മനുഷ്യരാണ്..
ജീവിതമാണ്..
പലരെയും രക്തബന്ധം കൊണ്ടും സ്നേഹബന്ധം കൊണ്ടും സൗഹൃദം കൊണ്ടും പരിചയം കൊണ്ടും ജീവിതത്തിൽ കൂടെ കൂട്ടേണ്ടി വരും!
ചിലരെയൊക്കെ അവരുടെ സ്വഭാവം മനസ്സിലായി കഴിഞ്ഞിട്ട് പോലും മാറ്റി നിർത്താൻ പറ്റില്ല.
നമ്മുടെ ലൈഫിൽ ഇവരുടെ നിഴൽ വെട്ടം പോലും വീഴരുതേ എന്ന് ആഗ്രഹിച്ചാൽ പോലും മാറ്റി നിർത്താൻ പറ്റാത്ത ചിലരുണ്ട്.
അവരെ സ്വന്തക്കാരെന്ന് പറയും!
രക്തബന്ധത്തിലൂടെയും ബന്ധനത്തിലൂടെയും കിട്ടിയത്.
ഓരോ ഘട്ടങ്ങളിലും നമ്മുക്ക് താല്പര്യമില്ലെങ്കിൽ പോലും കുടുംബത്തിലെ സമാധാനത്തിനു വേണ്ടി മിണ്ടാതെ സഹിക്കേണ്ടി വരും ഇത്തരത്തിൽ ഉള്ളവരെ!
പിന്നെ സൗഹൃദമാണ്.
സൗഹൃദത്തിലാണ് ഏറ്റവും വലിയ ചൂഷണം നടക്കുന്നത്!
നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും സഹായിക്കുന്നെണ്ടെന്നും ആശ്വസിപ്പിക്കുന്നുണ്ടെന്നും നമ്മൾ കരുതും!
ശരിക്കും നമ്മളെ മുൻനിർത്തി അവർ അവർക്കുള്ള ലോകം പണിയുകയായിരിക്കും!
അത്രയധികം കഴിവുണ്ടായിട്ടും ജീവിതത്തിൽ എവിടെയും എത്തപ്പെടാൻ കഴിയാതെ പോയ ഒരാൾ ആശങ്കകൾ പങ്ക് വയ്ക്കുമ്പോൾ ചിലർ ” അങ്ങനെയല്ല, നിനക്ക് കഴിവുണ്ട്..നീ ഇന്നതൊക്കെ ചെയ്യുന്നില്ലേ? നിനക്ക് അതില്ലേ? ഇതില്ലേ? എന്നൊക്കെ പറഞ്ഞു ആത്മവിശ്വാസം നിറയ്ക്കും.
ഈ ആത്മവിശ്വാസം കുത്തി നിറയ്ക്കുന്ന ആൾ ശരിക്കും അസൂയ കൊണ്ടാണ് ഇങ്ങനെ നമ്മുടെ മുന്നിൽ നിൽക്കുന്നത് എന്ന് നാം അറിയുന്നത്
വളരെ കാലത്തിന് ശേഷമാകും.
അവർക്ക് കിട്ടാതെ പോയ, അവർ ആഗ്രഹിച്ച ജീവിതമാണ് നമ്മൾ ജീവിക്കുന്നതെന്ന് മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരം വൃത്തികെട്ട മനോഭാവം!
അവരുടെ പെരുമാറ്റവും സ്വഭാവവും കൊണ്ടൊക്കെയാണ് ഇങ്ങനെ ദുരന്തങ്ങൾ അവർക്ക് ഉണ്ടാകുന്നതെന്ന് ഒരിക്കലും മനസ്സിലാക്കാൻ ശ്രമിക്കില്ല. അപ്പോഴും വിധിയെ പഴിച്ച് നമ്മുടെ പിറകിൽ നിന്ന് നമ്മളെ കുത്താനുള്ള വഴി തേടുകയാകും അവർ!
എന്റെ സുഹൃത്തിന്റെ ചേച്ചി ഒരിക്കൽ പറഞ്ഞതാണ്. ചേച്ചിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന ഒരാൾ.
