പെണ്ണുങ്ങൾ മാത്രമുള്ളൊരു വീട്ടിലേക്ക് നിങ്ങളെപ്പോഴെങ്കിലും കയറിച്ചെന്നിട്ടുണ്ടോ? പല പ്രായത്തിലും വലുപ്പത്തിലും രൂപത്തിലും നിറത്തിലും സ്വഭാവത്തിലുമുള്ള പെണ്ണുങ്ങൾ മാത്രം നിറഞ്ഞൊരു വീട്? വല്ലാത്തൊരു ലോകമാണത്. എത്ര കാലം കഴിഞ്ഞാലും ഒരിക്കലും മടുക്കാത്തൊരു മനോഹരലോകം.
മുമ്പാരത്ത്(പൂമുഖത്ത്) നിരത്തിയിട്ടിരിക്കുന്ന കളിപ്പാട്ടങ്ങൾ വെച്ചു കളിക്കുന്ന നറുങ്ങണിമണികൾ… അതിനോട് ചേർന്നുള്ള മുറിയിലെ തൊട്ടിലിൽ കിടന്നുറങ്ങുന്ന പീക്കിരികൾ… അവരുണർന്നാൽ തൊട്ടിലാട്ടി വീണ്ടും ഉറക്കും പുറത്തെ നറുങ്ങണിമണികൾ…
അകത്തേക്ക് കയറിയാൽ മച്ചിന്റകത്ത് കൂട്ടം കൂടിയിരിക്കുന്ന കൗമാരക്കാരികൾ… പൊടി തട്ടാനും വീട് അടിച്ചുവാരാനും തുണികൾ മടക്കിവെക്കാനുമുള്ള കൂട്ടർ… സ്കൂളിലെ വിശേഷങ്ങളും പ്രണയങ്ങളും മറ്റു സ്വകാര്യങ്ങളും കുശുകുശുത്തങ്ങനെ അവരും സ്വയം മറന്നാസ്വദിക്കുകയാണ്…
ഇനിയും അകത്തേക്ക് കടന്നാൽ നേരെ അടുക്കളയിലേക്കും വടക്കോറ(വീട്ടിന്റെ പുറകുവശം)ത്തേക്കും വിട്ടോണം. ചോറും കറികളും വെക്കുന്നവരും കറിക്കരിയുന്നവരും കൂടി കലപില പറഞ്ഞും കലഹിച്ചും ബഹളമയമായിടം… നാട്ടിലെയും കുടുംബത്തിലേയും മുഴുവൻ വിശേഷങ്ങളും അറിയാൻ ഇവിടെയൊരു മൂലയിൽ വന്നിരുന്നാൽ മാത്രം മതി.
വഴക്കുകളും പിണക്കങ്ങളും പരിഭവങ്ങളും മാത്രമല്ല ഇവിടെയുള്ളത്, മറിച്ച് ഒരിക്കലും അളന്നുതിട്ടപ്പെടുത്താൻ സാധിക്കാത്രത്തയും സ്നേഹവും കരുതലും കൊണ്ട് നിറഞ്ഞതാണ് ഇതിനകത്തെ ഓരോരുത്തരുടേയും ഹൃദയം. അതിനാൽ തന്നെ എന്റെയെന്നോ നിന്റെയെന്നോ വേർതിരിവില്ലാതെ കണ്ണടച്ചു ചീത്തയും മനം നിറച്ച് പൊന്നുമ്മകളും ഇവിടെ നിന്നും കിട്ടും.
ഉമ്മറത്ത് കസേരയിൽ ചാരിയിരുന്ന് കാല് ടീപ്പോയിൽ കയറ്റി വെക്കാൻ ഇവിടെ ആരേയും ഭയക്കേണ്ടല്ലോ. വിശാലമായ പൂമുഖത്ത് ഇഷ്ടം പോലെ കിടന്നും ഇരുന്നും ആരേയും പേടിക്കാതെ കഥകൾ പറയുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്. പെൺകുട്ടികളുടെ ശബ്ദമെങ്ങാനും കൂടിപ്പോയി എന്ന് ഉമ്മമാർ ഒച്ച വെച്ചാൽ “അതിന് നിങ്ങൾടെ ബഹളോം മോശമൊന്നുമല്ലല്ലോ” എന്ന മറുപടിയാകും തിരികെ കിട്ടുക. തലയിലെ തട്ടം ഊർന്നു വീഴുന്നതോ പാവാടയുടെ അറ്റം കേറിപ്പോകുന്നതോ പേടിക്കാതെ സൊള്ളാൻ കഴിയുന്നത് ശരിക്കും ആസ്വദിക്കാവുന്നതാണ്…
ഊൺമേശയിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും ഓരോരുത്തര്‍ക്കും തരംതിരിവില്ലാതെ എല്ലാം കിട്ടും. നല്ലതു മാത്രം കഴിക്കേണ്ട ആൺപട ഇവിടെയില്ലല്ലോ. എങ്ങാനും വല്ല ആൺതരിയും ആ വീട്ടിൽ വന്നു പെട്ടു എന്നിരിക്കട്ടെ, ഉമ്മമാരുടെ പുന്നാരം ഇത്തിരി കടന്നു പോയാൽ പിന്നെ പെട്ടു. പെൺസിംഹങ്ങളങ്ങനെ സട കുടഞ്ഞെഴുന്നേറ്റ് ആ അനീതിക്കെതിരെ ശരിക്കും പ്രതികരിക്കും. അവരുടെ വായടക്കുന്നതിനേക്കാൾ ഭേദം സ്വയം അടങ്ങുന്നതാണെന്ന് മനസ്സിലാക്കി അവരും അങ്ങൊതുങ്ങും.
