പോക്കറ്റിൽ നിന്നുമെടുത്ത ഫോൺ തുറന്നു കൊണ്ടാണ് അനൂപ് മാഷോടൊപ്പം കോളേജിൽ നിന്നും പുറത്തേക്കിറങ്ങിയത്. ഫോൺ തുറന്നപ്പോഴേ കണ്ടു കൃഷ്ണേട്ടന്റെയും അപ്പുവിന്റെയും നിരവധി മിസ്സ്ഡ് കാളുകൾ. തിരികെ വിളിക്കാനൊരുങ്ങുമ്പോഴേക്കും അപ്പുവിന്റെ കാൾ വന്നു.
” വിച്ചു.. നീ.. കോളേജിൽ നിന്നും ഇറങ്ങിയില്ലേ? ഞാനും അച്ഛനും ഒരുപാടു തവണയായി നിന്നെ വിളിക്കുന്നു. നീ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്കൊന്ന് വാ..”
ഒറ്റ ശ്വാസത്തിൽ വെപ്രാളത്തോടെ അവളത് പറഞ്ഞു നിർത്തിയപ്പോൾ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.
“എന്താ.. എന്തു പറ്റി.. അപ്പു..?”
ഉള്ളിൽ നിറഞ്ഞ ആശങ്കയോടെയാണ് ഞാനത് ചോദിച്ചത്.
” ഹരിമാമ.. ഹരിമാമ.. പണിക്കിടെ ഒന്നു വീണു. വാരിയത്തെ പറമ്പിലെ പ്ലാവിൽ ഇല വെട്ടാൻ കയറിയതാണെന്നാ അച്ഛൻ പറഞ്ഞത്..”
ഉയർന്ന നെഞ്ചിടിപ്പോടെയാണ് അവളിൽ നിന്നുമുള്ള ഓരോ വാക്കുകളും കേട്ടത്.
“ഇവിടെയെത്തുമ്പോൾ ബോധം ഉണ്ടായിരുന്നില്ല.. ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്.. ങ്ഹാ..വിച്ചൂ.. ഡോക്ടർ വിളിക്കുന്നുണ്ട്… ഞാൻ വെക്കുവാ..”
മറുതലക്കൽ ഫോൺ കട്ടായിട്ടും ഫോണും ചെവിയിൽ വെച്ച് തരിച്ചു നിൽക്കുകയായിരുന്നു ഞാൻ. അവളിൽ നിന്നും കേട്ട വാക്കുകൾ മനസ്സിന്റെ നിയന്ത്രണം പൊട്ടിക്കുന്നുണ്ടായിരുന്നു. ഉള്ളിലെ വിങ്ങൽ കണ്ണുകളെ നനയിച്ചു കൊണ്ടേയിരുന്നു.
അനൂപ് മാഷിന്റെ ബൈക്ക് ശരവേഗത്തിൽ നിള ഹോസ്പിറ്റലിലേക്ക് കുതിക്കുമ്പോഴും പിൻ സീറ്റിലിരിക്കുന്ന എന്റെ മനം എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്കൊന്നെത്തിക്കിട്ടാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു. വാഹനം മുന്നോട്ടു കുതിക്കുമ്പോഴും കലങ്ങി മറിയുന്ന മനസ്സ് നിയന്ത്രണമില്ലാതെ പിന്നിലേക്ക് കുതിച്ചൊഴുകിക്കൊണ്ടേയിരുന്നു.
അച്ഛൻ! ആ പേരിനോട് ഒരിക്കലും ഒരിഷ്ടവും തോന്നിയിട്ടില്ല. ആ പേര് കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുന്നത് കുടിച്ചു ബോധമില്ലാതെ നാലു കാലിൽ പാട്ടും പാടി വീട്ടിലേക്ക് കയറി വരുന്ന ആ മെലിഞ്ഞ രൂപവും അമ്മയുടെ പെയ്യുന്ന കണ്ണുകളുമാണ്. ഓർമ്മ വെച്ച നാൾ മുതൽ കാണുന്ന കാഴ്ച അതായിരുന്നു. ഒരിക്കൽ പോലും സ്നേഹത്തോടെ എന്നെ ഒന്നു സ്പർശിച്ചിട്ടു പോലുമില്ലാത്ത ആ രൂപത്തെ കാണുമ്പോഴേ പേടിയോടെ അമ്മയുടെ പിന്നിലൊളിക്കുമായിരുന്നു.
ഒടുവിൽ വെള്ള പുതച്ച ആ ശരീരത്തിനരികിൽ നിർവികാരയായി ഇരുന്ന അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുമ്പോൾ ആരോ അടക്കം പറയുന്നത് കേൾക്കാമായിരുന്നു.
“ഓടയിൽ വീണാ മരിച്ചതെന്നാ കേക്കണത്.. നല്ലൊരു പാട്ടുകാരനായിരുന്നു. പറഞ്ഞിട്ടെന്താ, യോഗം കൂടി വേണല്ലോ! കുടിയും കൂട്ടുകെട്ടും എല്ലാം നശിപ്പിച്ചില്ലേ?ഇഷ്ടം കൂടി കൂടെയിറങ്ങിപ്പോന്ന ആ പെങ്കൊച്ചിന്റെ ഒരു ദുർവ്വിധി.അല്ലാണ്ടെന്തു പറയാൻ..!”
അവർ പറഞ്ഞത് പലതും ആ ആറു വയസ്സുകാരന് മനസ്സിലായില്ലെങ്കിലും അച്ഛൻ മരിച്ചുവെന്ന് അവനു ബോധ്യമായി. അമ്മയ്ക്കിനി അച്ഛന്റെ തല്ല് കൊള്ളേണ്ടി വരില്ലല്ലോ എന്ന സമാധാനത്തിലായിരുന്നു അവൻ .
