ബാഗിലിരുന്ന തോക്കെടുത്ത് കാറിൽ ഒളിപ്പിച്ചു കൊണ്ട് ദേവി ബാഗ് തോളിലിട്ടു. കാറിൽ നിന്നുമിറങ്ങിയ ദേവി, തൻ്റെ മുഖത്ത് ആത്മവിശ്വാസം വരുത്തി. നേരെ മാവിൻ ചുവട്ടിലിരിക്കുന്ന പോലീസുകാരന്റെ അടുത്തേയ്ക്കു നടന്നു. മുറ്റത്ത് കിടന്ന ജീപ്പിൽ ഡ്രൈവറെ കൂടാതെ മറ്റൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നു. അയാൾ ജീപ്പിലിരുന്നു കൊണ്ട് അവളുടെ ഓരോ ചലനവും നിരീക്ഷിക്കുകയായിരുന്നു.
“എന്താ ടീച്ചറമ്മേ. ” ദേവി ചോദിച്ചു.
“ഇത് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ, എന്റെ ഒരു പഴയ സ്റ്റുഡൻ്റാണ്. നിന്നോട് എന്തോ ഇദ്ദേഹത്തിന് സംസാരിക്കാനുണ്ട്. നിങ്ങൾ സംസാരിക്കൂ, ഞാൻ ചായ എടുക്കാം. “
ടീച്ചറമ്മ എഴുന്നേറ്റു വീടിനകത്തേക്ക് പോയി.
“ഇരിക്ക് മാഡം. “
ഇൻസ്‌പെക്ടർ ദേവിയെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു.
“മാഡം ഞാൻ വന്നത് ചില വിവരങ്ങൾ അറിയാനാണ്. ഒരു മാൻ മിസ്സിംഗ് കേസ് ഉണ്ട്, ആളുടെ പേര് നിധിൻ വേണുഗോപാൽ, 24 വയസ്സ്, നല്ല പൊക്കം, ഇരുനിറം, തോളറ്റം നീണ്ട മുടി. മിസ്റ്റി മെഡോസ് എന്ന ഹോട്ടലിലെ സ്റ്റാഫ് ആണ്. അയാളെ കാണാതായിട്ട് നാലു ദിവസം കഴിഞ്ഞു. സി സി ടി വി ക്യാമറകൾ ചെക്ക് ചെയ്തപ്പോൾ അയാളെ അവസാനമായി കണ്ടത് മാഡം ആണെന്ന് മനസിലായി. നിങ്ങൾ തമ്മിൽ എന്താ ഇടപാട്, അയാളെ എങ്ങനെയാണ് മാഡത്തിന് പരിചയം. “
“ഞാൻ മൂന്നാറിലെ ഹോട്ടലിൽ വച്ച് നിധിനെ പരിചയപ്പെട്ടതാണ്. അയാൾ നന്നായി പാചകം ചെയ്യും, എനിക്കയാളെയും അയാളുടെ രുചിക്കൂട്ടുകളേയും വളരെ ഇഷ്ടമായി. അത്രേയുള്ളു. പിന്നെ ഞാനാണ് അയാളെ അവസാനമായി കണ്ടെന്ന ആരോപണം പോലീസുകാരുടെ ഊഹമാണോ? എന്താണ് അതിനു തെളിവ്, ഞാനൊരു വക്കീലാണ്, പല ആളുകളും എന്നെ സമീപിക്കാറുണ്ട്. “
“ഞങ്ങൾ പോലീസുകാർ അങ്ങനെ വെറും ഊഹങ്ങൾ വച്ച് നീങ്ങില്ല മാഡം, ശക്തമായ തെളിവുകളുണ്ട്. അന്ന് മാഡം ഹോട്ടലിൽ നിന്നും പുറത്തിറങ്ങുമ്പോൾ അയാൾ ഒരു ബൈക്കിൽ മാഡത്തിനെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് അയാൾ മാഡം സഞ്ചരിച്ചിരുന്ന ബസിൽ കോട്ടയം വരെ യാത്ര ചെയ്തിരുന്നു. പിന്നെ, അയാളെ ആരും കണ്ടിട്ടില്ല. മാഡത്തിന് അയാളുമായി കോൺടാക്ട് ഉണ്ടായിരുന്നോ.?”
“എനിക്കയാളുമായി ഒരു കോണ്ടാക്ടുമില്ല എന്നു നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ, രണ്ടു പേരുടെയും ഫോണും കാൾ ഡീറ്റെയിൽസും ഒക്കെ നിങ്ങൾ ചെക്ക് ചെയ്തു കാണുമല്ലോ. ഞാൻ അയാളുടെ പാചകത്തിന്റെ ആരാധികയായിരുന്നു. അതിലപ്പുറം ഒരു ബന്ധവും ഞങ്ങൾ തമ്മിലില്ല. ഈ മാൻ മിസ്സിംഗ് കേസ് ആരാണ് ഫയൽ ചെയ്തത് എന്നറിയാൻ പറ്റുമോ?”
“ഹോട്ടൽ മാനേജ്‌മെന്റ് ആണ് ലോക്കൽ പൊലീസിന് പരാതി കൊടുത്തത്. അവരുടെ സ്റ്റാഫ് ആണല്ലോ മിസ്സിംഗ് ആയത്, നിധിന്റെ ചേച്ചിയായ നിത്യ മുൻപ് ആ ഹോട്ടലിലെ സ്റ്റാഫ് ആയിരുന്നു. അവർ ഏതോ വിദേശ ടൂറിസ്റ്റിന്റെ വലയിൽ വീണ്, അയാൾ കൊടുത്ത മയക്കു മരുന്ന് കഴിച്ചു പൂളിൽ വീണു മരിച്ച് പോയിരുന്നു. അത് പിന്നെ ആ ഹോട്ടലിനു വലിയ ചീത്ത പേരുണ്ടാക്കി. ഈ കേസും അവരുടെ തലയിൽ വീഴുമോയെന്ന ആശങ്ക മാനേജ്മെന്റിന് ഉണ്ട്. അത് കൊണ്ട് അവർ അവരുടെ സൈഡ് സേഫാക്കി. “
“സർ പറഞ്ഞത് എനിക്ക് മനസിലായി, മാനേജ്മെന്റിന്റെ ആശങ്ക അതല്ലേ. എന്റെ രണ്ടാനച്ഛന്റെ മക്കളുടേതാണ് ഈ പറയുന്ന ഹോട്ടൽ. അവിടം നിഗൂഢതകളുടെ കേന്ദ്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവിടെ പൂളിലും തടയണയിലുമായി വീണു മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷെ ഇതൊന്നും പുറം ലോകം അറിയുന്നില്ല. കാരണം അവരുടെ ഭാഗത്ത് പണവും അധികാരവുമുണ്ട്. “
ദേവി കസേരയിൽ മുന്നോട്ടു ആഞ്ഞിരുന്നു.
