Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൂന്നിലൊന്ന്
അനുഭവം കുട്ടികൾ ജീവിതം പാരന്റിങ് ഭിന്നശേഷി മാനസികാരോഗ്യം വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

മൂന്നിലൊന്ന്

By Soumya MuhammadDecember 22, 2024Updated:January 8, 20255 Comments8 Mins Read196 Views
Bookmark Now
Please login to bookmark Close

No account yet? Register

 

 

        അടഞ്ഞു കിടക്കുന്ന തീവ്രപരിചരണ യൂണിറ്റിന്റെ മുന്നിലുള്ള സ്റ്റീൽ കസേരയിൽ ഞാൻ വെപ്രാളത്തോടെയിരുന്നു. തളർന്നു പോയ ശരീരത്തെയും  അതിലും  തകർന്നുപോയ എന്റെ മനസ്സിനെയും അതിന്റെ വഴിക്ക് വിട്ട് ഈ തണുത്ത മാർബിൾ  തറയിൽ ഭിത്തിയിലേക്ക്  തലയും ഉടലും  ചാരി അല്പം നീരുവന്ന  കാലുകൾ മുന്നോട്ട്  നീട്ടി വെച്ച് എന്റെ മുഴുവൻ ക്ഷീണവും മറ്റുള്ളവർക്ക്‌ മുന്നിൽ പ്രദർശിപ്പിച്ച് തിരക്കൊട്ടുമില്ലാതെ   എനിക്കിവിടെ ഇരിക്കണമെന്നുണ്ട്. അല്ലെങ്കിലും എന്റെ  മൂന്നു പെണ്മക്കളിലൊരാൾ  ഈ ചില്ലുകൂട്ടിൽ കിടക്കുമ്പോൾ ഞാൻ അങ്ങനെ തന്നെയല്ലേ ഇരിക്കേണ്ടത്?

 

മൂന്നു മക്കൾ… 

 

        മൂന്നു പെണ്മക്കൾ എന്ന് തന്നെയല്ലേ പറയേണ്ടത്?

 

എനിക്കിപ്പോ എല്ലാത്തിനും സംശയമാണ്!

 

ഇങ്ങനെയല്ലേ ഇരിക്കേണ്ടത്?

 

 ഇങ്ങനെയല്ലേ പറയേണ്ടത്?

 

     ഇങ്ങനെ തന്നെ ആയിരുന്നില്ലേ അവരോടു ചിരിക്കേണ്ടത്?

 

 അങ്ങനെയങ്ങനെ ഒരു നൂറായിരം സംശയങ്ങൾ!

 

പ്രായമേറുകയല്ലേ!

 

     പ്രായമേറുകയല്ലേ എന്നൊരാ ഒറ്റ ചിന്തയിൽ വെപ്രാളപ്പെട്ടിരുന്ന ഞാൻ  പിന്നെയും വിയർത്തു വിളറി വെപ്രാളപ്പെട്ടു. എനിക്ക് പ്രായമായെങ്കിൽ എന്റെ കുട്ടികൾക്കും പ്രായമാവുകയല്ലേ?

മൂത്തവൾക്ക് അടുത്ത മേടത്തിനു വയസ്സ് നാല്പത്തി മൂന്നു തെകയും. 

 

നാൽപത്തിമൂന്നു  വർഷങ്ങൾ!

 

       ഇന്നലെ രാത്രി കൂടി  കെടക്കപ്പായിൽ മുള്ളിയ ഓൾക്ക്  വയസ്സ് നാൽപത്തി മൂന്ന്!    ഓളെ പെറ്റതൊരു നിലാവുള്ള രാത്രിയായിരുന്നു. ആശുപത്രി മുറ്റത്തെ മൺതിട്ടുകളിൽ ആകവേ നിലാവ്  വീണു കിടന്നിരുന്നു. അന്നെനിക്ക് വയസ്സ് പത്തൊൻപതാണെന്നു തോന്നുന്നു. 

 

      അല്ലേലും കാലമെത്രയായി ഞാനും എന്റേതായതുമെല്ലാം എനിക്കൊരു തോന്നൽ മാത്രായിട്ട്?

