ബെഥേൽ കുന്നിനെ ചുറ്റിയൊഴുകുന്ന നീർച്ചാലിൽ, നീലിച്ച തണുപ്പിൽ ഒരു പുലർകാലം മയങ്ങിക്കിടന്നു. പാറക്കൂട്ടങ്ങളിൽ തല്ലിയൊഴുകുന്ന വെള്ളത്തിൽ പരൽ മീനുകളുടെ ഇളക്കം കാണാൻ ചെറിയൊരു കല്ലു വലിച്ചെറിഞ്ഞ്, സൂസന്ന കാത്തുനിന്നു. ചിറ്റോളങ്ങൾക്കു മുകളിൽ തലയുയർത്തി കൂട്ടം പിരിഞ്ഞു നീന്തി മീനുകൾ അവളോടു പരിഭവിച്ചു. സൂസന്നയുടെ ചന്തമുള്ള മുഖത്തെ കരിനീലമിഴികളിലും പരൽ മീനുകൾ തുടിച്ചു.
സൂസന്ന, ഷാരോൺ താഴ്‌വാരയിലെ ലില്ലിപ്പൂക്കൾ പോലെ സുന്ദരിയായവൾ. ദാരിദ്രത്തിന്റെ ചൂണ്ടയിൽ കൊരുത്തെറിഞ്ഞ വിഷാദം ഒരിക്കലും അവൾ കൊത്തിയില്ല. ആ ചൂണ്ടകൊളുത്തിനു ചുറ്റും ഓളങ്ങൾ ഉണർത്തി അവൾ കുസൃതിയോടെ നീന്തി.
ഒറ്റയടിപ്പാതയിൽ കയറിയപ്പോഴാണ് അയാൾ അവളുടെ മുന്നിൽ വഴി തടഞ്ഞു നിന്നത്.
‘കുട്ടപ്പായി…’, അയാളുടെ ഭയം വിതറുന്ന ശരീരഭാഷ അവളുടെ ചിരി തൂത്തു തുടച്ചു. വെളുത്തുനീണ്ട ശരീരത്തിൽ മടക്കി കെട്ടിയ ഒറ്റ മുണ്ടിന്റെ വലത്തു വശത്തു തിരുകിയിറക്കിയ നീളൻ കത്തി അനുസരണയോടെ അയാളോടു ചേർന്നിരുന്നു.
“നിന്നെ ഞാൻ കെട്ടാൻ പോകയാണ്”, അയാൾ കത്തിയൂരി, തിളങ്ങുന്ന കൂർത്ത മുനയിൽ തടവി.
സൂസന്നയുടെ മുഖത്തു പരിഭ്രമം ഇരച്ചു കയറി. ശരീരത്തിന്റെ ദ്രുതചലനം അവളുടെ വലിയ മുടിക്കെട്ടഴിച്ചിട്ടു. സാന്ദ്രമായ കറുപ്പിൽ ചിതറി പടർന്ന മുടിയിൽ അയാളുടെ നോട്ടം തെറിച്ചു വീണു. വടിവൊത്ത അവളുടെ ആകാരഭംഗിയിൽ ഉടക്കിയ പളുങ്കു ഗോലികൾ കലങ്ങിയ കണ്ണുകൾ തിരിച്ചു മടങ്ങാൻ മടിച്ചു.
“ആരെങ്കിലും എതിര് പറയാൻ വന്നേങ്കില്…നെനക്കൊരു ആങ്ങളയില്ലേ, ആ ശ്വാസമുട്ടുകാരൻ ജെറമി”, അയാൾ കത്തിമുന ഒന്നു കൂടി തടവി.
വാവടുക്കുമ്പോൾ കുറുകുന്ന ആങ്ങളയുടെ നെഞ്ചിന്റെ നേരെ പാഞ്ഞടുക്കുന്ന കത്തിമുനയുടെ മിന്നലാട്ടം തടുത്തവൾ പറഞ്ഞു.
“അതിന് ഞാൻ പറ്റില്യാന്ന് പറഞ്ഞില്ലല്ലോ”, അവളുടെ നോട്ടത്തിലെ സൂചികൾ അയാളുടെ കണ്ണുകളിൽ തറഞ്ഞ് സന്ദേഹം കോറിയിട്ടു. ഈ പെണ്ണ് ഇതെന്ത് ഭാവിച്ചാണ്?, പ്രകടനപരതയിൽ കൊടുമുടികൾ കീഴടക്കി നിൽക്കുമ്പോഴും സംശയം ചാക്കുക്കെട്ടിലെ പൂച്ചയായി അയാൾ തലയിൽ ചുമന്നു.
അങ്ങാടി കവലയിലെ കുത്തുകേസിൽ നിങ്ങളെ വെറുതെ വിട്ടോ? ഈ അടിപിടിയും കളവും ഒന്നു നിർത്തി കൂടെ?”, അവൾ ചുണ്ടു കൂർപ്പിച്ചു.
