“നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.” കേട്ടിട്ടുണ്ടോ ഇതെപ്പോഴെങ്കിലും. കേൾക്കാതിരിക്കാൻ തരമില്ല പണ്ടെത്തെ ഒട്ടുമിക്ക പാഠപുസ്തകങ്ങളിലും ഇത് കുത്തി നിറച്ചിട്ടുണ്ട്. പക്ഷേ സത്യം അതാണോ? കരക്കമ്പിക്കും പരദൂഷണത്തിനും ഏറ്റവും വളക്കൂറുള്ള മണ്ണ് നാട്ടിൻപുറം തന്നെയല്ലേ? ‘അയലത്തെ അമ്മിണിയും ശശിയും തമ്മിൽ എന്തോ ഒരു ചുറ്റിക്കളി ഉണ്ട്.’ എന്ന് പറയാത്ത പല പേരിലുള്ള ‘ശാന്തമാർ’ ഇല്ലാത്ത ഏത് നാട്ടിൻപുറമാണ് നമുക്കുള്ളത്.
എന്നാൽ ശാന്തയ്ക്ക് ശശിയെ നോക്കി കൂടായിരുന്നോ? എന്ന് ചോദിച്ചാൽ… ഞാനെന്താ അത്തരക്കാരിയാണെന്നാണോ നീ വിചാരിച്ചിരിക്കുന്നത്? എന്ന് ‘ശുദ്ധഗതി’കാരി ശാന്ത യുടെ മറുപടി. സത്യത്തിൽ എന്താ കാര്യം.. പാവം ശശിയും അമ്മിണിയും പെട്ടെന്ന് പെയ്ത ഒരു മഴയുടെ സമയത്ത് ഒരു കുടക്കീഴിൽ കവലവരെ ഒന്നുവന്നു. അതാണ് ഈ കരക്കമ്പിക്കു കാരണം.
അപ്പോ നാട്ടിൻപുറത്തെപ്പറ്റി നമുക്ക് നന്മകളാൽ പ്രധാനം എന്നൊക്കെ പറയാൻ പറ്റുമോ? ഇന്നും നാട്ടിൻപുറങ്ങളിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ച് സംസാരിച്ചു നടക്കുന്നത് സദാചാര കണ്ണിലൂടെ അല്ലാതെ കാണുന്ന എത്രപേരുണ്ട്? വളരെ ചുരുക്കം അല്ലേ? തെറ്റുണ്ടെങ്കിൽ തിരുത്താം. ഞാൻ അതിലില്ലയെന്ന് വാദിക്കാം.
അല്ലെങ്കിൽ തന്നെ ലണ്ടനിൽ ഒരു ജോലി കിട്ടിയേൽ പിന്നെ നിന്റെ സദാചാരബോധം ആകെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് വീട്ടുകാർ മുഴുവനും പഴിക്കാറുണ്ട്.
ആരെ കുറ്റം പറയാൻ?
പകൽ മാന്യന്മാരായ നടക്കുന്ന പലരുടെയും തനിനിറം പുറത്തറിയണമെങ്കിൽ അക്കരത്തെ അമ്മിണി ചേച്ചിയോട് ചോദിക്കണമെന്ന് പറയുന്ന ഒരു അപ്പൂപ്പൻ ഇവിടെയുണ്ടായിരുന്നു. പകൽ സദാചാരജീവികൾ… രാത്രിയിൽ പച്ച മനുഷ്യർ..
ഇതൊക്കെ കാണുമ്പോൾ ” കള്ളവുമില്ല ചതിയുമില്ല… എള്ളോളമില്ല പൊളി വചനം” എന്നൊക്കെ കവി എഴുതിയത് നല്ല താങ്ങായിരുന്നോയെന്നു ഇപ്പോൾ ഒരു സംശയം. ജട്ടിയിട്ട സായിപ്പും മദാമ്മയും ഒക്കെ ബീച്ചിൽക്കൂടി കറങ്ങി നടക്കുന്ന കാണുമ്പോൾ “അയ്യേ” എന്ന് പറയുന്ന സദാചാരം.
ഒരാൺകുട്ടിയും പെൺകുട്ടിയും പരസ്പര ബഹുമാനത്തോടുകൂടി ജീവിക്കണം എന്ന് ഇന്നുവരെ ആരെങ്കിലും ഇവിടെ പഠിപ്പിച്ചിട്ടുണ്ടോ?
നല്ല സുഹൃത്തുക്കളായ ആൺകുട്ടിയേയും പെൺകുട്ടിയേയും ഇവിടെ ആരെങ്കിലും അംഗീകരിച്ചിട്ടുണ്ടോ?
ഇനിയും ചിന്തിച്ചാൽ തന്റെ തല പൊട്ടിത്തെറിക്കുമെന്ന് തോന്നിയതിനാൽ ശശി തന്റെ ബ്ലോഗ് എഴുത്ത് നിർത്തി രണ്ടു പെഗ് അടിച്ച് ഉറങ്ങാൻ കിടന്നു.
#എന്റെനാട്

