ഞാൻ മരിച്ചിരിക്കുന്നു അതും അറിഞ്ഞത് ജന്മം തന്ന അമ്മതന്നെ..
ഉറക്കത്തിൽ നിന്നും എന്നെ വിളിച്ചെഴുനേൽപ്പിക്കാൻ വന്നതാണ് ഞാൻ അനങ്ങുന്നില്ല. അമ്മ കുലുക്കി വിളിക്കുന്നു. പയ്യെ ഞാൻ എഴുനേൽക്കാൻ നോക്കി. ഇല്ല അനങ്ങാൻ പറ്റുന്നില്ല. എന്തോ എനിക്ക് ഭാരം തോന്നുന്നില്ല. എങ്കിലും അനങ്ങാൻ പറ്റുന്നില്ല.. അമ്മേ എന്ന് ഉറക്കെ നിലവിളിച്ചു ഇല്ല ശബ്ദം വരുന്നില്ല.. ചെറുപ്പത്തിൽ പനിവന്ന് ബോധം പോയപ്പോൾ പോലും അമ്മേ എന്ന് വിളിച്ചതാണല്ലോ?
അമ്മ നിലവിളിക്കുന്നു. അത് കേട്ടിട്ട് ആരെല്ലാമോ ഓടി കൂടി. എല്ലാവരും എന്റെ കൈയിൽ പിടിച്ചുനോക്കുന്നു. കഴിഞ്ഞു അതെ അടുത്തവീട്ടിലെ ഡോക്ടർ അങ്കിൾ ആണ് പറഞ്ഞത്..
അതാ, എന്റെ ഇളയപ്പൻ കരഞ്ഞുകൊണ്ട് വന്ന് എന്നെ കെട്ടിപിടിക്കുന്നു. പതിയെ എന്റെ കണ്ണുകൾ തിരുമ്മി അടച്ചു..
അമ്മയെ ആരെല്ലാമോ ചേർന്ന് റൂമിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നു.
അമ്മേ, പോകല്ലേ എന്ന് ഞാൻ പറയുന്നുണ്ട്. ഇല്ല, ആരും ഒന്നും കേൾക്കുന്നില്ല.. എന്റെ കൂട്ടുകാർ വന്നു എല്ലാവരും കരയുന്നു. അല്ല, ഇപ്പോൾ അവരെല്ലാം എന്തൊക്കയോ ചർച്ചയിൽ ആണ്.
ഡാ, ഞാൻ ഇവിടുണ്ട് എന്നെ കൂടെ കൂട്ടെടാ, ഇല്ല, ആരും ഒന്നും കേൾക്കുന്നില്ല..
ആരൊക്കെയോ ഒരു ട്രോളിയുമായി വരുന്നു. എന്നെ എടുത്ത് അതിൽ കിടത്തി എങ്ങോട്ടാനിവർ കൊണ്ടുപോകുന്നത്. ആംബുലൻസിലോട്ട് എന്തിനാണ്? എന്റെ ആരും പ്രവാസലോകത്തുനിന്നും വരുവാനില്ലല്ലോ പിന്നെ എന്തിനാണ്?
അതെ എന്നെ മോർച്ചറിയിൽ വെക്കുന്ന്. അല്ല, മൂന്നാറിനു പോകാൻ നിന്നപ്പോൾ അവിടെ തണുപ്പാണ് മോന് പനിപിടിക്കും എന്ന് പറഞ്ഞ എളേപ്പൻ അല്ലേ എന്നെ ഈ ഐസിൽ തള്ളി വെക്കുന്നത്. എനിക്ക് വയ്യ ഒറ്റക്ക്, പേടിയാകുന്നു.. എന്റെ കാലുമുതൽ തണുപ്പ് അരിച്ചിറങ്ങുന്നു.. വയ്യ ഞാൻ തണുത്ത് ഉറയുന്നു.. എന്തോ ഒരു ബഹളം എന്നെ വീട്ടിലെക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ വന്നതാണ്. ഹാവൂ രക്ഷപെട്ടു ഐസിൽ നിന്നും, എന്തൊരു തണുപ്പായിരുന്നു? എളേപ്പാ, എന്ന പണിയാ കാണിച്ചത്? ഇല്ല, ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല.
