“സർ,ഇത് നിങ്ങളുടെ നിധിൻ ആണെന്ന് ഞങ്ങൾക്കും തോന്നുന്നില്ല.അങ്ങനെ പറയണമെങ്കിൽ ഡി എൻ എ ടെസ്റ്റ് ചെയ്തു തെളിയണ്ടേ”
“ഈ ബോഡി നോക്കൂ, നല്ല ടെമ്പറേച്ചറിൽ കത്തി കരിഞ്ഞു പോയ നിലയിലാണ് .തീവ്രമായ ചൂട് ,ഡി എൻ എ ഉൾപ്പടെയുള്ള മിക്ക ജൈവകലകളെയും നശിപ്പിക്കുന്നു.ചില ഡി എൻ എ അസ്ഥികളിലോ പല്ലുകളിൽ നിന്നോ കിട്ടാൻ സാധ്യതയുടെങ്കിലും ഡി എൻ എ യുടെ ഗുണനിലവാരം കുറവായിരിക്കും , ടെസ്റ്റ് റിസൾട്ട് വിശ്വസനീയമായിരിക്കില്ല.”
“ഞങ്ങൾ ഫോറൻസിക് സർജനുമായി സംസാരിച്ചു,അഡ്വാൻസ്ഡ് ടെക്‌നിക്സ് ഉപയോഗിച്ച് ഡി എൻ എ വീണ്ടെടുക്കാമെന്നു അവർ പറയുന്നു.ഉയർന്ന താപാവസ്ഥയിൽ പോലും, പല്ലുകൾ, അസ്ഥി എന്നിവയിൽ നിന്നും മൈറ്റോകോൺഡ്രിയൽ ഡി എൻ എ വീണ്ടെടുക്കാൻ കഴിയും.നിധിന്റെ നിത്യോപയോഗ സാധനങ്ങളായ ടൂത്ത് ബ്രഷ്,അല്ലെങ്കിൽ ടവൽ ,ചീർപ്പ് അവയിൽ നിന്നൊക്കെ ഡി എൻ എ ശേഖരിക്കാം.”
രാഹുൽ ഒരു ചോദ്യം ചോദിച്ചു.
“സർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.ഞങ്ങൾ അറിയുന്ന നിധിൻ്റെ ബ്ലഡ് റിലേറ്റീവ്സ് അമ്മയും ചേച്ചിയുമാണ്.അവരിപ്പോൾ ജീവനോടെയില്ല.പിന്നെ എങ്ങനെയാണു ഡി എൻ എ ടെസ്റ്റ് സാധ്യമാകുന്നത്.”
“നിധിന്റെ ഭാര്യ ഗർഭിണിയാണ് എന്നല്ലേ നിങ്ങൾ പറഞ്ഞത്.”
“അങ്ങനെ ഒരു സാധ്യതയുണ്ടോ?.”
“അമ്മയുടെ വയറ്റിൽ കിടക്കുന്ന ഭ്രൂണത്തിൽ അമ്പതു ശതമാനം അച്ഛന്റെ ഡി എൻ എ ആണ്.അമ്നിയോട്ടിക് ഫ്ലൂയിഡ് വഴി നമുക്ക് ഡി എൻ എ ശേഖരിക്കാം.പക്ഷെ ഇതിനൊക്കെ കുറെ ഫോർമാലിറ്റി ഉണ്ട്.ഇതൊരു ഇന്റർനാഷണൽ ക്രൈമിൻ്റെ പ്രശ്നമാണ്.കൊലയ്ക്കുള്ള കൊട്ടേഷൻ കൊടുത്തതും പ്ലാനിംഗ് നടന്നതും ഇന്ത്യയിൽ വച്ചാണ്, പക്ഷേ കൊലപാതകം നടന്നിരിക്കുന്നത് ദുബായിൽ വച്ചാണ്.”
“നിങ്ങളോടു കേസിന്റെ കാര്യമൊന്നും തുറന്നു പറയേണ്ട കാര്യം ഞങ്ങൾക്ക് ഇല്ല.കാരണം യഥാർത്ഥ പ്രതിയെ കണ്ടെത്തുന്നത് വരെ നിങ്ങളൊക്കെ സംശയത്തിന്റെ പരിധിയിലാണ്.ഇപ്പോൾ ഞങ്ങളുടെ കുറേയാളുകൾ അൻവറിന്റെ ഫ്ലാറ്റിൽ പോയി പോയിരുന്നു നിധിന്റെ കുറച്ചു നിത്യോപയോഗവസ്തുക്കൾ അവർ ശേഖരിച്ചിട്ടുണ്ട്.അതൊക്കെ സഹായമാകും എന്ന് കരുതുന്നു.”
പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി, ഇനിയെന്ത് എന്ന ആശങ്കയുമായിട്ടാണ് രാഹുൽ നിന്നത്.ദേവി ചേച്ചിയോട് എന്ത് പറയും?നിധിൻ എവിടെയാണ്? മരിച്ചത് നിധിൻ തന്നെയാണോ.നിധിൻ നല്ല പൊക്കവും സാമാന്യം വണ്ണവുമുള്ള ഒരാളായിരുന്നു.പക്ഷെ ആ കണ്ട കരിഞ്ഞ ശരീരം ആരുടേതാണ്.ആരാണ് കേരളത്തിലെ ജയിലിൽ നിന്ന് ഇങ്ങനെയൊരു കൊട്ടേഷൻ കൊടുത്തത്? ശരിക്കും ഈ നിധിൻ ആരാണ്? നൂറു നൂറു ചോദ്യങ്ങൾ രാഹുലിന്റെ മനസ്സിൽ ഉയർന്നു വന്നു.
അജ്മലുമൊത്തു നാട്ടിലേക്കു വിമാനം കയറുമ്പോൾ മനസ്സിൽ ഒന്നേ ചിന്തിച്ചുള്ളൂ.എല്ലാം പഴയ പോലെ നടക്കണം.റെസ്റ്റോറന്റ് തുറക്കണം.ദേവി ചേച്ചിയെ പഴയ പോലെ ഓഫീസിൽ കൊണ്ട് വരണം.ചേച്ചിയോട് കരിയറിൽ വീണ്ടും ശ്രദ്ധിക്കാൻ പറയണം.നിധിനൊന്നും സംഭവിച്ചിട്ടില്ല.നിധിന് പകരം മറ്റാരോ കൊല ചെയ്യപ്പെട്ടിരിക്കാം.ഈ ലോകത്ത് എവിടെയോ നിധിൻ ഒളിച്ചിരിപ്പുണ്ട്.ഒരു സുപ്രഭാതത്തിൽ നിധിൻ തിരികെ വരും.
പോലീസ് അന്വേഷണം നടന്നു.ദുബായ് പോലീസിൽ നിന്നും രണ്ടു പേര് രഹസ്യമായി നാട്ടിലെത്തിയിരുന്നു.അവർ ദേവിയെ ചികിൽസിച്ച ഡോക്ടറെ കണ്ടു.അവർ ദേവിയുടെ രക്തവും അമ്നിയോട്ടിക് ദ്രാവകവും പരിശോധനയ്ക്കു കൊണ്ട് പോയി.ഇതൊക്കെ രഹസ്യാത്മകമായി നടന്നത് കൊണ്ട് പുറത്താരും അറിഞ്ഞതുമില്ല.
നിധിന്റെ തിരോധാനം സമൂഹത്തിൽ വലിയ ചർച്ചയായി ,പക്ഷെ എല്ലാവരും അതൊക്കെ വേഗം മറന്നു തുടങ്ങി.ദേവിയെ ഡിസ്ചാർജ് ചെയ്തു.ദേവി എല്ലാം മറക്കാൻ ആഗ്രഹിച്ചെങ്കിലും ,അവൾക്കൊന്നും മറക്കാൻ സാധിച്ചില്ല.പുതിയ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടാൻ അവളെ അനുപമയും രാഹുലും മാലതിയും സഹായിച്ചു.
ദേവിയെ കാത്തിരുന്നത് അതി കഠിനമായ ദിവസങ്ങളായിരുന്നു.ഒരു വശത്ത് ഓഫീസും വക്കാലത്തും മറുവശത്ത് നിധിൻ്റെ റസ്റ്റോറന്റും അതിന്റെ നടത്തിപ്പും , അതിനൊപ്പം വളർന്ന് കൊണ്ടിരിക്കുന്ന അവളുടെ ഗർഭവും..
അധിക സമയം ഇരിക്കാൻ വയ്യ, ഡ്രൈവ് ചെയ്യാൻ വയ്യ, ശരീരമാസകലം നീര് വരുന്ന അവസ്ഥ.എല്ലാം സഹിച്ച് അവൾ നിധിൻ തനിക്ക് സമ്മാനിച്ച പൊന്നോമനയെ കാത്തിരുന്നു.