അച്ഛന്റെ മരണം നടന്ന് ദിവസങ്ങൾ കഴിയും മുൻപു തന്നെ, അസമയങ്ങളിൽ പൊളിഞ്ഞു വീഴാറായ ആ വീടിന്റെ വാതിലുകളിലും ജനാലകളിലും തട്ടലും മുട്ടലും ഒരു പതിവായി മാറി. പേടിച്ചു കരഞ്ഞ എന്നെ ചേർത്തു പിടിച്ചു കൊണ്ട് അമ്മ ഉറങ്ങാതെ നേരം വെളുപ്പിച്ചത് എത്രയെത്ര രാവുകൾ.. അന്നൊക്കെ ആകെ ഒരു സഹായവുമായി എത്തിയിരുന്നത്, ആ ഒറ്റമുറി വീടിന്റെ ഉടമസ്ഥയും അയൽക്കാരിയുമായ രാധേച്ചി മാത്രമാണ്.
പിന്നീട്,
ഹരി… അയാൾ ഞങ്ങളുടെ ജീവിതത്തിലേക്കു വന്നതിനു ശേഷമായിരിക്കും ഒരുപക്ഷെ അമ്മ സ്വസ്ഥമായി ഒന്നുറങ്ങിയത് തന്നെ.
ആറടി പൊക്കത്തിൽ ഉറച്ച ശരീരവും കട്ടി മീശയും കുറ്റിത്താടിയും ചുരുളൻ മുടിയുമുള്ള ഹരി എന്ന ഗൗരവക്കാരനെ ആദ്യമായി കാണുന്നത് ഒരിക്കൽ സ്കൂൾ വിട്ട് അമ്മയോടൊപ്പം വീട്ടിലേക്കു വരുമ്പോൾ കവലയിൽ വെച്ചായിരുന്നു. ഒരാളെ തലങ്ങും വിലങ്ങും തല്ലുന്നത്. അതായിരുന്നു ആദ്യ കാഴ്ച!
”അതെന്താ ചേച്ചി അയാളെ ആരും പിടിച്ചു മാറ്റാത്തത്?”
ആ കാഴ്ച കണ്ട് അമ്മ കൂടെയുണ്ടായിരുന്ന രാധേച്ചിയോട് ചോദിച്ചു.
”എന്റെ സീതേ.. ആ തല്ലുന്നവന്റെ പേരാണ് ഹരി. തല്ലുകൊള്ളിത്തരം കണ്ടാൽ മുന്നും പിന്നും നോക്കില്ല. കണക്കിനു കൊടുക്കും. അതാ പ്രകൃതം.. ഹരിയെ നീ കണ്ടു കാണാൻ വഴിയില്ല. രണ്ടാനച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറേക്കാലം ജയിലിലായിരുന്നു. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാൻ പറ്റാതെ ചെയ്തു പോയതാണ്. അന്നവന് പ്രായം ഇരുപത്. ശിക്ഷ കഴിഞ്ഞു തിരികെ വന്ന് ഒരു കൊല്ലം തികയും മുൻപെ അവന്റെ അമ്മ സാവിത്രി അങ്ങു പോയി. പിന്നെ അവനെ ഈ നാട്ടിൽ ആരും കണ്ടിട്ടില്ല. അന്വേഷിച്ചു പോവാൻ തക്ക ബന്ധുക്കളും ഉണ്ടായിരുന്നില്ല . ഇതിപ്പോ എപ്പോ തിരിച്ചു വന്നൂന്നാർക്കറിയാം?”
രാധേച്ചി അമ്മയോട് പറയുന്നത് കേട്ട് പേടിയോടെ അമ്മയുടെ കൈകളിൽ മുറുകെപ്പിടിച്ചു. പോലിസ്, ജയിൽ, കള്ളൻ, കൊലപാതകം ഇതൊക്ക കേൾക്കുന്നതേ ഭയമായിരുന്നു.
പിന്നീട് , പലപ്പോഴും ഹരി എന്ന ആ മനുഷ്യനെ കവലയിലും ആൽത്തറയിലും മറ്റും കണ്ടെങ്കിലും, ഒളികണ്ണിട്ട് അയാളെ ഒന്നു നോക്കി അമ്മയുടെ കയ്യും പിടിച്ചു വേഗത്തിൽ നടക്കും.
ഒരിക്കൽ, ഇടവഴിയിൽ വെച്ച് അമ്മയുടെ കയ്യിൽ കയറിപ്പിടിച്ച അച്ഛന്റെ കൂട്ടുകാരിലൊരാൾ, ആ സമയത്ത് അതു വഴി വന്ന ഹരിയുടെ കയ്യിന്റെ ചൂട് നന്നായിത്തന്നെ അറിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ്, അമ്മയോടൊപ്പം അമ്പലത്തിലേക്ക് പോകുമ്പോൾ, ആൽത്തറയിൽ ഇരിക്കുകയായിരുന്ന അച്ഛന്റെ രണ്ടു കൂട്ടുകാർ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
”ആരും നമ്മുടെ സീത തമ്പ്രാട്ടിയെ നോക്കിയേക്കല്ലേ.. തമ്പ്രാട്ടി ഹരിയുടെ സ്വന്താണ്.. നോക്കിപ്പോയാൽ..യ്യോ.. അവൻ കയ്യും കാലും തല്ലിയൊടിക്കും.”