“ഫൂ… അയാൾ പോക്കറ്റിലേക്ക് കൈ പൂഴ്ത്തി, ബീഡിയെടുത്ത് തീ കൊളുത്തി. ഉയർന്നുയരുന്ന പുകച്ചുരുളിൽ നോക്കി പളുങ്കുഗോലികൾ വട്ടം കറക്കി, അവളുടെ ചോദ്യം അവഗണിക്കുന്നതിലെ സുഖം ആസ്വദിച്ചു.
എല്ലാവരും ഭയക്കുന്ന കുട്ടപ്പായിയെ ഒരു പെണ്ണ് ഭയമില്ലാതെ നേരിടുന്നതിന്റെയും വാക്കുകൾകൊണ്ട് പിടിച്ചു കെട്ടുന്നതിന്റെയും പൊരുത്തക്കേട് തല പെരുപ്പിച്ച് അയാളുടെ മുടിച്ചുരുളുകൾ കുന്നിറങ്ങി വന്ന കാറ്റിൽ പറന്നുയർന്നു വട്ടം കറങ്ങി.
“പള്ളിപ്പറമ്പിലല്ലെ പണി നിനക്ക്, കുന്നു കയറി ചെല്ലുമ്പോ ആ കത്തനാരോടും കൂടി പറഞ്ഞേര്”, അയാൾ വഴിയിൽ നിന്നും മാറി എതിർ ദിശയിൽ നടന്നു.
കുന്നിൽ മുകളിലെ പള്ളിയിൽ നിന്നും മണിയൊച്ച കേട്ടു. വിശ്വാസികൾ കുന്നു കയറി കുർബാന കൂടാൻ പോകുന്നുണ്ട്. പഴയ പള്ളിയുടെ മിനാരത്തിൽ നാട്ടിയ കുരിശിന്റെ ഉച്ചിയിൽ നിന്നും കോടമഞ്ഞിന്റെ പാളി അടർന്നു മാറിയിരുന്നു. സൂര്യരശ്മികൾ തട്ടിച്ചിതറുന്ന കുരിശിന്റെ അഗ്രം ആകാശത്തിലേക്ക് മുന കൂർപ്പിച്ചു. കുർബാനക്കു തൊട്ടുമുമ്പുള്ള മൂന്നാം മണിയുടെ മുഴക്കം കുന്നിൽ പ്രതിധ്വനിച്ചു.
സൂസന്ന കയറ്റത്തിനിടയിൽ, വഴിയരികിലെ കറുത്തു മിനുത്ത പാറക്കൂട്ടത്തിൽ ഇരുന്നു. അവൾ എടുത്തണിഞ്ഞ പ്രസന്നതയുടെ രണ്ടാം ചർമം ഊരിയെറിഞ്ഞു. അവളുടെ നിസ്സഹായത ഉരുളുകളായി ജീവിതത്തെ ഇടിച്ചിട്ട് കുന്നിറങ്ങി. ഉള്ളം പെയ്തു തീർന്ന നേരം, പെയ്തൊഴിഞ്ഞ മാനം തെളിയിച്ച് പ്രസന്നമാക്കി. എന്നത്തേയും പോലെ അവൾ ആൾമാറാട്ടം നടത്തി, രണ്ടാം ചർമം എടുത്തണിഞ്ഞു.
നീളൻ വെള്ളക്കുപ്പായത്തിന്റെ വെൺമ പള്ളിവാതിലിനരി കിൽ തെളിഞ്ഞപ്പോൾ, സൂസന്ന പുല്ലു ചെത്തുന്നതു നിർത്തി, പള്ളി വരാന്തയിലേക്കു നടന്നു.
‘ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ‘, സൂസന്ന വണക്കം ചൊല്ലി.
‘ ഇപ്പോഴും എപ്പോഴും ‘, അച്ഛൻ കൈകൾ ഉയർത്തി സ്തുതി മടക്കി. വിശാലമായ പള്ളിയകത്തെ മാമോദീസ തൊട്ടിയിൽ ചാരി അവൾ നിന്നു.
“കുട്ടപ്പായിക്ക് എന്നെ കല്യാണം കഴിക്കണമെന്ന്”, മുഖവരയില്ലാതെ അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു.
“ങേ… അച്ചൻ, താൻ കേട്ട വാക്കുകൾ പെറുക്കി കൂട്ടാൻ ശ്രമിച്ചു. മറുമൊഴി അയാളുടെ തൊണ്ടയിൽ കുത്തിത്തിരിഞ്ഞു ഉടക്കി നിന്നു.
“ആ ചട്ടമ്പി കുട്ടപ്പായിയോ, കുര്യാക്കോസിന്റെ തലതിരിഞ്ഞ സന്തതി?”. ഭൂതക്കാലത്തിന്റെ താക്കോൽ തിരിച്ച് കുട്ടപ്പായിയുടെ അപഥസഞ്ചാരങ്ങളുടെ ഇരുളിടങ്ങളിലേക്ക് നൂണ്ടിറങ്ങി. അന്നേരം അച്ചന്റെ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി.