അനുപമയുടെ സന്ദർശനം അവളുടെ മനസ്സിന് സന്തോഷം നൽകിയിരുന്നു.അനുപമയെ സംരക്ഷിക്കാൻ തൻ്റെ തിരക്കുകൾ മാറ്റി വച്ച് പ്രണവ് എപ്പോഴും കൂടെയുണ്ട്.അവരുടെ പരസ്പര സ്നേഹം അവളിൽ അസൂയ ഉണർത്തി.ഒരു സ്ത്രീ തൻ്റെ ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കുന്നത് ഗർഭാവസ്ഥയിലാണ്.
അനുപമയ്‌ക്ക് പ്രണവിന്റെ സാന്നിദ്ധ്യം എപ്പോഴുമുണ്ട്.അവൾക്കു വേണ്ടി അയാൾ തന്റെ പല പുതിയ സിനിമാ പ്രൊജക്ടുകളും ഒഴിവാക്കി.ഇവിടെ ദേവി തനിച്ചാണ്.അമ്മ മാലതിയും രാഹുലുമുണ്ട്.ഇടയ്ക്കിടയ്ക്ക് അശോകദാസും ഭാര്യയും അവളെ തേടി വരും.പക്ഷെ ആര് ഉണ്ടായാലും നിധിൻ കൂടെയില്ല എന്ന സങ്കടം.
ദുബായിൽ നിന്നും അൻവറിന്റെ വിളി വന്നു,ഡി എൻ എ ടെസ്റ്റ് പരാജയപെട്ടു.മരിച്ച വ്യക്തി നിധിനല്ല,ഗർഭസ്ഥ ശിശുവിന്റെ ഡി എൻ എ ,ശവശരീരത്തിന്റെ ഡി എൻ എ യുമായി മാച്ച് ആയില്ല.നിധിൻ മരിച്ചിട്ടില്ല ,എന്ന സത്യം,അതോ ഗർഭസ്ഥ ശിശു നിധിന്റേത് അല്ലായെന്നാണോ?.കൊട്ടേഷൻ കൊടുത്ത ആൾക്കെതിരേ ദേവി സൈബർ സെല്ലിൽ പരാതി കൊടുത്തു.
എന്തായാലും ദേവിയുടെ ജീവിതത്തിൽ ഇപ്പോൾ നിധിനില്ല.ദേവി ഒറ്റപെട്ടു,ദേവിയെ സംരക്ഷിക്കാൻ ധാരാളം ആളുകളുണ്ട്.ഇടയ്ക്കിടെ അവളെ കാണാൻ ഇൻസ്‌പെക്ടർ സഞ്ജീവ് വരാറുണ്ട്.പക്ഷെ ആർക്കും ദേവിയെ പഴയ ദേവിയാക്കി മാറ്റാൻ സാധിച്ചില്ല.
മാസങ്ങൾ കഴിഞ്ഞു .അനുപമയ്‌ക്ക് പെട്ടെന്നൊരു ദിവസം വേദന വന്നു.അവളുടെ പ്രസവ തീയതിക്ക് ഇനിയും ഒരു മാസമുണ്ട്.അവളെ അടിയന്തിരമായി സിസേറിയനു വിധേയയാക്കി.രണ്ടു കുട്ടികൾ ,ഒരാണും ഒരു പെണ്ണും.നല്ല ആരോഗ്യമുള്ള രണ്ടു ചുണക്കുട്ടികൾ.
അനുപമയുടെ വീട്ടിൽ സന്തോഷം കളിയാടി.എല്ലാ ദിവസവും ദേവി അവിടെ പോകും,കുട്ടികളെ കാണും.അവരുടെ ജനനത്തോടെ പ്രണവിന് പുതിയൊരു പ്രൊജക്റ്റ് കിട്ടി.അയാളുടെ കരിയറിന് ഉയർച്ച ഉണ്ടാക്കുന്ന ആ പ്രൊജക്റ്റ് കിട്ടിയത് കുട്ടികളുടെ ഭാഗ്യമാണെന്ന് എല്ലാവരും കരുതി.
ദേവി പലപ്പോഴും തന്റെ ജീവിതത്തെ അനുപമയുടെ ജീവിതവുമായി താരതമ്യം ചെയ്തു.വളരെ സൗഭാഗ്യത്തോടെയുള്ള ജനനം ,നല്ല സ്വഭാവം ,ഇഷ്ടപെട്ട
പുരുഷനോടുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചു.കാത്തിരുന്ന് കിട്ടിയ രണ്ടു കൺമണികൾ,ഇരട്ടി മധുരത്തോടെയുള്ള അവരുടെ വരവ്.
