മെയിൻ റോഡിൽ നിന്നും കാർ ചെറിയ ഒരു ഇടറോഡിലേക്ക് കടന്നു. വഴി തെറ്റിയിട്ടില്ലെന്നു ഉമ്മ ആരെയോ ഫോണിൽ വിളിച്ച് ഉറപ്പു വരുത്തുന്നുണ്ട്. ഡ്രൈവ് ചെയ്യുന്ന ആഷിക്കിനോട് കാര്യങ്ങൾ വിശദീകരിക്കുന്നതോടൊപ്പം ജൂബിയോടും ഉമ്മ എന്തോ പറയുന്നുണ്ട്. ഇതൊന്നും തന്നെ എന്നെ ബാധിക്കാത്തതാണെന്ന മട്ടിൽ സീറ്റിലേക്ക് ചാരിക്കിടന്നു കൊണ്ട് പുറത്തേക്ക് കണ്ണുകൾ പായിച്ചു. റോഡിന് ഒരു വശം വിശാലമായ വയലാണ്. അതിന്റെ ഒരു ഭാഗത്തായി ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്ന കൗമരക്കാരായ ഒരു പറ്റം ആൺകുട്ടികൾ. ആ കാഴ്ച്ച , മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റത്തിന്റെ കെട്ടു പൊട്ടിച്ചു. ഓർമ്മകൾ വർഷങ്ങളുടെ പിന്നിലേക്ക് കുതിച്ചു പാഞ്ഞു.
ഓർമ്മകൾ എത്തി നിന്നത് കൊയ്ത്തു കഴിഞ്ഞ പാടത്ത് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആ പൊടിമീശക്കാരനിലും, സ്കൂൾ യൂണിഫോമുമിട്ട് ചുണ്ടിലൊളിപ്പിച്ച നാണത്തിൽ കുതിർന്ന പുഞ്ചിരിയോടെ അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് കൂട്ടുകാരോടൊപ്പം പാടവരമ്പിലൂടെ നടന്നു പോകുന്ന ആ പത്താം ക്ലാസുകാരിയിലും ആണ്.
ഓട്ടോ ഡ്രൈവർമാരും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഉപ്പയും നജീബിക്കയും.
നജീബിക്കയുടെ മൂന്നു മക്കളിൽ മൂത്തവളാണ് അമീന.. വിടർന്ന മിഴികളും തുടുത്ത കവിളുകളുമുള്ള നാണക്കാരിയായ ഒരു സുന്ദരിക്കുട്ടി.. ഉപ്പയുടെ കൂട്ടുകാരന്റെ മകളും അനിയത്തി ജൂബിയുടെ പ്രിയപ്പെട്ട കൂട്ടുകാരിയും എന്നതിനേക്കാളുപരി കുട്ടിക്കാലം മുതലേ എന്റെ ഹൃദയത്തിന്റെ കൂട്ടുകാരിയായവൾ.. ആമി ജാബിക്കുള്ളതാണെന്ന് കുട്ടിക്കാലത്തൊരിക്കൽ ഉപ്പ പറഞ്ഞത് തമാശയായിട്ടായിരുന്നുവെങ്കിലും
കാലം മുന്നോട്ടു പോകും തോറും അമീനയുടെയും ജാബിറിന്റെയും ഉള്ളിലും വീട്ടുകാരുടെ ഉള്ളിലും ആ മോഹം പറിച്ചു മാറ്റാൻ കഴിയാത്ത വിധം വേരുറച്ചു പോയിരുന്നു. കുട്ടിക്കാലത്ത് അതു കേൾക്കുമ്പോൾ മുഖം വീർപ്പിച്ചു പിണങ്ങി നിന്നിരുന്നവൾ കൗമരത്തിലേക്കെത്തിയപ്പോൾ തൊട്ട് എന്റെ മുൻപിലെ വരാതെയായി.