“ഞാനൊരു സത്യം പറയാം, ഇന്ന് വരെ എന്റെ ഭർത്താവിന്റെ മരണ കാരണം കണ്ടെത്താൻ പോലീസിനായിട്ടില്ല. ഹണിമൂൺ ആഘോഷിക്കാൻ വന്ന ഒരു ചെറുപ്പക്കാരൻ ഡോക്ടറെ, വളരെ ക്രൂരമായി തടയണയിൽ മുക്കി കൊല്ലുക. അവിടെ എല്ലായിടത്തും സി സി ടി വി ക്യാമറകൾ ഉണ്ട്, മുഴുവൻ സമയം സെക്യൂരിറ്റി ഉദ്യോഗസ്ഥരുണ്ട്. എന്നിട്ടും… അതിൽ സാറിന് സംശയമില്ലേ. “
“മാഡം കേസ് അന്വേഷണം ഇത് വരെ കഴിഞ്ഞിട്ടില്ലല്ലോ. “
ദേവി അയാളെ പരിഹസിച്ചു ചിരിച്ചു.
“എന്ന് കഴിയും സർ, കുറ്റവാളികൾ പ്രബലർ ആയതിനാൽ ഈ കേസ് എങ്ങനെ അവസാനിക്കും എന്ന കാര്യത്തിൽ എനിക്കും ടീച്ചറമ്മയ്ക്കും നല്ല ആശങ്കയുണ്ട്. നേരത്തെ സർ ചോദിച്ച കാര്യത്തിന്റെ ഉത്തരം, നിധിൻ എങ്ങനെ എന്നിലേയ്ക്ക് എത്തിയെന്ന കാര്യം.
കൈലാസന്റെ മരണ ശേഷം ഞാൻ ഒരു പത്ര സമ്മേളനം നടത്തിയിരുന്നു. ഞാൻ അവിടെ വച്ച് പോലീസിനേയും നമ്മുടെ നിയമവ്യവസ്ഥയേയും കുറ്റപ്പെടുത്തിയിരുന്നു. ഹോട്ടലിൽ നിന്നും നഷ്ടപെട്ട സി സി ടി വി യുടെ തെളിവുകൾ അതിനെക്കുറിച്ചൊക്കെയുള്ള എന്റെ പ്രതിഷേധം ഞാനന്ന് രേഖപ്പെടുത്തിയിരുന്നു. അത് വായിച്ചിട്ടാണ് നിധിൻ എന്നെ ബന്ധപ്പെടുന്നുത്. അവന്റെ സഹോദരിയുടെ മരണം ഞാൻ അങ്ങിനെയാണ് അറിയുന്നത്. അവിടെ നടക്കുന്ന നിഗൂഢതയെക്കുറിച്ച് അന്വേഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കാൻ ഞങ്ങൾ രണ്ട് പേരും തീരുമാനിച്ചിരുന്നു. പക്ഷെ ഇപ്പോൾ അവനെ കാണാനില്ല എന്നറിഞ്ഞപ്പോൾ എനിക്ക് സംശയം ഹോട്ടലിലെ മാനേജ്മെന്റിനെ തന്നെയാണ്. അവർ അവനെ എന്തെങ്കിലും ചെയ്തു കാണും സർ. അവന്റെ അവസാന മൊബൈൽ ലോക്കേഷൻ കണ്ടു പിടിച്ചു കാണുമല്ലോ പോലീസ്. “
“അതാണ് പ്രശ്നം, അവന്റെ മുറിയാണ് അവസാന ലൊക്കേഷൻ. അവന്റെ ഫോൺ രാത്രി മുഴുവൻ സ്വിച്ച് ഓൺ ആയിരുന്നു, വെളുപ്പാൻ കാലമായപ്പോൾ അത് ഓഫായി, അതായിരുന്നു അവസാനം. “
“ഒരു പക്ഷെ അതവന്റെ മുറി ആകണമെന്നില്ലല്ലോ സർ. അവൻ അവിടെ ആരുടെയെങ്കിലും കസ്റ്റഡിയിൽ ആയിരിക്കുമോ?ആ ഹോട്ടലിൽ വല്ല ഇടിമുറികളോ നിലവറകളോ ഉണ്ടോയെന്ന് എനിക്ക്
സംശയമുണ്ട്. “
ടീച്ചറമ്മ ചായയുമായി വന്നപ്പോൾ ദേവി സംസാരം നിർത്തി.
“ടീച്ചറെ, ഞാൻ ഈ മാഡത്തിനെ സംശയിച്ചാണ് ഇങ്ങോട്ടു വന്നത്. ഇവിടെ വന്നപ്പോൾ ഞാൻ ഈ മാഡത്തിന്റെ ആരാധകനായി മാറി. വക്കീലിന് പറയുന്നതിനെ കുറച്ചു നല്ല ക്ലാരിറ്റിയുണ്ട്. “
പോലീസ് ജീപ്പ് മുറ്റത്തു നിന്നും മറയുന്നത് വരെ ടീച്ചറും ദേവിയും നോക്കി നിന്നു.
“എന്തായി ദേവി, ആ പയ്യൻ സേഫ് ആണോ?”
ടീച്ചറമ്മയുടെ കവിളിൽ അവൾ ഉമ്മ വച്ചു. പിന്നെ ചുറ്റും നോക്കി ശബ്ദം കുറച്ചു അന്നത്തെ പകൽ നടന്ന വിശേഷങ്ങൾ അവൾ പങ്ക് വച്ചു.
