“സ്വപ്നം കാണാത്തവരുണ്ടോ ?
ഉണ്ടാകാൻ വഴിയില്ല ! കാരണം കാണുന്ന സ്വപ്നങ്ങളെ സ്വന്തമാക്കുന്നവരാണല്ലോ ജീവിതത്തിൽ വിജയിച്ചവർ !”
“അപ്പോ സ്വപ്നങ്ങളെ സ്വന്തമാക്കാൻ കഴിയാത്തവരോ ?
അവർ ജീവിതത്തിൽ തോറ്റവരോ ?”
“ആയിരിക്കും
അല്ലായിരിക്കും
എനിക്കറിയില്ല
കാരണം ഞാൻ സ്വപ്നം കാണാറില്ല
നിന്നെപ്പോലെ സ്വപ്ന ജീവിയും അല്ല”
“അല്ല നീ സ്വപ്നം കാണാഞ്ഞിട്ടാണോ ഏതുനേരവും ആകാശത്തേക്ക് നോക്കിയിരിക്കുന്നത്?”
“പിന്നെ സ്വപ്നം കാണുന്നത് ആകാശത്തേക്ക് നോക്കിയിരുന്നാണോ?
എൻെറ കൊച്ചെ സ്വപ്ന ജീവിയായ നീ ഇതുവരെ ആകാശത്തേക്ക് നോക്കി ഞാൻ കണ്ടിട്ടില്ലല്ലോ?”
“ദേ നിമ്മി ചേച്ചി വേണ്ടാട്ടോ മതി എന്നെ കളിയാക്കിയത്.
എനിക്ക് ബോധമില്ല എന്നുവച്ച് ബോധവും ബുദ്ധിയും ഇല്ലാത്ത നിങ്ങൾ ക്ഷമിക്കണ്ടേ?”
എടീ എന്നു പറഞ്ഞ് നിമ്മി ചാടി എഴുന്നേറ്റതും ചന്ദന ഓടി ക്യാബിനിലേക്ക് പോയതും പെട്ടെന്നായിരുന്നു.
തുരുത്തിക്കര പഞ്ചായത്തിന്റെ സെക്രട്ടറിയാണ് ചന്ദന. നിമ്മി അവിടത്തെ UD ക്ലാർക്കും.
സെക്രട്ടറിയെ സാർ / മാഡം എന്നൊക്കെയാണ് വിളിക്കേണ്ടത് എങ്കിലും ബന്ധുക്കൾ ആയതുകൊണ്ട് ചന്ദന അതിന് അനുവദിക്കാറില്ല.
മാഡം, സെക്രട്ടറി വിളിക്കുന്നുണ്ട് എന്നു അരുണൻ ചേട്ടൻ പറഞ്ഞപ്പോൾ ഫയലുകളെല്ലാം ഒതുക്കി വെച്ച് നിമ്മി സെക്രട്ടറിയുടെ റൂമിലേക്ക് നടന്നു.
“നാളെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ക്ലാസ് ഉണ്ട്. നമ്മുടെ പഞ്ചായത്ത് ഹാളിൽ ആണ്. അതിൻെറ ഫുൾ ഡീറ്റെയിൽസ് എനിക്ക് ബുധനാഴ്ച രാവിലെ കിട്ടണം.”
“നിമ്മി ചേച്ചി പൊയ്ക്കോളൂ. ആ പുതിയ രണ്ട് LDC കളെ കൂടെ കൂട്ടിക്കോളൂ.”
ശരി എന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഓർത്തു. “അപ്പോ നാളെ റിപ്പോർട്ട് വേണ്ടേ? തനിക്ക് തെറ്റിയതാണോ മാഡം? നാളെയല്ലേ മീറ്റിംഗ്? അപ്പോൾ നാളെ ചൊവ്വയല്ലേ? പിന്നെന്തേ ? ബുധൻ?”
“ഞാൻ നാളെ അവധിയാണ്.”