വീട്ടിലെ മുറ്റത്ത് അതാ ഒരു പെട്ടി! എന്നെ അതിലെക്ക് കിടത്തുന്നു. ഡബിൾ കോട്ട് കട്ടിലിൽ കിടന്നാലും സ്ഥലം തികയാത്ത എന്നെ ആ കുഞ്ഞു പെട്ടിയിൽ തിരുകി. എനിക്ക് ശ്വാസം മുട്ടും എന്ന് ഇവർ ആരും എന്താ മനസിലാകാത്തത്?
ബന്ധുക്കളും നാട്ടുകാരും ഒക്കെ വന്ന് കണ്ണിരോടെ എന്നെ നോക്കുന്നു. എനിക്കും കരച്ചിൽ വരുന്നുണ്ട് എന്റെ അമ്മ അവിടെ തളർനിരിക്കുന്നു… ആളുകൾ
എല്ലാം തിരിഞ്ഞു നോക്കുന്നു എന്തൊക്കെയോ കുശുകുശുപ്പ്..
അല്ല ആരാണ് ഇനിയും കരഞ്ഞുകൊണ്ട് വരുന്നത്? അതെ ഞാൻ ഇത്രയും നേരം കാത്തിരുന്ന നീ.. എന്റെ പ്രാണനായവൾ… അവളുടെ കണ്ണുനീർ ഒപ്പാനും നെഞ്ചോട് ചെറുക്കനും ഞാൻ എന്റെ കൈകൾ ഉയർത്തി. ഇല്ല ആവുന്നില്ല. ആദ്യമായി നിന്നെ കാണുമ്പോൾ തരാൻ ഞാൻ കരുതിവെച്ച ആ സ്നേഹചുംബനം ഞാൻ എങ്ങിനെ ഇനി നിനക്ക് തരും? അല്ല, അവൾ വിറയാർന്ന ചുണ്ടുകൾ കൊണ്ട് എന്റെ നെറ്റിൽ ചുംബിക്കുന്നു. എന്റെ സ്നേഹം ഞാൻ എങ്ങിനെ ഇനി തിരിച്ചുതരും. ആരോ അവളെ പിടിച്ചുമാറ്റുന്നു. അവൾ എഴുനേൽക്കാൻ കൂട്ടാക്കുന്നില്ല, എനിക്കും വയ്യല്ലോ മുത്തേ നിന്നെ പിരിഞ്ഞു ഒരു യാത്ര പോകാൻ? പരിചയപെട്ടന്നാൾ മുതൽ അകലങ്ങളിൽ ഇരുന്നിട്ടും എല്ലാ യാത്രകളും ഒന്നിച്ചായിരുന്നില്ലേ?
പതിയെ പെട്ടിയുടെ അടപ്പ് വെച്ച് എന്നെ മൂടുന്നു. ഇരുട്ട് എനിക്ക് ആകെ അസ്വസ്ഥത.. വയ്യ പേടിയാകുന്നു..
പള്ളിലെ കുടുംബ കല്ലറയിൽ അതാ ഒരു വാതിൽ തുറന്നിട്ടിരിക്കുന്നു. എത്രയോ ബന്ധുക്കളെ ഞാനും ചേർന്ന് ഇവിടെ അടക്കിയിരിക്കുന്നു. ഇന്ന് എല്ലാവരും എന്നെയും.. വയ്യ, അതെ ആ വാതിലും അടക്കുന്നു.. പ്ലീസ് അടക്കരുതേ എന്റെ അമ്മയെയും, എന്റെ പ്രണനയവളെയും ഒരിക്കൽ കൂടി കണ്ടോട്ടെ. ഇല്ല ആരും കേൾക്കുന്നില്ല. എന്റെ കല്ലറയുടെ വാതിൽ അടക്കുന്നു. ഇനി ഒരിക്കലും നിന്നെ കാണാൻ നിന്റെ മടിയിൽ തലവെച്ചു കഥകൾ പറയാൻ എനിക്കാവില്ലല്ലോ പ്രിയേ..
അതാ ഉറുമ്പുകൾ എന്റെ പെട്ടിയിലെക്ക് ആർത്തു വരുന്നു. ഞാൻ പണ്ട് കൊന്നു കളഞ്ഞ ഉറുമ്പ്കളുടെ പിൻ തലമുറക്കാർ ആയിരിക്കുമോ? അതെ, നിർദാക്ഷിണ്യം അവ എന്റെ കണ്ണുകളെ വരെ അരിച്ചെടുക്കുന്നു..
വിട ഈ ലോകത്തോടും നിന്നോടും…
Koottaksharangal


2 Comments
നോവുകൾ
❤️🌷👌