ഉമ്മമാരുടെ ഉച്ചമയക്കത്തിന്റെ സമയം പെൺതരികളുടെ സ്വർഗമാണ്. അവർ കേൾക്കാൻ പാടില്ലാത്ത വിശേഷങ്ങൾ പറയാൻ പിന്നൊറ്റ പാച്ചിലാണ് പറമ്പിലേക്ക്… അവിടെയുള്ള മരങ്ങളിലൊക്കെ വലിഞ്ഞു കയറിയും കിട്ടുന്ന കായ്കനികളൊക്കെ കഴിച്ച് വയറുനിറച്ചും അവരങ്ങനെ ആ പറമ്പിലൂടെ മൊത്തം പാറിപ്പറന്ന് നടക്കും…
വൈകുന്നേരത്തെ കളിചിരികൾ കഴിഞ്ഞാൽ പിന്നെ മഗ്രിബിന്റെ(സന്ധ്യാനമസ്കാരം) സമയമാണ്. നിസ്കാരവും കഴിഞ്ഞ് പല ഈണങ്ങളിൽ അതിമനോഹരമായി ഓതുന്ന ഖുർആൻ ഈരടികൾ. അറിയാത്തവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന മുതിർന്നവർ…അങ്ങനെ പഠിക്കലും പഠിപ്പിക്കലും കഴിഞ്ഞാൽ പിന്നെ അത്താഴവും കഴിച്ചൊരു കിടപ്പാണ്. നിറയെ പെണ്ണുങ്ങളായതിനാൽ എല്ലാവരും കൂടി പണികളെടുക്കുമ്പോൾ ആർക്കും കാര്യമായ പണികളുമുണ്ടാകില്ല. അതിനാൽ തന്നെ പിന്നേയും സംസാരിക്കാൻ ഇഷ്ടം പോലെ സമയം ബാക്കിയാണ് അവിടെ.
വേനൽക്കാലത്ത് ഉമ്മറത്ത് നിരത്തിയിട്ട പായകളിൽ കിടക്കാൻ എല്ലാവരും തല്ലാണ്. ഒറ്റക്കൊറ്റക്ക് കിടക്കാതെ പിള്ളേര് സെറ്റ് മൊത്തം ഒരിടത്തും മുതിർന്നവരൊക്കെ അവരുടെയിടത്തും ഉമ്മമാർ അവരുടെ സ്ഥലത്തും കിടന്ന് പിന്നേയും കഥപറച്ചിലാണ്. അവസാനത്തെ ആളും ഉറങ്ങുന്നതു വരെ ചെറിയ കുശുകുശുക്കലുകളും അടക്കിപ്പിടിച്ച ചിരികളുമായി ആ വീടങ്ങനെ സന്തോഷത്തോടെ ഉണർന്നിരിക്കുന്നത് ഓർക്കാൻ തന്നെ നല്ല രസമാണ്…എത്ര കാലം കഴിഞ്ഞാലും ലോകത്തിന്റെ ഏത് മൂലയിലായും വെറുതെയെങ്കിലും അങ്ങോട്ടൊന്ന് പോകാനായി ഉള്ളമിങ്ങനെ തുടിച്ചുകൊണ്ടേയിരിക്കും…


8 Comments
ഓർമ്മകൾ നന്നായി എഴുതി. 👌👏
നന്ദി😍
ഈ ഓർമകൾ ഇത്രയും മനോഹരമായിരുന്നു എന്ന് എഴുതിയപ്പോഴാണ് അറിയുന്നത്…
നല്ല വായന
നന്ദീ ട്ടോ
മനോഹരം ❤️
നന്ദി ട്ടോ…എനിക്കേറെ പ്രിയപ്പെട്ടൊരു വീടാണത്…ഉമ്മയുടെ മൂത്തുമ്മയുടെ വീട്…
മനോഹരം.
ഒത്തിരിയൊത്തിരി നല്ല ഓർമകൾ സമ്മാനിച്ചൊരു വീടാണത്…