പതിവു പോലെ അഞ്ചുമണിക്ക് ഞാൻ ഓഫീസിൽ നിന്ന് വന്ന് കയ്യും കാലും മുഖവും കഴുകി ഡൈനിംഗ് ടേബിളിനരികിലെത്തി. ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ പുറത്തേ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരിരിപ്പിടം ഉണ്ട്. ഞാൻ വന്നാൽ ആ കസേരയിൽ ആരിരുന്നാലും എഴുന്നേറ്റ് തരും. എന്തോ ആ കസേരയിലിരുന്ന് അമ്മ ഉണ്ടാക്കിത്തരുന്ന ചൂടുചായ ഊതിയൂതിക്കുടിക്കാൻ ഒരു പ്രത്യേക സുഖമാണ്. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ പഴയകാലത്തെ ഓർമ്മകൾ കയറൂരിവിട്ട പശുക്കിടാവിനെപ്പോലെ തുള്ളിച്ചാടിയങ്ങ് പോകും.
ചെറുപ്പം മുതൽ വീട്ടിൽ ആസ്തി കുറച്ച് കുറവായിരുന്നെങ്കിലും എനിക്ക്ആഗ്രഹം കൂടുതലായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളൊക്കെ അച്ഛൻ സാധിച്ചു തരുമായിരുന്നു. എങ്കിലും പരിഭവമില്ലാതെ പരാതിയില്ലാതെ ജീവിതം മുന്നോട്ട് പോയി. ഓരോ സ്കൂൾ അദ്ധ്യയന വർഷം തുടങ്ങുമ്പോഴും ഒരു പുത്തൻ യൂണിഫോമിനും ഒരു പുത്തൻമണമുള്ള പുസ്തകത്തിനും കൊതിക്കും. കിട്ടില്ലെന്നറിയാം. എന്നാലും സ്വപ്നം കാണാല്ലോ. എന്നും പഴകിയ യൂണിഫോമും കൂട്ടുകാരുടെ തുപ്പൽ മണമുളള, മൂല ചുളുങ്ങിയ, അടിവരകളിട്ടു മോടി പിടിപ്പിച്ച പാഠപുസ്കങ്ങൾ വാങ്ങി പുതിയ ചട്ടയിട്ട് അമ്മതന്നപ്പോൾ പുത്തൻ പുസ്തകങ്ങൾ എന്ന ആ സ്വപ്നം നഷ്ടമായി.
പഠിക്കാൻ അത്ര മിടുക്കിയൊന്നുമല്ലായിരുന്നു എങ്കിലും ഒരു ക്ലാസിൽ പോലും തോല്ക്കാതെ പത്താം തരം പാസായി. ഞങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ നിന്ന് തുടർ പഠനത്തിനു പോകാണമെങ്കിൽ തൊട്ടടുത്തുള്ള പട്ടണമായ മണ്ണാർക്കാട് പോകണം. ബസ് സർവ്വീസും വളരെ കുറവ്.
പത്താം തരം റിസൾട്ട് വന്നപ്പോൾ അച്ഛൻ ചോദിച്ചു. ” മോളേ. പത്ത് പാസായി. ഇനിയെന്താ പ്ലാൻ.”
ഞാൻ പറഞ്ഞു.
” ഇനീംപഠിക്കണം അച്ഛാ. കൂട്ടുകാരൊക്കെ പ്രിഡിഗ്രിക്ക് പോകുന്നുണ്ട്. എനിക്കും പോണം.
“അച്ഛൻ പറഞ്ഞു. “കോളേജിലൊക്കെ പോകാൻ വല്യ ചെലവാ. അച്ഛന് താങ്ങാൻ പറ്റുമോന്നറിയില്ല. ഇവിടെ താവളത്ത് മഠത്തിൽ തയ്യൽ പഠിപ്പിക്കുന്നുണ്ട്. അവിടെ ചേർക്കാം.”
അങ്ങനെ തയ്യൽ ക്ലാസ്സിൽ ഞാൻ പോകാൻ തുടങ്ങി. അതോടെ എന്റെ “പഠനം” എന്ന സ്വപ്നം എന്നെന്നേക്കുമായി നഷ്ടമായി. പിന്നെയും കുറച്ചു കാലം മനസില്ലാമനസോടെ തയ്യൽ പരിശീലനത്തിന് പോയി.
