർക്കും അല്ല”

എന്ന് പറഞ്ഞ് അവൾ കാണാതെ അച്ഛൻ എന്നെ നോക്കി കണ്ണൊന്ന് ചിമ്മി. അവളുടെ മുഖത്തെ അസൂയയുടെ ഇരുൾ നീങ്ങി ഒരു പ്രകാശമൊക്കെ വന്നു, പക്ഷെ, എന്നെ നോക്കി കൊഞ്ഞനം കുത്താൻ അവൾ മറന്നില്ല.

ചാരനിറത്തിലുള്ള ലാമ്പി നല്ല തക്കിടിമുണ്ടൻ ആണെന്ന് കാഴ്ചയിലും പിന്നെ അച്ഛൻ അവനെ കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്നും മനസ്സിലായിരുന്നു. അന്നത്തെ ഹംമ്പർ സൈക്കിളിൽ നിന്നും ലാമ്പിയിലേക്കുള്ള പ്രൊമോഷൻ, ഇന്ന് മുറ്റത്തൊരു ബി എം ഡബ്ലിയു കാർ കിടക്കുന്ന അഭിമാനവും സന്തോഷവും അന്ന് ഉണ്ടാക്കിയിരുന്നു. സ്റ്റാൻഡിൽ കയറി തല ഉയർത്തി നിൽക്കുന്ന അവനെ ഞാൻ തെല്ലൊന്നുമല്ല തൊട്ട് തലോടിയിട്ടുള്ളത്. എനിക്ക് കിട്ടിയ പിറന്നാൾ സമ്മാനം എന്ന തെല്ല് അഹന്തയോടെ. സ്നേഹം മൂത്ത് ഹാൻഡിലിൽ പിടിച്ച് അവന്റെ തല അങ്ങോട്ടുമിങ്ങോട്ടും വെട്ടിക്കലും സീറ്റിന് മുന്നിൽ ഉള്ള സ്ഥലത്ത് വെറുതെ കയറി നിന്ന് സ്ക്കൂട്ടർ ഓടിക്കുന്ന ഗമയിൽ നിൽക്കുകയുമൊക്കെ ചെയ്യാറുള്ള മെലിഞ്ഞ് കോല് പോലെ നീളത്തിൽ ഉള്ള ഞാനെന്ന നാലാം ക്ലാസ്സുകാരി.ചിലപ്പോഴൊക്കെ എനിക്ക് അച്ഛൻ തന്ന സമ്മാനത്തിൽ തൊടാൻ നിന്നോട് ആരുപറഞ്ഞു എന്നൊക്കെ അനിയത്തിയോട് ചോദിച്ച് അവളെ പ്രകോപിപ്പിക്കലിനും തുടർന്നുള്ള അടിപിടിക്കും ഒക്കെ ലാമ്പിക്കുട്ടൻ സാക്ഷ്യം വഹിച്ചു മിണ്ടാതെ നിന്നു.

എന്നാലും പൊതുവേ, അവൻ വന്നതിന് ശേഷം വീട്ടിൽ പുതിയ ഒരു കളിക്കൂട്ടുകാരനെ കിട്ടിയ പ്രതീതി ആയിരുന്നു എനിക്കും അനിയത്തിക്കും. ഞങ്ങളേക്കാൾ അരോഗദൃഢഗാത്രൻ ലാമ്പിക്കുട്ടൻ ഞങ്ങളുടെ വിക്രിയ മുഴുവൻ സഹിച്ച് ബലം പിടിച്ച് നിന്നോളും മറിയാതെ.കിടക്കുന്ന ആനയുടെ മേൽ കയറിക്കളിക്കുന്ന പൂച്ചകുഞ്ഞുങ്ങളെപ്പോലെ ഞങ്ങളും..

“അത് കൊണ്ടോന്ന ശേഷം എപ്പോ നോക്ക്യാലും അയിന്റെ മോൾലാ രണ്ടും, കൂത്തുമറഞ്ഞ് വീണിട്ട് അലറിപ്പൊളിച്ച് ഇങ്ങോട്ട് വന്നാ രണ്ടിനേം ശര്യാക്കും ഞാൻ നോക്കിക്കോ..”