ഒരു പ്രത്യേക താളത്തിൽ അതും പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു. നടവഴി ആയതിനാൽ തന്നെ ആളുകളെല്ലാം ശ്രദ്ധിക്കാനും കുശുകുശുക്കാനും തുടങ്ങി. അമ്മ കരഞ്ഞു കൊണ്ട് എന്നെയും കൂട്ടി വീട്ടിലേക്ക് തിരിഞ്ഞു നടന്നു. പിന്നീടുള്ള ദിവസങ്ങളിൽ അമ്മ വീടിനു പുറത്തിറങ്ങാതെയായി. ഏതു സമയത്തും കരച്ചിൽ തന്നെയായിരുന്നു.
ആ ദിവസത്തിലൊരിക്കൽ ഹരി എന്ന അയാൾ രാധേച്ചിയോടൊപ്പം അമ്മയെ കാണാനെത്തി. അമ്മയോട് മാത്രമായി ഏറെ നേരം സംസാരിച്ചു. പിറ്റേന്ന്, അയാൾ അമ്പലത്തിൽ വെച്ച് അമ്മയുടെ കഴുത്തിൽ താലി ചാർത്തിക്കൊണ്ട് എന്റെയും അമ്മയുടെയും ജീവിതത്തിലേക്കു കടന്നു വന്നു.
“ഇനി മുതൽ ഇതാട്ടോ മോന്റെ അച്ഛൻ.. ”
അയാളെ ചൂണ്ടിക്കാട്ടിക്കൊണ്ട് രാധേച്ചി പറഞ്ഞെങ്കിലും ഞാൻ ആ മുഖത്തേക്കൊന്നു നോക്കിയതു പോലുമില്ല. അമ്മയോട്, എനിക്കയാളെ ഇഷ്ടമല്ലെന്നു പറഞ്ഞ് കുറേ കരഞ്ഞു. അന്ന്, നിറ കണ്ണുകളോടെ അമ്മ പലതും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
അന്നു തന്നെ അയാൾ എന്നെയും അമ്മയേയും ആ ഒറ്റമുറി വീട്ടിൽ നിന്നും അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ എനിക്കായി നിറയെ കളിപ്പാട്ടങ്ങൾ ഉള്ള ഒരു മുറി തന്നെ ഉണ്ടായിരുന്നു. മൂന്നു നേരവും വയറു നിറയെ ഭക്ഷണം കഴിച്ചത് അന്നു മുതലായിരുന്നു.
ഒഴിവു ദിനങ്ങളിൽ എന്നെയും അമ്മയെയും ബീച്ചിലും പാർക്കിലും എല്ലാം കൊണ്ടു പോയി. അന്നു വരെ പെയ്തു മാത്രം കണ്ടിരുന്ന അമ്മയുടെ കണ്ണുകളിൽ പിന്നെക്കണ്ടത് സന്തോഷത്തിന്റെ നീർത്തിളക്കം മാത്രമായിരുന്നു.
എന്റെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞ് അയാൾ ചെയ്തു തന്നെങ്കിലും എന്തു കൊണ്ടോ അയാളോട് ഒരു അടുപ്പവും എനിക്ക് തോന്നിയതേയില്ല. അമ്മയുടെ ഏകസങ്കടവും അതു തന്നെയായിരുന്നു. ഇക്കാര്യം പറഞ്ഞ് അമ്മ പലപ്പോഴും എന്നോട് വഴക്കുണ്ടാക്കി, പിണങ്ങി നടന്നു.
ഹരി എന്ന വ്യക്തിയോട് എന്റെ ഉള്ളിലുള്ള വികാരം എന്താണെന്ന് എനിക്കു തന്നെ തിരിച്ചറിയാനാവുന്നുണ്ടായിരുന്നില്ല. ദേഷ്യമോ വെറുപ്പോ ഇല്ല. എന്നാൽ, അച്ഛനായിക്കണ്ട് സ്നേഹിക്കാനും പറ്റുന്നുണ്ടായിരുന്നില്ല. അയാളുടെ കൂട്ടുകാരൻ കൃഷ്ണേട്ടനോട് കാണിക്കുന്ന അടുപ്പം പോലും ഞാൻ അയാളോട് കാണിക്കുന്നില്ലെന്നതിലായിരുന്നു അമ്മയുടെ വിഷമം. ഒരിക്കൽ ഇക്കാര്യം പറഞ്ഞ് അമ്മ എന്നോട് വഴക്കുണ്ടാക്കുന്നത് കേട്ടു കൊണ്ടാണ് അയാൾ കയറി വന്നത്. ആ ദിവസത്തിനു ശേഷം, പിന്നീട് ഒരിക്കൽ പോലും അമ്മ അക്കാര്യം പറഞ്ഞ് എന്നോട് വഴക്കിനു വന്നിട്ടില്ല.
കൃഷ്ണേട്ടനോട് എനിക്ക് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം അദ്ദേഹം എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ അച്ഛനായിരുന്നു എന്നത് തന്നെയായിരുന്നു.
