“ഇന്നെങ്കിലും ഇത്തിരി നേരത്തെ എണീക്കെന്റച്ചൂ. ഉത്സവമല്ലേ കുളിച്ച് അമ്പലത്തിൽ പോയൊന്നു തൊഴുതു വാ”
അച്ഛൻ വന്നു തട്ടി വിളിക്കുമ്പോൾ അശ്വതി നല്ല ഉറക്കത്തിലായിരുന്നു.
ഉറക്കച്ചടവോടെ, ചിണുങ്ങിക്കൊണ്ടവൾ അച്ഛന്റെ കയ്യെടുത്തു കക്ഷത്തിനുള്ളിലാക്കി ഒന്നൂടെ ചുരുണ്ടു കൂടി.
അച്ഛന്റെ കൈകൾക്ക് നല്ല തണുപ്പും, ചന്ദനത്തിന്റെ ഗന്ധവും.
അവൾ മെല്ലെ കണ്ണുകൾ വിടർത്തി അച്ഛനെ നോക്കി.
വെളുപ്പിനുണർന്ന് കുളിച്ച് കുറിയും തൊട്ടിരിക്കുന്നു. വെട്ടിയൊതുക്കിയ മുടിയും, മീശയും അച്ഛന്റെ അഴകിനു മാറ്റ് കൂട്ടുന്നുണ്ട്.
ഇന്നലെ ഷർട്ടും മുണ്ടുമെല്ലാം തേച്ചു മടക്കുന്നതും, ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കി മീശതടവുന്നതും കണ്ടപ്പോൾ അമ്മ കെറുവിക്കുന്നുണ്ടായിരുന്നു, കൊച്ചുപയ്യനാന്നാ വിചാരം. പെണ്ണിനെ കെട്ടിക്കാറായീന്നോർത്തോ.
അച്ഛനതു കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു.
“നിനക്കെന്തറിയാം, അപ്പൂട്ടന്റെ തായമ്പകയുണ്ടെന്നു കേട്ടാൽ ഈ നാട്ടുകാർ മൊത്തം ഒഴുകിയെത്തും. അപ്പോപ്പിന്നെ എനിക്കും ഇച്ചിരി ഗ്ലാമറൊക്കെ ആയാലെന്താ.
അശ്വതി അച്ഛനെ ആകമാനമൊന്നു നോക്കി.ഒരു മുടി പോലും നരച്ചിട്ടില്ല. എന്തൊരു ഐശ്വര്യമാണ് ആ മുഖത്തിന്. അച്ഛന്റെ കൂട്ടുകാരൊക്കെ ശരിക്കും കിളവൻമാരായിട്ടുണ്ട്.കൂട്ടുകാരുടെ അച്ഛൻമാരും വാർദ്ധക്യം ബാധിച്ചവരെപ്പോലായിട്ടുണ്ട്. അവർക്കുമുന്നിൽ എന്റെയച്ഛൻ തന്നെ സുന്ദരൻ.
അശ്വതിക്ക് സ്വയം അഭിമാനം തോന്നി.
എണീക്ക്. ഇനിയും കിടക്കണ്ട. കുളിച്ച് അമ്പലത്തിൽ പോയി വാ. ആ പീതാംബരൻ ഇന്നൊരു ചെറുക്കനെ കൊണ്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്. അവര് വരുമ്പോഴേക്കും നല്ല മിടുക്കിയായി നിന്നോ.
കിടക്കയിൽ എഴുന്നേറ്റിരുന്ന അശ്വതിയുടെ മുഖം പെട്ടന്ന് വാടി. അത് തിരിച്ചറിഞ്ഞ അച്ഛൻ അവളെ നെഞ്ചോട് ചേർത്ത് നെറുകയിൽ ഉമ്മ വെച്ചു.
“കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനിയങ്ങോട്ട് അച്ഛന്റെ അച്ചുമോൻ പുതിയൊരാളാ. അങ്ങനെയങ്ങോർത്താ മതി.”
“ഉം…. അശ്വതി ഒരു വിങ്ങലോടെമൂളി.
കണ്ണനെ മറക്കാൻ എനിക്ക് പറ്റണില്ലച്ചായെന്ന് ഉറക്കെ കരയണമെന്നുണ്ടായിരുന്നു അവൾക്ക്.