സ്ക്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തപോലെ ഞങ്ങൾ ഉണ്ടാക്കിക്കളിക്കുന്ന മിമിക്രി ശബ്ദത്തിൽ അമ്മയുടെ ഭീഷണി മുങ്ങിത്താണ് പോവും. മക്കൾ വലുതായി അതും ഓടിച്ച് സ്വയംപര്യാപ്തത നേടുന്ന നല്ല സ്വപ്നം കാണുന്ന അച്ഛൻ വഴക്കൊന്നും പറയാറില്ല. സ്ക്കൂട്ടറും മക്കളും തമ്മിൽ നന്നായൊന്ന് മെരുങ്ങട്ടെ എന്നാണ് അച്ഛന്റെ ഉള്ളിൽ എന്ന് വഴിയേ മനസ്സിലായി.

അച്ഛന്റെ സൈക്കിളിന്റെ മുന്നിലെ തണ്ടിൽ ഘടിപ്പിച്ചിരുന്ന കുട്ടി സീറ്റിൽ ഇരുന്നുള്ള സവാരിക്ക് ശേഷം ലാമ്പിയിൽ കയറി ആദ്യയാത്ര പോയ ദിവസം ഞാൻ ഞെട്ടലോടെ ഒരു കാര്യം മനസ്സിലാക്കി. ലാമ്പിയിൽ എനിക്ക് പിൻസീറ്റ്‌ ആണെന്ന്. ഉയരം കൂടും തോറും ചായയുടെ സ്വാദേ കൂടൂ, എന്റെ യാത്രയുടെ സ്വാദ് കുറഞ്ഞുവെന്ന്!

മുൻനിരയിൽ വിരാജിക്കാൻ ഉയരം ഒരു അയോഗ്യത ആയത് ആദ്യം വിദ്യാലയത്തിലെ വരിയിലും പിന്നെ ദേ.. ഇപ്പോഴും.. ഞാനത് തെല്ല് അമർഷത്തോടെ ഓർത്ത് പല്ല് ഞെരിച്ചു. മുന്നിൽ നിൽക്കാനുള്ള യോഗ്യത ഉണ്ടപ്പാറുവായ എന്റെ നാല് വയസ്സുകാരി അനുജത്തിയിൽ ഉപാധികൾ ഒന്നുമില്ലാതെ ലയിച്ചു ചേർന്നു. ചെറു അഹങ്കാരത്തിന്റെ തരികൾ അവളുടെ ഉണ്ടക്കണ്ണുകളിൽ കൂടിക്കൂടി വന്നു.

രണ്ട് ദിവസം മുഖം വീർപ്പിച്ച് പിന്നിൽ ഞാൻ ഇരുന്നുവെങ്കിലും, പിൻസീറ്റിൽ അപ്പുറത്തേക്കും ഇപ്പുറത്തേക്കും കാലിട്ട് അച്ഛന്റെ അരക്കെട്ടിലൂടെ കൈയ്യെത്തിച്ച് കെട്ടിപിടിച്ചുള്ള ആ യാത്ര വൈകാതെ എനിക്കിഷ്ടമായി. വൈകുന്നേരങ്ങളിൽ വെറുതെ ഒരു സ്ക്കൂട്ടർ സവാരി. മുന്നിൽ അനുജത്തിയും പിന്നിൽ ഞാനും അച്ഛന്റെ കൂടെ.. പാടത്തിന് നടുവിലൂടെയുള്ള കുഞ്ഞ് റോഡിലൂടെ, സർവ്വചരാചരങ്ങൾക്കും പ്രകാശം പരത്തുകയെന്ന കൃത്യനിർവ്വഹണത്തിന് ശേഷം കൃത്യസമയത്ത് പോകാനൊരുങ്ങുന്ന അസ്തമയസൂര്യനെ നോക്കി, മുഖത്ത് തണുത്ത കാറ്റ് വന്ന് തഴുകി തലോടി, പോകുന്ന പോക്കിൽ തോളറ്റം വരെയുള്ള എന്റെ ഇടതൂർന്ന മുടിയാകെ ചിക്കിപ്പറത്തി കുസൃതി കാണിച്ച് കടന്ന് പോകും.മൊത്തത്തിൽ നല്ല ഉന്മേഷം തരാറുള്ള കൊച്ചുകൊച്ചു സ്ക്കൂട്ടർ യാത്രകൾ.