ഞാൻ മനസിൽ ഒരു ദൃഢനിശ്ചയം എടുത്തു. പഠനമോ നഷ്ടമായി. സ്വന്തം കാലിൽ നിൽക്കാൻ എന്തെങ്കിലും തൊഴിൽ നേടണം. അപ്പോഴാണ് പത്രത്തിൽ ആ വാർത്ത കണ്ടത്. ഇവിടുത്തെ ട്രൈബൽ ഊരുകളിൽ സാക്ഷരതാക്ലാസ് എടുക്കാൻ പത്താം തരം പാസായവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു എന്ന്. എനിക്കന്ന് 17 വയസ്. കിട്ടില്ലെന്നുള്ള ധാരണയിൽ ഞാനും അപേക്ഷ കൊടുത്തു. പക്ഷേ എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് എനിക്ക് ആ ജോലി കിട്ടി. വളരെ തുച്ഛമായ പ്രതിഫലം ആയിരുന്നെങ്കിലും ഞാൻ അതിൽ ആനന്ദം കണ്ടെത്തി. അതോടെ തയ്യൽ പഠനം നഷ്ടമായി. പിന്നീടങ്ങോട്ട് കൂട്ടുകാർക്കൊപ്പം ഊരുകളിൽ സാക്ഷരതാപ്രവർത്തകയായി കുറച്ചു കാലം.
പിന്നീട് ഒരു സംഘടനയിൽ ജോലിക്ക് ഇന്റർവ്യൂ വിന് പോയി. ഫുൾ പാവാടയും ഫുൾ ബ്ലൗസ്സുമായിരുന്നു വേഷം. കൂട്ടത്തിൽ ഏറ്റവും ചെറുതായ എന്നെ കണ്ടതെ ഡയറക്ടർ പറഞ്ഞു. അടുത്ത വർഷം നോക്കാം. പ്രായംകുറവ് കൂടാതെ ആളും ചെറുതല്ലേ. നോക്കിയിട്ട് പറയാം ഇപ്പോൾ പൊക്കോളൂ എന്ന്പറഞ്ഞു. വിഷമത്തോടെ ഞാൻ കുഞ്ഞുണ്ണിമാഷിനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട്പുറത്തേക്കിറങ്ങി.ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു കത്തുവന്നു. ആ സംഘടനയിൽ ജോലിക്കു കയറാൻ ഉള്ള കത്ത് . എന്റെ മനസ് സന്തോഷം കൊണ്ട്തുള്ളിച്ചാടി. കുറച്ചു നാൾ അവിടെ പ്രവർത്തിച്ചു. അവിടെ നിന്നു ലഭിച്ച വിലപ്പെട്ട അറിവുകൾ ജീവത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞു.
അവിടെ നിന്നും അടുത്ത പടി ഒരു അംഗൻവാടി പ്രവർത്തകയിലേക്കായിരുന്നു. എന്റെ ജോലി വളരെ സത്യസന്ധതയോടുകൂടി ഞാൻ ചെയ്തു കൊണ്ടിരുന്നു. രണ്ടായിരത്തി പന്ത്രണ്ട് വരെ ഞാൻ അംഗൻവാടി വർക്കർ ആയി സേവനം അനുഷ്ഠിച്ചു.
നാളുകൾ കടന്നു പൊയ്ക്കാണ്ടിരുന്നു.
വിചാരങ്ങൾ വികാരങ്ങളാകാൻ തുടങ്ങിയ കാലം. മനസിൽ ചെറിയ പ്രേമം മൊട്ടിട്ടു. അന്നൊന്നും ഫോൺ ഇല്ലല്ലോ. കത്തുകൾ കൈമാറി വളർത്തിയ പ്രേമം. തളിരിട്ടു വെങ്കിലും അത് വളരാൻ വീട്ടുകാർ അനുവദിച്ചില്ല. എനിക്കുവന്ന പ്രേമലേഖനം മൂത്താങ്ങളയുടെ കയ്യിൽ ഏല്പിച്ചു പോസ്റ്റുമാൻ. അതു വായിച്ച് ഹാലിളകിയ വീട്ടുകാർ എന്റെ പ്രേമത്തിന്റെ കാണ്ഡം മുറിച്ചുമാറ്റി. യൗവനത്തിലെ എന്റെ ആദ്യ നഷ്ടസ്വപ്നം അതായിരുന്നു.
പിന്നീടങ്ങോട്ട് വിവാഹാലോചന.
എവിടെയോ ജനിച്ച് എവിടെയോ വളർന്ന ഒരു പരിചയവുമില്ലാത്ത ആളെ വീട്ടുകാർ കണ്ടെത്തി. അദ്ദേഹത്തെ ഭർത്താവായി സ്വീകരിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നപ്പോഴും എന്റെ മനസ് എന്നോട് പറയുന്നുണ്ടായിരുന്നു. “നിനക്ക് എല്ലാം നഷ്ടമാകും” എന്ന്. സങ്കടത്തിലും സന്തോഷത്തിലും പൊരുത്തപ്പെട്ടു ജീവിച്ച ഒരമ്മയുടെ മകളായ ഞാനും എല്ലാം പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിച്ചു. ആരെയും നോവിക്കാതെ, ആരോടും പരിഭവവും പരാതിയുമില്ലാതെ ഒമ്പത് വർഷം. അതിനിടയിൽ ഞാൻ എന്റെ മകന് ജന്മം നല്കി.