“ദേവി, വല്ലാത്തൊരു ജീവിതമാണല്ലോ കുട്ടീ നിന്റേത്. എന്നും നിനക്ക് ടെൻഷനാണല്ലോ, അതിന് പറ്റിയ ഒരു ജോലിയും. നിന്നെക്കുറിച്ചോർത്തു എനിക്ക് നല്ല ആധി തോന്നുന്നു മോളെ, ഈ ലോകത്തു ആര് കൂടെയില്ലെങ്കിലും ഈ അമ്മ നിന്റെ കൂടെയുണ്ടാകും, നിനക്ക് താങ്ങായിട്ട്”
“എനിക്കറിയാം ടീച്ചറമ്മേ, വേറെയാരാ ഈ ലോകത്ത് എനിക്കുള്ളത്. “
അവൾ ടീച്ചറെ ചേർത്ത് പിടിച്ചു.
“മോളിപ്പോൾ ഇടയ്ക്കിടയ്ക്ക് അനുപമയുടെ വീട്ടിൽ പോകണ്ട. മോൾ അവരുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ഇവിടെ വന്നു പോലീസ് അന്വേഷിക്കുമ്പോൾ മോൾ പാനിക് ആയിട്ട് എന്തെങ്കിലും മണ്ടത്തരം കാണിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. “
പിറ്റേ ദിവസം ദേവി ഓഫീസിൽ പോയില്ല. രാഹുലിനെ വിളിച്ചു എല്ലാം ഏർപ്പാടാക്കി. നാളെ ടീച്ചറമ്മ ആശ്രമത്തിലേക്കു പോകുകയാണ്. ഇനി മുതൽ ടീച്ചറമ്മയ്ക്ക് ജീവിതത്തിൽ എല്ലാത്തിനും നിയന്ത്രണം വയ്‌ക്കേണ്ടി വരും. അത് കൊണ്ട് അവൾ ആ ദിവസം ആഘോഷിക്കാൻ തീരുമാനിച്ചു. ടീച്ചറമ്മയ്ക്കു വേണ്ടി സദ്യയുണ്ടാക്കി. അവളും ടീച്ചറമ്മയും മാത്രമുള്ള ഒരു ദിവസം. അവൾക്കു വേണ്ടി അവളുടെ ടീച്ചറമ്മ മാറ്റി വച്ച ആ ദിവസം.
സന്ധ്യ കഴിഞ്ഞപ്പോഴേക്കും പലരും ടീച്ചറമ്മയെ കാണാൻ വന്നു, ദേവിയുടെ പപ്പയും അമ്മയും, ടീച്ചറുടെ പഴയ സുഹൃത്തുക്കൾ, സഹപ്രവർത്തകർ,
വിദ്യാർഥികൾ, ഒടുവിൽ അനുപമയും എത്തി ചേർന്നു. അനുപമ ദേവിയുടെ ചെവിയിൽ പറഞ്ഞു.
“നീയല്ലേ പറഞ്ഞത് ടീച്ചറമ്മയ്ക്ക് നിധിനെ ഒന്ന് കാണണമെന്ന്. പാവം, ആ കാറിന്റെ ഡിക്കിയിൽ ചുരുണ്ട് കൂടി ഇരിക്കാൻ തുടങ്ങിയിട്ട് സമയം കുറെയായി. “
“അയ്യോ, ഞാനൊന്നു പോയി നോക്കാം.. “
“നീ സൂക്ഷിക്കണേ, കാർ ഏറ്റവും പിറകിലായി നിർത്തിയിട്ടിരിക്കുവാണ്. “
“നീ പോയി പപ്പയെ ഒന്ന് ബ്ലോക്ക് ചെയ്യൂ ഞാൻ അവനെ നോക്കി വരാം. “
ആരുടെയും കണ്ണിൽ പെടാതെ അനുപമയുടെ കാറിനടുത്തേയ്ക്കു ദേവി നടന്നു. അവൾ ശബ്ദമുണ്ടാക്കാതെ ഡിക്കി തുറന്ന് നോക്കി. അതിൽ ആരുമില്ലായിരുന്നു. ദേവിക്ക് പേടിയായി. വീട്ടിൽ നിന്നും ഗേറ്റ് വരെ അരകിലോമീറ്ററോളം ദൂരമുണ്ട്. അവിടേയ്ക്കു എങ്ങാനും രക്ഷപെട്ടു പോയി കാണുമോ?”
തൂവെള്ള ചുരിദാറിൽ വളരെ മനോഹരിയായ ദേവി ആ ഇരുട്ടിൽ പോലും ദേവതയെ പോലെ തിളങ്ങി നിന്നു. പെട്ടെന്ന് ആരോ അവളുടെ വാ പൊത്തി പിടിച്ചു. അവൾ കുതറാൻ ശ്രമിച്ചപ്പോൾ അവളുടെ വയറിനു കുറുകെ വളരെ മൃദുലമായ ഒരു കൈയുടെ സ്പർശനം. അപ്പോൾ തന്നെ അവൾക്കു ആ കൈ ആരുടെതെന്ന് മനസിലായി.
“നീ പുറത്തിറങ്ങിയതെന്തിനാ. ആരേലും നിന്നെ കണ്ടിരുന്നെങ്കിലോ “
“ഞാൻ ഇതിൽ ഇരുന്നു വെന്തു പോയി, എന്തൊരു ചൂടാണ് “
“എന്റെ ജനലിന്റെ അടുത്ത് വന്നു കൂടായിരുന്നോ?”
“ഞാൻ വന്നു നോക്കി. നിന്നെ അവിടെയൊന്നും കണ്ടില്ല. ഞാൻ പിന്നെ ഈ ചാമ്പ മരത്തിൽ കയറിയിരുന്നു. എല്ലാവരും വരുന്നതും പോകുന്നതും നോക്കി. ആ മുറ്റത്തു നിന്ന ബുൾഗാൻ താടിയല്ലേ മാത്യൂസ്, ഞാനയാളെ ഒരിക്കലും മറക്കില്ല. ദുഷ്ടൻ… “
“നീ വാ നിനക്ക് വിശക്കുന്നില്ലേ. ഞാൻ അടുക്കള വാതിൽ തുറന്നിടാം, നീ പിന്നിലൂടെ വന്നു എൻ്റെ മുറിയിൽ കയറണം. ഞാൻ അവിടെ വരാം. “
മുറ്റത്തു നിന്നവരെയൊന്നും ഗൗനിക്കാതെ ദേവി ഉമ്മറത്തേക്ക് കയറി പോയി.
