സ്കൂട്ടി സൈഡ് സ്റ്റാൻഡിൽ നിർത്താതെ വെപ്രാളത്തിൽ മതിലിനോട് ചാരി വച്ചിട്ടാണ് മീര സിറ്റൗട്ടിലെ വെറും തറയിൽ ഇരുന്ന് പത്രം നിവർത്തി വച്ച് അതിൽ തല കുമ്പിട്ട് വായിക്കുകയായിരുന്ന വർഷയുടെ അടുത്തേക്ക് വന്നിരുന്നത്.
വിയർത്ത് ഒലിച്ച അവളുടെ മുഖത്തേക്ക് നോക്കിയ വർഷ അമ്പരന്നു.
കണ്മഷി എഴുതിയിട്ടില്ല. പൊട്ട് തൊട്ടിട്ടില്ല.എന്നും നെറ്റിയിൽ തൊടാറുള്ള ചന്ദനക്കുറിയും ഇല്ല. നെറ്റിയിൽ നിന്ന് ഒഴുകുന്ന വിയർപ്പ് ചാലുകൾ കഴുത്തിലൂടെ ചുരിദാറിലേക്ക് അലിഞ്ഞ് മറയുന്നു. ഷോൾ കൊണ്ട് ഇടയ്ക്കിടെ ഒപ്പുന്നുണ്ടെങ്കിലും വീണ്ടും വിയർപ്പ് ഒലിച്ചിറങ്ങുന്നുണ്ട്.
“നീ എന്താ ഓട്ട മത്സരത്തിന് പോയതാണോ? ഇങ്ങനെ വിയർക്കാൻ?”
മീര വർഷയുടെ നേരെ നോക്കി.
“ഓട്ട മത്സരം തന്നെയാടീ. അങ്ങോട്ടും ഇങ്ങോട്ടും ഓടി ഓടി തീരും എന്റെ ജീവിതം.”
നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് അവൾ പറഞ്ഞു.
“ഇപ്പോ എന്താ പ്രശ്നം? നീ പറയ്.”
വർഷ അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് ചോദിച്ചു.
“എനിക്ക് മതിയായി മോളെ ഈ ജീവിതം. ഒരു തരത്തിലും സമാധാനമില്ല. നിനക്കറിയാല്ലോ… എന്റെ കാത്തുവിന്റെ മൂന്ന് വയസ്സിൽ ഇഷ്ടമില്ലാത്തൊരു ജീവിതം വേണ്ടന്ന് വച്ച് ഇറങ്ങി പോന്നവളാണ് ഞാൻ. എന്നും എനിക്ക് ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളൂ കൂട്ട്. കൂടെ നിന്നവരും കൂടെപിറപ്പുകളും ഒക്കെ എന്നെ കുറ്റപ്പെടുത്തിയപ്പോഴും ആ നരകത്തിൽ നിന്ന് തീരാൻ വയ്യത്തോണ്ടാ രാജീവിൽ നിന്ന് ഡിവോഴ്സ് നേടി ഞാൻ വീട്ടിലേക്ക് തിരിച്ചു പോന്നത്. പക്ഷേ മോൾക്കും എന്നെ വേണ്ടാരുന്നെടാ. എന്നിട്ടും ഞാൻ എല്ലാം സഹിച്ചു. കാരണം അവൾ എന്റെ ദൗർബല്യമായിരുന്നു. അത് മുതലെടുത്ത് എല്ലാവരും കൂടി എന്റെ ജീവിതം കുട്ടിച്ചോറാക്കി.”
വർഷ മീരയെ പറ്റി ഓർത്തു.
കൃത്യമായി പറഞ്ഞാൽ 10 വർഷങ്ങൾക്ക് മുമ്പ് ഒരു കല്യാണ വീട്ടിൽ വച്ചാണ് മീരയെ കാണുന്നത്. ഒരുമിച്ച് പത്ത് വർഷം പഠിച്ചിട്ടും അവളുടെ നമ്പറോ വിലാസമോ ഒന്നുമില്ലാതെ കോൺടാക്ട് ചെയ്യാൻ പറ്റിയിരുന്നില്ല. കല്യാണത്തിന് പോലും അന്യോന്യം വിളിച്ചിരുന്നില്ല.
