ഭാര്യ മരിച്ചതിന്റെ ചടങ്ങുകൾ കഴിഞ്ഞ് ആളും ആരവുമൊഴിഞ്ഞ നേരത്താണ് പോസ്റ്റ്മാൻ അയാളെ അന്വേഷിച്ച് ചെങ്കല്ല് പാകിയ ആ വീട്ടുമുറ്റത്ത് എത്തിയത്.
അയാളപ്പോൾ മുറ്റത്ത് വീണ് കിടന്ന മാവിലകൾ പെറുക്കി കളയുകയായിരുന്നു.
അയാളെ പരിചയമുള്ള പോസ്റ്മാൻ പടി കയറി ത്തുടങ്ങിയപ്പോഴേ വിളിച്ചു.
” ദേവൻ സാറെ, ഒരു കത്തുണ്ട്.”
ദേവൻ അമ്പരന്നു.
” കത്തോ..? എനിക്കോ? ഈ ഫോണും വിഡിയോകോളും ഒക്കെ ഉള്ള ഈക്കാലത്ത് എനിക്ക് കത്തയക്കാൻ ആരാണാവോ?”
പോസ്റ്റ്മാൻ കത്ത് നീട്ടിക്കൊണ്ട് പറഞ്ഞു.
” ഫ്രം അഡ്രെസ്സ് ഒന്നുമില്ല സാറെ. സാറിനെ പരിചയം ഉള്ളോണ്ട് ഞാൻ ഇങ്ങു കൊണ്ട് വന്നതാ.”
ഒന്ന് ആലോചിച്ചു നിന്നിട്ട് അയാൾ തിരിഞ്ഞ് ദേവനോട് ചോദിച്ചു.
” ചടങ്ങുകളൊക്കെ..?”
” കഴിഞ്ഞു.. ഇനി ആരെ ബോധിപ്പിക്കാനാണ്?
പിള്ളേര് രണ്ടും ഓസ്ട്രേലിയയിൽ അല്ലേ. സ്റ്റുഡന്റ് വിസയിൽ കേറിയതല്ലേ ഉള്ളൂ.
പെട്ടെന്ന് തിരികെ വന്നാൽ മുടക്കിയതൊക്കെ വെള്ളത്തിലാകും. അവന്മാർ രണ്ടും ഇരട്ടകളായോണ്ട് ഡബിൾ ചിലവാണ്. ഈ ആഴ്ച ലീവ് കഴിഞ്ഞു ഞാനും ഓഫിസിൽ പോയിത്തുടങ്ങും.”
” ലക്ഷ്മിചേച്ചീടെ വീട്ടീന്ന് ആരെങ്കിലും വന്നാരുന്നോ സാറെ?”
” അനിയൻ ചെറുക്കനും കുടുംബവും വന്നാരുന്നു. അവളുടെ അച്ഛനുമമ്മയും നേരെത്തെ പോയല്ലോ? ഇനി അവിടുന്ന് അന്വേഷിച്ചു വരാൻ ആരുമില്ല.. സ്വീകരിക്കാൻ ഇവിടെയും.” ദേവൻ നെടുവീർപ്പിട്ടു.
പടിയിറങ്ങി പോകവേ പോസ്റ്റ്മാൻ പിറു പിറുത്തു.
” നല്ലൊരു സ്ത്രീ ആയിരുന്നു. അല്പായുസ്സിൽ പോകാൻ വിധി ഉണ്ടെങ്കിൽ എന്ത് ചെയ്യാനാണ്?”
ദേവൻ അകത്തേക്ക് കയറിയതും ഫോൺ ബെല്ലടിച്ചു.
ഓഫിസിൽ നിന്നാണ്. അര മണിക്കൂർ സംസാരിച്ച ശേഷം അയാൾ കുളിച്ച് വന്നിട്ട് ടിവി ഓണാക്കി സോഫയിലേക്ക് ഇരുന്നപ്പോഴാണ് പോസ്റ്റ്മാൻ കൊണ്ട് വന്ന കത്തിനെ കുറിച്ച് അയാൾ ഓർത്തത്.
അത്താഴത്തിനുള്ള കഞ്ഞി കുക്കറിൽ ആക്കിയിട്ട് വന്നിരിക്കാമെന്ന് കരുതി അയാൾ അടുക്കളയിലേക്ക് നടന്നു.
ലക്ഷ്മി ഇല്ലാത്ത അടുക്കള.
