രഘു പറയുന്നത് ഈ പ്രേമം ഒരു വല്ലാത്ത പൊല്ലാപ്പാണെന്നാണ്. ക്ഷണിക്കാതെ വരുന്ന അതിഥിയെ പോലെ, ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ അതങ്ങനെ പതുങ്ങി നിൽക്കും.
ക്ഷണിക്കാനും കൂടെ കൂട്ടാനും ഒന്നും ഞാൻ ശ്രമിച്ചിട്ടില്ല. അതിനുള്ള സമയമോ സാവകാശമോ സാഹചര്യമോ സർവോപരി താല്പര്യമോ ഇതുവരെ ഇല്ലായിരുന്നു. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഇരുപത്തി രണ്ടാം വയസ്സിൽ ചുമലിലേറ്റിയ ഭാണ്ഡം തുറന്നു നിരത്തേണ്ടി വരും. കേൾക്കാൻ സുഖമുള്ള കഥയൊന്നുമല്ല. പഴയ ചില സിനിമകളിലേതു പോലെ, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കുടുംബത്തിൻറെ ഭാരം മുഴുവൻ ചെറുപ്പത്തിലെ ഏറ്റെടുക്കേണ്ടി വന്ന ത്യാഗിയായ നായക കഥാപാത്രം. പാതിയിൽ മുടങ്ങിപ്പോയ എൻജിനീയറിങ് പഠനം പിന്നീട് പൊടി തട്ടിയെടുക്കാൻ ശ്രമിച്ചിട്ടേയില്ല. തുച്ഛമായ വരുമാനത്തിന്, കിട്ടിയ ജോലികളെല്ലാം ചെയ്തിട്ടുണ്ട്. ഹോളിഡേ റിസോർട്ടിലെ ഈ മാനേജർ പദവി ഭാഗ്യം കൊണ്ട് ഒരു ദിവസം കയ്യിൽ വന്നു വീണതല്ല, ഒരുപാട് പണിയെടുത്ത് നേടിയത് തന്നെയാണ്.
പിന്നെ താല്പര്യം, അതും ഒട്ടും തോന്നിയിട്ടില്ല. കാരണം വളരെ ലളിതം: കടലുപോലെയും ആകാശം പോലെയുമൊക്കെ പ്രണയിച്ചിരുന്ന പലർക്കും ഇപ്പോൾ കടൽത്തീരത്ത് പോയിരുന്ന് ഒന്ന് കടല കൊറിക്കാനുള്ള നേരം പോലുമില്ല. പുറത്തിറങ്ങുമ്പോൾ കുട എടുക്കണോ എന്നറിയാനാണ് അവർ ആകാശത്തേക്ക് നോക്കാറുള്ളത്. മഴ നനഞ്ഞാൽ തൊണ്ടവേദന, ജലദോഷം, പനി, പിന്നെ ഓഫീസിലെ ലീവ്, കുട്ടികൾക്ക് പനി വരാതെ നോക്കൽ, അഥവാ വന്നാൽ അവരുടെ സ്കൂളിലെ ലീവ്, ടീച്ചറുടെ കറുത്ത മുഖം, നഷ്ടപ്പെട്ട ക്ലാസിന്റെ നോട്ട് എഴുതിയെടുക്കൽ, അതവരെ പഠിപ്പിച്ചെടുക്കൽ, പാചകപ്പണി അധികമാകുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന, ഭാര്യയുടെ മുറുമുറുപ്പ്, അതിനു പ്രതിവിധിയായി പെരുകിവരുന്ന സ്വിഗ്ഗി, സൊമാറ്റോ ബില്ല്, ഡോക്ടറെ കാണേണ്ടി വന്നാൽ കൺസൾട്ടേഷൻ ഫീസ്, മരുന്ന് ബില്ല്, പിന്നെ കുറച്ചുകാലങ്ങളായി നാട്ടിലാകമാനം കുത്തക വ്യാപാരം നടത്തിവരുന്നവരും വിചിത്ര നാമധാരികളും ആയ വിവിധതരം പനികളിൽ ഒന്നും തന്നെയല്ല എന്ന് ഉറപ്പുവരുത്താനായി പതിച്ചുകിട്ടുന്ന പരിശോധനകളുടെ നീണ്ട ലിസ്റ്റ്; എല്ലാറ്റിനുമൊടുവിൽ അവതാളത്തിലാവുന്ന മാസ ബഡ്ജറ്റും. ആകാശത്തിനും കടലിനും ഇടയിൽ നോക്കുകുത്തിയാവുന്ന പാവം പ്രണയം.
