ഒരു വട്ടം കൂടി അനുഭവിക്കാനായെങ്കിൽ എന്ന് കൊതിയോടെ ആഗ്രഹിക്കുന്ന ഏറെ കാര്യങ്ങൾ ജീവിതത്തിലുണ്ടെങ്കിലും അതിൽ, പ്രഥമസ്ഥാനം അല്ലലില്ലാത്ത സുഖസുന്ദരമായ ബാല്യകാലത്തിന് തന്നെയാണ്.
സ്കൂളിൽ പോക്കും പഠിത്തവും വലിയ സ്വൈര്യക്കേടായി അന്നൊക്കെ മനസ്സിൽ തോന്നാറുണ്ടെങ്കിലും, ഇന്നാലോചിക്കുമ്പോൾ ജീവിതത്തിലെ അതുപോലൊരു സുവർണകാലം വേറെ ഉണ്ടായിരുന്നില്ല ഇനി വരാനുമില്ല എന്ന തിരിച്ചറിവിന്റെ ചിന്തയിൽ ഒരു വട്ടം കൂടി ആ കാലങ്ങളിലേക്കൊന്ന് തിരിഞ്ഞ് നടക്കാൻ മനസ്സ് വെമ്പൽ കൊള്ളുന്നു.
രാവിലെ നേരത്തെ എഴുന്നേൽക്കലോ ഹോം വർക്കോ സ്കൂളിൽ പോക്കോ പഠിത്തമോ ഒന്നുമില്ലാത്ത അവധിക്കാലങ്ങൾ! ഓർമ്മകളാകുന്ന അശ്വങ്ങളെ പൂട്ടിയ മനസ്സിന്റെ രഥം വീഥികളിലെ പൊടിപാറിച്ച് കൊണ്ട് കുതിച്ച് പായുന്നതും മിക്കപ്പോഴും ആ അവധിക്കാലങ്ങളിലേക്ക് തന്നെ! അങ്ങനെ ഒരു യാത്രയ്ക്കായി ആഗ്രഹിക്കാത്തവരോ അങ്ങനെ ഒരു യാത്ര ചെയ്യാത്തവരോ ആയി ആരുണ്ട്?
“മധ്യവേനലവധിയായി…
ഓർമ്മകൾ ചിത്രശാല തുറക്കുകയായി…
മുത്തുകളിൽ ചവിട്ടി, മുള്ളുകളിൽ ചവിട്ടി,
നഗ്നമായ കാലടികൾ…മനസ്സിൻ കാലടികൾ…”
സുശീലാമ്മ ആലപിച്ച ഈ ഗാനം എപ്പോൾ കേട്ടാലും ഓർമ്മകളുടെ പൂന്തേനരുവി മനസ്സിൽ നിറഞ്ഞൊഴുകുന്നു. ആ അവധിക്കാലങ്ങളുടെ ഓർമ്മകൾക്ക് അന്നും ഇന്നും എന്നും ബാല്യമാണ്. അരുവിയിലെ തെളിനീർ പോലെ തെളിച്ചമുള്ള, മധുരമുള്ള ഓർമ്മകൾ!
ഇതെഴുതുമ്പോൾ മനസ്സിന്റെ വേഗത നിയന്ത്രിക്കാൻ ഞാൻ തത്രപ്പെടുന്നു. ആ വേഗതക്കൊപ്പം പേന ചലിപ്പിക്കുവാനും! ആ ദിനങ്ങൾ ഓർമ്മകളിൽ നിറയുമ്പോൾ മനസ്സിനൊപ്പം ശരീരത്തിനും അക്കാലങ്ങളിലേക്ക് കൂട്ടുപോവാൻ സാധിച്ചിരുന്നെങ്കിലെന്ന് ആശിച്ച് പോവുന്നു.
ബാല്യകാലസ്മരണകളിലേക്കും, അവധിക്കാല ഓർമ്മകളിലേക്കും മനസ്സ് കുതിക്കുമ്പോൾ ഏറ്റവും ഒടുവിൽ അവശേഷിക്കുന്ന ആ നഷ്ടബോധം! ഒരിക്കലും ആ ദിവസങ്ങളിലേക്കൊരു മടക്കയാത്രയില്ലല്ലോ എന്ന നഷ്ടബോധം മനസ്സിനെ മഥിക്കുന്നു.
വളർന്ന് വലുതാകേണ്ടായിരുന്നു എന്നിടയ്ക്കെങ്കിലും, ഒരിയ്ക്കലെങ്കിലും ചിന്തിക്കാത്തവർ വിരളമായിരിക്കും അല്ലേ?
ഒരു ദിവസത്തേക്കെങ്കിൽ ഒരു ദിവസത്തേക്ക്, ബാല്യം തിരിച്ച് നൽകാൻ ദൈവം തീരുമാനിച്ചാൽ വർത്തമാനക്കാലത്തിലേക്ക് ഒരു തിരിച്ചുവരവിനെ ആഗ്രഹിക്കാത്തവരായിരിക്കും ഭൂരിഭാഗവും. മടക്കി വിളിക്കാനെത്തിയ ദൈവത്തിന്റെ കിങ്കരന്മാരുടെ കണ്ണിൽപ്പെടാതെ അവരുടെ വാഹനം മടങ്ങിപ്പോകും വരെ ഞാനെവിടെയെങ്കിലും ഒളിച്ചിരിക്കും. “കന്നിനെ കയം കാണിച്ച പോലെ” ആവും എന്നും, ഇരിയ്ക്കും പാട്ടിൽ ഇരുത്തുന്നതാണ് ബുദ്ധി എന്നും അദ്ദേഹത്തിന് നന്നായറിയാം.
