കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചു. പുൽ തകിടിയിലെ ജല കണങ്ങൾ വെയില് ഏറ്റു വെട്ടി തിളങ്ങുന്നു. തഴുകി തലോടുന്ന കുളിർ കാറ്റിൽ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോൾ ആണ്, ചിപ്പ്മങ്സ്നെയും അവന്റെ കൂട്ടുകാരെയും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.
അവരുടെ കുസൃതിയുള്ള കുഞ്ഞു മുഖത്തേക്കു നോക്കിയപ്പോൾ ചിപ്പ് മങ്സ് എന്ന് വിളിക്കാൻ ആണ് തോന്നിയത് (ചെറിയ അണ്ണാൻ കുഞ്ഞുങ്ങളുടെ വർഗ്ഗത്തിൽ പെട്ട ഒരു സസ്തനി ആണ് ചിപ്പ് മങ്സ് ) ഇവർ കാഴ്ചയിൽ നാട്ടിലെ അണ്ണാനെക്കാളും കുറച്ചു വലുതാണ്. എന്നാലും ഈ നാമം അവനു നന്നായി ചേരും.
കരിയില ചപ്പുകൾ വീണു കിടക്കുന്ന വഴിയോരങ്ങളിൽ വൃക്ഷത്തിന്റെ ചുവട്ടിൽ അവരുടെ ഭക്ഷണം ചിക്കി ചികഞ്ഞു, കുഞ്ഞി കൈകളിൽ എടുത്തു ഭക്ഷിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അവരുടെ അടുത്തേക്കുള്ള എന്റെ രംഗ പ്രവേശം.
എന്റെ പദനിസ്വനം കേട്ടതും അവർ ഒന്ന് ഭയന്നു, ’പോലീസ് കാർക്ക് എന്താ ഈ ഫോറെസ്റ്റിൽ കാര്യം’ എന്ന് പറഞ്ഞത് പോലെ ‘ഈ പിശാച് എന്താ ഇവിടെ?’ എന്ന് എന്നോട് ചോദിച്ച പോലെ തോന്നി. ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാൻ അവരോട് മനസ്സിൽ ആത്മഗതം പറഞ്ഞു.
‘മക്കളെ ഇങ്ങള് ബേജാറാവണ്ട ട്ടോ. ഞാൻ എന്റെ തടി ഒക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആകാൻ വേണ്ടി ഒന്ന് നടക്കാൻ ഇറങ്ങിയതാ, ഇങ്ങളെ ഞാൻ പിടിച്ചു വിഴുങ്ങുകയൊന്നും ഇല്ല. എന്റെ ഇന്നത്തെ ടാർജറ്റ് 10 കെ സ്‌റ്റെപ്സ് ആണ്. അതിനു ഇനീം ഒരു അഞ്ചു റൌണ്ട് കൂടി എനിക്ക് നടക്കണം, അതും കൂടി തീർന്നാൽ ഞാൻ വീട്ടിൽ കേറും.’
ഹാവൂ ഇപ്പോഴാ അവർക്കു സമാധാനം ആയത്. ഈ പിശാച് ഞമ്മളെ ഒന്നും ചെയ്യൂല അവർ തമ്മിൽ പറഞ്ഞു, അങ്ങനെ വീണ്ടും അവരുടെ തീറ്റ തുടർന്നു.
