കുറച്ച് കൊല്ലങ്ങൾക്ക് മുൻപുണ്ടായ ഒരു അനുഭവമാണ്. ചില അനുഭവങ്ങൾ പ്രിയതരമാകുമ്പോൾ അവ ഇടയ്ക്കിടയ്ക്ക് മനസ്സിലേക്ക് ഓടിയെത്തും. അതുകൊണ്ട് തന്നെ അവക്ക് കാലപ്പഴക്കം എന്നൊന്ന് ഇല്ലാതാവുകയും ഇന്നലെയോ മിനിഞ്ഞാന്നോ നടന്ന ഒരു സംഭവമെന്ന പോലെ നിറമേറുകയും ചെയ്യും.
ഞാൻ മുംബൈയിൽ താമസിക്കുന്ന കാലം. ഒരു അവധിക്കാലത്ത് നാട്ടിൽ വന്ന് തിരികെ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫ്ലൈറ്റ് എല്ലാം ഫുൾ. വെക്കേഷന് ശേഷം മടങ്ങി പോകുന്നവരുടെ തിരക്ക്. പ്രാണനാഥന് പണി എയർലൈനിൽ ആയിരുന്നത് കൊണ്ട് എല്ലായ്പ്പോഴും ആകാശമാർഗ്ഗേയാണ് എന്റെ പതിവ് പ്രയാണം. സ്റ്റാഫ് ടിക്കറ്റ് ആയതുകൊണ്ട് തിരക്കുള്ള സമയങ്ങളിൽ എല്ലായ്പ്പോഴും അത് സബ്‌ജെക്ട് ടു ലോഡ് ടിക്കറ്റ് ആവുന്നതുകൊണ്ട്, ഭാഗ്യം ഉണ്ടെങ്കിൽ മാത്രം ഏതെങ്കിലും ക്യാൻസലേഷൻ വന്ന സീറ്റിൽ കയറിപ്പറ്റാൻ ഊഴം കാത്ത് നിൽക്കണം. അങ്ങനെ ഉള്ള ഊഴം ഒന്നും ഒത്ത് വരാഞ്ഞത് കൊണ്ട് എയർപോർട്ടിൽ നിന്നും മടങ്ങിപ്പോന്ന എനിക്ക് മൂന്നാല് ദിവസത്തിനകം ട്രെയിനിൽ പോകേണ്ട ഒരു സന്ദർഭം വന്ന് ചേർന്നു.
ചെറിയ ട്രെയിൻ യാത്രകൾ ഒറ്റക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലെ രാവും പകലും നീണ്ട ഒരു യാത്ര ട്രെയിനിൽ ഒറ്റക്ക് ആദ്യമായാണ് എന്ന സത്യം, പോകേണ്ട ദിവസമടുക്കും തോറും ഇടയ്ക്കിടെ സൂചി കൊണ്ട് കുത്തി വരയും പോലെ മനസ്സിൽ തലങ്ങും വിലങ്ങും ചെറിയൊരു പിരിമുറുക്കത്തിന്റെ കോറലുകൾ ഏൽപ്പിച്ച് കൊണ്ടേയിരുന്നു.
മുംബൈക്ക് ഒറ്റക്കുള്ള ആദ്യട്രെയിൻ യാത്ര…. അയ്യോ..
ഞാൻ വായിച്ചും കേട്ടറിഞ്ഞും വച്ചിട്ടുള്ള സകലവിധ നെഗറ്റീവ് വാർത്തകളും, പ്രശ്നങ്ങളും സോഡാ ഗ്ലാസ്സിലെ കുമിളകൾ പോലെ മനസ്സിന്റെ അടിത്തട്ടിൽ നിന്നും നുരഞ്ഞ് പൊന്തി വരും. അപ്പോൾ ഓർക്കും,
എന്റെ ദൈവമേ..
അനാവശ്യകാര്യങ്ങൾക്കൊക്കെ ഈ ഓർമ്മ എന്ന് പറയുന്ന സംഭവത്തിന് എന്തൊരു മൂർച്ചയാണെന്ന്!
ഷാർപ്പ് മെമ്മറി!
അത്യാവശ്യസമയത്ത് എന്തെങ്കിലും ഓർത്തെടുക്കാൻ നോക്കിയാലോ?
ഈ ഓർമ്മയെന്ന ഒളിച്ചുകളിക്കാരൻ കള്ളവണ്ടി കയറി നാട് വിടും!
ട്രെയിനിൽ കയറുമ്പോൾ ബോഗി തെറ്റി കയറുന്നതും, തട്ടിത്തടഞ്ഞ് വീഴുന്നതും, കയറാൻ നേരം കാല് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുന്നതും, സീറ്റ് തപ്പി നടക്കുന്നതും തൊട്ട്, തലവേദനയാകുന്ന സഹയാത്രക്കാരും, ട്രെയിൻ കൊള്ളയും, ട്രെയിൻ പാളം തെറ്റലും അടക്കം എല്ലാം കൃത്യമായി അക്കമിട്ട് മനസ്സിലേക്ക് ഓടിയെത്തും.