അവസാന പരീക്ഷയും കഴിഞ്ഞ് വീട്ടുപടികടന്നുള്ള ഞങ്ങളുടെ വരവിന്റെ വിശേഷം ഞാനും അനുജത്തിയും കഴിഞ്ഞ തവണ തമ്മിൽ കണ്ടപ്പോൾ പോലും പറഞ്ഞ് ചിരിച്ചു. അവസാന പരീക്ഷയെപ്പറ്റി പറയാതിരിക്കുകയാവും ഭേദം. കിണ്ണത്തിന്റെ വക്കത്തെ കടുകുമണി പോലെയായിരിക്കും മാർക്ക്. എങ്ങനെയെങ്കിലും എഴുതി അവസാനിപ്പിക്കുന്ന ആ വിഷയം കണക്കാണെങ്കിൽ കിട്ടുന്ന മാർക്കും കണക്ക്! അവധിക്കാലത്തിമർപ്പിന്റെ പദ്ധതികളുടെ പെരുമ്പറമുഴക്കത്തിൽ എല്ലാം കണക്ക്!
നാളെ മുതൽ രണ്ട് മാസം അവധിയാണെന്ന ചിന്തയിൽ വീടിന്റെ പടി തൊട്ടുള്ള ഞങ്ങളുടെ ഡപ്പാംകുത്തടിച്ച് ചാടി മറിഞ്ഞുള്ള വരവ്. അവധിക്കാലം തുടങ്ങിയെന്ന് വിളംബരം ചെയ്യാൻ അമ്മയെ നടുവിൽ നിർത്തി ചുറ്റിനും നൃത്തച്ചുവട് വച്ചൊരു പ്രദക്ഷിണം. ഇതിന്റെ കോറിയോഗ്രഫി ആരാണെന്ന് ആരും ചോദിച്ച് പോവുന്ന അത്രക്ക് ചിട്ടയുള്ള ചുവടുകൾ ഇടതടവില്ലാതെ എവിടെ നിന്ന് വരുന്നു എന്നത് ഇന്നും അജ്ഞാതം! മനസ്സിന്റെ കുതിപ്പും തിമർപ്പും കൈകാലുകളിലേക്ക് പടർന്നിറങ്ങുന്ന മാന്ത്രികത!
ഈ രണ്ട് മാസക്കാലത്തെ അതിക്രമങ്ങളെ, വിക്രിയങ്ങളെ എങ്ങിനെ ഫലപ്രദമായി നേരിടാം എന്ന ചിന്തയിലാണ്ട് അച്ഛനമ്മമാരടക്കം വീട്ടിലുള്ളവർ. അമ്മയുടെ സൗണ്ട് ബോക്സിന് ഓവർടൈം ഡ്യൂട്ടി അന്ന് തുടങ്ങുന്നു. എങ്ങിനെ, എന്തൊക്കെ ഒപ്പിക്കാം? വീട്ടിലുള്ളവരുടെ ക്ഷമയുടെ നെല്ലിപ്പലക എങ്ങനെ തകർത്ത് താഴെയിടാം എന്നൊക്കെയുള്ള നൂതനകാര്യപരിപാടികളുടെ ഗവേഷണവും, ആവിഷ്ക്കാരവുമായി വീട്ടിലെയും അയൽപ്പക്കത്തേയും ആൺ പിള്ളേരും കൂടെ ചേർന്നാൽ പൂർണ്ണമായി. അവന്മാരുടെ സകല സാഹസങ്ങളും, കുരുത്തക്കേടുകളും ഒരു അമ്പത് ശതമാനം എങ്കിലും അനുകരിക്കാൻ സാധിച്ചാൽ കൃതാർത്ഥരായി.
വീട്ടിലുള്ളവർ പൊറുതിമുട്ടി എല്ലാത്തിനേയും അമ്മൂമ്മയുടേയും, വലിയമ്മമാരുടേയും വീടുകളിലേക്ക് പാഴ്സൽ ചെയ്യാൻ തീരുമാനമെടുപ്പിക്കും വരെയും ഞങ്ങൾക്ക് വിശ്രമമില്ല.