ഏട്ടന്റെ കയ്യിലിരുന്ന മോൾ വേറൊരു കുഞ്ഞിനെ കണ്ട് കയ്യുയർത്തി ശബ്ദമുണ്ടാക്കുന്നത് കണ്ടിട്ടാണ് ആ കുഞ്ഞിനേയും അതിന്റെ അമ്മയെയും ശ്രദ്ധിക്കുന്നത്. കുഞ്ഞിന്റെ ഓമനത്തമുള്ള ചിരിയിൽ അവളോട് കൊഞ്ചലോടെ കാര്യം പറയുമ്പോഴാണ് തന്നെ തന്നെ സൂക്ഷിച്ച് നോക്കുന്ന ആ കുഞ്ഞിന്റെ അമ്മയെ കണ്ടത്.
മീരയെ കണ്ടതും എത്ര വേഗത്തിലാണ് ആ പഴയ വിദ്യാലയത്തിലെ മൂന്നാമത്തെ ബെഞ്ചിലെ വിദ്യാർഥിനി ആയി താൻ മാറിയത്?
ഇണക്കവും പിണക്കവും രുചിച്ച, വെന്ത കഞ്ഞിയുടെയും പയറിന്റെയും മണം ഉയരുന്ന കഞ്ഞിപ്പുരയുടെ വലത് ഭാഗത്ത് എഴി അടിച്ച ഓടിട്ട കെട്ടിട്ടം. എത്ര ഉയർച്ച താഴ്ചകൾക്കും ജയതോൽവികൾക്കും പ്രണയ -വിരഹങ്ങൾക്കും സാക്ഷിയായ മുത്തച്ഛൻ വരാന്തകൾ.
വെള്ള ഷർട്ടും നീല പാവാടയും രണ്ട് സൈഡിലേക്ക് പിന്നിയിട്ട മുടിച്ചുരുളുകളിലും കുടുങ്ങി കിടന്ന പഠനകാലം. ബെഞ്ചിൽ അഞ്ച് പേരായിരുന്നു. വർഷയ്ക്ക് അടുത്തായാണ് മീരയും ഇരുന്നിരുന്നത്. തമ്മിൽ സൗഹൃദം ഉണ്ടായിരുന്നെങ്കിലും ആത്മബന്ധമായി വളരാത്ത ഒന്നായത് കൊണ്ട് മാത്രമാണ് പിരിഞ്ഞു പോരുമ്പോൾ അവളുടെ വാസസ്ഥലം പോലും തിരക്കാതെ ഇരുന്നത്.
അവളെയും തന്നെയും ഒരേ നാട്ടിലേക്കാണ് കെട്ടിച്ചു കൊണ്ട് വന്നത് എന്നറിഞ്ഞപ്പോൾ സന്തോഷമാണ് തോന്നിയത്. വർഷങ്ങൾക്ക് ശേഷമുള്ള സൗഹൃദം പുതുക്കലുകൾക്കിടയിലും അവളുടെ വെളുത്ത് വിടർന്നിരുന്ന ആ പഴയ മുഖത്തെ ഉന്മേഷം ഇപ്പോൾ ഇല്ല എന്ന് തോന്നിയിരുന്നു. വീണ്ടും കാണമെന്ന് പറഞ്ഞ് പിരിയുമ്പോൾ അവളുടെ മുഖത്തു ഒരു വിഷാദച്ഛവി പടർന്നതായി തോന്നിയത് ആയിരിക്കണം.
കുഞ്ഞിനെ ഏട്ടന്റെ കയ്യിൽ നിന്ന് വാങ്ങി ഒക്കത്തേക്ക് വയ്ക്കുന്നതിനു ഇടയിൽ നാത്തൂൻ ഒച്ച താഴ്ത്തി പറഞ്ഞതെങ്കിലും നെഞ്ചിടിപ്പോടെയാണ് കേട്ടത്.