എങ്കിലും പോയല്ലേ പറ്റൂ, മറ്റ് നിർവാഹം ഒന്നുമില്ലാത്തത് കൊണ്ട് ട്രെയിനെ തന്നെ ആശ്രയിക്കാൻ തീരുമാനിച്ചു. എന്റെ അങ്കലാപ്പ് എന്ന ഭാരത്തിന്റെ ഒരു ഓഹരി ഭർത്താവെന്ന അത്താണിയുടെ ചുമലിലേക്ക് ഒന്നിറക്കി വയ്ക്കാം എന്ന് വിചാരിച്ച് ഫോണിൽ സംസാരിക്കവേ വിക്കി വിക്കി ഞാനെന്റെ മനോവ്യഥകൾ പങ്ക് വച്ചപ്പോൾ,
“പിന്നെ…എന്നിട്ടാരും ട്രെയിനിൽ യാത്ര ചെയ്യുന്നില്ലല്ലോ? തനിക്ക് എന്തിനാണീ പേടി? ആരും പിടിച്ച് തിന്നാൻ ഒന്നും വരില്ല, അഥവാ വന്നാലും പറ്റിയ അമളി തിരിച്ചറിയുമ്പോൾ അപ്പോൾത്തന്നെ എടുത്ത സാധനം എടുത്തിടത്ത് തന്നെ എത്തിച്ച് അവർ മുങ്ങും എന്ന് എനിക്കുറപ്പാ.. മറ്റ് കാര്യങ്ങൾ അതിൽ ഉള്ളവർക്ക് സംഭവിക്കുന്നതേ തനിക്കും സംഭവിക്കൂ. റിലാക്സ്. താൻ ഇങ്ങ് കേറി പോര് ”
ബെസ്റ്റ്! തമാശ പറയാൻ പറ്റിയ സമയം. എന്റെ ടെൻഷൻ, അത് എനിക്കല്ലേ അറിയൂ..
വഴി തെറ്റിയിട്ടോ, മറ്റേതെങ്കിലും കാരണം കൊണ്ടോ ഈ മാരണം തലയിൽ നിന്നും ഒഴിഞ്ഞ് പോകുന്ന ഒന്നല്ല എന്നുള്ള ശുഭാപ്തിവിശ്വാസമോ, അതോ അതിര് കവിഞ്ഞ ആത്മവിശ്വാസമോ ഒക്കെ കൈമുതലായുള്ള ആളുടെ അടുത്ത ഡയലോഗ്
“താൻ പേടിക്കണ്ട, ഞാൻ അത്രക്കൊന്നും ഭാഗ്യം ചെയ്തിട്ടില്ലെടോ..”
ചെറിയ യാത്രകളിൽ അദ്ദേഹം കൂട്ടുണ്ടായിട്ട് പോലും, അകലെ നിന്ന് കൂകി പാഞ്ഞ് വരുന്ന ആ പെരുമ്പാമ്പിനെ സ്വതവേ പേടിയാണെനിക്ക് ! എന്തൊക്കെയോ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന വലിയ ശബ്ദത്തോടെ അത് മുന്നിലെത്തി, വേഗത കുറച്ച് പതിയെ ഇഴഞ്ഞിഴഞ്ഞ് സ്റ്റേഷനിലെത്തി നിൽക്കുമ്പോൾ ആ കോലാഹലങ്ങൾക്കിടയിലും എന്റെ താളം തെറ്റിയ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാം. മൊത്തം ഒരു അപശ്രുതി. എന്റെ ഉള്ളിലെ അങ്കലാപ്പും വേവലാതിയും പതിന്മടങ്ങാവും.
ഓരോരോ മാനസികതടസ്സങ്ങളേ…
പുലിയെ പേടിയില്ല, പൂച്ചയെ പേടിയാണ് എന്ന് പറഞ്ഞപോലെ..
ഫ്ലൈറ്റിൽ പോകാൻ പേടിയില്ല, ട്രെയിനിൽ പോകാൻ പേടിയാണ്.
സത്യം പറഞ്ഞാൽ പ്ലാറ്റ്ഫോം കണ്ടുപിടിക്കലും, ദൂരെ നിന്നും ഓടി വന്ന കിതപ്പ് തെല്ലൊന്നു മാറാൻ പോലും നിൽക്കാതെ രണ്ട് മിനിറ്റിൽ വീണ്ടും കൂകിപ്പായാൻ നിൽക്കുന്ന ആ നെടുനീളൻ പേടകത്തിൽ ബോഗി തെറ്റാതെ കയറിക്കൂടൽ, സീറ്റ് കണ്ടുപിടിക്കൽ എന്നിവ ഒക്കെയാണ് എന്റെ മെയിൻ ടെൻഷൻ എന്നാരോട് പറയാൻ?