അവിടെ എത്തിയാൽ ഞങ്ങൾ വളരെ ‘ഡീസന്റ് കുട്ട്യോൾ’ ആണ്. നേരത്തെ എണീക്കുക, പല്ലുതേപ്പ്, കുളി, സ്വന്തം വസ്ത്രങ്ങൾ കഴുകൽ, അവ മടക്കി ഒതുക്കി വയ്ക്കൽ, പറഞ്ഞതൊക്കെ അനുസരിക്കൽ, കഴിച്ച പ്ലേറ്റ് കഴുകൽ, അണ്ണാരക്കണ്ണനും തന്നാലായത് എന്ന മട്ടിലുള്ള സഹായസഹകരണങ്ങൾ എന്ന് വേണ്ട; എന്തിനും ഏതിനും നല്ല കുട്ടികൾ എന്ന ഇമേജ് നേടിയെടുക്കാൻ മറക്കാറില്ല, മടിക്കാറില്ല. കാരണം അടുത്ത തവണത്തെ അവധിക്കാലം ലാക്കാക്കി അത്രയുമൊക്കെ ചെയ്തില്ലെങ്കിൽ അവിടേക്കുള്ള വിസ ക്യാൻസൽ ആവും എന്ന ഉത്തമ ബോധ്യം.
അമ്മയെക്കാണുമ്പോൾ അമ്മൂമ്മയും, വലിയമ്മയും പറയണം,
“അവര് നല്ല കുട്ടികളാണല്ലോ? നീയെന്തിനാ അവരെപ്പറ്റി ഇല്ലാവചനം പറയുന്നത്?” എന്ന്.
അതാണ് അൾട്ടിമേറ്റ് ഗോൾ.
അപ്പോൾ അമ്മയുടെ ഒരു നോട്ടമുണ്ട് ഞങ്ങളെ…വണ്ടർ അടിച്ച് കണ്ണ് തള്ളിയ മൊബൈൽ ഇമോജി പോലെ!
മുത്തച്ഛനെ കണ്ട ഓർമ്മയില്ലെനിക്ക്. അമ്മൂമ്മ, മുത്തച്ഛൻ പോയതിന് ശേഷം മറ്റുള്ള മക്കളുടെ വീട്ടിലൊക്കെ മാറി മാറി താമസിക്കുക പതിവാണ്. ഞങ്ങളുടെ അവധി അടുക്കുമ്പോൾ ഞങ്ങൾ ‘വലിയ വലിയമ്മ’ എന്ന് വിളിക്കുന്ന ഏറ്റവും മൂത്ത വലിയമ്മയുടെ വീട്ടിലാണ് അമ്മൂമ്മ ഉള്ളതെങ്കിൽ ഇതിൽപരം സന്തോഷം പറയാനില്ല. കാരണം മറ്റ് വലിയമ്മമാരുടെ മക്കൾക്കും വല്യേവലിയമ്മയുടെ അവിടെ പോകാനാണിഷ്ടം.
ഒരു പാട് കൃഷിയും, പശുക്കളും, പടിപ്പുരയും, കാളവണ്ടിയും നിറയെ പച്ചപ്പുള്ള ഒരു പഴയ തട്ടിട്ട തറവാട്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെപ്പോലെ നിറയെ പച്ചപ്പാണ് എവിടെയും. ആ ഗതകാല സ്മരണകൾക്കിന്നും മോഹിപ്പിക്കുന്ന ഹരിതഭംഗിയാണ്! ആ വലിയ പുരയിടത്തിൽ ഇല്ലാത്ത കൃഷിയില്ല, വൃക്ഷലതാദികളില്ല. അവയ്ക്കെല്ലാം പച്ചപ്പ് ഏകിയിരുന്നത് ചിട്ടയോടെയുള്ള നനയായിരുന്നു.
ഇന്നത്തെപ്പോലെ മോട്ടോർ സംവിധാനങ്ങളൊക്കെ വിരളമായിരുന്ന അന്നത്തെ ഉപാധികൾ കാളത്തേക്ക്, കൊട്ടത്ലാൻ ഒക്കെയായിരുന്നു.. കിണറിന്റെ കുറുകേയുള്ള മരപ്പാളിയിൽ നിന്ന് കൊണ്ട് സാഹസികമായി രണ്ടാൾ ചേർന്ന് കിണറ്റിൽ നിന്ന് വെള്ളം കോരി കരയിലേക്ക് ഒഴിച്ച് നനക്കുന്ന സമ്പ്രദായം. ശരിക്കും അവരുടെ മരപ്പാളിയിലുള്ള നിൽപ്പ് കണ്ടാൽ പേടി തോന്നും. ഞാൻ വായ പൊളിച്ച് കണ്ണും മിഴിച്ച് നിൽക്കാറുണ്ട് അതും നോക്കി.
കാളത്തേക്കും ബഹുരസമാണ്. കാളകൾ മുന്നോക്കവും പിന്നോക്കവും നടന്ന് നീങ്ങുമ്പോൾ കിണറ്റിൽ നിന്നും വെള്ളം കയറ്റി ചാലുകളിലൂടെ വെള്ളം നിറഞ്ഞൊഴുകും. അതിൽ ചാടിക്കളിക്കാൻ ഞങ്ങളും. കാളകളെ നോക്കുമ്പോൾ എത്ര നേരമായി അവ വിശ്രമമില്ലാതെ നടക്കുന്നു എന്നോർക്കുമ്പോൾ പാവം തോന്നും.
