ആദ്യഭാഗം മുതൽ വായിക്കാം.
വെളുപ്പിനുള്ള വണ്ടിയിൽ മടങ്ങാമെന്ന് കരുതി.ഇപ്പോൾ തന്നെ കുറെ ക്ലാസുകൾ നഷ്ടപ്പെട്ടു.
ഉറങ്ങുന്നതിനു മുൻപ് മുറ്റത്ത് മൂത്ര ശങ്ക തീർക്കാൻ ഇറങ്ങിയതാണ്,ഇരുട്ടത്തൊരു നിഴലനക്കം.അമ്മുവേച്ചിയെ പോലെ മെലിഞ്ഞിട്ട് ,ആദ്യമൊന്നു ഞെട്ടി.പഴയ സ്വഭാവം മാറി,ഈയിടെയായി കുറച്ചു ധൈര്യ വന്നിട്ടുണ്ട്.
“ആരാ അത്.” ഉച്ചത്തിൽ ചോദിച്ചു.
“ശ്ശ് ശ്ശ് …ഏട്ടാ ഇത് ഞാനാണ് ,അനഘ .”
അനഘ ആദിയുടെ ഭാര്യയാണ് , ഇത് വരെ മിണ്ടിയിട്ടില്ല .ദൂരെ നിന്ന് കണ്ടിട്ടേയുള്ളു.അവൾ വെളിച്ചത്തേയ്ക്കു നീങ്ങി നിന്നു.അവളെ കണ്ടു അമ്മുവമ്മയും മുറ്റത്തേക്ക് ഇറങ്ങി വന്നു.
“ആദിയില്ലേ മോളെ ,നിന്നെ ഇവിടെ കണ്ടാൽ മതി .അവന് ദേഷ്യം വരും,അവൻ നിന്നെ തല്ലി കൊല്ലും മോളേ…”
“വന്നിട്ടുണ്ട്,കുടിച്ചു നാലു കാലിലാണ് മടങ്ങിയത്.ഇനി രാവിലെയേ ബോധം വരൂ,ഉണർന്നു വരൂ.ഏട്ടൻ നാളെ പോവുകയാണല്ലേ ,ഇത് ഏട്ടന് തരാനായി.”
അവളൊരു പഴയ റാഡോ വാച്ചും ഒരു നോട്ട് ബുക്കും അവനു വച്ച് നീട്ടി.
“ഇത് രണ്ടും ഏട്ടനെ ഏൽപ്പിക്കണമെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു.ആദി കാണാതെ ഞാനിത് ഒളിപ്പിച്ചു വച്ചതാണ്.ഏട്ടൻ ആദിയോട് പൊറുക്കണം.ആദിക്ക് ഏട്ടനോട് അസൂയയാണ് .എന്നോടൊരികൽ പറഞ്ഞതാണ്, അവരുടെ ലോകത്തേയ്ക്ക് ഇടിച്ചു കയറി ചെന്നു അവർക്കു കിട്ടേണ്ട സ്നേഹം ,അച്ഛൻ്റേം അമ്മയുടേം പക്കൽ നിന്നും കവർന്നെടുത്തെന്ന്.ആദിയുടെ വിവരമില്ലായ്മയാണ് ,പൊറുക്കണം.”
പാവം പെൺകുട്ടി അവളെ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല.അവളോട് മിണ്ടാൻ ശ്രമിച്ചിട്ടില്ല.അവളുടെ അമ്മയുടെ ദുർനടത്തം അവൾക്കും ഉണ്ടെന്ന് കരുതിയിരുന്നു.അവൾ അങ്ങനെയല്ലായിരുന്നു.
“അവനെന്റെ അനിയനല്ലേ മോളെ .വെറുക്കില്ലൊരിക്കലും….
അവനോട് എനിക്കെന്നും സ്നേഹമേയുള്ളു.”
“ഏട്ടൻ മടങ്ങി വരുമ്പോൾ കാത്തിരിക്കാൻ ഇനി ഒരു അനിയത്തി കൂടെ ഇവിടെയുണ്ടെന്ന് ഓർക്കണം.”
