സിതയിൽ നിന്നു പിറന്നവളേ
സീതേ പുണ്യവതി
നിൻ കഥ പാടാനിതിലേ വന്നു
കഴിഞ്ഞു കർക്കിടകം
അന്തിത്തിരിയുടെ മുന്നിലിരുന്നാ
കഥ പാടുമ്പോഴും
അകതാരിൽ വന്നുണരുന്നെന്നുടെ ജീവിതദുഃഖഥ
പണ്ടൊരു നാളിൽ കർക്കിക്കടത്തിൽ
പേയ്ക്കൾ ചിരിക്കും പോൽ
അലറി വിളിച്ചേ വന്നൊരു മഴയിൽ
അച്ഛനലിഞ്ഞേ പോയ്
അമ്മയിരുന്നു കരഞ്ഞു വിളിച്ചു
കർക്കിട മഴപോലെ
അറിയാതേക്കം മുട്ടിയ ഞാനെൻ
കണ്ണുകൾ പൂട്ടിപോയ്
അന്നു മുതൽക്കി മഴ കാണുപ്പോൾ
ഉള്ളിൽ തെളിയുന്നു
മിന്നൽ പിണർ പോലോർമ്മകൾ വന്നെൻ മനസു നടുക്കുന്നു
ഇടിഞ്ഞു വീഴാറായൊരി വീട്ടിൽഅലഞ്ഞു തിരിയുന്നു
ഇനിയും മോക്ഷം കിട്ടാ പേയായ് ശാപിത ജൻമങ്ങൾ
ഒഴിഞ്ഞ പത്തായത്തിൽ നോക്കി
നെടുവീർപ്പോടമ്മ
ഒരു നോവോടെ തേങ്ങുന്നതുമെൻ
നെഞ്ചിൽ കനലായ്
മുനിഞ്ഞുകത്തും വിളക്കു പോലെ
തെക്കിനി വാതിക്കൽ
മംഗംല്യച്ചരടില്ലാ പെങ്ങൾ
കണ്ണിലുടക്കുന്നു
പറയാതെല്ലാം പറയുന്നോരാ മിഴികൾ കാണുമ്പോൾ
സിനയിൽ നിന്നു പിറന്നവളേ
നിൻ കഥ പാടാൻ വയ്യ
സിതയിൽ നിന്ന് പിറന്നവളേ
സീതേ പുണ്യവതി
നിൻ കഥ പറയാൻ വന്നു ഞാനെൻ
കഥയെന്തിനു ചൊല്ലി
ഭൂമി പിളർന്നു മറഞ്ഞവളേ
മകളേ ധന്യവതി
ഭൂമി പിളർക്കാൻ ചൊല്ലിയ മന്ത്രം
ഓതിത്തരുമോ നീ
കവിതയ്ക്ക് ഒരാമുഖം
ഒരു കർക്കിടക മാസം അടുത്തൊരു ക്ഷേത്രത്തിൽ രാമായണം വായിക്കാനെത്തിയ ഒരാളെ കണ്ടപ്പോൾ മനസിൽ വന്ന ചിന്തകളാണ് കവിതയ്ക്ക് ആധാരം.
രാമായണത്തിലെ ദുഃഖപുത്രിയായ സീത.എല്ലാ ആശ്രയവും പ്രതീക്ഷയും നശിച്ച സീതയെ സ്വീകരിക്കാൻ ഭൂമി ദേവിയുണ്ടായിരുന്നു. ദാരിദ്ര്യത്തിൻ്റെ കൊടുമുടിയിൽ വിധവയായ ഒരമ്മയും മകളും . അവരും നിരാലംബരാണ് ഭൂമി പിളർന്ന് സീതയെപ്പോലെ മറയാൻ അവരും ആഗ്രഹിച്ചിരുന്നു