കാക്കയും, മറ്റു കിളികളും ആ ഒഴുകി വരുന്ന വെള്ളത്തിൽ ചിറകിട്ടടിച്ച് കുളിക്കുന്നതും, വെള്ളം കുടിക്കുന്നതും നോക്കി നിൽക്കാനെന്തായിരുന്നു രസം! ചാലിന്റെ കുറച്ച് ദൂരേയായി അണിവെച്ച് നീങ്ങുന്ന ഉറുമ്പിൻ കൂട്ടങ്ങൾ. അവ തമ്മിൽ സ്വകാര്യം പറയുന്നത് കുനിഞ്ഞിരുന്ന് നോക്കി രസിക്കും. എന്താവും അവ തമ്മിൽ പറയാറുണ്ടാവുക?
കുറ്റിപ്പുറത്ത് കേശവൻനായരുടെ ഗ്രാമീണ കന്യകയിലെ ‘നാടൻ വീട്’ എന്ന പദ്യ ശകലം. നാലാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ പഠിച്ച ആ വരികൾ വായിക്കുമ്പോൾ ഇന്നും എനിക്ക് വല്യേവലിയമ്മയുടെ വീടും, മുറ്റവും, വളപ്പുമൊക്കെയാണ് ഓർമ്മയിൽ വരാറുള്ളത്.
“മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞഹോ സസ്യലതാഢ്യമായ
വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു…”
ഞങ്ങൾ കുട്ടികൾക്ക് തനിയെപ്പോകാവുന്ന ദൂരങ്ങളിലാണ് എല്ലാ വലിയമ്മമാരുടെയും വീടുകൾ. കുട്ടികളെല്ലാവരും അവിടെ ഒത്തുകൂടുന്ന നാളുകൾക്ക് ഉത്സവ പ്രതീതിയാണ്. അമ്മൂമ്മയും, വലിയമ്മയും ചേർന്നൊരുക്കുന്ന ഉച്ചയൂണ്.
ഹാ…എന്താ സ്വാദ്!
ഏറെ സദ്യവട്ടങ്ങളൊന്നുമില്ലയെങ്കിലും അവരുടെ കൈപ്പുണ്യമത്സരത്തിൽ നിന്നും രൂപം കൊണ്ട സ്വാദിഷ്ഠമായ കറികൾ. അവിടത്തെ സാമ്പാറിന്റെ ആ രുചി വേറെ എവിടെ നിന്നും ഇത് വരെ തരപ്പെട്ടിട്ടില്ല. മുളക് ചുട്ട് അമ്മിയിലരച്ച് ഉരുട്ടിയെടുത്ത വെള്ളം ചേർക്കാത്ത മാങ്ങാച്ചമ്മന്തിയാണ് കൂട്ടത്തിലെ കേമൻ. നാക്കിലെ രസമുകുളങ്ങളുടെ ഉറ്റചങ്ങാതി. ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു. ഉപ്പിലിട്ടതും, വീട്ടിലെ തോട്ടത്തിലുണ്ടായ പച്ചക്കറി കൊണ്ടുണ്ടാക്കിയ തോരൻ അങ്ങിനെ പോകുന്നു വിഭവങ്ങളുടെ നിര.
മാങ്ങയുടേയും, ചക്കയുടെയുടേയും കാലമായതിനാൽ കറികളിലെ പ്രമാണിമാർ ചക്കയും മാങ്ങയും ചക്കക്കുരുവും ഒക്കെ തന്നെ. കുട്ടികളെ നിരത്തിയിരുത്തി ഇലയിട്ട് ഉള്ള ഊണ്. അമ്മാവന്റെയും, വലിയമ്മമാരുടേയും കുട്ടികളെല്ലാരും ചേർന്ന് പത്ത് പന്ത്രണ്ട് പേരോളം നിരന്നിരുന്നൊരു ഊണ്; വിഭവങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും മനസ്സും വയറും നിറയാൻ അത് മതി.
അമ്മൂമ്മക്കും, വലിയമ്മക്കുമൊക്കെ ഭക്ഷണം ഉണ്ടാക്കലും കഴിപ്പിക്കലുമൊക്കെ ഒരു ഹരമാണെന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെപ്പോലെ ഗ്യാസും മിക്സിയും ഒന്നുമില്ലാത്ത അന്നാളുകളിൽ അവർ ദിവസത്തിന്റെ ഭൂരിഭാഗവും അടുക്കളയിലാണ്. അന്നൊന്നും മത്സരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ആ ചൂട്ടത്തും പുകയത്തും ഉള്ള അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് തെല്ലും ഓർക്കാറില്ല എന്നത് മനസ്സിനിന്നൊരു ചെറുനൊമ്പരമുണ്ടാക്കുന്നു.
ഇന്നിത്രയും ജീവിത സൗകര്യങ്ങൾക്കിടയിലും പതിവിലധികം നേരം അടുക്കളയിൽ ചിലവാക്കേണ്ടി വരുമ്പോൾ മനസ്സിലെങ്കിലും തോന്നുന്ന മുറുമുറുപ്പിനെ ഞാൻ അതിജീവിക്കുന്നത്, എത്രനേരം അടുക്കളച്ചൂടിൽ ചിലവാക്കിയാലും ചിരിച്ച മുഖത്തോടെ മാത്രം ഭക്ഷണം വിളമ്പാറുള്ള എന്റെ ഈ കൈപ്പുണ്യത്തിനുടമകളെ ഓർത്താണ്.
