Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചതുപ്പ്
കഥ ജീവിതം മാനസികാരോഗ്യം സ്ത്രീ

ചതുപ്പ്

By Sajila VikasAugust 26, 2024No Comments7 Mins Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

നടന്നു തീർക്കേണ്ട ജീവിത വഴികളെ ഓർമിപ്പിച്ചു കൊണ്ട് ആശുപത്രിയുടെ നീളൻ വരാന്തകൾ ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ അലസമായി കിടന്നു. പരിശോധനാ മുറിയ്ക്കു പുറത്ത് നിരത്തിയിട്ട കസേരകളിൽ ആളുകൾ നിറഞ്ഞിട്ടുണ്ട്. കയ്യിൽ ചീട്ടുമായി അപരിചിതത്വം ഭേദിക്കാതെ അവർ ഓരോരുത്തരും അവരവരിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു. തലമുടിയാകെ അപ്പൂപ്പൻ താടി പോലെ നരച്ച ഒരാൾ ഡോക്ടറുടെ മുറിയിലേക്ക് കയറിയപ്പോൾ ഒഴിഞ്ഞ കസേര തന്ത്രപരമായി കരസ്ഥമാക്കി അവൾ സ്വസ്ഥയായി. കാലുകളും നട്ടെല്ലും ഒപ്പം മനസ്സും വിശ്രാന്തി തേടുന്നത് അവൾ ആസ്വദിച്ചു. അൽപനേരത്തേക്കെങ്കിലും ഒരു ഇരിപ്പിടം ലഭിച്ചപ്പോൾ ഒരു കുട്ടിയെ പോലെ സന്തോഷിച്ച സ്വന്തം മനസ്സിനോട് അവൾക്ക് അസൂയ തോന്നി.

ഇരിപ്പിട ലബ്ധിയുടെ ആനന്ദം അവസാനിപ്പിച്ച് മനസ്സ് വിഷാദത്തിൻ്റെ ചതുപ്പിലേക്ക് കാലിടറാതെ നടക്കാൻ തുടങ്ങിയപ്പോൾ അവൾ വെറുതേ ചുറ്റും കണ്ണോടിച്ചു.
ഈ വരിയിൽ മറ്റു ഡോക്ടർമാരുടെ പരിശോധനാ മുറികളില്ല, എല്ലാം അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ മുറികൾ മാത്രം. ഏറ്റവും ഇങ്ങേത്തലയ്ക്കൽ മനോരോഗ വിഭാഗത്തിൻ്റെ ഈ ഒരു പരിശോധനാ മുറി. ഇത് ശരിക്കും ഒരു ചരക്കു തീവണ്ടിയെ ഓർമിപ്പിക്കുന്നു. എഞ്ചിൻ ഡ്രൈവറുടെ ക്യാബിൻ കഴിഞ്ഞാൽ മറ്റെല്ലാം ജീവനില്ലാത്ത ചരക്കു ബോഗികൾ പിന്നെ ഒരു ദ്വീപ് പൊലെ ഒറ്റപ്പെട്ട എറ്റവും പിന്നിലെ ക്യാബിൻ . ശരിക്കും ഈ ഒറ്റപ്പെട്ട പരിശോധനാ മുറി എഞ്ചിൻ ഡ്രൈവറുടേതോ അല്ല എറ്റവും പിന്നിലെ ആ കൊടി വീശുന്ന ആളുടേതോ. മനസ്സ് മുന്നിലോ അല്ല എറ്റവും പിന്നിലോ..?
എന്തായാലും ഒന്നുറപ്പാണ്, നിഗൂഢവും ഏകാന്തവുമായ കുറച്ചു കൂടി പച്ചയായി പറഞ്ഞാൽ മറ്റാരും അറിയാതെ മൂടിവയ്ക്കേണ്ട ഒന്നാണ് മനസ്സിൻ്റെ പ്രശ്നങ്ങളെന്ന് ലോകം കരുതുന്നതിനാലാകണം ഈ ഒറ്റപ്പെടുത്തൽ..
ഉത്തരം കിട്ടിയ ആശ്വാസത്തിൽ അവളുടെ മനസ്സ് ഒന്നുഷാറായി. തൊട്ടടുത്ത നിമിഷം തന്നെ വിഷാദത്തിൻ്റെ ചാരനിറമുള്ള ചതുപ്പിലേക്ക് അത് ഊളിയിട്ടു. പരിശോധനാ മുറിയ്ക്ക് എതിർവശത്തുള്ള റൂം നമ്പർ 301 ൽ നിന്നും അപ്പൂപ്പൻതാടി പോലെ മുടി നരച്ച മറ്റൊരാൾ തിളക്കമുള്ള ഒരു തൂക്കുപാത്രവുമായി പുറത്തേക്കിറങ്ങി. ആശുപത്രി നിറയെ അപ്പൂപ്പൻതാടികളാണ്, പഞ്ഞി പോലെ മൃദുലമായവ, മാലാഖമാരെയും ഗന്ധർവൻമാരെയും യക്ഷികളെയും പോലെ പാദം നിലത്തു തൊടാതെ ഒഴുകി നടക്കുന്ന അപ്പൂപ്പൻ താടികൾ.