 

         മോളെ പ്രസവിച്ച്  ഉടനെ തന്നെ വലിയോരു ചോരക്കട്ട കൂടി എന്റെ അടിവയറ്റീന്നു കുതിച്ചു ചാടി. മറുപിള്ള പെറ്റു കഴിയുമ്പോഴേക്കും  പുരികക്കൊടി  പോലും നൊന്തുപോയ പേറ്റു നോവിൽ ഞാൻ പാടേ തളർന്നു പോയിരുന്നു. എന്നാലും ഉള്ളിന്റെയുള്ളിൽ കൗതുകമായിരുന്നു… എനിക്കുമൊരു കുഞ്ഞ്. അപ്പുറത്തെ കൗസു ചേച്ചീടെ തക്കുടു വാവയെ എന്തോരം എടുത്തു നടന്നിരിക്കുന്നു

 

       വയസ്സറിയിച്ച അന്നു മുതൽ ഉമ്മാക്ക് നെഞ്ചിൽ ആധിയായിരുന്നു. നോക്കി നോക്കി നിൽക്കെ തലയും മൊലയും വളരുന്ന പെൺമക്കളെ കാണുമ്പോൾ  ആരാണ് ബേജാറാകാത്തത്. അഷ്ടിക്ക് വകയില്ലെങ്കിൽ  പിന്നെ പറയോം വേണ്ട. എന്നാലും നേരാംവണ്ണം  കഞ്ഞി കുടിച്ചില്ലേലും ഞാൻ വളർന്നു. വളർന്ന് വളർന്ന് മേലാകെ വളർന്നങ്ങനെ പുര നിറഞ്ഞ നേരത്താണ്  കീളാർങ്ങരയിൽ  നിന്നൊരു ചെക്കൻകൂട്ടരു വന്നത്. നല്ലൊന്നാന്തരംആണൊരുത്തൻ. ആൾക്കെന്നെ പിടിച്ചിരിക്കുന്നൂന്ന് ഓന്റെ കണ്ണിലെ കുഞ്ഞു മിന്നാമിന്നിയിൽ നിന്നും ഞാൻ മനസ്സിലാക്കി. മനസ്സിലെവിടെയോ നാമ്പിട്ട     കുഞ്ഞുനാണത്താൽ  ഞാനെന്റെ  നീളൻ പാവാടയിൽ തെരുപ്പിടിച്ചു. സിൽക്കിന്റെ തുണിയിൽ തലങ്ങും വിലങ്ങും മഞ്ഞ കലർന്ന ചുമപ്പു നിറമുള്ള ജീരകമിഠായി ചിതറി കിടക്കുന്ന പാവാട പടിഞ്ഞാറേലേ ആയിശൂന്റെതാണെന്നാണ് ഓർമ്മ. അതോ അവളുടെ അനിയത്തീടെയോ? പെണ്ണ് കണ്ട്  കഴിഞ്ഞത് ഊരി കൊടുക്കുമ്പോൾ അവളുടെ ഉമ്മ എന്നെ  കൊള്ളിച്ചുകൊണ്ട്    എന്തോ ഒരു വാക്ക് പറഞ്ഞു. 

 

എന്തായിരുന്നു ആ വാക്ക്?

 

 ഓർമ്മയില്ല, എന്തേലുമാകട്ടെ!

 

       അല്ലേലും കരിന്തേള് പോലെ അള്ളിപിടിച്ചിരിക്കുന്ന  എന്തോരം വാക്കുകളാണ് ഓർമ്മയിലിങ്ങനെ നേർത്തും പേർത്തും അടിഞ്ഞുകിടക്കുന്നത്. മറവിയുടെ ചിതൽപുറ്റിലിരുന്ന്  ഇടയ്ക്കിടെ  അതിങ്ങനെ  തികച്ചും  അനവസരത്തിൽ  ഖൽബിൽ അള്ളിപിടിക്കും. 

 

       മുന്നിലെ ചില്ലുകൂടിന്റെ വാതിൽ തുറന്ന് ഡോക്ടറും പിന്നാലെ നഴ്സും അവർക്കു പിന്നാലെ രണ്ട് അറ്റെൻഡർമാരും ഇറങ്ങി. 

അവർക്കു ശേഷം തനിയെ എനിക്ക് മുന്നിൽ അടയുന്ന വാതിലിൽ കൂടി ഞാനാ ചില്ലുകൂട്ടിലേക്ക്‌  നോക്കി. അടഞ്ഞ വാതിലിനകത്ത് എന്റെ മോളുണ്ട്… എന്റെ രണ്ടാമത്തെ മകൾ. എന്നെ  എന്നേക്കാൾ നന്നായി അറിയുന്ന മകൾ. ഇക്കാലത്തിനിടയിൽ ഞാനൊരിക്കൽ പോലും അവൾക്കു വേണ്ടി വെപ്രാളപ്പെട്ടിട്ടില്ലല്ലോ എന്നോർത്തെനിക്കാകെയൊരു പരവേശം തോന്നി. എന്റെ ചങ്കിലൊരു ഭാരവും  മുപ്പത്തിയെട്ട് കൊല്ലം മുന്നേ അവൾക്കു വേണ്ടി ചുരന്ന പോലൊരു പാൽനനവും എന്റെ തീർത്തും ശുഷ്കിച്ച മാറിടത്തിൽ ഞാനറിഞ്ഞു. ഇവളെ പെറ്റ് ബോധം തെളിഞ്ഞപ്പോഴും ഞാനെന്റെ അഞ്ചു വയസ്സുള്ള മൂത്ത മോളെ കുറിച്ചാണാദ്യം  ഓർത്തതെന്നോർക്കെ കൂട്ടിരുപ്പുകാരുടെ മുറിയിലെ ശീതീകരിച്ച കാറ്റിലും ഞാൻ വിയർത്തു. 