“നല്ല ശ്രീത്വമുള്ളൊരു പെണ്ണും അമ്പോറ്റി കൊച്ചും. ഇവർക്ക് ഈ തെമ്മാടിയെ മാത്രമേ കിട്ടിയുള്ളോ കെട്ടിച്ചു കൊടുക്കാൻ!”
പരദൂഷണം ആയിരിക്കുമെന്ന് കരുതിയെങ്കിലും രണ്ട് വർഷങ്ങൾക്ക് ശേഷം വിവാഹമോചിതയായി അവൾ തന്റെ മുന്നിൽ വന്ന് നിന്നപ്പോൾ മനസ്സിലായി നാത്തൂൻ പറഞ്ഞതൊന്നും വെറുതെ ആയിരുന്നില്ലെന്ന്. ഭർത്യ വീട്ടിലെ ദുരിതങ്ങൾ പറഞ്ഞു കരയാതെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാനായി ഒറ്റയ്ക്ക് നിന്ന് പൊരുതിയ അവളോട് ബഹുമാനമാണ് തോന്നിയത്.
അവളുടെ മോൾ കാത്തുവിന് രാജീവിനോട് ആയിരുന്നു ചായ് വ് കൂടുതൽ. അവനെ വിട്ട് വരാൻ കൂട്ടാക്കാതിരുന്നത് കൊണ്ട് മാത്രം കുഞ്ഞിന്റെ കസ്റ്റഡി അവൾക്ക് കിട്ടിയില്ല. ആഴ്ചയിൽ നാല് ദിവസം അച്ഛന്റെ കൂടെയും ബാക്കി ദിവസങ്ങളിൽ അമ്മയുടെ കൂടെയും കുഞ്ഞ് നിൽക്കട്ടെ എന്ന് സമ്മതിച്ചാണ് മ്യൂച്ചൽ ഡിവോഴ്സ് ഒത്തു തീർപ്പ് ആയത്.
ഒരു സ്വകാര്യ ബാങ്കിലെ ക്ലർക്ക് ആയി ജോലി കിട്ടിയപ്പോഴേക്കും അവൾക്കും ഒരു സമാധാനമായി. മോൾ അവളുടെ അച്ഛനെ വിട്ട് വരാത്തത് മാത്രമായിരുന്നു അവളുടെ സങ്കടം. നല്ലൊരു ഭർത്താവ് ആയിരുന്നില്ലെങ്കിലും അയാൾ അയാളുടെ അമ്മയ്ക്ക് നല്ലൊരു മകനും മകൾക്ക് നല്ലൊരു അച്ഛനും ആയിരുന്നു.
പലതരം പ്രശ്നങ്ങൾക്ക് നടുവിലെ ഇടത്താവളം ആയിരുന്നു മീരയ്ക്ക് വർഷയുടെ വീടും അവളുടെ സാമീപ്യവും. വർഷയ്ക്ക് ആകുന്നത് പോലെ അവൾ മീരയെ സ്വാന്തനിപ്പിച്ചുകൊണ്ടും ഇരുന്നു.
ഇപ്പോൾ ഏഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ. സ്വന്തം ഇഷ്ടങ്ങൾ പോലും എന്തെന്ന് അറിയാതെ അവൾക്ക് പിന്നാലെ നടക്കുന്ന ഒരമ്മയാണ് ഇന്ന് മീര.
രാജീവ് കുഞ്ഞിനെ നോക്കുന്നുണ്ട്. കുടുംബം നോക്കുന്നുണ്ട്. അതിനിടയിൽ അയാളുടെ ഇഷ്ടങ്ങളും നടക്കുന്നുണ്ട്.
കാത്തുവിന് ഇന്ന് പത്ത് വയസ്സ്. വർഷയുടെ മകൾ കുഞ്ഞാറ്റയ്ക്കും അതേ വയസ്സ്. ഇരുവരും ഒരേ സ്കൂളിലാണ്. അത് കൊണ്ട് വർഷയ്ക്ക് കാത്തുവിന്റെ വിവരങ്ങൾ അറിയാൻ കഴിയുന്നുണ്ട്.
