മനു എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചിരുന്നു.
എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞു എന്ന് കരുതി ഇരുന്നപ്പോഴാണ് ഇങ്ങനൊരു കഷ്ടകാലം.
ശ്രുതിയുടെ സങ്കടം അറിയാഞ്ഞിട്ടല്ല.വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കണ്ട എന്ന് കരുതിയാണ് മിണ്ടാതെ ഇരുന്നത്.
തന്റെ നിശബ്ദത ആകുമോ ഇത്രയും വല്യ പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
ആഗ്രഹിച്ച് സ്വന്തമാക്കിയവൾ ആണ്.
സ്നേഹിച്ച് കൊതി തീർന്നിട്ടില്ല.കുഞ്ഞിനെ ഓർത്തപ്പോൾ അവന് അതിലും സങ്കടം വന്നു.
അച്ഛനും അമ്മയും ഒരു വശത്ത്.കെട്ടിയ പെണ്ണും കുഞ്ഞും മറ്റു വശത്ത്.ആരുടെ കൂടെ നിൽക്കും?ആരെ കൊള്ളും? ആരെ തള്ളും?
ഒരുമിച്ച് ജീവിക്കുമ്പോഴെങ്കിലും ഇരുവരുടെയും വൈരാഗ്യം തീരുമെന്ന് കരുതി.അത് ദിനംപ്രതി കൂടുന്നതേ ഉണ്ടായിരുന്നുള്ളൂ.
കുഞ്ഞ് ജനിച്ചപ്പോഴെങ്കിലും അമ്മ ശരിയാകുമെന്ന് കരുതി.അതും നടന്നില്ല.
അല്ലെങ്കിൽ തന്നെ എത്രയെന്നു വച്ചാണ് അവൾ സഹിക്കുന്നത്?തനിക്ക് വേണ്ടി എന്ത് മാത്രം കണ്ണീർ കുടിച്ചു?
എന്ത് മാത്രം തകർന്നിട്ടാവും തന്നോട് പോലും ചോദിക്കാതെ അവൾ അച്ഛനൊപ്പം പോയത്.
അവൻ ശ്രുതിയുടെ ഫോണിൽ വിളിച്ചു.സ്വിച്ച്ഓഫ്.മനഃപൂർവം ഓഫ് ആക്കിയതാകും.
താൻ അവളെ വിളിക്കുമെന്ന് അവൾക്കറിയാമല്ലോ?
വീട്ടിൽ വിളിച്ച് ചോദിക്കാൻ തോന്നിയില്ല.
അമ്മ എന്തെങ്കിലും മോശമായി പറഞ്ഞ് താൻ വല്ലതും അറിയാതെ പറഞ്ഞു പോയാൽ അത് വല്യ തെറ്റായി പോകും.
ചിലപ്പോൾ ശരിയാക്കാൻ പറ്റാത്തത്ര അന്തഛിദ്രം സംഭവിക്കാൻ സാധ്യത ഉണ്ട്.
മനുവിന്റെ തല പുകഞ്ഞു. എഴുന്നേറ്റ് മേശവലിപ്പിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു.
അതിന്റെ തലയ്ക്കൽ ലൈറ്റർ വച്ച് കത്തിച്ചു.
രണ്ട് പുകയെടുത്തപ്പോഴേക്ക് അവൻ വീണ്ടും ശ്രുതിയെ ഓർത്തു.
അവൾക്കിഷ്ടമല്ല താൻ പുകവലിക്കുന്നത്.
അവൻ സിഗരറ്റ് ആഷ്ട്രെയിൽ കുത്തി ഞെരിച്ച് കെടുത്തിയിട്ട് അവൻ ഒരു ജാക്കറ്റ് എടുത്ത് പുറത്തേക്കിട്ട് അവൻ ഫ്ലാറ്റിൽ നിന്നിറങ്ങി.
റോഡ് സൈഡിലുള്ള രാത്രി മാത്രം പ്രവർത്തിക്കുന്ന ദാബാ ആയിരുന്നു മനുവിന്റെ ലക്ഷ്യം.
ധാബയിൽ നിറയെ തിരക്ക്.കിട്ടിയ ഒരു സീറ്റിൽ ഇരുന്ന് കൊണ്ട് അവൻ ഒരു വെനീർ ചായയും റൊട്ടിയും പനീറും ഓർഡർ ചെയ്തു.
“എക്സ്ക്യൂസ് മീ..ഇവിടെ ഇരുന്നോട്ടെ.”