അജപാലകൻ ഉപദേശം തേടി വരുന്ന ആത്മായ യുവതിയുടെ കാര്യത്തിൽ ഇടപ്പെടാതിരിക്കുന്നത് ശരിയല്ല. അതെന്റെ കർത്തവ്യവുമാണ്. എന്നാലും ഈ വിടർന്ന ലില്ലി പൂവിനെ എങ്ങനെ ഞാനൊരു ചെളിക്കുണ്ടിലേക്കു പറിച്ചെറിയും? പക്ഷെ കുട്ടപ്പായിയും തന്റെ ഇടവകയിലെ അജഗണത്തിൽ ഒരുവനല്ലെ. അവന്റെ അപ്പൻ കുര്യാക്കോസ് പള്ളിപ്പെരുന്നാളിന്റെ കിരീടമെഴുന്നെളളിപ്പിന് രൂപക്കൂടിന്റെ മരത്തണ്ട് തോളിലേറ്റി പോകുന്നത് അച്ചന്റെ കാഴ്ചയുടെ വഴിത്താരയിൽ മിന്നിത്തിളങ്ങി. കുട്ടപ്പായിയെ നേർവഴിക്കു നടത്തേണ്ടതും സഭയുടെ കടമയാണ്.
അച്ചൻ ഭിത്തിയിലെ ക്രൂശിത രൂപം നോക്കി. എന്നെ വിട്ടേക്ക്… നീ സ്വയം തീരുമാനമെടുക്കൂ എന്നു പറയുന്ന ശാന്തമായ മുഖത്തിലെ പകുതിയടഞ്ഞ കൺപോളകൾ ഒന്നു വലിച്ചു തുറന്നെങ്കിൽ എന്ന് വെൺമക്കുള്ളിലെ ഹൃദയം ആഗ്രഹിച്ചു.
നീതിമാനായ മനുഷ്യരെ പരീക്ഷിക്കാൻ ദൈവം മിടുക്കനാണല്ലോ. നീതിമാനായ ജോബും ഏകമകൻ ഇസഹാക്കിനെ ബലി കഴിക്കാൻ കല്പിക്കപ്പെട്ട പിതാവായ എബ്രാഹവും ദൈവത്താൽ പരീക്ഷപ്പെട്ടവരാണല്ലോ. പക്ഷെ മുൾച്ചെടിയിൽ കുടുങ്ങിയ ആട്ടിൻ കുഞ്ഞിനെ ബലി കഴിക്കാൻ അവസരം നൽകി എബ്രാഹത്തെ വിഷമവൃത്തത്തിൽ നിന്നും രക്ഷിച്ച ദൈവം തന്നെ ഇങ്ങനെ പരീക്ഷിക്കുകയാണല്ലൊ. ദൈവത്തിന്റെ പദ്ധതികൾ വിചിത്രവും നിസ്സാരനായ മനുഷ്യനു മനസ്സിലാകുന്നതിന് അപ്പുറമെന്ന് എത്ര പ്രാവശ്യം താൻ വായിച്ചിരിക്കുന്നു.
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ, പുരോഹിതൻ മന്ത്രിച്ചു.
അദൃശ്യമായ ദൈവസാന്നിധ്യത്തിന്റെ കരം ഗ്രഹിച്ചു, തന്റേതല്ലാത്ത സ്വരത്തിൽ അച്ചൻ പറഞ്ഞു. തന്റെ ആട്ടിൻപ്പറ്റത്തിലെ നൂറെണ്ണത്തിൽ കാണാതെ പോയ ഒരു കുഞ്ഞാടിനെ തേടി പോകുന്ന ഇടയന്റെ സ്വരമായിരുന്നത്.
(Ref:4)
“ഒരു പക്ഷെ കുട്ടപ്പായിയെ നല്ലവനാക്കുവാൻ നിയോഗിച്ചത് സൂസന്നയെയാകും”, അച്ചൻ തലതാഴ്ത്തി, ആലോചനയോടെ പള്ളിയുടെ പുറത്തേക്ക് നടന്നു.
സൂസന്ന വീട്ടിൽ തിരിച്ചെത്തുമ്പോൾ ചെറിയ ഉമ്മറം മേഞ്ഞ ഓലക്കെട്ടിന്റെ തുളകൾക്കിടയിലൂടെ പോക്കുവെയിൽ ഉമ്മറത്ത് വെളിച്ചപ്പൊട്ടുകൾ വിതറിയിരുന്നു. അതിൽ കണ്ണോടിച്ചു കുന്തിച്ചിരിക്കുന്ന ആങ്ങളയുടെ ചുമയിൽ കുറുകൽ കൂടിയിരുന്നു. കൈത്തലത്തിൽ മുഖം താങ്ങിയിരിക്കുന്ന അമ്മയും ആങ്ങളയുടെ നീണ്ട ചുമയുടെ അകമ്പടിയും കുട്ടപ്പായിയുടെ ആവശ്യം ഇവിടെയും എത്തിയെന്ന് സൂസന്ന ഊഹിച്ചു.
