മാറേണ്ടത് ആര്? മാറ്റം തുടങ്ങേണ്ടത് എവിടെ നിന്ന്? സമൂഹം മാറണോ? കുട്ടികൾ മാറണോ? രക്ഷിതാക്കൾ മാറണോ? ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ മാറ്റം അനിവാര്യമാണ്. മാറ്റം തുടങ്ങേണ്ടത് നമ്മുടെ കുടുംബത്തിൽ നിന്നാണ്.
ഇന്നിപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ലഹരിയും കൊലപാതകവും പീഡനവും ആണ്. അതിൽ ഏറെ കഷ്ടവും ശ്രദ്ധേയവുമായ കാര്യം പ്രതികളെല്ലാം തന്നെ കുട്ടികളാണ്, ഏറിയാൽ 22 വയസ്സ്. അതിൽ താഴെയും ഭൂരിഭാഗവും പോലീസിന്റെ മുൻപിൽ പോലും യാതൊരു കുറ്റബോധവും ഇല്ലാതെയാണ് കുട്ടികൾ നിൽക്കുന്നത്.
നമ്മുടെ സമൂഹം, കുടുംബം എന്ന കെട്ടുറപ്പിലാണ് നിലനിൽക്കുന്നത്. ഇന്ന് കുടുംബങ്ങളിൽ ഒരുമിച്ചുള്ള ഭക്ഷണരീതിയോ സംസാരമോ ഉണ്ടോ? രണ്ടു വയസ്സു മുതൽ 80 വയസ്സ് വരെയുള്ളവർ സ്മാർട്ട് ഫോൺ ഉണ്ട്. എല്ലാവരും സ്മാർട്ട് ഫോണിൽ തലയും കുമ്പിട്ടിരിക്കും. ഫോൺ തുറക്കാൻ ഒരു ലോക്കും ഉണ്ടാകും, അപ്പോൾ തീർന്നില്ലേ കാര്യം. അമ്മയുടെ ഫോൺ കുട്ടികൾ എടുക്കില്ല. കുട്ടികളുടെ ഫോൺ അമ്മയും. അച്ഛനും അമ്മയ്ക്കും അറിയില്ല കുട്ടികളുടെ ലോക്ക്. കുട്ടികൾക്ക് അറിയില്ല അമ്മയുടെയും അച്ഛന്റെയും ലോക്ക്. ഇതാണ് അവസ്ഥ. എന്തിനാണ് ഫോൺ ലോക്ക് ചെയ്യുന്നത്. അമ്മയുടെയും അച്ഛന്റെയും ഫോണിൽ മക്കൾക്ക് കാണാൻ പറ്റാത്ത എന്താണുള്ളത്. മക്കളുടെ മുമ്പിൽ അച്ഛനമ്മമാർ ഒരു തുറന്ന പുസ്തകം ആവണം എങ്കിലേ മക്കളും രക്ഷകർത്താക്കളുടെ മുന്നിൽ ഒരു തുറന്ന പുസ്തകമായി തീരൂ. എന്തും തന്റെ അച്ഛന്റെയും അമ്മയുടെ മുൻപിൽ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് കൊടുത്തിരിക്കണം.
ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ വേറൊരു ലോകത്തിലാണ്. വീട്ടിൽ തന്നെ കുട്ടികൾക്ക് വേറൊരു ലോകമുണ്ട്. അച്ഛനമ്മമാർക്കും വേറൊരു ലോകം. സമൂഹത്തിൽ പൊതുവേ കാണാൻ കഴിയുന്ന ഒന്ന്, കുട്ടികൾക്ക് സ്വന്തമായി ഓരോ മുറികളുണ്ടാവും. സ്കൂളിൽ നിന്ന് വന്നാൽ അവർ അവിടെയാണ്. ഭക്ഷണം വല്ലതും കഴിച്ച് അവർ അവിടെ ജീവിക്കുന്നു. അവർക്ക് സ്വന്തമായി ഒരു ഫോണും. അവർ അവിടെ എന്തു ചെയ്യുന്നു? ആരോട് സംസാരിക്കുന്നു ,എപ്പോ ഉറങ്ങുന്നു. ഇതൊക്കെ ആരാ അറിയുന്നത്? ആർക്കും സമയം ഇല്ല. അച്ഛനും അമ്മയും അവരുടെ ലോകത്ത്. സങ്കടത്തോടെ പറയട്ടെ മക്കൾക്ക് ഇന്ന് ഏതു പരീക്ഷയാണ് എന്നറിയാത്ത എത്ര അച്ഛനമ്മമാർ ഉണ്ട്.
രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് എഴുതാൻ വേണ്ട പെൻസിൽ പോലും കൊടുത്തു വിടാത്ത അച്ഛനമ്മമാരെ എനിക്ക് നേരിട്ട് അറിയാം. നാളത്തെ പരീക്ഷയ്ക്ക് വേണ്ടി മക്കളെ പഠിപ്പിക്കാത്ത അച്ഛനമ്മമാരും ഉണ്ട്.
കുട്ടിയോട് ‘മോൾ എന്തേ പഠിച്ചില്ല?’ എന്ന് ചോദിച്ചാൽ,
ഇല്ല ടീച്ചറെ, അമ്മ ഫോണിൽ നോക്കുകയായിരുന്നു.
ഇല്ല ടീച്ചറെ, അമ്മയ്ക്ക് പാത്രം കഴുകാൻ ഉണ്ടായിരുന്നു.
ഇല്ല ടീച്ചറെ, അമ്മയ്ക്ക് ഓഫീസിലെ വർക്കുണ്ടായിരുന്നു.
ഞാനൊന്നു ചോദിക്കട്ടെ, ഒരു ദിവസം സ്വന്തം മക്കളുടെ കൂടെ ഇരുന്ന് അവരെ ഒന്ന് പഠിപ്പിച്ച് പരീക്ഷ പേടിയൊക്കെ മാറ്റി റിലാക്സ് ചെയ്യിപ്പിച്ച് സ്കൂളിലേക്ക് വിടാൻ പറ്റാത്ത രക്ഷിതാക്കൾ ആണോ നിങ്ങൾ? ദിവസത്തിൽ മൂന്ന് മണിക്കൂർ മക്കൾക്ക് വേണ്ടി മാറ്റിവയ്ക്കാൻ നിങ്ങളുടെ കയ്യിൽ ഇല്ലേ ? നല്ല ഭക്ഷണം ഹോട്ടലിൽ നിന്ന് വാങ്ങിച്ചു കൊടുത്തൊ ഉണ്ടാക്കിയോ കൊടുത്താൽ നമ്മൾ നല്ല രക്ഷകർത്താക്കൾ ആവില്ല. അവരെ ചേർത്തു നിർത്തണം സ്നേഹം വാരിക്കോരി കൊടുക്കണം. ചമ്മന്തിയും ചോറും ആണ് കൊടുക്കുന്നതെങ്കിലും സ്നേഹത്തോടെ വിളമ്പി കൊടുത്താലോ ഉരുട്ടി വായിൽ വച്ച് കൊടുത്താലോ, അതിനേക്കാളും രുചികരമാവില്ല ഏതു ഫൈവ് സ്റ്റാർ ഹോട്ടലിലെ ബിരിയാണിയും.
മക്കളെ നോക്കാതെ അവരെ തല്ലിയതിന് അധ്യാപകരെ ചോദ്യം ചെയ്യുന്ന മാതാപിതാക്കളോട്… അധ്യാപിക എന്തുകൊണ്ട് തല്ലി എന്ന് നിങ്ങൾ ചോദിച്ചോ?
