മാതാവിൻ്റെ കപ്പേളയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച് തിരിച്ചിറങ്ങുമ്പോഴാണ് നട കയറി കപ്പേളയിലേക്ക് കയറി വരുന്ന അനുവിനെ കണ്ടത്. ഒരേ ഇടവകയിലും അതിലുപരി ഒരേ പ്രദേശത്ത് താമസിക്കുന്ന വ്യക്തികളാണെങ്കിലും അധികമൊന്നും പരസ്പരം സംസാരിച്ചിട്ടില്ല ഇതുവരെ. അതിനൊരു കാരണവുമുണ്ട്. എൻ്റെ ഒരേയൊരു പെങ്ങൾ മറിയാമ്മയുടെ (അങ്ങനെയാണ് ഞങ്ങൾ അവളെ വിളിക്കുക.ശരിക്കുമുള്ള പേര് ആൻഡ്രിയ), അവളുടെ ഒരു ക്ലാസ്സിന് മൂത്തതാണ് അനു. ജസ്റ്റ് സീനിയർ. സ്കൂളിലേയ്ക്കും സൺഡേ സ്കൂളിലേക്കുള്ള യാത്രകളിൽ ഇവർ ഒന്നിച്ചായിരുന്നു അതുകൊണ്ട് തന്നെ ഇവർ നല്ല സുഹൃത്തുകളുമായിരുന്നു.
പണ്ട് തൊട്ടേ അനുവിനോട് ഒരു പ്രത്യേക ഇഷ്ടം ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നു. അവളുടെ പിന്നിയിട്ട മുടി. പിന്നെ നല്ല സ്വഭാവവും. പള്ളിയിലെ ഗായക സംഘത്തോടൊപ്പം അവൾ പാടുമ്പോൾ എൻ്റെ ശ്രദ്ധ പ്രാർത്ഥനയിൽ നിന്ന് വഴുതി അവളിലേക്കാവാറുണ്ടായിരുന്നു. എൻ്റെ ഈ ഇഷ്ടം മറിയാമ്മയുടെ അനിഷ്ടത്തിന് കാരണവുമായിട്ടുണ്ട്. ഒരു ദിവസം എന്തൊക്കെയോ നാട്ടുവർത്തമാനങ്ങൾ പറഞ്ഞു വന്നപ്പോൾ ഞാൻ മറിയാമ്മയോട് അനുവിൻ്റെ ചിരി നല്ലതാണെന്നും ചിരിക്കുമ്പോൾ ഇടത് കവിളിൽ വിരിയുന്ന നുണകുഴി ഭയങ്കര രസമാണെന്നും അറിയാതെ പറഞ്ഞ് പോയി.
അത് കേട്ടപാടെ അവള് നേരെ തിരിഞ്ഞ് നിന്നിട്ട് ചോദിച്ചു.
“അച്ചാച്ചാ” – (അവള് എന്നെ അങ്ങനെയാണ് വിളിക്കുന്നത്)
ഞങ്ങള് തമ്മില് ഏഴ് വയസ്സിൻ്റെ വിത്യാസവുമുള്ളതിനാൽ അവളതിൻ്റെ സ്വതന്ത്ര്യമെടുക്കാറുമുണ്ട്.
“അച്ചാച്ചാ, എൻ്റെ നുണക്കുഴി ഏത് കവിളിലാ?”
ഞാൻ ഒന്ന് ഞെട്ടി. അവൾക്ക് നുണക്കുഴി ഉണ്ടായിരുന്നോ? ഇല്ല. കാരണം അവളെ ഞാൻ അത്രയ്ക്കും ലാളിച്ചിട്ടുണ്ട്. ഇനിയെങ്ങാനും ഉണ്ടായിരുന്നാലോ? ടൊട്ടൽ കൺഫ്യൂഷനടിച്ച് നിൽക്കുന്ന സമയം അവൾ വീടിനകത്തേയ്ക്ക് ഓടി അമ്മയോടും അപ്പയോടും വിളിച്ചു പറഞ്ഞു.
“അച്ചാച്ചനെ സൂക്ഷിച്ചോ. പെമ്പിള്ളേരുടെ നുണക്കുഴിയും നോക്കി നടക്കുകയാ. സ്വന്തം പെങ്ങൾക്ക് നുണക്കുഴിയുണ്ടോന്നറിയാൻ മേലാ.”