“അവധിയോ ?”
കാണാം എന്നു പറഞ്ഞ് ചന്ദന ബാഗുമായി പുറത്തിറങ്ങി. സമയം 4:30. അന്തരീക്ഷം ആകെ മേഘാവൃതമാണ് . ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട് , ഭാഗ്യം കാറെടുത്തതു നന്നായി. ഡ്രൈവിങ്ങിനിടയിലും മനസ്സ് ചിന്തയിലായിരുന്നു പെട്ടെന്നാണ് ഒരു ബൈക്കുകാരൻ റോങ്ങ് സൈഡിലൂടെ കയറിവന്നത്. തന്റെ കാറിന്റെ മുമ്പിൽ എത്തിയതും തിരിഞ്ഞ് അവൻ പറഞ്ഞു. “കുറച്ചുകൂടി സൈഡ് ഒതുക്കി പോകൂ. വീതി കുറഞ്ഞ റോഡാണ്.”
ശരിയാണ് താൻ എന്തോ ആലോചിച്ച് ഛെ പിന്നെ ഒന്നും ആലോചിച്ചില്ല. 30 മിനിറ്റ് കൊണ്ട് വീടെത്തി. കുളിച്ചു വന്നപ്പോഴേക്കും അമ്മ ചായയുമായി വന്നു. അതും വാങ്ങി നേരെ പുറകുവശത്തേക്ക് നടന്നു. നാളത്തെ കാര്യങ്ങൾക്ക് രാവിലെ തന്നെ ഇറങ്ങണം. എന്നാലേ ഇരുട്ടുന്നതിനു മുമ്പ് തിരിച്ചെത്താൻ കഴിയൂ.
താൻ രാത്രി ഭക്ഷണം ഒന്നും കഴിക്കാറില്ല. അതുകൊണ്ടുതന്നെ നേരത്തെ കിടന്നു. എന്തോ പെട്ടെന്ന് ഉറങ്ങിപ്പോയി.
ഒരുപാട് നാളായി കാണാൻ ആഗ്രഹിക്കുന്ന ഒരാളെ നാളെ കാണാം എന്ന സന്തോഷം കൊണ്ടായിരിക്കണം മനസ്സും ശാന്തമായിരുന്നു.
എന്തോ ഒരു വെമ്പൽ,വീർപ്പുമുട്ടൽ,സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ എന്ന അവസ്ഥയാണോ ?
അറിയില്ല.
നാലുമണിക്ക് ബസ്റ്റോപ്പിൽ എത്തി 4 1/4 നാണ് ബസ്സ് , നിമിഷങ്ങൾക്കുള്ളിൽ ബസ് എത്തി.
വിൻഡോ സീറ്റിൽ ഇടംപിടിച്ചു. ഏകദേശം അഞ്ചുമണിക്കൂർ യാത്രയുണ്ട്. സുഖമായി ഒന്ന് ഉറങ്ങാം എന്ന് വിചാരിച്ചു,
പക്ഷേ നടന്നില്ല. മനസ്സിൽ ഒരു വിങ്ങൽ…
പെയ്യാൻ വിതുമ്പി നിൽക്കുന്ന ഒരു മഴ പോലെ…ചന്ദന ഓർത്തു എത്ര പെട്ടെന്നാണ് തന്നെ തനിച്ചാക്കി പോയത് .
എട്ടുവർഷം ഒരുമിച്ച്, ഒരേ ക്ലാസ്സിൽ,ജോലി കിട്ടിയതും ഒരേ സ്ഥലത്ത്, രണ്ടു പേരും റവന്യൂ ഡിപ്പാർട്ട്മെന്റ്, രണ്ടുപഞ്ചായത്ത് എന്നുമാത്രം. ഒരാൾ ചാമക്കാല, അടുത്തയാൾ തൃത്താല.
