ദേവി മുമ്പ് നല്ല ധൈര്യശാലി ആയിരുന്നെങ്കിലും ഒരു അമ്മയായി മാറിയപ്പോൾ അവൾക്കു എല്ലാത്തിനോടും ഭയം തോന്നി തുടങ്ങി, അകാരണമായ ഭയമാണ് മനസ്സിൽ എപ്പോഴും. വേറെയാർക്കും എന്ത് സംഭവിച്ചാലും ദേവിക്ക് കുഴപ്പമില്ല, പക്ഷെ തന്റെ മകൾ സുരക്ഷിതയായിരിക്കണം. അതിനു വേണ്ടി ദേവി എന്ത് വേണമെങ്കിലും ബലി കൊടുക്കാൻ തയാറാണ്.
ഒരാഴ്ച കഴിഞ്ഞ് കാണും, രാവിലെ ഓഫീസിലെത്തിയ ദേവിയെ രാഹുൽ പുറത്തേയ്ക്കു വിളിച്ചു കൊണ്ട് പോയി. പോക്കറ്റിൽ നിന്നും ഒരു പത്ര കട്ടിംഗ് എടുത്ത് ദേവിയെ കാണിച്ചു കൊടുത്തു. ദേവി ആ ന്യൂസ് വായിക്കാൻ ശ്രമിച്ചു.
” അജ്ഞാത മൃതദേഹം കടപ്പുറത്തടിഞ്ഞു. “
ദേവി ആ വാർത്തയും അതിനടിയിലുള്ള ഫോട്ടോയും പരിശോധിച്ചു.
ഒരു ഇരുപത്തിരണ്ടു വയസുകാരന്റെ മൃതദേഹം ശംഖുമുഖം കടൽ തീരത്തടിഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മരിക്കുന്നതിന് മുൻപ് അയാൾ അധിക ഡോസിൽ ലഹരി ഉപയോഗിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹമിപ്പോൾ.
“ചേച്ചി, ഇത് ആ പയ്യനല്ലേ, അമൻ മാലിക്, ഇവനല്ലേ അന്ന് വീട്ടിൽ വന്നു ചേച്ചിയെ ഭീഷണിപ്പെടുത്തിയത്. “
“അതിനവൻ കോട്ടയംകാരനല്ലേ, ഇതിപ്പോൾ തിരുവനന്തപുരത്തു അല്ലേ സംഭവം. അവനാകാൻ ചാൻസ് കുറവാണ്. മാത്രമല്ല കുതിർന്ന് വീർത്ത ശരീരം. എങ്ങനെ കണ്ട് പിടിയ്ക്കാനാണ്. “
“അതിപ്പോൾ അവനു കേരളം മുഴുവൻ കണക്ഷൻ ഉണ്ട്. അവനെ അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് വാർത്തയിൽ കണ്ടു. “
“ഇനിയിപ്പോൾ അവനാണ് മരിച്ചതെങ്കിൽ കൂടി നമ്മൾ ഇടപെടാതിരിക്കുന്നതാണ് നല്ലത്. നമ്മൾ ഇതിലില്ല. എന്തായാലും അവനാണു മരിച്ചതെങ്കിൽ എനിക്ക് സന്തോഷം. പക്ഷെ അവനെ കൊന്നത് ആരാകും?”
“ആരായാലും നല്ലതല്ലേ ചേച്ചീ. “
ദേവി രാഹുലിനെ നോക്കി ചിരിച്ചു.
നവമിയ്ക്കു ഇപ്പോൾ പ്രായം എട്ടുമാസം കഴിഞ്ഞു, ദേവിയുടെ പിറന്നാൾ ദിവസമാണിന്ന്. ദേവി ആഘോഷമൊക്കെ ഒഴിവാക്കി. അവൾ ടീച്ചറമ്മയെ കാണാനായി കുഞ്ഞുമായി ആശ്രമത്തിലേക്കു പോയി. അശോകദാസ് ഓടിച്ച കാറിൽ ദേവിയും കുഞ്ഞും യാത്ര ചെയ്യുകയായിരുന്നു. ദേവി കാറിലെ പിൻസീറ്റിൽ ഇരിക്കുകയായിരുന്നു. കുഞ്ഞു നല്ല ഉറക്കമായിരുന്നു.
