ഞാൻ അതിഥി. നിഴലിനും നിലാവിനും വേറിട്ട് നിൽക്കുമ്പോൾ സൗന്ദര്യമില്ലെന്നും, പരസ്പരം കെട്ടു പിണഞ്ഞു കിടക്കുമ്പോൾ മാത്രമാണ് ഭംഗിയെന്നും കണ്ടുപിടിച്ചവൾ.
ഒരു വസന്തത്തിന്റെ മനോഹാരിത മുഴുവൻ ചിറകിലേറ്റി ഒരു ശലഭം എന്റെ ജനാലക്കരികിൽക്കൂടി പറന്നു നടന്ന ഒരു രാത്രിയിൽ എന്റെ വാതിലിനപ്പുറം അയാൾ വന്നു, വെള്ളക്കുതിരപ്പുറത്ത്. സ്വർണ്ണമുടിയിഴകൾ, ചുണ്ടിൽ മിന്നിപ്പൊലിയുന്ന മൃദുസ്മേരം, അതിഥി രാജകുമാരി മിഴികൾ തുറക്കൂ എന്നൊരു ശബ്ദം മൃദുവായി ചെവിയിൽ പറഞ്ഞു. ഒരു മഴവില്ലിനെക്കാൾ മനോഹരിയായ ഞാൻ മുഖമുയർത്തി, കൺകളിൽ നക്ഷത്രങ്ങൾ തിളങ്ങി, കരിമേഘങ്ങൾ തോൽക്കുന്ന മുടിയിഴകൾക്കു മേലെ പേരറിയാത്ത ഒരു മനോഹര പുഷ്പം സുഗന്ധം പരത്തി. പക്ഷെ ആ മുഖ കാന്തിക്ക് മുൻപിൽ പൂവിന്റെ പകിട്ട് തെല്ലൊന്നു മങ്ങിയിരുന്നു.
“ഓ… പ്രിയപ്പെട്ടവനേ നീ എവിടെയായിരുന്നു ഇത്ര നാൾ?” അതിഥി ഒന്ന് തേങ്ങി.
“ഒരു നിഴല് പോലെ ഞാൻ നിന്റെ കൂടെയുണ്ടായിരുന്നു, ഒരു കാറ്റു പോലെ നിന്നെ ഞാൻ തഴുകിയിരുന്നു… നീയറിഞ്ഞിരുന്നില്ലെന്നോ?
വരൂ രാജകുമാരി….” ആ ഗന്ധർവ്വൻ ഇരു കൈകളും നീട്ടി….
“അതിഥി സ്റ്റാൻഡ് അപ്പ്. ” അലർച്ച പോലെയുള്ള ആ ശബ്ദം…
ഓ ഒരു ഗന്ധർവനും ഇല്ല. ഇംഗ്ലീഷ് പ്രൊഫസർ സൂസി മേഡ മാണ് മുന്നിൽ, ഞാൻ സ്വപ്നം കാണുകയായിരുന്നു, ഛെ… രാവിലെ തന്നെ, നാണക്കേടായി, കഷ്ടം, മറ്റുള്ളവർ പരിഹാസത്തോടെ നോക്കുന്നു. അവരുടെ അട്ടഹാസം ചെവി തുളക്കുന്നു, തോളൊപ്പം മാത്രം നീളമുള്ള മുടിയിൽ വിരലോടിക്കവേ, പിൻ ബഞ്ചിൽ നിന്നാരോ വിളിക്കുന്നു… “കാപ്പിരി’
മുൻപൊക്കെ ആ പേര് കേൾക്കുമ്പോൾ അറിയാതെ കണ്ണുനീർ വന്നു നിറയുമായിരുന്നു, ഇതിനും മാത്രം കണ്ണുനീർ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നോർത്ത് പിന്നെ അദ്‌ഭുതപ്പെട്ടിരുന്നു.
ഭാഗ്യം ബെല്ലടിച്ചു അല്ലെങ്കിൽ പ്രൊഫസർ സൂസിയുടെ ഇംഗ്ലീഷ് ചീത്ത വിളി കേട്ട് മടുത്തെനെ.
നവംബർ 16, ഇന്നെൻ്റെ പിറന്നാളാണ്, അധികമാരും അറിയാതെ കടന്നു പോകുന്ന ഒരു ദിവസമാണെങ്കിലും, എനിക്കിന്നൊരു ഉത്സാഹം തോന്നുന്നു. മുറ്റത്തു നിന്ന് ആരെക്കൊയോ സംസാരിക്കുന്നു, ഇറങ്ങിപ്പോയി അവരോടെല്ലാം ഇന്നാണെന്റെ പിറന്നാളെന്ന് ഓർമ്മിപ്പിച്ചാലോ?
വേണ്ട ആരുമറിയണ്ട… അടുക്കളയിൽ വേലക്കാരിയോട് ബഹളം വെക്കുന്ന അമ്മയും, പത്രത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കുന്ന അച്ഛനും ആരും ഓർക്കുന്നില്ല. സാരമില്ല.
