“നിൻ്റെ ഈ മയിൽപ്പീലി ഭ്രാന്ത് ഇനിയും നിർത്താറായില്ലെ പദ്മ? ഇങ്ങനെയും ഉണ്ടോ കിറുക്ക്? മനുഷ്യൻ ഇവിടെ മണിക്കൂറുകൾ ക്യൂ നിന്നിട്ടാണ് ഒന്ന് ദർശനം കിട്ടിയത്. വേഗം പോയി വല്ലതും കഴിക്കാം എന്ന് വിചാരിച്ചാൽ… ‘
കയ്യിൽ പിടിച്ചിരിക്കുന്ന പീലിക്കൂട്ടങ്ങൾക്കിടയിൽ നിന്നും വിടർന്നത് നോക്കി തിരഞ്ഞെടുക്കുകയായിരുന്ന പദ്മ, പുറകിൽ നിന്നും വന്ന ചന്ദ്രുവിൻ്റെ പരാതികൾ കേട്ടതായി ഭാവിച്ചതേ ഇല്ല.
“ചേട്ടൻ ദ് എന്തൂട്ട് നാ കയറ് പോട്ടിക്കണെ.. ?” എന്ന കടക്കാരൻ്റെ ചോദ്യത്തിന് മനോഹരമായ ഒരു പുഞ്ചിരി മാത്രം അവൾ മറുപടിയായി നൽകി.
“ചേച്ചീ പൊതിയണോ.. ?”
“ഏയ് കേടാവും. ഞാൻ കയ്യിൽ പിടിച്ചോളാം”
“മോൾ രണ്ട് സെറ്റ് കമ്മല് എടുത്തിട്ട്ണ്ട് ട്ടാ.. “
അതും പറഞ്ഞ് ബ്രൗൺ കവറിൽ പൊതിഞ്ഞ കമ്മൽ അയാൾ അവൾക്ക് നേരെ നീട്ടി.
“ശരി ട്ടോ ജോയ്.. “
പൈസ കൊടുത്ത് യാത്ര പറഞ്ഞപ്പോൾ ജോയിയുടെ ചോദ്യം..
“അടുത്ത മാസം വരണ് ണ്ടാ.. ? “
“ഇനി ഏകാദശിക്ക്. ഭജന ഇരിക്കണം. “
“പീലി വാങ്ങാൻ ഇവിടെന്നെ വന്നേക്കണേ., കട മാറിക്കേറണ്ടാ.. “
ചിരിച്ച് കൊണ്ട് തിരിഞ്ഞ് നടക്കുമ്പോൾ അവൾ ഓർത്തു. വർഷങ്ങളായി ഗുരുവായൂരിൽ വരുമ്പോഴൊക്കെയും ഇവിടുന്ന് തന്നെയാണ് മയിൽപ്പീലി വാങ്ങിക്കാറ്. കണ്ണനെ കാണാൻ വരുമ്പോഴൊക്കെയും പതിവ് തെറ്റിക്കാറും ഇല്ല.
മുന്നിൽ നടന്ന് നീങ്ങുന്ന ചന്ദ്രുവിനും, മോൾക്കും ഒപ്പം എത്താൻ പദ്മ ഓടി.
“ഇത് ഒരുമാതിരി പഴനിക്ക് കാവടി എടുത്ത പോലെ.. ഇതൊന്ന് കവർ ചെയ്തുകൂടെ നിനക്ക്. ?”
റൂം ചെക്ക്ഔട്ട് ചെയ്ത് കാറിലേക്ക് നടക്കുമ്പോൾ ആണ് പദ്മയുടെ കയ്യിൽ പിടിച്ച മയിൽപ്പീലികൾ ചന്ദ്രുവിനെ അസ്വസ്ഥനാക്കിയത്.
“കേടാവും ചന്ദ്രൂ.. കാറിൽ കയറുന്ന വരേയല്ലെ.. സാരല്ല്യ.. “
“ആ.. നിനക്ക് സാരം ഉണ്ടാവില്ല. ബാക്കിയുള്ളവരെ നാണം കെടുത്താൻ ആയിട്ട്.. “
“അച്ഛാ, അമ്മാ കാൻ യൂ പ്ലീസ് കീപ് ക്വയറ്റ്? ഇറ്റ്സ് എ പബ്ലിക് പ്ലേസ്.. !”