പഞ്ഞിക്കായ പൊട്ടി തൂളിയ കണക്കെ കല്യാണ വിശേഷം നാട്ടിൽ പാറി നടന്നു. അങ്ങാടി കവലയിൽ നിന്നും പടർന്ന് ഗ്രാമത്തിന്റെ നാഡീഞരമ്പുകളിലൂടെ ഒഴുകി പുത്തൻ വർത്തമാനം നാട്ടുകാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി.
എന്നാലും ആ കൊച്ചിന് ഈ ഗതി വന്നല്ലോ, നല്ലൊരു കൊച്ചായിരുന്നു എന്ന് പതം പറഞ്ഞ കല്യാണിയോടു നെല്ലു പാറ്റുന്ന ബേബിയമ്മ തിരിച്ചടിച്ചു, ആ പെണ്ണിന് തുള്ളിച്ച ലേശം കൂടുതലായിരുന്നു. അഭിപ്രായങ്ങൾ കൂട്ടിച്ചേർത്തും പിരിച്ചും താലിച്ചരടിനു നീളം കൂട്ടി നാട്ടുകാർ കല്യാണത്തിനു കാത്തിരുന്നു.
നിലാവു പൊതിഞ്ഞ മുററത്തേക്കു നോക്കി രാത്രിയുടെ നിശബ്ദതയിലേക്ക് കാതു കൂർപ്പിച്ച് സൂസന്ന നിന്നു. ജനാലയുടെ മരയഴികളിൽ മുഖം ചേർത്തവവൾ, കുട്ടപ്പായിയുടെ ഭാവിയിലെ വിശുദ്ധമുഖം നിലാവിൽ മെനഞ്ഞ് ആഴങ്ങളിലേക്കിറങ്ങി പരിഹസിച്ചു ചിരിച്ചു.
മനസമ്മതം ചൊല്ലാൻ പള്ളിയിേലേക്ക് ഒരുങ്ങി ഇറങ്ങുമ്പോൾ കുട്ടപ്പായി തൂവെള്ള കുപ്പായത്തിന്റെ ആദ്യത്തെ രണ്ടു ബട്ടണുകൾ തുറന്നിട്ടു. അരുമയോടെ കത്തിയിൽ തഴുകി വെളിച്ചം കുറഞ്ഞ മുറിയിലെ പഴയ അലമാരക്കു മുകളിൽ വെച്ചു. പഴകിയ നിലക്കണ്ണാടിയിൽ നോക്കി മുടി കോന്തി, അനുസരണമില്ലാത്ത ചുരുളൻ മുടി പാറിക്കളിച്ചു. പൊടി പിടിച്ച കണ്ണാടിയിൽ തെളിഞ്ഞ അവ്യക്തമായ രൂപത്തിൽ നോക്കി മീശ പിരിച്ച് അയാൾ ചെരിഞ്ഞു നിന്നു വിജയിയെ നോക്കി.
പള്ളിയിൽ കുട്ടപ്പായിയുടെ അരികിൽ തലയുയർത്തി നിൽക്കുന്ന സൂസന്നയും ഭിത്തിയിലെ കുരിശുരൂപവും ഒരു ചിരി കൈമാറിയോ എന്ന് ളോഹയിൽ പൊതിഞ്ഞ അച്ചൻ തിരഞ്ഞു നോക്കി.
ഡഗ്ലസ് കുര്യാക്കോസ് എന്ന നീ, സൂസൻ സക്കറിയയെ വിവാഹം ചെയ്യാൻ സമ്മതമാണോ?
കുട്ടപ്പായിയുടെ സാക്ഷാൽ പേരു കേട്ട് സൂസന്നക്കു ചിരിപ്പൊട്ടി. സോഡാ കുപ്പിയുടെ ഞെരുങ്ങിയ കഴുത്തിലെ കടുംനീല ഗോലിയും ഈ പേരും തമ്മിലുള്ള സാമ്യത്തിന്റെ അടിവേരുകൾ ചികഞ്ഞ് അവൾ വീണ്ടും പുഞ്ചിരിച്ചു. കുന്നിന്റെ ഒരു ഭാഗം നിറഞ്ഞു നിന്നിരുന്ന എസ്റ്റേറ്റും ബംഗ്ലാവിലെ ആംഗ്ലോ ഇന്ത്യൻ ഡഗ്ലസ് സായിപ്പും ചരിത്രവും കഥകളുമായി വീടുകളിലും കവലകളിലും സന്ധ്യകളെ നിറം പിടിപ്പിച്ചിരുന്നു. അദ്ദേഹമാണ് കുന്നിനു ദൈവത്തിന്റെ വീടെന്നു അർത്ഥമുള്ള ബെഥേൽ എന്നു പേരിട്ടതും കുന്നിന്റെ നെറുകയിൽ പള്ളി പണികഴിപ്പിച്ചതും.