ഒരു ദിവസം രാവിലെ എന്തോ ആവശ്യം പ്രമാണിച്ച് സ്ക്കൂട്ടർ എടുത്ത് ഗേറ്റിന് പുറത്ത് കടന്ന് ഓടിച്ച് പോയ അച്ഛൻ, അടുത്ത നിമിഷം പേടിച്ചരണ്ട പോലെ പോയതിലും വേഗത്തിൽ തുറന്ന് കിടക്കുന്ന ഗേറ്റിലൂടെ സ്ക്കൂട്ടറിൽ തിരികെ ഉള്ളിലേക്ക് തന്നെ വന്നു.. വണ്ടി പെട്ടെന്ന് പാർക്ക്‌ ചെയ്ത് ഓടിപ്പോയി ഗേയ്റ്റ് അടച്ച് കുറ്റിയിട്ട്, നന്ദനത്തിലെ കേശവൻ നായരെ ഡബിൾ ആക്ട് എന്ന പോലെ കുസൃതി കാണിച്ച് പറ്റിച്ച കുമ്പിടി കണക്ക് രണ്ട് ഒക്കത്തും കൈകൾ കുത്തി നിന്ന് കിതക്കുന്നുണ്ട്, ചിരിക്കുന്നുമുണ്ട്. അമ്പരന്ന് നിൽക്കുന്ന ഞങ്ങളെ കൂടുതൽ അമ്പരപ്പിച്ച് കൊണ്ട് ഗേറ്റിൽ ചീറിപ്പാഞ്ഞ് വന്ന് വലിയ ശബ്ദത്തിൽ കൊമ്പ് കോർത്ത ഒരു വലിയ ചുവന്ന പശു! നോക്കിയപ്പോൾ ഏതാനും വീടുകൾക്ക് അപ്പുറത്തുള്ള നമ്പിടിമാഷിന്റെ പശുവാണ്.. നെറ്റിയിൽ സ്നേഹചിഹ്‌നം പതിച്ചിട്ട പോലെ നല്ല ഭംഗിയുള്ള വെളുത്ത ചുട്ടി ഉണ്ട് അതവളുടെ ഐഡന്റിറ്റി മാർക്ക് ആണ്.. സ്നേഹചിഹ്‌നം നെറ്റിയിൽ മാത്രമേയുള്ളൂ.. മനസ്സിൽ ചിലരോടില്ല, മഹാ ദേഷ്യക്കാരിയാണ്. ചുവന്ന വേഷങ്ങൾ, ചില ശബ്ദങ്ങൾ, ചില ആകാരങ്ങൾ ഒന്നും അവൾക്കിഷ്ടമല്ല. മൊത്തത്തിൽ ഒരു ‘My life My rules’ ശൈലി.

സാധാരണ ഞങ്ങളെ കാണുമ്പോൾ വീരശൂരപരാക്രമങ്ങൾ ഒന്നും പതിവില്ലാത്തതാണ്. പോരെങ്കിൽ അവളുടെ കയറിന്റെ മറ്റേ അറ്റത്ത് മിക്കവാറും നമ്പിടി മാഷ് ഉണ്ടാവാറുമുണ്ട്. ഇന്നിപ്പോൾ എന്തോ പന്തികേടിന്റെ പുറത്ത് നമ്പിടി മാഷിനെ വടംവലിയിൽ തോൽപ്പിച്ച് നിലംപരിശാക്കി അച്ഛന്റെ വണ്ടിക്ക് പിന്നാലെ വച്ച് പിടിച്ചതാണ് കക്ഷി.

‘ഒരു കൂട്ടിൽ രണ്ട് സിംഹങ്ങൾ വേണ്ട’ എന്ന തോന്നലിൽ ഓടിച്ച് വിട്ടതാണോ അവളുടെ നാട്ടിലെ ഈ പുതിയ കുടിയേറ്റക്കാരൻ ലാമ്പിക്കുട്ടനെ! അതോ അവനെ കണ്ടപ്പോൾ അവൾക്ക്, അവളെ പറ്റിച്ച് പോയ കാളക്കുട്ടനെപ്പോലെ തോന്നിയോ ആവോ?