“ദേവൂ, നീ ഈ ഇരുട്ടത്ത് എവിടെ പോയി. “
മാത്യു ആയിരുന്നു ചോദ്യകർത്താവ്. അയാളവളെ സംശയത്തോടെ നോക്കി.
“എൻ്റെ കൂട്ടുകാരികളെ പറഞ്ഞയക്കാൻ… “
“ഉം. “
അവൾ പിന്നിലെ വാതിൽ മെല്ലെ തുറന്നിട്ടു. ഹാളിൽ അതിഥികൾ ഭക്ഷണം കഴിക്കുകയാണ്. അടുക്കളയിലും സ്റ്റോർ റൂമിലും സുമതി ജോലിത്തിരക്കിലാണ്. ഇനിയെന്ത് ചെയ്യും?അവൾ കൈലാസന്റെ മുറി തുറന്നു, അതിന്റെ ഒരു വാതിൽ കായലിന്റെ വശത്തേയ്ക്ക് തുറക്കുന്നതാണ്. അവൾ വാതിൽ മെല്ലെ തുറന്നിട്ടു, പക്ഷെ നിധിൻ എങ്ങനെ അറിയും ഇത് വഴിയാണ് അകത്ത് കയറേണ്ടതെന്ന്?അവനടുക്കള വാതിൽ തുറക്കുന്നത് സുമതി കണ്ടാൽ? ദേവിക്ക് പേടി തോന്നി.
അനുപമയെ വിളിക്കാം, അവൾക്കു നല്ല പ്രാക്ടിക്കൽ ബുദ്ധിയാണ്. ഹാളിൽ നിന്ന അനുപമയുടെ ചെവിയിൽ ദേവി കാര്യം പറഞ്ഞു. അനുപമ അടുക്കളയുടെ പിൻഭാഗത്തേയ്ക്കു നടന്നു. കൂടെ സുമതിയും, അവരങ്ങനെയാണ് ആരേയും വിശ്വാസമില്ല, ശരിക്കും ശല്യക്കാരിയാണ്. ദൂരെ ഇരുട്ടത്ത് നിഴൽ അനക്കം കണ്ടു അനുപമ കൈ കായലിനരികിലേയ്ക്ക് ചൂണ്ടി. അടുക്കള വാതിൽ അകത്തു നിന്നും അടച്ചു പൂട്ടി.
എന്തോ അപകടം മനസ്സിലാക്കിയ നിധിൻ ഇരുട്ടിന്റെ നിഴൽ പറ്റി വീടിനോടു ചേർന്ന് നടന്നു. ഇരുട്ടത്ത് കണ്ട വാതിലിൽ മെല്ലെ തള്ളിയപ്പോൾ അത് തുറന്നു വന്നു. മുറിയിൽ നിറയെ ഇരുട്ടാണ്. ഉപയോഗിക്കാതെയിരുന്ന മുറിയുടെ പൊടിമണം അവൻ്റെ മൂക്കിലടിച്ചു. അവൻ പേടിച്ചു മുറിയിൽ കയറിയപ്പോൾ ആരോ തന്നെ വലിച്ചു മാറോടു ചേർക്കുന്നതറിഞ്ഞു. ആ മണമിപ്പോൾ അവന് പരിചിതമാണ്. ആ വസ്ത്രങ്ങളുടെ നൈർമല്യം അവനെ കോരിത്തരിപ്പിച്ചു.
“ഇവിടെയിരിക്കൂ. ഞാൻ പുറത്തു പോയി നോക്കിയിട്ടു വരാം. “
അവനെ ഉമ്മ വച്ച് കൊണ്ട് ദേവി പറഞ്ഞു.
അവനൊരു അലമാരയുടെ പിറകിൽ ഒളിച്ചു. ഇരുട്ടത്ത് അവൾ മെല്ലെ മറഞ്ഞു.
വിരുന്നുകാർ ഒക്കെ മടങ്ങി തുടങ്ങി. എല്ലാവരും മടങ്ങിയിട്ടും അനുപമയും ദേവിയുടെ വീട്ടുകാരും മടങ്ങിയില്ല.
അപ്പോഴാണ് ഒരു പോലീസ് ജീപ്പ് ഗേറ്റ് കടന്നു വന്നത്. ഇൻസ്‌പെക്ടർ സഞ്ജീവ് അനൗദ്യോഗിക വേഷത്തിൽ പുറത്തിറങ്ങി. ദേവി ഭയന്ന് വിറച്ചു കൊണ്ട് അനുപമയുടെ പിറകിൽ ചെന്ന് നിന്നു. പേടിച്ച് വിരണ്ടു അനുപമയുടെ ചെന്നികളിലൂടെ വിയർപ്പൊഴുക്കി. നിധിൻ ഉണ്ടെന്നു അറിഞ്ഞു കൊണ്ടുള്ള വരവാണ്. ഇൻസ്‌പെക്ടറുടെ മുഖത്തെ കള്ള ലക്ഷണം കണ്ടു ദേവി വിചാരിച്ചു.
ടീച്ചറമ്മ സീനിൽ വന്നത് സന്ദർഭത്തിന്റെ ഗൗരവത്തിനു അയവു വരുത്തി.
“ക്ഷമിക്കണം ടീച്ചറെ, ഒരു മൂന്നാർ ട്രിപ്പ് കഴിഞ്ഞു മടങ്ങി വന്നതേയുള്ളു, അതാ ലേറ്റ് ആയത്. “
അനുപമ ആശ്വാസത്തോടെ കസേരയിൽ ഇരുന്നു. ടീച്ചറമ്മ ദേവിയെ നോക്കി ഇങ്ങനെ പറഞ്ഞു.