പക്ഷേ, അവളുടെ എനിക്കായി മാത്രമുള്ള ഒളിഞ്ഞു നോട്ടങ്ങളും, യാദൃച്ഛികമായി എന്റെ മുന്നിൽ പെട്ടു പോയാൽ ചുവപ്പു രാശി പടരുന്ന ആ തുടുത്ത കവിളുകളും ഒരു പിടപ്പോടെ താഴ്ന്നു പോകുന്ന മിഴികളും ചുണ്ടിലൂറുന്ന നാണത്തിൽ കലർന്ന പുഞ്ചിരിയും അവളുടെ ഉള്ളിലെ പ്രണയത്തിൻ ബഹറിന്റെ ആഴം എനിക്കു മുൻപിൽ എന്നേ അനാവൃതമാക്കിക്കഴിഞ്ഞിരുന്നു..
പിജി ക്ക് ചേരാനിരിക്കുന്ന സമയത്താണ് ഉപ്പയുടെ പെട്ടെന്നുള്ള മരണം. അതോടു കൂടി, ഉമ്മയുടെയും പ്ലസ്ടു വിനു പഠിക്കുന്ന അനിയത്തിയുടെയും കാര്യം മാത്രമല്ല, ഇത്താത്തയുടെ കല്യാണവശ്യത്തിനായി ഉപ്പ എടുത്ത് അടവു തെറ്റിയ വീടിന്റെ ലോണും ഇത്താത്തയ്ക്ക് ബാക്കി കൊടുക്കാനുള്ള സ്വർണ്ണത്തിന്റെ കണക്കും എല്ലാം കുടുംബത്തിലെ ഏക ആൺതരിയായ എന്റെ ചുമലിലായി. എന്നെ പഠിപ്പിച്ച് ഒരു ഗവൺമെന്റ് ജോലിക്കാരനാക്കുക എന്ന ഉപ്പയുടെ സ്വപ്നവും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. തുടർപഠനത്തിന് സഹായവുമായി വന്ന നജീബിക്കയേയും ഉപ്പയുടെ മറ്റു സുഹൃത്തുക്കളെയും ഞാൻ തന്നെയാണ് അതിൽ നിന്നും പിന്തിരിപ്പിച്ചത്. അവരുടെ അവസ്ഥ മനസ്സിലാക്കാൻ അത്രയും കാലം ഒരു ഓട്ടോ ഡ്രൈവറുടെ മകനായി ജീവിച്ച തന്നെക്കാൾ കഴിയുന്ന മാറ്റാരുണ്ട്.. അടുത്ത ബന്ധുക്കളായി ആരും തന്നെ ഇല്ലാതിരുന്ന നജീബിക്കയുടെ കാര്യമാണതിൽ ഏറ്റവും കഷ്ടം. ഹൃദ്രോഗിയായ ഭാര്യ അസ്മയുടെ ചികിത്സക്കായി മാത്രം മാസത്തിൽ നല്ലൊരു തുക തന്നെ അദ്ദേഹത്തിന് കണ്ടെത്തേണ്ടതായിട്ടുണ്ടായിരുന്നു.
കാലം ഒന്നിനു വേണ്ടിയും ആരെയും കാത്തുനിൽക്കാറില്ല. കാലത്തിന്റെ കുത്തൊഴുക്കിനനുസരിച്ച് നാം മുന്നോട്ടു തുഴഞ്ഞേ തീരു. അതാണ് പ്രകൃതി നിയമം.. !
ഓട്ടോ ഓടിക്കലും കുറച്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കലും മറ്റുമായി ജീവിതം മുന്നോട്ടു പോയെങ്കിലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. കൂനിൻ മേൽ കുരു പോലെ അതിനിടയിലേക്കാണ് സ്വർണ്ണത്തിന്റെ ബാക്കി വേണമെന്ന ആവശ്യവുമായി ഇത്താത്ത മോളെയും കൂട്ടി വന്നത്. പറഞ്ഞ അവധികളെല്ലാം തീർന്നതിനാൽ ഇനി സ്വർണവുമായി തിരികെ വന്നാൽ മതിയെന്ന് പറഞ്ഞ് ഇത്താത്തയെ അയച്ചത് അളിയന്റെ ഉമ്മയാണ്..
ഉമ്മയുടെ പ്രിയപ്പെട്ട മകനായിരുന്ന അളിയന് പക്ഷേ ഒരു നല്ല ഭർത്താവും പിതാവുമാകാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല.
