മനസ്സുലയാതെ കവചം തീർത്തിട്ടും എങ്ങനെയാണ് എന്റെ ഹൃദയം ചിലപ്പോഴൊക്കെ ഉലഞ്ഞു പോകുന്നത് എന്ന് ഓർത്തോർത്ത് വിലപിക്കാറുണ്ട്. പിടച്ചിൽ മാറ്റാൻ പലപ്പോഴും ബുക്ക് മാത്രമാണ് ആശ്രയം.
അങ്ങനെ വെറുതെ ഇരുന്നപ്പോൾ തണലിലെ ലൈബ്രറിയിൽ ഒന്ന് കേറി നോക്കി. ബുക്ക് തിരിച്ചിലിനിടയിൽ ആണ് “അല്ലുസിനൊപ്പം ” എന്നൊരു ബുക്ക് ശ്രദ്ധയിൽപെടുന്നത്. മോനെ തെറാപ്പിക്ക് കേറ്റിയത് കൊണ്ട് കുറെ സമയം ഞാൻ ഫ്രീ ആണ്. പേജുകൾ വെറുതെ മറിച്ചു നോക്കി. ഒരു സ്പെഷ്യൽ യാത്ര തുടങ്ങിയതിന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളിച്ചു എഴുതിയ ബുക്ക് ആണ്. തീർച്ചയായും ഞാൻ ഇത് വായിച്ചിരിക്കണം. പേജുകൾ ഓരോന്ന് വായിച്ചു തീരുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഞാനും എന്റെ മകനുമുണ്ട്. ഉറക്കമില്ലാത്ത മൂന്ന് രാത്രികളെ കുറിച്ച് സാബിർക്ക പറയുന്നുണ്ട്. പക്ഷെ ഉറക്കം നഷ്ടപ്പെട്ട എത്ര രാത്രികൾ എനിക്ക് ഉണ്ട്. ഓരോ സ്പെഷ്യൽ രക്ഷിതാവിനുമുണ്ട്.
ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെ മഹത്തായ രണ്ട് പേര് കൂടെ ജനിക്കുകയാണ്. ചില ജീവിതങ്ങളിൽ അത് ഒരാളായും മാറാറുണ്ട്. വളരെ ശാന്തമായി ഓടി കൊണ്ടിരുന്ന ജീവിതത്തിലേക്ക് ഓട്ടീസം എന്ന കുഞ്ഞുവാക്ക് കടന്ന് വരുമ്പോൾ ജീവിതമാകെ ഉലഞ്ഞു പോകുന്നു. ആ ഉലച്ചിൽ പ്രചോദനമാകുന്ന ജീവിത അനുഭവങ്ങൾ ആണ് ഈ ബുക്കിലുടനീളം.
അല്ലുസ് എന്നും എനിക്കൊരു പ്രചോദനം ആണ്. എത്ര മധുരമുള്ള വാക്ക്. ഒരു സ്പെഷ്യൽ കുട്ടിയെ കുറിച്ച് അവന്റെ ഉപ്പ പറഞ്ഞ വാക്കുകൾ ആണ്. കുറെ ഏറെ ബുക്കുകൾ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ മനസ്സിനെ സ്വാധീനിച്ച മറ്റൊരു പുസ്തകവും ഇന്നേവരെ വായിച്ചിട്ടില്ല.
സാബിർ കെ. വി എന്ന എഴുത്തുകാരനോട് ഏറെ ബഹുമാനം തോന്നി പോയി. കാരണം അല്ലുസിന്റെ എല്ലാ കാര്യങ്ങളും ആ ഉപ്പാക്ക് അറിയാം. നമ്മുടെ ഇടയിൽ എത്ര പേർക്ക് ഇങ്ങനെ അറിയാം. കുട്ടിയുടെ കറക്റ്റ് വയസ് കൂട്ടി നോക്കാതെ പറയാൻ കഴിയുന്ന എത്ര ഉപ്പമാർ നമ്മുടെ ഇടയിൽ ഉണ്ട്? ഒരു മാലാഖ കുഞ്ഞ് വരുമ്പോൾ കുടുംബത്തിന്റെ മുഴുവൻ സപ്പോർട്ടും ഉണ്ടായാൽ പോലും മാനേജ് ചെയ്ത് പോകാൻ കഴിയാത്ത അവസ്ഥ ആണ്, പലപ്പോഴും ഒരു അമ്മ ഒറ്റക്ക് നേരിടേണ്ടി വരുന്നത്.