“ഇന്നത്തെ വിരുന്നിൽ പങ്കെടുക്കാൻ ഞാൻ സഞ്ജീവിനെ ക്ഷണിച്ചിരുന്നു. “
“വൈകി ആണെങ്കിലും നീ വന്നല്ലോ സഞ്ജീവേ, സന്തോഷം. “
ടീച്ചർ അയാൾക്കൊപ്പം ഭക്ഷണത്തിനു ഇരുന്നപ്പോൾ ദേവിയുടെ അമ്മയും പപ്പയും സുമതിയുമായി യാത്ര പറഞ്ഞ് പോയി.
നിധിനെ ടീച്ചറമ്മയെ പരിചയപ്പെടുത്താൻ കൊണ്ട് വന്നത് വെറുതെയായി. അനുപമയ്‌ക്ക് മടങ്ങാൻ സമയമായി. സഞ്ജീവിന്റെ മുൻപിൽ വച്ച് അവനെ കാറിൽ കടത്തി ഇരുത്താനും വയ്യ. അവന് കഴിക്കാൻ ഒന്നും കൊടുത്തതുമില്ല.
“ഇനിയിപ്പോൾ എന്ത് ചെയ്യും അനൂ. “
സഞ്ജീവ് യാത്ര പറഞ്ഞു പോയി. ദേവിയെ നോക്കി അയാൾ മനോഹരമായി പുഞ്ചിരിച്ചു. ദേവിയുടെ ചുറ്റും അയാളൊന്ന് കറങ്ങി, യാത്ര പറയാൻ മടിക്കുന്നത് പോലെ അയാൾ ഉമ്മറത്ത് തന്നെ നിന്നു. ഒടുവിൽ അയാൾ വാച്ചിലെ സമയം നോക്കി സ്ഥലം കാലിയാക്കി.
“ദേവീ സഞ്ജീവിനു നിന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഒരു സൂചന നൽകി. “
“എന്നിട്ട് ടീച്ചറമ്മ എന്ത് പറഞ്ഞു. “
“ഒരു വർഷം കഴിയട്ടെ എന്ന്. “
അനുപമ പെട്ടെന്ന് വിഷയം മാറ്റി.
“ടീച്ചറെ, മുറിയിൽ നിധിൻ ഉണ്ട്. ടീച്ചറെ കാണാൻ വന്നതാണ്. ഞങ്ങൾക്ക് പെട്ടെന്ന് മടങ്ങണം, നേരം ഏറെ വൈകി. “
അവർ മൂന്നുപേരും കൈലാസന്റെ മുറിയിൽ ചെല്ലുമ്പോൾ ഇരുട്ടത്ത് ഭക്ഷണം കഴിക്കുന്നു നിധിൻ. മൂന്നുപേരും പൊട്ടിച്ചിരിച്ചു.
“ഇതാരാ ഇവിടെ ഭക്ഷണം കൊടുത്തത്. കൈലാസന് അതൊന്നും ഇഷ്ടമാകില്ല. “
“ഞാൻ ഇടയ്ക്ക് വന്ന് നിധിനെ കണ്ടിരുന്നു, ഞങ്ങൾ സംസാരിച്ചു. എനിയ്ക്കു നിധിനെ ഇഷ്ടമായി. പിന്നെ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ച കാര്യം, നീ പേടിയ്‌ക്കേണ്ട ദേവി, ഞാൻ എന്ത് ചെയ്താലും എന്റെ മോന് ഇഷ്ടമാകും. “
ടീച്ചർ നിധിന്റെ മുടിയിഴകളിൽ തലോടി.
“നിങ്ങൾ ഉമ്മറത്ത് പോയി നിന്നോളൂ. ഞാൻ ഇവനെ ഈ വഴി തന്നെ കടത്തി വിടാം. പിന്നെ അനുപമേ സൂക്ഷിക്കണേ, ചുറ്റും ശത്രുക്കളാണ്. ഇവളെ ഇനി നോക്കാൻ നിങ്ങൾ രണ്ടു പേരും മാത്രമേയുള്ളു. “
ടീച്ചറോട് യാത്ര പറഞ്ഞു അനുപമ കാറിനടുത്തേയ്ക്കു പോയി. ഉമ്മറത്ത് അവർ സംസാരിക്കുന്ന സമയം കൊണ്ട് ഇരുട്ടിൻ്റെ മറവിൽ നിധിന് കാറിന്റെ ഡിക്കിയിൽ കയറി പറ്റണം. അതാണ് വ്യവസ്ഥ. കുനിഞ്ഞു ടീച്ചറമ്മയുടെ കാലിൽ തൊട്ട് തൊഴുത് കൊണ്ട് നിധിൻ ഇരുട്ടത്ത് ഓടി മറഞ്ഞു.
(തുടരും… )
✍️✍️നിഷ പിള്ള
അനുപമ അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ദേവി വാതിലിൽ നോക്കി നിന്നു. നിധിന് കാറിന്റെ ഡിക്കിയിൽ കയറാൻ കഴിഞ്ഞു കാണുമോ? അവർ സുരക്ഷിതമായി എത്തുന്നതുവരെ ടെൻഷനാണ്.
“ദേവി, വഴിയിൽ പോലീസ് ചെക്കിങ്ങ് വല്ലതും ഉണ്ടായാലോ?”
“ഒന്നും ഉണ്ടാകില്ല ടീച്ചറമ്മേ. അനു അതൊക്കെ മാനേജ് ചെയ്തോളും. അവൾക്കു സമൂഹത്തിൽ ഒരു ഫിലിം സ്റ്റാറിന്റെ ഭാര്യ എന്ന പ്രിവിലേജ് കൂടി ഉണ്ടല്ലോ.”
പിറ്റേന്ന് രാവിലെ ആരുടെയും അകമ്പടിയില്ലാതെയാണ് ടീച്ചറമ്മ ആശ്രമത്തിലേക്കു യാത്രയായത്. ബസ് സ്റ്റാൻഡ് വരെ ദേവി ടീച്ചറെ അനുഗമിച്ചു. ജീവിതത്തിലെ മറ്റൊരു കൂട്ട് കൂടി അവൾക്ക് നഷ്ടപ്പെട്ടു.