വിഷ്ണുവിന്റെ രണ്ടാനച്ഛൻ കൊലപാതകിയാണെന്നു പറഞ്ഞ് സ്കൂളിലെ മറ്റു കുട്ടികൾ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തപ്പോൾ, എന്റെ സങ്കടം കണ്ട് എന്നോട് കൂട്ടുകൂടാനായി ആകെ എത്തിയത് അപ്പു എന്ന് വിളിപ്പേരുള്ള അപർണ്ണ മാത്രമായിരുന്നു. രണ്ടാം ക്ലാസ്സിൽ തുടങ്ങിയ ആ കൂട്ടുകെട്ടിന് കാലം മുന്നോട്ടു പോകുന്തോറും ശക്തി കൂടിയിട്ടേയുള്ളു. എന്റെ ഏതു സന്തോഷവും സങ്കടവും പകുത്തെടുക്കുന്ന പ്രിയ മിത്രം, അതായിരുന്നു എനിക്ക് അപ്പു. അമ്മയെ പോലെ തന്നെ ഹരി എന്ന മനുഷ്യന്റെ കാര്യം പറഞ്ഞു മാത്രമേ അവളും എന്നോട് പിണങ്ങാറുണ്ടായിരുന്നുള്ളു . എനിക്ക് മാത്രമല്ല, അമ്മയ്ക്കും അയാൾക്കും അപ്പു എന്നും പ്രിയപ്പെട്ടവളായിരുന്നു. അവൾക്ക് തിരിച്ചും അങ്ങിനെത്തന്നെ.
സ്കൂൾ പഠന ശേഷം, ഞാൻ ഡിഗ്രി യ്ക്ക് ചേർന്നപ്പോൾ നഴ്സിംഗ് എന്ന കുഞ്ഞുന്നാൾ തൊട്ടേയുള്ള സ്വപ്നത്തിനു പിന്നാലെയായിരുന്നു അപ്പു.
”വിഷ്ണു.. ഇറങ്ങ്.. ഹോസ്പിറ്റലെത്തി..”
അനൂപ് മാഷിന്റെ ശബ്ദമാണ് ചിന്തകളെ മുറിച്ചത്. ബൈക്കിൽ നിന്നിറങ്ങി നിറഞ്ഞ ആധിയോടെ ഹോസ്പിറ്റലിനുള്ളിലേക്ക് ഓടുകയായിരുന്നു. ദൂരെ നിന്നേ കണ്ടു ICU വിനു മുൻപിലെ നിരത്തിയിട്ട കസേരകളിൽ ഇരിക്കുന്ന കൃഷ്ണേട്ടനെയും വാരിയത്തെ നന്ദൻ സാറിനെയും. നഴ്സിംഗ് യൂണിഫോമിൽ അവരോട് സംസാരിച്ചു നിൽക്കുന്നുണ്ട് അപ്പു.
“കൃഷ്ണേട്ടാ..?”കൃഷ്ണേട്ടന്റെ കൈകളിൽ പിടിക്കുമ്പോൾ വിതുമ്പിപ്പോയിരുന്നു. എന്റെ ഭാവം കണ്ടിട്ടാവണം നിറ കണ്ണുകളോടെ പരസ്പരം നോക്കി പുഞ്ചിരി തൂകുന്നുണ്ട് അപ്പുവും കൃഷ്ണേട്ടനും.
”വിച്ചൂ.. പേടിക്കേണ്ട. മാമയ്ക്ക് ബോധം തെളിഞ്ഞിട്ടുണ്ട്. ഹെഡ് ഇഞ്ചുറി അത്ര ആഴത്തിലുള്ളതല്ല..ഇടതു കൈക്കും കാലിനും പൊട്ടലുണ്ട്. പ്ലാസ്റ്ററിട്ടിട്ടുണ്ട്. പ്രഷർ വല്ലാതെ ഡൌൺ ആയിരുന്നു. അതാണ് ICU വിലേക്ക് മാറ്റിയത്. ഇപ്പോൾ ആൾ നല്ല മയക്കത്തിലാണ്. നിനക്ക് കാണാൻ ഞാൻ ഡോക്ടറോട് പെർമിഷൻ വാങ്ങിയിട്ട് വരാം.”
അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയ അപ്പുവിനെ ഞാൻ തന്നെ തടഞ്ഞു.
”വേണ്ട.. ശല്യപ്പെടുത്തേണ്ട.. ഉറങ്ങിക്കോട്ടെ.”
ആ സമയം, അതാണ് ശരിയെന്നു തോന്നി. കൃഷ്ണേട്ടനും എന്റെ വാക്കുകളെ പിന്തുണച്ചു. ഏറെ നിർബന്ധിച്ചതിനു ശേഷമാണ് കൃഷ്ണേട്ടൻ നന്ദൻ സാറിനൊപ്പം പോകാൻ തയ്യാറായത്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞാണ് അവരും അനൂപ് മാഷും മടങ്ങിയത്. അപ്പുവിനെയും നിർബന്ധിച്ച് അവളുടെ ഡ്യൂട്ടിക്ക് പറഞ്ഞു വിട്ടു.
ആ സമയം എന്തു കൊണ്ടോ ഒറ്റയ്ക്കിരിക്കാനാണ് തോന്നിയത്. സീറ്റിലേക്ക് ചാരിയിരുന്നു കൊണ്ട് പതിയെ കണ്ണുകളടച്ചു. മനസ്സിലേക്ക്, മാസങ്ങൾക്ക് മുൻപ് ആശുപത്രിക്കിടക്കയിൽ വെച്ച് മരിക്കുന്നതിന്റെ തലേ ദിവസം, എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചിലമ്പിച്ച സ്വരത്തിൽ അമ്മ പറഞ്ഞ വാക്കുകൾ ഓടിയെത്തി.
”വിച്ചൂട്ടാ.. ഇനിയും ആ മനുഷ്യന്റെ മനസ്സ് അമ്മേടെ കുട്ടി കാണാതെ പോകരുത്.. ആ മനസ്സ് നിറയെ നിന്നോടുള്ള സ്നേഹമാണ് കുട്ടാ.. ആ മനുഷ്യൻ ജീവിച്ചത് തന്നെ നമുക്ക് വേണ്ടിയാണ് മോനേ.. ഞാനില്ലെങ്കിലും നീയുണ്ടാവണം എന്നും അദ്ദേഹത്തിന് താങ്ങായിട്ട്..”