ആശ്രമത്തിലേക്കു പോകാനായി കായലിലെ, ഫെറി സർവീസിനെ ആശ്രയിക്കണം അല്ലെങ്കിൽ പാലം വഴി പത്ത് കിലോമീറ്റർ അധികം സഞ്ചരിക്കണം. കാർ ഫെറിയിൽ കയറ്റിയിട്ടു അശോകദാസ് കാറ്റു കൊള്ളാനായി കാറിനു വെളിയിൽ ഇറങ്ങി നിന്നു. ദേവി ഉറങ്ങുന്ന കുഞ്ഞുമായി പിൻസീറ്റിൽ ചാരിയിരുന്നു. ഫെറി കായൽ കടന്നു അടുത്ത കരയിലേക്ക് എത്തിയപ്പോൾ, കാൽനടക്കാരും ഇരുചക്ര വാഹനക്കാരും കാറിനെ കടന്നു പോയി. പെട്ടെന്ന് കാറിന്റെ മുന്നിലെ ഡോർ ആരോ തുറന്നു. കണ്ണടച്ച് ഇരുന്നത് കൊണ്ട് ദേവി അത് കണ്ടില്ല, അറിഞ്ഞില്ല.
ഫെറി കടവിൽ നിർത്തിയപ്പോൾ അശോകദാസ് കാറിൽ കയറി കാർ സ്റ്റാർട്ടാക്കി. ആശ്രമത്തിലെത്തി ടീച്ചറമ്മയെ കണ്ടു. ടീച്ചറമ്മ കുഞ്ഞിനെ ആദ്യമായിട്ടാണ് കാണുന്നത്. പിറന്നാൾ പ്രമാണിച്ചു, അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക ദേവി ആശ്രമത്തിൽ കൊടുത്തു. ദേവിയും അശോകദാസും അന്തേവാസികളോടൊപ്പം ആഹാരം കഴിച്ചു.
ഉച്ച കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് കാറിന്റെ മുൻസീറ്റിൽ വച്ചിരുന്ന, വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു പാക്കറ്റ് അശോകദാസ് ശ്രദ്ധിച്ചത്.
“ഇതെന്താണ് ദേവി മോളെ, ആശ്രമത്തിൽ നിന്നുള്ള സമ്മാനമാണോ ?”
“ഏത് സമ്മാനം, എന്തിനെക്കുറിച്ചാണ് പറയുന്നത്. “
ഡ്രൈവിങ്ങിനിടയിൽ അശോകദാസ് മുൻസീറ്റിൽ വച്ചിരുന്ന ഒരു പാക്കറ്റ് ഉയർത്തിക്കാട്ടി.
“ഇതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. “
“അതെന്താണ് ?ഞാൻ ശ്രദ്ധിച്ചില്ല. ടീച്ചറമ്മ ഒന്നും തന്നില്ലല്ലോ, ഇതിപ്പോൾ എവിടെ നിന്നും വന്നു. ആര് കൊണ്ട് വച്ചു. “
വീടെത്തിയപ്പോൾ അശോകദാസ് ആ പാക്കറ്റ് കാറിൽ നിന്നും പുറത്തെടുത്തു. ദേവി അത് വാങ്ങാനോ വീട്ടിനകത്തേക്ക് കൊണ്ട് പോകാനോ ഇഷ്ടപ്പെട്ടില്ല. അവൾ ഭയത്തോടെ ആ പാക്കറ്റിലേയ്ക്ക് നോക്കി.
“വല്ല ബോംബും ആകുമോ?”
ദേവിയുടെ മുന്നിൽ വച്ച് അശോകദാസ് ആ പാക്കറ്റ് തുറന്നു.