ബഹിരാകാശപേടകത്തിൽ വരെ സ്ത്രീകൾ പുഷ്പം പോലെ കയറി, തൃശ്ശൂർ റൗണ്ടിലൂടെ ഓട്ടോറിക്ഷയിൽ ഒന്ന് കറങ്ങി വരുന്ന ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇക്കാലത്ത് ഒരു ട്രെയിനിൽ കയറാനുള്ള പരിശീലനത്തിന് ട്രെയിനറെ അന്വേഷിച്ച് നടക്കുന്ന എന്നെക്കുറിച്ച് എനിക്ക് തന്നെ അമ്പരപ്പാണ്.
‘ഇതെന്ത് ജന്മം?’ എന്ന് ചോദിക്കുന്നവരിൽ ഈ ഞാനുമുണ്ട്. പക്ഷേ ചുരുക്കം ചില കാര്യങ്ങളിൽ എനിക്ക് ഈ മൈൻഡ് ബ്ലോക്ക് ഉണ്ട്, പക്ഷേ മറ്റുള്ളവർക്ക് മെനക്കേട് തോന്നുന്ന ചില കാര്യങ്ങൾ എനിക്ക് വളരെ സരളവും!
അതാണ് ഈ ഞാൻ….
ഒന്ന് ട്രെയിൻ, മറ്റൊന്ന് ATM മെഷീൻ. മെഷീൻ ഗൺ പേടിയില്ല,
ATM മെഷീൻ പേടിയാണ്. എന്റെ ATM മെഷീൻ നെഗറ്റീവ്സ് കേട്ടാൽ നിങ്ങൾ ഞെട്ടും! അത് മറ്റൊരവസരത്തിൽ പറയാനായി ബാക്കി വയ്ക്കാം.
എന്തിനേറെ പറയുന്നു? പോകാനുള്ള നാൾ ആഗതമായി. എന്നെ അതിൽ ഒന്ന് കയറിപ്പറ്റാൻ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരാളെത്തി. എന്റെ പ്രിയകൂട്ടുകാരിയുടെ അനുജൻ.
സ്ഥാനം കൊണ്ടും രൂപം കൊണ്ടും ഒക്കെ അവന് അനുജൻ ലുക്ക് തന്നെ ആണെങ്കിലും, അവന്റെ നാവുണ്ടല്ലോ അത് അവന്റെ തറവാട്ടിലെ മണ്മറഞ്ഞുപോയ ഏതോ സൂപ്പർ സീനിയർ സിറ്റിസൺ സ്പോൺസർ ചെയ്തതാണ്. അതുകൊണ്ട് തന്നെ പറയുന്നതിൽ മുഖവിലയ്ക്ക് എടുക്കാവുന്ന കുറേ കാര്യങ്ങളും ഉൾപ്പെടുന്നതിനാൽ വായിലെ നാവിന്റെ ലൈസൻസ് പുതുക്കാൻ പറയാൻ തോന്നാറില്ല. എന്റെ വീട്ടിൽ നിന്നും സ്റ്റേഷൻ വരെ കൂടെ വരാൻ ആരും ഇല്ലാത്ത സാഹചര്യം ആയത് കൊണ്ട് എനിക്ക് അവൻ ഒരു തുണയായി.
”ചേച്ചി ധൈര്യമായിരിക്ക്.. ഞാനുണ്ട് കൂടെ”
എന്റെ സ്വന്തം അനുജനായി പിറക്കാതെപ്പോയ അവന്റെ ആ വാക്കുകൾ എന്റെ അനാവശ്യചിന്തകളുടെ ഇടയ്ക്കിടെയുള്ള മെർക്കുറി കുതിച്ചുക്കയറ്റത്തെ തെല്ലൊന്ന് കുറച്ചു. ആ വാക്കുകൾ തരുന്ന ആത്മവിശ്വാസവും ധൈര്യവും ചില്ലറയല്ലെന്ന് ഞാനന്ന് കുറേക്കൂടി വ്യക്തമായി അറിഞ്ഞു!
അങ്ങിനെ കാറുമായി കൃത്യസമയത്ത് വന്ന അവന്റെ കൂടെ ഞാൻ ലഗ്ഗേജ് ഒക്കെ കയറ്റി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. വലിയ സഹായം ആയിരുന്നു ആ കുട്ടി. ഉച്ചതിരിഞ്ഞായിരുന്നു ട്രെയിൻ. സമയത്തിന് വളരെ മുൻപ് തന്നെ അവിടെ എത്തി കുത്തിയിരുന്നു. അതും എന്റെ തന്നെ തീരുമാനം ആയിരുന്നു. ലാസ്റ്റ് മിനിറ്റ് പ്ലാറ്റ്ഫോമിലൂടെയുള്ള സ്പ്രിന്റ് റാണി പി.റ്റി ഉഷയുടെ പരകായപ്രവേശം എന്ന സീൻ ഒഴിവാക്കാം എന്ന നല്ലൊരു ഉദ്ദേശം മാത്രം. ടെൻഷനും ലഗ്ഗേജും ഓട്ടവും എല്ലാം കൂടി വയ്യ! വയ്യാഞ്ഞിട്ടാണ്….