വിറകടുപ്പിൽ ഒരുപാട് ആളുകൾക്ക് പപ്പടം കാച്ചിയെടുക്കുമ്പോൾ അവസാനം കാച്ചുന്ന പപ്പടങ്ങൾക്ക് കറുത്ത നിറമായിരിക്കും. അന്ന് ഇതൊന്നുമറിയാത്ത ഞാൻ എന്റെ കുഞ്ഞുമനസ്സിൽ ചോദിക്കാറുണ്ട്,
“ഇതെന്തേ ഇവിടുത്തെ പപ്പടമിങ്ങനെ കറുത്തിരിക്കുന്നത്?” എന്ന്.
അതവരുടെ കഷ്ടപ്പാടിന്റെ കറുപ്പായിരുന്നു എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.
പ്രാതലിന് വിളമ്പുന്ന വെണ്ണയിട്ട ചൂടുളള കുത്തരിക്കഞ്ഞിയും തേങ്ങാച്ചമ്മന്തിയും…വെണ്ണ കഞ്ഞിക്കു മുകളിലിങ്ങനെ ഉരുകി മിന്നി തിളങ്ങുന്നതും നോക്കിയിരിക്കും, ചൂടാറും വരെ അക്ഷമയോടെ! അതും കഴിഞ്ഞ് കളികളിലേർപ്പെടുന്ന കുട്ടിക്കൂട്ടത്തെ മേലടുക്കളയിലേക്ക് ആകർഷിക്കാൻ അവരുടെ സ്നേഹവാത്സല്യങ്ങൾ ഇലയടയുടെ രൂപത്തിൽ ശർക്കരയുടേയും തേങ്ങയുടേയും ഏലക്കായുടേയും മനം മയക്കുന്ന സുഗന്ധത്തോടെ…ഓരോ ദിവസവും തളത്തിൽ പാൽച്ചായക്കൊപ്പം ഇലയടയും, കൊഴുക്കട്ടയും, കുമ്പിളപ്പവും, ചക്കയടയും, ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പഴംപൊരി, അരിയോട്ടി എന്നീ പലഹാരങ്ങൾ ഏതെങ്കിലുമൊക്കെ.
അരിയോട്ടി അരിപ്പൊടിയും ജീരകവും ചെറുളളിയും കറിവേപ്പിലയും ചേർത്ത് പരത്തി എണ്ണയിൽ മൊരിച്ചെടുക്കുന്ന ഒരു നാടൻ പലഹാരമാണ്. പറഞ്ഞ് തുടങ്ങിയാൽ എവിടെ അവസാനിപ്പിക്കണമെന്ന് ഒരെത്തും പിടിയുമില്ലാത്ത കാര്യങ്ങൾ!
സന്ധ്യക്ക് മേലുകഴുകി എല്ലാവരും തളത്തിൽ സന്നിഹിതരാവണം എന്നത് അമ്മൂമ്മക്ക് നിർബന്ധമാണ്. വല്യേവലിയമ്മ വലിയ വിളക്ക് കൊളുത്തി തളത്തിൽ കൊണ്ട് വയ്ക്കും. ആ ദീപനാളത്തിന്റെ പ്രഭയിൽ വെളുത്ത് സുന്ദരിയായ വലിയമ്മ ഭസ്മക്കുറിയിട്ട് അതീവ സുന്ദരിയായി തോന്നാറുണ്ടെനിക്ക്.
സന്ധ്യാ നാമജപത്തിന്റെ സമയം. അമ്മൂമ്മ തുടക്കമിടും.
“അഞ്ജനാ…ശ്രീധരാ…ചാരുമൂർത്തേ…കൃഷ്ണാ…അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ…”
പലതരം ശബ്ദത്തോടെ ഞങ്ങളുടെ ഹൈപിച്ച് കോറസ്സ്. അടുപ്പിച്ചുള്ള ദിവസങ്ങളിലെ ആ കോറസ്സാൽ കൺട്രോൾ പോയി കണ്ണൻ ഓടക്കുഴൽ തൽക്കാലത്തേക്ക് അരയിൽ തിരുകി വച്ച് ചെവി പൊത്തി ഇരുന്നിരിക്കാം; തീർച്ച! നല്ല കുട്ടികളെന്ന പട്ടത്തിന് വേണ്ടി നല്ല പാട്ടുകാരാവാൻ ശ്രമിച്ചവർ.
“കൃഷ്ണാ…നീ ചെവി പൊത്തിയ കൂട്ടത്തിൽ ഒന്ന് കണ്ണും അടച്ചേക്കൂ.”
എനിക്ക് ഒന്ന് രണ്ട് തവണ നാമജപത്തിനടയ്ക്ക് ഉറക്കം തൂങ്ങിയതിന് തുടയിൽ നല്ല നുള്ള് കിട്ടിയിട്ടുണ്ട് അമ്മൂമ്മ വക.