അപ്പൂപ്പൻ താടികളെ വിട്ട് അവൾ ചായ വാങ്ങാൻ പോയ ആ തൂക്കുപാത്രത്തിൻ്റെ പിന്നാലെ കൂടി. സന്തോഷം കൊണ്ട് തുള്ളിച്ചാടിയാണ് തൂക്കുപാത്രത്തിൻ്റെ പോക്ക്. ആ കുഞ്ഞുപാത്രം പോലെയായിരുന്നു തൻ്റെയും കുട്ടിക്കാലം. തിളക്കമുള്ള തുള്ളിക്കളിക്കുന്ന ഒന്ന്. ഓരോ പാറയിടുക്കിൽ നിന്നും പുതിയ ഊർജം നേടുന്ന, തിളക്കവും ഇളക്കവുമുളള കാട്ടരുവിയെ പോലെ തൻ്റെ ബാല്യകാലം.
ഫോണിലെ സെൽഫി ക്യാമറയിൽ അവൾ മുഖം നോക്കി, ഇല്ല അവിടെ അതൊന്നുമില്ല ..
അച്ഛൻ്റെ കൈ പിടിച്ച് ഉല്ലസിച്ച, അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി കഥ പറഞ്ഞ കുട്ടിയുടുപ്പുകാരിയുടെ തിളക്കമുള്ള മുഖം തെളിവുകളവശേഷിപ്പിക്കാതെ മാഞ്ഞുപോയിരിക്കുന്നു. കൺതടങ്ങളിലാകെ കറുപ്പുരാശി പടർന്നിട്ടുണ്ട്.
ഇളക്കവും തിളക്കവുമുള്ള പഴയ അരുവി വറ്റിപ്പോകുകയും പകരം വിരസവും നിശ്ചലവുമായ ഒരു ചതുപ്പ് രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട്.
ദീർഘനിശ്വാസത്തോടെ അവൾ കണ്ണുകളടച്ചു. മനസ്സിൽ ഖനീഭവിച്ച ദു:ഖം ഉഛ്വാസ വായുവിലൂടെ മൊബൈൽ ഫോണിൻ്റെ സ്ക്രീനിൽ അതിസൂക്ഷ്മ മഴത്തുള്ളികളായി.

വല്ലാത്ത ചൂട്, ഫാൻ കറങ്ങുന്നില്ലേ..
അവൾ വാൾ ഫാനിലേക്ക് നോക്കി.. ഒന്നും കാണുന്നില്ലല്ലോ?
സൂക്ഷിച്ചു നോക്കിയപ്പോൾ കിതപ്പില്ലാതെ ഫാനിൻ്റെ ദലങ്ങൾ മത്സരിച്ച് കറങ്ങുന്നുണ്ട്. കാലങ്ങളായി അടിഞ്ഞുകൂടിയ പൊടിപടലങ്ങളും ഒരു കരിമ്പടം പോലെ അതിനെ പൊതിഞ്ഞതുകൊണ്ടാകണം കാറ്റ് വരാത്തത്.
തിളങ്ങുന്ന തൂക്കുപാത്രത്തിലെന്ന പോലെ പൊടിപിടിച്ച ഫാനിലും സ്വയം കാണാൻ അവൾക്കായി.. മനസ്സിൻ്റെ പിടച്ചിലുകൾ പേരറിയാത്ത കമ്പളത്താൽ മൂടിവച്ചവൾ..