മുന്നിൽ ഒരു പെൺ കുട്ടി.ബാക്ക് ബാഗും തോളിൽ ഇട്ട് ഷർട്ടും ജീൻസും ജാക്കറ്റും ധരിച്ചു ഒരു യുവതി.ഏതോ ദൂരയാത്ര കഴിഞ്ഞു വന്നത് പോലെ.
“യെസ് ഇരിക്കൂ..”
“ഓ..മലയാളി തന്നെ ആരുന്നല്ലേ? ഞാൻ സംശയിച്ചൊന്ന് കൊളുത്തി നോക്കിയതാ..”
അവൾ അവന് എതിരെ ഇരുന്നു.
മനു വല്യ താല്പര്യം ഇല്ലാതെ ഇരുന്നു.
അവന്റെ മുഖത്തെ വെപ്രാളം അവൾക്ക് വായിച്ചെടുക്കാമായിരുന്നു.
“ഏയ് ബഡ്‌ഡി, എന്തിനാ ഇങ്ങനെ ഗ്ലൂമി ആയിട്ട് ഇപ്പോ പൊട്ടുമെന്ന രീതിയിൽ വീർത്ത് കെട്ടി ഇരിക്കുന്നേ..ഒന്ന് മസിൽ അഴിച്ചു വിട് മച്ചാനെ.”
അവൻ ഈർഷ്യയോടെ അവളെ നോക്കി.
“സോറി..ഐ ആം നോട്ട് ഓക്കേ. എനിക്ക് സംസാരിക്കാൻ തീരെ താല്പര്യം ഇല്ല.”
അവൾ ചിരിച്ചു.
“അങ്ങനെ താല്പര്യം ഇല്ലാതെ ഇരിക്കാൻ പാടില്ലല്ലോ മാഷേ.ഒരുവന്റെ മനസ്സ് താല്പര്യങ്ങളെ പുറത്ത് തള്ളുന്നത് അവന്റെ ഹൃദയം അത്രെയേറെ നോവുമ്പോഴാണെന്ന് എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട്”
മനു അവളെ നോക്കി.
“ഹായ്. ഞാൻ പല്ലവി. ഫിലിം ഫീൽഡിലാ. അസോസിയേറ്റ് ഡയറക്ടർ എന്നാണ് ജോലിയുടെ പേരെങ്കിലും സകലമാന ജോലികളും ചെയ്യണം.
കേട്ടിട്ടില്ലേ..രാജപദവി,പട്ടിപണി പിച്ചക്കാശ്.
ആ ക്യാറ്റഗറി ആണ് ഞാൻ..”
മനു ചിരിച്ചു.
“ഇനി മാഷ് പറ.എന്താ പ്രോബ്ലം.?”
“കുടുംബപ്രശ്നങ്ങൾ അല്ലാതെ എന്താ? ഭാര്യയെ അവളുടെ അച്ഛൻ വന്ന് വിളിച്ചോണ്ട് പോയി.എന്റെ അനാസ്ഥ കാരണം.”
മനു തല കുനിച്ച് ഇരുന്നു.
പല്ലവി അവനെ നോക്കി ഇരുന്നു.
“മാഷേ..”
അവൻ തലയുയർത്തി അവനെ നോക്കി.
“ഞാൻ ഒരാളെ ഫോണിൽ വിളിച്ചു തരട്ടെ.
ഞാൻ നേരത്തെ പറഞ്ഞില്ലേ ആ ഫ്രണ്ടിനെ.
അവൻ ഒരു വൈബ് ആണ്.
പോസിറ്റിവ് എനർജിയുടെ ഹോൾസൈൽ കച്ചോടം ആണവന്. മാഷ് ഒന്ന് കേൾക്കാമോ അവനെ”
മനു തലയാട്ടി. പല്ലവി ഫോൺ എടുത്ത് ആരെയോ വിളിച്ചു. കുറച്ച് സംസാരിച്ച ശേഷം അവൾ ഫോൺ മനുവിന് നീട്ടി.
“ഹലോ..”
“ഹലോ… കേൾക്കാമോ?
” മ്മ്..കേൾക്കാം പറഞ്ഞോളൂ..”
“എന്റെ പേര് ഹരി.ഞാനും ഫിലിം ഫീൽഡ് തന്നെ. കഥ തിരക്കഥ സംഭാഷണം.
എന്താ പ്രോബ്ലം എന്ന് ഞാൻ ചോദിക്കുന്നില്ല.
ഈ ലോകത്ത് സൊല്യൂഷൻ ഇല്ലാത്ത ഒരു പ്രോബ്ളവും ഇല്ല സാറെ.
