ചോപ്പും മഞ്ഞയും വെള്ളയും ചെമ്പകപൂക്കൾ
വിരിയുന്ന നടു മുറ്റമുള്ളൊരു കുഞ്ഞ് വീട്..!
മേഘം പൊട്ടിപ്പെയ്യുന്ന മഴ കാണാനും ഇരുന്ന് കൈ നീട്ടി തൊടാനും
പാകത്തിന് നീണ്ട ഒരു ഇറായം..!
പെട്ടെന്നുള്ളൊരു ഇടിയിലും മിന്നലിലും
ഭയന്ന്
ഷർട്ടിനുള്ളിലെ ചെറു രോമം കുത്തുന്ന നെഞ്ചിലേക്ക്
മുഖം പൂഴ്ത്തി ഒളിച്ചിരിക്കാൻ അരികിൽ ങ്ങളും !!!
സ്വന്തമാക്കാതെ മുറ്റത്ത് കാക്കയും പൂച്ച കുഞ്ഞുങ്ങളും കുരുവിക്കൂട്ടങ്ങളും വിരുന്ന് വന്നോട്ടെ..
അവയുടെ കലപില ശബ്ദത്തിൽ നമുക്കൊരുമിച്ച് ഒരുപാട് സംസാരിക്കണം..
ലോകത്തിലെ ഏത് പ്രതിബന്ധങ്ങളിലും
ഇനി തോൽക്കാത്തവണ്ണം പൊട്ടി പൊട്ടി ചിരിക്കണം…!
ആവി പറക്കുന്ന ചൂട് ചായ കുടിച്ചു കൊണ്ട്
മൗനത്തെ പറക്കാൻ വിട്ട്
നമ്മുടെ കുട്ടിക്കാലങ്ങളെ ഓർത്തെടുക്കണം!!
വീടിനകത്തെ പുസ്തകമുറിയിൽ
തനിച്ചിരുന്ന് പുസ്തകത്താളുകൾ
മറിക്കുമ്പോൾ..
അനങ്ങാതെ പിറകിൽ വന്നെന്നെ കെട്ടിപ്പിടിക്കണം.
ഞെട്ടി ത്തിരിയുമ്പോൾ പിടഞ്ഞ കണ്ണുകളിലുമ്മ വച്ചെന്നെ ദേഹത്തോട് ചേർത്ത്…
ബാക്കിയാക്കിയ പുസ്തക വരികളെ
ഒരുമിച്ച് വായിക്കാം…!
പെരുമഴക്കാലത്ത്..
തണുപ്പ് പാകിയ നീളനി-
ടനാഴിയിൽ
നിന്റെ കണ്ണുകളിൽ പതിഞ്ഞ എന്നെയും നോക്കി നമുക്ക് പ്രണയിക്കണം..!
വരണ്ട ചുണ്ടുകളിൽ സ്നേഹം നിറച്ച്
അമർത്തിയമർത്തി മുത്തമിട്ട്…
നേർത്ത ചുംബനങ്ങളിൽ
ഉടലാകെ പൂത്തിറങ്ങുമ്പോൾ
മെല്ലെ നീയെന്റെ കാതിലെന്റെ
പേര് വിളിക്കണം…!!
നിന്റെ ശബ്ദത്തിൽ
ഹൃദയം നിറഞ്ഞ് മെല്ലെ വിറയ്ക്കുന്ന
കാൽവിരൽ നഖങ്ങളിൽ നീയൊരു ചിത്രം വരയ്ക്കണം..
പതിഞ്ഞ കാല്പ്പാദങ്ങളിൽ അധരങ്ങൾ കൊണ്ട്
നീയൊരു മുദ്ര വയ്ക്കണം..!
പ്രണയം കൊണ്ട് കോർത്തെടുത്ത
വെള്ളിമുത്തുകൾ കൊണ്ടൊരു പാദസരം
നീയെന്നെ അണിയിക്കണം…!
നമ്മുടെ പ്രണയത്തിൽ കലർന്ന്
പാദസരമുത്തുകൾ ചിരിക്കണം
അതിന്മേൽ തഴുകി തഴുകി
നീയെന്നെ സ്വന്തമാക്കണം…!
നിന്റെ ചിരിയും സങ്കടങ്ങളും
ആശങ്കയും ദേഷ്യവും കോപവുമെല്ലാം
അറിഞ്ഞറിഞ്ഞ്
എനിക്ക് നിന്റേതാവണം…!
നമ്മൾ മാത്രമാവണം…!!
എന്റെ മാത്രമായ മനുഷ്യനായി
നിങ്ങളും
നിങ്ങളുടേത് മാത്രമായി ഞാനും
നമ്മൾ ബാക്കിയാവണം!!

