പാഠം:1 അച്ഛൻ🌹🌹
അച്ഛൻ ഒരുനിഘണ്ടുവായിരുന്നു….
ഒരുപാടു കാര്യങ്ങൾ പഠിക്കാർ കഴിഞ്ഞ ഒരുനിഘണ്ടു. ഒരു വലിയ കുടുംബത്തിലെ പ്രമാണിയായ അച്ഛന്റെ ഏഴുമക്കളിൽ രണ്ടാമനായിജനനം. അതുകൊണ്ടു തന്നെ കുടുംബ കാര്യങ്ങളിൽ അധിക ശ്രദ്ധയൊന്നുംകൊടുക്കാത്തആൾ….
സ്നേഹിക്കുന്നവർക്ക് ചങ്ക് പകുത്തു നല്കും.
ദ്രോഹിച്ചാൽ അപ്പോൾ തന്നെ പ്രതികരിക്കും.
പക മനസിൽ വച്ചു കൊണ്ട് നടക്കാറില്ല.
നാട്ടുകാർക്ക് വേണ്ടി എന്തും ചെയ്യാൻ സന്നദ്ധനായ ആൾ….
“നാട്ടുകാരുടെ സോമൻ” എന്ന് അച്ഛന്റെ അമ്മ ഇടക്കിടക്ക് പറയും.
എന്തിനും ഏതിനും സമയമോ കാലമോ നോക്കാത്ത ആളായിരുന്നു എന്റെ അച്ഛൻ….
ഉടുമുണ്ട് മുതൽ ഊണ് വരെ ഇല്ലാത്തവർക്ക് നല്ല മനസ്സോടെ നൽകിയിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു എന്റെ അച്ഛൻ….
സ്വന്തം തറവാട്ടിൽ അന്യമതക്കാർ കയറിയാൽ പ്രശ്നമുണ്ടാക്കിയിരുന്ന കുടുംബക്കാർക്കു മുന്നിൽ തോളിൽ കയ്യിട്ട് അകത്തു കയറ്റി ഒരുപാത്രത്തിൽ ഭക്ഷണം കഴിച്ച് പ്രതിഷേധം നടത്തി..
ആ ഭാഗത്തുള്ള കിണറുകളിൽ ഏറ്റവും നല്ല വെള്ളം കിട്ടിയിരുന്നത് അച്ഛന്റെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു. വീട്ടാവശ്യത്തിന് വെള്ളം കോരിക്കഴിഞ്ഞാൽ പാളയും കയറും വല്യച്ഛൻ ഊരി അകത്തു വെക്കും..
അയൽപക്കത്തുള്ള അന്യജാതിക്കാർക്ക് വെള്ളം കോരിക്കൊടുത്ത് ക്ഷീണിച്ച എന്റെ അമ്മയെ കണ്ട് കലിയിളകിയ അച്ഛൻ മറ്റൊരു തൊട്ടിയും കയറും കപ്പിയും കൊണ്ടു വന്ന് കിണറിന്റെ തൂണിൽ കെട്ടിവച്ചു..
” ആവശ്യമുള്ളവർ വെള്ളം കോരിക്കോണം. എന്റെ ഭാര്യ ഇനി ആർക്കും വെള്ളം കോരി തരത്തില്ല..”
അന്നുമുതൽ ആ കിണർ പഞ്ചായത്തു കിണർ പോലെയായി..
ജാതിമത വർഗ്ഗവർണ്ണ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വീരനായ വ്യക്തിയായിരുന്നു എന്റെഅച്ഛൻ.
അടുക്കളപ്പുറത്ത് മാത്രം നിൽക്കാൻ വിധിക്കപ്പട്ട സ്വന്തം കൂട്ടുകാരെ അറവാതിലിലൂടെ അകത്ത് കയറാൻ പ്രാപ്തനാക്കിയ എന്റെ അച്ഛൻ….
അട്ടപ്പാടിയിലേക്കുള്ള ഞങ്ങടെ കുടിയേറ്റം ആ നാട്ടുകാർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
അട്ടപ്പാടിയിൽ കുടിയേറിയതിനുശേഷം അട്ടപ്പാടിക്കാരുടെ അച്ഛനായി ജീവിച്ച എന്റെ അച്ഛൻ.
സൗഹൃദത്തിന് അതിർ വരമ്പുകൾ ഇല്ലെന്ന് പഠിപ്പിച്ച അച്ഛൻ.
ഭാര്യയും മക്കളും പേരക്കുട്ടികൾക്കുമൊപ്പം നല്ല കൂട്ടുകാരനായി, ആർക്കും ഒരു ദ്രോഹവും ചെയ്യാതെ എല്ലാവരുടെ മനസിലും തങ്ങിനിൽക്കുന്ന മുഖമുള്ള എന്റെ അച്ഛൻ….