(Ref – 1 )
തോട്ടത്തിൽ പണി തേടി വന്ന തലമുറ മക്കൾക്കു ആ പേരു നൽകി, ഓർമ പുതുക്കി. വിളിക്കാൻ എളുപ്പമുള്ള പേരുകളിട്ട് മക്കളെ വിളിച്ച്, സായിപ്പിന്റെ ദയാവായ്പും വേട്ടക്കഥകളും വിളമ്പി അവരെ ഹരം കൊള്ളിച്ചു. പൂച്ചക്കണ്ണൻ സായിപ്പിന്റെ ചില കഥകൾ അയാളുടെ പണക്കൊഴുപ്പിൽ സൗകര്യപൂർവ്വം വിസ്മരിച്ചു അല്ലെങ്കിൽ അടക്കത്തിൽ മാത്രം പറഞ്ഞു ചിരിച്ചു.
കടുംനീല ഗോലിയെ കുപ്പിയുടെ തൊണ്ടയിൽ ഞെരുക്കിയമർത്തി താഴ്ത്തി, ഉള്ളിലെ ജീവജലം നുണഞ്ഞിറക്കുന്ന രംഗമോർത്ത് അവളുടെ ചുണ്ടിൽ തത്തി നിന്ന പുഞ്ചിരി, താൻ ഏല്പിച്ച നിയോഗത്തിന്റെ ഏറെറടുക്കലാകുമെന്ന നിഗമനത്തിൽ പുരോഹിതന്റെ മനം, കനം കുറഞ്ഞ പക്ഷിത്തൂവൽ കണക്കെ അനായാസം പറന്നു നടന്നു.
ഇടവകയിലെ സമ്പന്നർ, പള്ളിവികാരിയുടെ അഭ്യർത്ഥന പ്രകാരം ഉദാരമായി സംഭാവന ചെയ്ത് സൂസന്നയുടെ വിവാഹം സഹോദരൻ ജെറമി സക്കറിയയുടെ ആസ്തമ വർദ്ധിപ്പിക്കാതെ ലളിതവും സുന്ദരവുമായി നടന്നു. നാടിനു ഭീഷിണിയായി വളരുന്ന കള്ളൻ കുട്ടപ്പായിയെ ഒതുക്കാൻ കിട്ടിയ അവസരം മുതലാക്കാനാണെങ്കിലും നിർധനയുവതിക്കു് വിവാഹസഹായമാണ് തങ്ങൾ ചെയ്തതെന്ന് പ്രമാണിമാർ മത്സരിച്ചഭിനയിച്ചു.
പുരോഹിതൻ സൂസന്നയെ ആശീർവ്വദിച്ചു. ‘ദൈവം നിന്നോടു കൂടെയുണ്ടാകും. മരുഭൂമിയിൽ രാത്രിയിൽ തെളിഞ്ഞ അഗ്നിത്തൂണായും പകൽ മേഘത്തൂണായും പാലായനത്തിൽ മോശക്കു വഴി കാട്ടിയ ദൈവം നിന്നെ കൈവിടില്ല’. അദ്ദേഹം അവൾക്കു ഉറപ്പു നൽകി.
(Ref – 3 )
നട്ടുച്ച നേരത്തെ കല്യാണക്കെട്ടു കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങു മ്പോൾ വെയിലിൽ ഉരുകുന്ന വധൂവരന്മാരുടെ ശിരസ്സിൽ ഉണക്കയിലകൾ കൊഴിച്ചിട്ട് വരണ്ട കാറ്റു വീശി.
കല്യാണ സൽക്കാരം പന്തലിൽ നിന്നും നീണ്ടു അടുക്കളയോടുള്ള ചേർന്നുള്ള ചായ്പിലുമെത്തിയിരുന്നു.
വെടിയിറച്ചിയും വാറ്റുചാരായവും വിളമ്പിയ പന്തിയിലെ ശബ്ദഘോഷങ്ങൾ ചെമ്മൺ ഭിത്തി തുരന്ന് അവളുടെ നെഞ്ചിൽ ചുരമാന്തി.
വിവാഹത്തിന്റെ മൂന്നാം ദിവസം ചാരക്കുഴിയിൽ ഒളിപ്പിച്ച നാടൻ തോക്കെടുത്ത് കുട്ടപ്പായി എണ്ണയിട്ടു. സന്ധ്യക്കു വെടിക്കോപ്പുമായി കാടുകയറി.
“സായിപ്പ് എന്നെ പഠിപ്പിച്ചതാണ്, ഉന്നം പിടിക്കാനും തെറ്റാതെ കാഞ്ചി വലിക്കാനും. കുട്ടപ്പായിയെ ഞാനും. അവൻ അസ്സൽ വെടിക്കാരനാ, അതു അങ്ങനെയല്ലെ വരൂ, അതവന്റെ ചോരയിലുണ്ട്. കുര്യാക്കോസ് സൂസന്നയെ നോക്കി വികൃതമായി ചിരിച്ചു. അയാളുടെ പല്ലുകളിലെ വിടവിൽ നിന്ന് നിഗൂഢമായ ഭൂതക്കാലം വെളിയിൽ ചാടുന്നത് അറപ്പോടെ സൂസന്ന കണ്ടു. അവൾ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി.