ഒരിക്കൽ ഓഫീസിലെ പ്യൂൺ വത്സേട്ടനാണ് ശ്രീജിത്തിന്റെ വിവാഹ കാര്യം പറഞ്ഞത്. അപ്പോൾ തന്നെ സെക്രട്ടറി രമേശ് സാറിന്റെ ചോദ്യം ഉണ്ടായി.
“അല്ല ഒരുമിച്ച് നടന്നിട്ട് ചന്ദന അറിഞ്ഞില്ലേ ?”
“ഇല്ല സാർ ഇത് ചുമ്മാതെയാ,
ജിത്ത് എന്നോട് പറയും.”
“അപ്പോൾ നിങ്ങൾ കൂട്ടുകാരാണോ ?
ഞാൻ കരുതി പ്രണയിതാക്കൾ ആണെന്ന് !”
ശരി,ശരി ഞാൻ പറഞ്ഞേയുള്ളൂ സർ കൂട്ടിച്ചേർത്തു.
വൈകുന്നേരം ജിത്തുവിനോട് ഞാനിത് ചോദിച്ചു. നീ ഒന്ന് പോയെ എന്ന് പറഞ്ഞ് എൻ്റെ വായ അടപ്പിച്ചു. ഹോസ്റ്റലിലേക്ക് കയറാൻ തുടങ്ങിയ തന്നെ കയ്യിൽ കടന്നുപിടിച്ച് അവൻ ചോദിച്ചു.
“എടോ ഞാൻ വിളിച്ചാൽ താൻ ഇറങ്ങി വരുമോ ?”
“വരാം ജിത്തു, ഒന്നല്ല ഒൻപത് പ്രാവശ്യം.”
“ശരിക്കും ഉറപ്പ് എങ്കിൽ ഉടനെ അത് വേണം.”
“സത്യമാണോ?”
“അതൊക്കെ നാളെ പറയാം.”അന്ന് രാത്രി ഉറങ്ങിയില്ല. ഒളിച്ചോട്ടവും, ജിത്തുവിനോടൊപ്പമു ഉള്ള ജീവിതവും സ്വപ്നം കണ്ട് കിടന്നു. രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി. മുന്നിൽ ജിത്തു.
“എടോ നാളത്തന്നെ നമുക്ക് ഇവിടെ നിന്ന് പോകണം. താൻ രണ്ടുദിവസത്തെ ലീവ് എടുക്കുക. നമുക്ക് ടോണിയുടെ അടുത്തേക്ക് പോകാം. അവൻ എല്ലാം അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് .നാളെ വൈകുന്നേരത്തെ ട്രെയിന് നമുക്ക് പോകാം.”
ആ ദിവസം മെയ് 21ആം തീയതി, രാവിലെ ഓഫീസിൽ പോയി നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങി. ഹോസ്റ്റലിൽ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ എത്തി കാത്തിരിക്കാൻ തുടങ്ങി. പത്തുമണിക്ക് ആയിരുന്നു ട്രെയിൻ. പത്തുമണിയും 11 മണിയും എല്ലാം കഴിഞ്ഞിട്ടും ജിത്തു മാത്രം വന്നില്ല. ഒടുവിൽ മനസ്സില്ലാമനസ്സോടെ നാട്ടിലേക്ക് വണ്ടി കയറി. എന്താണ് സംഭവിച്ചത്? തന്നെ ചതിച്ചു. ഒരുപാട് പ്രതീക്ഷകൾ തന്ന് വിളിച്ചുണർത്തിയിട്ട് ഒന്നുമില്ലാതാക്കി തിരിച്ചു പോയിരിക്കുന്നു.