പറഞ്ഞു കഴിഞ്ഞതും പൊട്ടിക്കരഞ്ഞ അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് സമ്മതമെന്നു വാക്കു കൊടുക്കുമ്പോൾ കരയാതിരിക്കാൻ ഞാൻ പാടുപെടുകയായിരുന്നു.
വല്ലാത്തൊരു ശൂന്യത ബാക്കി വെച്ചായിരുന്നു കാൻസർ വന്ന് പെട്ടെന്ന് അമ്മയെ ഞങ്ങൾക്കിടയിൽ നിന്നും തട്ടിപ്പറിച്ചെടുത്തത്. പരസ്പരം ഒന്നും സംസാരിക്കാത്ത മകനായ എന്നെയും ഹരിയെന്ന ഭർത്താവിനെയും തനിച്ചാക്കി അമ്മ എന്നെന്നേക്കുമായി വിട പറഞ്ഞു പോയി. എന്നെയും ആ മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക കണ്ണി., അതാണ് അറ്റു പോയത്.
അത്രയും മനസ്സു തകർന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ. പരസ്പരം ഒന്നുമുരിയാടാതെ, രണ്ടു മുറിക്കുള്ളിൽ ഞാനും ആ മനുഷ്യനും തനിച്ച് ഞങ്ങളുടെ സങ്കടങ്ങൾ പെയ്തു തീർത്തു. കൃഷ്ണേട്ടന്റെയും കുടുംബത്തിന്റെയും നിരന്തരമായ സ്നേഹശാസനകൾക്കൊടുവിലാണ് പതിയെ ഞങ്ങൾ ആ ദുഃഖത്തിൽ നിന്നും കര കയറി വന്നത്.
അമ്മയുടെ മരണ ശേഷം ഞാൻ കൂടുതൽ കൂടുതൽ അറിയുകയായിരുന്നു ഹരിയെന്ന ആ മനുഷ്യനെ..! എന്നോടുള്ള അദ്ദേഹത്തിന്റെ കരുതലിനെ. വീട്ടിൽ എനിക്ക് ചെയ്യാനായി ഒരു പണിയും ബാക്കി വെക്കാറില്ല ആ മനുഷ്യൻ. പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും എനിക്കു വേണ്ടതെല്ലാം അദ്ദേഹം ചെയ്തു തന്നു. ഞാൻ ഉറക്കമുണർന്നു വരുമ്പോഴേക്കും വീടും പരിസരവും വൃത്തിയാക്കി, ആ ദിവസത്തേക്കുള്ള ഭക്ഷണം തയ്യാറാക്കി വെച്ച് ജോലിക്കു പോയിട്ടുണ്ടാവും.
ആഴ്ചയിൽ എനിക്ക് പോക്കറ്റ് മണിയായി അമ്മയുടെ കയ്യിൽ ഒരു സംഖ്യ ഏൽപ്പിക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഞാനത് നിരസിക്കുമ്പോൾ അമ്മ പറയും.
“ഇത്.. അച്ഛൻ മനസ്സറിഞ്ഞു തരണതാ വിച്ചൂട്ടാ.. നിരസിച്ചാൽ ആ മനസ്സു വേദനിക്കും.”
അതു കേൾക്കുമ്പോൾ പിന്നെ ഒന്നും പറയാനും തോന്നാറില്ല.
അമ്മ പോയതിനു ശേഷവും ആ പതിവു തെറ്റിയിരുന്നില്ല. ആഴ്ചയിൽ ആ സംഖ്യ പതിവായി എന്റെ മേശപ്പുറത്ത് എത്തിക്കൊണ്ടിരുന്നു. ഡിഗ്രി ചെയ്യുമ്പോൾ തന്നെ ഒഴിവു ദിനങ്ങളിൽ ഒരു പാർട്ട് ടൈം ജോലിക്ക് ശ്രമിച്ചിരുന്നു. അതറിഞ്ഞതും അത് പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് ശാഠ്യം പിടിച്ച് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത് അമ്മയായിരുന്നുവെങ്കിലും, ആ തീരുമാനം ഹരി എന്ന മനുഷ്യന്റേതായിരുന്നു എന്ന് അന്നേ മനസ്സിലായിരുന്നു .
പിജി എക്സാം കഴിഞ്ഞ് റിസൾട്ടിനു വെയിറ്റ് ചെയ്യുന്ന സമയത്താണ് അമ്മയുടെ മരണം. വീട്ടിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് വല്ലാത്ത ഒരു വീർപ്പു മുട്ടലായിരുന്നു. നാട്ടിൽ അപ്പുവല്ലാതെ കാര്യമായിട്ട് കൂട്ടുകാരൊന്നും തന്നെയുണ്ടായിരുന്നില്ല. ഇടയ്ക്ക് അവളും അമ്മ മല്ലികാമ്മയും വരും. സന്ധ്യ കഴിഞ്ഞാൽ കൃഷ്ണേട്ടൻ പതിവായി വരും. ആ സമയങ്ങളിൽ മാത്രമാണ് വീട്ടിലൊരു ആളനക്കമുണ്ടായിരുന്നത്.