“തൽക്കാലം ഈ വീട് പൂട്ടിയിട്ടു അമ്മയുടെ അടുത്തേയ്ക്കു മടങ്ങുക.”
“ഞാൻ ആ വീട്ടിലേക്ക് പോകില്ല ടീച്ചറമ്മേ, എനിക്കവരുമായി യോജിച്ചു പോകാനാവില്ല. പിന്നെ നിധിനെ എനിക്ക് സംരക്ഷിക്കണം. ഞാൻ ദേവലോകത്തേയ്ക്കു പോകാൻ തീരുമാനിച്ചു. ഒരു പ്രശ്നമേയുള്ളു. സുമതി എന്നോടൊപ്പം വരുമെന്നത്.”
ദേവലോകത്തിലെ താമസക്കാരിയായി ദേവി എത്തിച്ചേർന്നത് മുതൽ അവളുടെ ജീവിതം വീണ്ടും ടെൻഷൻ നിറഞ്ഞതായി.
രാവിലെ ഓഫീസിൽ നിന്നും കോടതിയിലേക്ക് ഇറങ്ങാൻ തുടങ്ങിയതേയുള്ളു. ഓഫീസിന് മുൻപിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. ഇൻസ്‌പെക്ടർ സഞ്ജീവും മൂന്ന് പോലീസുകാരും ഇറങ്ങി.
“ദേവി ക്ഷമിക്കണം, മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ട്, നിധിന്റെ തിരോധാനം ആരെയൊക്കെയോ പേടിപ്പിക്കുന്നുണ്ട്. ഇതൊരു ഒഫീഷ്യൽ പ്രൊസീജ്യർ മാത്രമാണ്.”
അവർ ഓഫീസ് മുഴുവൻ അരിച്ചു പെറുക്കി. ക്യാമറയുട ഹാർഡ് ഡിസ്കിൻ്റെ കോപ്പിയെടുത്തു മടങ്ങി. പോകാൻ നേരം സഞ്ജീവ് ശബ്ദം താഴ്ത്തി ദേവിയോട് പറഞ്ഞു.
“ദേവിയുടെ വീടും പരിശോധിക്കാൻ സാധ്യതയുണ്ട്.”
സഞ്ജീവ് ദേവിയോടുള്ള അയാളുടെ താൽപര്യം വാക്കുകളിലൂടെ പ്രകടമാക്കി.
പോലീസ് പോയതിനു പിറകെ ദേവി ഓഫീസ് മുറി മുഴുവൻ പരിശോധിച്ചു. അവളുടെ മേശയുടെ അടിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു ചെറിയ മൈക്രോഫോൺ ശ്രദ്ധയിൽ പെട്ടു. അവളതു ഊരി മാറ്റി ഓഫ് ചെയ്ത് തന്റെ ബാഗിൽ വച്ചു.
ഇതെങ്ങനെ തന്റെ റൂമിലെത്തി?ആരൊക്കെയോ തന്റെ പിറകിലുണ്ട്. താനുമായി ബന്ധപെട്ടവരെയൊക്കെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ടീച്ചറമ്മയും അനുപമയും.
“നിധിനെ ഇനി എവിടെ ഒളിപ്പിക്കും?”
അനുവിൻ്റെ ഫോണിപ്പോൾ നിരീക്ഷണത്തിലായിരിക്കും. വീട്ടിലെ പരിശോധന കുഴപ്പമില്ല. ക്യാമറയുടെ ഹാർഡ് ഡിസ്ക് നിധിന്റെ ബാഗിലാണ്. പക്ഷേ അവന്റെ ജീവൻ അപകടത്തിലാണ്.
“നിധിനെ ഉടനെ അവിടെ നിന്നും മാറ്റണം.”
ഈ വിവരം അനുപമയെ എങ്ങനെ അറിയിക്കും? ഉടനെ അറിയിച്ചില്ലെങ്കിൽ അപകടമാണ്. ആരോട് സഹായം ചോദിക്കും, ആരെ വിശ്വസിക്കും?കുറെ ആലോചിച്ചിട്ടും അവളുടെ മനസ്സിൽ ഒരു വഴി തെളിഞ്ഞില്ല.
“ആതിരേ, എനിക്ക് തല കറങ്ങുന്നത് പോലെ, നമുക്കൊന്നു ഡോക്ടറെ കണ്ടിട്ട് വന്നാലോ?”
“അയ്യോ എന്ത് പറ്റി മാഡം.”
“പോലീസും പരിശോധനയും… ടെൻഷൻ കയറിയതാണ്. വീട്ടിലറിയിച്ചാൽ അമ്മ പേടിക്കും, അരുമറിയണ്ട താൻ എന്റെ കൂടെയൊന്നു വരണം. എനിക്ക് കാറോടിയ്ക്കാൻ വയ്യ. തന്റെ കാറിൽ പോയി വരാം.”
“രാഹുലിനെ വിളിക്കാം മാഡം.”
“അതൊന്നും വേണ്ട, പോകുന്ന വഴിക്കു രാഹുലിനെ വിളിച്ചു കാര്യം പറയാം. രാഹുൽ ഇവിടെ വേണം. ഇവിടെ എല്ലാം സാധാരണ പടി നടക്കണം. പോലീസിൻ്റെ പരിശോധനയൊന്നും ഓഫീസിൻ്റെ പ്രവർത്തനത്തെ ബാധിക്കരുത്.”
കാറിൽ മെട്രോ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഡോക്ടർ സൂരജിനെ കാണുകയെന്നതായിരുന്നു ദേവിയുടെ ലക്‌ഷ്യം. സൂരജിനോട് സംസാരിച്ചു ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. അതിനു ആദ്യപടി അയാളുടെ രോഗി ആയി മാറുകയെന്നതാണ്. ഡോക്ടർ സൂരജിനെ ഫോണിൽ വിളിച്ചപ്പോൾ
ഓ പി യിലെ ടോക്കണുകളുടെ ക്രമം മറികടന്നു അകത്തുകയറാൻ പറ്റി.
“എന്താ ദേവി? എന്ത് പറ്റി തനിക്ക്?”