നാലാം ക്ലാസു മുതൽ പ്രണയിച്ചു തുടങ്ങിയവനാണ് രഘു. വനജ ടീച്ചറുടെ മകൾ ശാലിനി മുതൽ, കയ്യിലെണ്ണിയാൽ തീരാത്ത ഒരു ലിസ്റ്റ് അവൻറെ സമ്പാദ്യക്കീ യിലുണ്ട്. വിശേഷ ദിവസങ്ങളിലെ വെള്ളമടി സദസ്സിൽ അവൻറെ പ്രണയ ക്ലാസുകൾ സജീവമാണ്. ഒരു ഉപദേശത്തിന് ഒരു പെഗ് അതാണവന്റെ കണക്ക്.
“പ്രായമാകാത്ത ഒന്നേയുള്ളൂ മോനേ, അത് പ്രണയമാണ്”. എന്ന് ചൊല്ലി പാടിയിരുന്ന രഘു, പക്ഷെ വിവാഹം കഴിച്ചത് പ്രണയിച്ചിട്ടല്ലായിരുന്നു. ‘ഒക്കെ വീട്ടുകാർക്ക് വേണ്ടി, അവരോട് നമുക്ക് കടപ്പാടില്ലേ’- രഘുവിന്റെ നാടൻ ചായക്കട, കഫേ എന്ന ഓമന പേരുള്ള അർബ്ബൻ ചിക്ക് ആയതും രഘുവിന്റെ യാത്രകൾ ഇരുചക്രവാഹനം വിട്ട് നാൽക്കാലിയിലേക്ക് ചേക്കേറിയതും ഈ കടപ്പാടിന്റെ പരിണിത ഫലങ്ങൾ ആയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും രഘുവിന് ഉത്തരം ഉണ്ടായിരുന്നു. “കല്യാണം ഒരു കണക്കാണിഷ്ടാ, ഒരു കച്ചോടം. പ്രണയിക്കുന്നവരോട് നമ്മൾ കണക്ക് പറയാൻ പാടില്ല. പ്രണയത്തിൻറെ രസതന്ത്രത്തിൽ ഒരിക്കലും കണക്ക് കലർത്തരുത്”.
രഘുവാശാൻറെ പ്രണയക്കളരി ഇന്നും അനുസ്യൂതം തുടരുന്നു.
ആ കളരിയിൽ അഭ്യസിക്കാത്തവനായി ഈ നാട്ടിൽ ഞാൻ മാത്രമേ കാണൂ .18 അടവും പയറ്റി, രഘു എന്നെ ഒന്ന് പ്രേമിപ്പിക്കാൻ. പത്താം ക്ലാസിൽ കൂടെ പഠിച്ച രചന, പേരുപോലെതന്നെ സുന്ദരിയായിരുന്നു. എന്നോടുള്ള അഗാധമായ പ്രണയം വെളിവാക്കാൻ അവൾക്ക് വാട്സ്ആപ്പ് ഇമോജികൾ മതിയായില്ല. മറ്റു സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഒന്നും എന്നെ കിട്ടാത്തത് കൊണ്ട് പണി മതിയാക്കി അവൾ സ്ഥലം വിട്ടു.
ഇത്രയൊക്കെ പറഞ്ഞത് എൻറെ മഹത്വം വെളിവാക്കാനല്ല.