ലാമ്പിയുടെ രണ്ട് കൊമ്പും തലയും മുരൾച്ചയും ഒക്കെ കൂടി കേട്ടപ്പോൾ അവൾ മധുരവും അതിലേറെ കയ്പ്പും നിറഞ്ഞ ഏതോ ഗതകാലസ്മരണകളിലേക്ക് പോയി എന്ന് തോന്നുന്നു. പറ്റിച്ച് കടന്ന് കളഞ്ഞവന് മുന്നിൽ സംഹാര രുദ്രയായി അവൾ.. അതിന്റെ പുറത്തിരിക്കുന്ന എന്റെ അച്ഛനും, അവളുടെ കഴുത്തിലെ കയറിന്റെ അങ്ങേ തുമ്പിലെ അവളുടെ യജമാനനും അവൾക്കൊരു പ്രശ്നമേ അല്ലായിരുന്നു. കുറേ നേരം പടിക്കൽ നിന്ന് മുരണ്ട് ലാമ്പിക്കുട്ടനെ തുറിച്ച് നോക്കിയും ഗേറ്റിൽ കൊമ്പിട്ട് ഇടിച്ചും ‘നിന്നെ എന്റെ കൈയിൽ കിട്ടിയാൽ ഉണ്ടല്ലോ’ എന്ന് പറയാതെ പറഞ്ഞ്  അമർഷം കാണിച്ച് നിന്ന അവളെ നമ്പിടി മാഷ് ഉന്തിയുളുക്കി വന്ന് പിടിച്ചുവലിച്ച് കൊണ്ട് പോയി.
“നിനക്കിതെന്ത് പറ്റിയെടീ ശാന്തേ?!” എന്നൊക്കെ ചോദിച്ച് പതിയെ അവളുടെ പുറത്തൊക്കെ തലോടുന്നുണ്ട് മാഷ്. ഞങ്ങളുടെ ശ്വാസം നേരെ വീണു..

ശാന്ത പിന്നേയും പലവുരു ഞങ്ങൾക്ക് അശാന്തി ഉണ്ടാക്കി. ഒരേസമയം വണ്ടിയും, ശാന്തയും പുറത്ത് ഉണ്ടെങ്കിൽ പിന്നെ പുകിലാണ്. കാളപ്പോരിലെ കാളക്കുട്ടൻമാരുടെ ബാധ കയറിയ മട്ടാണ് പിന്നെ. പലപ്പോഴും ഞങ്ങളുടെ യാത്ര മുടക്കലും നമ്പിടി മാഷിനെ തട്ടിയിട്ട് ആളുടെ ശരീരത്തിലെ പെയിന്റ് പോക്കും ഞങ്ങൾ വണ്ടി തിരിച്ച് ജീവനും കൊണ്ട് ഓടിപ്പോരലും ഒക്കെ പതിവ് സംഭവമായി. അവൾക്കെന്താണ് തോന്നുന്നത് എന്ന് ഒരുപിടിയുമില്ല. അന്നൊക്കെ ഫോൺ ഉണ്ടെങ്കിൽ ഒരു പരസ്പരധാരണയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ സാധിച്ചേനെ.. വണ്ടിയും പശുവും ഒരേസമയം നിരത്തിൽ ഇറങ്ങാതിരിക്കാനുള്ള ഒരു ധാരണ. അവസാനം പശുവിനെ ഉച്ചതിരിഞ്ഞ് കുറച്ച് നേരം മാത്രമേ പുറത്ത് മേയാൻ വിടൂ എന്ന പരസ്പരധാരണ ആയി. ഞങ്ങൾക്ക് സമാധാനമായി.. ആ നേരത്ത് പുറത്ത് പോകുന്നുണ്ടെങ്കിൽ മാത്രം ശ്രദ്ധിച്ചാൽ മതിയല്ലോ.

ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം.. വീടിന്റെ മുന്നിൽ മുറ്റത്ത്‌ ഇരുന്ന സ്ക്കൂട്ടർ കാണാനില്ല.ആകെ അങ്കലാപ്പോടെ തപ്പി ഇറങ്ങിയപ്പോഴുണ്ട് രണ്ട് വീടുകൾക്ക് അപ്പുറം പന്തലിച്ചു നിൽക്കുന്ന  അരയാലിന്റെ താഴെ വഴിയിൽ സ്ക്കൂട്ടർ വീണ് കിടപ്പുണ്ട്.