പക്ഷേ ഞാനും അവനും നല്ല കമ്പനിയായത് കൊണ്ട് അവിടെ ഇരുന്ന് പറ്റാവുന്ന അത്രക്ക് പരദൂഷണങ്ങൾ പറഞ്ഞ് ഞങ്ങൾ സമയം കൊന്നു. അവന്റെ വക ഇടക്കൊരു കോമഡി..
“ഒരു ചൂല് കൂടി എടുക്കാമായിരുന്നു.
സ്റ്റേഷൻ മൊത്തം ഒന്ന് തൂത്തുവാരി വൃത്തിയാക്കാനുള്ള സമയം ഉണ്ടായിരുന്നു ചേച്ചിക്ക്…”
ഞാനെന്ന ‘ട്രെയിൻ വിരോധി’ കാരണം പകുതി ദിവസത്തെ ലീവ് പോയ അവന്റെ മുഖഭാവവും ഈ വാചകവും കൂടി ആയപ്പോൾ എനിക്ക് ചിരി പൊട്ടി.
സമയത്ത് തന്നെ എന്നെ വിറപ്പിച്ച് കൊണ്ട് ട്രെയിൻ വന്നു നിന്നു. അവൻ അതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ എന്റെ മുഖത്ത് മിന്നിമായുന്ന ഭാവഭേദങ്ങൾ കണ്ട് ഇത്തവണ ചിരിച്ചത് അവനാണ്.
“അയ്യേ… ഈ ചേച്ചിയുടെ ഒരു കാര്യം!”
അതിലും അപ്പുറത്തെ ഗഹനമായ ചിന്തകളാൽ കാടുകയറുന്ന എന്നെ അതൊന്നും ബാധിച്ചതേയില്ല.
അവൻ പെട്ടിയൊക്കെ എടുത്ത് കയറ്റി എന്നെ യഥാസ്ഥാനത്ത് കൊണ്ടെത്തിച്ചു. പെട്ടി സീറ്റിനടിയിൽ ഭദ്രമായി തള്ളി വച്ച് മിനറൽ വാട്ടറിന്റെ കുപ്പിയും കൈയിൽ തന്നു. എന്നിട്ട് അരയിൽ കൈ രണ്ടും കുത്തി നിന്ന്, നേരത്തെ പറഞ്ഞ അവന്റെ നാവിന്റെ സ്പോൺസർ ആയ കാരണവരുടെ ബാധ കയറിയ അത്രക്ക് ചുമതലാബോധത്തോടെ ചുറ്റും ഒരു വിഹഗവീക്ഷണം നടത്തി. അത്ര അധികം യാത്രക്കാരൊന്നും ചുറ്റും ആയിട്ടില്ല. സ്ത്രീകൾ താരതമ്യേന കുറവ്. എന്റെ സീറ്റിന്റെ എതിർ സീറ്റിൽ ഒരാൾ മാത്രം. അയാൾ ഞങ്ങളെ കാര്യമായി വീക്ഷിക്കുന്നുണ്ട്. ഞാൻ വലിയ തരക്കേടില്ലാതെ പേടിപ്പിക്കുന്നുമുണ്ട്. എന്നാലും പുറമേ അത് പ്രതിഫലിക്കാതിരിക്കാൻ ഞാൻ അയാളെ കാര്യമായി ഗൗനിച്ചില്ല.
വലിയ മനുഷ്യപ്പറ്റ് തോന്നാത്ത തരത്തിലുള്ള ബാഹ്യരൂപം. നന്നായിട്ടൊന്ന് ആ രൂപത്തെ വർണ്ണിച്ചാൽ, വിയറ്റ്‌നാം കോളനി സിനിമയിലെ റാവുത്തരെ ഒന്ന് തേച്ച് കുളിപ്പിച്ച്, അലക്കി തേച്ച വസ്ത്രമൊക്കെ ധരിപ്പിച്ച് ചെറുതായൊന്ന് മിനുക്കിയെടുത്ത പോലെ. അവനും എനിക്കും അയാളെ അത്രക്കങ്ങോട്ട് ബോധിച്ചില്ല. അവനത് എന്നോട് ചെവിയിൽ പറയുകയും ചെയ്തു.