ചന്ദ്രുവിൻ്റെ ശബ്ദം ഉയർന്നപ്പോൾ മോൾ അവരോട് പതുക്കെ പറഞ്ഞു.
“അല്ലാതെ പിന്നെ. നിൻ്റെ അമ്മേടെ ഓരോ കോപ്രായങ്ങള്. “
“നീയും, നിൻ്റെ മയിൽപ്പീലികളും കൂടെ പുറകിൽ ഇരുന്നാൽ മതി. “
കാറിൽ കയറുന്ന നേരം ചന്ദ്രു അരിശം തീരാതെ പറഞ്ഞു.
അത്രയും നല്ലത് എന്ന് മനസ്സിൽ ഓർത്ത്കൊണ്ട് അവൾ പിൻസീറ്റിൽ കയറി ഇരുന്നു.
“അമ്മേ.. അച്ഛൻ്റേന്ന് ഇങ്ങനെ കേട്ടിട്ടും അമ്മടെ ഈ ക്രേസിനസ് ഓവർ മയിൽപ്പീലി എന്താ അവസാനിപ്പിക്കാത്തത്… ?”
കാർ വഴിയരികിൽ പാർക്ക് ചെയ്ത് ചന്ദ്രു എന്തോ വാങ്ങിക്കാനായി കടയിൽ പോയപ്പോളാണ് മോളുടെ അപ്രതീക്ഷിത ചോദ്യം വന്നത്.
“അത് അങ്ങനെ ഒന്നും അവസാനിക്കില്ല അമ്മൂ.. ഇറ്റ് വിൽ ബി ദേർ വിത്ത് മീ ടിൽ മൈ ലാസ്റ്റ് ബ്രെത്ത്. “
“ഇതിന് പിന്നിൽ എന്തെങ്കിലും കഥ ഉണ്ടാകുമല്ലോ അമ്മേ.. ഒന്നും ഇല്ലാതെ വെറുതേ ഇങ്ങനെ ഒരു ഭ്രാന്ത് ഉണ്ടാവുമോ?”
“മയിൽപ്പീലി ഇഷ്ടമില്ലാത്തവരായി ആരാ ഉള്ളേ അമ്മൂ.. ? അമ്മക്ക് കണ്ണനെ എത്രത്തോളം ഇഷ്ടാണെന്ന് കുട്ടിക്ക് അറിയില്ലേ.. അത്രേമിഷ്ടം മയിൽപ്പീലിയോടും ഉണ്ടെന്ന് കൂട്ടിക്കോളൂ.. “
“ഉം.. ഉവ്വ്.. വീട്ടില് ഒരു മുറി മുഴുവൻ മയിൽ പ്പീലി നിറച്ച് വച്ച് ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്ന അമ്മയെ ഞാൻ വിശ്വസിച്ചു ട്ടോ.. “
അമ്മു ചിരിച്ച് തലയാട്ടിക്കൊണ്ട് വീണ്ടും അവളുടെ മൊബൈലിലേക്ക് ശ്രദ്ധിച്ചു.
ഒരു 19കാരിയുടെ മനസ്സിൽ തോന്നാവുന്ന ന്യായമായ ചോദ്യം.
പക്ഷേ അതിനുള്ള ഉത്തരം.., അത് തന്നോടുകൂടി അവസാനിക്കേണ്ട ഒന്നാണ്. ഒരു തരത്തിൽ പറഞ്ഞാൽ തൻ്റെ മാത്രം സ്വകാര്യം.. അതു കൊണ്ടാണല്ലോ ആ രഹസ്യം സൂക്ഷിക്കാൻ എന്നും താൻ കണ്ണനെ കൂട്ട് പിടിച്ചത്.
സീറ്റിൽ ഇരിക്കുന്ന മയിൽപ്പീലികളിൽ ഒന്ന് കയ്യിലെടുത്ത് പദ്മ പതിയെ തലോടി, കവിളിനോട് ചേർത്ത് വച്ചു.
******
വെള്ളയിൽ ആകാശനീലക്കളർ പൂക്കളുള്ള ഉടുപ്പിട്ട പെൺകുട്ടി അവളുടെ സ്വപ്നത്തിൽ മിന്നിമറഞ്ഞു. കയ്യിലൊരു പുസ്തകവും മയിൽപ്പീലിയും. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. അവൾക്കരികിൽ ചിരിച്ചുകൊണ്ട് ഒരാൺകുട്ടിയും.. അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവളെ കളിയാക്കുന്നു..
