പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അതും വലിയ ഈശ്വരഭക്ത ഒരു പ്രത്യേക ഘട്ടത്തിൽ തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട കൃഷ്ണൻ്റെ ചന്തിക്ക് ഒരെടിയും കൊടുത്ത് രാധയെ കോക്രി കാണിച്ച കഥയാണ് ഞാൻ പറയാൻ പോവുന്നത്.
80-90 കാലഘട്ടത്തിൽ കുട്ടികളായിരുന്നവർ ഇപ്പോ പാതി മുതുക്കനും മുതുക്കികളും ആയിരിക്കുന്നവർക്ക് അറിയാവുന്ന ഒരു കട്ടിക്കാലം ഉണ്ട് . ഒട്ടുമിക്ക വീടുകളിലും ടെലിവിഷൻ ഇല്ല. അതുമല്ല ടെലിവിഷൻ ഓടിക്കാനുള്ള കറണ്ട് പോലും ഇല്ല. എനിക്കും എൻ്റെ എൻ്റെ തൊട്ടാ മോങ്ങിയായ അനിയനും ആകെയുള്ള വിനോദം റേഡിയോ ആണ്. അതാന്നെങ്കിൽ പിള്ളേർ തൊട്ടാൽ കേടുവരും എന്നു പറഞ്ഞ് എടുക്കാനും സമ്മയിക്കൂല്ല. പിന്നെ അന്താക്ഷരിയും സിനിമാപ്പേരുകവിയും കുട്ടിയും കോലും കളിയും സാറ്റു കളിയുമൊക്കെയായ് ഞങ്ങളങ്ങ് ആർമാദിക്കും. എൻ്റെ അയൽവക്കത്തുള്ള നാലഞ്ച് കുരിപ്പുകൾ വേറെയുമുണ്ട്.
ഞാനന്ന് ചെറിയ ക്ലാസിൽ പഠിക്കുന്നു. പഠിക്കുന്നു എന്നു പറയാൻ പാടില്ല വീട്ടില് അലമ്പു കാരണം നന്നാക്കാൻ വേണ്ടി സ്കൂളുകാർക്ക് എന്നെ വിറ്റിരിക്കുകയാണ് എൻ്റെ തങ്കപ്പെട്ട വീട്ടുകാർ. അവധി ദിവസം ഒന്നും ചെയ്യാനില്ലാതെ കയ്യും കാലും കുരു കുരുത്ത് ഇരിക്കുമ്പോഴാണ് എനിക്ക് ഒരു ഐഡിയ. എടാ, നമുക്ക് ബാലെ നടത്താം. ഇന്നാള് ഒരു ബാലെ കണ്ടില്ലേ അതിൽ കൃഷ്ണനും രാധയും രാജാവും ഒക്കെയുണ്ടായിരുന്നു. ഞാൻ വേണേൽ രാജാവാകാം വിനയം കൊണ്ട് എൻ്റെ നടുവ് കുനിഞ്ഞു. എൻ്റെ അനിയൻ എൻ്റെ വിനയം കണ്ട് ചേട്ടന് പ്രാന്തായെന്ന് പറഞ്ഞ് പുഴുപ്പല്ല് കാണിച്ച് ഇളിച്ചു. നീ രായാവായാൽ ഞാനുവാകും എൻ്റെ സമപ്രായക്കാരനായ കൂട്ടുകാരൻ ഞെളിഞ്ഞു നിന്നു.
അനിയത് നല്ല ചുരുളൻ മുടിയാണ്, അത്യാവശും നീളമുണ്ട് അതെല്ലാം കൂടി ഉച്ചിക്ക് തൂത്തു കൂട്ടി ഒരു റിബൺ വെച്ചു കെട്ടി, കൃഷ്ണൻ്റെ മണ്ട റെഡി. ഇനി പീലി വേണം. നിലവിളക്കു കത്തിക്കുന്നിടത്ത് അമ്മ ഭക്തിയോടെ വച്ചിരുന്ന മയിൽപ്പീലി അതിലും ഭക്തിയോടെ അടിച്ചു മാറ്റി അനിയൻ്റെ ഉച്ചിയിൽ കുത്തിവച്ചു. ഇച്ചിരെ നീളക്കൂടുതലാ കൊറച്ച് ഒടിക്കാം, അതും പറഞ്ഞ് എൻ്റെ സഹരായാവ് പീലിയുടെ തണ്ട് പിടിച്ച് ഒടിച്ച് നീളം ശരിയാക്കി സെറ്റാക്കി അനിയൻ്റെ ഉച്ചിയിലെ റിബൺ കൂട്ടി കെട്ടി.