ഇനി മൂടിപ്പുതച്ചു ഇങ്ങനെ കിടന്നാൽ ശരിയാവില്ല, ഇന്നു ക്ലാസ് ഉള്ള ദിവസമാണ്. കഴിഞ്ഞയാഴ്ച്ചയായിരുന്നു ക്ലാസ് മേറ്റ് ആയ മെറ്റിൽഡയുടെ പിറന്നാൾ, വിലകൂടിയ തിളങ്ങുന്ന ഫ്രോക്കിൽ അവൾ ശരിക്കും ഒരു മെഴുകു പ്രതിമ പോലെ തോന്നിപ്പോയി. കണ്ണുകൾ ഇറുക്കിയടച്ചു പിന്നിലെ ഡെസ്കിൽ മുഖമാണച്ചു കിടന്നത് അസൂയ കൊണ്ടാണോ അതോ തലവേദന കൊണ്ടോ അറിയില്ല. പക്ഷെ ഇപ്പൊ ഓർക്കുമ്പോൾ നാണം വരുന്നു.
ഇതാണെന്റെ ക്ലാസ് റൂം, ഏറ്റവും പിന്നിലെ ചുമരിനോട് ചേർന്നുള്ള കോണിലാണ് എന്റെ പുതിയ ഇരിപ്പിടം. ജനാലക്കരികിലായതിനാൽ പുറത്തെ കാഴ്ചകൾ കാണാം. നീളൻ വരാന്തയിലൂടെ ആരോ വരുന്നുണ്ട്. ഓ പോസ്റ്മാനാണ്, വംശനാശം സംഭവിക്കാറായ ഒരു ജീവിയാണ് ഇയാൾ, എന്താ ചിരി വരുന്നോ? ഇത് അതിഥിയുടെ പുതിയ കണ്ടുപിടുത്തമാണ്.
ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്നു ഞാൻ പറയാം
അയാൾ വാതിക്കലെത്തുമ്പോൾ പ്രൊഫസർ സൂസി അരയന്നം നടക്കും പോലെ വാതിക്കലെത്തും. ഗൾഫിലുള്ള ഭർത്താവിന്റെ ലെറ്റർ അല്ല എന്നറിയുമ്പോൾ ആ മുഖം കറുക്കും, പിന്നെ ശബ്ദം താഴ്ത്തി പറയും. അതിഥി ദേർ ഈസ് എ പാർസൽ ഫോർ യു.
ചുവന്ന പേപ്പറിൽ പൊതിഞ്ഞ, വെളുത്ത റിബ്ബൺ കെട്ടിയ പാർസൽ, അതിൽ സ്ഫടികത്തിൽ തീർത്ത ഒരു പെട്ടി, അതിനുള്ളിൽ ഒരു ചെറിയ ചുവന്ന റോസ്, പാതി വിടർന്നു, മഞ്ഞുതുള്ളികൾ കൊണ്ട് അലങ്കരിച്ച ഒന്ന്. ഒറ്റ നോട്ടത്തിൽ പ്ലാസ്റ്റിക് ആണെന്ന് ആരും പറയില്ല. പിന്നെ നീലക്കല്ലു പതിച്ച ഒരു മോതിരം, കുറച്ചു മധുരം.
ഞാനിതൊക്കെ ഏങ്ങനെ പ്രവചിച്ചു എന്നല്ലേ? മൂന്ന് ദിവസം മുൻപ് നഗരത്തിലെ ഷോപ്പിൽ നിന്നും ഞാൻ തന്നെ വാങ്ങിക്കൂട്ടിയതാണ് ഇതൊക്കെ.
പറഞ്ഞത് പോലെ സംഭവിച്ചു എല്ലാവരും ആ സമ്മാനം തിരിച്ചും മറിച്ചും നോക്കുകയാണ്, ഹോ മെറ്റിൽഡയുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്. ഒന്നമർത്തിച്ചിരിക്കട്ടെ..
ഇന്നു നവംബർ 30. മുറിയിൽ സമാധാനമായി ഇരിക്കാൻ പറ്റുന്നില്ല. പോര് കോഴികളെപ്പോലെ പരസ്പരം കൊത്തിക്കീറുന്ന അച്ഛനും അമ്മയും, അമ്മയുടെ കരച്ചിലിന്റെ ചീളുകൾ ഈ അതിഥിയുടെ ഹൃദയത്തിൽ തറഞ്ഞു കയറുന്നത് ആരുമറിയുന്നില്ലല്ലോ. സമാന്തരങ്ങളായി പോകുന്ന അച്ഛനും അമ്മയും അവിടെ എന്റെ സ്ഥാനം എവിടെയാണാവോ?
ഞാൻ വിരൂപയാണെന്നും, എന്റെ മുഖം ഒരു ചെമ്പു പാത്രത്തിന്റെ ചുവടു പോലെ ആണെന്നും നിർമൽ പറയുന്നത് കേട്ടപ്പോൾ മനസ് ഒരു അഗ്നി പർവതം പോലെ പുകഞ്ഞു കത്തുകയായിരുന്നു. ഇന്നലെയായിരുന്നു അത്, കോളേജ് ക്യാന്റീനിനു മുൻപിലെ പടർന്ന വാകമരച്ചുവട്ടിൽ ആൽബെർട്ടീനോട് പറഞ്ഞു ചിരിക്കുകയായിരുന്നു അവൻ. എന്റെ കയ്യിൽ ഒരു കത്തിയുണ്ടായിരുന്നുവെങ്കിൽ അവനെ കുത്തിയേനെ..