പക്ഷെ ഒരുപാട് കാലത്തിന് ശേഷമാണ് ഈ ചേച്ചിക്ക് മനസിലായത്.
ശരിക്കും ചേച്ചിയെ ആ സുഹൃത്ത് പറ്റിക്കുകയായിരുന്നു എന്ന്.
ചേച്ചിക്ക് ലഭിക്കേണ്ട പല അവസരങ്ങളും അറിയിക്കാതെയോ വേറെ ഏതെങ്കിലും തരത്തിലോ ചേച്ചിയിലേക്ക് എത്താതെ ഇരിക്കാൻ ഈ സുഹൃത്ത് ശ്രമിക്കുന്നുണ്ടായിരുന്നു എന്ന്.
അതിന് പിന്നിലുള്ള വികാരം അസൂയ മാത്രമായിരുന്നു.
ചേച്ചിക്ക് സുഹൃത്തിനെക്കാൾ കുറച്ച് സൗന്ദര്യവും വിദ്യാഭ്യാസവും ഉണ്ടെന്നത് ആയിരുന്നു ആ അസൂയയ്ക്ക് കാരണവും!
എന്തൊക്കെ നേടി എന്ന് കരുതിയാലും
നമ്മളെക്കാൾ മറ്റുള്ളവർ വാഴ്ത്തപ്പെടരുത്
എന്ന് ഉള്ളിൽ കല്മഷം വച്ച് ജീവിക്കുന്ന
മനുഷ്യർക്ക് സമാധാനമുണ്ടാവില്ല..
എന്തിന്..
നല്ലൊരു ഉറക്കം പോലും കിട്ടണമെന്നില്ല!
മനുഷ്യമനസ്സ് എന്ന് പറയുന്നത് അത്രയധികം സങ്കീർണമാണ്.
പ്രണയം, സ്നേഹം, വാത്സല്യം കരുണ ഒന്നിലും ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും അവരുമായി ഇടപഴകുന്നതിലും ഒക്കെ എനിക്ക് നിയന്ത്രണങ്ങൾ വച്ച സുഹൃത്തുകൾ എനിക്കുണ്ടായിട്ടുണ്ട്.
ഒരാളിലും ആഴത്തിൽ അടുക്കരുതെന്നും അത് പിന്നീട് നൽകുന്നത് വേദന മാത്രമാണെന്നും
മനസ്സിലാക്കാനും ചില മനുഷ്യര് തന്നെ വേണ്ടി വന്നു.
ആരിലും വിധേയപ്പെട്ട് പോകുന്ന സ്വഭാവം ആയത് കൊണ്ട് തന്നെ , വൈകാരികമായി ആളുകളോട് ഇടപെട്ട് പിന്നീട് അവരിൽ നിന്ന് കിട്ടുന്ന ചെറിയ ഇടപെടലുകളിൽ പോലും കരഞ്ഞു നിലവിളിക്കുക എന്നത് ഒരു ശീലമായി മാറിയിട്ടുണ്ട്!
ഓരോ മനുഷ്യരും ഓരോ പാഠങ്ങൾ ആണ്..
ഞാനും നീയും ഒക്കെ ഉൾപ്പെടുന്ന നമ്മൾ
ഒക്കെ എങ്ങനെ ജീവിക്കണം, ജീവിക്കരുത് എന്ന പാഠങ്ങളാണ്!
ചിലർ കരുതും ഞാൻ ഒന്നും ചെയ്തില്ലല്ലോ?
ഇങ്ങനെ പറഞ്ഞതല്ലേ ഉള്ളൂ…
അതൊരാൾക്ക് എങ്ങനെ ബുദ്ധിമുട്ട് ഉണ്ടാക്കാനാണ് എന്ന്..
പക്ഷെ ശരിക്കും പലരും കീറി മുറിക്കപ്പെടുന്നത് വാക്കുകളിലൂടെയാണ്..
എത്ര തുന്നലിട്ട് കൂട്ടിക്കെട്ടിയാലും ആ മുറിവ്
പിന്നീട് ഉണങ്ങുകയുമില്ല.. ചേരുകയുമില്ല!