അന്ന് ഞാൻ നിന്നുരുകി തീർന്നത് ഓർക്കാൻ കൂടി വയ്യ. അതിൽ പിന്നെ അനുവിനെ കാണുമ്പോൾ പരമാവധി ഒഴിവാക്കിയായിരുന്നു. ഇതിപ്പോൾ നേർക്ക് നേരെയാണ്. ഒഴിവാക്കുന്നതെങ്ങനെയെന്ന് ചിന്തിച്ച് നിൽക്കുമ്പോൾ അമ്മയുടെ സുഹൃത്തുക്കളായ അമ്മമാർ എൻ്റെ ചുറ്റും കൂടി. അമ്മയുടെ വിശേഷങ്ങൾ തിരക്കാൻ. അമ്മ കുറച്ച് നാളുകളായി വീട്ടിൽ തന്നെയാണ്.
മറിയാമ്മയുടെ കല്യാണമൊക്കെ കഴിഞ്ഞ സമയം. വീട്ടിൽ അപ്പയും അമ്മയും മാത്രമായി. ഞാൻ ജോലിയൊക്കെയായി ബാംഗ്ലൂരിലും. പറയുമ്പോൾ ഞാനുമൊരു ബി.ടെക്ക് കാരനാണ്. പറമ്പിൽ പണിക്കാരുടെ അടുത്തേയ്ക്കു പോയ അമ്മ വീണ് കിടപ്പിലായി. അതൊടെ ജോലി മതിയാക്കി വീട്ടിലോട്ട് വന്നു. ഇപ്പോൾ പകൽ ഏലം കർഷകനും രാത്രിയിൽ വർക്ക് ഫ്രം ഹോം പ്രകാരം ഐ.ടി പ്രഫഷണലും. പക്ഷെ നാട്ടുകാരുടെ മുമ്പിൽ പണിയില്ലാതെ നടക്കുന്ന ഒരുത്തൻ.
കപ്പേളയിൽ വച്ച് അവരെയെല്ലാം കണ്ടിരുന്നുന്നതിനാൽ പരമാവധി ഒഴിവാക്കി ഇറങ്ങിയതാണ്. പക്ഷെ അനുവിനെ ദൂരെ നിന്ന് കണ്ടമാത്രയിൽ കാലുകൾ നിശ്ചലമായി. ആ സമയത്താണ് ഈ കടന്നാക്രമണം. എല്ലാ അന്വേക്ഷണങ്ങൾക്കും ഉത്തരമോതി തിരിഞ്ഞത് നേരെ അനുവിൻ്റെ മുഖത്തേയ്ക്കും. അനുവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ അനു എന്നോട് ചോദിച്ചു.
“ചേട്ടായി എന്താ പതിവില്ലാതെ?”
അമ്പരന്നു പോയ ഞാൻ പറഞ്ഞു. “അത്, അമ്മ പറഞ്ഞ് ഏൽപ്പിച്ചതാണ്. അമ്മയ്ക്ക് പഴയ പോലെ നടപ്പ് കുറച്ച് ബുദ്ധിമുട്ടാണ്. അമ്മയുടെ പതിവ് തെറ്റിയ്ക്കേണ്ട എന്ന് കരുതി. അമ്മ എനിക്ക് വേണ്ടിയായിരുന്നു ഇവിടെ വന്നിരുന്നത് ഇന്ന് ഞാൻ തന്നെ എനിക്ക് വേണ്ടി വന്നുവെന്ന് മാത്രം.”
ഒന്ന് ശങ്കിച്ചിട്ട് തുടർന്നു. “അനു എല്ലാ ദിവസവും കപ്പേളയിൽ വരുന്നുണ്ടോ?”
“അങ്ങനെയൊന്നുമില്ല. ഇടയ്ക്കിടെ വരാറുണ്ട്.” അനു മറുപടി പറഞ്ഞു.
എന്നിട്ട് ഒന്ന് സംശയിച്ചിട്ട് അവൾ പറഞ്ഞു, ” ചേട്ടായി പോകല്ലെ. ഒരു അഞ്ച് മിനിറ്റെ. ഞാനുമുണ്ട് ആ വഴിയ്ക്ക്.”