“ഞാനുറങ്ങ്വല്ല അമ്മൂമ്മേ…കണ്ണടച്ച് നാമം ചൊല്ലീതാ…”
ഭക്തി പാരവശ്യം!
അത് കഴിഞ്ഞാൽ അത്താഴം.
ഉച്ചയൂണിന്റെ കറികൾ മിച്ചം വന്നതും, പിന്നെയൊരു അരച്ചുകലക്കിയോ രസമോ കൂടെ പൊട്ടിച്ചിട്ട് വറുത്ത പപ്പടവും മുളക്, പയർ കൊണ്ടാട്ടവും ഉപ്പിലിട്ടതുമൊക്കെയായി…
ഇന്നിതെഴുതുമ്പോൾ എന്റെ വായിൽ ആ അരച്ചുകലക്കിയുടെ രുചിയോർമ്മ കപ്പലോടിക്കുന്നു. ഇതിനൊക്കെ പുറമേയാണ് കളികൾക്കിടക്കുള്ള പഴുത്ത ചക്ക, മാങ്ങ, കശുമാങ്ങ തീറ്റയൊക്കെ. പച്ചമാങ്ങ ഉപ്പും മുളകും ചേർത്ത് അമ്മിയിൽ ചതച്ച് തിന്നുവാനുള്ള ഒരു രസം.
പുളിരസം കൊണ്ട് കണ്ണും മുഖവും ചുളിഞ്ഞും കോടിയും പോകുന്ന വാളൻ പുളി ചവച്ച് തിന്ന് അതിന് മുകളിൽ കിണറ്റിലെ മധുരമുള്ള തണുത്ത പച്ചവെള്ളം കയറും പാട്ടയും ഇട്ട് കോരി, ആ പാട്ടയിൽ നിന്ന് തന്നെ കൈകുമ്പിൾ നിറച്ച് മോന്തി മോന്തി കുടിക്കാൻ തമ്മിൽ ഗുസ്തി മത്സരം നടത്തുന്ന ഞങ്ങളുടെ വിക്രിയകൾ കാണുമ്പോൾ അമ്മൂമ്മ പറയും,
“വെറുതേ വേണ്ടാട്ടോ പിള്ളേരേ. വയർ കേടാവും. മഴ പെയ്താൽ പിന്നാമ്പുറം തുറക്കും ട്ടോ…”
കശുമാങ്ങാത്തോപ്പ് ഉണ്ട് അവിടെ. അവിടെ നിന്നും കശുമാങ്ങ പൊട്ടിച്ച് വട്ടം കൂടി കുനിഞ്ഞ് നിന്ന് എല്ലാവരും കൂടി കടിച്ച് വലിച്ച് തിന്നുമ്പോൾ എനിക്ക് അസൂയ തോന്നും. കശുമാങ്ങയുടെ കറയും രുചിയും എനിക്കിഷ്ടമല്ലെങ്കിലും കൂട്ടത്തിൽ കൂടാൻ വേണ്ടി ഞാനും… അതിന്റെ കറ മുഴുവനും ഉടുപ്പിലായതിന് അമ്മയുടെ വഴക്ക് പറച്ചിൽ വേറേ. സോപ്പുപൊടിയുടെ പരസ്യം പോലെ,
“കറ നല്ലതല്ലേ?”
അല്ല എന്ന് ഉത്തരം. നല്ല അടിയും ചീത്തയും കിട്ടുമ്പോൾ കറ ഒട്ടും നല്ലതല്ല!
വിഷുവിന് മുൻപ് പാടത്ത്, പണിക്ക് ആളുണ്ടാവും. വിത്ത് വിതക്ക് മുൻപുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഉഴുതിട്ട നിലത്തെ കട്ടയുടക്കൽ. അതിന്റെ മേൽനോട്ടത്തിനായി അമ്മൂമ്മ മേൽമുണ്ടെടുത്ത് മേലിടുമ്പോൾ ഞാൻ ചോദിക്കും,
“ഞാനും കൂടെ വരട്ടേ അമ്മൂമ്മേ?”
അമ്മൂമ്മയുടെ കൈയ്യിൽ തൂങ്ങി നേരേ പാടത്തേക്ക്. കട്ടയുടക്കുന്നവർക്കായി കാപ്പിയും, അവിൽ വിളയിച്ചതും കൈയ്യിൽ കരുതിയിട്ടുണ്ടാവും അമ്മൂമ്മ. അവർ വരമ്പത്തിരുന്ന് അത് കഴിക്കുന്നത് കാണാൻ എനിക്കിഷ്ടമായിരുന്നു.
അതാത് സമയങ്ങളിൽ അമ്മൂമ്മയുടെ കൂടെ പാടത്തെ പണിയുടെ മേൽനോട്ടത്തിന് ഞാനും പോവാറുണ്ട്. പൂട്ടലും, കട്ടയുടക്കലും, വിതക്കലും, നടലും, കളപറിക്കലും, കൊയ്ത്തും ഒക്കെയായി. ഞാറ്റുപാട്ടും, ഞാറുനടലും കേൾക്കാനും കാണാനുമൊരു പ്രത്യേക രസമാണ്. രസം മൂത്ത് ഒരു നാൾ ഞാനും കണ്ടത്തിലിറങ്ങി അവർക്കൊപ്പം..