കുട്ടികളുടെ വാക്കുകൾ മാത്രം കേട്ട് അധ്യാപകർക്കെതിരെ കേസ് കൊടുക്കുന്നു. ഹൃദയവ്യഥയോടെ ഒരു കാര്യം പറയട്ടെ, കുട്ടികൾ നിരപരാധിയായ ഒരു അധ്യാപകനെ പോക്സോ കേസിൽ പെടുത്തിയ കഥ എനിക്ക് നേരിട്ട് അറിയാം. മറ്റൊരാ അധ്യാപകന്റെ സഹായം കൂടി കുട്ടികൾക്ക് ലഭിച്ചിരുന്നു. ഇന്നും ആ അധ്യാപകൻ സ്കൂളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഞാൻ ഒരിക്കൽ പരീക്ഷ ഡ്യൂട്ടിക്ക് പോയപ്പോൾ ഈ കേസ് കൊടുത്ത കുട്ടികളോട് നേരിട്ട് സംസാരിച്ചിരുന്നു. അന്നവർ എൻ്റെ മുമ്പിൽ തലകുനിച്ചു നിൽക്കുകയും ഇനി വല്ലതും ചെയ്യാൻ പറ്റുമോ എന്നുമാണ് ചോദിച്ചത്. അവരോട് ഞാൻ ഇത്രയേ സൂചിപ്പിച്ചുള്ളു, ‘വേണ്ടായിരുന്നു മക്കളെ, ഗുരു ശാപം വലിച്ചു വയ്ക്കണം ആയിരുന്നോ? പ്രാർത്ഥിക്കൂ നിങ്ങൾ’
അധ്യാപകർ സമൂഹത്തിന്റെ വിജയത്തിൽ നല്ലൊരു പങ്കുവഹിക്കുന്നവരാണ്- ഓരോ കുട്ടിയുടെയും വ്യക്തിജീവിതത്തിൽ മാതാപിതാക്കളെ പോലെ തന്നെ പങ്ക് അധ്യാപകർക്കും ഉണ്ട്. കുട്ടികൾ ദിവസത്തിൽ കൂടുതൽ സമയവും അധ്യാപകരുടെ കൂടെയാണ്. സ്കൂളിൽ ആയിട്ടും ട്യൂഷൻ സെൻററിൽ ആയിട്ടും ഒക്കെ.
മാറ്റം തുടങ്ങുന്നത് വീട്ടിൽ നിന്നായിരിക്കണം.
ഇന്നലെ ഒരു പത്രവാർത്ത കണ്ടു. തുറന്നു പറയട്ടെ ഖേദം തോന്നി. ലജ്ജാവഹം! അധ്യാപകർക്കെതിരെ കേസെടുക്കുന്നത് വിശദമായി അന്വേഷിച്ചതിനു ശേഷം മാത്രം. നാണമി ല്ലേ നീതിപീഠമേ, ഒരു ചൂരൽ കൊണ്ട് കുട്ടിയെ അടിച്ചതിനോ നേർവഴി നിർദ്ദേശിച്ചതിനോ ആയിരിക്കും ഈ കേസ്.
ഗോവിന്ദസ്വാമിയും ജയന്തനും ഇന്നും നിൻറെ മുന്നിൽ സുരക്ഷിതരായി നിൽക്കുന്നില്ലേ? ആ കൊടും കുറ്റവാളികളെ ശിക്ഷിക്കാതെ സുരക്ഷിതരാക്കിക്കൊണ്ട് ഈ പാവം അധ്യാപകരെ ശിക്ഷിക്കുന്നു. എന്താണ് അവർ ചെയ്യുന്ന തെറ്റ്? കുട്ടികളെ നേർവഴിക്ക് നടത്താൻ ശ്രമിക്കുന്നതും നല്ല ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പങ്കാളികൾ ആകുന്നതിന്? നീയും ലജ്ജിക്കുക നീതിപീഠമേ. നി = ഞാൻ
നിയമങ്ങൾ ശരിയല്ല ഏതു വിധത്തിലും മാറ്റാവുന്ന നിയമങ്ങൾ അല്ലേ നമുക്കുള്ളത് !