ശരിയെന്ന് തലയാട്ടി പറഞ്ഞ് ഞാൻ സാവധാനം നടയിറങ്ങി. ഞാൻ പതുക്കെ തിരിഞ്ഞ് നോക്കി. എഴ് അല്ലെങ്കിൽ എട്ട് പേർ അവിടെയുണ്ട്. പ്രായമുള്ള അമ്മമാരാണ് എല്ലാവരും അവരുടെ ആവശ്യങ്ങൾ അറിയിച്ച് പ്രാർത്ഥിക്കാൻ എത്തിയവരാണ്. ഞാൻ നടയിറങ്ങി വഴിയരികിലുള്ള ബദാംമര ചുവട്ടിൽ കാത്തുനിന്നു. അവിടെ നിന്നാൽ കപ്പേളയുടെ മുൻപിലെ കത്തുന്ന മെഴുക് തിരികൾ കാണാം. അവിടെ തലയിൽ വെള്ളനിറമുള്ള ഷോൾ തലയിലിട്ട് പ്രാർത്ഥന പൂർവ്വം അനുവും.
ഇന്ന് ബൈക്ക് എടുക്കാതിരുന്നത് നന്നായി. ഇല്ലായെങ്കിൽ ഇങ്ങനൊരു അവസരം കിട്ടുമോ. ഓ, ഇതെങ്ങാനും മറിയാമ്മ അറിഞ്ഞാൽ എന്നെ വലിച്ച് കീറും. ദൈവമേ എന്നെ കാത്തോളണേയെന്ന് ചിന്തിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവൾ പ്രാർത്ഥന അവസാനിപ്പിച്ച് തിരിച്ച് നടയിറങ്ങുന്നത് കണ്ടത്. അസ്തമയ സൂര്യൻ്റെ പൊൻവെളിച്ചം മുടിയിഴകളിൽ സ്വർണ്ണചായം പൂശിയപ്പോൾ റോസ് ടോപ്പിൽ അവൾക്ക് ഒരു അഭൗമിക സൗന്ദര്യമുള്ളത് പോലെ തോന്നി. അവളിൽ തന്നെ എൻ്റെ കണ്ണുകളെ നിർത്താതിരിക്കാൻ ഞാൻ ബദാം മരത്തിൻ്റെ ചില്ലകളിൽ ചാടി ബഹളമുണ്ടാക്കുന്ന തുന്നരൻ കിളികളെ തിരഞ്ഞു.. പുറകിൽ നിന്നുമുള്ള ചോദ്യമാണെന്നെ ഉണർത്തിയത്.
“കാത്ത് നിന്ന് ബോറടിച്ചോ?” അനുവാണ്.
“ഏയ് ഇല്ലാ. ഇനി എന്താ പരിപാടി? എന്നാൽ നടക്കുകയല്ലേ?”, ഞാൻ ചോദിച്ചു.
അങ്ങനെ വീട്ടിലോട്ടു നടക്കാൻ തുടങ്ങി. ഏകദേശം ഒന്നര കിലോമീറ്റർ നടക്കാനുണ്ട്. ഇന്ന് മഴക്കാറുള്ളതിനാലാണെന്ന് തോന്നുന്നു, പെട്ടെന്ന് ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട്. ഇരുട്ടും മഴയുടെ സാധ്യതയും ഉള്ളത് കൊണ്ടാവണം അനു എന്നോട് നിൽക്കാൻ പറഞ്ഞത്. ടാറിട്ട റോഡിൽ നിന്ന് ഇടവഴി തിരിഞ്ഞ് പോകണം. ഏലക്കാടിൻ്റെ ഉള്ളിലൂടെയാണ് വഴി. ഏലക്കാട് എന്ന് പറഞ്ഞാൽ വഴിക്ക് ഇരുവശത്തും ഏലം കൃഷിയാണ്. കുറച്ച് വീട്ടുകാരെ അവിടെയുള്ളു. ഏതാണ്ട് വനത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതി. അനുവിൻ്റെ വീട് കഴിഞ്ഞ് ഏകദേശം പത്ത് മിനിറ്റ് കൂടി എനിക്ക് നടക്കണം..