ചെറിയ അടുക്കള മതിയെന്നത് അവളുടെ ആഗ്രഹമായിരുന്നു. ഒറ്റയ്ക്ക് നിന്ന് പെരുമാറുമ്പോൾ ചെറിയ അടുക്കള ആണത്രേ സുഖം.
എപ്പോഴും വൃത്തിയിൽ കിടക്കുന്ന അടുക്കളയ്ക്ക് ഇന്ന് എന്തോ ഒരു ഭംഗിയില്ലായ്മ. ബന്ധുക്കളൊക്കെ ഉണ്ടായിരുന്നു ഇന്നലെ വരെ. എല്ലാവരും അവളെ പുകഴ്ത്തി പറയുന്നുണ്ടായിരുന്നു.
ഇരുപത്തിരണ്ട് വർഷം കൊണ്ട് അവൾ അച്ചടക്കത്തോടെ കെട്ടിപ്പൊക്കിയ കുടുംബത്തെ പറ്റി..
മനോഹരമായി കാത്ത് സൂക്ഷിക്കുന്ന വീടിനെ പറ്റി..
അവളുടെ കൈപുണ്യത്തെ പറ്റി..
വെറും വീട്ടമ്മ മാത്രമായ അവളെ മറ്റുള്ളവർക്ക് മുന്നിൽ ആരാധനകഥാപാത്രമാക്കിയത് തന്റെ പണവും പദവിയും കൂടിയാണെന്ന് പറയാൻ അറിയാഞ്ഞിട്ടല്ല. ആ സന്ദർഭത്തിൽ വേണ്ടെന്ന് വച്ചിട്ടാണ്.
പതിനെട്ട് വയസിൽ തന്റെ ജീവിതത്തിലേക്ക് കയറി വരുമ്പോൾ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. എട്ടും പൊട്ടും തിരിയാത്ത, കാര്യഗൗരവമോ വിവരമോ ഇല്ലാത്ത ഒരു പൊട്ടിപ്പെണ്ണ്. അവിടുന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് ഒരു സർക്കാരുദ്യോഗസ്ഥന്റെ ഭാര്യ ആക്കി മാറ്റാൻ താൻ എന്ത് മാത്രം പ്രയത്നിച്ചിരിക്കുന്നു.
അരിയും പയറും കണ്ട് പിടിച്ച് കുക്കറിൽ ഒരുമിച്ച് ആക്കി വെള്ളമൊഴിച്ചു ഗ്യാസടുപ്പിൽ വച്ചു. ഫ്രിഡ്ജിൽ അവൾ ഉണ്ടാക്കിയ അച്ചാറുകളുണ്ട്. കുട്ടികൾക്ക് കൊടുത്തു വിടാൻ വേണ്ടി ഉണ്ടാക്കിയ ചമ്മന്തിപ്പൊടി ഉണ്ട്. അത് മതി ഇന്ന് അത്താഴത്തിന്. അയാൾ ടിവിക്ക് മുന്നിൽ ഇരിപ്പുറപ്പിച്ചു. ലെറ്റർ എടുത്ത് പൊട്ടിച്ചു.
വെള്ള കടലാസ്സിൽ വടിവൊത്ത്, ഉരുട്ടിയെഴുതിയ അക്ഷരങ്ങൾ.
” ലക്ഷ്മിയുടെ ദേവേട്ടന്,
ഞാൻ ആരാണെന്നോ ലക്ഷ്മി എനിക്ക് ആരാണെന്നോ പറയുന്നില്ല. പക്ഷെ അവൾ നിങ്ങൾക്ക് ആരായിരുന്നെന്ന് ഓർമ്മപെടുത്താൻ ആണീ കത്ത്.
ആണഹന്തയിൽ നിങ്ങൾ അഹങ്കരിക്കുമ്പോൾ നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ജീവിതം ഹോമിച്ച ഒരു പെണ്ണുണ്ടായിരുന്നു. ഇന്ന് അവൾ ആ വീട്ടിലില്ല. ഭൂമിയിൽ പോലുമില്ല.