അത് കേട്ട് ഉള്ള കിളി കൂടി പറന്ന് പോയ ഞാൻ പറഞ്ഞു,
“ഒന്ന് മിണ്ടാതിരിയെടാ ചെക്കാ.. എരിതീയിൽ പെട്രോൾ ഒഴിക്കാതെ.. നിന്നെ ധൈര്യത്തിന് കൂടെ കൂട്ടിയ എന്നെ പറഞ്ഞാ മതി..” അവൻ ഉറക്കെചിരിച്ചു.
“ചേച്ചിക്ക് പറ്റിയ ഒരു ബോഡി ഗാർഡിനെ തന്നിട്ടുണ്ടല്ലോ കൂടെ എന്ന് സമാധാനിക്ക്…”
എന്ന് എന്നോട് അടക്കം പറഞ്ഞ് അവൻ എന്നെ ചിരിപ്പിക്കാൻ നോക്കി. എനിക്ക് ചിരിയൊന്നും വന്നില്ല.
അയാൾ സീറ്റിൽ കിടക്കുകയുമല്ല ഇരിക്കുകയുമല്ല എന്ന പോസ്സിൽ ആയിരുന്നു. ഏനക്കേട് പിടിച്ച ഇരിപ്പ്.
ട്രെയിൻ ഒന്ന് അനങ്ങിയപ്പോൾ, “അടുത്ത സ്റ്റേഷനുകളിൽ നിന്ന് ആളുകളും കുടുംബങ്ങളും ഒക്കെ കയറും. അത് വരെ ഒന്ന് സൂക്ഷിച്ചിരുന്നോ”
എന്ന് താക്കീത് ചെയ്ത് എന്റെ ചുമലിൽ ഒന്ന് രണ്ട് തട്ടും തട്ടി, എന്റെ ആ രക്ഷിതാവ് വേഗത്തിൽ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങി നിന്ന് കൈവീശി. വണ്ടി നീങ്ങിതുടങ്ങി. കണ്ണിൽ നിന്നും മറയുംവരെ അവൻ അവിടെ തന്നെ ഉണ്ടായിരുന്നു.എനിക്ക് അവനോട് അളവറ്റ വാത്സല്യം തോന്നി. സ്വന്തം ചോരയിൽ ഒരു ആൺപ്പിറപ്പ് ഇല്ലെങ്കിൽ എന്ത്?
കുറച്ച് കഴിഞ്ഞ് മൊബൈലിൽ അവൻ വിളിച്ചു കുഴപ്പം ഒന്നുമില്ലല്ലോ എന്ന് അന്വേഷിച്ചു. ഞാൻ ഒറ്റവാക്കിൽ ഇല്ല, അതേ, ഓക്കേ എന്നൊക്കെ പറഞ്ഞു. ഒന്നും പറയാൻ പറ്റാത്ത വിധം റാവുത്തർ എന്നെയും തുറിച്ച് നോക്കിയിരിക്കുകയായിരുന്നു.
മൊത്തത്തിൽ അടിതൊട്ട് മുടിയോളം, മുടി തൊട്ട് അടിയോളം എന്ന മേനിക്ക്..
അപ്പോൾ സാധാരണയായി നമ്മൾ സ്ത്രീകൾക്ക് തോന്നാറുള്ള അലോസരം എനിക്ക് തോന്നിതുടങ്ങിയിരുന്നു. മൊത്തത്തിൽ പന്തിയല്ലാത്ത ഒരു ചുറ്റുപാട്. ഒന്നുമറിയാത്ത പോലെ മൊബൈലിൽ തോണ്ടി ഇരിക്കുന്ന എന്റെ മനസ്സിൽ അപ്പോൾ ഒരു തോന്നൽ,
‘അയാളോട് ചൂടാവാൻ വേഗം കഴിയും. ചിലപ്പോൾ അയാൾ നമ്മൾ ചിന്തിക്കുന്ന പോലെയൊന്നും അല്ലെങ്കിലോ? ലുക്ക് റാവുത്തരുടെയും, ഉള്ള് കോളനി ഒഴിപ്പിക്കാൻ വന്ന സാമിയുടെയും ആണെങ്കിലോ?’
രക്ഷിതാവിന്റെ ഫോണിലെ സംസാരത്തിനിടയിൽ അടുത്ത സീറ്റിൽ ആരെങ്കിലും വന്നോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞ് ഫോൺ വച്ചു. കുറച്ച് കഴിഞ്ഞപ്പോൾ എമിറേറ്റ്സ് എയർലൈനിന്റെ തൊപ്പി ധരിച്ച ഒരാൾ വന്ന് വളരെ ഹൃദ്യമായി ചിരിച്ച് എന്റെ തൊട്ട സീറ്റിൽ ബാഗ് വച്ച് പെട്ടിയെല്ലാം ഒതുക്കി വച്ച് ഇരുന്നു.