കുഞ്ഞുങ്ങൾ വളരുകയാണല്ലോ. അവരുടെ ചിന്താഗതികളും അതിനനുസരിച്ച് മാറും.
കാത്തു ഇപ്പോൾ മീരയെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. അച്ഛനും അമ്മയും ഒരുമിച്ച് വേണം എന്നതാണ് ഇപ്പോഴത്തെ അവളുടെ ആവശ്യം. അവളുടെ ക്ലാസ്സിലെ കുട്ടികൾക്ക് എല്ലാം മീറ്റിങ്ങിനും യൂത്ത് ഫെസ്റ്റിവലിനും ഒക്കെ കൊണ്ട് വരാൻ അച്ഛനും അമ്മയും ഉണ്ട്.
അവൾക്ക് മാത്രം ഒന്നുകിൽ അച്ഛൻ അല്ലെങ്കിൽ അമ്മ. കൂടെ പഠിക്കുന്നവർ അതും പറഞ്ഞു അവളെ കുത്തി രസിക്കുന്നുണ്ട് പോലും.
മീര കരയില്ലെന്ന് ഉറപ്പിച്ചത് പോലെ മുറുകിയ മുഖത്തോടെ വർഷയെ നോക്കി ഇരുന്നു.
“മൂന്ന് ദിവസമായി കാത്തു ഇതേ പ്രശ്നം പറഞ്ഞു കരയുകയാണ് വർഷേ. ഞാൻ എന്ത് ചെയ്യാനാ? അമ്മയാണ് ഇതിനെല്ലാം കാരണക്കാരി എന്നാണ് അവൾ ആരോപിക്കുന്നത്. അയാളുടെ വീട്ടുകാർ ഓരോന്ന് പറഞ്ഞ് അവളുടെ മനസ്സിൽ വിഷം കുത്തി വയ്ക്കും. ഞാൻ ഇങ്ങനെ വൃത്തിയായിട്ട് നടക്കുന്നത് അവർക്ക് ഇഷ്ടപെടുന്നില്ല. എനിക്ക് വേറെ കാമുകന്മാർ ഉണ്ടെന്ന് വരെയാടീ ആ കൊച്ചു കുഞ്ഞിനോട് അവരൊക്കെ പറഞ്ഞു പിടിപ്പിച്ച് വച്ചിരിക്കുന്നത്.”
വർഷ തല കുലുക്കി. ഇല്ലാത്ത കാര്യങ്ങൾ പടച്ചു വിടുന്ന അവർ രാജീവിനെ തൊട്ടടുത്തുള്ള വീട്ടിലെ അംഗനവാടി ടീച്ചറിന്റെ മുറിയിൽ നിന്ന് നാട്ടുകാർ പിടിച്ചതും നാണക്കേട് ഓർത്ത് ആ ടീച്ചറുടെ ഭർത്താവ് തൂങ്ങി മരിച്ചതും ഇപ്പോഴും രാജീവ് ആ വീട്ടിലെ നിത്യ സന്ദർശകൻ ആണെന്നും ബോധപൂർവം മറക്കുന്നത് ആകുമോ?
മീര ഒരിക്കലും ഇത് പോലുള്ള കാര്യങ്ങൾ കുഞ്ഞിനെ അറിയിക്കില്ല. അയാൾ നല്ലൊരു അച്ഛൻ ആണെന്നാണ് മീര പറയുന്നത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ആണ് മീരയുടെ ഭാഷ്യം. സ്വയം എരിഞ്ഞു കൊണ്ട്, സ്വന്തം വ്യക്തിത്വം നശിപ്പിച്ച് കൊണ്ട് മകൾക്ക് വേണ്ടിയുള്ള ത്യാഗം. പക്ഷേ ആർക്ക് വേണ്ടി ചെയ്യുന്നോ അത് വെറും വെള്ളത്തിൽ വരച്ച വരയായി മാറി പോകുന്നത് അവൾ അറിയുന്നില്ല.