ഞാൻ പ്രണയിക്കാൻ അനുവാദമുള്ള ഒരുത്തനല്ലെന്ന് ആദ്യം മനസ്സിലാക്കിയതും ഏതാണ്ട് അതേസമയത്താണ്. രചന എന്നല്ല, ഏതൊക്കെ പെൺകുട്ടികൾ വന്നെത്തി നോക്കിയിട്ടും എൻറെ കോട്ടമതിലുകൾ അടഞ്ഞു തന്നെ കിടന്നു. അതിൻറെ കാരണം മേൽപ്പറഞ്ഞ ഒന്നും തന്നെയല്ലയെന്ന് നിങ്ങൾക്കറിയാം, ഒരുപക്ഷേ നിങ്ങൾക്കു മാത്രം.
ലോകം എത്രയൊക്കെ വേഗതയോടെ മുന്നോട്ട് പാഞ്ഞാലും ശാസ്ത്രസാങ്കേതികവിദ്യകൾ എത്രയൊക്കെ പുരോഗമിച്ചാലും മാറ്റത്തിന് വിധേയമാകാൻ മടിച്ചു നിൽക്കുന്ന ഒന്നുണ്ട്, അത് മനുഷ്യൻറെ വീക്ഷണമാണ്; അവൻറെ ചിന്താഗതികൾ. അതിരുകൾ ഇല്ലാത്ത ആകാശത്തോട് പ്രണയത്തെ ഉപമിക്കുമ്പോഴും അത് പ്രകൃതി നിയമത്തിന്റെ അതിരുകൾക്കുള്ളിൽ തന്നെ ഒതുങ്ങി നിൽക്കണമെന്ന് ശഠിക്കുന്നവരാണ് എൻറെ നാട്ടിലെ അന്തേവാസികൾ.
മറ്റാരുടെയോ പേരും മേൽവിലാസവും കടമെടുത്ത് നിങ്ങളയച്ച സ്നേഹ സമ്മാനവും പ്രണയക്കുറിപ്പും ഞാൻ സൂക്ഷിച്ചുവയ്ക്കും. കഴിഞ്ഞയാഴ്ചയാണ് അതെൻറെ കയ്യിൽ കിട്ടിയത്. ഈ പ്രദേശത്തിൻറെ ഏതോ ഒരു കോണിലിരുന്ന് ഇക്കണ്ട കാലമത്രയും നിങ്ങൾ എന്നെ നീരീക്ഷിക്കുകയായിരുന്നു എന്നും അഗാധമായി പ്രണയിക്കുകയായിരുന്നു എന്നുമുള്ള തിരിച്ചറിവ് എൻറെ കണ്ണ് നനയിച്ചു. എൻറെ ഉൾക്കാഴ്ചയിലേക്ക് തുറന്നു വെച്ചിരിക്കുന്ന നിങ്ങളുടെ ജാലകം ഇന്ന് എനിക്കും ഏറെ പ്രിയപ്പെട്ടതാണ്. പക്ഷേ കൂട്ടുകാരാ നിങ്ങൾ ആരാണെന്നറിയാൻ ഞാൻ ശ്രമിക്കില്ല. കാരണമെന്തെന്ന് നിങ്ങൾക്ക് മനസ്സിലാകും. സമൂഹത്തിനുമുന്നിൽ തുറന്നു വയ്ക്കാൻ കഴിയാത്ത ഈ പ്രണയം നമ്മുടെ ജാലകങ്ങളിൽ തന്നെ എരിഞ്ഞു തീരട്ടെ. പ്രണയത്തിനെതിരെ എന്നും മുഖം തിരിച്ചു നിൽക്കുന്ന അറുബോറൻ മൂരാച്ചിയായി ലോകം എന്നെ വാഴ്ത്തട്ടെ.
പ്രണയം മരിക്കാത്ത മനസ്സ് എന്നുമുണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, നിങ്ങൾ കടമെടുത്ത മേൽവിലാസത്തിൽ തന്നെ ഞാനീ കത്തയക്കുന്നു.
#എന്റെരചന
പ്രണയലേഖനം
Koottaksharangal