 

       പടിഞ്ഞാറോട്ട് തുറക്കുന്ന ജനലുകളുള്ള ഇരുട്ടിന്റെ വാടയുള്ള ഒരു  മുറിയിൽ തഴപ്പായയിൽ വെറും നിലത്ത് കിടത്തിയേച്ചും വന്ന മൂത്തകുട്ടിയെ  ഓർത്താണ് ഞാൻ രണ്ടാമതും പെറ്റത് തന്നെ. നിറഞ്ഞിരിക്കുന്ന മുല കുഞ്ഞിന്റെ വായിലേക്ക് തിരുകി വെക്കുമ്പോഴും അവള് പിന്നെയത് ആർത്തു കുടിക്കുമ്പോഴും ഞാനോർത്തത് എന്റെ സുഖമില്ലാത്ത മൂത്തവളെ  കുറിച്ചായിരുന്നു, അവളെ പെറ്റ് ദിവസം മൂന്നു കഴിഞ്ഞിട്ടും അവള് കുടിക്കാതെ തടിച്ചു വീർത്ത തോല് ഉരിഞ്ഞു പൊട്ടിയ എന്റെ മുലക്കണ്ണുകളെ കുറിച്ചായിരുന്നു. 

 

       ഞാൻ വെപ്രാളപ്പെട്ടു. അന്ന് പെറ്റ്  അരമണിക്കൂർ കഴിയുംമുന്നേ വീട്ടിലേക്കു  പോണമെന്നു ശഠിച്ച എന്നെ താലൂക്ക് ആശുപത്രിയിലെ പെണ്ണ് ഡോക്ടർ രണ്ടാമത്തവളെന്റെ വയറ്റിൽ കുരുത്ത ആ രാത്രിയെ എന്തോ പുലഭ്യം  പറഞ്ഞു. ഉന്മാദത്തിന്റെ പൊള്ളുന്ന ചൂടുള്ള തലക്കുള്ളിൽ പക്ഷെ നിറയെ വീട്ടിൽ കിടക്കുന്ന കാലുകൾ ശോഷിച്ച, കൈവിരലുകൾ വളഞ്ഞിരിക്കുന്ന, കണ്ണുന്തിയ, വരണ്ട ചുണ്ടും വലിയ തലയുമുള്ള എന്റെ കുഞ്ഞായിരുന്നു. സങ്കടം കൊണ്ടും തിടുക്കം കൊണ്ടും ഞാനാകെ തളർന്നു. പെറ്റ വയറ്റീന്നു  പിന്നേം പഴന്തുണിയെ നനച്ചു കൊണ്ട് പുതു  ചോര കുമിഞ്ഞിറങ്ങി. 

 

 

എനിക്കിപ്പോൾ വീട്ടിൽ പോണം!

 

      അങ്കലാപ്പോടെ കസേരക്ക് പിന്നിലേക്ക് പോയ ചെരിപ്പ് ഇടംകാല് കൊണ്ട് തപ്പിയെടുത്ത്  നീര് മുറ്റിയ വലത്തേ  കാലിലേക്കിടുമ്പോൾ ഇതെന്റെ കൊച്ചു വാങ്ങി തന്നതാണല്ലോ എന്നോർത്തു ഞാനൊന്നിടറി. അല്ലേലും ഈ ചില്ലുവാതിലിനപ്പുറം കിടക്കുന്ന കൊച്ചല്ലാതെ പിന്നാരാണ് എനിക്കിതൊക്കെ വാങ്ങി തരാനുള്ളത്? എന്നാലും എനിക്ക് പോണം. ഈ   ദെണ്ണവും പേറി ദെണ്ണിച്ചിരിക്കാൻ    എനിക്കൊട്ടും  നേരമില്ല. അല്ലേലും കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഞാനിങ്ങനെ കാലിൽ ചക്രം പിടിപ്പിച്ചവളെ പോലെ ഓടുകയാണല്ലോ?