അവൻ ആ ഓടാത്ത പഴയ വാച്ച് കയ്യിൽ ധരിച്ചു.അവൾ തന്ന പഴയ നോട്ട്ബുക്ക് തുറന്ന് നോക്കി.അതിൽ നിറയെ കുഞ്ഞുനാളിലെ അവൻ്റെ വരകളായിരുന്നു.ഉമ്മയോടൊത്തുള്ള ജീവിതം, ദാരിദ്ര്യം, ഉമ്മയുടെ രോഗാവസ്ഥ.അമ്പലക്കുളക്കടവിൽ വച്ച് അച്ഛനെ കണ്ട് മുട്ടിയത്.ഏട്ടനെ നോക്കി നിൽക്കുന്ന അമ്മുവേച്ചി.പഴയകാല ജീവിതം കുറച്ച് പെൻസിൽ ഡ്രോയിംഗിലൂടെ മനസ്സിലേക്ക് എത്തി നോക്കി.ഒരു മിന്നൽ വേഗതയിലുള്ള ഫ്ലാഷ് ബാക്ക്.
നോട്ട്ബുക്കിൽ നിന്നും ഒരു കത്ത് ഊർന്നു വീണു.അച്ഛൻ അവസാനമായി എഴുതിയ കത്താണ്. അവനത് തുറന്ന് വായിച്ചു.കണ്ണുകൾ നിറഞ്ഞത് ആരും കാണാതെ അവൻ തുടച്ചു. അത് ചുരുട്ടി നോട്ട്ബുക്കിൽ വച്ചു.
രാവിലത്തെ ട്രെയിനിൽ മടങ്ങി .സഹമുറിയനായ അഖിൽ മുറിയിലുണ്ടായിരുന്നു.അവൻ പുറത്തു പോയി രണ്ടു പേർക്കുമുള്ള ഭക്ഷണം വാങ്ങി വന്നു .
“എന്റെ ഇക്കാ നിങ്ങളില്ലാതെ ഞാൻ വല്ലാണ്ട് ബോറടിച്ചു.ആരോടും ഒന്നും പറയാനില്ലാതെ ഈ കുടുസ്സു മുറിയിൽ വിരസത മാത്രം.”
“ഇനി ഞാൻ എങ്ങോട്ടുമില്ലെടാ .ഇവിടെ ഈ മുറിയിൽ നിന്നോടൊപ്പം അങ്ങ് കൂടുകയാണ് .എത്രയും പെട്ടെന്നൊരു ജോലി അതാണെൻ്റെ ലക്‌ഷ്യം.”
“നിങ്ങൾക്കൊക്കെ ജോലി കിട്ടിയില്ലേൽ പിന്നെയാർക്കാണ് ഈ ഇന്ത്യാ മഹാരാജ്യത്തിൽ ജോലിക്ക് അർഹത.ആയിരം തലയല്ലേ ഈ ബുദ്ധി രാക്ഷസന്.”
ഒരാഴ്ച കൂടി കഴിഞ്ഞാണ് മൃണാളിനി ക്യാമ്പസ്സിൽ എത്തുന്നത്.അവൻ്റെ അച്ഛനും ആ സമയത്ത് മരിച്ച വിവരം അറിഞ്ഞു അവൾക്കു സങ്കടമായി.അവൾക്കു പറയാനുണ്ടായിരുന്നത് ഒരു സന്തോഷ വർത്തമാനമായിരുന്നു.അവളുടെ ചേട്ടന്റെ മടക്ക വിവരം.പഴയ പോലെ മാനസിക പ്രശ്നമൊന്നുമില്ല. ആള് നോർമലാണ്.ഒരു നാടോടി സംഘത്തിലകപ്പെട്ടു പോയി എന്ന് മാത്രം പറഞ്ഞു.