ദേവി കുഞ്ഞിനേയും കൊണ്ട് പേടിച്ചു മാറി നിന്നു. പാക്കറ്റിനുള്ളിൽ ഒരു കാർഡ് ബോർഡ് ബോക്സും, അത് തുറന്നപ്പോൾ മനോഹരമായ ഒരു നീല ഫ്രോക്കും, ഒരു മിക്കി മൗസിന്റെ പാവയും വച്ചിരുന്നു. അശോകദാസ് അത് പുറത്തെടുത്തു, അപകടമൊന്നുമില്ലെന്നു ദേവിയെ കാണിച്ചു. അതിൽ നിന്നും ഒരു തുണ്ട് കടലാസ്സ് താഴെ വീണു. അത് എടുത്തു അശോകദാസ് ദേവിയെ ഏൽപ്പിച്ചു. അതിൽ പിങ്ക് കളർ ഗ്ലോസി പേന കൊണ്ട് “എന്റെ മകൾക്ക് ” എന്നൊരു കുറിപ്പ് കണ്ടു.
അതിലെഴുതിയിരുന്ന അക്ഷരങ്ങൾ ദേവിയ്ക്ക് സുപരിചിതമായി തോന്നി. അവൾ ഒരു സ്വപ്‌നാടയെ പോലെ കുഞ്ഞിനേയും കൊണ്ട് വീടിനകത്തേക്ക് പോയി. ദേവിയുടെ പിറകെ പോയ അശോകദാസ് പാക്കറ്റിനുള്ളിലെ സാധനങ്ങൾ മുറിയിലെത്തിച്ചു.
“മോളെ, ഇതൊക്കെ അയച്ചത് ആരാണെന്നാണ് നിന്റെ വിശ്വാസം?”
“എനിക്കറിയില്ല. പക്ഷെ എന്റെ മനസ്സിൽ അകാരണമായൊരു സന്തോഷം ഉണ്ടാകുന്നു. “
അശോകദാസ് പോയതിനു ശേഷം അവൾ ആ സമ്മാനപ്പൊതി വീണ്ടും തുറന്നു പരിശോധിച്ചു. ആകാശനീല നിറത്തിലൊരു മനോഹരമായ കുഞ്ഞുടുപ്പ്, നീല നിറം കൂടുതൽ ഇഷ്ടപെട്ടത് നിധിനാണ്, എന്നറിയാം, ഒരു സാധാരണ പാവ. ഈ സമ്മാനങ്ങൾ നവമി മോൾക്കാണെങ്കിൽ, എന്റെ മകൾക്കു എന്നെ സന്ദേശം എഴുതാൻ അർഹനായത് നിധിൻ മാത്രമാണ്. അപ്പോൾ ഇത് നിധിൻ നല്കിയതാണോ?അവൻ ജീവനോടെയുണ്ടോ. ഇത്ര അടുത്ത് നിധിന്റെ സാമീപ്യമുണ്ടോ? അതോ നിധിൻ ആരെങ്കിലും വഴി കൊണ്ട് വച്ചതാണോ?
പിന്നീട് ഇൻസ്‌പെക്ടർ സഞ്ജീവ് സാർ വന്നു പറഞ്ഞപ്പോഴാണ് മരിച്ചത് അമൻ മാലിക് ആണെന്ന് ദേവി ഉറപ്പിച്ചത്.