രക്ഷിതാക്കളെ, നിങ്ങൾ കുട്ടികളെ സ്നേഹിക്കുക, ലാളിക്കുക, ആവശ്യമെങ്കിൽ ശിക്ഷിക്കുക. നമ്മൾ അച്ഛനും അമ്മയും മാത്രമായാൽ പോരാ, നല്ലൊരു സുഹൃത്ത് കൂടി ആവണം കുട്ടിക്ക്. ആത്മവിശ്വാസം നൽകി വളർത്തുക. എന്തിനും ഏതിനും എൻ്റെ കുടുംബം എന്നോടൊപ്പം ഉണ്ട് എന്നൊരു തോന്നൽ അവർക്ക് കുട്ടിക്കാലം മുതലേ നൽകുക. നമ്മുടെ ബുദ്ധിമുട്ടുകൾ അവരെ അറിയിക്കുക, എത്ര ബുദ്ധിമുട്ടിയാണ് കാശ് ഉണ്ടാക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തുക. സത്യസന്ധമായി നേർവഴിക്ക് സഞ്ചരിക്കാൻ പ്രചോദനം നൽകുക. കിട്ടുന്ന സമയങ്ങളിൽ എല്ലാം മക്കളോടൊപ്പം ചിലവഴിക്കുക.
അവരുടെ ഓരോ കുഞ്ഞു കാര്യങ്ങളും നമ്മൾ അറിയണം. പരസ്പരം വിശ്വാസവും സ്നേഹവും പങ്കുവെക്കലും ആയിരിക്കണം കുടുംബം. അവരുടെ കൂട്ടുകാർ ആരൊക്കെ? എവിടെയൊക്കെ പോകുന്നു? ആരോടൊക്കെ സംസാരിക്കുന്നു? ഇതെല്ലാം നമ്മൾ അറിയണം കൂട്ടുകാർ എങ്ങനെയുള്ളവരാണെന്ന് ഏതു തരക്കാരാണെന്ന് അവരുടെ കുടുംബം എന്നുവേണ്ട എല്ലാം തഞ്ചത്തിൽ സൂത്രത്തിൽ അവരുടെ മനസ്സുകൾ കീഴടക്കി അറിയുക. അപ്പോൾ അവർ ഒരു തെറ്റിലേക്കും പോകില്ല. രക്ഷകർത്താക്കളോട് ഇത്രയും സ്നേഹവും കരുതലും ഉള്ളവർ എങ്ങനെ ചീത്ത വഴിക്ക് പോകും? അവരോട് ഇടയ്ക്ക് പറയുക നിങ്ങളാണ് ഞങ്ങളുടെ സ്വപ്നവും ജീവിതവും. ശ്രദ്ധിക്കണേ മക്കളെ പാഴാക്കിക്കളയരുതെ നിങ്ങൾ ഈ ജന്മം.
അധ്യാപകരെ, നിങ്ങളോടും ഉണ്ട് കുറച്ചു പറയാൻ. മുൻപിൽ ഇരിക്കുന്ന എല്ലാ കുട്ടികളെയും സ്വന്തം മക്കൾ ആയി കരുതുക. പണ്ടൊരിക്കൽ എൻ്റെ സ്കൂളിലെ പ്രധാന അധ്യാപിക എന്നോട് പറഞ്ഞ വാക്കുകൾ എനിക്ക് പിന്നീട് സത്യം എന്ന് തോന്നിയത് ഇവിടെ കുറിക്കട്ടെ. മറ്റുള്ളവരുടെ മക്കളെ നമ്മൾ നന്നായി നോക്കിയാൽ ദൈവം നമ്മുടെ മക്കളെ പൊന്നുപോലെ നോക്കിക്കോളും. ആ വാക്കുകൾ പൂർണമായും ശരിയാണ്. ഒരിക്കലും കുട്ടികളെ വേർതിരിച്ചു കാണരുത്. ക്ലാസിലെ എല്ലാ കുട്ടികളും സ്വന്തം മക്കളാണ്, അവരുടെ എല്ലാ കാര്യങ്ങളും ചോദിച്ചറിയുക. അവരുടെ ഏതു പ്രശ്നത്തിനും മുൻപിൽ ഉണ്ടാവുക. ഓരോ കുട്ടിയേയും വ്യക്തമായി മനസ്സിലാക്കുക. അവരുടെ കുറവുകൾ പെരുപ്പിച്ചു കാട്ടാതെ കഴിവുകൾ ഉയർത്തിപ്പിടിക്കുക. എപ്പോഴും