ഞാന്ന് കിടക്കണ ന്തോ കാട്ടി തന്ന്, അന്നെനിക്ക് ഒന്നും തോന്നീല. ഈ ഇരുട്ടത്ത് പരിചയോള്ള കൈ ആഞ്ഞമർത്തി പുറംതൊട്ട് അരവശം വരെ, ഊരയ്ക്ക് അടുത്തെത്തി തോണ്ടി. ഒന്നും തോന്നീല. പിറ്റേന്ന് കുളിച്ചോണ്ടിരുന്നപ്പോ അമ്മോട് ചോദിച്ച്,
”ന്താമ്മേ ഈ ഞാന്ന് ഇവിടെ കിടക്കണത്, ന്തിനാമ്മേ ഊരയ്ക്ക് തോണ്ടിയത്?”
കണ്ണ് ഉരുട്ടി ഉരുട്ടി നോക്കി മുഖത്തോട്ട് വെള്ളം ഗുമുഗുമാ ഒഴിച്ച്, വായടപ്പിച്ച്. അമ്മയ്ക്കും അറിയുല്ലായിരിക്കും. അതാകുമെന്നും അതുകൊണ്ടാകുമെന്നും കരുതി.
ആർക്കും ഇല്ലാത്ത അയാൾക്ക് മാത്രമുള്ള ന്തോ ഒന്നാണ്, അതാണത്, ആ ഞാന്ന് കിടക്കണത്. അന്ന് കിടന്നപ്പോ ഓർത്ത്, പലതും. ദേഹം അരിച്ചു കേറി. പരിചയോള്ള മണം. ഉപ്പുരസം. പിന്നെ ഉറങ്ങി.
കാലം പോയപ്പോ നെഞ്ചുന്തി. കൂർത്ത നെഞ്ചിലേക്ക് ആഴ്ന്ന് നോക്കി പിന്നെ പിന്നെ വന്ന്. അന്ന് ഒന്നും തോന്നാതിരുന്നില്ല.തോന്നി, അറപ്പ്, കയ്പ്പ്, ചവർപ്പ് അങ്ങനെ അങ്ങ് കടിച്ചിറക്കി. ഞാന്ന് കിടന്നത് ഉടുതുണി മാറ്റി കാണിച്ച നേരം ഉളി പോലൊരു മൂർച്ച എടുത്തെറിഞ്ഞ്. ഉന്നം തെറ്റി, കാർക്കിച്ചു ആഞ്ഞാലറി തുപ്പി. അന്നാണ് കാർക്കിച്ചു തുപ്പാൻ പഠിച്ചത്. പിന്നെയും രാത്രിയെന്നില്ല പകലെന്നില്ല; കാറി കാറി തുപ്പിക്കൊണ്ടേ ഇരുന്നു. അങ്ങനെയാ അവരെന്റെ നാവും കണ്ണും ഉളി പോലുള്ള മൂർച്ചയും അറുത്ത് മാറ്റിയത്. എല്ലാവരും മാറി മാറി പറഞ്ഞത് അച്ഛനല്ലേന്നാണ്.
അച്ഛൻ ഇങ്ങനല്ലെന്നും ഈ അച്ഛനെ വേണ്ടെന്നും പറഞ്ഞയന്ന് ദുരിതം. അവസാനിച്ച്!
”അമ്മ ഇനി കരയരുത്. അർഹത ഇല്ല. വായടഞ്ഞിട്ടുണ്ട് എന്റെ. പേടിയ്ക്കണ്ട. എന്നെ വരിഞ്ഞു കെട്ടി മൂർച്ചയുള്ള ഉളി കാട്ടിലെറിഞ്ഞ നിങ്ങൾ, നിങ്ങളെന്റെ ശവം തിന്നണം. അടങ്ങട്ടെ, ഞാൻ ഒതുങ്ങിയല്ലോ. ശേഷിച്ച ശവത്തെ പച്ച മണ്ണിലേയ്ക്ക് എറിയണം. അഴുകി പടരും. ചീഞ്ഞളിയുന്ന നെഞ്ചില് നാട്ടുമാവ് കിളിർക്കും. പുഴുക്കുത്തേറ്റ നാട്ടുമാവ്. ഉയരും, ശബ്ദമങ്ങനെ. അടക്കം ചെയ്ത ആ രാത്രിലെ മഴ ഇന്ന് പെയ്യുമ്പോ ആഞ്ഞാടി ഉലഞ്ഞാടി പുരപ്പുറത്തിന്റെ ഉച്ഛി നോക്കി ഞാൻ ഉളി എറിയും. പിതൃക്കൾക്ക് ന്റെ ശേഷക്രിയ. ഇടിത്തീ പോലൊരു പിണ്ഡം നാഭിയിലും നെഞ്ചിലും ഞാനും വെയ്ക്കും. കാർക്കിച്ച് തുപ്പും. കാറും കൂവും. തൊട്ടാൽ എറിയും. അറുത്തെടുക്കും. പിന്നെ ശേഷക്രിയ!”– ചഞ്ചൽ അനസൂയ


8 Comments
😞😞😞
മൂർച്ചയുള്ള ഏറ്, എഴുത്ത് ഉന്നത്തിൽ തറച്ചു.
👌👏
വളരെ നന്ദി ♥️
എഴുത്ത് 👌
Thank you ♥️
ഉളിയെ പോലെ മൂർച്ചയുള്ള അക്ഷരങ്ങളും 👌
thank you ♥️
👍👍