തന്റെ ജീവിതമോ? അച്ഛന്റെയും അമ്മയുടെയും സ്നേഹം ബാല്യകാലത്തിൽ കിട്ടിയിട്ടില്ല.സ്കൂൾ കാലഘട്ടം മുതൽ ദുർനടത്തക്കാരിയെന്ന ചീത്തപ്പേര് ,ഇഷ്ടപെട്ട പുരുഷനോടൊത്തു ഒരാഴ്ച പോലും ജീവിയ്ക്കാൻ കഴിഞ്ഞില്ല.രണ്ടാമത്തെ പുരുഷന് എന്ത് സംഭവിച്ചതെന്നറിയില്ല.കാത്ത് കാത്തിരുന്ന പൊന്നോമനയെ സ്വീകരിക്കാൻ അതിന്റെ അച്ഛനും കൂടെയില്ല.
അവളെ ഓഫീസിൽ കൊണ്ടാക്കാനും വിളിച്ചു കൊണ്ട് വരാനും ഒരു ഡ്രൈവറെ മാലതി നിയമിച്ചു.ഗർഭത്തിൻ്റെ അവസാന മാസങ്ങളിൽ അവൾക്ക് സമാധാനമായി കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നില്ല.കണ്ണടച്ചാൽ ദുസ്വപ്നങ്ങളാണ്.മായക്കാഴ്ചകൾ കണ്ട് പേടിച്ച് അവൾ ഉറക്കം അമ്മയ്ക്കൊപ്പമാക്കി.
ഒരു സന്ധ്യാ സമയം,ഡ്രൈവറോടൊപ്പം ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു.കാറിന്റെ പിൻസീറ്റിൽ കയറിയിരുന്ന ദേവി ക്ഷീണം കൊണ്ട് ഒന്ന് മയങ്ങി പോയി.വിരൽ തുമ്പിലേയ്ക്ക് തണുപ്പ് അരിച്ചു കയറിയതറിഞ്ഞ് ദേവി ഞെട്ടിയുണർന്നു.ചുറ്റിലും ചീഞ്ഞ മാംസത്തിന്റെ ഗന്ധം.അവൾക്ക് ഓക്കാനം വന്നു.അവളുടെ കയ്യിലേക്ക് മുറുക്കി പിടിക്കുന്ന മറ്റൊരു കൈ,ദേവി കണ്ണ് തുറന്നു.ചുക്കി ചുളിഞ്ഞ ,തൊലി അടർന്നു മാറിയ ,മാസം ഇളകിത്തുടങ്ങിയ തണുത്ത കൈകൾ.ദേവി ആ കൈ തട്ടി മാറ്റി നില വിളിച്ചു.അവളുടെ കരച്ചിൽ കേട്ട് ഡ്രൈവർ തിരിഞ്ഞു നോക്കി.ഓടിച്ചിരുന്ന കാർ എതിർവശത്ത് നിന്നും വന്ന ലോറിയെ തൊട്ടു തൊട്ടെന്ന നിലയിലായി.ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം അപകടം ഒഴിവായി.അയാള വാഹനത്തെ ഇടത്തോട്ട് വളച്ചു ബ്രേക്കിട്ടു നിർത്തി.കാറിന്റെ ഡ്രൈവർ ഇറങ്ങി പുറത്തേയ്ക്കു വന്നു.അപ്പോഴും ദേവി നിലവിളിക്കുകയാണ്.ലോറി ഡ്രൈവറും അവിടെ നിന്നവരും ഓടി കൂടി.
ദേവി വേദന കൊണ്ട് പുളയുകയാണ്.അവളുടെ ഇളം നീല കളർ കുർത്ത നനഞ്ഞു തുടങ്ങിയിരുന്നു.അവളുടെ ശരീരം വിയർത്തു കുളിച്ചു.പ്രസവ വേദനയാന്നെന്നു അവിടെ നിന്നൊരു സ്ത്രീ അഭിപ്രായപ്പെട്ടു.പെട്ടെന്ന് തന്നെ ഒരു ആംബുലൻസിൽ ദേവിയെ ആശുപത്രിയിലെത്തിച്ചു.ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി പകുതി പുറത്തു വന്നിരുന്നു,ദേവി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചിരുന്നു.
