To
ഡോ. വി മുഹമ്മദ്
ജന്നാത്തുൽ ഫിർദൗസ്
സ്വർഗ്ഗം
പ്രിയപ്പെട്ട പപ്പക്ക്,
കുറേ ആയി ഒരെഴുത്തു എഴുതണം എന്ന് കരുതുന്നു. എഴുതാൻ തുടങ്ങുമ്പോൾ കൈകൾ വിറക്കുന്നു, കണ്ണുനീരിനാൽ അക്ഷരങ്ങൾ കാണുന്നില്ല. കുറെ വിശേഷങ്ങൾ ഉണ്ട് പറയാൻ! ഇരുപത്തൊമ്പത് വർഷങ്ങൾ എത്രവേഗം കടന്നു പോയി. ഇന്നും ആ ഡിസംബർ മാസം മനസ്സിൽ മായാതെ നിൽക്കുന്നു പപ്പാ. അഞ്ചു കുഞ്ഞുകുരുവികളെ ലോകമെന്തന്നറിയാത്ത അമ്മക്കിളിയേ ഏല്പിച്ചു പറന്നു കളഞ്ഞില്ലേ..
പപ്പക് ഇനി ഞങ്ങളൊക്കെ അവിടെയെത്തിയാൽ തിരിച്ചറിയുമോ ? എങ്ങനെ അറിയാതിരിക്കും പപ്പന്റെ ജമ്പുമോൾ അതു പോലെ തന്നെയുണ്ട്. ഇത്തിരി തടി കൂടി എന്നേയുള്ളു. ബാക്കി നാല് പേർക്കും ചെറിയ വ്യത്യാസങ്ങൾ മാത്രം. ജീവിതം ആകെ മാറി പപ്പാ, പപ്പ പോയ ശേഷം നന്നായി പാടുപെട്ടു വർഷങ്ങൾ മുൻപോട്ടു നീക്കാൻ.
ഞാൻ കുറെ പറഞ്ഞു ബോറടിപ്പിച്ചു അല്ലേ? പോട്ടെ പപ്പന്റെ വിശേഷം പറയൂ. അവിടെ ഒരു വിധം കൂട്ടുകാരൊക്കെ എത്തിയില്ലേ? ആയുഷ്കാലം സിനിമ പോലെ നിങ്ങൾ സൊറ പറഞ്ഞിരിക്കൽ ഉണ്ടോ? അവിടെ 555 സിസർ കിട്ടാറുണ്ടോ? പണ്ടെത്ര പറഞ്ഞതാ, ഇങ്ങനെ വലിച്ചു കൂട്ടരുത് എന്ന്. അന്ന് അതൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങളെ നോക്കി കുസൃതിചിരി ചിരിച്ചു, ഇപ്പോ എന്തായി? മക്കൾക്ക് വിഷമം വരുമ്പോൾ ഒന്ന് തല ചായ്ക്കാൻ, ആ നെഞ്ചത്ത് ഭാരം ഒന്നിറക്കി വെക്കാൻ, ആരും ഇല്ലാണ്ടായതിൻ്റെ ബുദ്ധിമുട്ടൊന്നും പപ്പാക്കറിയണ്ടല്ലോ.. പെണ്മക്കളെ രാജകുമാരികളെ പോലെ കാണാൻ അവരുടെ പിതാവിന് മാത്രമേ കഴിയൂ.
പപ്പാ, ഏറെ ബുദ്ധിമുട്ടിയാണെങ്കിലും എല്ലാവരെയും ഉമ്മ കല്യാണം കഴിപ്പിച്ചു വിട്ടു. വർഷമിത്ര കഴിഞ്ഞിട്ടും ഉമ്മ ഇപ്പോഴും നിങ്ങളെ ഓർത്തു കൊണ്ടിരിക്കുന്നു. “എന്റെ യാസിന്റെ ഉപ്പ എന്നു പറഞ്ഞു പേർത്തും പേർത്തും ഓരോന്നു പറയും നിങ്ങൾ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ ഒക്കെ ഓർത്തും പറഞ്ഞും അയവിറക്കിയും കണ്ണിൽ വെള്ളം നിറച്ചും പഴയ ഓർമ്മകളിൽ അറിയാതെ പുഞ്ചിരിച്ചും ഒടുക്കം കരഞ്ഞും എന്നും നിങ്ങൾ കൂടെയുള്ളത് പോലെ ജീവിക്കുന്നു.