വെളിച്ചം വീഴും മുമ്പെ കുട്ടപ്പായി തിരിച്ചെത്തി. ആ ചാക്കുക്കെട്ടിൽ കാട്ടുമുയലുകൾ ചോരയിൽ കുതിർന്നൊട്ടി കിടന്നിരുന്നു. അടുക്കള തറയിലേക്ക് ചൊരിഞ്ഞിട്ട ചത്ത മുയലുകളുടെ തുറന്ന കണ്ണുകളിലെ ദൈന്യം അവളുടെ ഉള്ളു കീറി.
“വേഗം വരട്ടിയെടുക്ക്, നന്നായി മസാല ചേർക്കണം, വെളിയിൽ എനിക്കിത്തിരി പണിയുണ്ട്, ഒന്നിനെ ഒത്തു കിട്ടിയിട്ടുണ്ട് “, അയാൾ വെട്ടുകത്തിയുടെ വായ്ത്തല മിനുക്കി, മൂർച്ച പരിശോധിച്ച് ധൃതിയിൽ പുറത്തിറങ്ങാൻ ഒരുങ്ങി.
അയാളിൽ നിന്നും ഉയർന്നു പൊന്തിയ വാടയിൽ സൂസന്നക്ക് മനംപിരട്ടി. അതിന് കാട്ടുപന്നിയുടെ മണമുണ്ടായിരുന്നു.
“എനിക്ക് പറ്റില്ല, ഇതിന്റെയൊന്നും തൊലിയുരിക്കാൻ, എന്നെക്കൊണ്ടാവില്ല”, അവളുടെ കണ്ണുകൾ നിറഞ്ഞു.
കുട്ടപ്പായി മുന്നോട്ടാഞ്ഞു, സൂസന്നയുടെ കവിളിൽ ആഞ്ഞടിച്ചു. അയാളുടെ കലങ്ങിയ കണ്ണുകളിൽ വേട്ടക്കാരൻ ജ്വലിച്ചു. അയാളുടെ കൈത്തലം ചുവന്ന മുദ്രകളായി അവളുടെ ശരീരത്തിൽ പലയിടത്തും തെളിഞ്ഞു.
“എതിരു പറയുന്നോ? കൊന്നു കുഴിച്ചുമൂടും ഞാൻ, കുട്ടപ്പായിയെ നിനക്ക് ശരിക്കറിയോ?
ഒച്ചയില്ലാത്ത കാറ്റ്, ചെറിയ മുറികളിൽ കയറിയിറങ്ങി. അകത്തെ നിശബ്ദതയെ കീറിമുറിച്ച് സൂസന്ന അടുപ്പിൽ തിരുകിയ പച്ച വിറക് ചീറി പുകഞ്ഞു.
തലേ ദിവസം രാത്രി വീട്ടിൽ നിന്നിറങ്ങിപ്പോയ കുട്ടപ്പായി പുലരിയുടെ മങ്ങിയ വെട്ടത്തിൽ കയറി വന്നത്, മുറിഞ്ഞ പാതിയുറക്കത്തിൽ സൂസന്നയറിഞ്ഞു. പതുങ്ങുന്ന പുലിയെ പോലെ പതിഞ്ഞ കാലടികളോടെ കുര്യാക്കോസിനരികിൽ എത്തി, അയാളെ വിളിച്ചുണർത്തി, കോലായിലേക്ക് നടന്നു. ഇരുളിന്റെ മറപറ്റി നീങ്ങി, ജനാലയിലൂടെ സൂസന്നയുടെ കിടപ്പുമുറിയിലേക്ക് പാളി നോക്കി.
“ഒരു തള്ളയെ തട്ടിക്കളയേണ്ടി വന്നു, നാശം ഉറക്കമില്ലാതെ കിടന്ന് വലിയ വായിൽ നെലോളിച്ചാൽ എന്താ ചെയ്യ്വാ? ദാ… ഇതു വെച്ചോ, ഇപ്പോളൊന്നും പുറത്തെടുക്കേണ്ട “, മഞ്ഞലോഹം കൈ മറഞ്ഞു തിളങ്ങി.
അയാൾ വീണ്ടും സൂസന്നയെ പാളി നോക്കി. ” അവളൊന്നും അറിയേണ്ട, ഞാൻ കുറച്ചു ദിവസം ഒന്നു മാറി നിൽക്കാം”. അയാളുടെ ശ്വാസമിടിപ്പിനു വേഗത കൂടുന്നുണ്ടായിരുന്നു.
സൂസന്ന ദീർഘമായി നിശ്വസിച്ചു, ഇരുളടഞ്ഞ തുരങ്കത്തിന്റെ അററത്ത്, രക്ഷയുടെ വെളിച്ചം പരക്കുന്നവൾ കണ്ടു. അയയിലെ കല്യാണസാരി മെല്ലെയുലഞ്ഞ് പുതുമണം പരത്തി. ഭയം കൂടൊഴിഞ്ഞു അവളെ വിട്ട് പറന്നു പോയി.