വിവരമറിഞ്ഞു മാലതിയും മാത്യുവും എത്തി.കുഞ്ഞു നല്ല ആരോഗ്യവതിയായിരുന്നു.ദേവിയുടെ മാനസിക നിലയ്ക്കായിരുന്നു പ്രശ്നം.അവൾ പ്രസവശേഷം ആരോടും മിണ്ടാറില്ല.കുഞ്ഞിന് പാലു കൊടുക്കില്ല, കുട്ടി വിശന്ന് കരയുമ്പോൾ, മാലതി ടിൻ ഫുഡ് കലക്കി കൊടുക്കും.ദേവി എപ്പോഴും ഒരേ മൗനം,എപ്പോഴും ദൂരേയ്ക്ക് നോക്കിയിരുന്ന് ഒരേ ആലോചനയാണ്.മുറിയിലെ വെട്ടം അണയ്ക്കാൻ അവൾ സമ്മതിക്കാറില്ല.അവൾ ഇരുട്ടിനെ ഭയപ്പെട്ടിരുന്നു.
കുഞ്ഞിനെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി.അനുപമ മാത്രം വന്നില്ല.അവളുടെ പ്രസവ ശുശ്രുഷ നടക്കുന്നതേയുള്ളു.രാഹുലും ആതിരയുമെത്തി ,ആരോടും ദേവി മനസ്സ് തുറന്നില്ല.അശോകദാസ് വന്നപ്പോൾ തനിക്കു ഒന്ന് തനിച്ചു സംസാരിക്കാനുണ്ടെന്നു ദേവി പറഞ്ഞു.മാലതിയും സുമതിയും മുറിക്കു പുറത്തിറങ്ങി നിന്നു.
“എന്താ മോളെ ?നീ വല്ലാതെയിരിക്കുന്നല്ലോ.ഈ ലോകത്ത് നിധിൻ ജീവനോടെയുണ്ടെങ്കിൽ നിന്നെയും കുഞ്ഞിനേയും തേടി വരും.ഇനി അങ്ങനെയല്ലെങ്കിൽ അത് വിധിയാണെന്നെന്നു കരുതി മുന്നോട്ടുള്ള ജീവിതം തുടർന്നല്ലേ പറ്റൂ.”
“അതല്ല,ഞാൻ കാണുന്ന ദുസ്വപ്നങ്ങൾ,ആ കാറിലെ പിൻസീറ്റിൽ അയാൾ,ആ വിൽഫ്രഡിൻ്റെ പ്രേതം .ഞാൻ അയാളെ കണ്ടതാ അന്ന് രാത്രിയിൽ നിങ്ങൾ രണ്ടുപേരോടും മല്ലിട്ട അതേ ആവേശം.നിധിൻ വെട്ടുകത്തി കൊണ്ട് തലയ്ക്കു അടിച്ചപ്പോൾ തിരിഞ്ഞു നോക്കിയ അതേ മുഖഭാവം.എന്റെ തൊട്ടടുത്തായി ഇരുന്നു ,മുഖമൊക്കെ അഴുകിയ അവസ്ഥയിൽ,എനിക്കെന്റെ നിധിന്റെ കുഞ്ഞിനെ സംരക്ഷിക്കണം,എല്ലാവരിൽ നിന്നും,വിൽഫ്രഡിന്റെ ദുരാത്മാവ്,അതെന്റെ കൂടെയുണ്ട്.”
“അതൊക്കെ മനസിന്റെ തോന്നലുകളാണ്.നിന്റെ ശരീരം തളർന്നപ്പോൾ മനസ്സും തളർന്നു,അപ്പോൾ ഇല്ലാത്തതൊക്കെ കണ്ടെന്നു വരും.നീ പഴയപോലെ ശക്തയാക്കണം.നിന്നെ തളർത്താൻ പലരും വരും.നിനക്ക് ജീവിയ്ക്കണം.നിന്റെ കുഞ്ഞിനെ വളർത്തണം ,അതിനു നീ ഉയർത്തെഴുനേൽക്കണം.”
അശോകദാസ് ദേവിയെ ഒരു മകളെ എന്ന പോലെ ചേർത്ത് പിടിച്ചു.അവളെ ആശ്വസിപ്പിച്ചു.
“നമുക്ക് ആ കാർ വിൽക്കണം.പുതിയതൊന്ന് വാങ്ങണം.ഇനി ഞാൻ ആ കാർ ഉപയോഗിക്കില്ല.അതിൽ എന്തോ ഉണ്ട്.ഒരു പക്ഷെ എന്റെ തോന്നലുകളാവാം.”