മരിച്ചുപോയവരെയോർത്തു ഇനിയും വേദനിക്കല്ലേയെന്ന് അവളെ ആശ്വസിപ്പിക്കുമ്പോഴും, അച്ഛന്റെ മനസ്സും വിങ്ങിപ്പൊട്ടും എന്നോർത്തപ്പോൾ, തുളുമ്പാൻ തുടങ്ങിയ കണ്ണുകളെ ഉള്ളാലെ ശാസിച്ചു നിർത്തി.
അച്ഛനും ഒരുപാട് ഇഷ്ടമായിരുന്നുലോ കണ്ണനെ.
ചെണ്ടയുമെടുത്തു, അനന്തുവിനെയും കൂട്ടി പോകാനിറങ്ങുമ്പോൾ ഫോൺ ബെല്ലടിച്ചു.
“ഞാനുണ്ടാവില്ലടാ. ഉത്സവത്തിന്റെ പരിപാടിയേറ്റിട്ടുണ്ട്. അങ്ങോട്ട് പോകാനിറങ്ങുവാ. നീയെന്തായാലും ചെറുക്കനേം കൊണ്ടു പോരേ. രാധയുണ്ടിവിടെ.
അപ്പുറത്ത് പീതാംബരൻ ചേട്ടനാണെന്ന് അശ്വതിക്കു മനസ്സിലായി.
“അവര് വരുമ്പോ ഞാനെന്താ പറയേണ്ടേ?
അമ്മ അച്ഛന്റെ പിറകെ പടിയോളം ഇറങ്ങി നിന്നു.
“നീയൊന്നും പറയണ്ട. അവര് വന്നു കണ്ടിട്ട് പൊയ്ക്കോളും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവരിങ്ങോട്ട് പറഞ്ഞോളും.
“ഉം…
“പറ്റിയാൽ ഞാനൊന്നു ഓടി വരാൻ നോക്കാം. പറയെടുപ്പിന്റെ തിരക്ക് തുടങ്ങിയാൽ ചെണ്ട താഴെവെക്കാനിടകിട്ടില്ല ”
“ഉം…. അതിനും അമ്മയൊന്നു മൂളി.
അച്ഛനെ യാത്രയാക്കി കയറിവരുന്ന അമ്മയെക്കണ്ടപ്പോൾ അശ്വതി ഉള്ളാലേ ചിരിച്ചു.
കീരിയും പാമ്പും പോലെ നടന്ന രണ്ടുപേർ എത്രപെട്ടന്നാണ് അടയും ചക്കരയുമായത്.
ഓർമ്മയുറക്കുമ്പോൾ, അമ്പലപ്പറമ്പുകളിൽ നിന്നും അമ്പലപ്പറമ്പുകളിലേക്ക് ഓടി നടക്കുകയായിരുന്നു മേളപ്രമാണിയായ അച്ഛൻ.പാതിരാത്രിയിലെപ്പോഴോ കയറിവന്ന് പുലരുംമുൻപേ ഇറങ്ങിപ്പോകുന്ന ഒരാൾ.
ആ വിരൽത്തുമ്പിൽത്തൂങ്ങി ഉത്സവം കാണാനും, ഒന്നിച്ചു ചാറ്റൽമഴ നനയാനും, നെഞ്ചിലേച്ചൂടിൽ കഥകൾകേട്ടുറങ്ങാനും ഒരിത്തിരി അച്ഛനെക്കൊതിച്ച നാളുകൾ.
നിനച്ചിരിക്കാതെയാണ് വാത്സല്യത്തിന്റെ നിറകുടമായിരുന്ന അച്ഛൻ ക്രൂരതയുടെ ആൾരൂപമായി മാറിയത്.
മേളമൊരു ലഹരിയായി പടരുമ്പോൾ അതിനു കൊഴുപ്പുകൂട്ടാനായി മദ്യമെന്ന മാരകവിഷത്തെ കൂട്ടുപിടിച്ചു തുടങ്ങി.
പാതിരാത്രികളിൽ ആടിക്കുഴഞ്ഞു വീട്ടിലെത്തുമ്പോൾ കയ്യിൽ കിട്ടുന്നതെല്ലാം തല്ലിത്തകർക്കണമായിരുന്നു അച്ഛന്.