അയാളെ എനിക്ക് നല്ല മുൻപരിചയം ഉള്ള പോലെ തോന്നി. അയാൾ എന്നോട് വീണ്ടും ഒന്ന് കൂടി സൗമ്യമായി ചിരിച്ചു. എന്നാലും വന്ന് കയറിയ പാടെ ചോദിക്കാൻ മടിച്ച് ഞാനിരുന്നു. കാഴ്ചയ്ക്ക് സൗമ്യൻ ആയ ഒരാൾ അടുത്ത സീറ്റിൽ വന്നിരുന്നപ്പോൾ തന്നെ റാവുത്തരുടെ അപരനെ ഞാനൊന്ന് പാളി നോക്കി. അയാൾ കണ്ണടച്ച് ഉറക്കം നടിക്കുകയാണെന്ന് തോന്നി എങ്കിലും കുറച്ച് സമയത്തിൽ അയാളുടെ കൂർക്കം വലി തുടങ്ങി.
ഞാൻ അടുത്തിരിക്കുന്ന ആളോട് എനിക്ക് നല്ല പരിചയം തോന്നുന്നല്ലോ എന്ന് പറഞ്ഞു. എന്നെയും അയാൾ നല്ല കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞ് സംസാരിക്കാൻ തുടങ്ങി. പറഞ്ഞ് വന്നപ്പോൾ എന്റെ വീട്ടിൽ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരത്തിൽ ആണ് ആളുടെ വീട്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ ചിലപ്പോഴൊക്കെ അവരുടെ വഴിയിലൂടെ നടക്കാൻ പോകാറുള്ളതാണ്. അങ്ങനെ അയാൾ എന്നെയും, ഞാൻ അയാളെയും ഭാര്യയെയും വല്ലപ്പോഴുമൊക്കെ കണ്ടിട്ടുണ്ട് എന്ന് സംസാരമദ്ധ്യേ ഓർത്തെടുത്തു.എങ്കിലും ഒരിക്കൽ പോലും സംസാരിക്കത്തക്ക സന്ദർഭം ഒന്നും ഉണ്ടായിട്ടുമില്ല.
റാവുത്തർ ഉറക്കം തന്നെയാണ്. അയാളെ കണ്ടപ്പോൾ ഉണ്ടായ ആശങ്കയും പേടിയും അയാളുടെ അലോസരം സൃഷ്‌ടിച്ച തുറിച്ച് നോട്ടവും എല്ലാം ഞാൻ ഇയാളോട് ഒച്ച താഴ്ത്തിപ്പറഞ്ഞു. നേരിട്ട് അറിയില്ലെങ്കിലും നാട്ടിൽ വച്ച് കണ്ട് പരിചയം ഉള്ള ആളെ ആ അവസരത്തിൽ കണ്ടപ്പോൾ എന്റെ ശ്വാസം നേരെ വീണു എന്ന് ഞാൻ തുറന്ന് പറഞ്ഞു. ഉച്ചസ്ഥായിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്ന റാവുത്തറെ ഒന്നാകെ ഉഴിഞ്ഞ് നോക്കി അയാൾ എന്നോട് പറഞ്ഞു,
”ധൈര്യമായിരിക്കൂ.. ഞാനുണ്ട്..”
സന്ദർഭത്തിനും പ്രശ്നത്തിന്റെ കനത്തിനും അനുസരിച്ച് കഴമ്പ് വയ്ക്കുന്ന, മധുരം നിറയുന്ന വാക്കുകൾ. പറയുന്ന ആളുടെ ആത്മാർത്ഥത കേൾക്കുന്ന ആളുടെ ധൈര്യവും സന്തോഷവും ഊർജ്ജവും ഒക്കെയായി മാറുന്ന ഇന്ദ്രജാലം! നല്ല ബന്ധങ്ങളെ സൃഷ്ടിക്കുന്ന, അവക്ക് ഓജസ്സും നിറവും പകരുന്ന ആരും കേൾക്കാൻ കൊതിക്കുന്ന വാചകങ്ങൾ!
ഈ വാക്കുകൾ ഏകുന്ന ആത്മവിശ്വാസവും തൃപ്‌തിയും അത് പൂർണ്ണമായി വർണ്ണിക്കാൻ ചിലപ്പോൾ വാക്കുകൾ തികയാതെ വരും. ഈ ഒരു യാത്രക്ക് ഇടയിൽ ഞാനുമായി ഒരു രക്തബന്ധവും ഇല്ലാത്ത രണ്ട് വ്യക്തികളിൽ നിന്നും മനസ്സറിഞ്ഞ ഈ വാക്കുകൾ കേട്ട ഞാൻ അന്ന് അനുഭവിച്ചതാണ് ആ വാക്കുകളുടെ കഴിവും മികവും !