പ്രയാസങ്ങളുടെ തീച്ചൂളയിൽ വെന്തു നീറുമ്പോഴും മനസ്സിലൊരു കുളിർമഴയായി ആമിയുണ്ടായിരുന്നു.. ആ ഒരു പ്രത്യാശയുടെ വെട്ടം തന്നെയാണ് ഞാനെന്ന മനുഷ്യനെ മുന്നോട്ടു നയിച്ചതും. അല്ലെങ്കിലൊരു പക്ഷേ മനസ്സു തന്നെ കൈവിട്ടു പോകുമായിരുന്നു.
ആയിടയ്ക്കാണ് ഉമ്മയുടെ അകന്ന ബന്ധത്തിലുള്ള സലാമിക്കയെ ടൗണിൽ വെച്ച് അവിചാരിതമായി കണ്ടു മുട്ടിയത്. ആ ഒരു
കൂടിക്കാഴ്ച്ചയാണ് ജീവിതത്തെ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ മാറ്റിമറിച്ചത്. ദുബായിൽ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കുറച്ചു ജോലിക്കാരെ ആവശ്യമുണ്ടായിരുന്നു. ടിക്കറ്റിന്റെ പണം മാത്രം കണ്ടെത്തിയാൽ മതിയായിരുന്നു. കടലിനക്കരെ സ്വർണ്ണം കായ്ക്കുന്ന മരങ്ങളില്ലെങ്കിലും ചുമലിലെ ഭാരത്തിന് ഒരല്പം ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ ദുബായിലേക്ക് വിമാനം കയറാൻ തന്നെ തീരുമാനിച്ചു.
വീടിന്റെ പടിയിറങ്ങുമ്പോൾ വാതിൽ മറവിൽ കണ്ട ആ വിടർന്ന മിഴികളിലെ നനവും വിതുമ്പി നിൽക്കുന്ന അധരങ്ങളും ഒരു സുഖമുള്ള നോവായി മനസ്സിലങ്ങിനെ തങ്ങി നിന്നു.
നാട്ടിലും വിദേശത്തും നിരവധി ബിസിനസ്സ് സംരംഭങ്ങളുള്ള വിദേശ മലയാളിയായ ജബ്ബാർ സാഹിബിന്റെ ഉടമസ്തഥയിലുള്ള കമ്പനിയിലെ ജോലിയും വല്ലപ്പോഴും കാണുമ്പോഴുള്ള അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും ജോലിക്കാരോടുള്ള സ്നേഹസമീപനവും വല്ലാതെ ഇഷ്ടപ്പെട്ടു. നാളുകൾ കഴിയവേ എന്നോട് അദ്ദേഹത്തിന് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന് കണ്ടെത്തിയത് കൂട്ടുകാരാണ്. മോളെ കെട്ടിച്ചു തരാനാവുമെന്ന് പറഞ്ഞായിരുന്നു പിന്നീടവരുടെ കളിയാക്കലുകൾ. ജബ്ബാർ സാഹിബിന് ഒരേ ഒരു മകളെയുള്ളു എന്നും, ഏതോ ബിസിനസ്സ് കുടുംബത്തിലെ പിന്മുറക്കാരനുമായി ആർഭാട പൂർവ്വം നടന്ന വിവാഹം നീണ്ടു നിന്നത് വെറും ഒരു മാസക്കാലമാണെന്നും ഒരിക്കൽ കൂട്ടുകാരിൽ നിന്നും കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു.
ഒരിക്കൽ വീട്ടിലേക്ക് വിളിച്ചപ്പോൾ, സലാമിക്ക വഴി സാഹിബ് ഉമ്മയോട് മകൾക്ക് വേണ്ടി എന്നെ ആലോചിച്ചിട്ടുണ്ടെന്ന് കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയിരുന്നു. എന്നാൽ, അതിലേറെ അമ്പരിപ്പിച്ചത് സമ്മതമാണെന്ന് ഉമ്മ സാഹിബിന് വാക്കു കൊടുത്തു എന്നു കേട്ടപ്പോഴായിരുന്നു. ആമി മരുമകളായി വരാൻ ഏറെ കൊതിച്ചിരുന്ന ഉമ്മയുടെ പെട്ടെന്നുള്ള മാറ്റം എന്തിന്റെ പേരിലായാലും അത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ എനിക്കാവില്ലായിരുന്നു. ഉമ്മയും വിട്ടുതന്നില്ല. ഒടുവിൽ സഹികെട്ട് ഉമ്മയോട്
”ഉമ്മാ.. ആമി.. ?”എന്നു ചോദിക്കുമ്പോഴേക്കും എന്റെ ശബ്ദം ഇടറിപ്പോയിരുന്നു.