നീണ്ട എഴുപത്തിയഞ്ചു വർഷത്തെ ജീവിതത്തിനു ശേഷം ഭാര്യയുടെയും അഞ്ചു മക്കളുടെയും (മരുമക്കൾ എന്ന് ഞാൻ പറയില്ല.. കാരണം അവർ അച്ഛന് മക്കൾ ആണ്) പേരക്കുട്ടികളുടെയും സ്നേഹത്തിൽ ചാലിച്ച പരിചരണം ഏറ്റുവാങ്ങിയ ശേഷം 7/4/2023 ന്ഞങ്ങളോട് അച്ഛൻ വിടപറഞ്ഞു..
എഴുപത്തി നാലാം വയസുവരെ എനിക്കൊപ്പം ഓഫീസിൽ വരികയും എന്നേക്കാൾ മനോഹരമായി ഓഫീസിലെ കാര്യങ്ങൾ എല്ലാം ചെയ്യുകയും ചെയ്തിരുന്നു അച്ഛൻ..
നല്ല വടിവൊത്ത കയ്യക്ഷരം.. അക്ഷരത്തെറ്റ് എന്നത്അച്ഛന്റെ നിഘണ്ടുവിലില്ല. എനിക്ക് കണ്ണടയില്ലാതെ ഓഫീസിൽ വർക്ക് ചെയ്യാൻ കഴിയില്ല. അച്ഛൻ കണ്ണടയില്ലാതെ എല്ലാം ചെയ്യുമായിരുന്നു. അവധി ദിവസങ്ങൾ വന്നാൽ വീട്ടിൽ ആഘോഷമായിരുന്നു. കൊച്ചുമക്കളെല്ലാവരും എത്തിയാൽ പിന്നെ “അച്ഛച്ഛൻ കൊച്ചച്ഛനായി മാറും😍”
പിന്നെ അച്ഛനെ കഥാപാത്രമാക്കി കൊച്ചുമക്കൾ റീൽസ് ഉണ്ടാക്കും.
അച്ഛൻ ഒരു ദിവസം രാവിലെ അമ്മയോടൊപ്പം പുറകിലുള്ള ചെറിയ വീട്ടിലെത്തിയപ്പോൾ അവിടെ ഒരു ബൾബ് ഇരിക്കുന്നത് കണ്ടു. ആ ബൾബിടാൻ കട്ടിലിൽ കയറിയതും ബാലൻസ് കിട്ടാതെ താഴേക്ക് അലച്ചു തല്ലിവീണു. അലർച്ച കേട്ട് ഓടിയെത്തിയ ഞാനും അമ്മയും ചേർന്ന് അച്ഛനെ എടുത്ത് കട്ടിലിൽ കിടത്തി.
“അച്ഛാ.. തലയിലെങ്ങാനും തട്ടിയോ.. ”
എന്നു ചോദിച്ച് ഞങ്ങൾ കരഞ്ഞപ്പോൾ എന്റെ കയ്യിൽ അമർത്തിപ്പിടിച്ച് പറയുകയാണ്.. ” തല തറയിലടിക്കാതിരിക്കാൻ ഞാൻ തല പോക്കിപ്പിടിച്ചു. പക്ഷേ നടുവ് തട്ടി മോളേ..”
മോന്റെ സുഹൃത്ത് ആ സമയത്ത് അവിടെയെത്തി. അപ്പോഴേക്കും തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ സുഹൃത്തായ നേഴ്സിനോട് ഞാൻ വിളിച്ചു പറഞ്ഞു.
“അച്ഛൻ വീണു.ഹോസ്പിറ്റലിലക്ക് കൊണ്ടുവരുന്നുണ്ട്.. സ്ട്രെക്ചർ റെഡിയാക്കണേ…” എന്ന്.
ന്തങ്ങൾ അവിടെയെത്തുമ്പോൾ ഡോക്ടറും നേഴ്സും സഹായികളും കാത്തു നില്ക്കുണ്ടായിരുന്നു. ആവീഴ്ച യിൽ നിന്നും അച്ഛന് എഴുന്നേൽക്കാൻകഴിഞ്ഞില്ല.. അച്ഛന്റെ തുടർച്ചയായുള്ള പുകവലി മൂലം തകരാറിലായ ശ്വാസകോശം മരുന്നിന്റെ ബലത്തിലാണ് പ്രവർത്തിച്ചിരുന്നത്.
ഒപ്പം ശ്വാസകോശ സംബന്ധമായ അസുഖവും കൂടി. ഹോസ്പിറ്റലിൽ ഒരു മാസം ഐ.സി.യുവിൽ കിടന്നു. പിന്നെ റൂമിലാക്കി.