സൂരജ് സീറ്റിൽ നിന്നും എഴുന്നേറ്റ് ദേവിയുടെ അടുത്തേയ്ക്കു വന്നു.
“എന്നെ രക്ഷിക്കണം സൂരജ്. എനിക്ക് സൂരജിനോടൊന്നു തുറന്നു സംസാരിക്കണം. ടെൻഷൻ സഹിക്കാൻ വയ്യ. ഇന്നത്തെ പ്രശ്നം വല്ലാത്ത തലകറക്കമാണ്.”
“നോക്കിയിട്ടു ഒരു കുഴപ്പവും കാണുന്നില്ലല്ലോ. ബ്ലഡ് പ്രഷർ നോർമ്മലാണ്, എന്തായാലും വന്നതല്ലേ, നമുക്കൊന്നു വിശദമായി പരിശോധിക്കാം. ടെസ്റ്റുകൾ എല്ലാം ചെയ്യാം. ലാബിലേക്ക് ചെന്നോളൂ. ഞാനിപ്പോൾ വിളിച്ചു പറയാം. കൈലാസന്റെ സുഹൃത്തായ മീനാറാണി അവിടെയുണ്ട്.”
താഴെ ലാബിൽ എത്തിയപ്പോഴേക്കും ദേവിയുടെ അടുത്തേയ്ക്കു മീനാറാണി ഓടിയെത്തി.
“ദേവി സുഖമല്ലേ.”
“എന്ത് സുഖമാണ് ചേച്ചി.”
കുശല പ്രശ്നങ്ങൾക്കിടക്കു മീനാറാണി രക്തമെടുത്തു പരിശോധനയ്ക്കു കൊടുത്തു.
“എന്റെ ഫോൺ പുറത്തു ആതിരയുടെ കയ്യിലാണ്, ചേച്ചി ആ ഫോണൊന്ന് തരാമോ, എനിക്ക് അമ്മയെ ഒന്ന് വിളിക്കാനാണ്.”
മീനറാണിയുടെ ഫോണിൽ അവളൊരു നമ്പർ ഡയൽ ചെയ്തു. മറുവശത്തു നിന്നും ഒരു പുരുഷ ശബ്ദം”ഹലോ” പറഞ്ഞു.
ദേവി ശബ്ദം താഴ്ത്തി ഇങ്ങനെ പറഞ്ഞു.
“ഇവിടെ പോലീസ് പരിശോധനയുണ്ടായി. അനുവിനോട് പറഞ്ഞിട്ട് നീ അവിടെ നിന്നും ഉടൻ മാറണം.”
ദേവി ഫോൺ കട്ട് ചെയ്തു.
“ദേവി, റിസൾട്ട് കിട്ടാൻ അരമണിക്കൂർ താമസമുണ്ട്. വേണമെങ്കിൽ ദേവിയ്ക്ക് നഴ്സസ് റൂമിൽ വിശ്രമിക്കാം.”
“വേണ്ട ചേച്ചി, ഞാൻ ആതിരയുടെ കൂടെ പുറത്തു കാത്തിരിക്കാം.”
ദേവി മടങ്ങി ചെല്ലുമ്പോൾ ആതിര ഫോണിലായിരുന്നു.
“ആരായിരുന്നു ആതിരേ.”
“മാഡത്തിന്റെ അമ്മയാണ്. മാഡത്തിന് എന്ത് പറ്റിയെന്ന്”
“അമ്മയെങ്ങനെ അറിഞ്ഞു നമ്മൾ ആശുപത്രിയിൽ വന്നത്?”
“പോലീസ് ഓഫീസിൽ വന്ന കാര്യം മാഡത്തിന്റെ പപ്പാ അറിഞ്ഞിട്ടു വിളിച്ചതാണ്. മാഡം ഓഫിസിൽ ഇല്ലാത്ത കാര്യം സ്റ്റാഫ് ആണ് പറഞ്ഞത്. മാഡത്തിന്റെ അമ്മ ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.”
റിസൾട്ട് വന്നു. ഡോക്ടർ സൂരജിന്റെ മുറിയിൽ വീണ്ടുമെത്തി.
“പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എന്നാലും തനിക്കിപ്പോൾ ശാരീരികമായും മനസികമായും നല്ല വിശ്രമം ആവശ്യമാണ്.”
തല്ക്കാലം എല്ലാത്തിൽ നിന്നും വിട്ടു നിൽക്കണമെന്നു ദേവിയ്ക്ക് തോന്നി. എന്നാലേ അടുത്ത മുന്നേറ്റത്തിനുള്ള തയാറെടുപ്പ് നടത്താൻ കഴിയൂ. മാനസികമായി കൂടുതൽ തയാറെടുക്കണം.
“ദേവിയ്ക്ക് വേറെ കുഴപ്പമൊന്നുമില്ല. വെറുതെ പേടിയ്ക്കുന്നതാണ്. പഴയ ഓർമ്മകൾ ട്രോമകളായി മനസ്സിൽ കിടക്കുന്നതു കൊണ്ടാണ്. പക്ഷെ ദേവിയെ പോലൊരു വക്കീൽ, വളരെ മനക്കട്ടിയുള്ളവൾ ആണെന്നാണ് ഞാൻ കരുതിയത്. ഞാൻ കുറച്ചു വിറ്റാമിൻ ഗുളികകൾ തരുന്നുണ്ട്. അത് കഴിക്കൂ, എല്ലാം ശരിയാകും. പിന്നെ എന്നും നല്ലത് പോലെ ഉറങ്ങാൻ ശ്രമിയ്ക്കണം..”
ദേവി അനുസരണയോടെ തലയാട്ടി.
“ഈ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകുന്നെങ്കിൽ നല്ലൊരു ക്ലിനിക്കൽ കൗൺസിലറെ കാണണം. ഞാനൊരാളുടെ വിലാസം തരാം. ഒന്ന് കണ്ടു സംസാരിക്കു.”
ഡോക്ടറുടെ മുറിക്കു പുറത്തു തീ പിടിച്ചപോലെ ദേവിയുടെ അമ്മ നില്ക്കുന്നു, ഒപ്പം പപ്പയായ മാത്യൂസും. രണ്ടുപേരും ആതിരയോട് ഗൗരവമായി സംസാരിക്കുകയാണ്. ദേവി അടുത്തേയ്ക്കു ചെന്നതും അവളുടെ അമ്മ അവളുടെ നേരെ ദേഷ്യം കൊണ്ട് ചീറി അടുത്തു.