“കാലിൽ വളം കടിക്കും കുട്ട്യേ..”
അമ്മൂമ്മയുടെ മുറവിളി.
ഇറുക്കാൻ മൂർച്ചയുള്ള കൈകൾ നീട്ടി വന്ന ഞണ്ടിനെക്കണ്ട് കണ്ടവരമ്പത്തേക്ക് ചാടിക്കയറിയത്, കാൽവഴുക്കി കണ്ടത്തിലെ ചെളിവെള്ളത്തിലേക്ക് വീണതുമൊക്കെ ഇന്നലെക്കഴിഞ്ഞപ്പോലെ!
വിഷുക്കാലമായാൽ വിഷുപ്പക്ഷിയുടെ പാട്ടിന്റെ ഈണം. തൊടിയിൽ ഇരുന്ന് പിള്ളേര് കൂട്ടം ആ പാട്ടിന് ലിറിക്സ് കൊടുക്കും.
“വിത്തും കൈക്കോട്ടും…കള്ളൻ ചക്കേട്ടു…ചക്കയ്ക്കുപ്പുണ്ടോ… കണ്ടാൽ മിണ്ടണ്ട…കൊണ്ട് പൊയ്ക്കോട്ടെ…”
പടിപ്പുരയിൽ കുട്ടിക്കൂട്ടങ്ങൾ ഇരിക്കുമ്പോൾ പടിപ്പുരക്കലെ മൂവാണ്ടൻ മാവിലെ കൊമ്പിലിരുന്ന് കുയിലിനൊപ്പം ശ്രുതിയിടാനെന്ത് രസമായിരുന്നു.
“വെറുതേയിരുന്നേതോ കുയിലിന്റെ പാട്ടുകേട്ടെതിർ പാട്ട് പാടുവാൻ മോഹം…അത് കേൾക്കെ ഉച്ചത്തിൽ കൂവും കുയിലിന്റെ ശ്രുതി പിൻതുടരുവാൻ മോഹം…”
ദാസേട്ടൻ ഇത് പാടി കേൾക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അനുഭവിച്ചതൊക്കെ മധുരിക്കുന്ന ഓർമ്മകളായി തേരോട്ടം നടത്തുന്നു. പടിപ്പുരയും, നെല്ലറയും, ഒറ്റക്ക് പോവാൻ പേടി തോന്നുന്ന തട്ടിൻപുറവും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളായി ബാക്കി.
പഴുത്ത ചക്കയുടെയും, മാങ്ങയുടെയും കൊതിപ്പിക്കുന്ന ഗന്ധം. വീട്ടുവളപ്പിലെ കണി വെള്ളരിയും ചക്കയും മാങ്ങയും ഒക്കെ ഒരുക്കി വച്ച വിഷുക്കണി. ഞങ്ങളെ ഓരോരുത്തരെയായി കണി കാണിക്കാൻ പതിയെ കവിളത്ത് ഉമ്മ വച്ചുണർത്തുന്ന അമ്മൂമ്മ.
“കണ്ണ് തുറക്കണ്ടാട്ടോ പറയും വരെ…”
എന്ന് കാതിൽ മന്ത്രിക്കും.
അമ്മൂമ്മയുടേയോ അമ്മയുടേയോ കൈവലയത്തിൽ ഇരുട്ടിലൂടെ നടന്ന് മഞ്ഞപട്ടുടുത്ത കണ്ണന്റെ മുഖം കണിക്കൊന്ന ചാർത്തിനിടയിലൂടെ കണി കാണാൻ കണ്ണുതുറക്കുന്ന വിഷുപ്പുലരി. കണ്ണന്റെ തുടുതുടുത്ത മുഖം ദീപങ്ങളുടെ പൊൻപ്രഭയിൽ കാണാനെന്തൊരു ചേല്! അത് കഴിഞ്ഞുള്ള പടക്കം പൊട്ടിക്കലും, അമ്പലത്തിൽ പോക്കും, സദ്യവട്ടങ്ങളും. അതിൽ ഏറ്റവും ആകർഷകമായ ഇനം കൈനീട്ടമാണ്. എല്ലാവരിൽ നിന്നും കൈനീട്ടം കിട്ടിയത് എടുത്ത് വക്കും ഇടക്കിടെ എണ്ണി നോക്കാൻ. ആർക്കാണ് അധികം കൈനീട്ടം കിട്ടിയതെന്നതിനെപ്പറ്റി വാക്കുതർക്കം!
വെയിലൊട്ടും പാഴാക്കാതെ ഓടിക്കളിക്കുകയും, ചുട്ടിയും കോലും, ഈർക്കിലി നൂറാംകോലുകളിയും, വീട്ടുവളപ്പിലെ വേലിക്കരികിൽ നിറുത്തിയിട്ടിരിക്കുന്ന കാളവണ്ടിയിൽ കയറിയിരുന്ന് കുട്ടികളെല്ലാവരും ചേർന്ന് പാട്ടുപാടലും, കടങ്കഥ പറഞ്ഞ് കളിക്കലുമൊക്കെ ആയി ദിവസങ്ങൾ വേഗത്തിൽ കടന്ന് പോകും.