ഡിഗ്രിക്ക് പഠിക്കുന്ന പെണ്ണിനെ കൂടെ കൂട്ടിയപ്പോൾ നിങ്ങൾ അവളുടെ അച്ഛനമ്മമാർക്ക് ഒരു വാക്ക് കൊടുത്തിരുന്നു. മുന്നോട്ട് പഠിപ്പിക്കാമെന്നും ജോലിക്ക് വിടാമെന്നും. പക്ഷെ അവളെ കിട്ടിക്കഴിഞ്ഞപ്പോൾ അതെല്ലാം മനഃപൂർവം മറന്ന് നിങ്ങൾ അവളോട് ആവശ്യപ്പെട്ടത് ഒരു കുഞ്ഞിനെയാണ്. അവളുടെ ആഗ്രഹങ്ങളൊക്കെ ത്യജിച്ച് അവൾ നിങ്ങളുടെ ഇരട്ടക്കുട്ടികൾക്ക് അമ്മയായപ്പോൾ അനുഭവിച്ച കഷ്ടപ്പാടുകൾ ഒരുവട്ടമെങ്കിലും നിങ്ങൾ ഓർത്ത് നോക്കിയിട്ടുണ്ടോ?
ഹോസ്പിറ്റലിൽ നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ വേണ്ടി അവൾ വേദന സഹിച്ച് ഉരുകുമ്പോൾ നിങ്ങൾ ഒരു നിമിഷമെങ്കിലും അവൾക്കൊപ്പം ഇരിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിരുന്നോ?
നിങ്ങളുടെ അമ്മയുടെയും അച്ഛന്റെയും കുത്തുവാക്കുകൾ കേട്ട്, മക്കളെയും വളർത്തി വീടും അടുക്കളയും നോക്കി അവൾ സ്വയം ഇല്ലാതെയാകുമ്പോൾ നിങ്ങൾ അവളുടെ ഇഷ്ടങ്ങളോ സൗകര്യങ്ങളോ പരിഗണിക്കാതെ സ്വന്തം അസ്തിത്വം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു.”
ദേവന് ദേഷ്യം വന്നു. അയാൾ ആ കത്ത് ചുരുട്ടിക്കൂട്ടി.
എന്റെ ഭാര്യയെ പറ്റി എനിക്ക് പറഞ്ഞു തരാൻ മാത്രം ഇവനാരാണ്?
കണ്മുന്നിൽ ലക്ഷ്മി നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി. അവളുടെ സാമീപ്യമുണ്ടായിരുന്ന ഇടങ്ങളിലൊക്കെ അവൾ നിൽക്കുന്നതായി അയാൾക്ക് തോന്നി. അയാൾ ആ കത്ത് നിവർത്തി.
” അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ഇപ്പോഴും നിങ്ങളുടെ മുറികളിലെ മൂലയിലോ ചവറ്റ് കുട്ടയിലോ തപ്പിയാൽ അവൾ കുത്തിക്കുറിച്ച് കീറിയെറിഞ്ഞ കവിതകൾ കാണാം. അവിടെയാണ് അതിനുള്ള സ്ഥാനമെന്ന അറിവ് നിങ്ങളവളിൽ അടിച്ചേൽപ്പിച്ചു കഴിഞ്ഞിരിന്നു.
നിങ്ങൾ അവൾ പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ?
ആ ചിരിക്കിടയിൽ അവളുടെ താടിത്തുമ്പിൽ ഒരു ചെറിയ കുഴി തെളിയും.
അവളുടെ ഭംഗി അപ്പാടെ എടുത്തുകാണിക്കുന്നൊരു കുഞ്ഞു പൊട്ട്.
അവൾ നന്നായി കഥകൾ പറയും.മുത്തശ്ശിക്കഥ പോലെ അത് കേട്ടിരിക്കുമ്പോൾ താനേ ഉറക്കം വരും.
നിങ്ങളവളുടെ കൈവിരലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
അടുക്കളയിൽ നിന്ന് പറ്റിയ കത്തി കീറലുകളും പൊള്ളലുകളും ഉണ്ടെങ്കിലും ചായം പുരട്ടാതെ തന്നെ എന്ത് മനോഹരമാണവയെന്ന് നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?”
അവൾ കുത്തിക്കുറിച്ച വരികളിലത്രയും പ്രേമമായിരുന്നു. ഒരുവനെ പൂർണമാക്കി ഹൃദയത്തിൽ തറച്ചു നിർത്തുന്നത്രയും വേരുറച്ച ആ പ്രണയത്തിൽ തൊട്ട് നോക്കാൻ പോലും അശക്തനായിരുന്നു നിങ്ങൾ.