“സർ അയാളെ ആര് കൊന്നു?പോലീസ് ഒന്നും കണ്ടു പിടിച്ചില്ല. “
“ദേവി നഗരത്തിൽ രാത്രി കാലങ്ങളിൽ ലഹരി മാഫിയയുടെ നല്ല ശല്യമാണ്. ഇരുട്ടിൽ ആണുങ്ങളുടെ മാത്രമല്ല പെണ്ണുങ്ങളുടെയും അഴിഞ്ഞാട്ടമാണ്. അവർ തമ്മിൽ തമ്മിൽ തല്ലും കൊല്ലും നടത്തുന്നു. നമ്മുടെ പോലീസ് ഫോഴ്‌സിന്റെ പരിമിതികൾ അറിയാമല്ലോ. സേനയിൽ അംഗസംഖ്യ വളരെ കുറവാണ്. രാത്രി കാലങ്ങളിൽ റോന്തു ചുറ്റുന്നതിന് അനുയോജ്യമായ ആയുധവും വാഹനവും ഒക്കെ വേണ്ടേ. പരമാവധി സേന ശ്രമിക്കുന്നുണ്ട്. എന്നാലും സേനാ അംഗങ്ങളും മനുഷ്യരല്ലേ, അവർക്കും വീടും കുടുംബവുമൊക്കെയില്ലേ. പരമാവധി അംഗങ്ങളുമായിട്ടേ ഞങ്ങൾ പെട്രോളിംഗിന് ഇറങ്ങാറുള്ളു, ഞാൻ ആ കാര്യത്തിലൊക്കെ വളരെ ശ്രദ്ധിക്കാറുണ്ട്. ആരെയും ആപത്തിൽ കൊണ്ടിടാൻ വയ്യല്ലോ. “
“അമൻ മാലിക് ഒരു നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണ്. മെഡിക്കൽ സ്റ്റുഡന്റ് ആയ സമയത്തു ഒരു മംഗലാപുരം ബേസ്ഡ് ആയിട്ടുള്ള പയ്യനുമായി അമൻ സൗഹൃദത്തിലായി. അവർ ഹോസ്റ്റലിൽ ഒരു മുറിയിൽ ഒരുമിച്ചാണ് താമസിച്ചത്. ആ സൗഹൃദത്തിൽ നിന്നാണ് അമന് മയക്കു മരുന്നുപയോഗം ശീലമായത്. പിന്നീടവൻ കാരിയർ ആയി, പിന്നെ സ്വന്തമായി കച്ചവടം തുടങ്ങി. പോലീസ് പിടിയിലായി, കുടുംബത്തിൽ നിന്നും അകന്നു, കോളേജിൽ നിന്നും സസ്പെൻഷനായി. “
“സ്ഥിരം അടിപിടി കേസുകളിൽ പെട്ട് പോലീസ് സ്റ്റേഷനിൽ ഹാജരായി. ഗുണ്ടാ സംഘങ്ങളിൽ അകപ്പെട്ടു. ഇപ്പോൾ ആരൊക്കെയോ ചേർന്ന് ഇല്ലാതാക്കി. ബീച്ചിൽ കട നടത്തുന്ന ആളുകൾ തലേ ദിവസം ഒരു സ്പോർട്ട്സ് കാറിൽ അമൻ, രണ്ടു പെൺകുട്ടികളുമായി കറങ്ങുന്നത് കണ്ടിരുന്നു. ആ പെൺകുട്ടികളിൽ ഒരാൾ നൈജീരിയക്കാരിയായിരുന്നു, മറ്റെയവൾ മലയാളി ആയിരുന്നു. ബാംഗ്ലൂരിൽ നിന്നും എം ഡി എം എയുമായി വന്നപ്പോൾ പോലീസ് പിടിയിലായവളാണ്. പോലീസ് അവരെ രണ്ടുപേരെയും ചോദ്യം ചെയ്തിരുന്നു. അവർ പിരിയുമ്പോൾ അവൻ കാറിൽ കിടന്നു ഉറങ്ങുകയായിരുന്നു. പിന്നീട് അവനെ അവർ കണ്ടിട്ടില്ല. അവർ കൃത്യ സമയത്തു ഹോസ്റ്റലിൽ എത്തി ചേർന്നുവെന്നതിന് സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നും ഹോസ്റ്റൽ വാർഡന്റെ മൊഴിയിൽ നിന്നും മനസിലായി. പിന്നീട് അവനു എന്ത് സംഭവിച്ചുവെന്ന് അജ്ഞാതമാണ്. “
“ദേവി എന്തിനാ ഇത്ര വിഷമിക്കുന്നത്. ഒരു നാറി തീർന്നു, അത്രതന്നെ, അവനൊക്കെ ജീവിച്ചിരുന്നുവെങ്കിൽ എത്ര പേരുടെ ജീവിതം കൂടി നശിപ്പിച്ചേനെ. “
സഞ്ജീവ് പോയപ്പോഴാണ് രഹസ്യമായി സുമതി മാലതിയോടു തന്റെ സംശയം പറഞ്ഞത്.