അമ്മയെ കാണുന്നതേ ദേഷ്യമായിരുന്നു. കൈകുഴയുവോളം യാതൊരു കാരണവുമില്ലാതെ അമ്മയെ ഉപദ്രവിക്കും.ആ സമയത്തെല്ലാം അശ്വതി, അനന്തുവിനെയും ചേർത്തുപിടിച്ച് സഞ്ചിനായരുടെ കൂറ്റൻ ബംഗ്ലാവിന് പിന്നിൽ ഒളിച്ചിരിക്കും.അന്ന് ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു, പ്രേതക്കൊട്ടാരം പോലുള്ള സഞ്ചിനായരുടെ ബംഗ്ലാവ്.
അതുവഴി സ്കൂളിൽ പോകുമ്പോൾ മഞ്ജുവും മീനുവും അജിതയും അങ്ങോട്ട് നോക്കില്ല. നോക്കിയാൽ പ്രേതം പിടിക്കും എന്ന് പറഞ്ഞ് അശ്വതിയേയും അവർ പേടിപ്പിക്കും. പക്ഷേ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുമില്ലാത്ത കൊഴുത്തയിരുട്ടിൽ ജീവനും കയ്യിൽപിടിച്ച് അങ്ങോട്ടോടിക്കയറുന്ന അശ്വതിയെയും, അനന്തുവിനെയും പേടിപ്പിക്കാൻ ഒരിക്കൽ പോലും പ്രേതങ്ങൾ ഇറങ്ങി വന്നിട്ടില്ല.
പുലരാറാകുമ്പോ, മക്കളെത്തിരഞ്ഞ് അമ്മ വരും. കൊടും തണുപ്പിൽ, പൊടിമൂടിക്കിടക്കുന്ന വരാന്തയിൽ കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്ന രണ്ടു ജീവനുകളെ നോക്കി വിങ്ങി വിങ്ങിക്കരയും. ഉടുത്തിരിക്കുന്ന സാരിയഴിച്ച് അവരെ പുതപ്പിക്കും.
ബാല്യവും, കൗമാരവും ആ രാത്രികളുടെ ആവർത്തനങ്ങളിൽപ്പെട്ട് ചിന്നഭിനമായിപ്പോയി.
ജീവിതത്തെ വല്ലാതെ വെറുത്തു തുടങ്ങിയ നാളുകളിലൊന്നിൽ അച്ഛന് മാനസാന്തരം വന്നു.
അന്ന് അശ്വതി ഡിഗ്രി കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു. അനന്തു ഡിഗ്രി അവസാനവർഷവും
പരിപാടി ജോറാവാൻ എല്ലാരും കൂടി വായിലേക്കൊഴിച്ചു തന്നോണ്ടിരുന്നതാ. അതിന്റെ രുചിയറിഞ്ഞപ്പോൾപ്പിന്നെ നിർത്താനും കഴിഞ്ഞില്ല.ഇനിയൊരിക്കലും ഞാനാ വിഷം കയ്യോണ്ട് തൊടില്ല. എന്റെ മക്കളാണെ സത്യം.
അമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ച് ചെയ്തു പോയ കൊടിയ പാപങ്ങൾക്ക് മാപ്പപേക്ഷിക്കുമ്പോൾ വിങ്ങിവിങ്ങിക്കരയുന്നുണ്ടായിരുന്നു അച്ഛൻ.
ഒരു ജന്മം കൊണ്ട് അനുഭവിച്ചു തീർക്കേണ്ടതെല്ലാം ഒറ്റയടിക്ക് അനുഭവിച്ചു വശം കെട്ട അമ്മയും അപ്പോൾ കരയുകയായിരുന്നു.
അച്ഛന്റെ സ്നേഹസാന്ത്വനങ്ങൾ ആവോളം നുകർന്ന ഇച്ചിരി നാളുകൾ.
ആയിടെയാണ്, അച്ഛന്റെ ഡയറിക്കുറിപ്പുകൾ അശ്വതി കാണാനിടയായത്.
ബാല്യത്തിൽ ആ ഹൃദയത്തിനേറ്റ മുറിവുകളുടെ ആഴം അക്ഷരങ്ങളിലൂടെ വരച്ചു വെച്ചിരുന്നു അച്ഛൻ.