അവൾ ഒരു മാണിക്യമായിരുന്നു. നിങ്ങൾ പരിപാലിക്കാൻ അശ്രദ്ധ കാണിച്ച മാറ്റേറിയ രത്നം. അവളെ കരയിക്കാൻ, കുറ്റപ്പെടുത്താൻ, നിങ്ങളുടെ വീഴ്ചകളും തെറ്റുകളും പോലും അവൾ കാരണമാണെന്ന് വരുത്തി തീർക്കാൻ നിങ്ങൾ വ്യഗ്രതപ്പെടുന്നതിനിടയിൽ അവളുടെ മനസും ശരീരവും ഒന്ന് തിരിച്ചറിയാൻ ശ്രമിച്ചിരുന്നെങ്കിൽ അവളിപ്പോൾ ജീവനോടെ കണ്ടേനെ.
അവളുടെ വയ്യായ്മകളെ ജോലി ചെയ്യാനുള്ള മടിയായി നിങ്ങൾ കരുതി. കഴിക്കുന്ന ഭക്ഷണത്തിന് പോലും കണക്ക് പറഞ്ഞ് അവളെ കളിയാക്കുമ്പോൾ നാണക്കേട് കൊണ്ടവൾ ഉരുകുന്നത് കണ്ടില്ല.
അവളുടെ പ്രണയം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ?
അത്രയും പ്രണയത്തോടെ ഒരാളോട് സംസാരിച്ചു അയാളെ ഒരു മഞ്ഞുമല ഉരുക്കുന്നത് പോലെ ഉരുക്കി കളയാനുള്ള അവളുടെ കഴിവ് നിങ്ങൾ ഒരിക്കലും അനുഭവിക്കാൻ വഴിയില്ല.. കാരണം നിങ്ങൾ അവളോട് ഒരിക്കലും പ്രണയത്തോടെ സംസാരിച്ചിട്ടില്ല..
നന്നായി സ്നേഹിക്കാൻ അറിയാമായിരുന്നവൾക്ക്. ഇരുട്ടിന്റെ മറവിൽ അവളെ സ്നേഹിക്കുന്ന നിങ്ങൾ പകലിൽ അവളുടെ മനസിന്റെ സ്നേഹം തിരിച്ചറിയാൻ പരാജയപ്പെട്ടു.
മഴ നനഞ്ഞത് കൊണ്ടാണ് പനി പിടിച്ചതെന്നും ഇങ്ങനെ ചുമച്ചും തുമ്മിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതെന്നും അവളെ കുറ്റപ്പെടുത്തിയപ്പോൾ മഴയെ അത്രമേൽ സ്നേഹിക്കുന്നൊരുത്തിയുടെ ഉള്ളം പുകഞ്ഞത് നിങ്ങൾ കണ്ടില്ല.
അവളുടെ പനിച്ചൂട് നിങ്ങളുടെ ഉറക്കം കെടുത്തുന്നെന്ന് പരാതിപ്പെടുമ്പോൾ നിങ്ങളുടെ ഒരു സ്നേഹസാമീപ്യത്തിനോ സ്വാന്തന സ്പർശത്തിനോ വേണ്ടി അവൾ കൊതിച്ചതും നിങ്ങൾ ശ്രദ്ധിച്ചില്ല.
മനഃപൂർവമാണ് അവൾ മരുന്നുകളൊക്കെ മുടക്കിയത്.
അവളെ അത്രയുമറിഞ്ഞ, സ്നേഹിച്ച, പ്രണയിച്ച എന്നെക്കാൾ, എന്നോടുള്ള അവളുടെ നിറഞ്ഞ പ്രേമത്തേക്കാൾ വലുതായിരുന്നു അവൾക്ക് നിങ്ങളോടുള്ള വാശി.
ഒന്നുമറിയാത്ത ഒരുവളെ കൂടെക്കൂട്ടി ഒറ്റയ്ക്ക് ഉത്തരവാദിത്വങ്ങളും ഭാരങ്ങളും തലയിൽ വച്ചു കൊടുത്ത് ഒരു കുടുംബത്തിന് വളമാക്കി മാറ്റിയപ്പോൾ എരിഞ്ഞു തീർന്നത് അവളുടെ സ്വപ്നങ്ങൾ ആണെന്ന് നിങ്ങളോർത്തില്ല.
നിങ്ങളവളെ ഒരിക്കലെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?
മക്കളുടെ അമ്മ എന്ന ലേബലിലല്ലാതെ എപ്പോഴെങ്കിലും അവളെ പരിഗണിച്ചിട്ടുണ്ടോ?