 

     “ഇപ്പൊ തന്നെ പോകാനാണെങ്കിൽ പിന്നെന്തിനാ നിങ്ങളിങ്ങോട്ട്  തിടുക്കപ്പെട്ട് പോന്നത്? ആ പിള്ളേരെ രണ്ടിനേം നോക്കി അവിടിരുന്നാൽ പോരായിരുന്നോ?”

 

     ഭർത്താവിന്റെ അനിയന്റെ ചോദ്യത്തിൽ ഞാനൊന്നും മിണ്ടീല്ല. തട്ടം പിടിച്ചു നേരെയിട്ട് ഈ  അറുപത്തിരണ്ടാം വയസ്സിലും എങ്ങോട്ടെങ്കിലും ഒന്ന് പോകണമെങ്കിൽ ആൺതുണ തേടേണ്ട പെണ്ണിന്റെ നിസ്സഹായത ചങ്കിൽ തന്നെ അടക്കി വെച്ച്  വിയർപ്പു പിടിച്ച വലംകൈകൊണ്ട് മുഖം   അമർത്തി തുടച്ചു. അല്ലേലും എനിക്കിങ്ങനെയാ, ഒരിടത്തും ഇരിപ്പുറക്കൂല്ല!

 

 

    വീട്ടിലേക്കു ചെല്ലുമ്പോൾ  പിള്ളേരുടെ ഉപ്പ ഇളയവളെ  തുടച്ച്  ഉടുപ്പ് മാറ്റുവാണ്. അദ്ദേഹം കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾകൊണ്ട് എന്തോരം ക്ഷീണിച്ചുപോയി. രാവും പകലും ആശുപത്രിയിലിരുന്ന് സ്വതവേ മെലിഞ്ഞ ദേഹം ഒന്നുകൂടി ചടച്ചിരിക്കുന്നു. 

 

     പുറം തിരിഞ്ഞു നിൽക്കുന്ന ആ മനുഷ്യനെ നോക്കി നോക്കി നിൽക്കെ എന്തുകൊണ്ടോ എനിക്കങ്ങേരെന്നെ  പെണ്ണ് കാണാൻ വന്നതോർമ്മ വന്നു. കണ്ണിൽ മിന്നാമിന്നി തിളക്കമുള്ള ചെക്കന് എന്നെ പിടിച്ചെങ്കിലും ഓന്റെ വാപ്പാക്ക്  എന്റെ വീട്ടുകാര് പണംകൊണ്ട്  ഒക്കാത്തതിനാൽ ആ ആലോചന വന്ന വഴിയേ തിരിച്ചുപോയി. അത് കഴിഞ്ഞു ആഴ്ചയൊന്ന് തികഞ്ഞപ്പോഴേക്കും പിള്ളേരുടെ ഉപ്പ  എന്നെ കാണാൻ വന്നു. അന്ന് ഞാൻ ആയിശൂന്റെ ജീരക മിഠായി ചിതറിക്കിടക്കുന്ന സിൽക്ക് പാവാട വാങ്ങിയില്ല. പകരം ഒരുപാട് ഉടുത്തു  നരച്ചിട്ടും കീറാത്ത എന്റെ പരുത്തി തുണീടെ നീളൻ പാവാടയിൽ പുള്ളീടെ  മുന്നിൽ ചെന്ന് നിന്നു. കുറുകിയ മൂക്കും അല്പം കഷണ്ടി കയറിയ നെറ്റിയുമുള്ള  ഇറച്ചി പണിക്കാരനെ നോക്കുമ്പോൾ   ആ കണ്ണുകളിലെ ചോര വരകൾ കണ്ട് ഞാൻ ഭയന്നു. ആ   വേനലിൽ നോമ്പും ചെറുപെരുന്നാളും കഴിഞ്ഞതിന്റെ  പിറ്റേ ആഴ്ച്ച ഞാനിവിടുത്തെ  പുതുപെണ്ണായി. 

 

        കണ്ണിൽ തിളക്കം കുറവാണേലും ആറടി പൊക്കവും തഴച്ചു വളരുന്ന താടിയും മീശയുമില്ലേലും ചോര ഞരമ്പുകൾ തെളിഞ്ഞു കാണുന്ന കണ്ണുകളാണേലും  ഓന്റെ മനസ്സ് നല്ല തെളിച്ചമുള്ളതായിരുന്നു. കൊല്ലം പത്തു നാല്പത്തിയഞ്ചു കഴിഞ്ഞിട്ടും എന്നേം മക്കളേം അദ്ദേഹം നല്ല വാക്കോടെ തന്നെ ഇന്നും  നോക്കുന്നുണ്ട്. 