ഞാൻ നടത്തം പുനരാരംഭിക്കുകയും ചെയ്തു. നടക്കുന്നതിന് ഇടയിൽ അവരെ പോലെ തന്നെ വേറേം കുറെ അണ്ണൻ കുട്ടൻ മാരെ കാണാൻ ഇടയായി. അവർ തമ്മിൽ എന്തിനോ വേണ്ടി വഴക്കിടുന്നു. ഈ ഭക്ഷണം ഞാൻ ആണ് ആദ്യം കണ്ടെത്തിയത് എന്ന് ഒരുത്തൻ പറയുന്നു. അല്ല, ഞാൻ ആണ് എന്ന് മറ്റവൻ, അങ്ങനെ രണ്ടു പേരും വഴക്ക് മൂത്തു ഓരോ മരങ്ങളും മാറി മാറി ഓടിക്കേറാൻ തുടങ്ങി. അവർ നന്നായി ക്ഷീണിച്ചു,
കുറച്ചു കഴിഞ്ഞു, ‘ഇനി നമുക്ക് വഴക്കു നിർത്തിയാലോ, എന്തായാലും സാരമില്ല, കിട്ടയത് നമുക്ക് പകുത്തു കഴിക്കാം. നമ്മൾ നല്ല കൂട്ടുകാർ അല്ലെ ഇടയ്ക്കു ഒക്കെ ഇതു പോലെ വഴക്കൊക്കെ വേണം ഇന്നലെ ഒരു രസം ഒക്കെ ഉണ്ടാകൂ’ അങ്ങനെ അവർ പറയുന്നത് ഞാൻ വിചാരിച്ചു.
വീണ്ടും നടത്തം തുടർന്ന് കൊണ്ടേ ഇരുന്നു, ഒരു നാലു റൌണ്ട് പൂർത്തി ആക്കിയതും പിന്നെ എന്റെ മുന്നിൽ പ്രത്യക്ഷ പെട്ടത് രണ്ടു കാക്കകൾ ആയിരുന്നു. നല്ല സൂക്ഷ്മതയോടെ പരിസരം ക്ലീൻ ആക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു രണ്ടു പേരും. എന്നെ കണ്ടതും അവർ തമ്മിൽ പിറു പിറുത്തു, അവരോടും ഞാൻ നടക്കാൻ ഇറങ്ങിയതാ എന്ന് മനസ്സിൽ പറഞ്ഞു.
“അല്ല മനുഷ്യാ, അനക്ക് ഒന്നും ഞമ്മളെ കണ്ണിനു നേരെ കാണാൻ ഇഷ്ടം ഇല്ലാലോ, ഞങ്ങളെ ശല്ല്യവും ദുശ്ശകുനവും ഒക്കെ ആയിട്ടല്ലേ നീയും നിന്റെ വർഗ്ഗവും പരിഗണിക്കാറ്, എന്നാലോ നിന്റെ അഹങ്കാരത്തിന് ഒരു കുറവും ഉണ്ടാകൂല. നിന്റെ വീടും പറമ്പും ഒക്കെ മുറ പ്രകാരം ക്ലീൻ ആക്കാൻ ഞങ്ങൾ തന്നെ വേണം. നീ കഴിച്ചു വലിച്ചു എറിയുന്ന, ബാക്കി വരുന്ന എല്ലാ എച്ചിലുകളും ഞങ്ങൾ ആർത്തിയോടെ വെട്ടി വിഴുങ്ങും, അതൊക്കെ നീ വല്ലപ്പോഴും ഒന്ന് ഓർത്തു നോക്കിയാൽ നല്ലത് ആയിരിക്കും. ഹും ഇദൊക്കെ ആരോട് പറയാൻ! ന്നാലും നിന്റെ ഒക്കെ മനസ്സിൽ എന്തായിരിക്കും? ഇപ്പോഴും ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. നീ എന്ത് വേണേലും ചെയ്യ്, ഞങ്ങൾക്കു പിടിപ്പതു പണികൾ ഇനീം ഉണ്ട്. നിന്റെ ഒരു വീട് മാത്രം അല്ല ഇത് പോലത്തെ കുറെ വീടും പരിസരവും ബാക്കിയുണ്ട്.”
സയറാ ഫാത്തിമ
#എന്റെരചന #എന്നാലും എന്തായിരിക്കും ആ മനസ്സിൽ


3 Comments
നന്നായിട്ടുണ്ട്❤️👌🌹
ഹായ്…നന്നായി എഴുതി. അവർക്കും പറയാനുണ്ട്, അല്ലെ ?
👏👍
മൃഗങ്ങൾ മനുഷ്യനെ എങ്ങനെ കാണുന്നു? എന്ന ചോദ്യത്തിനുള്ള ഹാസ്യരസം ചേർത്ത ഉത്തരം ! super <3