ജോലിയില്ലാത്ത, വരുമാനമില്ലാത്ത, ദുർമേദസും ചുളിവുകളും വീണ വെറുമൊരു വീട്ടമ്മ മാത്രമെന്ന് നിങ്ങളെപ്പോഴും കളിയാക്കുന്ന അവളുടെ മനസ് ഒരിക്കലെങ്കിലും അടുത്ത് നിന്നൊന്ന് കാണാൻ ശ്രമിച്ചിട്ടുണ്ടോ?
കടലോളം പ്രേമമുള്ളിൽ ഒളിപ്പിച്ച് വച്ച് നിങ്ങൾക്ക് മുന്നിൽ മൗനമായി ഇരിക്കുന്ന അവളുടെ ചെറിയ ആഗ്രഹങ്ങളെ പോലും വെറും വട്ട്’ എന്ന് വിശേഷിപ്പിച്ച നിങ്ങൾക്കറിയില്ല, പ്രണയചൂടിൽ ദേഹം ചുട്ട് പൊള്ളിക്കുന്നവളുടെ യഥാർത്ഥ ഭ്രാന്ത്..
ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങി പതുങ്ങി നെഞ്ചിലൊട്ടി കൂടി
‘ഇനിയുമിനിയുമെ’ന്ന് പതിയെ പറഞ്ഞ് നുരഞ്ഞ് പതയുന്ന ലഹരി പോലെയുള്ള അവളിലെ കുസൃതി നിങ്ങൾ കണ്ടിട്ടില്ല.
കിടക്കയിൽ പാവയെ പോലെ നിർജീവമായി കിടക്കുന്നവളെന്ന് ആക്ഷേപിക്കുമ്പോൾ
അവളിലെ ഭ്രാന്തമായ പ്രണയത്തെ നിങ്ങൾ തൊട്ടിട്ടുണ്ടോ?
ശരിക്കും കിടക്കയിൽ അവളൊരു കൊടുംകാറ്റ് ആണെന്ന് ഒരിക്കൽ എങ്കിലും നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ
വിയർപ്പ് തൊട്ട അവളുടെ ശ്വാസങ്ങൾക്ക്.. ഉയർച്ചത്താഴ്ചകൾക്ക്.. തടഞ്ഞു നിർത്താനാവാത്ത കൊടുങ്കാറ്റിന്റെ ഇരമ്പമുണ്ടായിരുന്നെന്ന്..
തടിയെന്ന് നിങ്ങൾ കളിയാക്കുന്ന അവളെ,
അവളുടെ വയറ്.. ഇടുപ്പിന്റെ ഭംഗി വെളിച്ചത്തിൽ കണ്ടിട്ടുണ്ടോ?
അവളുടെ അഴക് ആ വളവുകളിലാണെന്ന്..
ചുളിവ് വീണ ദേഹത്താണെന്ന് മനസിലാക്കിയിട്ടുണ്ടോ?
അമർത്തിത്തൊട്ടാൽ ചുവപ്പ് പടരുന്ന ആ തൊലിപുറത്തെ മാർദവത്തെ ഞെരിച്ചുടയ്ക്കാതെ, മെല്ലെ തല ചായ്ച്ചുറങ്ങിയിട്ടുണ്ടോ?
അത്രയും സ്നേഹത്തോടെ അവളെ ഒന്ന് തൊടുമ്പോൾ.. ഉമ്മ വെക്കുമ്പോ ഒരു റോസാപ്പൂ മൊട്ടിട്ട് വിരിയുംപോലെ ആണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ…
കാമം കൊണ്ടല്ലാതെ നിങ്ങളാ ചുണ്ടിൽ ചുംബിച്ചിട്ടുണ്ടോ?
ഇല്ലെന്നാണ് ഉത്തരമെന്ന് നന്നായി അറിയാമെനിക്ക്.
അങ്ങനെ ആയിരുന്നെങ്കിൽ ഇന്നീ കത്ത് വായിക്കേണ്ട അവസരം നിങ്ങൾക്കുണ്ടാകുമായിരുന്നില്ല.
ഞാനെന്നൊരാൾ ഉണ്ടാകുമായിരുന്നില്ല.
വൈകിപ്പോയ… കൈവിട്ട് പോയ സന്ദർഭങ്ങളൊക്കെയോർത്ത് നിങ്ങളിനി സങ്കടപ്പെടാൻ പോകുന്നതേയുള്ളൂ.