” എൻ്റെ പപ്പീ നീ എന്തൊരു മണ്ടൂസാ.. പുസ്തകത്താളില് മയിൽപ്പീലി വച്ചാൽ പ്രസവിക്കും ന്ന് ആരാ പറഞ്ഞത്.. ?”
“ബാലേട്ടൻ ഇപ്പോ എന്തിനാ അത് പുറത്തെടുത്തത്. വെളിച്ചം കണ്ടാൽ അത് പ്രസവിക്കില്ലത്രെ.. ലക്ഷ്മി പറഞ്ഞൂലോ. ഇത്ര ദിവസം ഞാൻ അതിനെ ഭദ്രായിട്ട് സൂക്ഷിച്ചതാ. എല്ലാം വെറുതെ ആയീലോ ൻ്റെ കൃഷ്ണാ.. “
“ഒന്ന് പോ വിഡ്ഢി പപ്പീ. നിന്നെ ലക്ഷ്മി പറ്റിച്ചതാ. ഇന്നാ പിടിച്ചോ നിൻ്റെ മയിൽപ്പീലി.”
ബാലൻ്റെ കൈ തട്ടി മാറ്റി അവളോടി.
“എനിക്കൊന്നും വേണ്ട ഇനി അത്. ബാലേട്ടൻ തന്നെ എടുത്തോ.. “
*******
പിന്നീട് പദ്മ കണ്ടത് പുസ്തകങ്ങൾ മറോടടുക്കിപ്പിടിച്ച് നിൽക്കുന്ന ആ ദാവണിക്കാരിയെയും അവളുടെ കൈ പിടിച്ച് ഓടുന്ന പൊടിമീശക്കാരനെയും. കോളജിലെ മുത്തശ്ശിമരത്തിൻ്റെ ചുവടെ നിന്ന് അവൻ ആ പുസ്തകം അവളുടെ കയ്യിൽ വച്ചുകൊടുത്തു. എന്നിട്ട് വല്ലാത്തൊരു ആരാധനയോടെ അവളെത്തന്നെ നോക്കി നിന്നു. ഓരോ താളുകൾ മറിക്കുമ്പോഴും അവളുടെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ അവനിൽ കൂടുതൽ കൂടുതൽ കൗതുകം ജനിപ്പിച്ചു.
ഒരു പുസ്തകം നിറച്ച് മയിൽപ്പീലി ചിത്രങ്ങൾ. ഇടയിലെല്ലാം മയിൽപ്പീലി പിടിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രവും.
അത്ഭുതത്തോടെ അവനെ നോക്കിയ അവളെ പെട്ടന്ന് ചേർത്ത് നിർത്തി അവൻ നെറുകയിൽ ചുംബിച്ചു. ഒരു നിമിഷത്തേക്ക് അവർ സ്വയം മറന്നു. അന്തം വിട്ട് നിൽക്കുന്ന അവളുടെ മുഖം കൈക്കുള്ളിലാക്കി അവൻ പറഞ്ഞു.
“പപ്പീ.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. ഞാൻ വരും. സമയമാകുമ്പോൾ.., നിന്നെ എനിക്ക് തരണം എന്ന് നിൻ്റച്ഛനോട് പറയാൻ. ഇത് ഇങ്ങനെ അവതരിപ്പിക്കാനേ എനിക്കറിയുള്ളൂ. ഒരാഴ്ച കൂടിയേ ഇവിടുള്ളൂ. ഞാൻ വരും കാത്തിരിക്കണം.
ഈ പുസ്തകം, അന്ന് സ്കൂൾ പ്രായത്തിൽ നിന്നെ കരയിച്ചതിനുള്ള പ്രായശ്ചിത്തം ആണ്. “
അവൻ പോക്കറ്റിൽ നിന്ന് ഒര് മയിൽപ്പീലിത്തുണ്ട് എടുത്ത് അവൾക്ക് കൊടുത്തു.
ഇത് ഈ പുസ്തകത്താളിൽ വച്ചോളൂ. അത് പ്രസവിക്കുമ്പോഴേക്കും ഞാൻ എത്തും, നിന്നെ കൊണ്ട് പോവാൻ. കേട്ടോ പൊട്ടിപ്പെണ്ണെ.. “
അവളുടെ കവിളിൽ ഒരുമ്മ കൂടി കൊടുത്ത് അവൻ തിരിഞ്ഞോടി.