ഇതൊക്കെ വെറും വാചകം മാത്രം ഇന്നലെ അവൻ പറയുന്നത് കേട്ടപ്പോൾ അവർ കാണാതെ ഓടിവന്നു ക്ലാസ് റൂമിലെ ഡെസ്കിൽ മുഖമാണച്ചു കിടന്നു അലറിക്കരഞ്ഞ പരാക്രമിയാണ് ഞാൻ.
ഗൈഡ് വാങ്ങണം, വണ്ടിക്കു പെട്രോൾ അടിക്കണം എന്നൊക്കെ പറഞ്ഞു എന്റെ മുന്നിൽ കൈ നീട്ടി നിന്നിട്ടുള്ള അവന്റെ തെളിഞ്ഞ മുഖത്തിന് എന്തൊരു നിഷ്ക്കളങ്കത ആയിരുന്നു. കൊടുത്ത രൂപയൊന്നും ഇന്നു വരെ തിരിച്ചു തന്നിട്ടില്ലെങ്കിലും തിരിച്ചു തരാം ഇന്നു പറഞ്ഞിട്ടുണ്ട്., പക്ഷെ ആൽബർട്ടിന്റെ മുഖത്തെ പുച്ഛഭാവം മറക്കാൻ പറ്റുന്നില്ല.
എന്റെ മനസ് നൂറായി ചിതറിയ ഒരു കണ്ണാടി ആണ്. ആ ചിതറിയ ചില്ലുകൾ കൂട്ടി വച്ച് നോക്കുമ്പോൾ എനിക്കെന്റെ പ്രതിബിംബം കാണാൻ കഴിയുന്നില്ല.
ഡിസംബർ 6
കുറച്ചു ദിവസമായി ഞാൻ ആത്‌മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു
സത്യത്തിൽ എനിക്ക് ചിന്തിക്കാൻ മറ്റനേക വിഷയങ്ങൾ ഉണ്ട്. അച്ഛന്റേയും അമ്മയുടെയും വിവാഹ മോചനം ഉടനെ തന്നെ ഉണ്ടാകും
ആരുടെയൊപ്പം നിൽക്കണം എന്നു ചിന്തിക്കാം, എന്ത് രസമായിരിക്കുന്നു അതിഥിയുടെ ജീവിതം കൃത്യം രണ്ടായി പകുത്തെടുക്കാൻ പോകുന്നു, ഒരു പാതി അമ്മയ്ക്കും, മറ്റൊരു പാതി അച്ഛനും.
ഇതിനിടയിൽ അതിഥിക്ക് സ്വന്തമെന്നു പറയാൻ ഒരു നിമിഷം പോലും ഇല്ല.
അതുമല്ലെങ്കിൽ നിർമ്മലിന്റെ പുതിയ കൂട്ടുകാരിയെക്കുറിച്ചു ചിന്തിക്കാം, എന്നിട്ടും ഞാൻ ആത്‌മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു.
അമ്മയുടെ മേശവലിപ്പിൽ നിന്ന് മോഷ്ടിച്ച ഈ വെളുത്ത ഗുളികകൾ നോക്കിയിരിക്കുമ്പോൾ.
ഞാനിപ്പോൾ പാതിയുറക്കത്തിലാണ് എങ്കിലും എന്റെ മുറിയുടെ തുറന്ന കിളിവാതിലിൽക്കൂടി പുറത്തെ നിലാവിലേക്ക് നോക്കിക്കിടക്കുമ്പോൾ, കാഴ്ച്ചകൾ മെല്ലെ അവ്യക്‌തമാകുന്നു, എവിടെ നിന്നോ ഒരു നേർത്ത സംഗീതം മെല്ലെ ഒഴുകി വരുന്നു. നിമിഷങ്ങൾ തൂവലുകൾ പോലെ മെല്ലെ കൊഴിഞ്ഞു വീഴുകയാണ്.
ഗുളികയില്ലാത്ത ഒഴിഞ്ഞ കുപ്പി എവിടെയാണ് ഞാൻ എറിഞ്ഞതെന്ന്. ഓർക്കാൻ കഴിയുന്നില്ല. പക്ഷെ ഇപ്പോൾ ഒന്നെനിക്കറിയാം ഞാൻ ആരെയും വെറുക്കുന്നില്ല…. സ്നേഹിക്കുകയാണ് എല്ലാവരെയും.
മെല്ലെ മെല്ലെ അതിഥിക്ക് ചിന്തകൾ നഷ്ടമാവുകയാണ്… സ്വപ്നങ്ങളും.
അനീഷ്
*നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ അറിയിക്കാൻ മറക്കരുത്.


1 Comment
നന്നായെഴുതി❤️👍