നേരത്തെ തുളളിച്ചാടി പോയ തൂക്കുപാത്രം തിരിച്ചു വരുന്നുണ്ട്. അങ്ങോട്ടു പോയ സന്തോഷം തിരിച്ചു വരുമ്പോൾ കാണുന്നില്ലല്ലോ .. അപ്പൂപ്പൻ താടി പോലെ മുടിയുള്ള അയാൾ ചൂടു ചായയുമായാണ് തിരിച്ചുവരുന്നത്. അങ്ങോട്ടു പോയപ്പോൾ വിരലിൽ തൂങ്ങിയാടി കുണുങ്ങിക്കൊണ്ടിരുന്ന പാത്രം തിരികെ വരുമ്പോൾ ഏതോ ഭീതിയാലെന്ന പോലെ വിരലിൽ മുറുകെ പിടിച്ച് അനങ്ങാതെ ഇരിപ്പാണ്. സ്വതന്ത്ര്യമില്ലായ്മയും ഉള്ളിലെ ഭാരവും തൂക്കുപാത്രത്തിൻ്റെ സന്തോഷം കുറച്ചിട്ടുണ്ട്. ഉള്ളിൽ നിറഞ്ഞ പാനീയത്തിൻ്റെ ചൂട് അതിനെ വല്ലാതെ പൊള്ളിക്കുന്നുണ്ടെന്നു തോന്നുന്നു..
ഭദ്രമായി അടച്ചതുകൊണ്ട് ചായ തുളുമ്പി പുറത്തേക്കൊഴുകുന്നില്ല, ഉരുകുന്ന ചൂടിനെ ഉള്ളിലൊതുക്കി വാടിത്തളർന്നു വരുന്ന ആ തൂക്കുപാത്രവും താനും ഒന്നാണെന്ന് അവൾക്കു തോന്നി.
എല്ലാത്തിലും തൻ്റെ ആത്മാംശമോ തന്നെയാകെ തന്നെയോ ദർശിക്കാൻ മാത്രം താൻ വലുതായിരുക്കുന്നു ..
വലുതായതോ അല്ല ചെറുതായതോ?
എന്തായാലും എല്ലാം തന്നോടു പറയുന്നത് ‘അതു നീ തന്നെ ‘ എന്നാണ് ‘തത്വമസി’ ..

അശ്രദ്ധമായി ഒഴിച്ചതിനാൽ പുറത്തേക്കൊഴുകിയ ചായപ്പാടുകൾ ഭംഗി നഷ്ടപ്പെടുത്തിയ തൂക്കുപാത്രത്തിലേക്ക് അവൾ നിസ്സംഗതയോടെ നോക്കി.

ഇന്നെന്തൊക്കെയാകും ഡോക്ടർ ചോദിക്കുക, പതിവു ചോദ്യങ്ങളോടൊപ്പം ഇന്ന് ഒന്നുകൂടിയുണ്ടാകും. ഇഷ്ടമുള്ള ഒരിടത്തേക്കു യാത്ര പോകാൻ കഴിഞ്ഞ തവണ ഡോക്ടർ പറഞ്ഞിരുന്നതാണ്. വിഷാദത്തിൻ്റെ ചതുപ്പിൽ നിന്ന് ഏറ്റവും ദൂരെ ഒരിടത്തേക്കൊരു യാത്ര.

നിറഞ്ഞ കസേരകൾ ഓരോന്നായി ഒഴിഞ്ഞു തുടങ്ങി. ഇടയ്ക്കിടെ തുറന്നടയുന്ന പരിശോധനാ മുറിയുടെ വാതിലിലൂടെ പുറത്തുചാടുന്ന തണുപ്പിൻ്റെ ചെറു തുണ്ടുകൾ തിരിച്ചു കയറാനാകാതെ അവിടവിടെ തങ്ങിനിൽപുണ്ട്.

”മൈഥിലി”
നഴ്സ് പേരു വിളിച്ചപ്പോൾ അവൾ എഴുന്നേറ്റു. ഫോൺ ബാഗിലിട്ട്, ചെരുപ്പ് പുറത്തഴിച്ചു വച്ച് പരിശോധനാ മുറിയിലേക്ക് കയറി. ശീതീകരിച്ച മുറിയിലേക്കു കയറിയപ്പോൾ സുഖകരമായ തണുപ്പ് അവളുടെ ശരീരത്തെ പൊതിഞ്ഞു.