ഇവൻ കറുത്തിട്ടാണ് പക്ഷെ കൃഷ്ണന് നീലനിറം വേണമല്ലോ. കുറെ നേരം തലകുത്തി നിന്ന് ആലോചിച്ച് ഐഡിയ വന്നു. പിന്നെ ഒന്നും നോക്കിയില്ല തലേ ദിവസം അച്ഛൻ വാങ്ങിയ പുതിയ നീലത്തിൻ്റെ കൂട് എടുത്ത് ഒരു പാത്രത്തിൽ ഇട്ട് കുഴച്ച് അനിയനെ നന്നായങ്ങ് പെയിൻ്റടിച്ചു. മൊത്തത്തിൽ ഒരു കുളിര് ‘ഉടുതുണിയില്ലേലും നിറുകന്തലയിൽ പിലിയും കുത്തി ഒന്നാം ക്ലാസ് ഒരു കണ്ണൻ മുറ്റത്ത്. എൻ്റെ മേക്കപ്പിൽ എനിക്കു തന്നെ ഒരു അഹങ്കാരം ഒക്കെ തോന്നി.
ഇനി ഒരു രാധ വേണം അകത്ത് അടുക്കളയിൽ ഒരു മൺകലത്തിൽ ചക്കക്കുരു വറത്തു കൊണ്ടിരുന്ന അമ്മൂമ്മയെ ഒരു വിധത്തിൽ കരഞ്ഞും കാലുപിടിച്ചും സമ്മതിപ്പിച്ചു.

ചേച്ചിയുടെ കൺമഷിയുടെ പാതി രാധയുടെ ചുക്കിച്ചുളിഞ്ഞ മുഖത്ത് മറുകു കുത്താനും വാലിട്ടു കണ്ണെഴുതാനും ഒക്കെ ചിലവായ്. ശിങ്കാറിൻ്റെ പൊട്ടുകലക്കി കവിളത്തും ഇട്ടു ചുണ്ടിലും തേച്ചു. നരച്ചതാണെങ്കിലും നീളമുള്ള മുടിയുള്ളതു കൊണ്ട് അതു ഭംഗിയ്ക്ക് ഒന്നു മെടഞ്ഞു. കുറച്ച് ഉച്ചിയിൽ കെട്ടിവച്ചു എന്തിനാണെന്ന് എനിക്കിപ്പോഴും ഓർമ്മയില്ല.
ബട്ടൻ പൊട്ടിയ നിക്കർ ഒരു കൈകൊണ്ട് വലിച്ചു പിടിച്ചു കൃഷ്ണനും ചക്കക്കുരു തിന്നു കൊണ്ട് രാധയും മുറ്റത്തിരുന്നു. അപ്പോഴാണ് അനിയന് വിശപ്പ് തുടങ്ങിയത്. വയറ്റിൽ കൊക്കപ്പുഴു ഉള്ള അവന് അപ്പോ ചോറു വേണം. അയലോക്കത്തുള്ള ഒന്ന് രണ്ട് പാവം പുള്ളേർ ഭടൻമാരായിട്ട് എൻ്റെ കൂടെയുണ്ട്. എൻ്റെ പ്രായത്തിലുള്ള ഒരുത്തൻ കൂടിയുണ്ട്. അവരും രാജാവാണ്. എന്തായാലും കഷ്ണൻ എനിക്കു വിശക്കുന്നേ അയ്യോ വിശക്കുന്നേ എന്നലറാൻ തുടങ്ങി. അത് കേട്ട രാധ – അതായത് രാധയായ് വേഷമിട്ട എൻ്റെ അമ്മൂമ്മ – അടുക്കളയിൽ പോയ് ഒരു കിണ്ണത്തിൽ ചോറും ഉണക്കമീൻ വറത്തതും കൊണ്ട് കൊടുത്തു. കൃഷ്ണൻ മൂണുങ്ങാൻ തുടങ്ങി
ചക്കക്കുരു തിന്നുന്ന രാധയ്ക്കും ഉണക്കമീനും ചോറും കഴിക്കുന്ന കൃഷ്ണനുമിടയിൽ ഞങ്ങൾ രാജാക്കൻമാരും ഭടൻമാരും വായിൽ കൊള്ളാത്തതും പരസ്പര ബന്ധമില്ലാത്തതുമായ ഡയലോഗു പറഞ്ഞ് തകർത്തു. ഒടുവിൽ പറമ്പിൽ പശൂന് പുല്ലു വെട്ടാൻ പോയ അമ്മ തിരികെ വരുന്നതു കണ്ടപ്പോൾ, ഓടിക്കോ ചേട്ടാ അമ്മ വരുന്നേ എന്നു പറഞ്ഞ് ആദ്യം വാ പൊളന്താൻ അനിയൻ ഓടി. അവൻ മുറിയിൽ പോയ് ഒളിച്ചു.