കാത്തു അവളുടെ അച്ഛൻ വീട്ടുകാരുടെ ജീനാണ്. സ്വന്തം കാര്യത്തിന് വേണ്ടി എന്തും ചെയ്യുന്ന അവരുടെ വാക്കുകൾക്ക് ആണവൾ വില കല്പ്പിക്കുന്നത്. അമ്മയോടൊപ്പം നിൽക്കുമോ എന്ന ചോദ്യത്തിന് അച്ഛന്റെ കൂടെ നിൽക്കാൻ ആണിഷ്ടം എന്ന് അവളുടെ മുഖത്തു നോക്കി പറഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ ഇപ്പോഴും ആ മകൾക്ക് പിന്നാലെ പാഞ്ഞു കൊണ്ട് ഇരിക്കുകയാണവൾ.
ഇവിടുന്ന് അങ്ങോട്ടും അവിടുന്ന് ഇങ്ങോട്ടും ആഴ്ചയിൽ രണ്ട് ദിവസം ഷട്ടിൽ സർവീസ് പോലെ ഗതാഗതം നടത്തുന്ന ഒരു വിവാഹത്തകർച്ചയുടെ മറ്റൊരു മുഖം. അസഭ്യവാക്കുകൾ കേട്ടിട്ടും പിറകിൽ നിന്ന് കുത്തുന്ന ഒരുപാട് സംഭവങ്ങൾ നടന്നിട്ടും അവൾ എല്ലാം സഹിക്കുന്നത് മകൾക്ക് വേണ്ടിയാണെങ്കിൽ ഇന്ന് ആ മകൾ അവൾക്ക് നേരെ തിരിഞ്ഞു നിൽക്കുകയാണ്.
കാണുന്നവർക്ക് മകളുടെ ആവശ്യം ന്യായമെന്ന് തോന്നും. ഒരു കുഞ്ഞിന് അച്ഛനും അമ്മയും ആവശ്യം ആണല്ലോ എന്ന്. പക്ഷേ ആ ഒരു ബന്ധത്തിൽ മീര അനുഭവിച്ച ടോർച്ചർ, ട്രോമ, വിഷമങ്ങൾ ഇതൊക്കെ അവളുടെ മാത്രം പ്രശ്നങ്ങൾ ആണ്. മറ്റൊരാൾക്കും പകുത്തെടുക്കാനോ തിരിച്ചറിയാനോ പറ്റാത്തവ.
അതിൽ നിന്ന് ഇറങ്ങി പോരാൻ വേണ്ടി മീര എന്തൊക്കെ സഹിച്ചു കാണും? എത്ര പേരോട് ഉത്തരം പറഞ്ഞിരിക്കണം? എത്ര പേരെ ശത്രുക്കൾ ആക്കിയിരിക്കും? എത്ര കുത്തുവാക്കുകളും അപവാദങ്ങളും കേട്ടിരിക്കും?
അവളുടെ രാത്രികളും പകലുകളും എങ്ങനെ ഉള്ളതായിരുന്നെന്ന് അവൾക്ക് മാത്രമേ നിശ്ചയം ഉണ്ടായിരിക്കുകയുള്ളൂ.
മീര പടിയിറങ്ങി പോന്നത് വൃന്ദാവനം സ്വന്തമാക്കാനായിരുന്നില്ല..
സമാധാനത്തിന് വേണ്ടി മാത്രമായിരുന്നു. കിട്ടിയതോ ഓർമ്മപ്പെയ്ത്തുക്കളൂടെ വിട്ടൊഴിയാത്ത ദുർഗന്ധം പേറുന്ന ശ്മശാനവും..
മകൾക്ക് വേണ്ടി സഹിച്ചുകൂടെ? അഡ്ജസ്റ്റ് ചെയ്തുകൂടെ? എന്നൊക്കെ ചോദിക്കുന്നവർ ഒരിക്കലെങ്കിലും ആ തീയിലൂടെ നടന്നിട്ടുണ്ടോ?