“ആ കാർ നമുക്ക് വിൽക്കാം,അത് കുറച്ചു പഴയതല്ലേ.”
“അത് മാത്രമല്ല.”
ദേവി അശോകദാസിന്റെ ചെവിയിൽ എന്തോ പറഞ്ഞു.
“വീടിന്റെ അടുക്കളയോട് ചേർന്ന് ഞാൻ കുഴിച്ചിട്ട അയാളുടെ സിൽവർ കളറിലുള്ള ഒരു മാല ,അതിന്റെ ലോക്കറ്റിൽ തൂക്കിയിട്ട ഒരു കറുത്ത രൂപം.അത് കുഴിച്ചെടുത്ത് എവിടെയെങ്കിലും കൊണ്ട് പോയി ഒഴിവാക്കണം.”
“അത് ഞാൻ ചെയ്തോളാം.മോള് കുഞ്ഞിനേയും കൊണ്ട് ഡിസ്ചാർജ് ചെയ്തു വരുന്നതിനു മുൻപ് ഞാൻ അത് ചെയ്തോളാം .മോളൊന്നു കൊണ്ടും പേടിയ്ക്കണ്ട.”
“അത് മതി.എന്റെ കുഞ്ഞിനെ സുരക്ഷിതമായി വളർത്തണം.വേറെ ആരും ഇതൊന്നും അറിയാനും പാടില്ല.”
“അതൊക്കെ ഞാൻ ചെയ്തോളാം.മോള് സന്തോഷവതിയായിരിക്കൂ.”
ഡിസ്ചാർജ് ചെയ്ത വീട്ടിലെത്തിയതിനു ശേഷമാണ് ദേവി തന്റെ കുഞ്ഞിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.ഭക്ഷണത്തിനു വേണ്ടി കരയുന്ന തന്റെ കുഞ്ഞിനെ ആദ്യമായി ആരുടെയും സഹായമില്ലാതെ അവൾ പാലൂട്ടി.ആദ്യമായി പാൽ നുണയുന്ന കുഞ്ഞു വായ ദേവി ശ്രദ്ധിച്ചു.ചുവന്ന റോസാപൂ പോലെയുള്ള ആ കുഞ്ഞി കാലുകളിൽ അവൾ ഉമ്മ വച്ചു.അവളിൽ നിന്ന് മാതൃത്വം ക്ഷീരസാഗരമായി ഒഴുകി .അവൾ കൈമുട്ടുയർത്തി കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചു.കുഞ്ഞിനോടുള്ള സ്നേഹം കൊണ്ട് അവളുടെ മനസ്സലിഞ്ഞു.
തന്റെ സ്നേഹം പോലെ ആ കുഞ്ഞ് അവളുടെ അച്ഛന്റെ സ്നേഹവും അർഹിക്കുന്നു എന്ന തിരിച്ചറിവ് ,അവളെ വീണ്ടും ശോകത്തിലാക്കി.അവളുടെ ചിന്തകൾ വഴിമാറിയപ്പോൾ കുഞ്ഞു കരയാൻ തുടങ്ങി.അതവളുടെ ഹൃദയത്തെ വീണ്ടും ആർദ്രമാക്കി.അവൾ കുഞ്ഞിനെ താരാട്ടു പാടി ഉറക്കാൻ ശ്രമിച്ചു.കുഞ്ഞവളുടെ കരവലയത്തിൽ കിടന്നു മയങ്ങാൻ തുടങ്ങി.
ജനിച്ചു ഇത്രയും ദിവസം മാലതിയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ദേവി കുഞ്ഞിന് ആഹാരം കൊടുത്തത്.ഇന്ന് ആരുടെയും നിർബന്ധമില്ലാതെ സ്വയം പരിചരിക്കുന്ന,താരാട്ടു പാടുന്ന ദേവിയെ മാലതി വാതിലിന്റെ മറവിൽ നിന്നും ശ്രദ്ധിക്കുകയായിരുന്നു.അവളുടെ മാറ്റം കണ്ടു ആ അമ്മ സന്തോഷിച്ചു.
(തുടരും…..)
✍️✍️നിഷ പിള്ള


1 Comment
എന്താ നിർത്തിക്കളഞ്ഞത്? എന്നും ഇവിടെ വന്നു നോക്കും പുതിയ പാർട്ട് ഇട്ടിട്ടുണ്ടോ എന്ന്.. Waiting..