“മൈഥിലി ഇരിക്കൂ.. ”
ഡോക്ടർ ചിരിയോടെ അവളെ സ്വാഗതം ചെയ്തു.

ഡോക്ടർ ഫയൽ തുറന്ന് നോക്കുന്നതിനിടെ മൈഥിലിയുടെ കണ്ണുകൾ മിന്നാമിനുങ്ങുകളെ പോലെ ആ മുറിയാകെ പറന്നു നടന്നു. ഭംഗിയായി അടുക്കും ചിട്ടയോടെ ക്രമീകരിച്ച മുറി. മേശപ്പുറത്തെ ഗ്ലോബിൽ അവളുടെ കണ്ണുകൾ അൽപ നേരം ഉടക്കി നിന്നു. ആ ചെറിയ ഭൂഗോളത്തിലെ കുഞ്ഞുകുഞ്ഞ് അടയാളപ്പെടുത്തലുകളിൽ മൈഥിലി തൻ്റെ നാടിനെ തിരയുകയായിരുന്നു. നിരാശയോടെ ആ ഉദ്യമം മതിയാക്കി അവൾ കസേരയിൽ ചാരിയിരുന്നു. നല്ല സുഖമുണ്ട് ഈ തണുപ്പിൽ ഇങ്ങനെ ചാരിയിരിക്കാൻ. അല്ലെങ്കിലും എവിടെയെങ്കിലും ചാരുമ്പോഴല്ലേ ഒരാശ്വാസം കിട്ടുക. അമ്മയ്ക്ക് ദൈവത്തെ ചാരാനാണിഷ്ടം അച്ഛന് വിധിയെ.. എവിടെയും ചാരി നിൽക്കാൻ സാധിക്കാത്തതുകൊണ്ടാകാം തൻ്റെ മനസ്സു മാത്രം അപ്പൂപ്പൻ താടിയെ പോലെ ഇങ്ങനെ പറന്നു നടക്കുന്നത്. അച്ഛനാണു ശരി, അനിവാര്യതകളെ കണ്ണീരു കൊണ്ടു തോൽപ്പിക്കാൻ ശ്രമിച്ച് പരാജയം ഏറ്റുവാങ്ങേണ്ടി വരുന്ന മനുഷ്യർക്ക് ചാരിയിരുന്നു കിതപ്പാറ്റാൻ വിധിയേക്കാൾ നല്ലൊരു താങ്ങ് മറ്റൊന്നില്ലെന്നു തോന്നുന്നു.

“മരുന്നുകൾ കൃത്യമായി കഴിക്കാറില്ലേ?
ഡോക്ടറുടെ ചോദ്യം അവളുടെ ചിന്തകൾക്ക് തിരശ്ശീലയിട്ടു. ഉണ്ടെന്നോ ഇല്ലെന്നോ രണ്ടാമതൊരാൾക്ക് തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ അവൾ തലയാട്ടി.

“എല്ലാ ദിവസവും യോഗ ചെയ്യുന്നത് നല്ലതാണ്, ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ തന്നെ കഴിച്ചാൽ മതി..”
ഡോക്ടർ മുന്നിലെ ചീട്ടിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ട് അവളോടു പറഞ്ഞു.

” ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരിടത്തേക്ക് ഒരു യാത്ര പോകണമെന്നു പറഞ്ഞിരുന്നില്ലേ.. പോയിരുന്നോ..?”
അവൾ പ്രതീക്ഷിച്ച ചോദ്യം തന്നെ ഡോക്ടർ ചോദിച്ചു.
” ഇല്ല സർ ” അവൾ പെട്ടന്നു പറഞ്ഞു നിർത്തി.