സരസൻ മാഷ് ഹാർട്ട് അറ്റാക്കിൽ മരണപെട്ടു.ഒന്ന് നാട്ടിൽ പോയി അവസാനമായി കണ്ടു വന്നു.തിരക്കിനിടയിൽ നിന്നും തുഷാരയും അച്ഛനെ ഒന്ന് വന്ന് കണ്ട് പോയി.അവനെ പോലെ തുഷാരയും ഒറ്റക്കായി.അവളുടെ വിളികളും കത്തും കുറവാണെങ്കിലും അവൾ മനസ്സിൽ നിറഞ്ഞ് നിന്നു.
സ്വകാര്യ ആവശ്യങ്ങൾക്ക് പണമില്ലാതെയായപ്പോൾ തുഷാരയോട് ചോദിയ്ക്കാൻ മടി തോന്നി.മാഷുണ്ടായിരുന്നപ്പോൾ മാഷ് തന്റെ പെൻഷൻ തുകയിൽ നിന്നും എല്ലാ മാസവും ഒരു തുക വച്ച് അയച്ചു തരുമായിരുന്നു.അപ്പോഴാണ് ട്യൂഷനെ പറ്റി ആലോചിച്ചത്.ലോഡ്ജിലെ രാഘവേട്ടന്റെ സമ്മതത്തോടെ കുറച്ചു കുട്ടികളെ ട്യൂഷന് സംഘടിപ്പിക്കുകയും വരുമാനമുണ്ടാക്കാൻ തുടങ്ങുകയും ചെയ്തു.
നല്ല മാർക്കോടെ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞപ്പോൾ പ്രൊഫസർ ആണ് അവിടെ തന്നെ റിസർച്ച് ചെയ്യാൻ ഉപദേശിച്ചത് .പാർട്ട് ടൈം ആയി യൂണിവേഴ്സിറ്റിയിൽ തന്നെ അദ്ധ്യാപക വേഷവും കെട്ടി തുടങ്ങി.മൃണാളിനിയും കൂടെ ഗവേഷണത്തിനുണ്ട്.അവൾ അവനെ സ്വന്തം ചേട്ടനെ പോലെയാണ് കാണുന്നത്.അവളുടെ ഊരിലെ ഒരു പഠിച്ച ചെറുക്കനുമായി അവളുടെ കല്യാണം തീരുമാനിച്ചു .പഴയവർ പോയി പുതിയവർ ജീവിതത്തിലേയ്ക്ക് വന്നു കൊണ്ടിരുന്നു.ജീവിതത്തിലെ ആകെ മാറ്റം ആൾക്കാരുടെ വരവും പോക്കുമായിരുന്നു.
നാലഞ്ചു വർഷത്തിനിടയിൽ ഒരിക്കൽ മാത്രം നാട്ടിൽ പോയി.അമ്മുവമ്മയ്ക്കു വയ്യെന്ന് പറഞ്ഞപ്പോൾ മാത്രം.മാഷിന്റെ മരണശേഷം വീട് പൂട്ടിയിട്ടിരുന്നു.രണ്ടു ദിവസത്തെ താമസത്തിനിടയിൽ ആദിയെ കണ്ടതേയില്ല.കുടിച്ചു കുടിച്ചു അവനൊരു രോഗിയായി മാറിയിരുന്നു എന്നാണ് അനഘ പറഞ്ഞത്.മെലിഞ്ഞുണങ്ങി കോലം കെട്ട അനഘയുടെ രൂപം. ആരുമറിയാതെ കുറച്ച് പണം അവളെ ഏൽപ്പിച്ചു.അവളുടെ മൂത്ത മകൾക്കു നാലു വയസ്സ് കഴിഞ്ഞിരുന്നു. വീണ്ടും ഗർഭിണിയായ അവളെ കണ്ടപ്പോൾ സങ്കടം തോന്നി.
യൂണിവേഴ്സിറ്റിയിൽ അവനെ കാണാൻ തുഷാര വന്നു.രണ്ടു മാസത്തിനുള്ളിൽ യു എൻ പീസ് ട്രെയിനിങ്ങിനു പോകുന്ന ഐ പി എസ് ഓഫീസേഴ്സിന്റെ ലിസ്റ്റിൽ തുഷാരയുടെ പേരുമുണ്ട്.അവൾക്കു വിവാഹത്തിനുള്ള പ്രായം വൈകി തുടങ്ങിയിരുന്നു.മടങ്ങി വരുമ്പോൾ വിവാഹം നടത്തണമെന്ന് തീരുമാനിച്ചതായിരുന്നു അവൾ പോയത്.പോകുന്നതിനു മുൻപ് അവൾ വന്നത് അവന്റെ കയ്യിലൊരു മോതിരമണിയിക്കാനാണ്.