”ഞാൻ നജീബിന്റെ പൊരെ പോയി കാര്യങ്ങളൊക്കെ പറഞ്ഞ്.. ഓരിക്ക് സമ്മതക്കുറവൊന്നുമില്ല. ഇയ്യ് നിക്കാഹ് ഒറപ്പിച്ചു വെച്ച പെണ്ണൊന്നും അല്ലാലോ ഓള്.. പണ്ട് അന്റെ ഉപ്പ ഒരു കളി പറഞ്ഞൂന്നല്ലേയുള്ളു. അതത്ര കാര്യക്കാനൊന്നൂല്ല്യ.. പടച്ചോനായിട്ട് കര കയറാൻ മുന്നിലിട്ടു തന്ന അവസരം നീയായിട്ട് കളഞ്ഞു കുളിക്കാൻ നിക്കല്ലേ ന്റെ മോനെ.. ഇയ്യെങ്ങാനും സാഹിബിനോട് എതിരു പറഞ്ഞൂന്നറിഞ്ഞാ പിന്നെ അന്റെ ഉമ്മാനെയും പെങ്ങൻമാരെയും ഇയ്യ് പിന്നെ കാണൂല.. ഇത് ഈ റസ്യാന്റെ വാക്കാ.. നോക്കിക്കോ ഇയ്യ്.. “
ഉമ്മയുടെ ഭീഷണിയോടെയുള്ള പരുഷമായ വാക്കുകൾ ഒരു ചാട്ടുളി പോലെയാണ് നെഞ്ചിൽ തറഞ്ഞിറങ്ങിയത്. ഉമ്മയുടെ പുതിയ ഭാവം ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞതേയില്ല. ഇനി ഉമ്മയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതും നജീബിക്കയെ വിളിക്കാൻ തീരുമാനിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫോണെടുത്ത നജീബിക്ക, ഉമ്മ പറഞ്ഞത് ശരിയാണെന്നു സമ്മതിക്കുകയും ഇനി അങ്ങോട്ട് വിളിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു ഫോൺ വെച്ചപ്പോൾ ഹൃദയം നിലച്ചതു പോലെയായി. പിന്നീട്, നജീബിക്കയെ ബന്ധപ്പെടാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ആമിയെ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയത്താൽ മനസ്സ് കൈവിട്ടു പോകുമെന്നു വരെ തോന്നിപ്പോയി. ഉള്ളം ആർത്താർത്തു കരഞ്ഞു. പക്ഷേ, എന്റെ കരച്ചിൽ ആരും കേട്ടതേയില്ല.
ഒടുവിൽ ഉമ്മയുടെ വാശിക്കു മുൻപിൽ എന്റെ സ്വപ്നങ്ങളും മോഹങ്ങളും എല്ലാം കുടുംബത്തിനു വേണ്ടി ബലി അർപ്പിക്കാൻ തന്നെ തീരുമാനിച്ചു. ജീവിതത്തിന്റെ പാതിയായി കടന്നു വന്നവളോടെങ്കിലും നീതികേട് കാണിക്കരുതെന്ന് ഉറപ്പിച്ചു കൊണ്ടാണ് ആമി എന്ന അധ്യായത്തെ
ഹൃദയം നുറുങ്ങുന്ന വേദനയോടെ മനസ്സിന്റെ ഒരു കോണിൽ അടച്ചു വെച്ചത്.