അയാൾ വീടിനു മുന്നിൽ വന്നു നിർത്തിയ ചെറുവണ്ടിയിൽ വലിയ ചാക്കുക്കെട്ട് വലിച്ചിഴച്ച് കയറ്റി. കുര്യാക്കോസ് നിശബ്ദനായിരുന്നു. അയാൾ ഭയം കൊണ്ടു വിറച്ചു, ഏങ്ങി നടന്നു.
കുട്ടപ്പായി എന്ന ക്രൂരനിലേക്ക് കൂടുതൽ ആഴത്തിലവൾ ഇറങ്ങിചെന്നു. അയാളിലെ ദുഷ്ടതയുടെ ആഴം അളന്നു. കുര്യാക്കോസിന്റെ കപടഭക്തിയുടെ മുഖമൂടിയഴിയുന്നതും കണ്ടു.
കൊലക്കുറ്റം ആരോപിക്കപ്പെട്ട്, തെളിവെടുപ്പിനെത്തിച്ച കുട്ടപ്പായിയെ നോക്കി സൂസന്ന വിമ്മിക്കരഞ്ഞു. നവവധുവിന്റെ സങ്കടം അഭിനയിപ്പിച്ചു ഫലിപ്പിച്ച തന്നിലെ അഭിനേത്രിയെ അവൾ സ്വയം അഭിനന്ദിച്ചു.
ആരാണ് തന്നെ ഒറ്റിയത്? കുട്ടപ്പായിയുടെ കണ്ണിലെ പളുങ്കു ഗോലികൾ കൂടുതൽ കലങ്ങി.
പിറ്റേന്ന് ഒരു കൂടു മെഴുകുതിരിയുമായി ബെഥേൽ കുന്നു കയറി വരുന്ന സൂസന്നയെ നോക്കി പുരോഹിതൻ ശോകമൂകനായി.
“ഇത്ര വേഗം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല, മകളെ… വിധിയെന്ന് കരുതി സമാധാനിക്കണം”, പുരോഹിതന്റെ അലിവുള്ള ഹൃദയം കൂടുതൽ മൃദുവായി ഉരുകാൻ തുടങ്ങി.
സൂസന്നയപ്പോൾ ക്രൂശിതരൂപത്തെ നോക്കി പുഞ്ചിരിച്ചു. തട്ടിൽ ഉരുക്കിയൊഴിച്ച മെഴുകിൽ തിരികൾ കുത്തി നിർത്തി. അവളുടെ ശാന്തമായ മുഖം തിരിവെട്ടത്തിൽ ശോശന്ന പൂക്കളെപ്പോൽ ചന്തമാർന്നു.
“അതല്ലെ ഞാൻ അയാളെ കല്യാണം കഴിക്കാമെന്ന് സമ്മതിച്ചത്.
“അല്ലെ?”, അവൾ ക്രൂശിത രൂപത്തെ നോക്കി.
കുരിശിൽ കിടന്ന ക്രിസ്തു ഞെട്ടി തലയുയർത്തി, പാതിയടഞ്ഞ കൺപ്പോളകൾ വലിച്ചു തുറന്നവളെ നോക്കി പുഞ്ചിരിച്ചു. ശേഷം ഒന്നുമറിയാത്ത മട്ടിൽ തല നെഞ്ചിലേക്ക് തൂക്കിയിട്ടു.
“കുട്ടപ്പായിയെ നന്നാക്കാനുള്ള നിയോഗം എന്നെയല്ലെ ഏല്പിച്ചത്? എന്നെകൊണ്ടു തനിയെ നടക്കില്ലച്ചോ, അതുകൊണ്ടു ചിലരെ കൂടി ഞാൻ അറിയിച്ചു. അവൾ പ്രസന്നതയുടെ രണ്ടാം ചർമം തഴുകി.
പുരോഹിതൻ കണ്ണുകൾ വിടർത്തിയവളെ നോക്കി. അനന്തരം കണ്ണുകൾ മുകളിലേക്കുയർത്തി.
പള്ളിയുടെ ഉയർന്ന മിനാരത്തിൽ നാട്ടിയ കുരിശിന്റെ അഗ്രം വാനം കുത്തിത്തുളച്ച് സ്വർഗ്ഗവാതിൽ തുറന്നു. അതിൽ നിന്നും ഇറങ്ങി വന്ന പ്രകാശ ഗോവണിയിലെ എണ്ണമറ്റ പടികളിലൂടെ സൂസന്ന കയറികൊണ്ടിരുന്നു. അവൾ നവവധുവിന്റെ വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. വെള്ളച്ചാട്ടത്തിൽ നുരയുന്ന വെൺപ്രഭ വിതറുന്ന നേർത്ത ശിരോവസ്ത്രം നീണ്ടു നീണ്ടു ഗോവണികളിലൂടെ ഊർന്ന് ബെഥേൻ കുന്നിന്റെ അടിവാരം വരെ ഒഴുകിയെത്തി കുന്നിനെ പുതപ്പിച്ചു. (Ref – 1)
പുരോഹിതന്റെ മുഖം ശാന്തവും സ്വച്ഛവുമായിരുന്നു സൂസന്നയപ്പോൾ ഒരു വിശുദ്ധന്റെ മുഖസാമ്യം ഓർത്തെടുക്കാൻ ശ്രമിച്ചു.