ഓട്ടിസം എന്നൊരു വാക്ക് കേൾക്കുമ്പോൾ ആദ്യമൊക്കെ അംഗീകരിക്കാൻ വലിയ പ്രയാസമാണ്. പതിയെ പതിയെ അതുമായി നമ്മൾ പൊരുത്ത പെടും. മക്കളെ എല്ലാ പോരായ്മകളോടും കൂടി സ്നേഹിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളു എന്ന് തിരിച്ചറിയുക.
ചുരുക്കം ചില അച്ഛൻമാർ കുട്ടികളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരോട് ഏറെ ബഹുമാനമാണ്. സാബിർ എന്ന ഏഴുത്തുകാരന്റെ ജീവിതം തന്നെ മാറ്റി പ്ലാൻ ചെയ്ത് കൊണ്ട് ആണ് അവര് അല്ലുസിന് വേണ്ടി സമയം കണ്ടെത്തിയത്. അതിലൊരു വാക്ക് ഉണ്ട്. അല്ലൂസ് എന്നും എനിക്കൊരു പ്രചോദനം ആയിരുന്നു എന്ന്. നമ്മളിൽ എത്ര പേർക്ക് അങ്ങനെ പറയാൻ കഴിയും? എല്ലാ അച്ഛന്മാരും ഈ ബുക്ക് വായിക്കാൻ ഞാൻ അപേക്ഷിക്കുന്നു.
ബുക്ക് വായിച്ചപ്പോൾ ഞാൻ അനുഭവിച്ച കുറെ ഏറെ അനുഭവങ്ങൾ പങ്കിവെക്കണം എന്ന് തോന്നി.ആരും തിരിഞ്ഞു നോക്കാതെ, അവഗണിച്ച്, എല്ലാവരും ഒറ്റപ്പെടുത്തി, അതിന്റെ മനോവിഷമത്തിൽ ആയിരുന്ന സമയത്ത് ആണ് ഞാൻ ഓട്ടിസം ആണ് മോന് എന്ന് തിരിച്ചറിയൂന്നത്. അത് ആദ്യമായി കേൾക്കുന്നത് മോന്റെ അദ്ധ്യാപകനിൽ നിന്ന് തന്നെയാണ്. അങ്ങനെ അല്ലെന്ന് ഞാൻ തിരുത്തി. പക്ഷെ അത് താൽക്കാലികം മാത്രമായിരുന്നു
ഇന്ന് ഞാൻ റഹ്മാനിയ സ്കൂളിൽ നിന്ന് നാഫി മോന്റെ ടിസി വാങ്ങി.. തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് അനുഭവങ്ങളുടെ കലവറ ആണ് റഹ്മാനിയ സ്കൂൾ എനിക്ക്. പലപ്പോഴും ഞാൻ എന്ന വ്യക്തി ഉണ്ട് എന്ന് തന്നെ തോന്നി തുടങ്ങിയത് റഹ്മാനിയയിൽ വന്ന് തുടങ്ങിയപ്പോൾ ആണ്. ഒരുപാട് മാനസിക സംഘർഷം അനുഭവിച്ച സമയത്ത് ആണ് റഹ്മാനിയയിൽ എത്തിയത്.
പ്രതീക്ഷയോടെ കൺ പാർക്കുന്ന നേരങ്ങളിൽ കരച്ചിൽ പൊട്ടുന്ന
ചില സത്യങ്ങളുണ്ട്… എന്റെ മകൻ ഒരു സാധാരണ കുഞ്ഞ് അല്ല എന്ന തിരിച്ചറിവ്. കേൾവിക്കുറവ് അവനിലുണ്ട്. പക്ഷെ മറ്റ് കുട്ടികളിൽ നിന്നും അവൻ വളരെ വ്യത്യസ്തൻ ആണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ ആ പോരായ്മകൾ ഒന്നും എവിടെയും എനിക്ക് ഒരു തടസ്സമായൊരുന്നില്ല. ആത്മാർത്ഥതയുടെ ഉൾത്താങ്ങ് സമർപ്പിച്ച ചിലരുടെ സ്നേഹവും പരിഗണയും കൊണ്ട് ഞാനും മകനും മറ്റൊരു മായ ലോകത്ത് എത്തിയ പോലെ എനിക്ക് തോന്നി. കാരണം സാധാരണ ഇടങ്ങൾ ഒക്കെ അവഗണന പോലെ എനിക്ക് തോന്നി തുടങ്ങിയ കാലത്ത് ആണ് ഞാൻ അവിടെ എത്തുന്നത്.