വീണിതല്ലോ കിടക്കുന്നു ധരണിയിൽ…

ഞങ്ങളുടെ ഗ്രാമഭംഗി കൂട്ടുന്ന,നാടിന്റെ തിലകക്കുറി ആണ് ആ വലിയ അരയാൽ. ഞങ്ങളുടെ മഹാദേവ ക്ഷേത്രനടയിലെ ആ അരയാലിന് മഹാദേവനുമായി അഭേദ്യബന്ധമുണ്ട്.അതുകൊണ്ട് തന്നെ ഞങ്ങൾക്കും പ്രിയപ്പെട്ടതാണ് ആ വലിയ ആൽ.ഭഗവാന്റെ എല്ലാ ആഘോഷങ്ങളും ആരംഭിക്കുന്നതും എഴുന്നളിപ്പായി അമ്പലത്തിലേക്ക് പോകുന്നതും ആ അരയാലിന്റെ ശീതളച്ഛായയിൽ നിന്നാണ്.

അതിന് താഴെ ആളുകൾ എന്തോ കാഴ്ച കാണുന്ന മട്ടിൽ നിൽക്കുന്നുണ്ട്, ഞങ്ങൾ അങ്ങോട്ട് ഓടിച്ചെന്ന് നോക്കുമ്പോൾ, ശാന്തപ്പശു ഒട്ടും ശാന്തത ഇല്ലാതെ അതിന് ചുറ്റും ആവേശത്തോടെ വട്ടനെ ഓടുന്നുണ്ട്. അതിൽ കുത്തുന്നുണ്ട്, പ്രത്യേകശബ്ദം ഉണ്ടാക്കുന്നുണ്ട്, മുരളുന്നുണ്ട്, കിതക്കുന്നുണ്ട്. ആളുകൾ സാകൂതം നോക്കി നിൽക്കുന്നുമുണ്ട്.. നമ്പിടി മാഷ് അവളെ തണുപ്പിക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റി തോറ്റ മട്ടിൽ നിൽക്കുന്നുണ്ട്.

ചില ദൃക്സാക്ഷികൾ പറഞ്ഞു,

“ഇവിടങ്ങളിൽ ഒക്കെ കണ്ടിട്ടുള്ള ഒരു പയ്യൻ താങ്കളുടെ സ്ക്കൂട്ടർ എടുത്ത് കൊണ്ട് പോകുന്നത് കണ്ടു. നിങ്ങൾ എന്തെങ്കിലും ആവശ്യത്തിന് അയാൾക്ക് കൊടുത്ത് വിട്ടതാണെന്ന് കരുതി,പക്ഷേ എതിരെ നിന്ന് ഈ പശു വന്ന് ഇടക്ക് കയറി, അവനെ ആക്രമിക്കാൻ തുടങ്ങി, അവൻ വണ്ടി ഇവിടെ ഇട്ട് ഓടിപ്പോയി..”

ഞങ്ങൾ അങ്ങനെ ആരെയും ഏൽപ്പിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് അതൊരു മോഷണശ്രമം ആണെന്ന് മനസ്സിലായത്..
യഥാസമയം ഉള്ള ശാന്തയുടെ എൻട്രി വണ്ടിയെ ഒരു മോഷണത്തിൽ നിന്ന് രക്ഷിച്ചു. അവിചാരിതമായി തന്റെ കൈയ്യിൽ ഒത്ത് കിട്ടിയ ലാമ്പിക്കുട്ടന്റെ മേൽ ശാന്ത ദേഷ്യം തീർത്തപ്പോൾ അവളുടെ കൊമ്പ് കൊണ്ട് കുറച്ച് ഞെണക്കവും പോറലും ഒക്കെ ഉണ്ടായെങ്കിലും ലാമ്പിക്കുട്ടൻ അപഹരണത്തിൽ നിന്ന് രക്ഷപ്പെട്ടു. ശാന്തയുടെ ലാമ്പിയോടുള്ള പകയെ പറ്റി അറിയാത്ത കള്ളന്റെ കാര്യം കട്ട പുക.

അങ്ങനെ ശാന്ത അവൾ പോലും അറിയാതെ ലാമ്പിയുടെ രക്ഷകയായി.

‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം’ എന്ന് പറഞ്ഞപോലെ, ശാന്തക്ക് ദേഷ്യം തീർക്കാൻ അവനെ ഏനത്തിൽ കിട്ടുകയും ചെയ്തു.. ലാമ്പിയുടെ നേർക്കുള്ള മോഷണം എന്ന വെട്ട് തല്ലായി മാറിപ്പോകുകയും ചെയ്തു.. എത്ര കൊമ്പിട്ട് കുത്തിയിട്ടും ചവിട്ടിക്കൂട്ടിയിട്ടും തിരിച്ചൊന്നും ചെയ്യാത്ത ലാമ്പിയോട് അവൾക്ക് സഹതാപം തോന്നുകയായിരുന്നു എന്ന് തോന്നുന്നു പിന്നീട്.. അവൾ പിന്നെ ദേഷ്യം കാട്ടാതെ ആയി.. ഞങ്ങൾ സ്ക്കൂട്ടറിൽ കടന്ന് പോകുമ്പോൾ തല ഉയർത്തി ചെവി വട്ടം പിടിച്ച് തിരിഞ്ഞൊന്ന്‌ നോക്കി നിൽക്കും ഓർമ്മകളിലേക്ക് ഊളിയിടും പോലെ…

അധികദൂരെ എത്താൻ സാധ്യത ഇല്ലാതിരുന്ന മോഷണക്കാരൻ പയ്യനെ കൈയ്യോടെ നാട്ടുകാർ ആലിൻ ചുവട്ടിലേക്ക് പിടിച്ചു കൊണ്ട് വന്നു. അവൻ അവിടെ ഒരു ഇടവഴിയിലെ പൊന്തക്കാട്ടിൽ ഒളിച്ച് നിൽപ്പുണ്ടായിരുന്നു. സംഭവവികാസങ്ങൾ നിരീക്ഷിച്ച് കൊണ്ട്.. ലഹരി വാങ്ങാൻ കാശിനായി തോന്നിയ വിക്രിയ ആണെന്ന് അവൻ സമ്മതിച്ചു.നാട്ടിലെ തന്നെ പയ്യൻ ആയതുകൊണ്ട് എല്ലാവരും ചേർന്ന് “പണിയെടുത്ത് ജീവിക്കടാ, മോഷ്ടിക്കാൻ നിൽക്കാതെ.. ലഹരിക്ക് പകരം ഒരു ഗ്ലാസ്സ് പാല് വാങ്ങി കുടിച്ചൂടേ ഡാ നിനക്ക്..”എന്നൊക്കെ താക്കീത് ചെയ്ത് വിട്ടയച്ചു..

ശാന്ത ഇല്ലായിരുന്നെങ്കിൽ എന്റെ ആ പിറന്നാൾ സമ്മാനം ലാമ്പിക്കുട്ടൻ അതിർത്തിയും കടന്ന് എങ്ങോ പോയേനെ!ശാന്തയോടും ശാന്ത ഉണ്ടാക്കിയ അശാന്തിയോടും അങ്ങനെ നല്ലൊരു കടപ്പാട് ആയി..

*എല്ലാം നല്ലതിന്!*

ആ സംഭവത്തിന് ശേഷം പറ്റുമ്പോഴൊക്കെ ശാന്തക്ക് ഒരു വലിയ പടല പഴം അവളുടെ പുല്ലൂട്ടിൽ കൊണ്ട് കൊടുക്കാറുള്ളത് പതിവാക്കി ഞങ്ങൾ. മിക്കവാറും തൊടിയിൽ ഉണ്ടാകുന്ന പാളയംകുടൻ ചെറുപഴങ്ങളുടെ ഒരു വലിയ ഓഹരി ശാന്തക്കുള്ളതായിരുന്നു. അവൾക്കും ഞങ്ങളുടെ വക സന്തോഷസമ്മാനം. അവളുടെ സ്നേഹചിഹ്നം വെളുത്ത നെറ്റിച്ചുട്ടിയിലൂടെ ധൈര്യപൂർവം കൈയ്യോടിച്ച് വാത്സല്യത്തോടെ അവളെ തൊട്ട് തലോടാൻ തക്കവണ്ണം ഉള്ള ഒരു ആത്മബന്ധം അവളുമായി സ്ഥാപിക്കാൻ കഴിഞ്ഞതിലും മനസ്സ് നിറഞ്ഞു.