“യാത്ര ഇനിയും വൈകിക്കരുത് , എൻ്റെ പരിചയക്കാരനായ ഒരു ടൂർ ഏജൻറുണ്ട് , കുട്ടിക്കു ബുദ്ധിമുട്ടാണെങ്കിൽ ഞാൻ ഏർപ്പാടാക്കിത്തരാം.. എവിടെ പോണം..എത്ര ദിവസത്തേക്ക്.. പറയൂ..”
ഡോക്ടർ തൻ്റെ രക്ഷകർത്താവാണെന്ന് ഒരു നിമിഷം മൈഥിലിക്ക് തോന്നി.
ഒരു കൊച്ചു കുട്ടിയുടെ മുഖഭാവമായിരുന്നു അപ്പോൾ അവൾക്ക്. കണ്ണുകളിൽ ആ തിളക്കമുണ്ടായിരുന്നു. പോകേണ്ട സ്ഥലം പറയാൻ അവൾ ചുണ്ടനക്കിത്തുടങ്ങും മുൻപ് ഡോക്ടറുടെ ഫോൺ റിംഗ് ചെയ്തു.
‘അലൈപായുതേ കണ്ണാ… ‘

ഒരു നിമിഷമെന്ന് അവളോട് വിരൽ കൊണ്ട് ആംഗ്യം കാണിച്ച് ഡോക്ടർ ഫോണെടുത്തു. ഗൗരവമുള്ള എന്തോ കാര്യമാണ് മറുതലയ്ക്കലുളളയാൾ പറയുന്നതെന്ന് അയാളുടെ മുഖഭാവത്തിൽ നിന്നും മൈഥിലിക്കു മനസ്സിലായി.
അയാൾ അവളുടെ മുന്നിലേക്ക് ഒരു വെള്ള പേപ്പർ നീട്ടി.
“യാത്ര പോകാൻ ആഗ്രഹിക്കുന്ന സ്ഥലവും മറ്റു കാര്യങ്ങളും കുട്ടിയുടെ ഫോൺ നമ്പറും എഴുതി നഴ്സിനെ ഏൽപിച്ചോളൂ.. ഞാൻ അന്വേഷിച്ച് അറിയിക്കാം ”

അവൾ സമ്മതമെന്ന് തല കുലുക്കി പേപ്പർ വാങ്ങി. മുറി വിട്ടു പോകുന്നതിനു മുൻപ് വടിവൊത്ത അക്ഷരത്തിൽ എന്തോ എഴുതി അവൾ നഴ്സിനെ ഏൽപിച്ചു.
ചരക്കുവണ്ടിയിലെ ബോഗികൾ പോലെ നിരനിരയായി കിടന്ന മുറികൾക്കപ്പുറത്തേക്ക് മൈഥിലി നടന്നു പോയ ശേഷമാണ് അവൾ എഴുതിക്കൊടുത്ത കടലാസ് തുണ്ട് ഡോക്ടർ മടക്ക് നിവർത്തി വായിക്കുന്നത്.
” ഡോക്ടർ, എനിക്കു യാത്ര പോകേണ്ടത് എൻ്റെ ബാല്യകാലത്തിലേക്കാണ്, എനിക്കു പോയേ പറ്റൂ.. ”

പകുത്തെടുത്ത മുടി രണ്ടായി പിന്നിക്കെട്ടിയ കുഞ്ഞു മൈഥിലിയുടെ കണ്ണുകൾ ആ പേപ്പറിൽ നിന്ന് അയാളെ നോക്കി. അവയിൽ നിറയെ പ്രതീക്ഷകളായിരുന്നു.

അവസാനത്തെ ബോഗിയുടെ അപ്പുറത്ത് മൈഥിലിയുടെ ചാരനിറമുള്ള ഷാൾ കാറ്റിൽ ഉലഞ്ഞ് മായുന്നത് അയാൾ കണ്ടു.

പതിഞ്ഞ കാൽവയ്പ്പുകളോടെ ഇടനാഴിയുടെ പുറത്തേക്ക് നടക്കവെ അവളുടെ മനസ്സ് വീതി കുറഞ്ഞ ചെമ്മൺ പാതയിലൂടെ തുള്ളിച്ചാടി നന്ത്യാർവട്ടം പൂത്തു നിൽക്കുന്ന പഴയ ഓടിട്ട വീടിൻ്റെ മുറ്റത്തെത്തിയിരുന്നു.

“നീ ഇതുവരെ കുളിച്ചില്ലേ?”