നാളെ ഈ മകൾ അമ്മയ്ക്ക് വേണ്ടി ഒരു നിമിഷമെങ്കിലും കാത്ത് നിൽക്കുമെന്ന് ഉറപ്പുണ്ടോ ഉപദേശങ്ങൾ നിർലോഭം വിതറുന്ന ഈ നന്മമരങ്ങൾക്ക്?
അമ്മ ആയാൽ എല്ലാം സഹിക്കണമെന്ന് ഊറ്റം കൊള്ളുന്ന കുലസ്ത്രീപറ്റങ്ങൾക്ക്?
ചോദ്യങ്ങൾ എല്ലാം വർഷയുടെ ഉള്ളിൽ കിടന്ന് മഥിച്ചു കൊണ്ടിരുന്നു.
തുറന്ന് ചോദിക്കാൻ ആവാതെയും ശബ്ദം ഉയർത്താൻ ആവാതെയും അവളുടെ ഉള്ളിൽ കിടന്ന് ആ ചോദ്യങ്ങളൊക്കെയും ശ്വാസം മുട്ടി മരിച്ചു കൊണ്ടിരുന്നു.
വർഷയുടെ തോളിൽ ചാഞ്ഞ് കിടന്ന് കൊണ്ട് മീര പതിയെ പറഞ്ഞു.
“മോൾ ഇന്ന് എന്നോട് ചോദിക്കുവാ. ഒരുമിച്ച് ജീവിക്കാൻ നിങ്ങൾക്കു താല്പര്യം ഇല്ലായിരുന്നെങ്കിൽ എന്തിനാ എനിക്ക് ജന്മം നൽകിയതെന്ന്?”
മീര ഇത്രയ്ക്കും തകർന്ന് പോയതിൽ ഒരു സംശയവുമില്ല. കാത്തുവിന്റെ വാക്കുകൾ അവളെ അത്രയേറെ മുറിവ് ഏൽപ്പിച്ചിട്ടുണ്ട്.
ഭർത്താവിനെ കൺകണ്ട ദൈവത്തെ പോലെ കരുതി അയാളുടെ ജീവിതത്തിലേക്ക് കാലെടുത്ത് വച്ച മീരയിൽ നിന്ന് ഇന്നത്തെ മീരയിലേക്കുള്ള കനൽ വഴികളിൽ അവൾ അനുഭവിച്ച ചൂട് അവൾ ആരോട് പറയും?
അമ്മ വളർത്തിയത് ശരി അല്ലാത്തത് കൊണ്ടാണ് മോൾ അച്ഛനെ വിട്ട് വരാത്തത് എന്ന് സ്വന്തം ആൾക്കാർ തന്നെ പറയുന്ന ഒരു ഇടത്ത് എത്ര നാൾ ഒറ്റയ്ക്ക് നിന്ന് പോരാടും അവൾ?
“മീരാ…”
അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് കരയാൻ അല്ലാതെ വർഷയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
ഉള്ളിൽ കനൽ ഉരുക്കി ഒളിപ്പിച്ചു വച്ച കണ്ണീരിന്റെ കടൽ തടകൾ ഭേദിച്ച് നെഞ്ചിൽ ഇരമ്പി ആർക്കുന്നത് വർഷയ്ക്ക് അനുഭവപ്പെട്ടു.
പേമാരി പെയ്ത്ത് പോലെ മീര വർഷയുടെ മാറിൽ കിടന്നു കരഞ്ഞു. ചുടു കണ്ണീർ വീണ് വർഷയുടെ ഹൃദയം പിടഞ്ഞു.
എന്ത് പരിഹാരമാണ് അവൾക്ക് പറഞ്ഞു കൊടുക്കേണ്ടത് എന്നോർത്ത് ഓരോ ചിന്തകളിലൂടെ വർഷ കടന്ന് പൊയ്ക്കൊണ്ടിരുന്നു.