“സഞ്ജീവ് സാർ കല്യാണം കഴിച്ചിട്ടില്ലല്ലോ. മിക്കവാറും എല്ലാ ദിവസവും ഇവിടെ വരികയും ദേവി മോളോട് സംസാരിക്കുകയും ചെയ്യാറുണ്ട്. സാറിന് മോളെ വല്യ ഇഷ്ടമാണെന്ന് തോന്നുന്നു. എന്നാൽ പിന്നെ ദേവി മോൾക്ക് ഒരു ജീവിതം കൊടുക്കാൻ സാറിനോട് പറഞ്ഞു കൂടെ. “
“എന്റെ സുമതി, നീയൊന്ന് മിണ്ടാതിരിക്കൂ ദേവി കേൾക്കണ്ട. അവളുടെ സ്വഭാവം അറിയാമല്ലോ. നിധിനെ അവൾ എത്ര മാത്രം മിസ് ചെയ്യുന്നു എന്നറിയാലോ?എനിക്ക് സഞ്ജീവിനെ ഇഷ്ടമാണ്. അവനു ദേവിയെ വല്യ ഇഷ്ടമാണ്, അവനവളെ പൊന്നു പോലെ നോക്കി കൊള്ളും, അതുമെനിക്കറിയാം. പക്ഷെ. “
അവരുടെ സംഭാഷണം അവിടെ അവസാനിച്ചെങ്കിലും ദേവി അത് ഒളിഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ആദ്യം ദേഷ്യം വന്നെങ്കിലും അവളുടെ മനസ്സിലും അങ്ങനെ ഒരു ചിന്ത വന്നിരുന്നു. ഒരു പക്ഷെ അങ്ങനൊരു വാർത്ത പരന്നാൽ, നിധിൻ ജീവനോടെ ഉണ്ടെങ്കിൽ, കാത്തിരിക്കാൻ ഒരു സൂചന എങ്കിലും തനിക്ക് കിട്ടിയേനെ. താൻ മറ്റൊരു പുരുഷനെ സ്വീകരിക്കുന്നത് അവനു സഹിക്കാൻ പോലും കഴിയില്ല. തനിക്കു ഇനി ജീവിക്കാൻ നവമി മോള് മാത്രം മതി. ഒരു പുരുഷ പങ്കാളിയെ തന്നെ ആവശ്യമില്ല. മോള് ഒരു രണ്ടാനച്ഛനോടൊപ്പം വളരുന്നത് ദേവിക്കും സഹിക്കാൻ കഴിയില്ല. തൻ്റെ രണ്ടാനച്ഛൻ്റെ ഉപദ്രവം ചെറുതല്ലായിരുന്നു.
പക്ഷെ കണ്ണാടിക്കു മുൻപിൽ നഗ്നയായി നിൽക്കുമ്പോൾ അവൾക്കു ഈ ലോകത്തോട് മുഴുവൻ ദേഷ്യം തോന്നി. ഒന്ന് പ്രസവിച്ചെങ്കിലും സൗന്ദര്യം കൂടിയിയിട്ടേയുള്ളു. അമ്മ മാലതി അറുപതാം വയസിലും അതി സുന്ദരിയാണ്. അവരുടെ ജനിതകമാണ് തനിക്ക്. ഇനിയും മുപ്പതോളം വർഷങ്ങൾ അവളും അമ്മയെ പോലെ സൗന്ദര്യത്താൽ ജ്വലിക്കും. പക്ഷെ തനിക്കൊരു പങ്കാളിയെ ആവശ്യമുണ്ട്. പഴയപോലെ തോന്നിയപോലെ ജീവിക്കാൻ പറ്റില്ല. താനൊരു അമ്മയാണ്, അറിയപ്പെടുന്ന വക്കീലാണ്. അതുകൊണ്ടു മാത്രം സ്വയം നിയന്ത്രിച്ചേ മതിയാകൂ.
ദേവി തന്നെയാണ് സഞ്ജീവിനെ നേരിട്ട് വിളിച്ചു അത്യാവശ്യമായി ഒന്ന് കാണണമെന്ന് പറഞ്ഞത്. ദേവിയുടെ ഫോൺ കോളിൻ്റെ ഗൗരവം മനസിലാക്കി, അവൾ പറഞ്ഞ സ്ഥലത്തു സഞ്ജീവ് യൂണിഫോമിൽ ഓടി എത്തി.
“എന്താണ് ദേവി പുതിയ പ്രശ്നം?”