ആ നോവുകൾ മറക്കാൻ അമ്മയെ കണ്ടുമുട്ടുംവരെ മദ്യമെന്ന ലഹരിയെ കൂട്ടുപിടിച്ചിരുന്നു അച്ഛൻ.
ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചയാൾ, നിറകണ്ണുകളോടെ നോക്കി നിൽക്കുമ്പോൾ ഇഷ്ടമില്ലാത്തൊരാളിന്റെ താലി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ സങ്കടം മുഴുവൻ,നൊന്തുപെറ്റ കുഞ്ഞിനോട് ദേഷ്യമായി ഒഴുകിയിറങ്ങുമ്പോൾ അമ്മിഞ്ഞപ്പാല് പോലും നിഷേധിക്കപ്പെട്ടു അച്ഛന്.
എല്ലാരോടും വാശിയായിരുന്നത്രെ അച്ഛമ്മക്ക്.
വിശന്നു കരയുന്ന കുഞ്ഞിനേയും കൊണ്ട് വീടുവിട്ടിറങ്ങിയ അച്ചാച്ചൻ, അടുത്ത വീട്ടിലെ പറയക്കുടിലിൽ പെറ്റു കിടക്കുന്ന നീലിപ്പെണ്ണിന്റെ മുന്നിൽ ഒരിത്തിരി മുലപ്പാലിന് വേണ്ടി ഇരന്നു.
പിന്നെയങ്ങോട്ട് നീലിപ്പെണ്ണിന്റെ പാല് കുടിച്ച്, അവരുടെ മകൻ കുഞ്ഞാപ്പുവിനൊപ്പം അച്ഛനും വളർന്നു.
അച്ഛൻ മരിക്കുവോളം, അമ്മേയെന്നു വിളിച്ചിരുന്നത് ആ നീലിയമ്മയേ ആയിരുന്നത്രെ.
അശ്വതിക്കതു വായിച്ചപ്പോൾത്തൊട്ട് നെഞ്ചു വിങ്ങുകയായിരുന്നു.
അമ്മയേക്കാളേറെ അച്ഛനെ സ്നേഹിക്കാൻ അതൊരു കാരണമാകുകയായിരുന്നു.
കണ്ണൻ വന്ന്, അച്ചൂനെ എനിക്ക് തന്നേക്കാമോയെന്ന് ചോദിച്ചപ്പോൾ എന്തൊരു സന്തോഷമായിരുന്നു ആ കണ്ണുകളിൽ.
ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ച് അവനങ്ങു പോയി.കല്യാണത്തലേന്ന് എന്തോ വാങ്ങാൻ പുത്തൻ ബൈക്കുമെടുത്തു പോയത് മരണത്തിന്റെ തൊട്ടിലിലേക്കായിരുന്നു.
കല്യാണത്തിനായി ഉയർത്തിക്കെട്ടിയ പന്തലിൽ വെള്ളപ്പുതച്ചു കിടക്കുന്ന കണ്ണനെ കണ്ടപ്പോൾ സമനില തെറ്റിപ്പോകാതിരുന്നത്, അച്ഛന്റെ ചേർത്തുപിടിക്കൽ ഒന്നുകൊണ്ടു മാത്രമായിരുന്നു.
മാറി, മാറി വരുന്ന സിനിമകൾ കാണിച്ചും, ബന്ധു വീടുകളിൽ വിരുന്നുപോയും, കടലിന്റെ നിറഞ്ഞു തുളുമ്പുന്ന സൗന്ദര്യത്തേ കാട്ടിക്കൊടുത്തും അച്ഛനവളുടെ മനസ്സിനെ കൈവെള്ളയിലൊതുക്കിപ്പിടിച്ചു. എങ്ങോട്ടും ഇറങ്ങിയോടാത്ത വിധം.
ഓർമ്മകൾ ചില്ലുപാത്രത്തിലെ വെള്ളം പോലെ തെളിഞ്ഞു നിൽക്കുകയാണ്.. ഒട്ടും മങ്ങലില്ലാതെ അശ്വതി വേദനയോടെ ഒരു നെടുവീർപ്പയച്ചു.
പീതാംബരൻച്ചേട്ടനും, ചെറുക്കനും ഒതുക്കുകല്ലുകൾ കയറി ഉമ്മറത്തെത്തിയപ്പോഴേക്കും, ഓടിക്കിതച്ച് അച്ഛനും കയറി വന്നു.