ഹരി എന്ന മനുഷ്യനോട് എന്റെ ഉള്ളു നിറയെ സ്നേഹം തന്നെയായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ, അതൊന്നു പ്രകടമാക്കാനോ ഗൗരവം മുറ്റി നിൽക്കുന്ന ആ മുഖത്തേക്കൊന്നു നോക്കി സംസാരിക്കാനോ എന്തു കൊണ്ടോ എത്ര തന്നെ ശ്രമിച്ചിട്ടും പറ്റുന്നുണ്ടായിരുന്നില്ല.
പല രാത്രികളിലും ഞാൻ ഉറങ്ങിയെന്നു കരുതി എന്റെ തലയിലൊന്നു തഴുകി എന്നെ നന്നായി പുതപ്പിച്ചു കൊണ്ടു നടന്നു പോകുന്ന ആ മനുഷ്യന്റെ ഉള്ളു നിറയെ അമ്മ പറഞ്ഞതു പോലെ എന്നോടുള്ള സ്നേഹമാണെന്ന് എനിക്കും അറിയാമായിരുന്നു.
അമ്മയുടെ ജീവിതാനുഭവം കൊണ്ടാവാം, അമ്മയ്ക്ക് പാട്ടോ പാട്ടുകാരെയോ ഒട്ടും തന്നെ ഇഷ്ടമല്ലാതിരുന്നത്. അതു കൊണ്ട് തന്നെയായിരുന്നു ഒരു മൂളിപ്പാട്ടു പോലും പാടാൻ ഞാൻ മടിച്ചിരുന്നത്. എന്നാൽ, എന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു ഗായകൻ ഉണ്ടെന്ന് കണ്ടെത്തിയതും ആ കഴിവിനെ പ്രോത്സാഹിപ്പിച്ചതും നിർബന്ധപൂർവ്വം മത്സരങ്ങളിൽ പങ്കെടുപ്പിച്ചതും അപ്പുവായിരുന്നു. ഏതു വേദിയിൽ ഞാൻ പാടുമ്പോഴും സദസ്സിന്റെ ഏറ്റവും പിന്നിലായി സ്ഥിരം കാണിയായി ഹരി എന്ന ആ മനുഷ്യൻ ഉണ്ടാവുമായിരുന്നു. എന്നാൽ, ഒരിക്കൽ പോലും അമ്മ എന്റെ പാട്ട് കേൾക്കാൻ വന്നതേയില്ല.
വീട്ടിലെ മടുപ്പിക്കുന്ന ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാനായിരുന്നു ജോലികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. ഒന്നും ശരിയായില്ല. ഒടുവിൽ നാട്ടിലെ പാരലൽ കോളേജിലെ അദ്ധ്യാപകൻ അനൂപ് മാഷിൽ നിന്നും അവിടെ ഒരു ഓഫർ ഉണ്ടെന്ന് അറിഞ്ഞത് വല്ലാത്തൊരു ആശ്വാസമായിരുന്നു. അപ്പോഴത്തെ വീർപ്പുമുട്ടലിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു കച്ചിത്തുരുമ്പായിരുന്നു അത് . നെറ്റ് എക്സാം പ്രിപറേഷനും കോളേജിലെ ജോലിയും ഒക്കെയായി മുന്നോട്ടു പോയെങ്കിലും വീട്ടിലെത്തിയാൽ പിന്നെ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. ഭ്രാന്തു പിടിപ്പിക്കുന്ന ഏകാന്തത..! മനസ്സു മടുത്തു തുടങ്ങിയപ്പോഴാണ് വീട്ടിൽ നിന്ന് ഒന്നു മാറി നിൽക്കാം എന്നു തീരുമാനിച്ചത്. ബാംഗ്ലൂരിലെ സുഹൃത്ത് കിരണിന്റെ അടുത്തേക്ക് പോകാനായിരുന്നു തീരുമാനം. അവിടെ എത്തിയിട്ട് എന്തെങ്കിലും ജോലി കണ്ടു പിടിക്കണം., അതായിരുന്നു പ്രതീക്ഷ.
എന്നാൽ, അപ്പുവിൽ നിന്നും എന്റെ ബാംഗ്ലൂർ യാത്രയെക്കുറിച്ചറിഞ്ഞ അന്നാണ് ആദ്യമായി ആ മനുഷ്യൻ എന്നോട് നേരിട്ടൊന്നു സംസാരിച്ചത്.
”ബാംഗ്ലൂരിലേക്ക് പോകുവാന്ന് അപ്പു പറഞ്ഞു..”
ഒന്നു മൂളിക്കൊണ്ട് തല കുനിച്ചു നിന്നതേയുള്ളു ഞാൻ. മറുത്തൊന്നും പറയാൻ തോന്നിയില്ല.
“സീത പോകും മുൻപെ ഞാനവൾക്കൊരു വാക്കു കൊടുത്തിരുന്നു.. എന്റെ മരണം വരെ നിന്നെ ഒറ്റയ്ക്കാക്കില്ലാന്ന്.. നിന്റെ അമ്മയ്ക്ക് കൊടുത്ത ആ വാക്ക് എനിക്ക് പാലിച്ചേ പറ്റു.. നീ അതിനെന്നെ സഹായിക്കണം..”
കൈകൾ രണ്ടും പിന്നിൽ കെട്ടി വിദൂരതയിലേക്ക് നോക്കിക്കൊണ്ട് എന്നോടായി അതു പറയുമ്പോൾ എപ്പോഴും ഗാംഭീര്യം നിറഞ്ഞു നിന്നിരുന്ന ആ ശബ്ദം വല്ലാതെ നേർത്തു പോയിരുന്നു. അതോടെ, ബാംഗ്ലൂർ യാത്ര എന്ന മോഹം പൂർണ്ണമായും ഉപേക്ഷിച്ചു. ആ മനസ്സ് ഇനിയും വേദനിപ്പിക്കാൻ തോന്നിയില്ല.
ഹരിമാമയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു കൊണ്ട് അപ്പു വന്ന് തോളിൽ തട്ടി വിളിച്ചപ്പോൾ മാത്രമാണ് മണിക്കൂറുകളോളം ആ ഇരുന്ന ഇരുപ്പിൽ ഞാൻ ഉറങ്ങുകയായിരുന്നു എന്ന് മനസ്സിലായത്.
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഒന്നു ഇടം വലം തിരിയാൻ അനുവദിക്കാതെ ഒരു കൊച്ചുകുഞ്ഞിനെന്ന പോലെ തന്നെ പരിചരിച്ചു കൊണ്ടിരിക്കുന്ന വിഷ്ണുവിനെക്കുറിച്ചോർത്ത് നിറഞ്ഞ മനസ്സോടെ കിടക്കുകയായിരുന്നു ഹരി.
ഇന്ന് വൈകിട്ടോടെയാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലെത്തിയത്.
ഓരോന്നോർത്തങ്ങിനെ കിടക്കുമ്പോൾ വാതിൽക്കൽ ആളനക്കം കേൾക്കാമായിരുന്നു. വിഷ്ണുവാണ്. കണ്ണുകൾ അടച്ചു കിടക്കുമ്പോഴും അയാളുടെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു. അയാളോർത്തു,
‘ഉറങ്ങാൻ കിടന്നിട്ട് മൂന്നു മണിക്കൂറു പോലും ആയിട്ടില്ല.. ഇതും കൂട്ടി മൂന്നാമത്തേതാണ് ഈ വരവ്..’
ഡിം ലൈറ്റിന്റ വെളിച്ചത്തിൽ ഹരി ഉറങ്ങുകയാണെന്ന് ഉറപ്പു വരുത്തി വിഷ്ണു മുറിക്ക് പുറത്തേക്കിറങ്ങി.
ഉള്ളിൽ നിന്നും തികട്ടി വന്ന സന്തോഷവും പകലിലെ ഉറക്കവും കാരണം ഏറെ നേരമായിട്ടും നിദ്ര ഹരിയുടെ മിഴികളെ പുൽകിയതേയില്ല. പുറത്തെ നേർത്ത ചാറ്റൽ മഴയുടെ താളം ആസ്വദിച്ചു കൊണ്ടങ്ങിനെ വെറുതെ കിടന്നു. വല്ലാത്ത ദാഹം തോന്നിയപ്പോൾ, ബെഡിൽ നിന്നും നിരങ്ങി നീങ്ങി കട്ടിലിന്റെ വലതു വശത്തായുള്ള ടീപോയിൽ കപ്പിൽ മൂടി വെച്ച വെള്ളമെടുക്കാൻ ഒരുങ്ങിയതും ടീപോയിയുടെ വീലുകൾ മുന്നോട്ടു തെന്നി നീങ്ങിയതും ഒരുമിച്ചായിരുന്നു.
“അച്ഛാ..”
നില തെറ്റി താഴേക്ക് വീഴാനാഞ്ഞ ഹരിയെ അപ്പോഴേക്കും ഇരുകൈകൾ കൊണ്ടും ചേർത്തു പിടിച്ചിരുന്നു വിഷ്ണു.
എന്നാൽ, അവനിൽ നിന്ന് കേട്ട ആ വിളി..! അത് കേട്ടതിന്റെ അമ്പരപ്പിലായിരുന്നു ഹരി. അയാളുടെ മിഴികൾ നിറഞ്ഞു വരുന്നത് കണ്ടപ്പോഴാണ് , അറിയാതെ തന്റെ നാവിൽ നിന്നും വന്ന ആ വാക്കിനെക്കുറിച്ചുള്ള ബോധ്യം തന്നെ വിഷ്ണുവിനു വന്നത്. അവന് ഒരു വല്ലായ്മ തോന്നിയെങ്കിലും ഹരിയുടെ മുഖത്തേക്ക് നോക്കാതെ അയാളെ നേരെ കിടക്കാൻ സഹായിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ..
” വിച്ചൂട്ടാ..!”
ആർദ്രമായ ഹരിയുടെ വിളിയിൽ വിഷ്ണുവിന്റെ കാലുകൾ ഒരടി പോലും മുന്നോട്ടു ചലിപ്പിക്കാനാവാത്ത വിധം ബന്ധിക്കപ്പെട്ടു.
അമ്മയിൽ നിന്നും മാത്രം കേട്ട വിളി.! അത്രയും വാത്സല്യത്തോടെ വീണ്ടും കേട്ടപ്പോൾ സങ്കടം അവന്റെ തൊണ്ടക്കുഴിയിൽ വന്നു നിന്നു. എങ്ങലടിക്കാതിരിക്കാൻ അവൻ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു. ഹരി തന്റെ വലതു കൈകൊണ്ട് വിഷ്ണുവിന്റെ ഇടതു കയ്യിൽ പിടിച്ച് ഒരു ഗദ്ഗദത്തോടെ ചോദിച്ചു.
” വിച്ചൂട്ടാ.. ഒന്നൂടെ.. ഒന്നൂടെ..വിളിക്കോ? കേൾക്കാനുള്ള..കൊതി..കൊണ്ടാണെ..”