ഞാനിങ്ങനെ ഓരോന്ന് ചിന്തിച്ച് കൊണ്ട് നടക്കുമ്പോഴാണ് അനു ചോദിച്ചത്, ” എന്താ ചേട്ടായി, ഭയങ്കര സീരിയസാണല്ലോ? ഞാൻ കൂടെ വരുന്നത് കൊണ്ടാണോ? സാധാരണ കണ്ടാൽ ഒന്ന് പരിചയം പോലും കാണിക്കാറില്ല.” അവൾ പരിഭവം പറഞ്ഞു.
ഞാൻ ചിരിച്ചു കൊണ്ട് അങ്ങനെയൊന്നുമില്ലായെന്ന് പറഞ്ഞു. സത്യത്തിൽ ഞാനൊരു അധോമുഖനാണ് എന്ന് എങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്തും. വരുന്നത് വരട്ടെ എന്ന മട്ടിൽ ഞാൻ ചോദിച്ചു.
“അനുവിൻ്റെ പഠിത്തമോക്കെ കഴിഞ്ഞോ? ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണെയെന്ന് ആൻഡ്രിയ എപ്പോഴൊ പറഞ്ഞായിരുന്നു.”
“ഓ! അത് എം എസ് സിയ്ക്ക് പഠിക്കുമ്പോഴായിരുന്നു. അതും കഴിഞ്ഞ് ബി എഡും ചെയ്തു. ഇപ്പോ എൻ്റെ പഠിത്തമൊക്കെ ഏകദേശം കഴിഞ്ഞു.” അനു ചിരിച്ചു.
“ഇനിയെന്താ പ്ലാൻ? കല്യാണം ഉറപ്പിച്ചുവെന്ന് കേട്ടായിരുന്നു. എന്നതേയ്ക്കാ ? ഉടനെ എങ്ങാനും കാണുമോ?”, ഞാൻ ചോദിച്ചു.
അനു ആശ്ചര്യത്തോടെ എന്നെ നോക്കിയിട്ട് ചോദിച്ചു.
“ചേട്ടായി സത്യത്തിൽ എന്നെ കളിയാക്കിയതാണോ? അതോ ചേട്ടായി എൻ്റെ കഥയൊന്നും അറിഞ്ഞില്ലേ?”
ഞാൻ എന്തോ അബദ്ധം കാട്ടിയെന്ന പോലെ അനുവിനെ നോക്കി.
“ഞാൻ, ഞാനൊന്നും അറിഞ്ഞില്ല. ഞാൻ ചോദിച്ചത് എന്തെങ്കിലും…..?”
“ഏയ്, അതൊന്നുമില്ല ചേട്ടായി.”
അനു തുടർന്നു.
“കല്യാണം ഉറപ്പിച്ചവെന്നത് സത്യമാണ്. പക്ഷെ അവർ അതിൽ നിന്നും മാറി. അനിയൻ്റെ പ്രശ്നം തന്നെ. അവന് മാനസികവിഭ്രാന്തിയുള്ളത് കൊണ്ട് എനിക്കും അതിനുള്ള സാധ്യതയുണ്ടെന്ന്. അതു കൊണ്ടൊരു ഭാവി ഭ്രാന്തിയെ അവർക്ക് വേണ്ടായെന്ന്. അതാണ് അവസാനമായി പറഞ്ഞത്.”
അത് പറയുമ്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അനുവിൻ്റെ അനിയൻ വിനു പഠിക്കാൻ നല്ല മിടുക്കനായിരുന്നു. നല്ല മാർക്കോടെ പ്ലസ്ടു പാസ്സായി വലിയ മോഹവുമായി പഠിക്കാനായി പോയതാണ്. കർണ്ണാടകയിലെ ഏതോ എഞ്ചിനിയറിംഗ് കോളെജിൽ. റാഗിങ്ങിന് ഇരയായതാണെന്നും അല്ല കോളെജിലെ ബുദ്ധിമുട്ടുകൾ കൊണ്ട് ഇങ്ങനെയായെന്നും പറയുന്നു. കോളേജിൽ നിന്നും അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ അവനെ തിരികെ കൊണ്ടുവരികയായിരുന്നു. ഡിപ്രഷൻ എന്ന് മുതലാണ് ഭ്രാന്തായി കണക്കാക്കാൻ തുടങ്ങിയത്. ആർക്കും സംഭവിക്കാൻ സാധ്യതയുള്ള ഒരു പ്രശ്നം. ആ പ്രശ്നം കൊണ്ടാണ് കല്യാണം മുടങ്ങിയത്. എൻ്റെ ചിന്തയെ മുറിച്ചു കൊണ്ട് അവൾ തുടർന്നു.