എന്നാൽ, ജീവിതത്തിലേക്ക് പുതുതായി വന്ന നിലോഫർ എന്ന അധ്യായം എനിക്കൊരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതാണെന്ന് നിക്കാഹ് കഴിഞ്ഞു
ദിവസങ്ങൾക്കുള്ളിൽ തന്നെ ബോധ്യപ്പെട്ടിരുന്നു. വിവാഹ ശേഷം വളരെ വൈകിക്കിട്ടിയ മകൾക്ക് സാഹിബ് നൽകിയ അമിത സ്വാതന്ത്ര്യം തന്നെയായിരുന്നു അവളെ അഹങ്കാരിയും തന്നിഷ്ടക്കാരിയുമാക്കി മാറ്റിയത്. സ്വന്തം മകനായി കണ്ട് എന്നെ സ്നേഹിക്കുന്ന സാഹിബിനെയും ഭാര്യയെയും ഓർത്തു കൊണ്ടും വിലയ്ക്കു വാങ്ങപ്പെട്ട ബലിമൃഗമാണെന്ന ബോധ്യം ഉള്ളതു കൊണ്ടും എല്ലാം ക്ഷമിച്ചു.,സഹിച്ചു.! എന്റെ സഹനത്തിന് പകരമായി എന്റെ കുടുംബത്തിന്റെ എല്ലാ സാമ്പത്തിക ബാധ്യതകളും സാഹിബ് തീർത്തിരുന്നു. സിറ്റിയിലെ ഒരു ആഡംബര വീട് തന്നെ എന്റെ കുടുംബത്തിനായി സമ്മാനിച്ചു. ജൂബിയുടെ വിവാഹം അദ്ദേഹത്തിന്റെ അറിവിലുള്ള നല്ലൊരു കുടുംബത്തിലെ ആഷിക്ക് എന്ന മിടുക്കനായ ചെറുപ്പക്കാരനുമായി നടത്തി.
എന്നാൽ, ഇതിനിടയിൽ ഒരു റോഡപകടത്തിൽ നജീബിക്ക മരിച്ചതും, പിന്നീട്, വീടും സ്ഥലവും വിറ്റ് അദ്ദേഹത്തിന്റെ കുടുംബം ആ നാട്ടിൽ നിന്നും പോയതുമെല്ലാം ഞാൻ അറിഞ്ഞത് ഒരുപാട് വൈകിയായിരുന്നു.
നിലോഫറുമായുള്ള വഴക്ക് പതിവായിരുന്നുവെങ്കിലും ഒരിക്കൽ അവളുടെ സംസാരം പരിധിയിൽ കവിഞ്ഞപ്പോൾ നിയന്ത്രണം വിട്ടാണ് തല്ലിപ്പോയത്. എന്നാൽ, അതിനവൾ പ്രതികരിച്ചത് അതേ നിമിഷത്തിൽ തന്നെ, ഭർത്താവായ എന്നെ തിരിച്ചു തല്ലിക്കൊണ്ടായിരുന്നു. ഒരു പുരുഷൻ എന്ന നിലയിൽ എന്റെ ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു അത്. അതോടെ ഒന്നര വർഷത്തെ സഹനത്തിന് ഞാനായിട്ട് തന്നെ വിരാമം കുറിച്ചു.
പിന്നീട്, എനിക്ക് നിസ്സംഗതയുടെ നാളുകളായിരുന്നുവെങ്കിൽ ഉമ്മയ്ക്ക് കുറ്റബോധത്തിന്റെ നാളുകളായിരുന്നു. ആമിയുടെ കാര്യത്തിൽ ഉമ്മയോട് ഏറ്റവും കൂടുതൽ വഴക്കിട്ടിരുന്ന ജൂബിയുടെ നിരന്തര കുറ്റപ്പെടുത്തലുകളും എന്റെ അവസ്ഥയും ഉമ്മയെ കുറ്റബോധമെന്ന തീചൂളയിൽ വെന്തുരുക്കിക്കൊണ്ടേയിരുന്നു.