“സാധാരണ പുരുഷന്മാർ സ്ത്രീകളെ മോതിരമണിയിച്ചാണ് പ്രൊപ്പോസ് ചെയ്യാറ്,ഇതിപ്പോൾ? തുഷാരേ എനിക്കൊരു ചമ്മലുണ്ട് ഉള്ളിൽ.”
“നിനക്കും…? പുരുഷന്റെ ഈഗോ തികട്ടി വരുന്നുണ്ടോ.എൻ്റെ അർഷൂ,എന്റെയൊരു ഉറപ്പിന്,നീ എൻ്റേതാണെന്ന ഉറപ്പിലാണ് ഞാൻ ഈ രാജ്യം വിടുന്നത്.ബോംബുകളും മൈനുകളുമുള്ള നാട്ടിലേയ്ക്കാണ് യാത്ര.തിരികെ വരുമ്പോൾ കാത്തിരിക്കാൻ നീയുണ്ടെന്ന ഉറപ്പിനാണ്.നിനക്ക് എന്നെയല്ലേ, എനിക്ക് നിന്നെയാണ് ആവശ്യം.”
അങ്ങനെ ആദ്യമായി അവന്റെ മനസ്സിൽ വിവാഹത്തെക്കുറിച്ച് ധാരാളം സ്വപ്‌നങ്ങൾ ഉണ്ടായി.അവൻ്റെ മനസ്സിലെ ഓരോ അണുവിലും തുഷാര നിറഞ്ഞു നിന്നു.
“എനിയ്ക്കും വേണം സ്വന്തമായി ഒരു ജീവിതം, കുടുംബം.സ്നേഹിക്കാൻ മാത്രം അറിയാവുന്ന എൻ്റെ തുഷാര.ഞങ്ങളുടെ കുട്ടികൾ. ജാതിയും മതവും ഒന്നും ഇല്ലാതെ അവർ വളരണം.”
അതായിരുന്നു അവൻ്റെ സ്വപ്നം.
അർഷാദ് നാട്ടിൽ ഒരിക്കൽ കൂടി പോയി.അനഘയോടും കുട്ടിയോടും അർഷാദ് അടുക്കുന്നത് ആദിയ്ക്ക് തീരെ ഇഷ്ടമായില്ല. ആദിക്ക് രണ്ടാമതൊരു കുഞ്ഞു കൂടി പിറന്നു ,അതും ഒരു മോൾ.കാണാൻ പോയെങ്കിലും കുഞ്ഞിനെ കാണാൻ അനുവാദം കിട്ടിയില്ല.
മൂത്ത മകൾ ഐശ്വര്യ മിടുക്കിയായിരുന്നു.അവൾക്ക് കുഞ്ഞിലേ തന്നെ വരയ്ക്കാനുള്ള കഴിവുണ്ടായിരുന്നു .അവൾ അമ്മുവമ്മയുടെ വീട്ടിൽ ഇടയ്ക്ക് വരാറുണ്ട്.അഞ്ചു വയസ്സ് കഴിഞ്ഞിട്ടും അവൾക്കു കാത് കുത്തുകയോ കമ്മലിടുകയോ ചെയ്തിരുന്നില്ല.അനഘയുടെ ശരീരത്തിലും പൊന്നിന്റെ ഒരു പൊട്ടു പോലും ഉണ്ടായിരുന്നില്ല.അങ്ങനെയാണ് കല്യാണത്തിന് സമ്പാദിച്ചു വച്ച തുകയിൽ നിന്നും കുറച്ചു പണമെടുത്തു ഐശ്വര്യ മോൾക്ക് ഒരു കമ്മൽ വാങ്ങി കാതു കുതിച്ചത്.