അച്ഛന് ഫോൺ ജീവനായിരുന്നു. ആമ്പുലൻസിൽനിന്ന് ഇറക്കുമ്പോൾ എന്നോട് എന്നോട് ചോദിച്ചത്. “എടീ.. എന്റെ ഫോൺകയ്യിലില്ലേ….” എന്നാണ്. ഇന്നും അച്ഛന്റെ ഫോൺ ഞാൻ റീച്ചാർജ് ചെയ്ത് സൂക്ഷിക്കുണ്ട്.
അവസാന നാളുകളിൽ ഒരിറ്റു ശ്വാസത്തിനായി അച്ഛൻ മരണവെപ്രാളത്തോടെ വലിക്കുന്ന കാഴ്ച സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
അതിനു ശേഷം എന്റെ മുന്നിൽ വച്ച് ആര് പുകവലിച്ചാലും അവരോട് ഞാൻ പറയും
“ചേട്ടാ… അല്ലെങ്കിൽ അനിയാ… ഇപ്പോൾ കൂടെ കൂടി പുകവലിക്കാനും വലിപ്പിക്കാനും കള്ളുകുടിക്കാനുമൊക്കെ ആളുണ്ടാകും. അവസാനം ഒരിറ്റ് ശ്വാസത്തിനായി നമ്മൾ ഒറ്റക്ക് ആഞ്ഞു വലിക്കേണ്ടിവരും. അപ്പോൾ മറ്റുള്ളവർ കണ്ടു നിന്ന് വിഷമിക്കും. എന്റെ അച്ഛൻ ഒരിറ്റു ശ്വാസത്തിനായി വലിക്കുന്നത് കണ്ട് വേദനിച്ചതുകൊണ്ട് പറയുവാ… വേണ്ടാട്ടോ…” എന്ന്..
അച്ഛന്റെ വേർപാട് വല്ലാത്ത ആഘാതമായി ഞങ്ങൾക്ക്..
അച്ഛച്ഛനില്ലാത്ത വീട്ടിലേക്ക് വരാൻ കൊച്ചുമക്കൾക്ക് സങ്കടം… വലംകൈ അറ്റുപോയ പോലെ..
അച്ഛൻ ഞങ്ങളെ സ്നേഹിച്ചതിന്റെ പതിന്മടങ്ങ് സ്നേഹം അച്ഛന് ഞങ്ങൾ കൊടുത്തു. വീട്ടിലെ ഒരു മുറി ഞങ്ങൾ അച്ഛനു വേണ്ടി ഐസിയു ആക്കി. ഹോസ്പിറ്റലിൽ അച്ഛന് നല്കിയ എല്ലാ പരിചരണങ്ങളും ഞങ്ങൾ വീട്ടിൽ കൊടുത്തു. മരിക്കുമെന്നുറപ്പായ സമയം അമ്മയുടെ കയ്യിൽ മുറുക്കിപ്പിടിച്ച് പറഞ്ഞു.
“ഞാൻ മരിച്ചാൽ നീ കരയരുത്. ആരും കരയരുത്” എന്ന്..
പക്ഷേ എന്റെ അച്ഛനു വേണ്ടിയല്ലാതെ മറ്റാർക്ക് വേണ്ടി ഞാൻ കരയും.
അച്ഛൻ ഒരു പാഠപുസ്തകമായിരുന്നു ഞങ്ങടെ ജീവിതത്തിൽ… ശിഷ്ടകാലം ഓർമ്മകളുടെ താളുകളിൽ ആ മുഖം ഒരു പനിനീർ പൂവായിവിരിയട്ടെ……
അച്ഛന്റെ ഓർമ്മകളിൽ
അച്ഛന്റെ മകൾ. 😰
🌹🌹🌹🌹🌹🌹🌹🌹


6 Comments
👌👍🙏🙏❤️
അച്ഛൻ്റെ സ്നേഹം മറക്കാൻ കഴിയുമോ?❤️❤️❤️
അറിയുന്നു ആ സ്നേഹം ❤️
ഉയർന്ന ചിന്തകൾ മനസ്സിൽ പേറുകയും അവ പ്രാവർത്തികമാക്കുകയും ചെയ്ത അച്ഛന് ആദരാജ്ഞലികൾ!🙏
ചില മിനിറ്റുകൾക്കുള്ളിലെ വായന കൊണ്ടുതന്നെ അച്ഛനോടുള്ള സ്നേഹവും മതിപ്പും മകൾ എനിക്ക് പകർന്നു നൽകി.
👏👍❤
❤️❤️
നന്നായിട്ടുണ്ട്