ആമിയെയും കുടുംബത്തെയും കാണണമെന്നും അവരോട് മാപ്പു പറയണമെന്നും ഉമ്മ ദിനവും പരിതപിച്ചു കൊണ്ടേയിരുന്നു. എന്നെ ഒരു കാര്യത്തിനും പ്രതീക്ഷിക്കേണ്ടെന്നു ഞാൻ തീർത്തു പറഞ്ഞതോടെ ഉമ്മ ആഷിക്കിനെ സമീപിച്ചു. ജൂബിയിൽ നിന്നും കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ആഷിക്ക് നടത്തിയ അന്വേഷണത്തിലാണ് ആമിയുടെ കുടുംബത്തിന്റെ വിലാസം തരപ്പെടുത്താനായത്. ആഷിക്കിന്റെ നിരന്തര പ്രേരണക്കൊടുവിലാണ് മനസ്സില്ലാ മനസ്സോടെ ഞാനീ യാത്രയ്ക്ക് തന്നെ സമ്മതം മൂളിയത്.
“യെസ്, ഇതു തന്നെയാണ് വീട്.. ”
ആഷിക്കിന്റെ സംസാരമാണ് ചിന്തകൾക്ക് ഭംഗം വരുത്തിയത്. നിറയെ പൂക്കളും ചെടികളുമുള്ള ഭംഗിയുള്ള ഒരു ഒറ്റ നില വീടിനു മുൻപിലാണ് വണ്ടി നിന്നത്. ഞങ്ങൾ ഇരു വീട്ടുകാരുടെയും സംസാരത്തിലേക്ക് താൻ വരുന്നത് ശരിയല്ലെന്നു പറഞ്ഞ് ആഷിക്ക് വണ്ടിയിൽ തന്നെയിരുന്നു.
കോളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ മനസ്സ് അറിയാതെ എന്തിനോ വേണ്ടി തുടി കൊട്ടിക്കൊണ്ടേയിരുന്നു.
ആരെയോ പ്രതീക്ഷിച്ചെന്ന പോലെ നിറ ചിരിയോടെ വാതിൽ തുറന്ന ആമിയുടെ വിടർന്ന മിഴികൾ പ്രതീക്ഷിക്കാത്ത ആളുകളെ കണ്ട അമ്പരപ്പിൽ ചുരുങ്ങി വന്നു. ആ തുടുത്ത കവിളിണകൾ ഒന്നുകൂടി തുടുത്ത് അതിസുന്ദരി ആയിട്ടുണ്ട് പെണ്ണ്.. ഹൃദയം വീണ്ടും എന്തൊക്കെയോ മോഹിക്കുന്ന പോലെ..
“മോളെ.. !”
ഉമ്മയുടെ നനവാർന്ന സ്വരമാണ് അവളിൽ നിന്നുള്ള ശ്രദ്ധയെ തിരിച്ചത്. അവൾക്ക് പിന്നാലെയെത്തിയ അനിയത്തി ആയിഷയും അസ്‌മത്തായും ആമിയുടെ അതേ അവസ്ഥയിൽ തന്നെയായിരുന്നു. തങ്ങൾക്കിരിക്കാനായി സെറ്റി ചൂണ്ടിക്കാണിക്കുമ്പോഴും അവരിൽ നിന്നും ഞങ്ങളെ കണ്ട അമ്പരപ്പ് വിട്ടു മാറിയിട്ടുണ്ടാരുന്നില്ല.
കണ്ണീരോടെ തന്റെ സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു തുടങ്ങിയ ഉമ്മ ഒടുവിൽ ആമിയെ എനിക്ക് വേണ്ടി ആവശ്യപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതിനുള്ള മറുപടി പറയാനായി ഞാൻ ഒരുങ്ങും മുൻപേ ആയിഷ കൈ രണ്ടും നെഞ്ചിൽ പിണച്ചു വെച്ചു കൊണ്ടു ഉമ്മയുടെ മുൻപിലായി വന്നു നിന്നു.
”അതെങ്ങിനെ ശരിയാവും റസിയത്താ.. അതിന് ഞങ്ങളുടെ അളിയൻ കൂടി സമ്മതിക്കണ്ടേ..? “
അവളുടെ മറുപടി കേട്ട് അന്ധാളിച്ചു നിന്ന ഉമ്മയെ നോക്കി അവൾ തുടർന്നു.
“ഇത്താത്തയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ മാസം ആറായി. ആളിനെ പറഞ്ഞാൽ അറിയും.. ഡോക്ടർ ഹാഷിം.. സിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ആണ്.. ഉമ്മയുടെ ഡോക്ടർ.. !”