വീട്ടിലേക്ക് എത്തിയതും എല്ലാവരും കാര്യം അന്വേഷിച്ചു. ആർക്കും മറുപടി കൊടുക്കാതെ മുറിയിൽ തനിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും കാണാതായപ്പോൾ ഓഫീസിൽ നിന്ന് വിളി വന്നു. രമേശ് സാർ വിളിച്ചപ്പോഴാണ് ഒരു ട്രാൻസ്ഫർ ഒത്തു വന്നിട്ടുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ ദൈവത്തിൻെറ വരദാനം പോലെ എറണാകുളത്തേക്ക് ട്രാൻസ്ഫർ കിട്ടി. ആരുമായും ഒരു സൗഹൃദവും ഉണ്ടായില്ല. പുസ്തകങ്ങളിലും പാട്ടിലും ദൈവത്തിലും സമാധാനം കണ്ടെത്താൻ ശ്രമിച്ചു.
പറഞ്ഞു പറ്റിക്കുക എന്നതും, പ്രതീക്ഷ നൽകിയിട്ട് തിരിച്ചെടുക്കുക എന്നതും എത്ര ഭീകരമാണെന്ന് അനുഭവിച്ചറിഞ്ഞ നാളുകൾ. ഒരിക്കൽ ഡിഗ്രി ക്ലാസിലെ അനു പറഞ്ഞാണ് വിവാഹം കഴിഞ്ഞെന്നും അമ്മാവന്റ മകളാണ് വധു എന്നും അറിഞ്ഞത്. പിന്നീട് ഒരിക്കൽ ആരോ പറഞ്ഞു കേട്ടു ഹയർസെക്കൻഡറി അധ്യാപകനായി എന്ന്. കൂടുതൽ അന്വേഷിച്ചില്ല. ഇന്നും വരില്ലായിരുന്നു. പക്ഷേ അനുവിന്റെ നിർബന്ധമാണ് ഇവിടെ എത്തിച്ചത്. ഒരുപാട് പ്രാവശ്യം കാണണമെന്നും മാപ്പ് ചോദിക്കണം എന്നൊക്കെ പറയുമ്പോൾ നമ്മൾ സമ്മതിക്കണമെന്ന്. അങ്ങനെ മനസ്സില്ല മനസ്സോടെ വഴങ്ങി. ചേച്ചി പറഞ്ഞ സ്ഥലം എത്തി.
മുഖം തുടച്ച് എഴുന്നേറ്റു. ബസ്സ് സ്റ്റോപ്പിൽ തന്നെ കാത്ത് അനു ഉണ്ടായിരുന്നു. നേരെ അനുവിന്റെ വീട്ടിലെത്തി. ഏകദേശം അരമണിക്കൂർ കഴിഞ്ഞില്ല ഒരു കാർ വരുന്ന ശബ്ദം കേട്ടു.
അനു പുറത്തിറങ്ങി. താൻ ഇറങ്ങിയില്ല. എന്തോ ഒരു ശബ്ദം കേട്ടു, ചന്ദന എന്നുള്ള വിളിയും. ഞെട്ടി എഴുന്നേറ്റു. തന്റെ മുന്നിൽ വീൽചെയറിൽ ജിത്തു…
ഭൂമിയാകെ കറങ്ങുന്നതുപോലെ തോന്നി. കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. പരിസരവും സമയവും സ്ഥാനവും മറന്ന് താൻ ജിത്തുവിന്റെ മടിയിലേക്ക് വീണു.
“എന്താ പറ്റിയത് ?”
“അതോ കൊച്ചെ, വർഷങ്ങൾക്കു മുമ്പ് ഒരു മെയ് 21 നീ എന്നെ കാത്തുനിന്നില്ലേ? സമയം വൈകിയത് കൊണ്ട് വേഗത്തിൽ ഓടിയ എന്നെ സമയം തെറ്റി വന്ന ഒരു ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. ഭാഗ്യത്തിന് ഒരു കാലേ മുറിച്ചുള്ളൂ.” “അറിയിക്കാമായിരുന്നില്ലേ ?
ഓടി വന്നേനെ ഞാൻ. ഇതു ഞാൻ എത്രവട്ടം മനസ്സുകൊണ്ട് ശപിച്ചു. എത്രത്തോളം മനസ്സിൽ ക്രൂരനാക്കി പ്രതിഷ്ഠിച്ചു. വേണ്ടായിരുന്നു, എന്നെ പാപി ആക്കണ്ടായിരുന്നു.” ചന്ദന അലറി വിളിച്ചു.