“പിന്നേയ് നിനക്കെന്നെ ഇഷ്ടമാണോന്ന് ഞാൻ ചോദിക്കില്ല. ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അടുത്ത തവണ ഞാൻ വരുമ്പോൾ അത് എന്നോട് നേരിട്ട് പറയണം. “
കൈ വീശി അകന്ന് പോകുന്ന ആ സ്നേഹത്തിനെ ഓടി ചെന്ന് കൈക്കുള്ളിൽ ആക്കാൻ ആണ് അവൾക്ക് അപ്പോൾ തോന്നിയത്. പക്ഷേ ആ ഇഷ്ടം അവൾ ഉള്ളിൽ ഒളിപ്പിച്ച് വച്ചു. പുസ്തകത്താളിലെ മയിൽപ്പീലി പോലെ. അടുത്ത കൂടിക്കാഴ്ചക്ക് മാറ്റ് കൂട്ടാൻ വേണ്ടി മാത്രം പറയാതെ ബാക്കി വച്ച അവളുടെ ഇഷ്ടം.
കളിക്കൂട്ടുകാരായ ബാലനും, പദ്മയും, അവരുടെ സ്നേഹവും പൂർണതയിൽ എത്താതെ അവിടെ അവസാനിച്ചു.
ആർമി സെലക്ഷൻ കിട്ടി രാജ്യസേവകനായി പോയ പദ്മയുടെ കൂട്ടുകാരൻ മടങ്ങി എത്തിയത് രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞാണ്.
പറയാൻ മറന്ന ഇഷ്ട്ടത്തെ ഇന്നും പുസ്തകത്താളിലെ മയിൽപ്പീലി പോലെ സൂക്ഷിക്കുന്നു ബാലന്‍റെ പപ്പി.
മയിൽപ്പീലി ഇഷ്ടപ്പെടുന്ന കൃഷ്ണ ഭക്തയാക്കി, അവളെ ആ രഹസ്യം സൂക്ഷിക്കാൻ സഹായിക്കുന്ന കള്ളക്കണ്ണനും.
*****
വണ്ടിയുടെ പെട്ടന്നുള്ള ഉലച്ചിൽ അവളെ മയക്കത്തിൽ നിന്നും ഉണർത്തി. നിർത്താതെ ഹോണടിച്ച്, മുന്നിൽ പോകുന്ന വണ്ടിക്കാരനെ ശപിക്കുന്ന ചന്ദ്രുവിനെ നോക്കി തലയിൽ കൈ വച്ചിരിക്കുന്ന അമ്മു.
അത് കണ്ടപ്പോൾ, അവളറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിടർന്നു. റിയർവ്യൂ മിററിലൂടെ തന്നെ ശ്രദ്ധിക്കുന്ന ചന്ദ്രുവിൻ്റെ ചുണ്ടിലും അവൾ കണ്ടു അതേ പുഞ്ചിരി.
============
ജയശ്രീ പ്രദീപ്
#പറയാതെ പോയത്


10 Comments
മനസ്സിന്റെ ചെപ്പിൽ ഒളിപ്പിച്ച പ്രണയനൊമ്പരങ്ങൾ..
ആ പ്രണയ മയിൽപ്പീലി മനസ്സിലെന്നും ഭദ്രമായിരിക്കട്ടെ…… നന്നായെഴുതി❤️👍
പുസ്തകത്താളിൽ മയങ്ങിയ മയിൽപ്പിലി പോലെ എന്നും മയങ്ങിക്കിടക്കാൻ വിധിക്കപെപ്പെട്ട മധുര പ്രണയം.
നന്നായി എഴുതി.
👏❤
നന്നായി എഴുതി ❤️
സ്നേഹം … ഈ പ്രോത്സാഹനത്തിന് ❤️
ജയശ്രീ നല്ല ഭംഗിയായി എഴുതി.
ചില കാര്യങ്ങൾ അങ്ങനെയാണ് പറയാതെ മരിക്കുവോളം മനസ്സിൽ അതൊരു രഹസ്യമായി തുടരും.
Thanks ഡിയർ ❤️
സ്നേഹം ഏച്ചീ❤️
മനോഹരം ❤️
നല്ല കഥ❤️🌹👌
നന്ദി, സ്നേഹം ❤️