പപ്പാന്റെ മക്കളൊക്കെ വലുതായി എല്ലാവരും ജീവിതത്തിൽ ഉന്നതമായ പടവുകൾ കയറി. പപ്പാ ഉണ്ടാക്കിയതൊക്കെ ഉള്ളത് കൊണ്ട് ആരുടെ മുൻപിലും തല കുനിക്കേണ്ടി വന്നില്ല .
പപ്പാ! നമ്മൾ ഒരുമിച്ചു അഖണ്ഡനാമത്തിനു പോയതും ശർക്കര ജിലേബി വാങ്ങിയതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
എന്റെ മോൾക്ക് എം ബി ബി.എസ് എൻട്രൻസ് കിട്ടി പപ്പാ. മെറിറ്റിൽ തന്നെ അവൾ കയറി. പപ്പ ഉണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷമായേനെയെന്ന് ഞാനെപ്പോഴും ഓർക്കും. അകാലത്തിൽ വേർപെട്ടു പോയ മാതാപിതാക്കൾ, ഉള്ള മക്കൾക്ക് ഏതു നേട്ടത്തിലും അതിരു വിട്ടു സന്തോഷിക്കാൻ ആവില്ല പപ്പാ, ചങ്കിനകത്ത് നിങ്ങളെക്കുറിച്ചുള്ള ഓർമ്മയിങ്ങനെ തടഞ്ഞുനിൽക്കുന്ന മീൻമുള്ളുപോലെ വേദനിപ്പിച്ചു കൊണ്ടിരിക്കും. പപ്പയെ പോലെ കൈപുണ്യമുള്ള ഡോക്ടർ ആവട്ടെ അവളും ആമീൻ, ഇന്നും എല്ലാവരും പറയും പപ്പയുടെ കൈപ്പുണ്യം! ചിലരൊക്കെ ഇന്നും പപ്പന്റെ മരുന്ന് ഓർമവെച്ച് വാങ്ങുന്നുണ്ട്.
അരീക്കോട്ടുകാരെ കാണുമ്പോൾ ഒരു സന്തോഷമാണ് യാസും ബാവയും ജെസ്സിയും ജിതുവുമൊക്കെ സുഖായി പോവുന്നു . പപ്പാ പോയത് കുറച്ചു നേരത്തെ ആയിപോയി. ഒന്നിനും നിന്നില്ലാലോ ഒന്നും അറിയണ്ടല്ലൊ! ഒരു കണക്കിന് അത് പപ്പയുടെ ഭാഗ്യം. എന്തൊക്കെ ആണ് നടക്കുന്നതെന്ന് അറിയുമോ രണ്ടു കുടുംബക്കാരും അങ്ങനെ രണ്ട് തട്ടിലായി, നമ്മളെ ഒറ്റക്കാക്കി .
അവിടെ നിന്നു ഇതെല്ലാം കാണുന്നുണ്ടോ സങ്കടം വരുന്നുണ്ടോ? കുഞ്ഞുമ്മാനെ കണ്ടിരുന്നോ? ഉപ്പാപ്പയും ഉണ്ട്. പപ്പന്റെ ഒരു വിധം സുഹൃത്തുക്കളൊക്കെ അവിടെയെത്തിയല്ലോ. പപ്പക് എപ്പോഴും മൂക്കു ചൊറിയുന്നുണ്ടാവും അല്ലേ ? ശരിക്കും ഒന്നു ആലോചിച്ചു നോക്കിക്കേ ഇപ്പോൾ പപ്പയുണ്ടായിരുന്നെങ്കിൽ ! പപ്പക്കിപ്പോൾ എത്ര പേരക്കുട്ടികൾ ആയി എന്നറിയോ? അവർക്കൊക്കെ എത്ര മിഠായി വാങ്ങണം, അവരെയൊക്കെ ആനകളിപ്പിച്ച്, കഥ പറഞ്ഞ് കൊടുത്ത്, കാഴ്ചകളെമ്പാടും കാണിച്ചു കൊടുത്ത് കൊഞ്ചിച്ചുനടക്കായിരുന്നു .