അടുക്കളയിൽ നിന്നും കേട്ട ചോദ്യത്തിനൊപ്പം അമ്മയും ഉമ്മറത്തെത്തിയിരുന്നു. രണ്ടായി പിന്നി മുന്നോട്ടിട്ട മുടിയിഴകളിൽ പിടിച്ചു കൊണ്ട് മൈഥിലി ചിരിച്ചു,
ഇല്ലെന്ന് തലവെട്ടിച്ചു.

മുറ്റത്ത് വീണു കിടന്ന വാടിയ മുല്ലയും പിച്ചിയും അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.
“മുറ്റമടിക്കാത്തതിനുള്ള വഴക്ക് ഇപ്പോൾ കിട്ടും”
മുറ്റത്തെ പൊടിമണ്ണിൽ വീണു കിടന്ന മുല്ലപ്പൂവ് തൊട്ടടുത്ത് കിടക്കുന്ന പിച്ചിപ്പൂവിൻ്റെ കാതിൽ അടക്കം പറഞ്ഞു.

“ശരിയാണല്ലോ, മുറ്റം നിറയെ ഇലകളും പൂക്കളുമൊക്കെയുണ്ട്. ഈ കുഞ്ഞിപ്പെണ്ണിന് കുറച്ച് നേരത്തേ കളി നിർത്തി വന്നൂടേ? ഇപ്പോൾ അമ്മയുടെ വഴക്കു കേട്ട് കരയാൻ തുടങ്ങും ” മൈഥിലിയുടെ കുറിഞ്ഞി പൂച്ച നെടുവീർപ്പിട്ടു.
മടക്കയാത്രയുടെ വിഷാദം സൂര്യകിരണങ്ങളെ മങ്ങലേൽപിച്ചു തുടങ്ങിയിരുന്നു.

” വിളക്ക് വെക്കാറായിട്ടും മുറ്റമടിച്ചില്ല, ഇനി മുറ്റമടിച്ച് കുളിച്ച് വരുമ്പോഴേയ്ക്കും അത്താഴത്തിൻ്റെ സമയമാകും, ഇന്നലേ നിന്നോടു പറഞ്ഞതല്ലേ, നേരത്തേ വരണമെന്ന്.. ”
അമ്മ കലി തുള്ളിത്തുടങ്ങി.

മൈഥിലി വയലിലെ പൊടിമണ്ണു പുരണ്ട് ചുകന്ന പെറ്റിക്കോട്ടിൻ്റെ തുമ്പുയർത്തി പതിവുപോലെ കണ്ണു തുടയ്ക്കാൻ തുടങ്ങി.
അതു കണ്ടപ്പോൾ അമ്മയുടെ ദേഷ്യം ഇരട്ടിയായി.

” നിൻ്റെ ഒരു കള്ളക്കരച്ചിൽ”

അമ്മ വടി തിരയുമ്പോഴേക്ക് മൈഥിലി ഓടി. കയ്യിൽ കിട്ടിയ ചൂലും കൊണ്ട് അമ്മയും പിന്നാലെ ഓടി. വടക്കേ മുറ്റത്തേക്ക് തിരിയുമ്പോൾ ചാരം നിറച്ച ചാക്കിൽ കിടന്ന കുറിഞ്ഞി പൂച്ച കുറുകേ ചാടി. മുഖത്തേക്ക് പാറിയ ചാരം തുടച്ചു കൊണ്ട് അമ്മയുടെ ചൂൽ പ്രയോഗം കുറിഞ്ഞിയുടെ നേരെയായി. കിട്ടിയ തക്കത്തിന് മൈഥിലി തോർത്തുമെടുത്ത് കുളത്തിലേക്ക് ഓടി.

സാരിത്തലപ്പു കൊണ്ട് മുഖം തുടച്ച് അമ്മ മുറ്റമടിക്കാൻ തുടങ്ങുന്നത് ഒരു മിന്നായം പോലെ അവൾ കണ്ടു. വട്ടമിട്ടു പറക്കുന്ന തുമ്പികൾക്കിടയിലൂടെ മൈഥിലി കുളക്കടവിലെത്തി. കുളിക്കാൻ മൈഥിലിക്കു കൂട്ട് അമ്മുവാണ്. അമ്മുവും അവളുടെ അമ്മൂമ്മയും അന്നും നേരത്തേ എത്തിയിരുന്നു.