തീർത്താൽ തീരാത്ത കടപ്പാട് ആണെങ്കിൽ കൂടി, ഞങ്ങളുടെ ആ കുഞ്ഞ് സമ്മാനം അവൾ സ്വാദോടെ കഴിക്കാറുള്ളത് കാണുമ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷമായിരുന്നു ഞങ്ങൾക്ക്….

#എന്റെരചന #സമ്മാനം

(>സുജാത നായർ<)

Post Views: 65
8
Sujatha Surendran

ഞാൻ സുജാത നായർ, തൃശ്ശൂർ സ്വദേശിനി.സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

13 Comments

  1. Divya Sreekumar on July 29, 2024 11:43 PM

    സുന്ദരം 🥰🥰

    Reply
  2. Jauhara Puthukkudy on July 29, 2024 10:28 AM

    Really enjoyed reading 💙

    Reply
    • Misna parappur on July 29, 2024 10:51 PM

      ജീവൻ തുടിക്കുന്ന ഓർമ്മകളെ അതിമനോഹരമായി എഴുതിയിരിക്കുന്നു, ഇഷ്ട്ടായി ❤️

      Reply
  3. Jasna on July 29, 2024 10:11 AM

    ഞങ്ങളുടെ നാട്ടിൽ അത് കക്കു കളിയാണ്. കുറെ നല്ല ഓർമകളിലേക്ക് ഈ എഴുത്ത് കൊണ്ട് പോയി ❤️

    Reply
    • Jalajanarayan on July 29, 2024 9:18 PM

      ഒരു പാടു ഓർമ്മകൾ തന്നു ഈ എഴുത്തു. നന്നായിട്ടുണ്ട് ❤️❤️

      Reply
    • Sunandha Mahesh on July 29, 2024 11:08 PM

      സൂപ്പർ എഴുത്ത് 😍

      Reply
      • Sumesh K on August 19, 2024 9:19 AM

        തൃശ്ശൂർ മ്മടെ ഒരു വീക്നെസ്സ് ആണ്….. കഥയുടെ ഇൻട്രോ യിൽ തൃശ്ശൂർ എന്ന് കണ്ടത് കൊണ്ടാണ് വായിച്ചത്….. നല്ലെഴുത്ത്…..

        Reply
  4. Sabira latheefi on July 29, 2024 7:27 AM

    ഓർമകളുടെ വളപൊട്ടുകൾ ❤️❤️

    Reply
    • Sreeja Ajith on July 29, 2024 12:08 PM

      ഓർമ്മകൾ മനോഹരമായി എഴുതി 👌👌

      Reply
  5. Joyce Varghese on July 29, 2024 3:55 AM

    ഞങ്ങൾ തൃശ്ശൂർ കുട്ടികൾക്ക് ഇത് ‘ഇട്ടായി’ കളി ആയിരുന്നു. നല്ല രസികൻ എഴുത്ത്. ലാമ്പി കുട്ടനും, ഒട്ടും പേര് ചേരാത്ത,
    നമ്പിടിയുടെ അശാന്ത പശുവും.
    ഇഷ്ട്ടായി 👌👏😍

    Reply
    • Suma Jayamohan on July 29, 2024 9:27 PM

      നന്നായി ആസ്വദിച്ചു. നല്ല അവതരണം. കുട്ടിക്കാലത്തേക്കു തിരിച്ചു പോയി
      അഭിനന്ദനങ്ങൾ❤️💐👌

      Reply
  6. Silvy on July 28, 2024 8:17 PM

    സുജാത സു ജാത തന്നെ. Love you dear…. എഴുത്തുകൊണ്ട് എന്നെ ഇങ്ങനെ ഭ്രമിപ്പിക്കുന്നതിന് ❤️❤️❤️

    Reply
  7. Nafs nafs on July 28, 2024 7:33 PM

    ശാന്തക്ക് അശാന്തി ഉണ്ടായതു
    നന്നായി.
    മ്പടെ ലാമ്പിക്കുട്ടൻ നാടു കടന്നേനേ.

    ഹൃദ്യം. രസകരം👌👌🙏🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.