മരണത്തിനു പോലും സൊല്യൂഷൻ ഉണ്ടെന്നുള്ളതാണ് അതിന്റെ ടെക്‌നിക്ക്.
മകൻ മരിച്ചാലും അമ്മ ജീവിക്കുന്നില്ലേ? ഭർത്താവ് മരിച്ച ഭാര്യയും ഭാര്യ മരിച്ച ഭർത്താവും ജീവിക്കുന്നില്ലേ? മുന്നോട്ട് യാത്ര തുടരുന്നില്ലേ?
ഓർമകൾ നോവിപ്പിക്കുമെങ്കിലും തനിക്കും തന്നെ സ്നേഹിക്കുന്ന മറ്റുള്ളോർക്കും വേണ്ടി മുന്നോട്ട് ജീവിച്ചേ മതിയാകൂ.
അത് സ്വാർത്ഥത അല്ല. സമർപ്പണം ആണ്.
പോയവർക്കുള്ള ആത്മബലി.
അതു കൊണ്ട് അതിനു പോലും സൊല്യൂഷൻ ഉള്ള ഈ ലോകത്ത് എന്തിന്റെ പേരിലും സർ വിഷമിക്കാനോ വേദനിക്കാനോ പാടില്ല.
അത് നമ്മുടെ മനസ്സിനോടും ശരീരത്തിനോടും ചെയ്യുന്ന ചതിയാണ്.
ജീവിക്കാനുള്ള ഊർജ്ജം നൽകുന്ന നമ്മുടെ ശരീരം നമ്മളിൽ നിന്ന് പരിഗണനയാണ് പ്രതീക്ഷിക്കുന്നത്.
ഇങ്ങനെ ഉരുകി വേദനിച്ച് അതിനെ സങ്കടപെടുത്താൻ പാടില്ല.
എന്നെ പറ്റി പല്ലവിയോട് ചോദിച്ചു നോക്കിയാൽ അറിയാം.
ഏത് ഘട്ടത്തിൽ നിന്നാണ് ഞാൻ ഇവിടം വരെ എത്തിയതെന്ന്.
അതോണ്ട് സർ കുറച്ച് നേരം തനിച്ചിരുന്ന് ഒന്ന് ആലോചിച്ചു നോക്ക്. സാറിന് തന്നെ പ്രശ്നങ്ങൾക്കുള്ള പോംവഴി കിട്ടും.”
പിന്നെയും കുറേനേരം സംസാരിച്ചതിനു ശേഷമാണ് ഫോൺ വച്ചത്.
അപ്പോഴേക്കും ഓർഡർ ചെയ്ത വിഭവങ്ങൾ എത്തിയിരുന്നു.
പല്ലവിയും മനുവും കൂടി ഒരുപാട് സംസാരിച്ച് കൊണ്ട് ആഹാരം കഴിച്ചു.
പിരിയുമ്പഴേക്കും അവർ നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞിരുന്നു.
കൈ കഴുകി ബില്ലും പേ ചെയ്ത് റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസ് കാണിച്ച് പല്ലവി മനുവിനോട് പറഞ്ഞു.
“എന്റെ ബസ് ആണ്.അതിലാണ് പോകേണ്ടത്.നമുക്ക് കാണാം മനു.”
ഇരുവരും ഷേക്ക്‌ഹാൻഡ് നൽകി.
കുറച്ച് മുന്നോട്ട് നടന്ന ശേഷം പല്ലവി തിരിച്ച് അവന്റെ അടുത്തേക്ക് വന്നു.
“മനൂ..”
അവൻ അവളെ നോക്കി.
“ഞാനൊരു സത്യം വെളിപെടുത്തട്ടെ.”
“യെസ്.പറയെടോ..”
“ഐ ആം ഇൻ ലവ് വിത്ത് ഹരി.”
“അതിനെന്താ..?”
“അത് അവന് അറിയില്ല.”
“ഓ..വൺ സൈഡ് ലവ്..താൻ ധൈര്യമായി പറയെടോ. തന്നെ കണ്ടാൽ ആർക്കാ ഇഷ്ടപ്പെടാത്തെ. പിന്നെ തന്റെ ആറ്റിറ്റ്യൂഡ്…
പറയാതെ വയ്യ.എല്ലാം തകർന്ന് ഇരിക്കുന്ന ഒരുവന് ചോദിക്കാതെ തന്നെ ഹെല്പ് ചെയ്യുന്ന തന്നെ ഇത്രയും അടുത്ത് അറിഞ്ഞ ഹരിക്ക് ഇഷ്ടപെടാതെ പോവ്വോ..?