 

      ഇളയവളെ പുതപ്പിച്ചു  കിടത്തീട്ട് തിരിയുമ്പോൾ ആ ചുളിവ്  വീണ മുഖത്തെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. ആ മനുഷ്യനോട് എനിക്ക് അടങ്ങാത്ത സ്നേഹവും അനുകമ്പയും തോന്നി. 

 

          ഇക്കണ്ട കാലം മുഴുവൻ എന്റെ കൂടെ കനൽ വഴികളിൽ കൂടി നടന്നവനാണ്. 

 

      സുഖമില്ലാത്ത കുട്ടികൾ ഉണ്ടാകുന്നത്  പെണ്ണിന് പാടില്ലാത്ത നേരത്ത്  ബന്ധപ്പെട്ടിട്ടാണെന്നും  മുൻജന്മ പാപമാണെന്നും മറയില്ലാതെ പറഞ്ഞ ബന്ധുക്കളുടെ മുന്നിൽ പതറാതെ നിന്നവൻ. 

 

      അദ്ദേഹത്തിന്റെ യൗവനത്തിലും  പ്രായം തികഞ്ഞ  രണ്ടു  പെൺപിള്ളേരുടെ തീണ്ടാരിത്തുണി മാറ്റി കൊടുത്തവൻ. 

 

      തീട്ടവും മൂത്രോം നാറീട്ടു വീട്ടിലേക്കു കേറാൻ പാടില്ലാന്ന്  പറഞ്ഞ്  കുടുംബക്കാരും അടുപ്പക്കാരും മുഴുവൻ അടുക്കാതെ ആയപ്പോഴും കഴുകീട്ടും തുടച്ചിട്ടും പോകാത്ത രണ്ട്  ഒത്ത പെണ്ണുങ്ങളുടെ മൂത്രമണത്തിലേക്കു നോക്കി മൂളിപ്പാട്ട് പാടിയവൻ. 

 

          പണിയില്ലാത്ത നേരം മുഴുവൻ മക്കളുടെ ചന്തി കഴുകിച്ച്  എന്റെ ഇടംകൈ ആയവൻ. 

 

         ഈ വയസ്സാംകാലത്തും എനിക്ക് വയ്യാത്ത നേരത്ത്  അവരുടെ ആർത്തവത്തുണി മാറ്റുമ്പോൾ പലപ്പോഴും   വലം കയ്യിൽ പറ്റി പിടിക്കുന്ന  ചോരപ്പാടുകൾ ഞാൻ കാണാതെ കഴുകി കളയുന്നവൻ. 

 

പിന്നെയും എന്തെല്ലാം… 

 

         കുത്തു വാക്കുകൾ കൊണ്ടും  സഹതാപം  കൊണ്ടും അവഗണനകൾ കൊണ്ടും നാട്യങ്ങൾ കണ്ടും കേട്ടും താളം തെറ്റി പോയേക്കാവുന്ന എന്റെ മനസ്സിന് താങ്ങായവൻ. ഇടറുന്ന കാലുകൾക്ക് തുണയായവൻ. എനിക്കയാളെ   ഒന്ന് സ്നേഹിക്കാൻ പൂതി തോന്നി. വർഷങ്ങളായി എന്നിൽ നിന്നും മാഞ്ഞു  പോയ പൂതി തികച്ചും അനവസരത്തിൽ എന്റെ ഉടലിന്റെ ഏതോ ഒരു അണുവിൽ ഉണരുന്നതറിഞ്ഞ്   അത്രമേൽ സങ്കീർണ്ണമായ ആ നിമിഷത്തിൽ പോലും എന്റെ സിരകളിലെ  രക്തം  ഒരുമാത്ര  നേരത്തേക്ക് തണുത്തുറഞ്ഞു. എങ്കിലും പെട്ടെന്ന് ഞാനെന്റെ സ്വതസിദ്ധമായ വെപ്രാളം വീണ്ടെടുത്തു. 

 

വെപ്രാളപ്പെടാതെങ്ങനെ?

 

      രണ്ടിനേം മുറിക്കുള്ളിലാക്കി ആശുപത്രീലേക്കു പോയിട്ടിപ്പോ മണിക്കൂർ രണ്ടായി. കാര്യം  അദ്ദേഹമടുത്തുണ്ടെങ്കിലും ഞാനില്ലാതെ എങ്ങനെ ശരിയാകാനാണ്?