ഒന്നു നിർത്തിയിട്ട് ഉമ്മയെ നോക്കിക്കൊണ്ട് അവൾ വീണ്ടും തുടർന്നു.
”റസിയത്താ.. നിങ്ങൾ പണക്കാരിയായ മരുമകളെ തിരഞ്ഞെടുത്തപ്പോൾ ഭർത്താവില്ലാതെ മകനെ ഒറ്റയ്ക്ക് കഷ്ടപ്പെട്ടു വളർത്തിയ ഡോക്ടർ ഹാഷിമിന്റെ ഉമ്മ മരുമകളാവാൻ അന്വേഷിച്ചത് പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെയാണ്. ആ സൗഭാഗ്യം കിട്ടിയത് എന്റെ ആമിത്താക്കാണ്.. “
അവൾ വീണ്ടും എന്തോ പറയാൻ ഒരുങ്ങുമ്പോഴേക്കും മുറ്റത്ത് മറ്റൊരു കാറിന്റെ ശബ്ദം കേട്ടു.
ഉമ്മയ്ക്ക് വേണ്ടി ആമിയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തു കൊണ്ടോ ആമിയുടെ മുഖത്തേക്ക് നോക്കാനേ തോന്നിയില്ല. പുറത്ത് ആഷിക്കിനോട് ചെറു ചിരിയോടെ സംസാരിച്ചു നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെയും തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാറിനെയും കണ്ടപ്പോഴേ ബോധ്യമായി അതായിരുന്നു ആമി കാത്തിരുന്ന ആ വ്യക്തിയെന്ന്.. ഡോക്ടർ ഹാഷിം.!
“താങ്ക്സ് ജാബിർ.. !”
സലാം കൊടുത്തു പിരിയുമ്പോൾ നിറഞ്ഞ ചിരിയോടെ ഹാഷിം എന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്.
ആ നന്ദി വാക്കിന്റെ അർത്ഥം ചോര വാർന്നൊഴുകുന്ന എന്റെയുള്ളിലെ പച്ചമുറിവിൽ കാരമുള്ളു പോലെ തറഞ്ഞിറങ്ങി. കണ്ണുകളിൽ ഉരുണ്ടു കൂടിയ മിഴിനീർ തുള്ളികളെ മറയ്ക്കാനായി, ഹാഷിമിന് വിഷാദത്തിൽ ചാലിച്ച ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പെട്ടെന്ന് കാറിലേക്ക് കയറുമ്പോൾ നഷ്ടബോധത്തിന്റെ ആഴം കണ്ണുകളെ പെയ്യിച്ചു തുടങ്ങിയിരുന്നു…
#എന്റെ രചന
#നഷ്ടസ്വപ്‌നങ്ങൾ


26 Comments
❤️❤️❤️
🥰❤️
👍👌💯🙏
നന്ദി.. സ്നേഹം 🥰
നല്ല ഭംഗിയായിട്ട് അവതെരിപ്പിച്ചു
👌💗🥰
Thanks dear ❤️🥰
നന്നായിട്ടുണ്ട്
നല്ല രചന.👌
വളരെ touching story. ഇഷ്ടപ്പെട്ടു.👍❤
നന്ദി… സ്നേഹം ❤️❤️🥰🥰
നല്ല കഥ, നല്ല അവതരണം 👍😍😍
നന്ദി സ്നേഹം ഡിയർ ❤️❤️🥰
നല്ല കഥ..
തുടക്കം മുതൽ വായനക്കാരെ അവസാനം വരെ പിടിച്ചിരുത്തുന്ന ശൈലി..
നിങ്ങളുടെ തനതായ ആ ശൈലി ഈ കഥയിലും നന്നായി വിനിയോഗിച്ചിട്ടുണ്ട്.
ഒരു ജീവിതയാത്രയിൽ പല സന്നിഗ്ദ്ധ ഘട്ടങ്ങളിലൂടെയും കടന്നു പോകേണ്ടി വരുന്ന മനുഷ്യൻ..
ചില തെറ്റുകൾ ശരിയായിരിക്കാം ചിലരുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റായിരിക്കാം..