“എല്ലാം കഴിഞ്ഞു ഒന്ന് സമാധാനത്തോടെ ജീവിച്ചു വരികയായിരുന്നു അപ്പോഴാണ് അടുത്തത്. വയസ്സുകാലത്തു ഞാൻ ഇനി എന്തൊക്കെ കാണണം.”
“ഞാൻ എന്ത് ചെയ്‌തെന്നാണ് അമ്മ പറയുന്നത്?”
“എന്ത് ചെയ്തെന്നോ?നീ മൂന്നാറിൽ പോയി വന്നതിന്റെ ഫലമാണ് ഈ റെയ്ഡ്.”
“എന്റെ യാത്രയും റെയ്ഡുമായി എന്ത് ബന്ധമാണ്. റെയ്ഡ് ചെയ്തവർ വെറുകയ്യുമായിട്ടാണ് മടങ്ങിയത്.”
“നീ താമസിച്ച ഹോട്ടലിലെ ഏതോ ഒരു പയ്യൻ മിസ്സിംഗ് ആണത്രേ. അവനും നീയുമായി ബന്ധമുണ്ടത്രെ. പോലീസിന്റെ കയ്യിൽ അതിനൊക്കെ തെളിവുണ്ടെന്ന്.”
“ഞാൻ താമസിച്ചിരുന്ന ഹോട്ടലോ? പപ്പയുടെ മക്കളുടെ പേരിലുള്ള ഹോട്ടൽ, അതിൽ പപ്പയും പാർട്ട്ണർ ആണല്ലോ. ആ പയ്യനെ കാണാതായ പരാതി പോലീസിൽ കൊടുത്തത് മാനേജ്മെന്റാണെന്ന് അമ്മയ്ക്കറിയാമോ?. അവർക്കറിയാമായിരിക്കും അവൻ എവിടെയാണെന്ന്. അവനെന്തു സംഭവിച്ചെന്ന്.”
ദേവിയുടെ ഒച്ചയുയർന്നു, ശ്വാസഗതി വേഗത്തിലായി, നാക്ക് കുഴഞ്ഞു വന്നു. അവൾ അബോധാവസ്ഥയിൽ മറിഞ്ഞു വീണു. അവളെ ആരൊക്കെയോ താങ്ങിയെടുത്ത ഡോക്ടർ സൂരജിന്റെ ഓ പി യിലേക്ക് കൊണ്ട് പോയി. ട്രിപ്പിട്ടു അവളെ അടിയന്തിരമായി ഒബ്സർവേഷനിലാക്കി.
“ആള് നോർമ്മലല്ല. പഴയ കാര്യങ്ങളൊക്കെ വളരെയേറെ ആലോചിച്ചു കൂട്ടുണ്ടുണ്ട്. വെറുതെ ആൾക്ക് ടെൻഷൻ കൊടുക്കേണ്ട.”
ദേവിയുടെ അമ്മയോട് ഡോക്ടർ സൂരജ് പറഞ്ഞു.
ആശുപത്രിയിൽ നിന്നും ദേവിയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ട് പോകാൻ അമ്മ വളരെ ശ്രമിച്ചു. എന്നാൽ ദേവി അതിനു വഴങ്ങിയില്ല. കാറിൽ വച്ച് അവൾ അമ്മയോട് ദേഷ്യപ്പെട്ടു. അമ്മയെ കുഴപ്പിക്കാനായി അവൾ കരയാനും അട്ടഹസിക്കാനും തുടങ്ങി, ചില മാനസിക ലക്ഷണങ്ങൾ.
ഒടുവിൽ അമ്മ അവളുടെ വാശിക്ക് വഴങ്ങി കൊടുത്തു. ദേവി സുമതിയോടൊപ്പം ദേവലോകം വീട്ടിലേയ്ക്കു മടങ്ങി. ആതിരയോട് ഇക്കാര്യങ്ങൾ അനുപമയെ അറിയിക്കാൻ നേരത്തെ ദേവി ചട്ടം കെട്ടിയിരുന്നു.
വൈകിട്ട് അനുപമ കാണാൻ വന്നപ്പോഴാണ് ദേവിക്ക് സമാധാനമായത്. സുമതിയുടെ കണ്ണ് വെട്ടിക്കാനും രഹസ്യങ്ങൾ അവരുടെ ചെവിയിൽ പെടാതിരിക്കാനും അത്ര എളുപ്പമല്ല. സുമതിയെ പുറത്താക്കി ദേവി വാതിലടച്ചു.
“അനു പോലീസ് എപ്പോൾ വേണമെങ്കിലും നിന്റെ അടുത്ത് എത്താം.”
“നീ പേടിയ്ക്കാതെ പ്രണവ് മടങ്ങി വന്നിട്ടുണ്ട്, ഞാൻ അവനെ സുരക്ഷിതമായി ഒരു സ്ഥലത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.”
“എവിടേയ്ക്ക്?”
“തല്ക്കാലം അത് നീയറിയണ്ട. നിനക്കെന്താ പറ്റിയത്. നീ പഴയതു പോലെയാകണം. നിനക്കിപ്പോൾ നല്ല വിശ്രമം ആവശ്യമാണ്.”
“ഞാനൊരു വക്കീലല്ലേ മോളെ, സ്വയം രക്ഷ നേടാൻ ഒരു മെൻ്റൽ ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് നല്ലതല്ലേ.”
“അപ്പോൾ?.”
“എനിക്ക് ഒരു കുഴപ്പവുമില്ല.”
രണ്ട് പേരും പൊട്ടിച്ചിരിച്ചു.
അനുപമ യാത്ര പറഞ്ഞു പോകുമ്പോൾ ദേവിയുടെ കണ്ണ് നിറഞ്ഞു. നിധിനെവിടെയാണ്??
(തുടരും… )
നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -16 - By Nisha Pillai - കൂട്ടക്ഷരങ്ങൾ