അത്രയും കേട്ടപ്പോഴേക്കും വിഷ്ണുവിൽ നിന്നും കരച്ചിൽ ചീളുകൾ നിയന്ത്രണമില്ലാതെ പുറത്തേക്കൊഴുകിയിരുന്നു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എങ്ങലടിച്ചു കരയുന്ന വിഷ്ണുവിനെ ഹരി തന്റെ വലതു ഭാഗത്തായി തന്നിലേക്ക് ചേർത്തിരുത്തി… ആ സമയം അവനും അതാഗ്രഹിച്ചിരുന്നു.
അച്ഛനെയും കെട്ടിപ്പിടിച്ച്, ആ നെഞ്ചിലെ വാത്സല്യച്ചൂടിലേക്ക് തന്റെ ഉള്ളിലുള്ള എല്ലാ സങ്കടങ്ങളും വിഷ്ണു പെയ്തു തീർത്തു കൊണ്ടേയിരുന്നു. നിറകണ്ണുകളോടെ അവന്റെ നെറുകയിൽ സ്നേഹമുദ്രണം ചാർത്തുമ്പോൾ ഹരിയുടെ ഉള്ളം മന്ത്രിച്ചു കോണ്ടേയിരുന്നു.
’എന്റെ.. എന്റെ മോനാണ്..’
ഹരിയെന്ന പിതാവിന്റെ സ്നേഹച്ചൂടിൽ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ വിഷ്ണുവിന് കേൾക്കാമായിരുന്നു..വർഷങ്ങളായി ആ നെഞ്ചിനുള്ളിൽ തനിക്കു വേണ്ടി മാത്രമായി കാത്തു വെച്ച ആ താരാട്ടിന്റെ ഈണം..!
അപ്പോൾ, പുറത്ത് ചാറ്റൽമഴ ഇലകളെ നോവിക്കാതെ.. അവയെ വാത്സല്യത്തോടെ ഒന്നു മുകർന്നു കൊണ്ട് ഭൂമിയിലേക്ക് ഊർന്നിറങ്ങുന്നുണ്ടായിരുന്നു..
#എന്റെരചന
#പിതൃദിനം
#കൂട്ടക്ഷരങ്ങൾ


26 Comments
ഹാർട്ട് ടച്ചിങ് സ്റ്റോറി 👍👍👍
നന്ദി.. സ്നേഹം ❤️❤️
വളരെ touching ആയി കഥ എഴുതി.
👍👏
❤️❤️🥰🥰
👍👍🙏🙏
Thanks🥰🥰
കണ്ണുനിറഞ്ഞു. അച്ഛനെയോർത്തു.
സ്നേഹം പ്രിയ കൂട്ടുകാരി……
❤️❤️🥰🥰😥😥
മനസ്സിനെ തൊട്ടുണർത്തുന്ന രചന. നന്നായിട്ടുണ്ട്
നന്ദി ചേച്ചി.. ❤️❤️🥰
Beautiful ത്രെഡ്…
മനോഹരമായി എഴുതി.
അച്ഛനോ അമ്മയോ ആകാൻ രക്തബന്ധം ഉണ്ടാവണമെന്നില്ല 👍
തീർച്ചയായും..
അത്തരം ഒരു ബന്ധം എനിക്ക് നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്.
സ്വന്തം പിതാവിൽ നിന്നും ആ കുട്ടികൾക്ക് കിട്ടാത്ത സ്നേഹം രണ്ടാനച്ഛനിൽ നിന്നും ആ കുട്ടികൾക്ക് ആവോളം കിട്ടുന്നത് സത്യത്തിൽ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു..
നന്ദി ചേച്ചി.. ❤️❤️
സജ്‌ന നല്ല എഴുത്ത്. മനസ്സിൽ തട്ടും വിധം എഴുതി ❤️🥰
❤️❤️🥰
അറിയാതെ വായനക്കാരുടെ കണ്ണുകളും നനയുന്നു.
🥰🥰❤️❤️
നല്ല എഴുത്ത് 👍👌🙏💯
നന്ദി.. സ്നേഹം 🥰🥰
ബന്ധങ്ങൾ ചിലപ്പോൾ സങ്കീർണമാണ്. പ്രത്യേകിച്ചും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിൽ വന്നുചേരുന്നവ. അമ്മയുടെ രണ്ടാം ഭർത്താവ് സ്നേഹനിധിയായ അച്ഛനായിരുന്നിട്ടും വൈകാരികമായ ഇടപെടലുകളുടെ അഭാവം രണ്ട് പേർക്കുമിടയിൽ സ്നേഹം പ്രകടമാക്കാതെ മൗനത്തിലുറയുന്നു. കേൾക്കാനാഗ്രഹിച്ച അച്ഛാ എന്ന വിളി ഇത്രയുംനാൾ കെട്ടിക്കിടന്ന സ്നേഹവായ്പിൻ്റെ കണ്ണീർക്കടലാവുന്നു. വളരെ തൻമയത്വത്തോടെ ആശയങ്ങളെ കോർത്തിണക്കിയുള്ള മനോഹരമായ രചന.
സ്നേഹാഭിനന്ദനങ്ങൾ!
👍👏💐✍️❤️
സ്നേഹം നിറഞ്ഞ നന്ദി.. ❤️❤️
Thank you dear🥰
നല്ല കഥ… നന്നായി എഴുതി ❤️
❤️❤️🥰
ഹൃദയസ്പർശിയായ കഥ . ആ അച്ഛൻ്റെ സ്നേഹം മകൻ തിരിച്ചറിഞ്ഞല്ലോ . ഒരു പാടിഷ്ടമായി സജ്ന❤️👌👌
സ്നേഹം ചേച്ചി.. ❤️❤️
Heart touching story
Thank you dear❤️❤️