“ഇനി രണ്ടാളും കൂടി കുളം കലക്കാൻ നിൽക്കണ്ട, നേരം ഇരുട്ടുന്നുണ്ട്.. വേഗം കുളിച്ച് കയറാൻ നോക്ക് ”

അമ്മുവിൻ്റെ അമ്മൂമ്മ രണ്ടാളോടുമായി പറഞ്ഞ് അലക്കിയ തുണിയും ബക്കറ്റിലിട്ട് വീട്ടിലേക്ക് നടന്നു. അമ്മുവിൻ്റെ രാധാസ് സോപ്പ് മത്സരിച്ച് തേച്ച് രണ്ടാളും കുളിച്ചു. വീട്ടിലെത്തിയപ്പോഴേക്കും അമ്മ വിളക്ക് വച്ചിരുന്നു. വേഗം നാമം ജപിച്ച് പുസ്തകവും തുറന്നു വച്ച് നല്ല കുട്ടിയായി അച്ഛനെ കാത്തിരുന്നു. കാർത്തിക തന്ന മയിൽ പീലി മലയാളം ടെക്സ്റ്റിൽ തന്നെയുണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. മധുരപ്പുളി കൊടുത്തതിനു പകരം കിട്ടിയതാണ് ആ കുഞ്ഞുമയിൽ പീലി..

മൈഥിലിയ്ക്ക് അത് ഒരു പീലിത്തുണ്ടായിരുന്നില്ല, പീലി വിരിച്ചാടുന്ന ഒരു മയിൽ തന്നെയായിരുന്നു.
എന്തൊരു ഭംഗിയാണ് കാണാൻ!
കഴിഞ്ഞ ഉത്സവത്തിനു പോയപ്പോൾ കണ്ടിരുന്നു, പക്ഷേ വാങ്ങാൻ പറ്റിയില്ല, ഇത്തവണ എന്തായാലും വാങ്ങണം.
കുഞ്ഞുമൈഥിലി ഓർത്തു. അച്ഛൻ്റെ ടോർച്ചു വെളിച്ചം ദൂരെ നിന്നും ഒരു പൊട്ടു പോലെ കണ്ടു തുടങ്ങി. ഇന്ന് ബാലമംഗളം വരുന്ന ദിവസമാണ്, അച്ഛൻ വാങ്ങിയിട്ടുണ്ടാകും.

ടോർച്ചിൻ്റെ വെട്ടം ചെമ്മൺപാതയിൽ നിന്നും മുറ്റത്തേക്കുള്ള കോണിപ്പടി കയറുമ്പോഴേക്കും പുസ്തകം അടച്ചു വച്ച് അവൾ മുറ്റത്തേക്കു ചാടിയിറങ്ങി. അച്ഛൻ്റെ ബാഗിൽ നിന്നും ബാലമംഗളം കരസ്ഥമാക്കി തുറന്നു മണപ്പിച്ചു നോക്കി. അച്ഛൻ്റെ വിരലിൽ തൂങ്ങി ഉമ്മറത്തേക്കു കയറുമ്പോഴേക്കും അമ്മ എത്തി.
“നിങ്ങളാണ് ഈ പെണ്ണിനെ കൊഞ്ചിച്ച് വഷളാക്കുന്നത്.” പതിവു പരാതി ആവർത്തിച്ച് അമ്മ സഞ്ചി വാങ്ങി ഉള്ളിലേക്കു നടന്നു.

“അച്ഛാ എനിക്ക് ഉത്സവത്തിനു പോകുമ്പോൾ മയിൽ പീലി വാങ്ങിത്തരണം”
ആമുഖമില്ലാതെ മൈഥിലി ആവശ്യം പറഞ്ഞു.

”ഇപ്പൊഴെന്താ ഒരു മയിൽ പീലി പൂതി?”
ഷർടിൻ്റെ ബട്ടനുകൾ അഴിക്കുന്നതിനിടെ അച്ഛൻ ചോദിച്ചു.

“എനിക്കു വേണം”
അൽപം പിണക്കത്തോടെ അവൾ പറഞ്ഞു ..

അച്ഛൻ ടോർച്ചും സോപ്പും തോർത്തുമെടുത്ത് കുളത്തിലേക്ക് നടക്കുന്നത് മൈഥിലി നോക്കി നിന്നു.