ജഡ്ജ് ചെയ്യാൻ പോലും കഴിയാത്ത വിധത്തിൽ നമ്മളൊക്കെ നിസ്സഹായ അവസ്ഥയിൽ നിൽക്കേണ്ടിവരും.
അതായിരിക്കും ചിലപ്പോൾ ഈ കഥയുടെ സന്ദേശം.
നല്ല എഴുത്ത് അഭിനന്ദനങ്ങൾ 👍🏻😊
വായനയ്ക്കും മറുകുറിപ്പിനും
നന്ദി.. റിയാസ്. 🥰
ആർക്കൊക്കെയോ വേണ്ടി തൻ്റെ ഇഷ്ടങ്ങളെ എന്നന്നേക്കുമായി നഷ്ടപ്പെടുത്തിയവൻ്റെ ഹൃദയവ്യഥകൾ വല്ലാത്തൊരു നോവുണർത്തി. ഇല്ലായ്മകളിൽ കൂടെയുണ്ടായിരുന്നവരെയും പ്രതീക്ഷകൾ കൊടുത്ത് കൂടെ കൂട്ടിയവരേയും ഒരിക്കലും വേദനിപ്പിക്കരുതെന്ന ഒരു ഓർമപ്പെടുത്തൽ! കഥയുടെ
കെട്ടും മട്ടും ചോർന്നുപോകാതെ തുടക്കം മുതൽ ഒടുക്കം വരെ ഒഴുക്കോടെ പറയഞ്ഞ വളരെ പക്വമായ ഒരു സൃഷ്ടി!! കഥാപാത്രങ്ങളോടൊപ്പം സഞ്ചരിപ്പിക്കാനും ഇരുത്തി വായിപ്പിക്കാനും പര്യാപ്തമായ വിധത്തിൽ വളരെ പാകപ്പെട്ട ഒരു രചനയെന്ന് നിസ്സംശയം പറയാം!!
സ്നേഹാഭിനന്ദനങ്ങൾ!!
💐💐👍👍👏👏❤️
വായിച്ചതിനും ഈ മറുവരികൾക്കും ഹൃദയത്തിൽ തൊട്ട നന്ദി..
നന്ദി.. സ്നേഹം. ഡിയർ ❤️🥰
സൂപ്പർ എഴുത്ത് 👌👌👌👌👌
നന്ദി ചേച്ചി 🥰
സ്നേഹം ❤️❤️
കാലം ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും കാത്തു നിൽക്കില്ല എന്നത് വളരെ ശരി തന്നെ. പ്രാരാബ്ധങ്ങളുടെ തീച്ചൂളയിലും കുളിരിൻ്റെ ഒരിളം തെന്നലായെത്തിയിരുന്ന ആമിയെന്ന സ്വപ്നം ഇല്ലാതായപ്പോൾ ജാബിറിന് ജീവിതം തന്നെ നഷ്ടമായി. ഹൃദയത്തിൽ തൊടുന്ന രചന. നല്ല അവതരണം. അഭിനന്ദനങ്ങൾ സജ്ന❤️👌🌹
ഹൃദ്യം. അടിപൊളിയായി എഴുതി. ❤️❤️
സാബി.. 🥰❤️
👍👍👍👍
നന്ദി.. സ്നേഹം ❤️❤️
👌👌
നന്ദി.. സ്നേഹം 🥰❤️
കാലം ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും കാത്തു നിൽക്കില്ല എന്നത് വളരെ ശരി തന്നെ. പ്രാരാബ്ധങ്ങളുടെ തീച്ചൂളയിലും കുളിരിൻ്റെ ഒരിളം തെന്നലായെത്തിയിരുന്ന ആമിയെന്ന സ്വപ്നം ഇല്ലാതായപ്പോൾ ജാബിറിന് ജീവിതം തന്നെ നഷ്ടമായി. ഹൃദയത്തിൽ തൊടുന്ന രചന. നല്ല അവതരണം. അഭിനന്ദനങ്ങൾ സജ്ന❤️👌🌹
വായനയ്ക്കും ഈ നീണ്ട മറുകുറിപ്പിനും ഹൃദയം നിറഞ്ഞ നന്ദി.. സ്നേഹം ❤️🥰