കൃഷ്ണൻ ഓടിപ്പോയ വിഷമത്തിൽ നാലു ചക്കക്കുരു കൂടുതൽ ചവച്ച്, മുതുക്കിയായ രാധ ‘നീയാരെടി പൂതനെ’ എന്ന ഭാവത്തിൽ അമ്മയെ നോക്കി.
‘അമ്മേ, പിള്ളേർടച്ഛൻ്റെ മുണ്ടും ബനിയനും അലക്കി വെച്ചിരുന്നത്. വെയിൽ വരുമ്പോൾ നീലം മുക്കി വിരിക്കണമെന്ന് പറഞ്ഞിട്ട് വിരിച്ചോ’ എന്ന അമ്മയുടെ ചോദ്യത്തിന് ‘അതിന് എവിടിരിക്കുന്നു നീലം’ എന്ന് അമ്മൂമ്മ. അമ്മൂമ്മയുടെ മുഖം കണ്ട അമ്മയുടെ മുഖത്ത് നവരസങ്ങളും പിന്നെ കരയുന്ന പോലെ ഒരു ഇളിച്ച രസവും ഉണ്ടായി. അമ്മൂമ്മയെ തല്ലാൻ വയ്യാത്ത കൊണ്ടും പെറ്റ തള്ള ആയതു കൊണ്ടും ആദ്യമായ് കാണും പോലെ ഒന്ന് നോക്കിയിട്ട് നാലു കോക്രിയും കാണിച്ച് അമ്മ മറപ്പുരയ്ക്കടുത്ത് പോയ് ഒരു ബക്കറ്റിൽ ഇരുന്ന തുണി എടുത്തു.
“ഇവിടിരുന്ന നീലം എവിടെ ടാ?”
ആ അലർച്ചയിൽ കൃഷ്ണൻ ഒളിച്ചിരുന്ന സ്ഥലത്തു നിന്ന് ചാടി അമ്മയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ഭക്തിപാരവശ്യം കൊണ്ട് കണ്ണുകാണ്ടാതായ അമ്മ കൃഷ്ണൻ്റെ ചന്തിക്കൊരടി. ‘ഇതെന്നതാടാ ഈ കാണിച്ചു വച്ചേക്കുന്നത്’ എന്നൊരു ചോദ്യം
അതോടെ കൃഷണൻ കാലുവാരി.
“ദേ, ഈ ചേട്ടനാമ്മെ”
‘ഹും നന്ദി കെട്ടവൻ’ ഞാൻ മനസിലോർത്തു
ഉരുളക്കിഴങ്ങു പോലെയിരുന്ന ഇവനെയൊക്ക എൻ്റെ കലാവാസന കൊണ്ട് ഐശ്വര്യം തുളുമ്പുന്ന കൃഷണനാക്കിതും പോരാ ഇപ്പോ എന്നെ തള്ളിപ്പറയുന്നു.
എന്തായാലും അമ്മയുടെ പ്രോത്സാഹനം എൻ്റെ മുതുകത്ത് വീഴാതിരിക്കാൻ ഞാൻ രാധയുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു.
അപ്പോഴാണ് അമ്മ അവനെ കഴുകി എടുത്ത് അതിൽ അച്ഛൻ്റെ മുണ്ടും ബനിയനും മുക്കിയത്.
( തുടരും )