അപ്പോൾ ഒക്കെയും
വേദനിക്കുന്നത് മനസ് മാത്രമല്ല ഒരു മനുഷ്യനും കൂടെയാണ്.
എന്നും രാവിലെ എഴുന്നേറ്റ് വേണ്ടതൊക്കെ ചെയ്തും ചെയ്യിപ്പിച്ചും രാത്രി ഉറങ്ങാൻ കിടക്കുംവരെ വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കുകളെയും ജോലിയെയും ഒരേ പോലെ നടത്തിക്കൊണ്ട് പോയി ഒരു പക്ഷെ ഉറങ്ങാൻ കിടന്നിട്ടും ഒരിറ്റ് ഉറക്കം പോലും കൺകളിൽ തലോടാത്ത ഒരാളെ!
ആ ഒരാൾ വേദനിക്കുമ്പോൾ തകരുന്നത് അയാളുടെ ആ ദിവസത്തെ എല്ലാ ശ്രമങ്ങളും കൂടിയാണ്.
നിലനിൽക്കാൻ… നിലത്തുറപ്പിച്ചു നിൽക്കാൻ..
സ്വപ്നങ്ങൾക്ക് ശ്മശാനം കെട്ടി
ഉയിരും
ഉടലും വെന്ത് പിടഞ്ഞു
സ്വയം മരുന്നായി മാറിയവളുടെ അതിജീവനത്തെക്കൂടിയാണ്!
ഓരോ വട്ടവും പ്രതീക്ഷകളും ആഗ്രഹങ്ങളും
ചിതറി തെറിക്കുമ്പോൾ അവൾ വീണ്ടും വീണ്ടും ചുറ്റിനുമുള്ള മനുഷ്യരെ നിറകണ്ണുകളോടെ നോക്കുന്നത് ഒരൽപ്പമെങ്കിലും സ്നേഹവും വിശ്വാസവും ആത്മാർത്ഥതയും പ്രതീക്ഷിച്ചു കൊണ്ടാണ്!
കിട്ടിയ അവഗണനകൾ ഏറെ ഉണ്ടെങ്കിലും
ഒരിക്കലെങ്കിലും തന്നെ ആശ്വസിപ്പിക്കാൻ..
കൂടെയുണ്ട്.., വേദനിക്കല്ലേ എന്ന് പറയാൻ…
അവരൊന്ന് ശ്രമിച്ചിരുന്നെങ്കിൽ എന്ന
ഓർമയിൽ പോലും ഹൃദയം ചുട്ട് പൊള്ളുമ്പോൾ
” എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിച്ചൂടെ?”
എന്ന് കേഴുമ്പോൾ
അങ്ങനെയുള്ള ഓരോ സന്ദർഭങ്ങളിലും
അവൾ മടുത്ത് തോറ്റു കൊണ്ടേയിരിക്കുകയാണ്!
ദിനം ദിനം തോറ്റു തോറ്റു കാലം കഴിച്ചിട്ടും
ഇപ്പോഴും മരിക്കാൻ ശ്രമിക്കാതെ
ജീവിക്കുന്നവളും
അതിജീവിത തന്നെയാണ്!!!
#anjuranjima


4 Comments
നല്ല സന്ദേശം👍🌹
അതേ നമ്മുടെ സ്വന്തമെന്നു കരുതി ഹൃദയത്തോടു ചേർത്തുപിടിച്ചവർ മികച്ച അഭിനേതാക്കളാണെന്നു മനസ്സിലാക്കുന്ന നിമിഷം ഹൃദയം നുറുങ്ങുന്ന വേദന തന്നെയാണുണ്ടാവുന്നത്.
ഇന്ന് ഈ ജീവിത സായാഹ്നത്തിലാണ് ബോധോദയം ഉണ്ടായത്. പണ്ടൊക്കെ ചിന്തിച്ചു കൂട്ടി കരഞ്ഞ് സമയം കളഞ്ഞല്ലോ എന്നിപ്പോൾ തോന്നും.
നന്നായി എഴുതി❤️👌
അഭിനന്ദനങ്ങൾ കുട്ടീ🌹❤️
🫂🫂🫂
❤️❤️👍