 

         ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കുടിച്ചുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നോക്കി. അദ്ദേഹം ആകെ തകർന്നു പോയിരിക്കുന്നു. ആ മനുഷ്യന്റെ മുഴുവൻ പ്രതീക്ഷകളും പുറമേക്ക് നടിക്കുന്ന മുഴുവൻ  സന്തോഷവുമാണ്  തലയോട്ടിയിൽ പൊട്ടലുകളും   തുന്നിക്കൂട്ടിയ  കൈകാലുകളുമായി  യാതൊന്നുമറിയാതെ ഐ സി യു വിൽ കിടക്കുന്നത്. ശരിക്കും ഉല്ലാസയാത്ര കഴിഞ്ഞു  പാഞ്ഞു പോയൊരു കൂട്ടം ചെറുപ്പക്കാരുടെ  കാറെടുത്തത്  അവളുടെ മാത്രം ജീവനല്ല, ഞങ്ങൾ ശേഷിക്കുന്ന നാലു പേരുടെ ജീവിതം കൂടിയാണ്. 

 

        രണ്ടാമത്തവൾ മിടുക്കിയായിരുന്നു. മിടു മിടുക്കി… ആദ്യ കുഞ്ഞിന്റെ മുഴുവൻ സങ്കടവും അവളിൽ മാഞ്ഞു പോയി. അവൾക്ക് ശേഷം അവരുടെ ഉപ്പാക്കൊരു പുത്തൻ ഉണർവ്വായിരുന്നു. അവളുടെ കളിചിരിയിലേക്ക് അയാൾ എത്ര നേരം വേണമെങ്കിലും കൂടുമായിരുന്നു. ഞാനതെല്ലാം നോക്കി  എന്റെ മൂത്തവളുടെ  കയ്യോ കാലോ തിരുമ്മി കൊടുത്തുകൊണ്ടിരിക്കും. പെറ്റ വയറിന്റെ നോവ്,    അമ്മ മനസ്സിന്റെ കരുണ    , ദുർബലമായതിനെ ചേർത്തു പിടിക്കുന്ന മാതൃ മഹത്വം… എന്താണോ… അവളൊന്നും അറിഞ്ഞില്ലെങ്കിലും വയ്യാത്ത കുഞ്ഞിനെ ഞാനിങ്ങനെ മണിക്കൂറോളം ഓമനിക്കും. 

 

“പറയുന്തോറും പട്ടി പെണ്ണേ പെറൂ… “

 

       മൂന്നാമത്തെ മോളെയും കൊണ്ട് ആശുപത്രീന്ന് വരുമ്പോ ഇറയത്തിരുന്ന് അമ്മായിത്തള്ള മുറ്റത്തെ പ്ലാവിൻ ചോട്ടിലേക്ക്‌ നീട്ടിത്തുപ്പി. ഒന്നും തോന്നീല്ല… എങ്ങനെ തോന്നാൻ!  വലിയോരു  കനലാണ് നെഞ്ചിൽ കിടന്നു പുകയുന്നത്. മൂത്തവളുടെ അതേ ലക്ഷണങ്ങൾ ഇളയവളിലും… 

 

“പ്രാക്ക് കിട്ടണ ജോലി അല്ലേ ഓന്റെ… “

 

      അങ്ങേര് വെട്ടി നുറുക്കുന്ന ഇറച്ചി കൊണ്ട് പോയി വയറ് നെറച്ചും തിന്നേച്ച് പല്ലിന്റെ ഇടയിൽ കുത്തികൊണ്ട്  ചിലരു പറയും. പടച്ചോൻ ഹലാലാക്കിയതിനെ നേരായ മാർഗത്തിൽ കശാപ്പ് ചെയ്യുന്നത് ഹറാമാകുന്നതെങ്ങനെ? സ്വയം ചോദിച്ച് ഉത്തരം കിട്ടാത്ത നൂറു ചോദ്യങ്ങൾക്കിടയിലേക്ക് അതും കൂടി തിരുകി ഞാൻ അടുത്ത ജോലിയിലേക്ക് കടക്കും. എമ്പാടും പണിയുണ്ട്… എന്നെ പോലെ തന്നെ എനിക്ക് മൂന്നു പേരെ നോക്കണം. എന്നെ പോലെ അല്ലെങ്കിൽ അതിലും ശ്രദ്ധയോടെ എനിക്ക് രണ്ടു ദേഹങ്ങൾ കൂടി പരിപാലിക്കണം? മൂന്നു  പെൺശരീരങ്ങളുടെ വേദനയും അതോടൊപ്പമുള്ള മനസ്സുകളുടെ പിരിമുറുക്കവും ഞാനൊറ്റക്ക് സഹിക്കണം. എന്നെ ഞാൻ പണ്ടേക്കും പണ്ടേ മൂന്നായി പകുത്തതാണല്ലോ?