അവരെ ആത്മവിശ്വാസം ഉള്ളവർ ആക്കി വളർത്തിയെടുക്കുക. ഒരു പോസിറ്റീവ് വൈബ് കൊടുക്കുക. കുട്ടികൾ കൂട്ടുകാരാണ് മക്കളാണ് കൂടപ്പിറപ്പുകളാണ്. സ്വന്തം അധ്യാപികയിൽ നിന്ന് ഒന്നും മറച്ചുവെക്കാൻ കുട്ടികൾക്ക് കഴിയരുത്. അങ്ങനെയൊരു ബോണ്ട് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ ഉണ്ടായിരിക്കണം. തളരുമ്പോൾ താങ്ങായും ഉണരുമ്പോൾ ഉണർത്തുപാട്ടായും ഏത് പ്രതിസന്ധിയിലും അധ്യാപകൻ കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസം കുട്ടികൾക്ക് കൊടുക്കുക
ജനമൈത്രി പോലീസുകാരെ, നിങ്ങളോട് കുട്ടികളോട് സ്നേഹത്തിലും നയത്തിലും ഇടപെടുക. മാതാപിതാക്കളെ, അധ്യാപകരെ, സമൂഹം മാറണമെങ്കിൽ നമ്മൾ മാറണം. മാറ്റം തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണ്. ദിവസത്തിൽ ചുരുങ്ങിയത് നാലുമണിക്കൂറെങ്കിലും മക്കളോടൊപ്പം ചിലവഴിക്കുക. മൊബൈൽ ഫോണിൽ ഇരിക്കാതെ മക്കളുടെ മുഖത്ത് നോക്കിയിരിക്കു, അവർ നിങ്ങളെ കണ്ട് നിങ്ങളെ റോൾ മോഡൽ ആക്കി ജീവിതവിജയത്തിൽ എത്തിച്ചേരും. നിങ്ങൾ കണ്ട സ്വപ്നങ്ങൾ അവർ സാക്ഷാത്കരിക്കും. അങ്ങിനെ അവരുടെ സ്വപ്നങ്ങൾക്ക് ചിറകു വെച്ച് പറന്നുപറന്ന് നക്ഷത്രങ്ങൾ ആയി തിളങ്ങാൻ അവർക്ക് കഴിയും, നമ്മുടെ കുഞ്ഞുമക്കൾക്ക്.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


4 Comments
സെജി നല്ല എഴുത്ത്. മാതാപിതാക്കൾ അടക്കം കുടുംബത്തിനു തന്നെയാണ് കുട്ടികളെ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക്. അത് കഴിഞ്ഞേ മറ്റാരും വരുന്നുള്ളു. അധ്യാപകർക്കും വ്യക്തമായ റോൾ കുട്ടികളുടെ ലൈഫിലുണ്ട്.അവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എടുത്തു പറഞ്ഞു. താങ്ക്സ് ഡിയർ എന്റെ വിഷയത്തിൽ എഴുതിയതിനു നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനുള്ള കാര്യങ്ങൾ പങ്ക് വെച്ചതിൽ.. ❤️❤️
പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ ശരികൾ തിരിച്ചറിയാൻ ആരും മിനക്കെടുന്നില്ല. അതുകൊണ്ടു തന്നെ നമ്മുടെ കുഞ്ഞുങ്ങൾ തെറ്റുകൾക്കു പുറകെയാണ്.
മാറ്റമാണു വേണ്ടത്
നല്ലെഴുത്ത്❤️👌🌹
🙏🙏
നല്ല suggestions 👌👌