അമ്മയപ്പോൾ ആശ്വാസനിശ്വാസമുതിർക്കുന്നത് അശ്വതി കണ്ടു.
ഇല്ലാത്ത ധൈര്യത്തെ മുറുകെ പിടിച്ചു നിന്നിട്ടും, ഉമ്മറത്തു നിന്ന് അച്ചൂ എന്ന വിളികേൾക്കേ നെഞ്ചിൽ ഒരു കടലിരമ്പി. കാലുകൾ കുഴഞ്ഞു തുടങ്ങി
പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി, ചായക്കപ്പ് നീട്ടിപ്പിടിക്കുമ്പോൾ മുന്നിലിരിക്കുന്നയാളിന്റെ മുഖത്തു നോക്കാനോ, കൗതുകം നിറച്ച ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാനോ കഴിഞ്ഞില്ല അശ്വതിക്ക്.
ഏറെ നേരം കഴിഞ്ഞ് അമ്മയുടെ ഒച്ചയുയർന്നപ്പോഴാണ് അവർ പോയിക്കഴിഞ്ഞു എന്നവൾക്ക് മനസ്സിലായത്.
“പോയൊരു പോയി. ഇനിയതും പറഞ്ഞു കാലം കഴിക്കാനാണോ നിന്റെ ഉദ്ദേശം.
എന്തൊരു നല്ല ചെറുക്കനാ ആ ഇറങ്ങിപ്പോയെ. ആ കൊച്ചൻ ചോദിച്ചതൊന്നും നീ കേട്ടില്ലേ. കുന്തം വിഴുങ്ങിയമാതിരിയായിരുന്നല്ലോ നിൽപ്പ്.
അമ്മ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ. നടക്കേണ്ട സമയത്തു എല്ലാം നടക്കും. നീയിങ്ങനെ കിടന്നു തൊള്ളയെടുത്ത് എന്റെ കൊച്ചിനെ വിഷമിപ്പിക്കണ്ട.
അശ്വതിയുടെ പൊട്ടിയൊഴുകുന്ന കണ്ണുകൾ അമർത്തിത്തുടച്ചു അച്ഛൻ.
നീയിത്തിരി ചോറെടുത്തെ.. ഭയങ്കര വിശപ്പ്. ഒരുപാട് സമയമൊന്നുമില്ല. പെട്ടന്ന് പോകണം.
അമ്മയെ നോക്കി പറഞ്ഞു കൊണ്ട് അടുക്കളയിലിട്ട ബെഞ്ചിൽ ചെന്നിരുന്നു അച്ഛൻ. കൂടെ അച്ചുവിനെയും പിടിച്ചിരുത്തി.
ചോറ് വേവുന്നെയുള്ളൂ. കൂട്ടാത്തിനുള്ളത് നോക്കണമിനി.
ഉള്ള വേവ് മതി. ഇത്തിരി ചമ്മന്തിയുമുണ്ടാക്ക്.
കഞ്ഞി കുടിക്കാൻ വല്ലാത്ത ആർത്തി പോലായിരുന്നു അച്ഛന്റെ ചേഷ്ടകൾ.
പച്ചവെള്ളമൊഴിച്ചൂറ്റിയ കഞ്ഞി മുന്നിലെത്തിയപ്പോൾ ആദ്യത്തെ രണ്ടുസ്പൂൺ അച്ചുവിനായി നീട്ടി.
അച്ഛന്റെ വല്യൊരാഗ്രഹമാ ന്റെ അച്ചൂട്ടിയുടെ കല്യാണം. അത് സാധിപ്പിച്ചു തരാണോട്ടോ അച്ഛന്റെ മുത്ത്.
ചൂട് ഞ്ഞി ധൃതിപിടിച്ച് വാരിക്കഴിക്കുമ്പോൾ അച്ഛൻ പറഞ്ഞു കൊണ്ടിരുന്നു.
അമ്മ, അച്ഛൻ ബാക്കി വെച്ചിട്ട് പോയത് വാരിക്കഴിച്ച് പാത്രം കഴുകി വെക്കുമ്പോഴേക്കും ഉമ്മറത്ത് നിന്ന് വിളി കേട്ടു.
എട്യേ ഞാനിറങ്ങുന്നു. പെണ്ണിനെ വെറുതെ ചീത്ത വിളിക്കണ്ടാട്ടോ നീ.