നാഫിക്ക് ഏറെ ഇഷ്ടം ആയിരുന്നു റഹ്മാനിയ. കുഞ്ഞു കുഞ്ഞു മാറ്റങ്ങൾ അവനിൽ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു. നടക്കാത്ത കുട്ടി ഒരു ചെറു വിരൽ അനക്കുമ്പോൾ അത് വലിയൊരു പ്രതീക്ഷ ആണ്. അവനിലൂടെ എന്നിലേക്കും മാറ്റത്തിന്റെ ഒരു ഉറവ വന്ന് തുടങ്ങിരുന്നു. അവനും ഈ സമൂഹത്തിന്റെ ഭാഗമാണ്. അവന്റെ പോരായ്മകൾ എന്റെ അനുഗ്രഹമായി ഞാൻ കരുതാൻ തുടങ്ങിയാൽ തീരാവുന്നതേ ഉള്ളു എന്നിലെ വിഷമം എന്ന് ഞാൻ തിരിച്ചറിഞ്ഞു.
റഹ്മാനിയയിൽ വന്ന് ഇരിക്കുമ്പോൾ എന്റെ കലാലയ ജീവിതം തിരിച്ചു കിട്ടിയ പോലെ ആണ് എനിക്ക് തോന്നിയത്.ആ ഇടക്ക് “പേരെന്റ്സ് വർക്ക് ഷോപ്പ്” എന്നൊരു ഗ്രൂപ്പ് ഹുബ്ബ് സാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു.
പേരെന്റ്സ് വർക്ക് ഷോപ്പ് എന്ന whatsup ഗ്രൂപ്പിൽ എന്നോ മറന്നു തുടങ്ങിയ എന്റെ തൂലിക ചലിച്ചു തുടങ്ങി. ആ എഴുത്ത് ടീച്ചേഴ്സിന്‍റെ ഇടയിലും എത്തി. എല്ലാവരും നല്ല അഭിപ്രായങ്ങൾ എന്നെ കാണുമ്പോൾ പറയാൻ തുടങ്ങി.എന്റെ സിരാതന്ത്രികളിൽ ചുട്ടുപൊള്ളുന്ന ഓർമ്മകൾ മാത്രമായിരുന്നു. അഭിനന്ദനങ്ങൾ കേട്ട കാലം ഓർമ്മയിൽ നിന്ന് അന്യമായി പോയ വർഷങ്ങൾ. ഇന്നിതാ ഞാൻ വീണ്ടും അഭിനന്ദിക്കപ്പെട്ടിരിക്കുന്നു.കാറ്റിനുപോലും അസൂയ തോന്നുംവിധം മനസ്സുനിറയെ സന്തോഷത്താൽ പുഞ്ചിരിതൂകി. അന്നൊരു മീറ്റിങ്ങിൽ ലൈല മാഡം എന്റെ എഴുത്തിനെ കുറിച്ച് സംസാരിച്ചത് എനിക്ക് ഏറെ സന്തോഷം തോന്നി. പതിയെ പതിയെ ഞാൻ എഴുതാൻ തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമായ പെൻഡ്രൈവ് ഇൽ എന്റെ കവിത ഉണ്ട്.പതിമൂന്ന് വേൾഡ് റെക്കോർഡ് ആ പുസ്തകത്തിന് കിട്ടിയിട്ടുണ്ട്. പതിയെ ഞാനൊരു ഏഴുത്തുകാരി ആയി അറിയപ്പെടാൻ തുടങ്ങി. പ്രഷർ കുക്കറിന്റെ ചൂളം വിളികളിലും മഴയിലുണങ്ങാത്ത തുണികളുടെ അസഹ്യമായ മണങ്ങളിലും മീനിന്റെ ഉളുമ്പു മണം നിറഞ്ഞ ചട്ടികളിലും ഒതുങ്ങിത്തീരുമായിരുന്ന എന്നെപ്പോലുള്ളവരുടെ ജീവിതങ്ങൾക്ക് മഴവില്ലിന്റെ വർണ്ണങ്ങൾ ചാലിച്ച പട്ടത്തിന്റെ ചരട് കയ്യിൽ തന്നത് റഹ്മാനിയ ആണ്. എഴുത്തിന്റെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തിയതും റഹ്മാനിയ ആണ്.