 

     കല്യാണമേ വേണ്ടെന്നു വെച്ച് രണ്ടാമത്തവളും  ഞങ്ങളോടൊപ്പം നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത നീരസമായിരുന്നു. അവളുപ്പാന്റെ കൂടെയങ്ങനെ നടക്കുമ്പോൾ അങ്ങേര് പക്ഷേ പെരുത്ത്  സന്തോഷത്തിലും. അവളുടെ മേൽനോട്ടത്തിൽ  ഇറച്ചിക്കട വലുതാക്കി സൂപ്പർ മാർക്കറ്റാക്കുമ്പോൾ പുള്ളിക്ക് തികഞ്ഞ അഭിമാനവും. എത്രയോ പ്രാവശ്യം  അവളോടിക്കുന്ന വണ്ടിയിൽ ഇടതുവശത്ത് രാജകുമാരീടെ ഉപ്പാന്റെ പകിട്ടോടെ ഇരിക്കുന്ന   അദ്ദേഹത്തെ   ഞാൻ അലിവോടെ നോക്കിനിന്നിട്ടുണ്ട്. 

 

          തലയും നെഞ്ചും വിങ്ങുന്നു. ഞാൻ നാൽപത്തിമൂന്നും മുപ്പത്തിരണ്ടും വയസ്സായ എന്റെ കുഞ്ഞുമക്കളുടെ മുറിയിലേക്ക് നോക്കി. ഉറക്കമാണ്. കടവായിലൂടൊലിക്കുന്ന തുപ്പല് പതിയെ തുടച്ച് ഞാൻ അദ്ദേഹത്തിന്റടുത്തേക്ക്  ചെന്നു. 

 

       ശേഷിയില്ലാത്ത മക്കളുണ്ടായതിന് എന്റെ ഗർഭപാത്രത്തെ പഴിച്ച മനസാക്ഷിയില്ലാത്ത ഇതേ സമൂഹം തന്നെ എത്രവട്ടം ഇദ്ദേഹത്തിന്റെ ബീജകോശങ്ങളെ കുത്തിനോവിച്ചിട്ടുണ്ടാകും. ശെയ്ത്താനൂമ്പിയ പെൺപിള്ളേരെന്ന അടക്കി പറച്ചിലുകൾക്കിടയിൽ ഈ മനുഷ്യൻ എന്തു മാത്രം ഉള്ളിൽ  ശബ്ദമില്ലാതെ കരഞ്ഞിട്ടുണ്ടാകും. കെൽപ്പില്ലാത്ത  സന്താനങ്ങളെ എന്തിനിങ്ങനെ പെറ്റു കൂട്ടുന്നു എന്ന് ഒളിഞ്ഞും തെളിഞ്ഞും നേരമ്പോക്ക് പറഞ്ഞവർക്കിടയിൽ എന്നെ പോലെ തന്നെ ഉള്ളിൽ ആർത്തലച്ചുകൊണ്ട്  എത്രയോ ആൾക്കൂട്ടങ്ങളിൽ  മിണ്ടാട്ടംമുട്ടി നിന്നിട്ടുണ്ടാകും. 

 

     എന്നാലും ഇത്രേം തകർന്നിട്ടില്ല… ഇതുപോലെ മൗനപ്പെട്ടിട്ടില്ല… 

 

       “അവൾക്കൊന്നുമില്ല… രണ്ടു ദിവസം കൊണ്ട് ശരിയാകുമെന്നേ… എനിക്ക് നിങ്ങളല്ലേയുള്ളൂ “

 

    പാതി മുക്കാലും കൊഴിഞ്ഞു പോയ അദ്ദേഹത്തിന്റെ  ബാക്കിയുള്ള നരച്ച മുടിയിഴയിലേക്ക് കൈകളൂർത്തി ഞാൻ അദ്ദേഹത്തെ  എന്നിലേക്ക് ചേർത്തു. പാടേ നിലച്ചുപോയതെങ്കിലും ചൂടാറാത്ത ആ ദേഹമെന്നിലേക്ക് ചായുമ്പോൾ ക്ഷണനേരംകൊണ്ട്  ഞാനും നിലത്തേക്കമർന്നു. പൊടുന്നനെ  നിമിഷങ്ങൾക്കും  മുന്നേ  അദ്ദേഹത്തിന്റെ നിറഞ്ഞ കണ്ണിലുറ്റിയ   ഒടുക്കത്തെ തുള്ളി എന്റെ കൈത്തണ്ടയിലേക്കിറ്റു വീണു. കഠിനമായ വ്യഥയാൽ എന്റെ ശ്വാസം നിലച്ചു  പോകുമോ എന്ന് തോന്നിയ നേരം ഞാൻ സർവ്വംമറന്ന്  വെപ്രാളപ്പെട്ടു. 