‘ഈ അച്ഛന് പേടിയില്ലേ.. രാത്രിയിൽ കുളത്തിലിറങ്ങാൻ ‘ അവൾ ഓർത്തു.

മൈഥിലിയും രാത്രി കുളിച്ചിട്ടുണ്ട്. പക്ഷേ, അന്ന് രാത്രി ഒരു സ്വപ്നം കണ്ടു പേടിച്ചു കരഞ്ഞു. കുളത്തിലെ വെളളം ഒരു വലിയ ചുഴിയായി കറങ്ങുന്നത്, പിന്നെ അത് വറ്റുന്നത്, കുളത്തിലാകെ ചെളി നിറയുന്നത്, ആ ചെളിയിലേക്ക് തൻ്റെ കാലുകൾ പൂണ്ട് പോകുന്നത്, നിലവിളിച്ചിട്ടും ശബ്ദം പുറത്തു വരാത്തത്, ആ ചതുപ്പ് തന്നെ വിഴുങ്ങുന്നത്..

മൈഥിലി സമയം കളയാതെ ബാലമംഗളത്തിലേക്ക് ഊളിയിട്ടു. അമ്മയുടെ മീൻ കറിയുടെ മണം വിശപ്പിനെ വിളിച്ചുണർത്തിയിട്ടും അവൾ വായന തുടർന്നു.

“മുഖത്ത് കണ്ണില്ലേ.. ”
തൊട്ടടുത്ത് ബൈക്ക് സഡൺ ബ്രേക്കിട്ട ചെറുപ്പക്കാരൻ്റെ പരുഷമായ ശബ്ദമാണ് മുഖത്തേക്കു വീണ മുടിയിഴകൾ പോലും നീക്കാതെ വായന തുടർന്ന കുഞ്ഞു മൈഥിലിയെ ആശുപത്രി റോഡിൻ്റെ തിരക്കിലേക്ക് വീണ്ടും എത്തിച്ചത്.

ബൈക്കുകാരനോട് ക്ഷമ പറഞ്ഞ് മാസ്ക് ഒന്നുകൂടി ഉയർത്തി വച്ച് അവൾ ബസ് സ്റ്റോപ്പിലേക്കു നടന്നു.

അപ്പൊഴും അവളുടെ ബാല്യം ഡോക്റ്ററുടെ മേശപ്പുറത്തെ തിളങ്ങുന്ന പേപ്പർ വെയ്റ്റിനടിയിൽ വിതുമ്പുകയായിരുന്നു.

എങ്ങോട്ടാണു പോകേണ്ടതെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ അങ്ങനെ ബോർഡു വച്ച ഒരു ബസ്സുപോലും അതുവഴി വന്നില്ല .. ഒടുവിൽ മൈഥിലി നടന്നു..
അപ്പൂപ്പൻ താടികളും മാനത്തുകണ്ണികളും മിന്നാമിനുങ്ങുകളും നിറം മങ്ങാത്ത മയിൽ പീലികളുമുള്ള
ആ നാട്ടിലേക്ക്.. കാലത്തിൻ്റെ കടൽ എന്നോ കവർന്നെടുത്ത ആ കരയിലേക്ക് മൈഥിലിക്കു മാത്രം സഞ്ചരിക്കാനാകുന്നു.

വിഷാദത്തിൻ്റെ കൊടും ചതുപ്പ് വിഴുങ്ങുന്നതിനു മുൻപ് അവിടെയെത്താൻ അവൾ കാലുകളുടെ വേഗത കൂട്ടി. കുറിഞ്ഞിപ്പൂച്ചയും പിച്ചിപ്പൂക്കളും ഒപ്പം തൂക്കുപാത്രത്തിൻ്റെ തിളക്കമുള്ള ഒരു കൊച്ചു പെൺകുട്ടിയും അവളെ വരവേൽക്കാൻ അവിടെ അസ്വസ്ഥതയോടെ കാത്തിരുന്നു.

സജില വികാസ്

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 30
1
Sajila Vikas

കണ്ണൂർ സ്വദേശി ആണ്..തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്സ് അധ്യാപികയാണ്..എഴുത്തും വായനയും ഇഷ്ടം..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.