ഇപ്പോൾ ഈ കിട്ടിയെന്ന് കരുതുന്ന ജീവിതത്തിനും സ്വാതന്ത്ര്യത്തിനും പിന്നിൽ ഒരു പെണ്ണിന്റെ കണ്ണീരുണ്ടായിരുന്നുവെന്ന്..
പാതിയിൽ നിലച്ച് പോയ നിശ്വാസങ്ങൾ ഉണ്ടായിരുന്നെന്ന്.. നിങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങും.
അന്ന് മുതൽ നിങ്ങളും നിങ്ങളുടെ ദിനങ്ങൾ എണ്ണിത്തുടങ്ങും.
തിരിച്ചു പിടിക്കാനാവാത്ത വിധം നിങ്ങളിൽ നിന്ന് അകന്ന് പോയ ആ ഒരുത്തിയെ കുറിച്ച് ഓർത്ത് നിങ്ങൾ നീറി തുടങ്ങും.
അത് കാണാനായി മാത്രമെങ്കിലും ഒരിക്കൽ നിങ്ങളെ തേടി ഞാൻ മുന്നിൽ വരും.
അവൾക്ക് വേണ്ടി..
അവൾ എന്താണെന്നു ഞാൻ അറിഞ്ഞതൊക്കെ നിങ്ങളും അറിയണം എന്നത് അവളുടെ ആഗ്രഹം ആയിരുന്നു.. പറഞ്ഞാൽ തീരാത്ത അത്രയും ഉണ്ട് എനിക്ക് അവളുടെ കാര്യങ്ങൾ.. പക്ഷെ ഞാൻ നിർത്തുന്നു..
എന്ന് ലക്ഷ്മിയുടെ മാത്രം സ്വന്തം……. ”
അടുക്കളയിൽ നിന്ന് കുക്കറിലെ വിസിൽ വന്നതും ദേവൻ ഞെട്ടി.
പുഴുവിനെ പോലെ കാൽക്കീഴിലിട്ട് ചവിട്ടിയരച്ച ഒരുവളിന്ന് മഹാമേരു പോലെ മുന്നിൽ നിന്ന് പൊട്ടിച്ചിരിക്കുന്നു.
തെറ്റ് പറ്റിപ്പോയി.
മനഃപൂർവം ഉപക്ഷിച്ച ഒന്ന് മറ്റൊരാൾക്ക് നിധിയായിരുന്നുവെന്ന്…
പശ്ചാത്തപമാണോ…. അസൂയയാണോ…
തനിക്ക് കിട്ടാതെ പോയ സ്നേഹം ..
ഇനി തിരിച്ചു കിട്ടാനാവാത്ത വിധം അകന്നു പോയത്…
കുക്കറിൽ നിന്ന് പാത്രത്തിലേക്ക് കഞ്ഞി പകരുമ്പോൾ കൈ പൊള്ളി.
പൊള്ളൽ ഹൃദയത്തിലേക്ക് കടന്നു.
ആവിയടിച്ചിട്ടാവോ കണ്ണ് ചുവന്ന് നീറിയത്?
കണ്ണീരുപ്പ് പടർന്ന് ഉള്ളം കയ്ച്ചു.
ലക്ഷ്മിയില്ലാത്ത വീട്ടിൽ ഒറ്റയ്ക്കായി പോയ ദേവന് ആദ്യമായ് ഒരു ശൂന്യത തോന്നി..
വിറയ്ക്കുന്ന ചുണ്ടുകൾ കൊണ്ടയാൾ ആരോടെന്നില്ലാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
അതൊരു മാപ്പ് പറച്ചിൽ ആണെന്ന് തോന്നാതിരിക്കാൻ അയാളുടെ ആണഹന്ത അപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
-Ajeesh Kavungal


7 Comments
👌👍♥️💯
ഇങ്ങനെ എത്ര ജീവിതങ്ങൾ….. നന്നായെഴുതി❤️👍
ആണഹന്തകൾക്കു മുന്നിൽ ഹോമിക്കാൻ വിധിക്കപ്പെട്ട ജീവിതങ്ങൾ ലക്ഷ്മിയേപ്പോലെ നിരവധിയാണ്. അതൊക്കെ ആരോടു പറയും?
നല്ല കഥ ഹൃദ്യമായ എഴുത്ത്
❤️👌🌹
👌👌
സൂപ്പർ 👌
👌👌
സൂപ്പർ 👌