 

 ഞാനെങ്ങനെ മരിക്കും?

 

എനിക്കങ്ങനെ മരിക്കാൻ പറ്റുമോ?

 

        പറിഞ്ഞു പോകുന്ന  പ്രാണനെ  വിട്ടുകളയാതെ അടക്കി പിടിക്കുമ്പോൾ എനിക്കാകെ ദാഹം തോന്നി. ആ നേരം തന്നെ അകത്തെ മുറിയിൽ എന്റെ  മക്കളും വെള്ളത്തിനായി നാവ് നീട്ടുന്നതോർക്കേ  ആ  മരണ വേദനയിലും   ഞാൻ  ആധിപിടിച്ചു. പൊട്ടി പോകുന്ന നെഞ്ചിൽ ഇടംകൈ അമർത്തി ഇത്തിരി ശ്വാസം വലിച്ചു. ഞാൻ മരിച്ചതറിയാതെ എന്നെ കാത്തു കിടക്കുന്ന എന്റെ മക്കളെ കുറിച്ചോർത്ത്  വെപ്രാളത്തോടെ  ഞാൻ അദ്ദേഹത്തെ തൊടുമ്പോഴേക്കും ആ ദേഹം തണുത്തു തുടങ്ങിയിരുന്നു. 

 

       ജീവനും മരണത്തിനുമിടയിലെ എന്റെ അവസാന പിടച്ചിലിലും എനിക്കദ്ദേഹത്തോട് അടങ്ങാത്ത കോപവും ഒടുങ്ങാത്ത അസൂയയും തോന്നി. എത്ര സുഖമായാണ് എത്ര ലളിതമായാണ് അദ്ദേഹം  മരിച്ചത്?  യാതൊന്നും ഓർക്കാതെ യാതൊരു വെപ്രാളവുമില്ലാതെ മൃതിയുടെ മാലാഖയോടൊപ്പം  യാത്രപോയ അദ്ദേഹത്തെ ഞാനൊന്നുകൂടി തൊട്ടുനോക്കി… 

 

 തണുത്തിരിക്കുന്നു!

 

       തനിച്ചായി പോയൊരുവളുടെ വെപ്രാളം എന്റെ നേർത്തുപോയ ശ്വാസഗതിയെ ഉയർത്തി, എന്റെ കണ്ണിൽ ജീവന്റെ ചുടുനീര് നിറഞ്ഞു. 

 

        അല്ലേലും എനിക്കങ്ങനെ പെട്ടെന്ന് മരിക്കാൻ പറ്റുമോ?

 

     പണ്ടേക്കു പണ്ടേ ഞാനെന്നെ മൂന്നായി പകുത്തതല്ലേ?

    ——————————————–

 

 

Post Views: 33
2
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

5 Comments

  1. Aneesh Kumar on December 24, 2024 2:01 PM

    എഴുതിയ ആൾ ആരാണെന്നു പോലും നോക്കാതെയാണ് വായിച്ചു. തുടത്തിയത്.
    തീവ്രമായ പൊള്ളിക്കുന്ന വാക്കുകൾ, ഒരു വലിയ നോവലിന് ഉള്ള Scope ഉണ്ടായിരുന്നു.
    മനോഹരം
    പിന്നെ ചില സെൻ്റൻസുകൾ എഴുതിയിട്ട് ഒരു പാട് space വിട്ടതുപോലെ തോന്നി. അടുത്ത തവണ ശ്രദ്ധിക്കണേ

    Reply
    • Soumya Muhammad on December 24, 2024 6:02 PM

      സ്നേഹം 🙏🏻🥰

      Reply
    • Soumya Muhammad on January 5, 2025 2:45 PM

      സ്നേഹം 🥰

      ഇനി ശ്രദ്ധിക്കാം ട്ടോ 👍🏻

      Reply
  2. Joyce on December 22, 2024 6:30 PM

    സൗമ്യയുടെ ശക്തമായ രചന. തന്നെ
    മുറിച്ച് നൽകിയ മൂന്ന്, അതിൽ പരീക്ഷിക്കുന്ന വിധിയോട്, കുറ്റവിചാരണ ചെയ്യുന്ന സമൂഹത്തോട് ഉയർത്തുന്ന ചോദ്യങ്ങളുണ്ട്. അണയാത്ത പ്രണയവുമുള്ള നല്ല ക്രാഫ്റ്റ്.
    അഭിനന്ദനങ്ങൾ!

    Reply
    • Soumya Muhammad on December 24, 2024 6:02 PM

      സ്നേഹം dear 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.