“പ്രശ്നമൊന്നുമില്ല. ഒരു ആവശ്യമാണ്, തികച്ചും വ്യക്തിപരം. “
“റെസ്റ്റോറന്റിൽ മുഖത്തോടു മുഖം നോക്കി ഇരിക്കുമ്പോൾ ഗൗരവക്കാരനായ ആ ഇൻസ്‌പെക്ടറിന്റെ മുഖം ചുവന്നു തുടുക്കുന്നത് ദേവി നോക്കിയിരുന്നു.
“ശരി എന്തായാലും തുറന്നു പറയൂ ദേവി. “
“ഞാനൊരു വക്കീലാണ്, തുറന്നു പറയുന്നതാണ് എനിക്കിഷ്ടം, എന്റെ കഥകളൊക്കെ അറിയാവുന്ന ആളല്ലേ. എനിക്കൊരു ജീവിത പങ്കാളിയെ ആവശ്യമാണ്. എന്റെ കുഞ്ഞിനൊരു അച്ഛനേയും. ഞാൻ പല മുഖങ്ങളും ഓർത്തു പോയെങ്കിലും, എന്നെ സംരക്ഷിക്കുന്ന, ഞാൻ പറയുന്ന ഏത് സമയത്തും ഓടി വരുന്ന സഞ്ജീവ് സാറിനെ…. ആ മുഖം…. “
“ഞാൻ എങ്ങനെയാണ് ദേവിയെ വിവാഹം ചെയ്യുന്നത്. നിയമത്തിന്റെ നൂലാമാല അറിയാത്ത ആളാണോ ദേവി. ദേവി ഇപ്പോഴും നിധിന്റെ ഭാര്യയല്ലേ, നിധിൻ മരിച്ചതായി തെളിഞ്ഞിട്ടില്ല. ഒരു പക്ഷെ നിധിൻ ജീവനോടെയുണ്ടാകും, അയാൾ തിരികെ വന്നാൽ, ഈ വിവാഹത്തിന് എന്ത് അധികാരികതയാണുള്ളത്. നിയമ സാദ്ധ്യത തീരെയില്ല. ദേവി കുറച്ചു നാള് കൂടി നിധിന് വേണ്ടി കാത്തിരിക്കുന്നതല്ലേ നല്ലത്. “
ദേവി മൗനത്തിലായി.
“എനിക്ക് ദേവിയെ കിട്ടുന്നത്, ഒരു ലോട്ടറി അടിക്കുന്നത് പോലെയാണ്, എൻ്റെ ഭാഗ്യമാണ്. ഞാൻ അത്രമാത്രം ദേവിയെ ഇഷ്ടപെടുന്നു. നിധിനും ദേവിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഞാൻ കണ്ടിട്ടുണ്ട്. തിടുക്കപ്പെട്ട് ഒന്നും ചെയ്യരുത് ദേവി. “
ദേവിയ്ക്ക് സഞ്ജീവിനോട് ദേഷ്യം തോന്നി, പക്ഷെ പ്രകടിപ്പിയ്ക്കാൻ വയ്യ. പണ്ടേ ദേവി അങ്ങനെയാണ്, എതിർക്കുന്നവരെ വെറുത്തു കളയും. ഇപ്പോൾ സഞ്ജീവിനോട് ദേഷ്യം തോന്നുന്നു. ഈ ആഗ്രഹം മനസ്സിൽ ഇട്ടു തന്ന സുമതിയോടും അതിനെ വർദ്ധിപ്പിച്ച മാലതിയോടും അവൾക്കു ദേഷ്യം തോന്നി.
ഈ ചെറിയ പ്രായത്തിൽ അവളെ ഒറ്റയ്ക്കാക്കി പോയതിനു അവൾക്കു നിധിനോടും ദേഷ്യം തോന്നി.
തിരികെ ജീപ്പിൽ കയറുമ്പോൾ അയാളിങ്ങനെ പറഞ്ഞു.
“ദേവിയ്ക്ക് വേണ്ടി എത്ര നാള് വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയാറാണ്. “
അയാൾ കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ്-36 - By Nisha Pillai - കൂട്ടക്ഷരങ്ങൾ