ഓ… ഞാനൊന്നും പറയുന്നില്ലേ. നിങ്ങളായി നിങ്ങടെ പാടായി.
അമ്മയുടെ പരിഭവം അച്ഛന്റെ ചുണ്ടിലൊരു ചിരി പടർത്തി.
ആ ചിരിയായിരുന്നു അച്ഛനോർമ്മകളിൽ ഏറ്റവും മിഴിവോടെ നിന്ന് വർഷങ്ങളോളം അശ്വതിയുടെ നെഞ്ചു നീറ്റിക്കൊണ്ടിരുന്നത്. പിന്നെയൊരിക്കലുമത് കാണാൻ കഴിഞ്ഞില്ല.
അന്ന് രാത്രി അച്ഛൻ മരിച്ചു.
ഹൃദയം കീറിമുറിക്കുന്നപോലൊരു വേദന, ചെണ്ടക്കോലുകളുടെ താളം തെറ്റിച്ചപ്പോൾ തോളിൽ കിടന്ന ചെണ്ട ഭഗവാന്റെ മുന്നിൽ ഇറക്കി വെച്ച് സാഷ്ടാഗം നമസ്കരിച്ചു. ആ കിടപ്പിൽ നിന്നെഴുന്നേൽക്കാൻ അച്ഛനായില്ല.
ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന പോലെ, നിറഞ്ഞ സദസ്സിനുമുന്നിൽ, ആരാധകരുടെ കരാഘോഷങ്ങൾക്കു നടുവിൽ അച്ഛനെ മരണം വന്നു പുൽകി.
വെള്ളപ്പുതച്ചു കിടക്കുന്ന അച്ഛന്റെ മുഖത്തേക്കു സ്ഥലകാലബോധം നഷ്ടപ്പെട്ടവളെപ്പോലെ മിഴിച്ചു നോക്കിയിരിക്കുമ്പോൾ അശ്വതിയുടെ ചുണ്ടുകൾ വിറ പൂണ്ടു.
“എന്തിനാച്ചാ എന്റെ കല്യാണം കൂടാതെ……..”
വർഷങ്ങൾക്ക് ശേഷം “പൊന്നൂസ്”അമ്മയുടെ കല്യാണ ആൽബം മറിച്ചു നോക്കുമ്പോൾ അവളെ കളിയാക്കി. അമ്മേടെ മുഖത്ത് ഒരു ചിരിപോലുമില്ല. ഇപ്പൊ കരയും എന്ന ഭാവമാണ് എല്ലാ ഫോട്ടോയിലും.
അശ്വതിയുടെ മിഴികളും ആ ഫോട്ടോകളിലേക്ക് നീണ്ടു
ശരിയാണ്.പേരിനുപോലുമൊരു പുഞ്ചിരി എങ്ങുമില്ല.
അല്ലെങ്കിലും അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന ഒറ്റയൊരു മോഹത്തെ കൂട്ടുപിടിച്ചുവിറങ്ങലിച്ചു നിന്നവൾക്ക് എങ്ങനെയാണ് ആ നിമിഷത്തിൽ ചിരിക്കാനാകുക.
#എന്റെ രചന
#പിതൃദിനം


4 Comments
നല്ല കഥ, മകളുടെ വേദനകളിൽ താങ്ങായി മാറിയ അച്ഛന്റെ അകാല വേർപാട് നോവായി.
👌❤
അച്ചുവിനേയും അവളുടെ അച്ഛനെയും ഞാൻ മനസ്സിൽ കണ്ടു. നല്ല കഥ- അച്ഛൻെറ വേർപാട് വല്ലാതെ വിഷമിപ്പിച്ചു. നന്നായി എഴുതി- അഭിനന്ദനങ്ങൾ❤️❤️
സിന്ധൂ കണ്ണുനനയിക്കുന്ന എഴുത്ത്.
അച്ഛൻ്റെ സ്നേഹം എന്നും കൂട്ടിനു ണ്ടാവും.
ഇഷ്ടമായിട്ടോ❤️❤️❤️
നന്നായി എഴുതി സിന്ദൂ, സ്നേഹിച്ചു കൊതിതീരുമുന്നേ പോയ അച്ഛൻ ഓർമകൾ 👌