ആദി മടങ്ങി വന്നപ്പോൾ കുഞ്ഞിന്റെ കമ്മൽ കണ്ടു അവൻ കുഞ്ഞിനെ അടിക്കുകയും കമ്മൽ ഊരി നിലത്ത് എറിയുകയും ചെയ്തു.
“ആദി നിർത്തൂ, കുഞ്ഞിനെ അടിക്കരുത്.ഞാൻ അവളുടെ വല്യച്ഛനാണ്.എനിക്കതിനുള്ള അവകാശമുണ്ട്.”
“പ്ഫാ ഒരു വലിയച്ഛൻ വന്നിരിക്കുന്നു.നീയാരാടാ , നിനക്കെന്താടാ എന്റെ കുടുംബവുമായി ബന്ധം.”
“ബന്ധമൊന്നുമില്ലെങ്കിൽ നീയെന്നെ തല്ലെടാ .അത്രയ്ക്ക് വെറുപ്പാണെങ്കിൽ നീയെന്നെ തല്ലിക്കോ, ഞാൻ തല്ല് കൊള്ളാം.ഞാനിപ്പോൾ നമ്മുടെ വീട്ടിൽ കയറാൻ പോകുകയാണ്.എന്നെ അച്ഛൻ ആദ്യമായി കൂട്ടി കൊണ്ട് വന്ന ഈ വീട്ടിൽ.നീയെന്നെ ഇവിടെ നിന്ന് അടിച്ചിറക്കി വിടൂ.കാണട്ടെ നിന്റെ സാമർത്ഥ്യം.”
ആദി തലയിൽ കൈ വച്ച് തറയിൽ ഇരുന്നു പോയി.അടുത്ത് തന്നെ ഐശ്വര്യയും വന്നിരുന്നു.
“അവളെന്റെ കൂടി മോളല്ലേടാ ആദി .എന്റെ കുഞ്ഞാണ്.”
അർഷാദ് പൊട്ടിക്കരഞ്ഞു.
ആദി ഒന്ന് മയപ്പെട്ടു വന്നു .പിന്നെ ഭയങ്കര കരച്ചിലും മാപ്പു പറച്ചിലുമായി.അവൻ അമ്മുവമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു കിടന്ന് കരയാൻ തുടങ്ങി.അർഷാദിൻ്റെ മുന്നിൽ തൊഴുതു കൊണ്ട് നിന്നു.
എല്ലാം ഒന്ന് മയപ്പെട്ട് വന്നപ്പോഴാണ് ആദിയുടെ രക്തം ശർദ്ദിക്കുന്ന ചുമയുടെ കാര്യം അനഘ അർഷാദിനോട് പറഞ്ഞത്.അവളെ തല്ലാൻ ആദി കയ്യോങ്ങി.
“നീ അകത്ത് പോടി,എൻ്റെ ഏട്ടനാണിത്.ഏട്ടൻ ചികിത്സിച്ചാൽ മാറാത്ത ഒരു അസുഖവും എനിക്കില്ല.”
“ആദി നമുക്ക് നാളെ തന്നെ ഒരു ഡോക്ടറെ കാണണം.”
അവൻ്റെ മൗനം സമ്മതമായിരുന്നു.
ആദിയുമായി ഡോക്ടറെ കാണാൻ പോയി.വിശദമായ പരിശോധനകൾക്ക് ശേഷമാണ് അറിയുന്നത് ഗുരുതരമായ കരൾ വീക്കമാണ് അവന്റെ പ്രശ്നമെന്ന്.ചികിത്സയില്ല.മദ്യവും മയക്കുമരുന്നും കാരണം നശിച്ച് പോയ ആന്തരിക അവയവങ്ങൾ ആണ് ആ ചെറുപ്പക്കാരനുള്ളത്.ഇനി അവൻ അധികകാലം ഉണ്ടാകില്ല.രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അനാഥരാകും.
(തുടരും……)
✍️✍️നിഷ പിള്ള


1 Comment
Pingback: കൽപ്പടവുകൾ-7 - By Nisha Pillai - കൂട്ടക്ഷരങ്ങൾ