എഴുത്തിൽ അധികവും ഭിന്നശേഷി മക്കളെ കുറിച്ച് ആയിരുന്നു. അവരെ സമൂഹം അംഗീകരിക്കാൻ വേണ്ടി ആയിരുന്നു. പല ടീച്ചേഴ്സും നാഫിനെ അറിയാൻ തുടങ്ങി. അവനെ കാണുമ്പോൾ ഷേക്ക് ഹാൻഡ് കൊടുക്കാൻ തുടങ്ങി. ഒരു സ്പെഷ്യൽ പേരെന്റ് എന്ന നിലയിൽ ഞാൻ അനുഭവിച്ച അവഗണന എല്ലാം പരിഗണന ആയി മാറുന്നത് ഞാൻ അറിഞ്ഞു.
പേരെന്റ്സ് വർക്ക് ഷോപ്പിൽ സമ്മാനങ്ങൾ കിട്ടിയത് ജീവിതത്തിൽ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നു. പിന്നീട് അങ്ങോട്ട് സന്തോഷങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു. എനിക്ക് കാന്റീൻ തുറക്കാൻ അവസരം കിട്ടി. അന്ന് അസീസ് സർ എന്നോട് പറഞ്ഞത് മക്കൾ വളർന്നോളും അവരെ ഒപ്പം തന്നെ നിങ്ങളും വളരണം എന്നാണ്.
ഒരിക്കലും നടക്കില്ല എന്ന് കരുതിയ സ്വപ്നം. സ്വന്തമായി ഒരു വരുമാനം അത് എനിക്ക് സാധിച്ചു തന്നത് റഹ്മാനിയ ആണ്. ഇല്ലായ്മകളുടെ കുന്നിൻ മുകളിൽ കിതച്ചു കയറിയ ഞാൻ, കാന്റീൻ തുടങ്ങിയതിനു ശേഷം അഭിമാനത്തോടെ സ്വന്തം കുടുംബത്തിനു നേരെ വിജയമുദ്ര കാട്ടുവാൻ എനിക്ക് ഏറെ സഹായമായി.
പല ടീച്ചേഴ്സും ഏറെ സ്നേഹത്തോടെ ആണ് ഞങ്ങളോട് സംസാരിക്കാറ്. വാക്കുകൾ വേദനിപ്പിക്കാനുള്ളതായി മാറ്റാതിരുന്നാൽ നമ്മളിലെ സന്തോഷം അടുത്തിരിക്കുന്നവർക്ക് കൂടെ പകർന്ന് നൽകാൻ സാധിക്കും എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇന്ന് എന്റെ ഏറ്റവും വലിയ സന്തോഷം ആ കാന്റീനും അവിടുത്തെ ടീച്ചേഴ്സും മക്കളും ആണ്. സുഖവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം. ഈ ജീവിതയാത്രയിൽ പലരും വന്നുചേരും കൂടെ നടക്കും ചിലർ പാതിവഴിയിൽ ഇറങ്ങിപ്പോവും.ഒരു മടുപ്പും കൂടാതെ എപ്പോഴും ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കണം.
അന്നൊരു ദിവസം vhse യിൽ ഹബീബ് sir എന്നെ ഗസ്റ്റ് ആയിട്ട് കുട്ടികളോട് സംസാരിക്കാൻ വിളിച്ചു. അത് എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദര മായ നിമിഷം ആയിരുന്നു. ഞാനൊരു ഗസ്റ്റ് ആവുക എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം ആയിരുന്നു. എന്റെ മകനിലൂടെ എന്തൊക്കെ സന്തോഷങ്ങൾ ആണ് വന്ന് ചേർന്നത്.
ഞാനും എന്റെ മോനും അല്ലാഹുവിന്റെ ചില തീരുമാനങ്ങൾ ആയിരുന്നു. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് എന്റെ മകൻ ഒരു സാധാരണ കുട്ടി ആയിരുന്നെങ്കിൽ ഞാൻ എന്തൊക്കെ തിരിച്ചറിയാതെ പോയേനെ. ഒരു മൂളൽ പോലും കേട്ടാൽ ഉറക്കം വരാത്ത ആളായിരുന്നു ഞാൻ. പക്ഷെ നാഫി ജനിച്ചതിൽ പിന്നെ അവൻ രാത്രി പകലാക്കുകയും, എല്ലാവരും ഉറങ്ങുമ്പോഴും, പാതിരാ നേരം വരെ ശബ്ദമുണ്ടാക്കി ഓടുന്നതും കേട്ട് ഉറങ്ങാൻ ഇന്ന് ഞാൻ ശീലിച്ചു.