മകന് ആറ് വയസുള്ളപ്പോൾ ഭർത്താവ് ക്യാൻസർ ബാധിതനായി മരണമടഞ്ഞു. ഒരു നല്ല കുടുംബജീവിതം സ്വപ്നം കണ്ട് നടന്ന ഞാൻ ഒന്നുമില്ലാത്തവളായി മാറി. മുപ്പത്തി രണ്ടാം വയസിൽ എല്ലാ സ്വപ്നങ്ങളും തകർന്ന് എന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു. പിന്നിൽ നിന്ന് എന്റെ രണ്ടു തോളിലും ഒരു നനുത്ത സ്പർശം. നിറകണ്ണുകളുയർത്തി ഞാൻ നോക്കി. ഇടത്തും വലത്തും താങ്ങായി എന്റെ സഹോദരങ്ങൾ.
ആ കൈകൾ വീണ്ടും എന്നെവീണ്ടും ജീവിതത്തിലേക്ക് പിടിച്ചുയർത്തി. എന്റെ മകന്റെ ചിരിക്കുന്ന മുഖം ജീവിക്കാനുള്ള ഊർജ്ജം പകർന്നു തന്നു. സ്വന്തം ആവശ്യങ്ങൾക്ക് മറ്റൊരാളുടെയും മുന്നിൽ തലകുനിക്കാതെ പണിയെടുത്ത് ജീവിക്കണം എന്ന എന്റെ ആഗ്രഹം പതിനേഴുവയസു മുതൽ ഇന്നീ നിമിഷം വരെ ഞാൻ തുടർന്നു പോകുന്നു. മകനുവേണ്ടി ഉഴിഞ്ഞു വച്ച ഈ ജീവിതത്തിൽ ഇന്നു ഞാൻ അഭിമാനിക്കുന്നു. മകനിലൂടെ എനിക്കൊരു മകളെയും കിട്ടി. എനിക്ക് ചുറ്റും നിന്ന് സ്നേഹിക്കുന്ന എന്റെ കുടുംബം. അവരുടെ മുഖം കാണുമ്പോൾ എന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കും. നഷ്ടങ്ങളെ മറക്കും. നഷ്ട സ്വപ്നങ്ങളെയോർത്ത് കണ്ണീർ വാർക്കാതെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ് പറക്കണം. ഞാൻ പറന്നു തുടങ്ങി.
നഷ്ടങ്ങളെ മറന്ന്, ഇഷ്ടങ്ങളെ സ്വപ്നം കണ്ട്,
അഷ്ട ദിക്കിലും ചുറ്റിത്തിരിഞ്ഞ് ജീവിതം ആസ്വദിച്ച്ശിഷ്ടകാലം സന്തോഷത്തോടെ ജീവിച്ച് ജീവിച്ച് ഒടുവിലീ മണ്ണിൽ അലിഞ്ഞുചേർന്ന്
ഈ ജീവിതത്തിനു പൂർണ്ണവിരാമമിടണം.
#കൂട്ടക്ഷരങ്ങൾ
#നഷ്ടസ്വപ്നങ്ങൾ
#അനുഭവം


10 Comments
Great story
അനുഭവങ്ങളും അവക്കു മുകളിൽ നേടിയ വിജയവും. 👏❤
അനുഭവങ്ങളോടു പടവെട്ടി നേടിയ ജീവിതത്തേക്കുറിച്ചു വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. ആരുടെ മുന്നിലും തലകുനിക്കാതെ നിശ്ചയദാർഢ്യത്തോടെ ഇവിടം വരെയെത്തിയല്ലോ .ഇനി ശിഷ്ടകാലം ഏറ്റവും സന്തോഷത്തോടെ മക്കളോടും കൊച്ചുമക്കളോടുമൊത്തു കഴിയാൻ സാധിക്കട്ടെ. സ്നേഹം❤️❤️❤️
സ്നേഹം ❤❤
Thanks 🌹
കഷ്ടങ്ങളും നഷ്ടങ്ങളും ഒക്കെയുണ്ടേങ്കിലും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നല്ലോ- ഈ സന്തോഷം അങ്ങോളം ഉണ്ടാവട്ടെ
❤❤
എന്താ പറയാ..
സ്നേഹം, സ്നേഹം, സ്നേഹം. ❤️
അനുഭവങ്ങളോടു പടവെട്ടി നേടിയ ജീവിതത്തേക്കുറിച്ചു വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. ആരുടെ മുന്നിലും തലകുനിക്കാതെ നിശ്ചയദാർഢ്യത്തോടെ ഇവിടം വരെയെത്തിയല്ലോ .ഇനി ശിഷ്ടകാലം ഏറ്റവും സന്തോഷത്തോടെ മക്കളോടും കൊച്ചുമക്കളോടുമൊത്തു കഴിയാൻ സാധിക്കട്ടെ. സ്നേഹം❤️❤️❤️
പൊരുത്തപ്പെടാൻ കഴിഞ്ഞാൽ എന്തും നേടാം ❤