“അവൻ്റെ കാര്യം മാത്രമായിരുന്നില്ല അവരുടെ പ്രശ്നം. ഞാനും അയാളും അയാളുടെ വീട്ടുകാരും തമ്മിൽ ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഞാൻ ഒരു നാട്ടിൻപുറത്ത്കാരിയാണെന്നതും അവരുടെ രീതിയ്ക്ക് പറ്റിയ മെറ്റിരിയല്ലയെന്നും ഇടയ്ക്ക് പറഞ്ഞു. പിന്നെ കൊടുക്കാമെന്ന് പപ്പ പറഞ്ഞ തുക കുറവാണെന്നും. ഒടുവിൽ ഞാൻ തന്നെ ഈ ബന്ധം വേണ്ടാന്ന് വീട്ടിൽ പറഞ്ഞു. എന്തിനാ വെറുതെ വല്ലവൻ്റെയും ചവിട്ട് കൊണ്ട് ചാകുന്നേ. അതിനേക്കാളും നല്ലത് നമ്മുടെ ഈ മലമൂട്ടിൽ കിടക്കുന്നതല്ലെ ഒന്നുമില്ലെലും ഈ വൈബ് വേറെയെവിടെ കിട്ടാനാ.”
ഒന്ന് നിർത്തിയിട്ട് അനു തുടർന്നു. “എല്ലാവരും സെൽഫിഷാണ്. എല്ലാ ആണുങ്ങളും. മറ്റുള്ളവരെക്കുറിച്ച്, അവരുടെ മനസ്സിനെക്കുറിച്ച്, ഒന്നിനെക്കുറിച്ചും ആലോചിക്കില്ല. ഇപ്പോൾ ആളുകൾക്ക് പറഞ്ഞ് ചിരിക്കാൻ ഒരു കാരണം കൂടിയായി” അത് പറയുമ്പോൾ അനുവിൻ്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
അയാളുടെ സ്ഥാനത്ത് ചേട്ടായിയാണെയെങ്കിലും ഇങ്ങനെയല്ലെ എന്നോട് ചെയ്യുകയുള്ളു. ആ ചോദ്യം എന്നെ ഒന്ന് നോവിച്ചു. ” എന്തേ ഒന്നും പറയാനില്ലേ?”
“അത്, അത് ഞാനെന്നാ പറയാനാ.”
വിക്കി വിക്കി ഞാനത് പറഞ്ഞൊപ്പിച്ചു. കപ്പേളയുടെ മുൻപിൽ ഉരുകിയത് അവളുടെ മെഴുക് തിരി ആയിരുന്നില്ല അവളുടെ നെഞ്ചകമായിരുന്നുവെന്ന് ഞാനറിഞ്ഞു. അടുത്തറിയുമ്പോഴല്ലെ കാണുന്നതല്ല മനസ്സിൻ്റെ ആഴങ്ങളിലെന്ന് അറിയുകയുള്ളു. എപ്പോഴും ചിരിച്ച് കാണുന്ന ഈ പെണ്ണിൻ്റെ ഉള്ളിൽ പുകയുന്ന ഒരഗ്നിപർവ്വതമുണ്ടെന്നറിവ് എൻ്റെ ഉള്ളിനെ പൊള്ളിച്ചു. അപ്പോഴെക്കും അനുവിൻ്റെ വീടെത്തി. ചാറ്റൽ മഴ പെയ്യാൻ തുടങ്ങി. എന്നോട് ബൈ പറഞ്ഞ് അനു ഗെയിറ്റിലെ ചെറിയ വാതിൽ തുറക്കാനായി തുടങ്ങിയപ്പോഴും ആ ചോദ്യം എൻ്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ആ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിലോ? എന്ത് മറുപടിയാണ് ആ ചോദ്യത്തിന് നൽകേണ്ടതെന്ന് ശങ്കിച്ച് ഞാൻ വഴിയിൽ തന്നെ നിൽക്കുകയായിരുന്നു. എവിടെ നിന്നോ കിട്ടിയ ആവേശത്തിൽ ഞാൻ വിളിച്ചു.