കലഹിക്കുന്ന അച്ഛനും അമ്മയ്ക്കും ഇടയിൽ നിന്ന് വിതുമ്പുന്ന കുഞ്ഞുങ്ങളെ മാത്രം കാണുന്ന ക്യാമറകൾ സ്ഥാപിച്ച കണ്ണുകൾ എന്ത് കൊണ്ടാണ് ആ അച്ഛന്റെയും അമ്മയുടെയും മനസ്സുകളിലേക്ക് ഫോക്കസ് ചെയ്യാത്തതെന്ന് വർഷ അത്ഭുതപെട്ടു.
സിംഗിൾ പേരെന്റ്റിംഗ് ഒരു കുറ്റമായി മാറാത്ത ഈ ലോകത്ത് എന്ത് കൊണ്ട് ചിലർ മാത്രം മാറാതെ ഇപ്പോഴും പാരമ്പര്യങ്ങളെയും ആർഷഭാരത സംസ്കാരത്തെയും പുതച്ചു കൊണ്ട് ചൂട് കായുന്നു?
സ്വന്തം അസ്തിത്വത്തിന് മേൽ കടന്നു കയറുന്ന ഒന്നിനെയും അറിഞ്ഞു കൊണ്ട് സഹിക്കേണ്ട കാര്യമില്ലെന്ന് മീരയോട് പറഞ്ഞു കൊടുക്കണമെന്ന് വർഷ തീരുമാനിച്ചു.
പെയ്തൊഴിഞ്ഞ കണ്ണീർ മഴയ്ക്കൊടുവിൽ മടിയിൽ കിടന്ന് മയങ്ങുന്ന മീരയുടെ മുടിയിഴകൾ തഴുകി കൊണ്ട് വർഷ താൻ ബാക്കി വച്ച പത്രവായനയിലേക്ക് തിരികെ ഊളിയിട്ടു.
#എന്റെരചന
#ബന്ധങ്ങൾബന്ധനങ്ങൾ


9 Comments
പരസ്പര ബഹുമാനത്തോടു കൂടി ജീവിക്കാനോ പിരിയാനോ സാധിക്കാത്ത ഏതു രണ്ടു വ്യക്തികളും തകർക്കുന്നത് ഇടയിൽ നിൽക്കുന്ന പാവം കുഞ്ഞുങ്ങളുടെ മാനസികാരോഗ്യമാണ്. വഴക്കുകൾ ജയിക്കാൻ വേണ്ടി കുഞ്ഞു മനസ്സുകളിൽ വിഷം കുത്തി വെക്കുന്നവർ അറിയുന്നുണ്ടോ, അവർ ജയിക്കുമ്പോൾ നാളെ തോറ്റു പോകുന്നത് ആ കുഞ്ഞുങ്ങൾ തന്നെയാണെന്ന്?
എത്ര സ്ത്രീ ജന്മങ്ങൾ ഇങ്ങിനെ ഉരുകിത്തീരുന്നു.
നല്ലെഴുത്ത് 👌
എത്ര പേരിങ്ങനെ നരകിച്ചു കഴിയുന്നുണ്ടാവും 😥. നല്ല എഴുത്ത് ❤️❤️❤️
വ്യത്യസ്തമായ രീതിയിൽ പറഞ്ഞ കഥ.. 👌👌
💯👍🙏
മനസ്സിനെ നൊമ്പരപ്പെടുത്തുന്നൊരു കഥ. വിവാഹമോചനങ്ങളേക്കുറിച്ചു കേൾക്കുമ്പോൾ ആ കുഞ്ഞുങ്ങളുടെ അവസ്ഥയേക്കുറിച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളു അച്ഛനോ അമ്മയോ അനുഭവിക്കുന്നതെന്തെന്ന് ആരും അറിയാറില്ല
നന്നായി എഴുതി അഞ്ജു❤️👌🌹
ആരും പറയാത്ത ആംഗിളിൽ നിന്നൊരു കഥ. 👌👌👌
കഥയില്ലാത്തവൾ എന്ന് സ്വയം പറയുന്നുണ്ടെങ്കിലും കഥ കൊള്ളാം👍