അറിവില്ലാത്ത പ്രായത്തിൽ
അറിവുള്ളവർ ഒക്കെയും കൂടി അറിഞ്ഞോണ്ട് ചെയ്തൊരു ചെയ്ത്തായിരുന്നു അവളുടെ കെട്ട്!
കീറിയടുക്കി വച്ച വിറകിൻ കെട്ടുകൾ
അടുപ്പിലെ കനല് പോലെ
വെന്ത് നീറി പുകയുമ്പോൾ
ഓരോ നാളുകളും കുറിക്കപ്പെട്ടത്
ഓരോ വിഭവങ്ങളുടെ പേരിലാന്ന്..
ചോറും കറിയും പുട്ടും ദോശയും
കഞ്ഞിയും പയറുമൊക്കെ
ഓരോ ദിനത്തിന്റെയും
ഗന്ധം മാത്രമായി മാറി.
തുരന്ന് വച്ച തുടയിടുക്കിന്റെ
ചോരച്ചുവപ്പിൽ പൊട്ടിയുയർന്ന
ദീനവിലാപത്തിനെ
അവളല്ലാതെയാരും അത്ര കാര്യമാക്കിയില്ല!
കണ്ടിച്ചു വച്ച കോഴിയിറച്ചിക്ക്
രാവിലെ കുളി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ
കണ്ട പ്രതിബിംബത്തിന്റെ നിറമാണെന്ന്
തോന്നിയപ്പോഴാണ്
പതിവിൽ കൂടുതൽ കാന്താരി മുളകതിൽ
അരച്ചു ചേർത്ത് പിടിപ്പിച്ച്
എണ്ണയിൽ പൊരിച്ചെടുത്തത്..
എരിവ് വലിച്ച്, മൂക്കൊലിച്ച്
പിറു പിറുത്ത മനുഷ്യരെയെല്ലാം
നിസംഗതയോടെ അവൾ നോക്കുന്നുണ്ടായിരുന്നു!
ഒക്കത്തും കയ്യിലുമായി
ഓരോന്നുണ്ടായപ്പോഴാണ്
അവളാ മനുഷ്യനെ സ്നേഹിച്ചു തുടങ്ങിയത്.
വരണ്ട് പോയ മരുഭൂമി ചെരുവിൽ
വിത്ത് വിതച്ച് നട്ട് നനച്ച്
കൊയ്ത്തെടുത്ത നെൽ ക്കതിര്
പോലെ സ്വർണനിറമുള്ള പൂമ്പാറ്റക്കൊച്ചുങ്ങൾ!
അരച്ചും ചുമച്ചും അടുപ്പിൽ പുകഞ്ഞും
അടുക്കളക്കരിയിലെ
അടയാളങ്ങളെ ഉടുപ്പിലും തലയിലും തേച്ചും
അവിടെവിടെയോ കുഴിച്ചിട്ടവളെ!
പ്രേമത്തോടെയൊരിക്കൽ
പോലുമയാളെന്നെ
തൊട്ടിട്ടില്ലല്ലോ എന്നവളൊരിക്കലൊ- രിക്കലോർത്തു.
അന്നവിടെ ചാവടിയന്തര ചടങ്ങായിരുന്നു.
തള്ള ചാകുംവരെ ഒന്നുമോർക്കാനുള്ള
ഇടയില്ലാഞ്ഞത് കൊണ്ട് മാത്രം
നശിച്ചു വെണ്ണീറായ
ദേഹവും ജീവനും ജീവിതവും
അവളെ നോക്കി കൊഞ്ഞനം കുത്തി!
തീറെഴുതിയ ജീവിതത്തിന്റെ
മേന്മ പറഞ്ഞ ബന്ധുക്കളെയപ്പാടെ
അവളോരോരോ
നിമിഷങ്ങളിൽ മനസ്സിൽ
വെട്ടിനുറുക്കി മണ്ണിട്ട് പുതച്ചു.
അവളെ നോക്കി ചിരിച്ചവരോടൊക്കെ
അവൾക്ക് സ്നേഹമായിരുന്നെന്ന്..
തൊലിപ്പുറത്ത് പൊങ്ങുന്ന
മുഖക്കുരു ചുണങ്ങിനെ പോലുമവൾക്ക്
ഇഷ്ടമായിരുന്നു.


1 Comment
നോവുന്നു 💔