രാത്രി നിരനിരയായി പായ വിരിച്ച് തരും അമ്മൂമ്മ. ഇരുട്ടിൽ നിരന്ന് കിടന്ന് ആയിടെ കണ്ട സിനിമാക്കഥ പറയും. പെൺകുട്ടികളെ പേടിപ്പിക്കാൻ ചേട്ടന്മാർ മിക്കതും പ്രേതകഥ പറയും. പേടി കൂട്ടാൻ ഹൊറർ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒക്കെ യഥാസമയം ഇരുട്ടത്ത് അവന്മാരുടെ വക. ഞാൻ എത്ര ചെവി പൊത്തിക്കിടന്നാലും കേൾക്കുന്ന കഥാശകലങ്ങൾ മതി എന്റെ ഉറക്കം കെടുത്താൻ. തത്ഫലമായി ഇരുട്ടിൽ ചില രൂപങ്ങൾ എനിക്ക് മാത്രയായി പ്രത്യക്ഷപ്പെടാൻ തുടങ്ങും. തപ്പി തടഞ്ഞ് പോയി ഞാൻ അമ്മൂമ്മയെ കെട്ടിപ്പിടിച്ച് കിടക്കും. അമ്മൂമ്മയുടെ കൈ പതിയെ എന്റെ ശിരസ്സ് തലോടുമ്പോൾ പേടിയൊക്കെ പമ്പ കടന്നിരിക്കും. നിദ്രാദേവി കടാക്ഷിക്കും.
ചിലപ്പോൾ പിള്ളേരുടെ കലപില സഹിക്കാതാവുമ്പോൾ കഥയുമായി അമ്മൂമ്മയുടെ രംഗപ്രവേശം. എല്ലാവരേയും നിശബ്ദരാക്കി കഥ കേൾപ്പിച്ച് ഉറക്കത്തിലേക്ക് തള്ളിയിടാനുള്ള ചെപ്പടിവിദ്യ! കഥ കേൾക്കുമ്പോൾ എന്റെ കൈകൾ അമ്മൂമ്മയുടെ സ്വർണ്ണതോടയിട്ട് ഞാന്ന് തൂങ്ങിയ മൃദുലമായ കാതുകളിൽ തുരുപ്പിടിക്കുന്നുണ്ടാവും.
അമ്മൂമ്മ കഥ പറയുന്ന ദിവസം നിദ്രാദേവി നേരത്തേ വരും, കഥ കേൾക്കാൻ! എത്ര പറഞ്ഞാലും തീരാത്ത ഈക്കഥ ഞാനിവിടെ കുറച്ച് കൂടി പറഞ്ഞവസാനിപ്പിക്കട്ടെ.
എല്ലാറ്റിനുമൊടുവിൽ, കൊതിതീരാതെ ഇനിയൊരു അവധിക്കാലത്തിനായുള്ള കാത്തിരിപ്പോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം.
കരച്ചിൽ വരും…
കണ്ണ് നിറയും…
അധിക ദിവസമില്ലെങ്കിലും പത്ത് ദിവസത്തെ ഓണാവധിക്ക് കൂടാമെന്ന സാന്ത്വനം ഒരു ഇടക്കാലാശ്വാസമായി മുന്നിൽ. ഇന്ന് ഞങ്ങളുടെ കൂടെയില്ലാത്ത അമ്മൂമ്മയുടേയും, വലിയമ്മയുടേയും ഓർമ്മകൾക്ക് മുന്നിൽ ഈ അക്ഷരപ്പൂക്കൾ സമർപ്പിക്കുന്നു. മധ്യവേനലവധി ഓർമ്മകളിലൂടെ കടന്ന് പോന്നപ്പോൾ മനസ്സ് പാടുന്നു,
“ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…
വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം…”
#എന്റെ രചന – ഒരു വട്ടം കൂടി
✍🏻<(സുജാത നായർ)>✍🏻


5 Comments
ഹാ… എന്ത് രസമാണ് വായിക്കാൻ. ഏറെക്കുറെ എന്റെ ബാല്യക്കാലവും ഇങ്ങനെ ആയിരുന്നു. ആ ഓർമ്മകൾ ഒന്നു കൂടി വിരന്നു വന്നു.
ഇഷ്ടം🫂💃
ഓർമ്മശക്തി 👌👌👌
അസ്സലായി എഴുതി
എത്ര മനോഹരമായി ഓർത്തെടുത്തു എഴുതിയിരിക്കുന്നു ഓരോ കാര്യങ്ങളും.
മനോഹരം 👌👌
എന്തുമാത്രം കാര്യങ്ങൾ ഓർത്തിരിക്കുന്നു 😳
👍👍🤝🙏🙏
എത്ര മനോഹരമായാണ് കുട്ടിക്കാലത്തെ ഓരോ കാര്യങ്ങളും വിവരിച്ചിരിക്കുന്നത്. ഒരു വട്ടം കൂടി ആ ബാല്യത്തിലേക്കു തിരിച്ചു പോയ അനുഭവം സ്നേഹം സുജാത❤️❤️