“വേണ്ട കുട്ടി, ഇതെല്ലാം ഞാൻ അർഹിക്കുന്നുണ്ട്. ”
എത്രനേരം മടിയിൽ കിടന്നു എന്ന് അറിയില്ല. ഒടുവിൽ ബോധം വന്ന് മടിയിൽ നിന്ന് മുഖം മാറ്റി. വീണ്ടും പരിഭവം ,പരാതി, യാത്ര പറച്ചിൽ. ഒടുവിൽ കാറിൽ നിന്ന് മകളെ കൊണ്ട് തനിക്കായി കൊണ്ടുവന്ന നാരങ്ങ മിഠായി എടുപ്പിച്ച് കയ്യിൽ തരുമ്പോൾ ജിത്തു മകളോട് പറഞ്ഞു,
“മാളൂസ് ഇതാണ് നിൻെറ പേരുള്ള ആൻ്റി”
“ചന്ദന”
ഞെട്ടിപ്പോയി മകൾക്ക് തൻ്റെ പേര്. “എടോ തന്നെ എപ്പോഴും ഓർക്കാൻ തൻ്റെ പേര് മകൾക്കിട്ടു എന്താ പോരെ?”
ഒന്നും മിണ്ടിയില്ല.
എല്ലാവർഷവും ഞാൻ കാണാൻ വരും എന്ന് ഉറപ്പിൽ ഞങ്ങൾ പിരിഞ്ഞു. തിരിച്ചുപോരുമ്പോഴും ഹൃദയം നുറുങ്ങുകയായിരുന്നു തൻ്റെ നഷ്ടങ്ങളെ ഓർത്ത്. ഏറ്റവും വലിയ ഇഷ്ടത്തെക്കുറിച്ച് ഓർത്ത് ഏറ്റവും വലിയ ഇഷ്ടമാണല്ലോ നഷ്ടമായതെന്ന് ഓർത്ത്. പിന്നെ ചിറകുമുളക്കാത്ത തൻ്റെ നഷ്ടസ്വപ്നങ്ങളെ ഓർത്ത് …..


5 Comments
അസ്സലായി എഴുതി 👍👍👍❤️
❤️👍🏻. കുഞ്ഞു ചാന്ദനയുടെ അമ്മയെ കാണിച്ചില്ല.അവരുടെയും നഷ്ട സ്വപ്നങ്ങൾ ആയിരിക്കും. ഒരാളെ മനസിൽ വെച്ചു ജീവിക്കുന്നവന്റെ കൂടെ ജീവിക്കുന്നവൾക്ക് നഷ്ടപ്പെടാൻ കൂടി സ്വെന്തമായി സ്വപ്നങ്ങൾ ഉണ്ടാവില്ലായിരിക്കും.
ചന്ദന നല്ലൊരു പേര്. മോൾക്ക് ആ പേരു നൽകിയ ജിത്തു ചന്ദനയെ ഇപ്പോഴും സ്നേഹിക്കുന്നു. നല്ലൊരു കഥ മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതി.👏
❤
അതേ, കാലം കരുതിവെക്കുന്ന നഷ്ടങ്ങൾ..നന്നായി എഴുതി..
ചിറകുവിരിച്ചു പറക്കാനൊരുങ്ങിയ സ്വപ്നങ്ങൾ തകർത്തത് വിധിയാണെന്നു പറഞ്ഞു സമാധാനിക്കാം പക്ഷേ ആ നഷ്ട സ്വപ്നങ്ങൾ ഒരു ജീവിതം തന്നെ വരണ്ടതാക്കി മാറ്റി… അവരുടെ മനസ്സുകളെ മനോഹരമായി അവതരിപ്പിച്ചു
നന്നായി എഴുതി സെജീ❤️🌹👌