***
Ref: പഴയ നിയമം ബൈബിൾ കഥകൾ
1. ജേക്കബിന്റെ സ്വപ്നത്തിൽ സ്വർഗം തുറക്കപ്പെടുകയും ഗോവണിയിലൂടെ ഇറങ്ങുന്ന മാലാഖമാരെ ദർശിക്കുകയും ചെയ്യുന്നു. അവിടെ ജേക്കബ് ബെഥേൽ എന്ന് നാമകരണം ചെയ്തു കല്ലു സ്ഥാപിക്കുന്നു.
2. എബ്രാഹത്തെ പരീക്ഷിക്കാൻ മകനെ ബലികഴിക്കാൻ കല്പിക്കുന്ന ദൈവം.
3. ഈജിപ്തിലെ അടിമ ത്തത്തിൽ നിന്നും രക്ഷപ്പെട്ട് കാനാൻ ദേശത്തേക്ക് പാലായനം ചെയ്യുന്ന സമയത്ത് ദൈവം മോശക്ക് അടയാളങ്ങൾ നൽകി വഴി കാണിക്കുന്നു.
4. നല്ലിടയന്റെ ഉപമ, പുതിയ നിയമം ബൈബിൾ.
#കല്യാണം


30 Comments
സൂപ്പർ 👍🏼👍🏼👍🏼
👌👌👌 നല്ല കഥ , കഥയിലുടനീളം മനോഹരദൃശ്യങ്ങൾ കൊളുത്തിയടുക്കി വച്ചത് അതിമനോഹരം 👍👍
Shybi thank you.🙏❤
വ്യത്യസ്തമായ ശൈലി. അതിമനോഹരം
Thank you manju 👍
It means a lot to me.💖
Hugs 🫂
മനോഹരം ❤️
നന്നായി എഴുതി ജോ! വ്യത്യസ്തമായ ശൈലി, മനോഹരം
വായനക്കും വാക്കുകൾക്കും ഒത്തിരി നന്ദി, സ്നേഹം.
🙏😍❤
വളരെ മനോഹരമായ ഒരു കഥയാണ് ഇത്. വളരെ തഴക്കവും പഴക്കവുമുള്ള ഒരു കഥാകൃത്തിൻ്റെ ചാതുര്യം എഴുത്തിൽ തെളിയുന്നു. എതോ വിദേശരാജ്യങ്ങളിൽ അല്ലെങ്കിൽ ബൈബിളിലൊക്കെ വിവരിച്ച ഏതോ പ്രദേശങ്ങളിൽ ചെന്ന് ചേർന്ന പോലെയാണ് അനുഭവപ്പെട്ടത്. നല്ല രസകരമായ എഴുത്ത്.അഭിനന്ദനങ്ങൾ.
Thank you, വായനക്കും ഈ വാക്കുകൾക്കും. 🙏
അതി മനോഹരം. സൂസന്നയും കുട്ടപ്പായി യും മനസ്സ് കീഴടക്കി. ഇത്രയും സുന്ദരിയായ സുസന്നെക്ക് ഒരിക്കലും ചേരാത്ത ഒരാൾ തന്നെയായിരുന്നു കുട്ടപ്പായി. എന്നെന്നേക്കുമായിഒഴിഞ്ഞു പോകട്ടെ നന്നായി.
കൊള്ളാം dear നല്ല കഥ
Thank you, Seji.
🙏😍
വ്യത്യസ്തമായ എഴുത്ത്
Thank you, Sunadha.
🙏❤
❤️❤️
Sruthi, thank you.
🙏😍
💗🥰 നല്ല കഥ 👌😘
Saraya, thank you😍🙏
നന്നായി ഗൃഹപാഠം ചെയ്ത് വിദഗ്ധമായി ഇണക്കിക്കൂട്ടിയ കഥ. മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങൾ ജോയ്സ് ❤️
Silvy, thank you dear. 👌😍
നന്നായിരിക്കുന്നു ജോയ്സ്.
എന്നത്തേയും പോലെ മനോഹരം ഹൃദ്യം❤️👌🌹
Brilliant work joyce
ഗ്രീഷ്മ, ഒത്തിരി സന്തോഷം, സ്നേഹം. 🙏😍😍😍
മനോഹരമായ എഴുത്ത് 👍❤️
silvy, thank you so much.🙏❤
മനോഹരം. വ്യത്യസ്തം..
Thank you, Nishiba.🙏😍
വളരെ നന്നായി എഴുതി Joyce varghese👌👍❤️💯🙏
Suresh, ഒത്തിരി സന്തോഷവും നന്ദിയും.
🙏