കിട്ടിയത് എന്ത് തന്നെ ആയാലും അല്ലാഹുവിന്റെ തീരുമാനം ആണ്. അതിന് ചില കാരണങ്ങൾ ഉണ്ട്. എനിക്ക് ഏറ്റവും ഉചിതമായത് ആണ് ദൈവം എനിക്കായി നൽകിയത്. ഭിന്നശേഷി കുട്ടികളുടെ കൂടെ നടക്കുമ്പോൾ അല്ല ജീവിക്കുമ്പോൾ അവരുടെ നാവായും മനസ്സായും കണ്ണായു, കാതായും ഓരോ അമ്മമാരും അവരിൽ ലയിച്ചു ചേരുകയാണ്. തീച്ചൂളയിൽ നിന്ന് എടുത്ത അനുഭവങ്ങൾ പലതും നേരിടേണ്ടി വന്നേക്കാം.വെയിലേറ്റ് സ്വയം കരിഞ്ഞ്
ഉണങ്ങുമ്പോഴും തന്റെ മക്കൾക്ക് തണലേക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഞങ്ങളെ പോലുള്ളവർ. ഏഴഴകുള്ള മഴവില്ലുപോലെയാണ് ജീവിതം….. തെളിഞ്ഞു നിൽക്കും ചിലപ്പോഴത്. ചില സമയങ്ങളിൽ ഒട്ടുമേ കാണാതേയും. ജീവിതമാകുന്ന മഴവില്ലിൽ നിന്ന് നിറങ്ങൾ പലതും അപ്രത്യക്ഷമാകുന്നത് നാം പോലും അറിയാതെയാണ്. ശരിയല്ലേ? ഒരു സുപ്രഭാതത്തിൽ ആണ് ജീവിതം മാറി മറിയുന്നത്.
എന്നാലും പ്രതീക്ഷയുടെ ഒരു തിരി നാളം ബാക്കി വെക്കണം. നമ്മളെ സൃഷ്‌ടിച്ച ദൈവത്തിന് അറിയാം. നമ്മുടെ മക്കളുടെ ഭാവി നോക്കാൻ.
കുറച്ച് നാൾ മുന്നേ ദാരിദ്ര്യം എന്നത് തുടങ്ങിയത് തന്നെ എന്നിൽ നിന്ന് ആയിരുന്നു. അപ്പം കണ്ടറിഞ്ഞു സഹായിച്ച ചില ടീച്ചേർസുണ്ട്. അതെ പോലെ പല ഘട്ടങ്ങളിലും, പല രീതിയിലും എന്നെ സഹായിച്ചവരാണ് റഹ്മാനിയിലെ ടീച്ചേഴ്സും പേരെന്റ്സും.
ഇപ്പഴും കുറെ പ്രശ്നങ്ങൾ ഉണ്ട്. അതൊക്കെ ദൈവത്തിന്റെ പരീക്ഷണമാവാം. എല്ലാം തരണം ചെയ്യാനുള്ള കരുത്ത് ഉണ്ടാവാൻ പ്രാർത്ഥിക്കുമല്ലോ! കൂടപ്പിറപ്പിനെ പോലെ ചേർത്ത് നിർത്തിയ പ്രിയപെട്ട എല്ലാവർക്കും സ്നേഹത്തിൽ പൊതിഞ്ഞ നന്ദി 🙏🏼സാബിർക്ക പറഞ്ഞ പോലെ ഞാനും പറയുകയാണ് നാഫി എന്നും എനിക്കൊരു പ്രചോദനമാണ്. ഒരുപാട് ജീവിത അനുഭവങ്ങളും, സന്തോഷങ്ങളും സമ്മാനിക്കാൻ നാഫിക്ക് കഴിഞ്ഞിട്ടുണ്ട്. അൽഹംദുലില്ലാഹ് 🫂
Seenath nafih ✍🏼✍🏼✍🏼✍🏼


5 Comments
You are so great dear….. God bless you 💝💝
ഓട്ടിസമുള്ള കുഞ്ഞിന്റെ അമ്മയാക്കുന്നത് ജീവിതത്തിൽ ഒരു ചാലഞ്ച് തന്നെയാണ്. കടന്നുപോകുന്ന വഴികൾ നന്നായി എഴുതി. 👍👌
അതേ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളവയായി ഒരിക്കലും മാറ്റരുത്.
ജീവിത യാഥാർത്ഥ്യങ്ങളെല്ലാം എഴുതി. വായിച്ചപ്പോഴേ സങ്കടം വന്നു. അപ്പോൾ അനുഭവിച്ച ആളോ അല്ലേ?
ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️
💗🥰🫂 കണ്ണ് നിറഞ്ഞു.. വായിച്ചപ്പോൾ
എഴുത്തു വളരെ മനോഹരം 👌😘
🫂❤️