“അനു..”
അവൾ പെട്ടെന്ന് എന്താണെന്ന മട്ടിൽ തിരിഞ്ഞെന്നെ നോക്കി. ഞാൻ തുടർന്നു.
“നേരത്തെ ചോദിച്ചില്ലെ,അയാളുടെ സ്ഥാനത്ത് ഞാനാണെയെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്ന്?”
ഞാൻ ഒന്ന് നിർത്തി. ശ്വാസോഛ്വാസത്തിന് പുതിയ വേഗതയുണ്ടെന്ന് ഞാനറിഞ്ഞു. കാലുകൾ ഏതാണ്ട് മരവിച്ച മട്ടാണ്. കൈകൾക്ക് ചെറിയ വിറയൽ തുടങ്ങിയിട്ടുമുണ്ട്. രണ്ടും കൽപ്പിച്ച് കൊണ്ട് പറഞ്ഞു.
“അനു…. നിൻ്റെ പ്രശ്നങ്ങളോ നിറമോ പണമോ ഒന്നും എൻ്റെ മുൻപിലൊരു പ്രശ്നമേയല്ല. പിന്നെ എനിക്ക് വേണ്ടത് ഒരു സാധാരണ ഗ്രാമവാസിയെയാണ്. എനിക്ക് മുപ്പത്തിരണ്ട് വയസ്സുണ്ട്. എൻ്റെ പ്രായം നിനക്ക് പ്രശ്നമല്ലായെങ്കിൽ ഞാൻ എൻ്റെ അപ്പയെ നാളെ ഇങ്ങോട്ട് അയയ്ക്കട്ടെ?” പറയാൻ കൊതിച്ചിരുന്നതെല്ലാം ഒറ്റശ്വാസത്തിലെന്നപോലെ പറഞ്ഞൊപ്പിച്ചു.
അവളുടെ മറുപടിക്കായി ഞാൻ കാതോർത്തു. ഒന്നെങ്കിൽ അടി അല്ലെങ്കിൽ ചീത്ത. അതിലേതെങ്കിലും ഒന്ന് ഉറപ്പാണ്. പക്ഷെ ഒന്നും പറയാതെ അനു ഗെയിറ്റിൻ്റെ വാതിൽ മെല്ലെ തുറന്നു. നിരാശയോടെ ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങി. പെട്ടെന്ന് അനു വിളിച്ചു.
“ചേട്ടായി ഒന്ന് നിന്നെ.”
എൻ്റെ കാലിൻ്റെ അടിയിൽ നിന്നും ഒരു തണുപ്പ് മുകളിലേക്ക് കയറാൻ തുടങ്ങി അത് എൻ്റെ നട്ടെല്ലിലൂടെ അരിച്ച് കയറി. അവൾ എൻ്റെ അടുത്തേയ്ക്ക് വന്നു. കൈയ്യിലുള്ള കുട നിവർത്തി തന്നിട്ട് പറഞ്ഞു. മഴ പെയ്യുന്നുണ്ട്. നനയണ്ടാ. ഇത് കൊണ്ട് പോയ്ക്കോ. നാളെ തിരികെ തന്നാൽ മതി. യാന്ത്രികമായി ഞാനത് വാങ്ങി. അവൾ പറഞ്ഞതിനോട് തലയാട്ടി ശരിവച്ചു. ഇതിൻ്റെ ആവശ്യമൊന്നുമില്ലായിരുന്നു. ഒന്നും വിളിച്ച് പറയേണ്ടതില്ലായിരുന്നു. ഇനി മറിയാമ്മ അറിയും. എന്നെ നിർത്തി കത്തിക്കും. അപ്പയുടെയും അമ്മയുടെയും മുമ്പിൽ നാണം കെടും. കെട്ടാതെ നിൽക്കുന്ന ഒരുത്തൻ്റെ ചാപല്യമായി ഇതിനെ വർണ്ണിക്കപ്പെടും. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു. ഭൂമി പിളർന്ന് അങ്ങ് പോയാ മതിയായിരുന്നു. വിളറിയ മുഖഭാവത്തോടെ പതിയെ തിരിഞ്ഞ് നോക്കുമ്പോൾ അവൾ ഗെയിറ്റ് കടന്ന് അകത്തേയ്ക്ക് കയറിയിരുന്നു. ചേട്ടായിയെ ആ വിളി കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു ദൈവമേ, ഇനി എന്ത് തീയാണോ എൻ്റെ നെഞ്ചിൽ കോരിയിടാൻ പോകുന്നത്.