പിരിമുറുക്കങ്ങളെ ഇല്ലാതാക്കാൻ, സ്നേഹം പകരാൻ, പുതു ഊർജ്ജം പ്രദാനം ചെയ്യാൻ, നമ്മളാൽ ആവില്ല എന്ന് തോന്നുന്ന കാര്യങ്ങൾ ഒന്ന് ധൈര്യപൂർവ്വം പരീക്ഷിക്കാൻ, ആരുമില്ലെന്ന വെറും തോന്നൽ മാറ്റി ആരൊക്കെയോ നമ്മൾക്കായി ഉണ്ട് എന്ന സത്ചിന്തകൾ നാമ്പെടുക്കാൻ, ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ പ്രാപ്തി ഉള്ളതാണ് ആ വിരലിൽ എണ്ണാവുന്ന വാക്കുകൾ.
ചിലപ്പോൾ തോന്നും പേരിട്ട് വിളിക്കാൻ ആവാത്ത ചില പരിശുദ്ധബന്ധങ്ങൾ ദൈവം കാലേക്കൂട്ടി നിശ്ചയിച്ചു വച്ചവയാണെന്ന്! അവയെല്ലാം നമ്മിലേക്ക് വന്നണയാനുള്ള കരുനീക്കം നടത്തുന്ന ആ അജ്ഞാതശക്തി… അതല്ലേ ശരിക്കും ഈശ്വരൻ!
ഞങ്ങൾ ഒരുപാട് സംസാരിച്ചു. കുടുംബത്തെക്കുറിച്ചും, ജോലിയെക്കുറിച്ചും, നാട്ടിലെ ചില പരിചയമുള്ളവരെക്കുറിച്ചും എല്ലാം. ഞങ്ങൾ രണ്ട് പേരും ഒരുപോലെ അറിയുന്ന ഒരുപാട് പേർ ഉണ്ടായിരുന്നു.
മുഖപുസ്തക ഭാഷയിൽ പറഞ്ഞാൽ ‘മ്യൂച്വൽ ഫ്രണ്ട്‌സ്’
അപ്പോൾ എനിക്ക് അയാളോട് സംസാരിക്കാൻ ഉള്ള ആത്മവിശ്വാസം കൂടിക്കൂടി വന്നു. വളരെക്കാലത്തെ സൗഹൃദം ഉള്ള ഒരാളോട് ഒപ്പമുള്ള യാത്ര പോലെ വളരെ ആശ്വാസകരമായ ഒരു യാത്ര.
ദുബായിലേക്ക് പോകാൻ വിസ ശരിയായി ഇരിക്കുകയാണെന്നും, പോകും മുന്നേ മുംബൈയിൽ ഉള്ള സുഹൃത്തുക്കളെ കാണാൻ പോകുകയാണെന്നും പറഞ്ഞു. ആളുടെയും ഭാര്യയുടെയും മൊബൈൽ നമ്പറുകളും തന്നു. ഞാൻ എന്റെ ഫോൺ നമ്പറും, വീട്ടിലെ നമ്പറും കൊടുത്തു. വീട്ടിൽ തിരിച്ചെത്തിയിട്ട് ദുബൈക്ക് പോകും മുന്നേ ഒരു ദിവസം ഭാര്യയും ഒന്നിച്ച് ഫോൺ ചെയ്യാം എന്ന് പറഞ്ഞു.മുകളിലേക്ക് കയറാൻ നിൽക്കേണ്ട എന്ന് പറഞ്ഞ് ആളുടെ താഴത്തെ ബർത്ത് ഉപയോഗിച്ച് കൊള്ളാനും പറഞ്ഞു.
റാവുത്തർ കുറച്ച് കഴിഞ്ഞ് അയാളുടെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് പോയി. ടോയ്‌ലെറ്റിലേക്ക് ആണെന്ന് വിചാരിച്ച ഞങ്ങൾക്ക് തെറ്റി. കുറേ കഴിഞ്ഞിട്ടും അയാൾ പിന്നെ തിരിച്ച് വന്നില്ല. വഴിയിൽ എവിടെയെങ്കിലും ഇറങ്ങിപ്പോയോ അതോ ഒരുപക്ഷേ അത് അയാളുടെ സീറ്റ് അല്ലായിരിക്കുമോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ബാക്കി ആക്കി കൊണ്ട്. ചെക്കിങ്ങിന് മുൻപ് തടി തപ്പിയതാവാൻ ആണ് വഴി.അയാൾ പോകുമ്പോൾ കൈയിൽ ഒരു ബാഗ് പോലും ഇല്ലായിരുന്നു എന്ന് ഞാൻ ഓർത്തു. മനസ്സിൽ തോന്നിയ പന്തികേട് ശരിയായിരുന്നു എന്ന് തോന്നി.