” അതില്ലാ..എന്നാലും ആരും അറിയാത്ത രഹസ്യം തന്നോടെങ്കിലും ഒന്ന് പറയണമെന്ന് തോന്നി. ഒരു പക്ഷെ ഞാനത് അവനോട് പറയുമായിരിക്കാം.. ഇല്ലായിരിക്കാം..പറഞ്ഞില്ലെങ്കിൽ എന്നോട് കൂടി ആ രഹസ്യം അലിഞ്ഞ് ഇല്ലാതാകട്ടെ..”
“ഓ..ദൃശ്യം പാർട്ട് 3..”
മനു പൊട്ടിച്ചിരിച്ചു.
“ഇനി ഒന്നൂടി പറയട്ടെ..”
“ഇനിയും ഉണ്ടോ വെളിപ്പെടുത്തലുകൾ?”
“യെസ്.ഒന്നൊന്നൊര സത്യം പറച്ചിൽ.
ഹരി പോക്സോ കേസിൽ പ്രതി ആയി ഇരുന്നിട്ടുണ്ട്.
ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഒരു വർഷം ഡിപ്രഷനുള്ള മെഡിസിൻ കഴിച്ചിട്ടുണ്ട്.
നരകിച്ച് വേദനിച്ച് സ്മൂത്തായി പുറംതോട് പൊട്ടിച്ച് പുറത്ത് വന്ന് ചിത്രശലഭമായി ഇപ്പോ പാറി പറക്കുന്നുണ്ട്.”
ഒരു കഥ കേൾക്കും പോലെ മനു അമ്പരന്ന് അവളെ നോക്കി നിന്നു.
“അവൻ തന്നെയാണ് ഇത് തന്നോട് പറയാൻ പറഞ്ഞത്.
സോ അവനെക്കാൾ കൂടുതൽ ഒന്നുമില്ല തനിക്കുള്ള പ്രോബ്ലംസ് എന്ന് അടിവരയിട്ട് പറയാൻ പറഞ്ഞിട്ടുണ്ട്.
സോ ഞാൻ പറഞ്ഞു.അടിവരയും ഇട്ടു.
ഡിസിഷൻ ഈസ് യുവേഴ്സ്..അപ്പോ മീണ്ടും പാക്കലാം..ബൈ”
അവൾ സ്വന്തമായി എന്തൊക്കെയൊ സ്റ്റെപ്പും ഇട്ട് റോഡ് ക്രോസ്സ് ചെയ്ത് പോകുന്നത് നോക്കി നിന്ന അവന് തന്നിൽ നിന്ന് എന്തെക്കെയോ പറന്ന് പോകുന്നത് പോലെ തോന്നി.തന്റെ ഈഗോ..സെൽഫിഷ്നെസ് ഒക്കെയും.
ഫ്ലാറ്റിൽ ചെന്നിട്ട് അവൻ മീരയുടെ ഫോണിൽ വിളിച്ചു.
“പൊന്നൂ.. ശ്രുതിക്ക് ഫോൺ കൊടുത്തേ..”
അല്പസമയത്തിന് ശേഷമാണ് ശ്രുതി ഫോൺ എടുത്തത്.
“മൻ.. മനുവേട്ടാ..”
“എന്നോട് ക്ഷമിക്ക് മോളെ..ഇതെന്റെ അവസാനത്തെ ക്ഷമ ചോദിപ്പ് ആണ്.
ഇനി മേലിൽ അതിനുള്ള അവസരം ഞാൻ ഉണ്ടാക്കില്ല.
ഞാൻ രാത്രിയിൽ ഇവിടുന്ന് ഫ്ലൈറ്റ് കേറുകയാണ്. അവിടെ നിന്റെ അടുത്തുണ്ടാകും ഒരു ആഴ്ച. ലീവ് ഞാൻ കമ്പനിയിൽ വിളിച്ചു പറഞ്ഞോളാം.”
“എന്നിട്ട്…?”
“എന്നിട്ട്..നീയും മോളും എന്നോടൊപ്പം വരുന്നു. അമ്മയ്ക്ക് വേണ്ടീട്ടാ ഞാൻ നിന്നെ അവിടെ നിർത്തിയത്.അവർക്ക് ഒരു കൂട്ടിന്..
അമ്മയ്ക്ക് കൂട്ടിന് അച്ഛനുണ്ട്. കൂട്ട് വേണ്ടത് എനിക്കും നിനക്കുമാണെന്ന് ഇപ്പോഴാ മനസ്സിലായത്.