അവൾ തെല്ല് അധികാരത്തോടെ പറഞ്ഞു.
“അതേ, നാളെ കുട അപ്പയുടെ കൈയ്യിൽ കൊടുത്ത് വിട്ടാൽ മതി.”
ഞാൻ ആശ്ചര്യത്തോടെ തിരിഞ്ഞ് നോക്കി. അവൾ എന്നെ തന്നെ നോക്കി ചിരിക്കുകയാണ്. എനിക്ക് മനസ്സിലായില്ല എന്ന് തോന്നിയത് കൊണ്ട് അവൾ വീണ്ടും പറഞ്ഞു.
“അപ്പായെ പത്ത് മണിയായിട്ട് വിട്ടാൽ മതി കേട്ടൊ”
എന്നിട്ട് വേഗത്തിൽ വീട്ടിലേയ്ക്ക് നടന്നു. ഇടയ്ക്ക് എന്നെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.
എൻ്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ കത്താൻ തുടങ്ങി. ശരീരം മുഴുവൻ മഞ്ഞ് വീണ് പൊതിഞ്ഞപ്പോലെ. എൻ്റെ മുന്തിരി വല്ലികളും തളിരിടാൻ തുടങ്ങിയോ. ഭാവി പ്രതീക്ഷകളിലേക്ക് ഞാൻ നടക്കാൻ തുടങ്ങി. അറിയാതെ അവൾ പാടിയിരുന്ന എൻ്റെ ഇഷ്ട ഗാനത്തിൻ്റെ ഈരടികൾ എൻ്റെ ചുണ്ടിൽ മൂളി പാട്ടായി എത്തി.” ദൈവം തന്നതല്ലാതൊന്നും ഇല്ല എൻ്റെ ജീവിതത്തിൽ “.
#എന്റെരചന #ആ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ #കഥ


12 Comments
നല്ല രചന.👏
നല്ല സന്ദേശം 👌
അഭിനന്ദനങ്ങൾ!
ഡിസംബറിലെ മഞ്ഞിൻ കണം പോലെ സുന്ദരമായ ഒരു കുഞ്ഞ് മനോഹര കഥ. അഭിനന്ദനങ്ങൾ.👌🏻👌🏻👏🏻👏🏻
നന്നായി എഴുതി. നല്ല ഫീലോടെ വായിക്കാൻ പറ്റി. 👍🏻👍🏻
നല്ല രചന 😍
ഡിസംബറിലെ മഞ്ഞിൻ കണം പോലെ സുന്ദരമായ ഒരു കുഞ്ഞ് മനോഹര കഥ. അഭിനന്ദനങ്ങൾ.👌🏻👌🏻👏🏻👏🏻
നല്ല എഴുത്ത്.
Feel.. Feel…. Super.. Anish sir..
മനോഹരം
നന്നായിരിക്കുന്നു. ❤️🌹👌
മനം കുളിർപ്പിക്കുന്ന ഒരു ഉത്തരം കിട്ടിയല്ലോ…… സുന്ദരമായ കഥ❤️👍
Nice❤️
“അസ്തമയ സൂര്യൻ്റെ പൊൻവെളിച്ചം മുടിയിഴകളിൽ സ്വർണ്ണചായം പൂശിയപ്പോൾ ” What a vivid imagery!!!
“അടുത്തറിയുമ്പോഴല്ലെ കാണുന്നതല്ല മനസ്സിൻ്റെ ആഴങ്ങളിലെന്ന് അറിയുകയുള്ളു” underestimate ചെയ്യപ്പെടുന്ന, നോർമൽ എന്ന് മുദ്രകുത്തപ്പെടുന്ന, ദുഃഖം പേറുന്ന എല്ലാ മനസുകളും പറയാതെ പറയുന്ന സത്യം …
💐A pleasant art weaved with letters 💐