എന്തായാലും രാത്രി ആവും മുന്നേ എന്റെ കണ്മുന്നിൽ നിന്നും എന്നെ ഒരുപാട് അലോസരപ്പെടുത്തുന്ന അയാൾ പോയി എന്ന് എനിക്ക് തികച്ചും ബോധ്യമായത് ആ സീറ്റിൽ ഏതാനും കോളേജ് വിദ്യാർത്ഥികൾ വന്ന് ഇരുന്നപ്പോൾ ആണ്. സമാധാനം!
അന്ന് ട്രെയിനിൽ തുടങ്ങിയ സൗമ്യനും സൽസ്വഭാവിയുമായ ആ മനുഷ്യസ്‌നേഹിയും , സ്വഭാവത്തിൽ അദ്ദേഹത്തിന്റെ തനിപകർപ്പായ അദ്ദേഹത്തിന്റെ സഹധർമ്മിണിയും.. ഇന്നും ഞങ്ങളുടെ നിറം മങ്ങാത്ത സൗഹൃദവും..
പിന്നെ ചെറുതും വലുതുമായ എന്റെ പ്രശ്നങ്ങൾക്ക് പോംവഴിക്കായി ഉഴറുമ്പോൾ ഉള്ളിൽ തെളിഞ്ഞു വരുന്ന രക്തബന്ധമില്ലാത്ത ആ കുഞ്ഞനുജന്റെ കുസൃതി നിറഞ്ഞ മുഖം, അവന്റെ തമാശകൾ, ഉള്ളിൽ തട്ടുന്ന അവന്റെ ചേച്ചീ…. എന്ന വിളിയും എല്ലാം ഇന്നും നിധിപോലെ കൂടെയുണ്ട്.
ഈ ആത്മബന്ധങ്ങളെ സൗഹൃദം എന്ന് മാത്രം സംബോധന ചെയ്‌താൽ പോരാ.. അതിലും ഉദാത്തമായ എന്തോ ഒന്ന്. തമ്മിൽ കോർത്ത് കെട്ടിയ ആ മാന്ത്രിക ചരട്. അതിനൊരു പേരില്ലാത്തതാണ് അതിന്റെ ഭംഗി.
ചില ബന്ധങ്ങൾ അങ്ങനെയാണ്..എല്ലാവർക്കും അതിനെ അതിന്റെ തനതായ മനോഹാരിതയോടെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ആവുമോ എന്നറിഞ്ഞുകൂടാ.. നിർവചനമോ വിശദീകരണമോ ഒന്നും അവകാശപ്പെടാതെ സ്വച്ഛമായ് ഒഴുകുന്ന തെളിനീർപ്പുഴ പോലെ അനസ്യൂതം അത് ഒഴുകിക്കൊണ്ടിരിക്കും..എന്നും കാണുകയോ മണിക്കൂറുകൾ സംസാരിക്കുകയോ ഒന്നും വേണ്ട എങ്കിലും അതിനൊരു ഒഴുക്കുണ്ട്, അന്തർധാരയുണ്ട്.
സന്തോഷത്തിൽ കൂടെ നിന്ന ഒരാളെ ഓർക്കുന്നതിനേക്കാൾ എത്രയോ നന്നായി ഒരു മനുഷ്യൻ അയാളുടെ വിഷമങ്ങളിൽ,ധർമ്മസങ്കടങ്ങളിൽ, ഉള്ളുരുക്കങ്ങളിൽ, ശോചനീയാവസ്ഥകളിൽ കൂടെ നിന്ന മനുഷ്യനെ ഓർക്കും.
ധൈര്യമായിക്കൂ നിനക്ക് ഞാനുണ്ട് എന്ന് പറഞ്ഞ് അന്നെന്റെ കൂടെ നിന്നത് അയാളാണെന്ന് പലവട്ടം പലരോടും ഉത്സാഹത്തോടെ പറയും.
അത് മനസ്സിൽ പറയവേ, ആ ആളേ നിറഞ്ഞ സ്നേഹത്തോടെ വാത്സല്യത്തോടെ ഓർക്കവേ ചുണ്ടിൽ നനുത്ത ഒരു പുഞ്ചിരി വിടരും. ആ പുഞ്ചിരിക്ക് മാരിവില്ലിന്റെ അഴകാണ്! അതാണ്, ആ നിറപുഞ്ചിരിയാണ് കൂട്ടരേ..
മനസ്സറിയുന്നവർക്കുള്ള,
മനസ്സറിഞ്ഞ,
മനസ്സ് നിറഞ്ഞ
സ്നേഹസമ്മാനവും…!
#എന്റെ രചന – ധൈര്യമായി ഇരിക്കൂ, ഞാനുണ്ട് കൂടെ
✍🏻(>സുജാത നായർ<)✍🏻


6 Comments
👌👌
👍👍👌
Endhayalllum a payyan nallavana…..enikke urappa…..ethe pole a payyande kadhakal eniyum undakum…..
🥰🥰👍🏻
👍👍👍
😍😍👍🏻