നമ്മളെ അരീക്കോടൊക്കെ ആകെമാറി പപ്പാ വല്യ ടൗൺ ആയി. പപ്പയ്ക്ക് ഓർമ്മയുണ്ടോ ? ബാബരി മസ്ജിദ് പൊളിച്ച അന്നു പകൽ ഞാൻ പാലുമായി വന്നു തിരികെ പോവുമ്പോൾ രോഗിയെ പരിശോധിക്കുന്ന ഇടയിൽ ബേജാറോടെ ഓടി വന്നു മോളെ വേഗം പൊയ്ക്കോ ജാഥ വരും മുൻപേ എന്നു തിരക്കുകൂട്ടിയത്. ആ കാഴ്ച ഇന്നും എന്റെ മനസ്സിൽ നിന്നു മായുന്നില്ല.
ഞാൻ ചിലപ്പോൾ ആലോചിക്കും അന്നു നമുക്കു സാധാരണക്കാരെപോലെ ജീവിച്ചാൽ മതിയായിരുന്നു പണം വേണ്ടായിരുന്നു. ഇന്ന് ഇതു രണ്ടുമില്ലാതെ പരിഹാസത്തിലായിപ്പോയി.
പപ്പക് എന്നും അഭിമാനിക്കാൻ പറ്റിയ മരുമക്കളെയാണ് കിട്ടിയത്. ഞങ്ങളുടെ കയ്യിലിരുപ്പ് കാരണം പപ്പക് എപ്പോഴും മൂക്കു ചൊറിയുന്നുണ്ടാവും അല്ലേ
പപ്പാ എന്താ അറിയൂല നമ്മുടെ കയ്യിലിരുപ്പ് മോശമായതാണോ അതോ ഇങ്ങനെ ഒരു വിധിയാണോ? പ്രശ്നങ്ങൾ നമ്മളെ വിട്ടൊഴിയുന്നില്ല ഒന്നിന് പിറകെ ഒന്നായി ഓരോന്ന് വരുന്നു . ശരിക്കും ഓരോ പെൺകുട്ടിക്കും കല്യാണം കഴിഞ്ഞാൽ ആണ് ഉപ്പമാരെ വല്ലാതെ മിസ്സ് ചെയ്യുക.
സത്യം പറഞ്ഞാൽ പപ്പ രാവും പകലുമില്ലാതെ നയിച്ചതൊക്കെ വെറുതെ ആയോ ? ആ സമയം ജീവിച്ചാൽ മതിയായിരുന്നു. വായിക്കുമ്പോൾ സങ്കടം ആവുന്നുണ്ടാവും അല്ലേ സത്യമാണ്. നിങ്ങൾ പാതിരവരെ മറ്റെല്ലാം മറന്ന് നയിച്ചിട്ടും ഇങ്ങനെയായല്ലോ എന്നോർക്കുമ്പോൾ🥲🥲🥲🥲
എവിടെയൊക്കെയോ പിഴച്ചു പോയി ആരും താങ്ങായി നിന്നില്ല.
പിന്നെ ഒന്ന് പടച്ചോനോട് പറ ജംബുമോളെ കാണാൻ പൂതിയാവുന്നു എന്ന് പ്ലീസ്
ഞാൻ അങ്ങോട്ട് വരാം നമുക്ക് കുറച്ച് ഇനി അവിടെ കഴിയാം എന്റെ പ്രിയപ്പെട്ടവരുമൊത്ത്. കുഞ്ഞുമ്മയും ഉപ്പാപ്പയും നമ്മുടെ കുഞ്ഞനിയനുമൊത്തു…..
കാത്തിരിക്കുന്നു വിളിക്കായി…
ബാക്കി നേരിൽ പാക്കലാമേയ്
എന്ന് ,
പപ്പാടെ
സ്വന്തം ജംബുമോൾ


3 Comments
അച്ഛൻ്റെ ഓർമ്മകൾ നന്നായി പകർത്തി👍❤️
Great
നന്നായി എഴുതി👍👌🙏❤️💯🙏