ഇനി ആർക്ക് വേണ്ടിയും നമ്മുടെ സന്തോഷം കളയാൻ ഞാൻ ഒരുക്കമല്ല ശ്രുതീ.. സോ.. നമ്മൾ നമ്മുടെ സെക്കന്റ് ലൈഫ് എൻജോയ് ചെയ്യാൻ പോകുവാണ്..
ഗെറ്റ് റെഡി ഫോർ സെക്കന്റ് ഹണിമൂൺ..”
അവൾക്ക് ഫോണിലൂടെ ഒരുമ്മയും കൊടുത്ത് മനു ഫോണിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങി.
ഇന്നേരം..
ഫോൺ വച്ചിട്ട് ശ്രുതി തുള്ളിച്ചാടി മീരയെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തമിട്ടു.
അവളുടെ സന്തോഷം കണ്ട് മീരയുടെ കണ്ണിലും ചിരി നിറഞ്ഞു.
“ഞാൻ അച്ഛനോട് പറഞ്ഞിട്ട് വരാം..”
അവൾ താഴേക്ക് ഓടി.
മീര ഫോൺ എടുത്ത് ദേവികയെ വിളിച്ചു സന്തോഷം പങ്ക് വച്ചു.അവളും സന്തോഷത്തോടെ ദൈവത്തിന് നന്ദി പറഞ്ഞു.
ദേവിക വിനീഷിനെ വിളിച്ചു പറഞ്ഞപ്പോൾ അവൻ പറഞ്ഞു
“അല്ലേലും സ്നേഹത്തിന് ഒക്കെ ഒരു ശക്തി ഉണ്ട് ദേവൂട്ടി.ആരു വേണ്ടെന്ന് വച്ചാലും അരികിലേക്ക് അടുപ്പിക്കുന്ന ഒരു കാന്തികശക്തി”
“ശരി എന്നാൽ..അമ്മ തിരക്കുന്നുണ്ടാവും..
തരാൻ ഉള്ളത് താ..”
അവൻ പതിവ് മുത്തം ഫോണിലൂടെ നൽകി. സ്വയം ചിരിച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്തു തിരിഞ്ഞ അവൻ അമ്മിണിയമ്മയെ കണ്ട് ഞെട്ടി.
മൂളിപ്പാട്ട് തൊണ്ടയ്ക്കുള്ളിൽ കുരുങ്ങി.
“ആരാടാ അത്?”
“അത് ഹരിയാമ്മേ..”
“മോനെ..വെളച്ചിൽ എടുക്കരുത്. ഈ പാതിരാത്രി നിന്റെ ഉമ്മ വാങ്ങിക്കേണ്ട ഗതികേട് അവനില്ല.പറയെടാ..”
അവൻ നിന്ന് പരുങ്ങി
“അതാ ലളിതേടെ മോളല്ലേടാ.. ഇളയവള്..”
“ങേ..അമ്മയ്ക്കെങ്ങനെ മനസ്സിലായി..”
“എടാ..നീ ഈ വയറ്റിൽ നിന്നല്ലേ വന്നത്.നിന്റെ എല്ലാ കള്ളത്തരവും നോവും നൊമ്പരവും അമ്മയ്ക്ക് അല്ലാതെ ആർക്കാ ആദ്യം അറിയുന്നത്..?
അവൻ ചിരിച്ചു.അമ്മയെ കെട്ടിപ്പിടിച്ചോണ്ട് അവൻ പറഞ്ഞു.
” എന്റെ പൊന്നമ്മച്ചി..”
“എനിക്കിഷ്ടാടാ അവളെ.നല്ലവളാ..
പ്രായം തെകഞ്ഞതും നീ വിളിച്ചോണ്ട് വാ. അമ്മ അവളെ നോക്കിക്കോളാം. പൊന്ന് പോലെ..
ഹരിക്ക് പറ്റിയ പറ്റ് എന്റെ മോന് പറ്റരുത്. നീ കാത്തിരിക്കണം അവളെ കെട്ടാൻ..”
“അത് പറയേണ്ട കാര്യമുണ്ടോ എന്റെ പൊന്നമ്മിണീ.. വാ..വന്ന് ചോറ് വിളമ്പ്..”
അവർ ഇരുവരും അകത്തേക്ക് കയറി.
ആകാശത്ത് അന്ന് പതിവിലധികം നിലാവ് പടർന്നിരുന്നു.
നന്മയുള്ള മനുഷ്യരുടെ കറയില്ലാത്ത ഉള്ളവും സ്നേഹവും പോലെ.
(തുടരും)

